Monday, March 30, 2009

കാരുണ്യത്തിന്റെ അര്‍ത്ഥം

എണ്‍പതുകളുടെ ആദ്യ വര്‍ഷങ്ങളിലാണ് , ഞങ്ങള്‍ താമസിച്ചിരുന്ന ഹൌസിംഗ് കോളനിയില്‍ എല്ലാ ചൊവാഴ്ചയും വെള്ളിയാഴ്ചയും ഒരു ഭിക്ഷക്കാരന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീടുകളുടെ ഗേറ്റിനരികില്‍ വന്നിരുന്നു "അമ്മാ .....മ്മാ ...മ്മാ.......മാ...മാ." എന്ന് മാക്സിമം നീട്ടി ക്രമത്തില്‍ രണ്ടും മൂന്നും തവണ ഉച്ച സ്ഥായിയില്‍, കര്‍ണ്ണകഠോരമായി വിളിക്കും. ആ ശബ്ദം ഒരു കിലോമീറ്റര്‍ , അല്ല അര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിധ്വനിക്കും .വീട്ടുകാര്‍ വന്നു അമ്പതു പൈസയോ ഇരുപത്തഞ്ചു പൈസയോ കൊടുക്കും. അന്നത്തെ ആ അമ്പതു പൈസക്ക്‌ ഇന്നത്തെ അഞ്ചുരൂപ യുടെ മൂല്യമുണ്ട് .കഴിയുമെന്കില്‍ അയാള്‍ ശബ്ദം പുറപ്പെടുവിക്കുന്നതിന് മുന്പേ കാശ് കൊടുക്കാന്‍ ഓരോ വീട്ടുകാരും ശ്രമിക്കും. ഞാനും അങ്ങനെ തന്നെ ചെയ്തു .പക്ഷെ അയാള്‍ എന്നാലും വിടില്ല..ആളെ കണ്ടാലും കാത്തുനിന്നു നമ്മള്‍ കാശ് കൊടുത്താലും രണ്ടു തവണയെങ്കിലും അമ്മാ ... എന്ന് നീട്ടി അലറിയിട്ടെ അയാള്‍ പോകൂ. അയാള്‍ക്കറിയാം അയാളുടെ മൂലധനം ഏറ്റവം അരോചകമായ മനുഷ്യ ശബ്ദമുണ്ടാക്കാനുള്ള ആ കഴിവാണെന്ന് .
ചെറിയകുട്ടികളുടെ ഉറക്കം ഞെട്ടിച്ചും പേടിപ്പിച്ചും അയാള്‍ ഞങ്ങളുടെ ചൊവ്വാഴ്ച വെള്ളിയാഴ്ചകള്‍ ,ഭീകരാനുഭവമാക്കി. രാവിലെ ഒമ്പതിനും ഒമ്പതര ക്കും ഇടക്ക് കൃത്യമായി വന്നു ഞങ്ങളുടെ കോളേജ് യാത്ര അഞ്ചോ ആറോ മിനിട്ടു തടസ്സപ്പെടുത്തി .ഇരു തല മൂര്‍ച്ചയുള്ള അയാളുടെ സ്വരം വന്നു വന്നു എനിക്ക് അസഹ്യമായി തുടങ്ങി .
ഇനി മുതല്‍ ഇങ്ങനെ വിളിക്കേണ്ട, ഗേറ്റില്‍ തട്ടിയാല്‍ മതി എന്ന് അയാളോട് സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടത് അയാള്‍ക്ക്‌ തീരെ ഇഷ്ടപ്പെട്ടില്ല. അയാള്‍ അടുത്ത തവണ ഗേറ്റില്‍ ഇടിക്കുകയും ക ഠോ ര ശബ്ദത്തില്‍ അമ്മാ........ എന്ന് വിളിക്കുകയും ചെയ്തു . കാശ് കൊടുത്തു പോരുമ്പോള്‍ ഒന്നുകൂടി അയാളെ ഓര്‍മ്മിപ്പിച്ചു ഗേറ്റില്‍ തട്ടിയാല്‍ മതി ഇങ്ങനെ ഒച്ച വെക്കേണ്ട എന്ന്. പ്രതിഷേധിചെന്ന വണ്ണം അയാള്‍ ഗേറ്റില്‍ കാലുകൊണ്ട്‌ തട്ടുകയും ,അവിടെത്തന്നെ ചടഞ്ഞിരിക്കുകയും ചെയ്തു. പിന്നെ ഭാണ്ഡം തുറന്നു പൊതിയെടുത്ത്‌ അഴിച്ചു എന്തോ തിന്നാന്‍ തുടങ്ങി. കോളെജിലേക്ക് ഇറങ്ങുന്ന ഞങ്ങളുടെ മുന്‍പില്‍ കണി യായി അയാള്‍ ചോരയും അഴുക്കും പുരണ്ട ,തുണികൊണ്ട് കെട്ടിയ രണ്ടുകാലുകളും ഒരു നീണ്ട വടിയും വിലങ്ങത്തില്‍ വച്ചു.കണ്ടാല്‍ ഒരു തവണയെ നോക്കാന്‍ കഴിയൂ.. അത്രയ്ക്ക് നാറ്റം വരുന്നുണ്ട് അയാളുടെ ശരീരത്തുനിന്നും തുണിയില്‍ നിന്നും..ഞങ്ങളെ കണ്ടതും അയാള്‍ കറുത്ത പല്ലുകള്‍ കാട്ടി ചിരിച്ചോ ഇളിച്ചു കാട്ടിയോ എന്ന് പറയാനാവില്ല. ആ ദിവസം അങ്ങനെ പോയി അതൊരു വെള്ളിയാഴ്ചയായിരുന്നു.
അടുത്ത ചൊവാഴ്ചയും അതിനടുത്ത വെള്ളിയാഴ്ചയും ഇതു തന്നെ ആവര്‍ത്തിച്ചു . അയാള്‍ രണ്ടു മണിക്കൂര്‍ വിശ്രമം ഞങ്ങളുടെ ഗേറ്റിനു മുന്‍പിലായി . വെള്ളം കുടിക്കുന്നത് ചോദിയ്ക്കാതെ തന്നെ വീട്ടിലെ പൈപ്പില്‍ നിന്നായി .
അതോടെ ഇനി എന്ത് ചെയ്യുമെന്ന് പിടിയില്ലാതായി. അയാളോട് വളരെ സ്നേഹമായി പറഞ്ഞതിനുള്ള ശിക്ഷയായി അയാള്‍ അലറി വിളിക്കുന്നത് കൂടാതെ ഗേറ്റില്‍ മാക്സിമം ശബ്ദത്തില്‍ ഇടിക്കുന്നത് കൂടി പതിവാക്കിയിരിക്കയാണ് . അത് കൂടാതെ വിശ്രമവും ഗേറ്റിനു മുന്‍പില്‍ . അയാളെ ഇനി കുറെ ചീത്ത വിളിക്കാം എന്നായി.
'ഇവിടെ ഇങ്ങനെ ഇരുന്നാല്‍ '..... എന്ന് പറഞ്ഞു തുടങ്ങേണ്ട താമസം അത് പ്രതീക്ഷിചിട്ടെന്ന വണ്ണം അയാള്‍ പുളിച്ച തെറികള്‍ തമിഴ് കലര്ന്ന മലയാളത്തില്‍ ഞങ്ങളുടെ മേലേക്ക് ചൊരിഞ്ഞു..

