Friday, December 26, 2014

വർഷാവസാനത്തിൽ കൈവന്ന സന്തോഷം

                 വർഷാവസാനത്തിൽ കൈവന്ന സന്തോഷം 

            വളരെ കാലത്തിനു ശേഷം എഴുതുകയാണ്.
         ഇപ്പോൾ ഇതെഴുതാൻ കാരണമുണ്ടായി എന്നും പറയാം. അതിങ്ങനെയാണ് ' അമ്മയെ കുളിപ്പിക്കുമ്പോൾ ' എന്ന എന്റെ  കവിതാ സമാഹാരം ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിനു മുൻപ് തന്നെ ആ കവിതയെ ധാരാളം  സുഹൃത്തുക്കൾ സന്തോഷപൂർവ്വം സ്വീകരിച്ചിരുന്നു വിമുഖതയോ  മുൻവിധികളോ ഇല്ലാതെ ചില കവി സുഹൃത്തുക്കൾ പുസ്തകത്തെ നിരൂപണം ചെയ്യുകയും ചെയ്തു. ഒരു കവിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യം. അല്ലെങ്കിൽ മനുഷ്യർക്ക്‌ യഥാർത്ഥ മായി ആനന്ദിക്കാൻ അവസരങ്ങൾ ഇല്ലാതിരിക്കുന്ന ഈ കാലത്ത് തൻറെ  വാക്കുകളും പ്രവർത്തികളും മറ്റൊരാളെ സന്തോഷിപ്പിക്കുന്നു എന്നറിയുന്നത് ഏതൊരാളേയും  സന്തുഷ്ടരാക്കും.

       പക്ഷേ  വാക്കിലും പ്രവർത്തിയിലും ചിന്തയിലും സൌന്ദര്യവും സ്നേഹവും നിലനിർത്താൻ കഴിയുന്നവർ ഇപ്പോൾ എവിടെ യുണ്ട് ? ചാർളി ചാപ്ലിൻ സിനിമയിലേതുപോലെ സ്പാനർ കൊണ്ട്  യന്ത്രത്തിന്റെ ആണിമുറുക്കി മുറുക്കി  സ്വയം  മുറുകി പ്പോയ / അഴിക്കാനാവാതെ കുരുങ്ങിപ്പോയ മനുഷ്യരാണ് ചുറ്റും.അവരുടെ കാഴ്ചയും ചലനവും യാന്ത്രി കമായിക്കഴിഞ്ഞു.  ഇങ്ങനെയൊക്കെയുള്ള ചിന്തയിലും നിരാശയിലും ക്ലേശത്തിലും  ഇരിക്കുമ്പോഴാണ്   എന്നെ ഏറ്റവുമധികം ആഹ്ലാദിപ്പിച്ച ഒരു  കത്ത് ലഭിക്കുന്നത്. അതും കവിതയെ സംബന്ധിക്കുന്നത്.  അതാണ്‌ ഇന്നലെ  ഡോ. എം ലീലാവതി ടീച്ചറുടെ കയ്യിൽ നിന്ന്കിട്ടിയ ഈ കത്ത്. അതിങ്ങനെയാണ്..... 


 എനിക്കറിയാം  ഒരു നല്ല തുറന്ന മനസ്സ് കാണുന്നത്, ഏതൊരാളേയും ഉന്നതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന്. ടീച്ചറുടെ ആത്മാർത്ഥ മായ വാക്കുകൾ അവരിലെ സഹൃദയത്വത്തെയും നന്മയേയും വെളിപ്പെടുത്തുമ്പോൾ  നമുക്കും അത് വെളിച്ചമാവുന്നു  എന്ന് ഞാൻ കരുതുന്നു.  

              ഇത് ഇങ്ങനെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതിന് ഒരു കാരണം കൂടിയുണ്ട്.  .ലീലാവതി ടീച്ചർ എനിക്കയച്ച  ഈ കത്തിലെ ഉള്ളടക്കം എന്നെ ആഹ്ലാദിപ്പിക്കുന്നു.  ആ സന്തോഷം എന്നെയും എന്റെ കവിതയേയും സ്നേഹിക്കുന്ന സുഹൃത്തുക്കളുമായും പങ്കുവക്കുക .  ഈ  വർഷം എനിക്ക് കിട്ടിയ വലിയ ഒരംഗീകാരമായി, ഏതൊരു അവാർഡിനെ ക്കാളും മീതെ  ഞാനിതിനെ കണക്കാക്കുന്നത് കൊണ്ട് കൂടിയാണത്. 

             ഈ വർഷാവസാനം  എനിക്കായി ഇങ്ങനെയൊരു സമ്മാനം നൽകിയതിനു ലീലാവതി ടീച്ചർക്കുള്ള  എൻറെ സ്നേഹവും നന്ദിയും ഇതോടൊപ്പമുണ്ട്.നേരിട്ട് കാണാൻ ഇതുവരെ അവസരം വന്നില്ല. നേരിട്ട് കാണാത്ത എത്രപേരെ നമ്മൾ മനസ്സുകൊണ്ടറിയുന്നു, കാണുന്നു,  കവിതപോലെ അനുഭവിക്കുന്നു.


Friday, December 20, 2013

ഒരേ ദുർഘട സ്ഥാനത്ത്



നമ്മൾ കാണുന്നത് ഒരേ കാഴ്ചകൾ 
കേൾക്കുന്നത് ഒരേ ഒച്ചകൾ

 അറിയുന്നത് ഒരേ നിശ്ശബ്ദത 
ചലിക്കുന്നത്‌  ഒരേ നാട്ടുവഴികളിൽ 
കിടക്കുന്നതോ ഒരേ തെരുവരുകുകളിൽ 
ഭരിക്കുന്ന രാജാവിനും മന്ത്രിക്കുമില്ല 
മാറ്റങ്ങൾ 
നാം പൂജിക്കുന്ന മെതിയടികളും 
നമ്മെ അനുഗ്രഹിക്കുന്ന ദ ണ്ഡും  
ഒന്നുതന്നെ 

എന്നിട്ടും 
എന്റെ സ്വന -ദർശന ഗ്രാഹികൾ 
പിടിച്ചെടുക്കുന്നതും 
 ഉള്ളിലേക്ക് 
അയക്കുന്നതും 
മെലിഞ്ഞ സ്പർശിനി കളാൽ 
തൊടുമ്പോൾ ഞാനറിയുന്നതും 
പറയുന്നതും 
എങ്ങനെ മറ്റൊന്നായിരിക്കുന്നു?
എങ്ങനെ  വ്യത്യാസപ്പെട്ടിരിക്കുന്നു
നിന്റെതിൽ നിന്ന്?

ദൈവങ്ങളുയും  മനുഷ്യരുടേതും  പോലെ 
നമ്മളുടെ  കാഴ്ചകൾ, 
ശബ്ദങ്ങളും നിശ്ശബ്ദതകളും 
ഭിന്നമായിരിക്കുന്നു.
നമ്മളോ 
തമ്മിൽ തമ്മിൽ  ദൃശ്യപ്പെടാതായിരിക്കുന്നു,
 എങ്കിലും
 നിൽപ്പൊരേ 
ദുർഘടസ്ഥാനത്ത്! 


Monday, December 16, 2013

ഗോവിന്ദച്ചാമികളുടെ ലോകം, നിർഭയകളുടെയും.



