Thursday, February 9, 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം - 2

      ഞാന്‍  കാണുമ്പോള്‍  സുഹൃത്ത്‌ കുറച്ചു ഖിന്നയായിരുന്നു. എന്ത് പറ്റി അവര്‍ക്ക് എന്ന് ആലോചിച്ചു തീരും മുന്‍പേ അവര്‍   പറഞ്ഞു. 'ഞാന്‍ കഴിഞ്ഞ ആഴ്ച . ഒരു മാല വാങ്ങി. വജ്രം പതിച്ചതു .കുറച്ചേറെ പണമായി. ലക്ഷങ്ങള്‍." 'കൊള്ളാം നന്നായി'. ഞാന്‍ പറഞ്ഞു.  എങ്കിലും അത് പറയുമ്പോള്‍ സുഹൃത്തിന്റെ മുഖത്ത് ഒരു സന്തോഷമില്ലായ്മ. ഇത്രയും കാശ് ചിലവാക്കിയിട്ടും സന്തോഷം വരുന്നില്ലെന്നോ? "എന്താ കാര്യം , പറയുമ്പോള്‍ ഒരു ആഹ്ലാദം കാണുന്നില്ലല്ലോ" ഞാന്‍ കളിയായി ചോദിച്ചു.  ' ഞാന്‍ ഇത്ര കാശ് ചിലവാക്കി മാല വാങ്ങാന്‍ ചെന്നിട്ടു ആ കടക്കാര്‍ മാലകളുടെ സ്റ്റോക്ക്‌ ഒന്ന് കാണിക്കണമല്ലോ. ആ ഡിസൈന്‍ കാണിക്കൂ ഈ ഡിസൈന്‍ കാണിക്കൂ എന്ന് എത്ര പറഞ്ഞാലാണ്  അവര്‍ മുഖത്തേക്ക് തുറിച്ചു നോക്കി മനസ്സില്ല മനസ്സോടെ എടുക്കുന്നത്.' സുഹൃത്ത്‌   ദീര്‍ഘമായി  നിശ്വസിച്ചു. എനിക്ക് മനസ്സിലായില്ല. സാധാരണ  വില്‍പ്പനക്കാര്‍, അതും ആഭരണ കടക്കാര്‍, വാങ്ങാന്‍ ചെല്ലുന്നവരോട് സാമാന്യം ഭേദപ്പെട്ട പെരുമാറ്റം കാഴ്ച വക്കേണ്ടതല്ലേ. ഇതെന്തു പറ്റി . സുഹൃത്തിനെ  പോലെ ഞാനും വിസ്മയിച്ചു. 

  'എന്താ ഇങ്ങനെ തോന്നാന്‍ ഞാന്‍ ചോദിച്ചു. അവര്‍ക്ക് വെറുതെ തോന്നിയതാവും. " എന്ത് പറയാനാ ടീച്ചറെ , എന്നെ അവര്‍ക്ക് അത്ര പിടിച്ചില്ലായിരിക്കും ' വീണ്ടും ആശയക്കുഴപ്പം.  സാധനം വാങ്ങാന്‍ ചെല്ലുന്നവരുടെ നേരെ   കടക്കാര്‍ക്ക് അനിഷ്ടം തോന്നേണ്ട കാര്യമെന്ത്? 
' കടക്കാര്‍ എന്ത് ചെയ്തു'? ഞാന്‍ അത്ഭുതം മറയ്ക്കാതെ  ചോദിച്ചു. 
' എന്റെ കോലം കണ്ടപ്പോള്‍ അവര്‍ക്ക് ഞാന്‍ വജ്രാഭരണം വാങ്ങാന്‍ യോഗ്യയല്ലെന്ന് തോന്നിക്കാണും . അല്ലെങ്കില്‍ ഇവര്‍ വജ്രാഭരണം വെറുതെ കണ്ടു രസിക്കാന്‍ വന്നതാണ് എന്നും കാല്‍ പ്പവന്‍ മാലയും വാങ്ങി പോകുകയേ ഉള്ളൂ എന്നും വിചാരിച്ചു കാണും.'
 കോലത്തിനെന്താ കുഴപ്പം? ഞാന്‍ വീണ്ടും അന്ധാളിച്ചു. നല്ല  സാരി. പഴയ തരത്തില്‍ പെട്ട ഡിസൈന്‍ ആണെങ്കിലും കാഞ്ചീപുരം.ലളിതമായ ക്രീം കളര്‍, ഒരൊറ്റ സ്വര്‍ണ്ണ മാല ,കട്ടിയുള്ള സ്വര്‍ണ്ണ വള. നീണ്ട പിന്നിയിട്ട മുടി, ചെറിയ പൊട്ട്. നല്ല വൃത്തിയും ഐശ്വര്യവും ഉള്ള മുഖം. എനിക്ക് സുഹൃത്തിനെ  സൂക്ഷിച്ചു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. (കൂട്ടത്തില്‍ പറയാതിരിക്കാന്‍ കഴിയില്ല കൈക്കൂലിയോ കള്ളത്തരമോ കാണിക്കാതെ തന്റെ പ്രൊഫഷന്റെ എത്തിക്സും ,മര്യാദയും പാലിക്കുന്ന ആദര്‍ശ ശുദ്ധിയുള്ള ഒരാളാണ് എന്റെ ഈ സുഹൃത്ത്‌)

"എന്നെ കണ്ടതും ഞാന്‍ വജ്രാഭരണം വാങ്ങാന്‍ യോഗ്യയല്ലെന്ന് അവര്‍ തീരുമാനിച്ചു കളഞ്ഞു.ടീച്ചറെ". ഡോക്ടര്‍ തന്റെ നിരാശയും അവഹേളിക്കപ്പെട്ടു  എന്ന തോന്നലും മറച്ചു വയ്ക്കാതെ പറഞ്ഞു.  
എന്ത് പറയണം എന്ന് എനിക്കും മനസ്സിലായില്ല. 