അയാളുടെ ശബ്ദവും സാന്നിധ്യവും വല്ലാതെ അസഹനീയ മായി തുടങ്ങി. ഇനി അയാള്‍ രാത്രിയിലും ഗേറ്റിനരികില്‍ കിടപ്പ് തുടങ്ങുമോ ? കോളേജില്‍ നിന്നു വരുന്ന സമയം അതായി ചിന്ത. ചുരുക്കി പറഞ്ഞാല്‍ ഭിക്ഷ ക്കാരന്‍ താങ്ങാവുന്നതില്‍ കൂടുതല്‍ ഒരു ഭാരമായി .അയാള്‍ക്ക്‌ കാശ് കൊടുത്തിരുന്നത് പുണ്യം പ്രതീക്ഷിച്ചു ഒന്നുമായിരുന്നില്ല. ഭിക്ഷ ക്കാരെ പ്രോത്സാതിപ്പിക്കുന്ന്തില്‍ താത്പര്യവും ഉണ്ടായിട്ടല്ല. അയാളുടെ അളിഞ്ഞു വികൃതമായ കാലുകളും ദയനീയ ഭാവവും ക ഠോ രശബ്ദവും കാരണമാണ് അയാള്‍ക്ക്‌ ഭിക്ഷ കൊടുത്തു തുടങ്ങിയത് .അതിപ്പോള്‍ ഇങ്ങനെ യായി...

ഇങ്ങനെ ഏകദേശം ഒരുവര്‍ഷത്തോളം ഭിക്ഷക്കാരന്‍ പകുതി ഭീഷണിയായി ഞങ്ങളുടെ ഗേറ്റില്‍ ആഴ്ചയില്‍ രണ്ടു തവണ വന്നു പോയി.
ഇതിനിടെ വന്ന ക്ലൈമാക്സ് പക്ഷെ അയാള്‍ക്ക്‌ അനുകൂല മായില്ല...ഒരു ദിവസം ശാസ്ത മംഗലംബസ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്ക്കുന്ന ഞങ്ങളുടെ മുന്നിലൂടെ ഒരാള്‍ നടന്നു വരുന്നു. അയാള്‍ ഞങ്ങളെ കണ്ടു. ഞങ്ങളും... നല്ല പരിചയം ..വെളുത്ത മുണ്ട് മടക്കി കുത്തി വെളുത്ത ഷര്‍ട്ടും കാലില്‍ ചെരിപ്പും . മുടി ഭംഗി യായി ചീകി വച്ചിട്ടുണ്ട് . കയ്യില്‍ നല്ല സഞ്ചി......
അത്
ഞങ്ങള്‍ ഊഹിച്ച പോലെ തന്നെ ആ ഭിക്ഷക്കാരന്‍. തെണ്ടിയായി അറുപതുകഴിഞ്ഞ കിളവനെപ്പോലെ കുഷ്ടം പിടിച്ചകാലുകാട്ടി വന്ന അയാള്‍...ഞങ്ങളെ ക്കണ്ടതും അയാള്‍ സൈഡ് മാറാന്‍ ഒരു ശ്രമം നടത്തി .......
പക്ഷെ അടുത്ത ആഴ്ചമുതല്‍ അയാള്‍ ഞങ്ങളുടെ ഗേറ്റില്‍ വന്നില്ല ....
ഭിക്ഷാടന മാഫിയ യെപ്പറ്റി അന്ന് അത്ര കാര്യമായ അറിവില്ല. എങ്കിലും അവര്‍ നാഗര്‍ കോവിലില്‍ നിന്നു തിരുവനതപുരം നഗരത്തിലേക്ക് സംഘങ്ങളായിട്രെയിനില്‍ കൊണ്ടുതള്ളുന്നആളുകള്‍ കൂട്ടമായി കോളനികള്‍ തോറും തെണ്ടി വൈകുന്നേരങ്ങളില്‍ കിട്ടുന്ന കാശ് മുഴുവന്‍ തെണ്ടി മുതലാളിമാരുടെ കൈകളിലേക്ക് പകരുന്ന കാര്യം കേട്ടിരുന്നു. അതൊക്കെ കേട്ടിരുന്നെന്കിലും ഭിക്ഷക്കാര്‍ക്ക് കാശ് കൊടുക്കില്ലെന്ന് തീരു മാനിചിരുന്നെന്കിലും നമ്മുടെ തെണ്ടി ഒറിജിനല്‍ രോഗി ആണെന്കിലോ എന്ന് കരുതി കൊടുത്തു കൊണ്ടിരുന്നതാണ്...