  ദൽഹി യിൽ മാനഭംഗത്തിന് ഇരയായ നിർഭയയുടെ 'രക്ത സാക്ഷിത്വത്തിനു  ഇപ്പോൾ ഒരു വർഷം. സ്ത്രീകളും പെണ്‍കുട്ടികളും യുവാക്കളും അടങ്ങുന്ന ആൾക്കൂട്ടം സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി ദൽഹി നഗരത്തെയും ലോകത്തെ ആകെയും ഇളക്കി മറി ക്കും വിധം  ആര്ത്തു വിളിച്ചു രോഷംകൊണ്ടത്‌ കണ്ട്  ഇന്ത്യയിലെ ആണധികാര പ്പുര  ചെറുതായി ഒന്നുലഞ്ഞു എന്നതിന്റെ സൂചനയായിരുന്നു ക്രിമിനൽ നിയമത്തിന്റെ ഭേദഗതി  ബിൽ ലോക് സഭയിൽ പാസ്സാക്കപ്പെട്ടത്. എപ്പൊഴുമെന്നതു പോലെ നിയമം ഇല്ലാത്തതു കൊണ്ടല്ല , ഗുരുക്കന്മാരുടെ ഉപദേശങ്ങളും, പ്രവാചകരുടെ ഉദ്ബോധനങ്ങളും  കൽപ്പനകളും  ഇല്ലാത്തുകൊണ്ടുമല്ല , എണ്ണമറ്റ സദാചാര സംഹിതകൾ ഓലയെഴുത്തുമുതൽ കടലാസിലും ഇലക്ട്രോണിക് മാധ്യമത്തിലൂടെയും  വരെ  തെളിഞ്ഞു കിട്ടാത്തതു കൊണ്ടല്ല  മനുഷ്യർ നന്നാവാത്തത്,  ലോകമെങ്ങുമുള്ള ആണധികാര പ്രയോഗങ്ങൾ തുടരുന്നത്. അവർ പെണ്ണുങ്ങൾക്കും, കുട്ടികൾക്കും , ലൈംഗിക ന്യൂന പക്ഷങ്ങൾക്കും  ദളിതർക്കും, വയോജനങ്ങൾക്കും, പ്രകൃതിക്കും  എതിരെയുള്ള അതിക്രമങ്ങളും കയ്യേറ്റങ്ങളും  പൂർവാധികം ശക്തിയോടെ നടത്തിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി കയ്യിലൊതുക്കി വച്ച അധികാര ദണ്ഡ് വലിച്ചെറിയാൻ പുരുഷ പ്രജകൾക്ക് അത്ര പെട്ടെന്ന് കഴിയില്ല. മദ്യപിച്ച്  ഭാര്യയെ തല്ലി ച്ചതക്കലായും മകളെ ബലാൽ പീഡി പ്പിക്കലായും, റോഡിൽ അസഭ്യ നോട്ടങ്ങളും വാക്കുകളുമായും അനേകമനേക രീതികളിൽ അവൻ  തൻറെ ദണ്ഡ് വീശൽ  തുടരുന്നു.

നയതന്ത്ര ഓഫീസ് മുതൽ പഞ്ചായത്ത് ആഫീസ് വരെയുള്ള, പണിയെടുക്കുന്ന പെണ്ണുങ്ങളെ വ്യത്യാസമില്ലാതെ തങ്ങളുടെ വരുതിയിൽ നിരത്താൻ   പുരുഷാധികാര  സമൂഹം വർണ്ണ -വര്ഗ്ഗ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുന്നത് നാം കാണുന്നു.  മതത്തെയും ജാതിയേയുംആചാരങ്ങളെയും അനുഷ്ഠാ നങ്ങളെയും  സൌകര്യപൂർവ്വം കൂട്ടുപിടിക്കുന്ന അവർക്ക് സ്ത്രീകളുടെ അവരവരെപ്പറ്റി യുള്ള ബോധോദയങ്ങൾ തങ്ങളുടെ നിലനില്പ്പിനു തന്നെ ആപത്താണ് എന്ന് ഭയമുണ്ട്. ആ ഭയം കുടുങ്ങിയ പുരുഷൻ പെണ്ണുങ്ങളെ നിലക്ക് നിർത്താൻ ലൈംഗികാതിക്രമങ്ങൾ ആണ് ഏറ്റവും ഫലപ്രദം എന്ന് വിചാരിക്കുന്നു.

