ആട്ടിൻ കുട്ടിയും ബ്രഹ്മാവും ( ഒരു ദ്രുത പ്രതികരണം)
വെളുത്ത പഞ്ഞിക്കെട്ടു പോലെ സുന്ദരിയായ ആട്ടിൻ കുട്ടി ബ്രഹ്മാവിനടുത്തെത്തി സങ്കടം പറഞ്ഞു. 'എനിക്കൊരു സങ്കടമുണ്ട് പ്രഭോ !
പറയൂ കുഞ്ഞേ 'എന്നായി ബ്രഹ്മാവ്.
'ഭൂമിയിൽ ഞങ്ങളുടെ ജീവിതം നായ നക്കി ക്കൊണ്ടിരിക്കയാണ് ?
'അതിന് നായകളെ ഉന്മൂല നാശം ചെയ്താലോ' എന്ന് ഉടൻ പ്രതികരിച്ച ബ്രഹ്മാവിനോട് ആട്ടിന കുട്ടി പറഞ്ഞു 'അത് ഒരു ഭാഷാ പ്രയോഗം മാത്രമാണ്ബ്രഹ്മാവേ, യഥാർത്ഥത്തിൽ നായ്ക്കളെ കുറിച്ചല്ല എന്റെ പരാതി. അവ മാന്യർ തന്നെ. ഞങ്ങളെ കണ്ടാൽ ഉടൻ വായിൽ വെള്ളം നിറയുന്ന ഒരു കൂട്ടരുണ്ട് , മനുഷ്യർ എന്ന് പറയും.
ബ്രഹ്മാവിന്റെ മുഖത്ത് പഴയ കഥകളിലെ വീര നായകർക്കെന്ന പോലെ അത്ഭുതം കൂറി. ആട്ടിൻ കുട്ടി തുടർന്നു. മനുഷ്യർ ഞങ്ങളോട് പറയും, സ്നേഹത്തോടെ ' ആട്ടിൻ കുട്ടികളേ! ഇങ്ങനെമിനു മിനുത്ത രോമ കുപ്പായ മിട്ട നിങ്ങളെ കാണുമ്പോൾ ഞങ്ങളുടെ വായിൽ നിറവെള്ളം കവിയുന്നു. ഉടുപ്പുരിച്ച നിങ്ങളുടെ ചുവന്നു തുടുത്ത മേനികൾ ,ഹാ! അതിന്റെ രുചിയേറുന്ന വിവിധ ഭാഗങ്ങൾ കടിച്ചു രസിക്കുന്നതിനെ കുറിച്ചുള്ള ഭാവനകൾ ഞങ്ങളെ വിറളി പിടിപ്പിക്കുന്നു. ഈ ആവേശത്തെ ഞങ്ങൾക്ക് തടുക്കാൻ ആവുന്നില്ല. ഞങ്ങൾ എന്ത് ചെയ്യേണ്ടു? ഞങ്ങൾ നിങ്ങളെ കൂട്ടിലിടുകയേ ഇല്ല. അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ഞങ്ങൾ നിങ്ങളെ പതുക്കെ രുചി യറിഞ്ഞു നിങ്ങൾക്കു കൂടി രസിക്കും വിധംആവശ്യത്തിനു, ഉപ്പും പുളിയും എരിവും മധുരവും ചേർത്ത് നൊട്ടി നുണഞ്ഞു കഴിക്കുകയെ ഉള്ളൂ . ഒട്ടും വേദനിപ്പിക്കാതെ , നഖം തൊട്ടു രോമ കൂപങ്ങൾ വരെ സൌന്ദര്യം വഴിയുന്ന നിങ്ങളെ ക്കണ്ട് മതി മറക്കുന്നതിനു ഞങ്ങളോട് പൊറുക്കുക!"