അല്ലെങ്കിലും കാരുണ്യത്തിന്റെ അര്ത്ഥം ഏറ്റവും വികലമായി മനസ്സിലാക്കപ്പെട്ട ഒരു കാലത്താണ് നമ്മുടെ ജീവിതം. ഭി ക്ഷക്കാര്‍ ഇല്ലെങ്കില്‍ അന്യനു ക്ലേശം ഇല്ലെങ്കില്‍ , രോഗികള്‍ ഇല്ലെങ്കില്‍ , നമ്മുടെ സമ്പത്തിനു ., നമ്മുടെ ആരോഗ്യത്തിനു , സന്തോഷത്തിനും എവിടെയാണ് മൂല്യം? നമ്മുടെ എണ്ണമില്ലാത്ത ചാരിറ്റി ട്രസ്റ്റുകളും , ആതുര ശുശ്രൂഷാ സ്ഥാപനങ്ങളും ആരെ സേവിക്കും? എല്ലാവര്‍ക്കും സന്തോഷവും സമാധാനവുമെങ്കില്‍ നമ്മുടെ കാരുണ്യം എങ്ങനെ പ്രകടിപ്പിക്കും .കാരുണ്യ സ്ഥാപനങ്ങള്‍ എങ്ങനെ വളര്‍ന്നു പന്തലിക്കും ?കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സ്വര്‍ഗ്ഗ രാജ്യത്ത് ഒരു സീറ്റ് ഉറപ്പാക്കും. അപ്പോള്‍ ലോകം ഇങ്ങനെയാതിനു ആര് , ആരോട് നന്ദി പറയണം.....!!!

Saturday, March 28, 2009

ദൈനം ദിനം

"അടുത്ത മുന്നൂറ്റി അറുപത്തഞ്ച്എപ്പിസോഡും
റ ഡി യായി സര്‍,
വേഷവും ഡ യലോഗും
ജോലി, വേതനങ്ങളുമൊക്കെ നിര്‍ണ്ണയിച്ചു കഴിഞ്ഞു സര്‍ ,
അതെ പൂര്‍വ നിശ്ചയ പ്രകാരം തന്നെ
മാറ്റമൊന്നുമില്ല സര്‍ ,
വേഷം സാരിയില്‍ മാത്രം ഒതുക്കില്ല സര്‍,
ജീന്‍സും ടോപ്പും പല ഉത്തരേന്ത്യന്‍ ,
വിദേശ സ്വദേശ വേഷങ്ങള്‍ കൂടാതെ
നമ്മുടെ ദേശീയ വേഷമായ നൈറ്റിയും ഉണ്ടാവും സര്‍ .
. ഓ ,ആയുധം കണ്ണീരും വക്രിച്ച തേങ്ങലുമല്ല,
തോക്കും വാള്‍ പരിചാദികളും കത്തിയുമുണ്ട് സര്‍,
കളരിയോ അഭ്യാസം സമ നിരപ്പില്‍ നിന്നു കുന്നിന്‍ മുകളിലേക്ക്
മാറ്റിയിട്ടുണ്ട് സര്‍
അവസാനമോ ?
കൊലപാതകത്തില്‍ നിര്‍ത്തണോ അതോ ആത്മഹത്യയിലൊ
..കുറച്ചു കണ്ഫ്യുഷന്‍ ഉണ്ട് സര്‍..
വലിയൊരു ഡിസൈനര്‍ കിണറുണ്ട് സര്‍
അതിലേക്കു നായിക കൂപ്പുകുത്തുന്നതാണ് സര്‍
നമ്മള്‍ എടുത്ത്തവസാനിപ്പിച്ചത് ക്ലൈമാക്സ്
..വലിയ കിണറാണ് സര്‍
കാണികള്‍ക്കോ, ഉണ്ട് സര്‍ കൂട്ടമായി വന്നു അവര്ക്കും
സീരിയലിനവസാനം ..
ചെയ്യാം സര്‍ അതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട് സര്‍...
അത് മതി അല്ലെ സര്‍..
. സ്പോണ്‍സര്‍ ഷിപ്പ് ഉറപ്പാക്കി സര്‍
പ്രബുദ്ധരുടെ നാടല്ലെ സര്‍
ആത്മഹത്യയും കൊലപാതകവും നിത്യമല്ലേ സര്‍
ആ നിലക്ക് സീരിയലില്‍ യഥാ തഥാ മാണ് .എന്നോ ..
റിയല്‍ .?.
നിരൂപകര്‍ തീരുമാനിക്കട്ടെ സര്‍..."