പെണ്‍  ശരീരങ്ങൾ തൊണ്ടിയായി, യുദ്ധമുതലായി  പിടിച്ചെടുക്കൽ  വിജയിച്ച പട തന്റെ ശത്രുരാജ്യക്കാരോട് നൂറ്റാണ്ടുകളായി ചെയ്തു കൊണ്ടിരുന്ന അക്രമമാണ്. അവരുടെ ഉടലിൽ മേൽ ബലാൽ ബീജ നിക്ഷേപം നടത്തൽ  കാലാൾ പ്പടക്കാലം മുതൽ പുതിയ ആയുധ പ്രയോഗങ്ങളുടെ ഈ കാലം വരെ തുടരുന്ന ഒരു 'നയമാണ്. സ്ത്രീ ശരീരങ്ങളെ അപമാനിക്കൽ ഒരു രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന ബോധം നിലനില്ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്  ഇത്തരം ചെയ്തികൾ   ഉത്പാദന യോഗ്യമായ മണ്ണും പെണ്ണും പിടിച്ചെടുത്ത വൻറെ അഹമ്മദികൾ. അതിന്റെ നിരവധി രൂപങ്ങൾ  സമൂഹമൊന്നാകെ ഇന്നും പടര്ന്നു കിടക്കുന്നു. ഓരോ സ്ത്രീയും നിരന്തരം ആണധികാരത്തിന്റെ കയ്പ്പിൽ ജീവിതം 'കഴിച്ചുകൂട്ടുന്നു '. 

ഈ സംഗതി മനസ്സിലാകാത്ത ഒരേ ഒരു കൂട്ടർ  പുരുഷന്മാരും  പുരുഷാധികാരത്തിന്റെ  ആത്മാവ് സ്വയം  ആവാഹിച്ച, 'സ്വത്വബോധമില്ലാത്ത സ്ത്രീകളുമാണ് . പുരുഷ ലോകത്തിന്റെ അരികുകൾ അലങ്കരിക്കുന്നതിൽ സായൂജ്യം കണ്ടെത്തുന്നവർ, വസ്തുവത്ക്കരണത്തിൽ സ്വയം രസിക്കുന്നവർ . ഇത്തരം പൗരന്മാരെയും പൌരികളേയും വാർത്തെടുക്കുന്നതിൽ അഭിമാനിക്കുന്നവർ. ഇരുകൂട്ടരും   ലോകം പുരുഷനും സ്ത്രീക്കും കുഞ്ഞുങ്ങൾക്കും  വൃദ്ധർക്കും മറ്റു അനേകമനേകം ജീവ ജാലങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്ന ഏറ്റവും പ്രാഥമികമായ  നിലനില്പ്പ് സത്യം അംഗീകരിക്കാത്തവരായി എന്നും നിലകൊള്ളുന്നു. ഗോവിന്ദ ച്ചാമിമാരെ  തൂക്കി ക്കൊന്നാൽ സമൂഹം ശുദ്ധമാകും എന്ന് വിശ്വസിക്കുന്നു. സ്വന്തം ഉള്ളിലെ ,വീട്ടിലെ, ഗോവിന്ദ ച്ചാമിയെ ഒന്ന് തിരിഞ്ഞു നോക്കാതെ.