ഈ ഉത്തേജക വാക്യങ്ങൾ കേട്ട് എന്റെ അമ്മ അമ്മൂമ്മ മാർക്ക് അവരോടു ദയയും, സ്നേഹവും തോന്നി. മനുഷ്യർക്ക് ഞങ്ങളോടുള്ള സ്നേഹധാരയെ കുറിച്ച് അവർ പറഞ്ഞു തന്നു. സംശയം പ്രകടിപ്പിച്ച ഞങ്ങളെ 'അമ്മുവിൻറെ ആട്ടിൻ കുട്ടി എന്ന രാമു കാര്യാട്ടിന്റെ സിനിമ കാണാൻ പ്രേരിപ്പിച്ചു. മേയുന്നതിനിടെ മ്യൂസിയം മുറ്റത്തെ ഒരു മൂലയിൽ എല്ലാവർക്കും കാണത്തക്കവിധം ആയിരുന്നു ആ ആട്ടിൻ കുട്ടിക്കഥ ഞങ്ങൾക്ക് വേണ്ടി അവർ കാണിച്ചിരുന്നത്'
' അപ്പോൾ , ബ്രഹ്മാവ് വിസ്മയപ്പെട്ടു ' സിനിമയിൽ നിന്ന് പോലും പാഠങ്ങൾ പഠിച്ചിട്ടും നിങ്ങൾ മനുഷ്യരെ ക്കുറിച്ച് പരാതി പറയാൻ ഇടയായതെന്ത്?
'ആട്ടിൻ കുട്ടി തുടർന്നു . പ്രഭോ , മനുഷ്യരുടെ രീതികൾ വിചിത്രമാണ്. അവർ വാക്കുകൾക്കും പ്രവർത്തിക്കും തമ്മിൽ ബന്ധം ഉണ്ടാകണം എന്ന് നിർബന്ധം ഉള്ളവരല്ല.
'എന്നുവച്ചാൽ?' ബ്രഹ്മാവ് മനസ്സിലാകായ്കയുടെ നെറ്റി ചുളിച്ചു.
അതിനെക്കുറിച്ച് പറയാൻ എന്റെ വാക്കുകൾക്ക് ശക്തി പോരാ പ്രഭോ, അങ്ങ് ഭൂമിലേക്ക് ഇറങ്ങി വന്നോ വരാതെയോ മനുഷ്യരെ വീക്ഷിക്കുക.
ഒരു നിമിഷം ബ്രഹ്മാവ് കണ്ണടച്ചു. ഒരു നിമിഷം , ഭൂമിയിലെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്, നീണ്ട ചൂളം വിളിയോടെ പായുന്ന തീവണ്ടി, ആകാശം വരെ ഉയര്ന്നു പോകുന്ന ഒരു ലിഫ്റ്റ്, വിമാനം ...എല്ലാറ്റിലും ഒരേ ദൃശ്യങ്ങൾ, മനുഷ്യന്റെ കൈകളുടെ ക്ലോസപ്പുകൾ...നീട്ടിപ്പിടിച്ചവ, ആഞ്ഞു വലിക്കുന്നവ, പിടക്കുന്ന കഴുത്തുകൾ, അവയിൽ നിന്നെല്ലാം ആട്ടിൻ കുട്ടികളുടെതെന്ന പോലെ യുള്ള ആർത്ത നാദങ്ങൾ.... കാഴ്ചകണ്ട് തീർന്ന ബ്രഹ്മാവ് വീണ്ടും കണ്ണ് തുറന്നപ്പോൾ ..അതാ നിൽക്കുന്നു പത്തു പതുത്ത വെള്ള രോമം കൊണ്ട് പൊതിഞ്ഞ വെൽ വെറ്റു പോലെ മിനുസവും തിളക്കവുമുള്ള മേനിയും കറുത്ത കണ്ണിൽ ദൈന്യവുമായി ആട്ടിൻ കുട്ടി, കഴുത്തോ കാലോ ഓടിയാതെ, ചോര പൊടിയാതെ മിടുക്കിയായി.പക്ഷേ കണ്ട
കാഴ്ചകൾ മിന്നി തെളിയുന്നല്ലോ, തന്റെ നിയന്ത്രണ ബട്ടണ്‍ ആരമർത്തും ...കൂടുതൽ ആലോചിക്കാൻ മിനക്കെടാതെ ബ്രഹ്മാവ് ആട്ടിൻ കുട്ടിയുടെ നേർക്ക് കയ്യുയർത്തി പ്പറഞ്ഞു. എനിക്ക് സഹിക്കാനാവുന്നില്ല...ആട്ടിൻ കുട്ടീ , നീ എന്റെ മുന്നിൽ നിന്ന് പോകൂ..എന്റെ കണ്മുൻപിൽ നിന്നും മാറിപ്പോകൂ ........ഞാൻ മനുഷ്യരെ കുറ്റം പറയില്ല..നിന്റെ ഈ പതുപതുത്ത മേനിയും തൊലിയുരിച്ച ഉടലും.....
കടപ്പാട് : പുരാണങ്ങൾ മുതൽ തെഹൽക്ക വരെ
No comments:
Post a Comment