Thursday, March 26, 2009

വെറുതെ ഒരു ചിത്രം

അത് ഒരു കുന്നിന്‍ ചെരിവായിരുന്നു .താഴ്വരയില്‍ ചെമ്പന്‍ നിറമുള്ള ചെറുതും വലുതുമായ കല്ലുകള്‍ ചിതറിക്കിടക്കുന്ന തരിശു നിലം. താഴ്വരയില്‍ നിന്നു നോക്കിയാല്‍ കണ്ണെത്തുന്ന ദിക്കില്‍ ഏറ്റവും അറ്റത്ത്‌ മലയുടെ ഉന്തി നില്‍ക്കുന്ന വയറു കാണാം ..അരയില്‍ പറ്റിപ്പിടിച്ചു തൂങ്ങി നില്ക്കുന്നത് മലയുടെ കുഞ്ഞുങ്ങളല്ല . അത് ഒരു ചെടി പോലുമല്ല ..ഈജിപ്ത്യന്‍ അല്ലെങ്കില്‍ ഗ്രീക്ക് ദൈവത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്വയംഭൂവായ പാറയാണ് നില്ക്കുന്നത് ..പക്ഷെ അങ്ങനെ തീര്‍ത്തു പറയാനുമാവില്ല . അതിന് വലിയൊരു തലയുണ്ട് ... വിസ്താരമുള്ള, പോളയില്ലാത്ത അതിന്റെ കണ്ണുകള്‍ തുറന്നു വച്ചു മലമുകളില്‍ നിന്നു പതിയെ ഇറങ്ങി വരുന്നുണ്ട് ..കാരണം അതിന്റെ തവിട്ടു നിറമുള്ള കുതിരകള്‍ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും സന്തോഷം കാണിക്കുന്നത് അത് കൊണ്ടാണല്ലോ . സീബ്രയില്‍ നിന്നും കുതിരകള്‍ വരകള്‍ കടം മേടിച്ചു സ്വന്തം തവിട്ടു നിറത്തിലും മെറൂണ്‍ കലര്‍ന്ന ചുവപ്പിലും വരയിട്ടതെങ്ങനെ? തീര്ച്ചയായും അത് ചോദിക്കാനായിരിക്കും കുന്നിറങ്ങി ഇരുണ്ട പാറ നോക്കിനില്‍കെ നിമിഷങ്ങള്‍ക്കകം ഉണ്ടായിതീര്‍ന്ന കൈകാലുകളുമായി നീണ്ട കാല്‍ വെപ്പോടെ വരുന്നത് .ചരിഞ്ഞു നില്ക്കുന്ന ചുവപ്പ് വരയന്‍ എന്താണ് പറയുന്നതു? .അതിന് തലയെടുപ്പും ഊര്‍ജ്വ സ്വലതയുമുണ്ട്. അവനായിരിക്കും സീബ്രയില്‍ നിന്നു ഇങ്ങനെ വരകള്‍ കടം വാങ്ങി നിറം മാറ്റി കുതിരത്വം കളഞ്ഞു നില്‍ക്കാന്‍ മറ്റുള്ളവയെ പ്രേരിപ്പിച്ചത് .നോക്ക്‌ അവയുടെ വാലില്‍ ചുവപ്പും കറുപ്പും വരകള്‍ .മലയുടെ പള്ളയില്‍ നിന്നും ഇറങ്ങി വരുന്ന കൈകാല്‍ വളര്‍ന്ന കരിം പാറയെ നോക്കി വരയന്‍ കുതിരകള്‍ ..തലയുയര്‍ത്തി , മുന്‍കാലുകള്‍ ഉയര്‍ത്തി.....ഇനി അവ എന്താവും ചെയ്യുക?

ചുവരിലെ ചിത്രം മറ്റൊന്നും പറയുന്നില്ല . ചിത്രത്തിന്റെ ഫ്രെയിം പൊളിക്കാനായി നേതാവായ ചുവന്ന വരയന്‍ പിന്‍കാലുകള്‍ കൊണ്ടു തള്ളുന്നു എന്ന് മാത്രം എന്റെ ദൂര കാഴ്ച പറയുന്നു ...ഭിത്തിയില്‍ തൂങ്ങി നിന്നു നിന്നു ഒടുവില്‍ കുതിരകളും പാറക്കല്ലും ഗ്രീക്ക് ദേവനും തവിട്ടു മലകയറി അപ്പുറത്തേക്ക് പോകുമോ ? അല്ലെങ്കില്‍ കുതിരകള്‍ വരകളും നിറങ്ങളും, മലകള്‍ ,തവിട്ടും മഞ്ഞയും കലര്‍ന്ന അവയുടെ പുറം തോലുമായി ക്യാന്‍ വാസ് വിട്ടു പോകുമോ . പോകുമെന്ന് തവിട്ടു കുതിര കണ്ണ് ചിമ്മി തുറക്കുന്നു ...

Tuesday, March 24, 2009

poet's son


Son of poets Sylviya Plath and Ted Hughes kills himself

Nicholas Hughes hangs himself at his home in Alaska 46 years after his mother gassed herself :

guardian reports

Don't know why this news makes me feel uneasy and sad.

Monday, March 23, 2009

മാരാര്‍ സ്മരണയില്‍

കുട്ടിക്കൃഷ്ണ മാരാരുടെ ഗദ്യം പോലെ ഭംഗിയുള്ള ഗദ്യഭാഷ മലയാളത്തില്‍ വിരളം .ഇന്നു വീണ്ടും ഭാരത പര്യടനം വായിക്കാന്‍ ഒരു പ്രലോഭനം.