     ഉള്ളിലേയും പുറത്തേയും മോചനത്തിന് വിലങ്ങു തടിയായി നിൽക്കുന്ന  ഗോവിന്ദച്ചാമി മാരെ തുടച്ചെ റിയാൻ ഒരുമ്പെടുന്ന,  ഈ ആണധികാര ഘടനക്കെതിരെ   ആണും പെണ്ണും ഒരുമിച്ച് പൊരുതേണ്ട താണെന്ന് തിരിച്ചറിയുന്ന മനുഷ്യർ ഇവിടെ ഉണ്ടായിത്തീരും എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നത് 

Saturday, December 14, 2013


നസ്രീൻ മൊഹമ്മദിയെ വീണ്ടും സന്ദർശിക്കുമ്പോൾ 


ആധുനിക ഇന്ത്യൻ ചിത്രകലയിൽ തന്റെ സമകാലികരായ കലാപ്രവർത്തകരുടെ ശൈലികളിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിച്ച്  സ്വന്തമായി ഒരു ഇടം സൃഷ്ടിച്ച പ്രതിഭാശാലിയാണ് നസ്രീൻ മുഹമ്മദി . അവരുടെ ചിത്രകലയെ ഒന്ന് സ്പർശിച്ച് പോവുക മാത്രമാണ് ഈ ചെറിയ കുറിപ്പിൽ. നസ്രീൻ ജനിച്ചത്‌ 1937 ൽ ആണ് 1990 ൽ  മരണപ്പെട്ടു. അൻപത്തി മൂന്നു വയസ്സിൽ അന്തരിക്കും  വരെ ചിത്രരചനയിൽ മുഴുകി ജീവിച്ചു 
   സ്വാതന്ത്ര്യാനന്ത ര ഇന്ത്യൻ ചിത്ര കല പൊതുവെ അഭിരമിച്ചിരുന്നത് രൂപാധിഷ്ടിതമായതോ , പ്രതീകാത്മകമായതോ സൂചനകൾ നിറഞ്ഞതോ, ധ്വന്യാത്മകമായതോ, കാലപ്പനിക മായതോ  ആയ രചനാ മാതൃകകളിൽ ആണ്. അത്തരം അഭിരുചികളിൽ നിന്ന് വ്യതിരിക്തമായ സവിശേഷമായ ശൈലി നസ്രീൻ മുഹമ്മദി തന്റെ രചനകളിൽ പരീക്ഷിച്ചു 



             നസ്രീൻ മൊഹമ്മദി പരമ്പരാഗത രീതിയിലുള്ള പ്രതിനിധാന ചിത്ര ണ  ശൈലിയെ പിൻതുടരാൻ ആഗ്രഹിച്ചില്ല.   അവരുടെ സമകാലികരായ പ്രശസ്തരും മൗലിക പ്രതിഭകളുമായ  ഭൂപൻ ഖാക്കർ , ഗുലാം മുഹമെദ് ഷെയ്ഖ്,,അർപ്പിത  സിംഗ്, ജെ സ്വാമിനാഥൻ തുടങ്ങിയവരുടെ രചനകളുമായി ചേർത്ത് വച്ചാലോചി ക്കുമ്പോൾ ആണ്  നന്സ്രീൻ മുഹമ്മദി യുടെ വേറിട്ട അന്വേഷണത്തെ നാം തിരിച്ചറിയുക.  രചനാശൈലിയിയിലും, സൌന്ദര്യ ശാസ്ത്ര  വീക്ഷ ണങ്ങളിലും  അവരുടെ സമകാലികരിൽ നിന്ന് അവർ വ്യത്യസ്‌ത യായിരുന്നു.  

