Monday, June 15, 2009

'ചില നേരങ്ങളില്‍ ചില മനിതന്മാര്‍ '

സ്നേഹിതന്റെ മകളുടെ വിവാഹമായിരുന്നു . വിവാഹമല്ല , വിവാഹശേഷമുള്ള ഒത്തുചേരലും സ്വീകരണവും പാര്‍ടിയും . വൈകുന്നേരത്തെ മഴ തോര്‍ന്ന നേരം. ആളുകള്‍ വന്നു നിറയുന്നതിനു മുമ്പെ വധൂ വരന്മാരെ കാണാനും സ്നേഹിതനെ കണ്ട് അയാളുടെ ടെന്‍ഷനില്‍ പങ്കു കൊള്ളാനും ഞാന്‍ തീരുമാനിച്ചിരുന്നു, അതെ; എന്റെ സാന്നിധ്യം കൊണ്ടു !
ഞാന്‍ ചിന്തിച്ചതുപോലെ ക്ഷണിക്കപ്പെട്ട എല്ലാവരും ചിന്തിച്ചു എന്ന് ജനകൂട്ടം കണ്ടപ്പോള്‍ മനസ്സിലായി. എല്ലാവരും നേരത്തെ വന്നു ചേര്‍ന്നിരിക്കുന്നു , തിരക്കൊഴിവാക്കാന്‍ ആകണം . അങ്ങനെ നല്ല തിരക്കിലേക്കാണ് പരമ്പരാഗത വേഷത്തില്‍ എന്റെ പ്രവേശനം . വധു വിനെ വരനെ, അമ്മയെ, അച്ഛനെ, സ്നേഹിതനെ ഭാര്യയെ എല്ലാവരെയും കണ്ടു, അഭിനന്ദനവും ആശീര്‍വാദവും നടത്തി.
അടുത്ത പടി ഭക്ഷണമാണ് . സ്നേഹിതന്റെ നിര്‍ദ്ദേശപ്രകാരം ബുഫെ യുടെ ക്യൂവില്‍ നിന്നു . സ്നേഹിതന്‍ ഒഴുകിയെത്തുന്ന മറ്റു അതിഥി കളെ സ്വീകരിക്കാന്‍ ധൃതിയില്‍ മടങ്ങി . ഞാന്‍ ഒരു പ്ലയിറ്റ്‌ കൈക്കലാക്കി .ഭക്ഷണ സാധനങ്ങള്‍ ഓരോന്നായി നോക്കി . പച്ചക്കറി ഐറ്റം മതിയായിരുന്നു എനിക്ക് .അതിനാല്‍ ഒരപ്പം , കുറച്ചു വെജിറ്റബിള്‍ കറി- മഞ്ഞ നിറം കലര്‍ന്നത് - കട് ലറ്റ്‌ ബ്രൌണ്‍ നിറത്തിലുള്ള മറ്റൊരു കറി , വെളുത്ത പായസം ,ഇത്യാദി തളികയില്‍ വച്ച് നിറഞ്ഞു കവിഞ്ഞ ആളുകള്‍ക്കിടയില്‍ ഇരിപ്പിടം അന്വേഷിച്ചു നടപ്പായി .
സ്വന്തം കൂട്ടുകാരുമായി , ഗ്രൂപുകളായി വന്നവര്‍ക്കിടയില്‍ , അപരിചിതര്‍ക്കിടയില്‍ ഉള്ള ഒറ്റ കസേരകളില്‍ ഇരിക്കാന്‍ മടിച്ചിരിക്കുന്ന എന്നെ പോലുള്ള ഒറ്റയാള്‍ സംഘത്തെ ഇരുതാനായി ഒരാള്‍ അഞ്ചാറു കസേരകള്‍ നിരത്തി . സദസ്സിന്റെ ഏതാണ്ട് മധ്യത്തില്‍ . രണ്ടു സ്ത്രീകള്‍ എന്നെ നോക്കി മന്ദഹസിച്ചു കൊണ്ടും , നമ്മള്‍ കൂട്ടുകാരാണ് എന്ന ഒരു മുഖഭാവം കാണിച്ചു കൊണ്ടും , പുതുതായി കൊണ്ടിട്ട കസേരയില്‍ പതുക്കെ ഉപവിഷ്ഠരായി. ഞാനും കയ്യില്‍ അപ്പം , മഞ്ഞ ,ബ്രൌണ്‍ തുടങ്ങിയ വര്‍ണങ്ങളിലുള്ള ഭക്ഷണ സാധനങ്ങളടങ്ങിയ തളിക യുമായി അവരോടൊപ്പം ഇരുന്നതും പിന്നില്‍ നിന്ന് കസേര മാജിക്കിലെന്ന പോലെ അപ്രത്യക്ഷമായതും