" അപ്പോള്‍ എന്താണീ അനുഗാനം ചെയ്യപ്പെട്ട മനുഷ്യ കഥ ?
അഹങ്കാരജമായ , രജോഗുണ സമുത്ഭവമായ, കാമവും ക്രോധ വുമാണ് , രാഗ ദ്വേഷമാണ്, മനുഷ്യാത്മാവിന്റെ സംസാര ബന്ധങ്ങള്‍ക്കും തല്ഫലമായ പുണ്യ പാപങ്ങള്‍ക്കും സ്വര്‍ഗ്ഗ നരകങ്ങള്‍ക്കുമെല്ലാം കാരണമെന്നും , അതിനെ നിര്‍മ്മൂലനം ചെയ്‌വാന്‍ സാധിക്കുന്ന മഹാത്മാക്കള്‍ക്കുമാത്രമേ സംസരമുക്തിയുള്ളൂ എന്നുമാണല്ലോ ചിരന്തനമായ ആര്‍ഷ സിദ്ധാന്തം . ഈ സിദ്ധാന്തം എന്ന് ആവിഷ്കരിക്കപ്പെട്ടുവോ , അതിന്റെ പിറ്റേദിവസം മുതല്‍ , തങ്ങള്‍ ആ രജോ ഗുണ വികാരങ്ങളില്‍ നിന്നു മുക്തരാണെന്ന് സ്വയം വിശ്വസിക്കുന്ന വിഡ്ഢികളും ലോകരെ വിശ്വസിപ്പിക്കുന്ന വന്‍ചകന്മാരും നാട്ടിലെമ്പാടും പ്രചരിപ്പിച്ചും തുടങ്ങി ; അത്തരം പ്രഖ്യാപിത മഹാത്മാക്കള്‍ക്ക് ശുദ്ധാത്മാവായ പൊതുജനത്തിന്റെ പക്കല്‍ നിന്നു എപ്പോഴും അര്‍ഗ്ഘ്യ പാദ്യങ്ങള്‍ കിട്ടിവരുന്നത് കൊണ്ടു അത്തരക്കാരെ എന്നുമെവിടെയും സുഭിക്ഷമായി കണ്ടുമുട്ടാം .
വാസ്തവത്തില്‍ , ഈ രാഗ ദ്വേഷം മനുഷ്യാത്മാവില്‍ എത്രമാത്രം ആഴത്തില്‍ കൊണ്ടതാ ണെന്നും, അത് ഏതു മഹാത്മാവിന്റെ ചേഷ്ടയേയും ഏതെല്ലാം വിധത്തില്‍ നിയന്ത്രിക്കുമെന്നും ആരറിയുന്നു , ആര്‍ അറിവാന്‍ ആഗ്രഹിക്കുന്നു ! ഈ യുധിഷ്ടിരനെ ത്തന്നെ നോക്കുക :............................'.

( കുട്ടിക്കൃഷ്ണ മാരാരുടെ 'ഭാരത പര്യടന' ത്തിലെ ഒരു ഭാഗം )

Sunday, March 22, 2009

ഞായറാഴ്ച

'ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന് ആത്മഹത്യ ചെയ്തു ', ഭാര്യയും കാമുകനും ചേര്‍ന്ന്‍ ഭര്‍ത്താവിനെ കൊന്ന് ചാക്കില്‍ കെട്ടി കായലില്‍ എറിഞ്ഞു ', ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്ന്‍ യുവതിയെ കൊന്ന് കെട്ടി ത്തൂക്കി ' , കൂട്ട ആത്മഹത്യ അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം വിഷം കഴിച്ചു മരിച്ചു ..'
ഇങ്ങനെ ഉള്ള വൃത്താന്തങ്ങള്‍ ഇല്ലാതെ ഒരു വൃത്താന്ത പത്രവും രാവിലെ നമ്മുടെ മുന്നില്‍ വരാറില്ല. ഈ വിധത്തില്‍ നാം കടന്നു പോകുന്ന വാര്‍ത്തകളില്‍ പ്രതികളായി വരുന്നതു ഒറ്റനോട്ടത്തില്‍ ഏതെങ്കിലും ഒരാളോ ,ആളുകളോ ഏതെങ്കിലും സ്ഥാപനങ്ങളോ ഒക്കെ ആയിരിക്കാം. കുടുംബമെന്ന സ്ഥാപനം നില നിര്‍ത്തി കൊണ്ടു പോകാനായുള്ള കഷ്ടപ്പാടിനിടെപറ്റുന്ന 'വീഴ്ച്ച കളാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ആരോര്‍ക്കുന്നു.കുടുംബ സ്ഥാപനത്തെ മഹത്വവല്‍ക്കരിക്കുന്നതിനിടെ കാണാതെ പോകുന്ന , കണ്ടാലും നോക്കാതെ പോകുന്ന യാഥാര്‍ത്യങ്ങള്‍.കുടുംബത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്തത് കൊണ്ടു നിലനിന്നു പോകുന്നതാണ് ഈ സ്ഥാപനം .കുടുംബത്തില്‍ ഡമോക്രസിയോ എന്നാവും കുടുംബത്തില്‍ പരമാവധി ഡ മോക്രസി വേണമെന്നു ആരെങ്കിലും പറഞ്ഞാല്‍ കിട്ടുന്ന മറു ചോദ്യം .ഇതൊക്കെയാണെങ്കിലും ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നത് ഏതെങ്കിലും പ്രണയ വിവാഹിതരുടെ ജീവിതത്തില്‍ ആണെങ്കില്‍ മാധ്യമ യാഥാസ്ഥിതികര്‍ ഇങ്ങനെ ഒരു വാചകം നിശ്ചയമായും എഴുതിച്ചേര്‍ക്കും ' ഇവരുടേത് പ്രണയ വിവാഹമായിരുന്നു ' ഈ അടി വരയുടെ അര്‍ത്ഥം പലതാണ് . ' പ്രണയിക്കുന്നവര്‍ സൂക്ഷിച്ചോ' , എന്നും 'കണ്ടോ പ്രണയ വിവാഹം വരുത്തിയ വിന ' തുടങ്ങി പലതും ആ വാചകം പറയാതെ പറയുന്നു. അതല്ലെങ്കില്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ എല്ലാം വിജയവും സഫലവും ആയിരിക്കും/ആണ് എന്നാണ് ആ അടി വരയുടെ പൊരുള്‍ . അതൊന്നും അങ്ങനെ യല്ലെന്നു നമുക്കും അതെഴുതുന്ന റിപ്പോര്‍ട്ടര്‍ ക്കും അറിയാം .എന്നിട്ടും ജതകപ്പൊരു ത്തവും, ജാതി പൊരുത്തവും നോക്കി നടന്ന ഒരു വിവാഹത്തില്‍ ഇതുപോലെ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ' അവരുടേത് arranged marriage ' ആയിരുന്നു എന്ന് റിപ്പോര്‍ട്ടര്‍ എഴുതില്ല .കാരണം ഇത്രയെ ഉള്ളു . അവ വിജയമാണെന്നും അതിനാല്‍ തന്നെ പ്രണയം നിഷിദ്ധമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ജോലി കൂടി അയാള്‍/അവള്‍ ഏറ്റെടുത്തിരിക്കയാണ്....