              നസ്രീൻ മുഹമ്മദിക്കു മുൻപ് ഇന്ത്യൻ ചിത്രകലയിൽ പാശ്ചാത്യ മാതൃകകളെ പിൻപറ്റിയുള്ള  അമൂർത്ത ചിത്രരചനാ സമ്പ്രദായം ഉണ്ടായിരുന്നില്ല  എന്ന്  അതിനർത്ഥ മില്ല . മുതിർന്ന ബോംബെ സ്കൂൾ ചിത്ര കാരന്മാരായിരുന്ന വസുദേവോ  ഗൈടോൻടെ ( Vasudeo S. Gaitonde (1924–2001) ജേറാം   പട്ടേൽ  തുടങ്ങിയ കലാകാരന്മാർ നസ്രീനിൻറെ മുന്പും പിന്നീടും   അമൂരത്ത രചനകൾ നടത്തിയിരുന്നു.സുഹൃത്തും സഹാധ്യാപകരുമായി ബറോഡയിൽ ജേറാം പട്ടേൽ നസ്രീന്റെ കൂടെ ഉണ്ടായിരുന്നതും അവരുടെ കലാന്വേഷണത്തിൽ സാരമായ സ്വാധീനമായിരുന്നിരിക്കണം.
       നസ്രീന്റെ രചനകളിൽ  യഥാതഥ വസ്തുക്കളുടെ ചിത്രീകരണമോ  അവയുടെ പ്രതിനിധാനങ്ങളോ കാണില്ലെങ്കിലും മനുഷ്യ നിർമ്മിതമായ പരിസ്ഥിതികളും പട്ടണപ്രാന്തങ്ങളും അടിസ്ഥാന പ്രമേയമായി ആ രചനകളിൽ സ്വാധീനമാകുന്നുണ്ട്. ഒരു പക്ഷെ അത്തരം നഗര വാസ്തു മാതൃകകളിൽ നിന്നുള്ള പ്രചോദനം അവരുടെ രചനകളിൽ മനുഷ്യന്റെ സൂക്ഷ്മമായ, ഭൗതികാതീത മായ,  നില നില്പ്പിന്റെ ചിത്രാന്വേഷണം ആയിത്തീർന്നു  എന്ന് പറയേണ്ടി വരും . മഷിപ്പേന കൊണ്ടും പെൻസിൽ കൊണ്ടും നിർമ്മിച്ച  ജ്യാമിതീയമായ ആ വരകൾക്ക്‌  ഭൌതിക ലോകത്തിന്റെ   അമൂർത്തമായ  താളാത്മകതയും താരള്യവും ഉണ്ടായിരുന്നു . ചിലപ്പോൾ  അവ കസിമിർ മാലേവിച്ചിന്റെ സുപ്പർമാറ്റിസ്റ്റ് മേളനങ്ങളെ   അല്ലെങ്കിൽ മോണ്ട്രിയ യാനെ ഓർമ്മിപ്പിച്ചു.അതേ സമയം അവ തന്റെ ചുറ്റുമുള്ള ജീവിതത്തിന്റെ സചേതനമായ അമൂർത്താവിഷ്കാരങ്ങൾ ആകണമെന്ന് അവർക്ക്  നിർബന്ധമുണ്ടായിരുന്നു എന്ന് തോന്നിപ്പിച്ചു.