തളിക, ഭക്ഷണം മഞ്ഞക്കളര്‍ കറി ഇത്യാദി താഴെ എന്നോടൊപ്പം ഇരിപ്പായതും ഒപ്പം കഴിഞ്ഞു . പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പാരമ്പര്യവസ്ത്രം അനുവദിച്ചില്ല . ഇരിപ്പിടം തള്ളി മാറ്റിയ ദേഹം തന്നെ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു ! എന്തൊരു ഉദാരത !!!! സാരിയില്‍ മാത്രമല്ല താഴെയും കറി മഞ്ഞച്ചു ചിരിച്ചു കിടന്നു, കൊഴുത്തും ഉരുണ്ടും . അപ്പം പരിക്കേല്‍ക്കാതെ തളികയില്‍ മലര്‍ന്നു കിടപ്പുണ്ട്. ഉച്ചസ്ഥായിയില്‍ നാദ സ്വര കച്ചേരി എല്ലാ ശബ്ദങ്ങള്‍ക്കും മീതെ നില്‍ക്കുന്നത് കൊണ്ട് എന്റെ സ്നെഹിതനൊ ഭാര്യയോ, വധുവോ വരനോ ഒന്നും 'ഇരിപ്പിടം മാറ്റിയുടെ' മ്യുസിക്കല്‍ ചെയര്‍ സ്റ്റയില്‍ ലീല കണ്ടില്ല ,കേട്ടുമില്ല .
ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ആരും എന്റെ ദയനീയ സ്ഥിതി കണ്ട് ചിരിക്കുകയോ, കണ്ടതായി നടിച്ചു എന്നെ ഇളിഭ്യ യാക്കുകയോ ചെയ്തില്ല.അതേതായാലും നന്നായി . ഒരു വിശദീകരണവും കൊടുക്കേണ്ടി വന്നില്ലല്ലോ. അപ്പോഴും കയ്യിലിരുന്നു അപ്പം കണ്ണ് മിഴിച്ചു. ഒരപ്പ കഷ്ണം തിന്നു എന്ന് നടിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചു . എനിക്ക് ഇപ്പോള്‍ നടന്ന ഈ സംഭവത്തില്‍ നിന്ന് മാനസികമായി ഒരു മോചനം ലഭിക്കാന്‍ ഒന്നുകില്‍ ആരെങ്കിലും ആ കിടക്കുന്ന മഞ്ഞ കറിയില്‍ വഴുതി വീഴണം . അല്ലെങ്കില്‍ ആശുപത്രിയില്‍ ആസ്തമ കൊണ്ട് കഷ്ടപ്പെടുന്ന എന്റെ പങ്കാളിയോട്‌ ,ധൃതിയില്‍ ആസ്പത്രിയിലേക്ക് മടങ്ങി ഈ കഥ വിസ്തരിക്കണം. ഭാഗ്യം ! എന്റെ ചിന്ത ഫലിച്ചു . ഒരു സ്തീയും പുരുഷനും ആ മഞ്ഞ കറിയിലും തവിട്ടു കറിയിലും ചവിട്ടി മറിഞ്ഞു വീണു -വീണില്ല എന്നായി. പലരും ചേര്‍ന്ന് പിടിച്ച് രക്ഷിച്ചു ,മരത്തില്‍ തടഞ്ഞു നില്ക്കുന്ന മുക്കാല്‍ ഭാഗം മറിഞ്ഞ ബസ്സ് പോലെ യായിരുന്നു അവരുടെ നില്‍പ്പ് ! സ്തീയുടെ പട്ടു സാരിയില്‍ മഞ്ഞ കളര്‍‌ പടര്‍ന്നു. ! ശുഭം !
ഇത് കണ്ടപ്പോള്‍ എനിക്ക് ഒന്ന് ബോധ്യമായി . ഒരു മോഹന്‍ ലാല്‍ സിനിമയില്‍ മദ്യപിച്ചു ദൂര ദര്‍ശനിലേക്ക് ഫോണ്‍ ചെയ്യുന്ന കഥാപാത്രം പറഞ്ഞത് എത്ര വാസ്തവം." ഒരുത്തന്റെ തന്തക്കു വിളിച്ചപ്പോള്‍ എന്തൊരാശ്വാസം "!!!

No comments: