Tuesday, August 25, 2009

ദുരനുഭവം -2

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു മൂന്നു കുട്ടികള്‍, വിമന്‍സ്‌ കോളേജില്‍ പഠിക്കുന്നവര്‍, എന്നെ കാണാനായി വന്നു . കോളേജ് വിട്ടു അഞ്ചെട്ടു കൊല്ല മായി .കൂടെ പഠിച്ചവരെല്ലാം വിവാഹിതരായൊ ജോലി തേടിയോ രംഗം വിട്ടിരുന്നു. പിന്നെ എന്നെ കാണാന്‍ ആര് വരുന്നു വിമന്‍സകോളേജില്‍ നിന്നു ? അങ്ങനെ വിസ്മയിച്ചു നില്‍ക്കുമ്പോഴാണ് അവര്‍ സന്ദര്‍ശനോദ്ദേശം വെളിവാക്കുന്നത് . കോളേജില്‍ ഇത്തവണ കലാ സാഹിത്യ രംഗം കൈയ്യാളുന്ന കുട്ടികളാണ് ...'യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു .ആര്‍ട്സ് ക്ലബ്ബ് ഉദ് ഘാടന മാണ്‌. ചേച്ചിയും വരണം . കവി സമ്മേളനത്തില്‍ പങ്കെടുക്കണം ." അങ്ങനെ ആകാം എന്ന് പറഞ്ഞു ഞാന്‍ . പിന്നെ കോളേജിലെ വിശേഷങ്ങള്‍ സംസാരിച്ചിരുന്നു കുറെ നേരം കളഞ്ഞു അവര്‍ പോയി.
അക്കാലത്തു ഞാന്‍ പത്തു മുപ്പത്തഞ്ചു കവിതകള്‍ എഴുതിയിരുന്നു . അതോ നാല്പതോ .സുഹൃത്തുക്കള്‍ അതെല്ലാം കൂടി സമാഹരിച്ചു ഒരു പുസ്തകവും ആക്കി ക്കഴിഞ്ഞു . അങ്ങനെ ഒരു കവി സ്ഥാനത്താണ് എന്റെ ഇരുപ്പ്. അത് കൊണ്ടാണ് കുട്ടികള്‍ എന്നെ സീനിയറും ജൂനിയറും ആയ കവികള്‍ക്കൊപ്പം അതിലും ജൂനിയ റായ എന്നെയും കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിളിച്ചത്. ആര്‍ട്സ്‌ ക്ലബ്‌ സെക്രടരിക്ക് കുറച്ചു ഫെമിനിസം ചായ്‌വും ഉണ്ടായിരുന്നു.
സമ്മേളന ദിവസം എത്തി . മൂന്നു കൊല്ലം ബിരുദ പഠനം നടത്തിയ കോളേജ് ആണ് . വീണ്ടും ചെല്ലുന്നത് പത്തു കൊല്ലത്തിനു ശേഷം . അതിന്റെ ഒരു സന്തോഷത്തിലാണ് ഞാന്‍ കുട്ടികളെയും കാത്തു ഒരുങ്ങി ഇരുന്നത് . കൃത്യം പതിനൊന്നു മണിക്ക് കവി സമ്മേളനം തുടങ്ങും. വലിയ പല കവികളും ഉണ്ട് കൃത്യതയും സമയ നിഷ്ഠയും പാലിക്കുന്നവര്‍. സമയത്തിന് വലിയ വിലയുള്ളവര്‍. അത് കൊണ്ടു പത്തു മണിയായ പ്പോഴേ ഞാന്‍ ഒരുങ്ങി കുട്ടികളുടെ വണ്ടിയും കാത്തു ഇരിപ്പ് തുടങ്ങി.