               നസ്രീൻ തന്റെ കലാ വിദ്യാഭ്യാസം ലണ്ടനിലെ സെൻറ്  മാർടിൻസ്  സ്കൂൾ ഓഫ് ആർട്സിലും തുടർന്ന് 1961-63 ൽ പാരീസിലും ആയിരുന്നു പൂർത്തിയാക്കിയത്. പലയൂറോപ്യൻ  രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും ജപ്പാൻ, നോർത്ത്  അമേരിക്ക തുടങ്ങിയ രാജ്യങ്ങളും അവർ കലാ പ്രവര്ത്തനത്തിന്റെ ഭാഗമായി   സന്ദർശിച്ചു. പ്രസിദ്ധ കലാ വിമർശകയായ ഗീത കപൂർ  നിരീക്ഷിക്കുന്നത് പോലെ നമ്മുടെ ആധുനിക ചിത്രകാരിൽ പലർക്കുമെന്ന പോലെ  നസ്രീൻ മുഹമ്മദിയുടെ രചനകൾക്കും പ്രതിഭാശാലികളായ വിദേശ ചിത്രകാരന്മാരുടെ സ്വാധീനത്തിൽ പെട്ടും അതിൽ നിന്ന് മുക്തി നേടിയും മാത്രമേ തൻറേതായ ഒരു വഴി നിർമ്മി ക്കാൻ കഴിയുമായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ കാൻഡി ൻസ്കി യും  പോൾ ക്ലീയും നസ്രീൻൻറെയും അവരുടെ രചനകളുടെ പരിവർത്തന ഘട്ടത്തിൽ ഒരു സ്വാധീനമോ പ്രചോദനമോ ആയിരുന്നിട്ടുണ്ടാകാം. പുറം ലോകത്തിൻറെ കാഴ്ചാനുഭവത്തെയോ കാഴ്ചയെയോ ഒരു പ്രതി നിധാനം എന്ന നിലക്കല്ലാതെ അമൂർത്തമായൊരു ദൃശ്യാനുഭവമായി സ്വാംശീകരിക്കുകയും അതിനെ ചിത്ര തലത്തിൽ സന്നിവേശിപ്പിക്കുക യുമാണ്‌ നസ്രീൻ   അറുപതു കാലഘട്ടത്തിലെ രചനകളിൽ ചെയ്തത് . നസ്രീൻ തനിക്കു കാൻഡിൻ സ്കി രചനകളോടുള്ള  സമീപനം ഇങ്ങനെ വെളിപ്പെടുത്തുന്നു .  "Again I am reassured by Kandinsky-the need to take from an outer environment and bring it an inner necessity." ചുരുക്കത്തിൽ  യൂറോപ്യൻ abstract  expressionism ത്തിനു തുല്യമായ ഫ്രഞ്ച് കലാകാരന്മാരുടെ അമൂർത്ത  ചിത്ര  ശൈലീ പരീക്ഷണം നസ്രീൻ അറുപതുകളിലെ തന്റെ രചനകളിൽ പരീക്ഷിച്ചു.  
 മിനിമലിസ്റ്റ്  ചിത്ര സങ്കേതങ്ങളിൽ  ആഗ്നെസ് മാർടിൻ നസ്രീനെ സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു എഴുപതുകളിലെ അവരുടെ രചനകൾ . എഴുപതുകൾ ആകുമ്പോഴേക്കും നസ്റീൻ  തന്റെ ഭാവാത്മകതക്കും  ധ്യാനാത്മ കതക്കുമൊടുവിൽ പ്രകൃതി പ്രതിഭാസം സ്വയമേവ അതിൻറെ  ദൃശ്യതക്കപ്പുറം    തെളിഞ്ഞു വരുന്നതായി അനുഭവിച്ചിരുന്നിരിക്കണം .ആധുനികതയുടെ ഒരു സവിശേഷത തന്നെ പ്രത്യക്ഷ യാഥാർ ഥ്യ ങ്ങളെ / വസ്തുവിന്റെ പകർപ്പുകൾ ക്കപ്പുറം  ആഴത്തിൽ അറിയുകയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതായിരുന്നല്ലോ. 

നസ്രീൻ  ഫോമിലും, ശൈലികളി ലുമുള്ള നിരന്തര അന്വേഷണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടർന്നുകൊണ്ടേയിരുന്നു .സ്വന്തം രചനാ ശൈലിയെ നിരന്തരം പുതുക്കി ക്കൊണ്ടിരിക്കാൻ, സൃഷ്ടിക്കുന്ന ഓരോ രേഖയും ആകൃതിയും തന്നോട് എന്തു സംവദിക്കുന്നു എന്ന് അറിഞ്ഞു കൊണ്ടുള്ള  ഒരു മുന്നേറൽ. '  'My lines speak of troubled destinies/ of death/...Talk that I am struck/ by lightning or fire' ..എന്നിങ്ങനെ   കാവ്യാത്മകമായി തന്റെ ചിത്രരചനാ രീതികളിലെ പരീക്ഷണങ്ങളെ നസ്രീൻ വിശദമാക്കുന്നു. 



