Tuesday, August 2, 2011

പാഠം ഒന്ന്

      നമ്മുടെ കുട്ടികള്‍ക്ക് എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ട്   പത്തും പതിമൂന്നും  വയസ്സുള്ള  ആണ്‍ കുട്ടികള്‍  പെങ്ങളെയും  അമ്മയെയും  മുത്തശ്ശിമാരേയും  ശിശുക്കളെയും എല്ലാം  ലൈംഗിക  പരീക്ഷണങ്ങള്‍ക്ക്  സമീപിക്കുന്നതും  ,അതിനിടയില്‍  ചില  ശിശുക്കള്‍ മരണപ്പെടുന്നത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതാവുകയും ചെയ്യുന്നതില്‍  ഉത്  കണ്ഠപ്പെട്ടു കൊണ്ടുമുള്ള  ഒരു പരമ്പര മനോരമ പത്രത്തില്‍ തുടങ്ങി.എന്ത് ചോദ്യം. ഒറ്റ ദിവസം കൊണ്ട് പറ്റുന്നതാണോ ഒരു തലമുറയുടെ അപചയം ! ശരീരത്തിലെ അവയവങ്ങളില്‍ പരമ പ്രാധാന്യം  കണ്ണ്, മൂക്ക് , ചെവി, ഹൃദയം, തുടങ്ങിയവക്കൊന്നുമല്ല  ഉത്പാദന അവയവങ്ങള്‍ക്കാണെന്ന്  ജനിച്ചു വീഴുമ്പോള്‍ മുതല്‍ അവര്‍ പഠിച്ചു തുടങ്ങി. പ്രത്യേകിച്ച് ആണ്‍ കുട്ടികള്‍ . വാളുമായി യുദ്ധത്തിനിറങ്ങുന്ന  യോദ്ധാക്കള്‍ ആണ്  നിങ്ങള്‍ എന്നായിരിക്കുമോ ആണ്‍ കുട്ടികള്‍ക്ക് സമൂഹം കൊടുത്തു കൊണ്ടിരിക്കുന്ന ലൈംഗിക പാഠം? ആ കുട്ടികളെ പറഞ്ഞിട്ടെന്തു കാര്യം? സ്ത്രീ ശരീരത്തെ ഒറ്റ ലൈംഗികാവയമായി  ചുരുക്കി അതിനെ  പട്ടും പൊന്നും ചാര്‍ത്തി യും, ഉടു തുണിയില്ലാതെയും,  കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍  കാണിച്ചും അപമാനിച്ചും കൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍  അത് കണ്ടു അതിനായി  നിരന്തരം പരിശീലിപ്പിക്കപ്പെടുമ്പോള്‍,  ഈ വക കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്ക്  ചര്‍ച്ചിക്കുന്ന ദിവസത്തെ ആയുസ്സ് മാത്രം. 


 അവള്‍ 

അവള്‍ ആരാണ് എന്നെനിക്കറിയില്ല 
തെരുവിലൂടെ 
അവള്‍ നടക്കുമ്പോള്‍ 
കുരുടന്മാര്‍ തൊട്ടറിഞ്ഞ 
ആനയെന്നപോലെ 
തലയും വാലും കാലും തുടയും മുലയുമായി 
അവള്‍ ചിതറി തെറിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട് 
വിട്ടുപോയ ആ അവയങ്ങള്‍ 
ഒന്ന് കൂടിച്ചേരാന്‍ ത്രസിക്കുന്നതും  
വെമ്പലോടെ പരക്കം പായുന്നതും 
ഞാന്‍ കണ്ടിട്ടുണ്ട്

എന്നാല്‍ ഒന്നായിത്തീര്‍ന്നു തലയുയര്‍ത്താനാവും മുന്‍പേ 
തെരുവോരം ചേര്‍ന്ന് നിന്ന
ഒരു കോണക വ്യാപാരി 
അവളുടെ അരക്കെട്ടുമായി കടന്നു കളയുന്നതും 
മൂക്കുത്തിയും പൊട്ടും ചാര്‍ത്തിയ മുഖം 
പണ്ട വ്യവസായി സ്വന്തമാക്കുന്നതും 
ഉടല്‍ കട്ടെടുത്ത് 
പട്ടുസാരിക്കാരന്‍ പെട്ടെന്ന് പടികയറിപ്പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട് 
എങ്ങോട്ട് പോകേണ്ടു എന്നറിയാതെ ആ കൈകാലുകള്‍..
അവ പകക്കുന്നതും 
മുല പറിച്ചെറിഞ്ഞു 
ഈ പുരമെരിക്കാന്‍ തരിക്കുന്ന കൈകള്‍ ഉയര്‍ത്തുന്നതും 
അതിനാവാതെ കാലുകള്‍ കുഴയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

അവള്‍ 
ആരാണ് എന്നെനിക്കറിയില്ല 
എന്നാല്‍ അവള്‍ക്കു ഇനി രഹസ്യങ്ങളൊന്നുമില്ല .

(2003)

3 comments:

@rjun said...

ആദ്യത്തെ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന ഒരു സാമൂഹ്യ വിപത്ത് വളരെ അധികം വേദനാ ജനകം തന്നെ. അച്ഛന്റെ അടുത്ത് സ്വന്തം മകളെ അയക്കാന്‍ മടിക്കുന്ന അമ്മമാരും, അമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ പോലും ആര്‍ത്തിയോടെ നോക്കുന്ന ആണ്‍കുട്ടികളും ഈ നാട്ടില്‍ ജന്മം കൊണ്ട് കഴിഞ്ഞു. അത് തന്നെയല്ലേ ദിനം പ്രതി ദിന പത്രങ്ങളില്‍ വരുന്ന പീഡന വാര്‍ത്തകളും, കൊലപാതക വാര്‍ത്തകളും. ഈ നാടിനി എന്ന് നന്നാവും എന്ന ഒരു ചോദ്യം മാത്രം ഇപ്പോളും അവശേഷിക്കുന്നു. ഒരു മാറ്റവും ഇല്ലാതെ. പിന്നെ കവിത ചേച്ചിയുടെ തന്നെ അല്ലെ? നന്നായി ആസ്വദിച്ചു. ഭയാനകം ആയ ഒരു അവസ്ഥ തന്നെ..

savi said...

വിവേകവും വിവേചനവും മൂല്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവുള്ള കുട്ടികളും ഈ അവസ്ഥയെ ഓര്‍ത്തു മനസ്സ് ആളുന്ന മറ്റു ആളുകളും ചേര്‍ന്നു ഈ നാടിനെ രക്ഷികട്ടെ; സദാചാരത്തിന്റെ പേരില്‍ വായിട്ടലക്കുന്ന കപടന്മാരില്‍ നിന്ന് കൂടി!

savi said...

Yes, that is my poem written log ago,2003