ഇന്നത്തെ ചിന്തകള്‍ എങ്ങനെ വന്നു പൊയ്ക്കൊണ്ടിരിക്കുന്നു .............അതിന്റെ തടവില്‍ ഒരു ഞായറാഴ്ച കൂടി ...

Friday, March 20, 2009

ലൈംഗികം

ഈയിടെ ഒരു 'കുളി സോപ്പിന്റെ' പരസ്യം കണ്ടു . ബാക്ടിരിയ, അഴുക്ക് , പട്ടി ഇവ ഒക്കെയും കുട്ടിയും ചേര്‍ന്ന് കളിച്ചു രസിച്ചു വന്നതും അമ്മ കുട്ടിക്ക് ബ്രാന്‍ഡ് സോപ്പ് കൊടുത്തു കുളിച്ചു ശുദ്ധനായി വരാന്‍ ആവശ്യപ്പെടുന്നതും ഇതുകണ്ട അമ്മയുടെ കൂട്ടുകാരി കുട്ടിയെ ഇങ്ങനെ 'ബാക്ടിരിയക്കൊപ്പം' കളിക്കാന്‍ വിടാന്‍ പാടുണ്ടോ എന്ന് സംശയിക്കുന്നതു മാണ് രംഗം . 'ബാക്ടിരിയകള്‍ക്കൊപ്പം' കളിയ്ക്കാന്‍ വിടുന്നതിനെ തള്ള ന്യായീകരിക്കുന്നത് ഇങ്ങനെ ." ആദ്യം നാമവരെ കളിയ്ക്കാന്‍ അനുവദിക്കും പിന്നെ നാമവരെ തടയും ". സോപ്പ് തേച്ചു കുളിപ്പിച്ച് ബാക്ടീരിയകളെ തടയുമെന്നാണ് ചുരുക്കം.
ഈ പരസ്യത്തില്‍ പറയുന്നതുപോലെ യാണ് ലോകത്തെ ലൈംഗികതയുടെ പ്രശ്നങ്ങളെ സദാചാരികളും, നിയമവും , മതങ്ങളും എല്ലാം സമീപിക്കുന്നത് .ലോകം മുഴുവന്‍ സ്തീ ശരീരത്തെ പ്രധാനമായും ലൈംഗിക ഉപകരണമായി മാത്രം കാണുന്നതിനെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും സിനിമകള്‍ മുതല്‍ പരസ്യ ചിത്രങ്ങളും പോര്‍ണോ വെബ് സൈറ്റുകളും വരെയുള്ളതിലൂടെ ലൈംഗികത ഉത്പാദിപ്പിക്കുകയും അത് വിറ്റ് കാശാക്കുകയും ചെയ്തുകൊണ്ട് നാം ബലാല്‍ സംഗകരെ തൂക്കി കൊല്ലണോ കല്ലെറിഞ്ഞു കൊല്ലണോ , ചാവുന്നത് വരെ ജയിലില്‍ അടക്കണോ എന്നൊക്കെ ചര്‍ച്ച ചെയ്യുന്നു . എന്തൊരു കാപട്യം , ഹിപോക്രസി !.. ................സമൂഹം ശുദ്ധ മായിരിക്കുന്നു എന്ന് സ്വയം ബോദ്ധ്യ പ്പെടുത്താന്‍ ഇടക്കിടെ ഒരു ബലാല്‍ സംഗവീരനെയോ ,വേശ്യയെയോ പിടികൂടി ജയിലില്‍ അടച്ചാല്‍ മതി !! 'ആദ്യം നാമവരെ അനുവദിക്കും ,പിന്നെ നാമവരെ തടയും !' പരസ്യ ത്തില്‍ പറയുന്നതു എത്ര ശരി ..നമുക്ക് ചളിയും വേണം, സോപ്പും വേണം, പണവും വേണം, ശുദ്ധ സമൂഹവും വേണം !! പത്ര വാര്‍ത്തകളായി ലോകം എന്നെ വരിയുന്നു .....

Thursday, March 5, 2009

നമസ്കാരം

എന്റെ കാക്ക യാത്രയിലാണ്. ഞാനും....
കാണാം ..എന്റെ ക്യാന്‍ വാസ് എന്റെ കടലാസ് എന്റെ പുസ്തകങ്ങള്‍ ..എല്ലാം വീണ്ടും വിളിക്കുന്നു..
ഈ ചരിവില്‍ വീണ്ടും കാണും വരെ നമസ്ക്കാരം ..

Tuesday, March 3, 2009

ഓസ്കാര്‍, ബുക്കര്‍

'സ്ലം ഡോഗ് മില്ല്യണയര്‍' സിനിമക്കു ഓസ്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചതിനെ ക്കുറിച്ച് അരുന്ധതി റോയിക്ക് ശക്തമായ അഭിപ്രായങ്ങളുണ്ട് .ആ സിനിമ അങ്ങനെയുള്ള അവാര്‍ഡ് കള്‍ക്ക് അര്‍ഹമല്ല ഇന്നാണ് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞതു. സിനിമയുടെ ഡി മെരിറ്റ് അവര്‍ ചൂണ്ടിക്കാണിക്കുന്നു മുണ്ട് .പ്രധാനമായും ആ സിനിമക്കു ഓസ്കാര്‍ കിട്ടാനുള്ള കാരണം അത് ഇന്ത്യന്‍ ദാരിദ്ര്യവും ചേരി ജീവിതവും ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നത് കൊണ്ടു തന്നെ എന്നാണ് അവരുടെ അഭിമുഖം പറയുന്നത്. ആയിരിക്കാം . പക്ഷെ അമേരിക്ക നല്കുന്ന ഓസ്കാറിനു പിന്നെ എന്താവും അവര്‍ അളവുകോലാക്കുക ? സിനിമയുടെ മറ്റു മെരിറ്റ് കളെക്കാള്‍ തിരഞ്ഞെടുക്കുന്ന സിനിമകളിലെ ഉള്ളടക്കത്തെ തന്നെ യാവും എന്നും അവര്‍ പരിഗണി ച്ചിട്ടുണ്ടാവുക
ഇന്ത്യയുടെയോ അല്ലെങ്കില്‍ മറ്റു മൂന്നാം ലോക രാജ്യങ്ങളുടെയോ സാംസ്കാരിക മുന്നേറ്റ ങ്ങളും ,നന്മയും തനിമയുമൊക്കെ പ്രകീര്‍ത്തിക്കുന്ന ഒരു സിനിമക്കോ , മറ്റു കലാസൃഷ്ടിക്കോ സമ്മാനം നല്‍കാന്‍ അമേരിക്കയോ ഇംഗ്ലണ്ടോ എന്തിന് മുതിരണം ?
ഇങ്ങനെ പലതും തോന്നി അഭിമുഖത്തില്‍ കൂടി കടന്നു പോയപ്പോള്‍ .
അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു . 'ബുക്കര്‍ സമ്മാനം' സാഹിത്യത്തിനു നല്കുന്നത് കൃതികളുടെ സാഹിത്യ ഭംഗി അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കുമെന്ന് അരുന്ധതി റോയിയോ അത് ലഭിച്ച മറ്റു സാഹിത്യ പ്രതിഭ കളോ വിശ്വസിക്കുന്നുണ്ടാകുമോ ?
ദൈവത്തിനു മാത്ര മറിയാം ..
അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം ലഭിച്ചപ്പോള്‍ സന്തോഷിച്ചത്‌ പോലെ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഓസ്കാര്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് തകരാറ്.?

അഭിമുഖം ഇവിടെ വായിക്കാം

സുകുമാര്‍ അഴീക്കോട്‌

പഠിക്കാനുണ്ട് ഓസ്കാര്‍ ജേതാക്കളില്‍ നിന്ന് ' എന്ന സുകുമാര്‍ അഴീക്കോടിന്റെ ലേഖനം മതൃഭൂമി പത്രത്തില്‍ വായിച്ചാണ് ഈ ദിവസത്തിന്റെ തുടക്കം .നല്ലൊരു വായനാനുഭവം മാത്രമല്ല തരുന്നത് ,വാര്‍ദ്ധക്യത്തെ പറ്റിയും യൌവനത്തെ പറ്റിയും നമുക്കുള്ള സങ്കല്‍പ്പത്തെ പോലും മാറ്റി മറിക്കും അത് .
'മുംബൈയിലെ ചേരികളില്‍ പട്ടിയെ പോലെ തെണ്ടി ജീവിച്ച മാലിക്കിനെയും രാം പൂരിലെ പാവപ്പെട്ട മുച്ചുണ്ടുകാരി യായ പിന്കിയെയും പോലുള്ളവരുടെ ഉള്ളുലക്കുന്ന കഥകള്‍ ഇവിടെ ധാരാള മുണ്ടെന്നു ഇവിടത്തെ സിനിമകള്‍ കണ്ടാല്‍ തോന്നില്ല. സിനിമകളുടെ സൃഷ്ടി കര്‍ത്ത്താക്കളോട് ഒരപേക്ഷ, ആവര്‍ത്തിച്ച് വിരസമായ പ്രേമത്തിന്റെ ആട്ടവും പാട്ടും കുടുംബച്ചിദ്രങ്ങളുടെ കണ്ണീരും നെടുവീര്‍പ്പും കൊണ്ട് മടുത്തു കഴിഞ്ഞ ജനങ്ങള്‍ക്ക് വല്ലപ്പോഴും ഒരു വിമോചനം നല്‍കണമെന്ന സല്‍ പ്രേരണ ക്ക് വഴങ്ങാന്‍ ലോസ് ആന്ജലസില്‍ നിന്നുയര്‍ന്ന പുതിയ ശബ്ദങ്ങളെ നിങ്ങള്‍ അനുവദിച്ചാല്‍ നന്നായിരുന്നു'.......
ഇങ്ങനെ പറയാന്‍ മനസ്സില്‍ യൌവനമുള്ള ഒരാള്‍ക്ക്‌ മാത്രമെ കഴിയു. ഇതു മാത്രമല്ല ആ ലേഖനത്തിന്റെപോലെ ശക്തിയും സൌന്ദര്യവും ഉള്ള ഒരു കാഴ്ച അവതരിപ്പിക്കാന്‍ ശരീരം യൌവനയുക്ത മായതുകൊണ്ട് മാത്രം സാധ്യമാവില്ല ...
"തത്വമസി , ഭാരതീയത എന്നീ പുസ്തകങ്ങള്‍ രചിച്ച ഞാന്‍ ,ഓംകാരത്തിന്റെ സന്ദേശം ലോസ് ആന്ജലസിലെ ഓസ്കാര്‍ ആഘോഷ വേളയില്‍ ഒരു ലോക മഹാസദസ്സില്‍ മുഴക്കിയ റസൂല്‍ പൂക്കുട്ടിയുടെയും മാനവികത എന്തെന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അവിടെ മാറ്റൊലി കൊള്ളിച്ച റഹ്മാന്റെയും മുന്‍പില്‍ സമാദരം സര്‍ വാത്മനാ സമര്‍പ്പിച്ചു കൊള്ളട്ടെ ." എന്ന് പറയാനുമുള്ള ഔന്നത്യം അദ്ദേഹത്തിന് ഉണ്ടായതില്‍ വളരെ ആഹ്ലാദം തോന്നുന്നു . ആ സന്തോഷത്തിനു അഴീക്കോട്‌ മാഷിനു നന്ദി !

