അത് ഒരു കുന്നിന്‍ ചെരിവായിരുന്നു .താഴ്വരയില്‍ ചെമ്പന്‍ നിറമുള്ള ചെറുതും വലുതുമായ കല്ലുകള്‍ ചിതറിക്കിടക്കുന്ന തരിശു നിലം. താഴ്വരയില്‍ നിന്നു നോക്കിയാല്‍ കണ്ണെത്തുന്ന ദിക്കില്‍ ഏറ്റവും അറ്റത്ത് മലയുടെ ഉന്തി നില്‍ക്കുന്ന വയറു കാണാം ..അരയില്‍ പറ്റിപ്പിടിച്ചു തൂങ്ങി നില്ക്കുന്നത് മലയുടെ കുഞ്ഞുങ്ങളല്ല . അത് ഒരു ചെടി പോലുമല്ല ..ഈജിപ്ത്യന്‍ അല്ലെങ്കില്‍ ഗ്രീക്ക് ദൈവത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്വയംഭൂവായ പാറയാണ് ആ നില്ക്കുന്നത് ..പക്ഷെ അങ്ങനെ തീര്‍ത്തു പറയാനുമാവില്ല . അതിന് വലിയൊരു തലയുണ്ട് ... വിസ്താരമുള്ള, പോളയില്ലാത്ത അതിന്റെ കണ്ണുകള്‍ തുറന്നു വച്ചു മലമുകളില്‍ നിന്നു പതിയെ ഇറങ്ങി വരുന്നുണ്ട് ..കാരണം അതിന്റെ തവിട്ടു നിറമുള്ള കുതിരകള്‍ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും സന്തോഷം കാണിക്കുന്നത് അത് കൊണ്ടാണല്ലോ . സീബ്രയില്‍ നിന്നും ആ കുതിരകള്‍ വരകള്‍ കടം മേടിച്ചു സ്വന്തം തവിട്ടു നിറത്തിലും മെറൂണ്‍ കലര്‍ന്ന ചുവപ്പിലും വരയിട്ടതെങ്ങനെ? തീര്ച്ചയായും അത് ചോദിക്കാനായിരിക്കും കുന്നിറങ്ങി ആ ഇരുണ്ട പാറ നോക്കിനില്‍കെ നിമിഷങ്ങള്‍ക്കകം ഉണ്ടായിതീര്‍ന്ന കൈകാലുകളുമായി നീണ്ട കാല്‍ വെപ്പോടെ വരുന്നത് .ചരിഞ്ഞു നില്ക്കുന്ന ആ ചുവപ്പ് വരയന്‍ എന്താണ് പറയുന്നതു? .അതിന് തലയെടുപ്പും ഊര്‍ജ്വ സ്വലതയുമുണ്ട്. അവനായിരിക്കും സീബ്രയില്‍ നിന്നു ഇങ്ങനെ വരകള്‍ കടം വാങ്ങി നിറം മാറ്റി കുതിരത്വം കളഞ്ഞു നില്‍ക്കാന്‍ മറ്റുള്ളവയെ പ്രേരിപ്പിച്ചത് .നോക്ക് അവയുടെ വാലില്‍ ചുവപ്പും കറുപ്പും വരകള്‍ .മലയുടെ പള്ളയില്‍ നിന്നും ഇറങ്ങി വരുന്ന കൈകാല്‍ വളര്‍ന്ന ആ കരിം പാറയെ നോക്കി വരയന്‍ കുതിരകള്‍ ..തലയുയര്‍ത്തി , മുന്‍കാലുകള്‍ ഉയര്‍ത്തി.....ഇനി അവ എന്താവും ചെയ്യുക?
ചുവരിലെ ചിത്രം മറ്റൊന്നും പറയുന്നില്ല . ചിത്രത്തിന്റെ ഫ്രെയിം പൊളിക്കാനായി നേതാവായ ചുവന്ന വരയന്‍ പിന്‍കാലുകള്‍ കൊണ്ടു തള്ളുന്നു എന്ന് മാത്രം എന്റെ ദൂര കാഴ്ച പറയുന്നു ...ഭിത്തിയില്‍ തൂങ്ങി നിന്നു നിന്നു ഒടുവില്‍ ഈ കുതിരകളും പാറക്കല്ലും ഗ്രീക്ക് ദേവനും ആ തവിട്ടു മലകയറി അപ്പുറത്തേക്ക് പോകുമോ ? അല്ലെങ്കില്‍ കുതിരകള്‍ വരകളും നിറങ്ങളും, മലകള്‍ ,തവിട്ടും മഞ്ഞയും കലര്‍ന്ന അവയുടെ പുറം തോലുമായി ഈ ക്യാന്‍ വാസ് വിട്ടു പോകുമോ . പോകുമെന്ന് ആ തവിട്ടു കുതിര കണ്ണ് ചിമ്മി തുറക്കുന്നു ...
No comments:
Post a Comment