  അവര്‍ അങ്ങനെ പെരുമാറാന്‍ എന്താ കാരണം എന്നാണു  വിചാരിക്കുന്നത് ? ഞാന്‍  സുഹൃത്തിനെ സമാധാനിപ്പിക്കുന്ന ശബ്ദത്തില്‍  ചോദിച്ചു.  "ഓ!എന്റെ സാരിക്ക് മിനുങ്ങുന്ന 'പല്ലു' ഇല്ലായിരുന്നല്ലോ, എന്റെ കാതില്‍ തോളറ്റം വരെ ഞാന്നു കിടക്കുന്ന 'ഇമിറ്റേഷന്‍ കുണുക്കും,ഇമിറ്റേഷന്‍ മാലയും വളയും വിരല്‍ മുഴുക്കെ മോതിരവും ഇല്ലല്ലോ ,  വില്ല് പോലെ വളഞ്ഞ ഷേപ്പ് ചെയ്ത പുരികവും, സ്ട്രെയിറ്റ്  ചെയ്ത മുടിയും ഇല്ല എന്റെ  ടീച്ചറെ." 
അവര്‍  പാതി പരിഹാസം കലര്‍ത്തി പറഞ്ഞു. 
'ഈ പറഞ്ഞതൊക്കെ ഉള്ള ഒരു പെണ്ണ് ടെലിവിഷന്‍ സീരിയലിലെ പുരാണ കഥാപാ ത്രങ്ങളെ പോലെ വേഷമിട്ടു വന്നപ്പോള്‍ എടുത്തു കൊടുപ്പ് കാരുടെ ഒരു ഉത്സാഹം കാണണം . അവര്‍ ഒരു പാട് വാങ്ങും എന്ന് കരുതി അവരൊക്കെ  ആ പെണ്ണിന്റെ പിന്നാലെ ചെന്നിട്ടെന്താ അവള്‍ ഒരു കുഞ്ഞു കമ്മലും വാങ്ങി അവരെ നോക്കി ചിരിച്ചോണ്ട് പോയി. " ഞാന്‍ ചിരിച്ചു.  'അത് കണക്കായിപ്പോയി' എന്ന്  സുഹൃത്തും   മനസ്സ് തുറന്നു ചിരിച്ചു. 

'ഇനി ഇപ്പൊ പച്ചക്കറി ക്കടയിലും തുണി ക്കടയിലും ആശുപത്രിയിലും എല്ലാം ആളുകളുടെ പരിഗണന കിട്ടണ മെങ്കില്‍ കഥകളിക്കാരെ പോലെ തിളങ്ങുന്ന തുണിത്തരങ്ങളും ആഭരണങ്ങളും  അണിഞ്ഞു ചെല്ലേണ്ടി വരുമോ എന്ന ഇപ്പൊ പേടി '  വില കൂടിയ ആഭരണം  വാങ്ങിയിട്ടും ഒരു സന്തോഷവും അതില്‍ നിന്ന് കിട്ടാത്ത തു പോലെ  നിരുന്മേഹയായി സുഹൃത്ത്‌ പറഞ്ഞു മുഖത്ത് ഒരു പാഠം പഠിച്ച മട്ട്. 

മലയാളികള്‍  പുറം പകിട്ടില്‍ വല്ലാതെ ഭ്രമിച്ചിരിക്കയാണ് എന്നാണോ എന്റെ സുഹൃത്ത്‌ പറയുന്നത്? 'മലയാളികള്‍  നല്ല മിന്നുന്നതും തിളങ്ങുന്നതുമായ വസ്ത്രം ഉടുത്തു നടക്കട്ടെ' എന്റെ ചങ്ങാതീ ' ഞാന്‍ തമാശ പറയാന്‍ ശ്രമിച്ചു.  'ആയിക്കോട്ടെ . പക്ഷെ മിനുങ്ങാത്ത തുണി ഉടുത്ത് നടക്കുന്നവരെ  കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകള്‍ എന്ന വിധം കാണരുത്. കുണുക്ക് ഇടാന്‍   താല്പര്യം ഇല്ലാത്തവര്‍ കടയില്‍  കയറിയാല്‍ സാധനം കിട്ടില്ലെന്നോ?  സുഹൃത്തിനു  മലയാളികളോട് മൊത്തം അമര്‍ഷം ഉണ്ടെന്നു തോന്നി.  
   സുഹൃത്തിന്റെ  ഖിന്ന വര്‍ത്തമാനം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായി സംശയം. ഡിസൈനര്‍ ഡ്രസ്സും ആഭരണങ്ങളും  ഇല്ലാത്തത്   കൊണ്ടായിരിക്കുമോ ഇന്നലെ ആ ഓട്ടോ റിക്ഷക്കാരന്‍ എന്നെ അയാളുടെ ഓട്ടോയില്‍ കയറ്റാന്‍ മടിച്ചത്? മിനി സ്ക്രീനില്‍ കാണുന്നതുപോലെചുവന്ന ടൈല്‍ പാകിയ മുറ്റവും  ബട്ടന്‍ ഞെക്കിയാല്‍  തുറക്കുന്ന വലിയ ഗേറ്റും ഇല്ലാത്തത് കണ്ടാണോ അയാള്‍  മുഖത്ത് ഒരു  പു ച്ഛ ഭാവം കാണിച്ചതും   ഇരട്ടി ചാര്‍ജ് വേണമെന്ന് ശഠിച്ചതും ?

No comments: