Monday, March 2, 2009

വിലയില്ലാത്ത ജീവന്‍

ഇന്നും റോഡ് അപകടത്തിന്റെ കഥയുമായാണ് രാവിലെ പത്രം വന്നത് ; എന്നത്തേയും പോലെ . ഇന്നു ഒരു കുടുംബത്തിലെ അച്ഛന്‍ ,അമ്മ ,അമ്മൂമ്മ ,പേരക്കുട്ടി ഇങ്ങനെ നാലുപേര്‍ ഒരുമിച്ച് ഭൂമിയില്‍ നിന്നു എന്നന്നേക്കുമായി മറഞ്ഞതാണ് പ്രധാന വാര്‍ത്ത.
ഇങ്ങനെ നമ്മുടെ റോഡില്‍ ദിവസേന, ഗള്‍ഫ് യുദ്ധത്തിലോ കാര്‍ഗില്‍ യുദ്ധത്തിലോ മരണപ്പെട്ട ദേശാ ഭിമാനി കളെക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചു കൊണ്ടിരുന്നിട്ടും അവര്‍ സാധാരണ മനുഷ്യര്‍ ആണെന്നതുകൊണ്ട് തന്നെ ആവണം ഒരു സംഘടനയും പാര്‍ടികളും ഒന്നും ഉരിയാടാത്തത് . റോഡ് നന്നാക്കണ മെന്നോ വീതികൂട്ടി എല്ലാ വാഹനങ്ങള്‍ക്കും കാല്‍ നടക്കാര്‍ക്കും ഒരുപോലെ ഉപയോഗ യോഗ്യമാക്കണ മെന്നോ ഒരു ബോധോദയം പോലെ വല്ല മന്ത്രിക്കും തോന്നിയാല്‍ ഉടന്‍ പരിസ്ഥിതിക്കാരും എതിര്‍ കക്ഷിക്കാരും വരികയായി . റോഡ് കേരളത്തെ രണ്ടായും നാലായും മുറിക്കുമെന്നും പാവപ്പെട്ടവന് ഉപകരിക്കാത്ത വീതികൂടിയ റോഡുകള്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്നും വിലപിക്കുകയായി . ഇത്രയും വീതിയും ഉയരവും കൂടിയ റോഡു വന്നാല്‍ തന്റെ ആകെയുള്ള ,വരുമാന സ്രോതസായ പശു വിനെ റോഡിനപ്പുറത്തെ പുല്ലുതീറ്റാന്‍ താന്‍ വിഷമിക്കുമെന്നു കേരള കര്‍ഷകന്‍ വിലപിക്കുന്നു എന്ന് പ്രസംഗിക്കുകയായി..എന്തായാലും വീട്ടില്‍ ഒരു മാരുതി കാര്‍ ഉള്ളവനെയും രണ്ടു ചക്രം വണ്ടിയില്‍ ഓഫീസില്‍ പോകുന്നവനെയും പണക്കാരനെന്നും കോടീശ്വരനെന്നും ഇക്കാലത്ത് ആരും വിളിക്കുമെന്ന് തോന്നുന്നില്ല . അങ്ങനെയുള്ള ആളുകളാണ് ഈ റോഡില്‍ മരിച്ചു വീഴുന്നത് .
ഈയിടെ ഡല്‍ഹിയില്‍ നിന്നു വന്ന സുഹൃത്ത് കാറുമായി റോഡിലിറങ്ങി .പത്തു പതിനഞ്ച് കിലോമീറ്റര്‍ കേരളത്തിലെ റോഡില്‍ ഓടിച്ചപ്പോള്‍ തന്നെ ഭയന്ന് ശ്വാസം നിന്നു പോകുമെന്ന സ്ഥിതിയില്‍ വാഹന മുപേക്ഷിച്ചു. അതിനെപ്പറ്റി സുഹൃത്തിന് ഇതാണ് പറയാനുണ്ടായിരുന്നത് . 'ഡല്‍ഹിയില്‍ 3.4 million വാഹനങ്ങളുണ്ട് ,അതില്‍ മൂന്നില്‍ ഒരു ഭാഗം ഇരു ചക്ര വാഹങ്ങളാണ് . എന്നാല്‍ അവിടത്തെ ആളുകള്‍ കേരളത്തിലെ പോലെ ഇത്ര റാഷ് ഡ്രൈവര്‍ മാരല്ല , അവര്‍ക്ക് ഇവിടുത്തെ ആളുകളേക്കാള്‍ എന്തുകൊണ്ടും റോഡ് സെന്‍സ് ഉണ്ട് ,സിവിക് സെന്‍സും കൂടുതലുണ്ട്. ഒരു പക്ഷെ ആത്മഹത്യ ലക്ഷ്യം വച്ചായിരിക്കില്ല അവര്‍ റോഡിലേക്ക് ഇറങ്ങുന്നത് '.
എന്തായാലും നമ്മുടെ റോഡിന്റെ സ്ഥിതിയും ആളുകളുടെ നിസ്സഹായതയും , നേതാക്കന്മാരുടെ ദിശാ രാഹിത്യവും ചേര്‍ന്ന് ശബ്ദമില്ലാത്ത , അസംഘടിതരായ ഈ ഇടത്തരക്കാരുടെ ജീവന്‍ കവര്‍ന്നു കൊയ്തുകൊണ്ടിരിക്കുകയാണ് ..

2 comments:

Yadu Rajiv said...

narrow minded; narrow roads.

savi said...

hmm..true.