Monday, March 2, 2009

വിലയില്ലാത്ത ജീവന്‍

ഇന്നും റോഡ് അപകടത്തിന്റെ കഥയുമായാണ് രാവിലെ പത്രം വന്നത് ; എന്നത്തേയും പോലെ . ഇന്നു ഒരു കുടുംബത്തിലെ അച്ഛന്‍ ,അമ്മ ,അമ്മൂമ്മ ,പേരക്കുട്ടി ഇങ്ങനെ നാലുപേര്‍ ഒരുമിച്ച് ഭൂമിയില്‍ നിന്നു എന്നന്നേക്കുമായി മറഞ്ഞതാണ് പ്രധാന വാര്‍ത്ത.
ഇങ്ങനെ നമ്മുടെ റോഡില്‍ ദിവസേന, ഗള്‍ഫ് യുദ്ധത്തിലോ കാര്‍ഗില്‍ യുദ്ധത്തിലോ മരണപ്പെട്ട ദേശാ ഭിമാനി കളെക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചു കൊണ്ടിരുന്നിട്ടും അവര്‍ സാധാരണ മനുഷ്യര്‍ ആണെന്നതുകൊണ്ട് തന്നെ ആവണം ഒരു സംഘടനയും പാര്‍ടികളും ഒന്നും ഉരിയാടാത്തത് . റോഡ് നന്നാക്കണ മെന്നോ വീതികൂട്ടി എല്ലാ വാഹനങ്ങള്‍ക്കും കാല്‍ നടക്കാര്‍ക്കും ഒരുപോലെ ഉപയോഗ യോഗ്യമാക്കണ മെന്നോ ഒരു ബോധോദയം പോലെ വല്ല മന്ത്രിക്കും തോന്നിയാല്‍ ഉടന്‍ പരിസ്ഥിതിക്കാരും എതിര്‍ കക്ഷിക്കാരും വരികയായി . റോഡ് കേരളത്തെ രണ്ടായും നാലായും മുറിക്കുമെന്നും പാവപ്പെട്ടവന് ഉപകരിക്കാത്ത വീതികൂടിയ റോഡുകള്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്നും വിലപിക്കുകയായി . ഇത്രയും വീതിയും ഉയരവും കൂടിയ റോഡു വന്നാല്‍ തന്റെ ആകെയുള്ള ,വരുമാന സ്രോതസായ പശു വിനെ റോഡിനപ്പുറത്തെ പുല്ലുതീറ്റാന്‍ താന്‍ വിഷമിക്കുമെന്നു കേരള കര്‍ഷകന്‍ വിലപിക്കുന്നു എന്ന് പ്രസംഗിക്കുകയായി..എന്തായാലും വീട്ടില്‍ ഒരു മാരുതി കാര്‍ ഉള്ളവനെയും രണ്ടു ചക്രം വണ്ടിയില്‍ ഓഫീസില്‍ പോകുന്നവനെയും പണക്കാരനെന്നും കോടീശ്വരനെന്നും ഇക്കാലത്ത് ആരും വിളിക്കുമെന്ന് തോന്നുന്നില്ല . അങ്ങനെയുള്ള ആളുകളാണ് ഈ റോഡില്‍ മരിച്ചു വീഴുന്നത് .
ഈയിടെ ഡല്‍ഹിയില്‍ നിന്നു വന്ന സുഹൃത്ത് കാറുമായി റോഡിലിറങ്ങി .പത്തു പതിനഞ്ച് കിലോമീറ്റര്‍ കേരളത്തിലെ റോഡില്‍ ഓടിച്ചപ്പോള്‍ തന്നെ ഭയന്ന് ശ്വാസം നിന്നു പോകുമെന്ന സ്ഥിതിയില്‍ വാഹന മുപേക്ഷിച്ചു. അതിനെപ്പറ്റി സുഹൃത്തിന് ഇതാണ് പറയാനുണ്ടായിരുന്നത് . 'ഡല്‍ഹിയില്‍ 3.4 million വാഹനങ്ങളുണ്ട് ,അതില്‍ മൂന്നില്‍ ഒരു ഭാഗം ഇരു ചക്ര വാഹങ്ങളാണ് . എന്നാല്‍ അവിടത്തെ ആളുകള്‍ കേരളത്തിലെ പോലെ ഇത്ര റാഷ് ഡ്രൈവര്‍ മാരല്ല , അവര്‍ക്ക് ഇവിടുത്തെ ആളുകളേക്കാള്‍ എന്തുകൊണ്ടും റോഡ് സെന്‍സ് ഉണ്ട് ,സിവിക് സെന്‍സും കൂടുതലുണ്ട്. ഒരു പക്ഷെ ആത്മഹത്യ ലക്ഷ്യം വച്ചായിരിക്കില്ല അവര്‍ റോഡിലേക്ക് ഇറങ്ങുന്നത് '.
എന്തായാലും നമ്മുടെ റോഡിന്റെ സ്ഥിതിയും ആളുകളുടെ നിസ്സഹായതയും , നേതാക്കന്മാരുടെ ദിശാ രാഹിത്യവും ചേര്‍ന്ന് ശബ്ദമില്ലാത്ത , അസംഘടിതരായ ഈ ഇടത്തരക്കാരുടെ ജീവന്‍ കവര്‍ന്നു കൊയ്തുകൊണ്ടിരിക്കുകയാണ് ..