  വസ്തുക്കളുടെ' ഉള്ള്‌' മനുഷ്യരുടെ മനസ്സെന്നവണ്ണം ആഴത്തിലും അതിന്റെ വ്യത്യസ്തമായ തനിമയിലും അറിയാനും ആവിഷ്കരിക്കാനും ശ്രമിക്കുകയാണ് ഒരർത്ഥത്തിൽ , പ്രതിനിധാനപരതയിൽ നിന്ന് അപ്പുറം പോയിരുന്നു ആ രചനകളിൽ ക്കൂടി നസ്രീൻ ചെയ്തത് എന്ന് കരുതേണ്ടി വരും. തീർച്ചയായും ഒരു കാലാ കാരനും  കലാകാരിയും  തന്റെ ചിത്ര മെഴുത്ത് , ലോകത്ത്  ഏതെ ല്ലാം വിധത്തിൽ  കാഴ്ചക്കാരന്റെ ഇന്ദ്രിയങ്ങളെ  സംവേദന ക്ഷമമാക്കും അതിന്റെ സാധ്യതകൾ എന്തൊക്കെയാണ് എന്നൊന്നും അറിഞ്ഞല്ല രചനകൾ  നടത്തുന്നത്. ഇനി അങ്ങനെ ആണെങ്കിൽ  കൂടി അയാളുടെയോ  അവളുടെയോ വാഖ്യാനങ്ങൾ ക്കപ്പുറത്തെ ക്ക് പോകാൻ ആ രചനകൾ  ശക്തിയാർജ്ജിക്കുമ്പോൾ 
ആണ് അവ കലാസൃഷ്ടികളാവുന്നത്.

 നസ്രീന്റെ ചിത്രങ്ങളിലൂടെ വീണ്ടും കടന്നു പോകുമ്പോൾ അവരുടെ കല കാലത്തെ അതിജീവിക്കുന്ന വിധം വ്യാഖ്യാന മുക്തമായി നിലകൊള്ളുന്നു എന്ന് തോന്നുകയാണ്.

Thursday, December 12, 2013

എളുപ്പം 

ഇരിക്കുന്ന മുറി ചുരുങ്ങി ച്ചുരുങ്ങി 
അതിന്റെ നാല് ചുമരുകള്‍ 
ഉടല്‍ സ്പര്‍ശിക്കുന്നത് വരെ 
അവ കൈകൾ  നീട്ടി 
ബലാൽ മെയ് ഞരിക്കുന്നതുവരെ 
കഴുത്തിൽ വിരലാഴുത്തുന്നത് വരെ 

വരച്ച ചിത്രങ്ങൾ മായ്ക്കുന്നത് പോലെ 
സ്വപ്നങ്ങളിൽ നിന്നും ഉണരുന്നത് പോലെ 
ജീവിച്ചിരിക്കൽ 
കടൽതീരത്തി രിക്കൽ പോലെ 
തിരയെണ്ണൽ  പോലെ എളുപ്പം 

 അത്ര എളുപ്പമായിരുന്നില്ല.
ഒന്നും എളുപ്പമായിരുന്നില്ല,
 ഒട്ടും എളുപ്പമായിരുന്നില്ല.
എന്ന് അവസാനശ്വാസം 
നിലവിളിക്കുമ്പോൾ 
മറിച്ചൊ രുത്തരം  ചൊല്ലൽ  
എളുപ്പമായിരിക്കുമോ?


Friday, December 6, 2013

Ye Zindagi by the Band Vishwamitra



 This is from Manu Rajeev's album feathers to Ashes 


.I am not a critic of music, not even a student of music. But sometimes a song, an orchestra or a soulful voice of an artist makes me to brood on that particular tune or music or the composition in total. This is  one of such composition.  It is very difficult to smile while we mourn deep inside. And this song wouldn't allow you to listen to it for the mere pleasure of music...it invokes a sense of compassion..touches your heart, the real in you. 

Ye Zindagi by Band Vishwamitra