സമയം പതിനൊന്നാകുന്നു. അപ്പോഴാണ് വെള്ള അംബാസിഡാര്‍ കാറില്‍ നേതാവായ കുട്ടി പാഞ്ഞു വരുന്നതു. ചേച്ചീ ഒരുങ്ങിയോ.. എന്ന് വിയര്‍ത്ത മുഖവും പരിഭ്രമവുമായി . ഞാന്‍ നിമിഷം പാഴാക്കാതെ കാറില്‍ കയറി. എന്താ ഇത്ര പരിഭ്രമം എന്ന് ഞാന്‍ കുട്ടികളോട് ചോദിച്ചു. പതിനൊന്നു മണിക്ക് അഞ്ചു മിനുട്ടുള്ളപ്പോള്‍ വീട്ടിന്റെ മുന്നില്‍ നില്‍ക്കാമെന്ന് സാറ് പറഞ്ഞതാണ്‌. അദ്ദേഹം വലിയ കൃത്യ നിഷ്ഠ ക്കാരനാണ് ചെല്ലാന്‍ വൈകിയാല്‍ ദേഷ്യ പ്പെടും. അത് പോലെ മറ്റൊരു കവിയോടും പതിനൊന്നിനു പതിനച്ചു മിനുട്ടുള്ളപ്പോള്‍ ചെല്ലാമെന്നു പറഞ്ഞതാ .അതും നടന്നില്ല. ' കുട്ടികള്‍ വിഷണ്ണരായി പറഞ്ഞു. 'എന്നാ പിന്നെ അവരെ കൊണ്ടു വിട്ടിട്ടു വന്നാല്‍ പോരായിരുന്നോ എന്നെ വിളിക്കാന്‍ ? ഞാന്‍ ചോദിച്ചു ." എനിക്ക് അത്രയ്ക്ക് സമയ നിഷ്ടയൊന്നു മില്ല ." അതല്ല ചേച്ചി ഞങ്ങള്‍ നേരത്തെ ഇറങ്ങിയതാ ..ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി ഈ കഴുത മറന്നു. രണ്ടാമത്തെ കുട്ടി നേതാവിനെ കുറ്റപ്പെടുത്തി. നിങ്ങള്‍ രണ്ടു തവണ വന്നതല്ലേ പിന്നെ എന്തെ മറക്കാന്‍ ? അത്ര പ്രയാസവും ഇല്ല ഈ വീട് കണ്ടു പിടിക്കാന്‍ '.
നേതാവ് പറഞ്ഞു..'ഞാന്‍ കുറച്ചു ടെന്‍ഷനില്‍ ആയി ചേച്ചീ .വീടിനു മുന്‍പില്‍ കൂടി മൂന്നു നാല് തവണ പോയി. എന്നിട്ടും കത്തിയില്ല.' അവള്‍ തലക്കടിച്ചു കൊണ്ടു പറഞ്ഞു. പിന്നെ കുറെ ദൂരം പോയി പലരോടും ചോദിച്ചു ..കോളനി വിട്ടു പോയതുകൊണ്ട് അവര്ക്കു ചേച്ചിയുടെ വീട് അറിയാനും പറ്റിയില്ല. ." ഇത്രയും സംഭാഷണം നടത്തുമ്പോഴേക്കും ഞങ്ങള്‍ ഒരു സീനിയര്‍ കവിയുടെ ഗേറ്റിനു മുന്‍പില്‍ എത്തി .
കുട്ടികള്‍ ക്ഷമ യാചിക്കുന്ന മുഖവുമായി ഇറങ്ങി ബെല്ലടിച്ചു .കവി ഇറങ്ങി വന്നു വീട്ടില്‍ ധരിക്കുന്ന വേഷം കുട്ടികള്‍ പത്തു മിനിട്ടു വൈകിയിരുന്നു ..അതിനാല്‍ അദ്ദേഹം വേഷം മാറി പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഏകദേശം തീരു മാനിച്ച മട്ടാണ്. കുട്ടികള്‍ കെഞ്ചി വിശദീകരിക്കുന്നത് ഞാന്‍ കാറില്‍ ഇരുന്നു നോക്കി കൊണ്ടിരുന്നു. ഒടുവില്‍ അദ്ദേഹം കുട്ടികളുടെ അഭ്യര്‍ഥന മാനിച്ചു കാറില്‍ .മുഖം അപ്രസന്നമായിരുന്നു. ഇനി അടുത്ത കൃത്യ നിഷ്ടയില്‍ കണിശ ക്കാരനായ കവിയുടെ വീടാണ് . അവിടെ ചെന്നപ്പോള്‍ അദ്ദേഹവും കോപിഷ്ടനായി ഇരിക്കുകയാണ് . ഏകദേശം അര മണിക്കൂര്‍ ആയി അദ്ദേഹം വേഷവും കെട്ടി ഇരിക്കുന്നു എന്ന് കുട്ടികളോട് കോപിച്ചു. കുട്ടികള്‍ ഒരു വിധത്തില്‍ അദ്ദേഹത്തെയും കാറില്‍ കയറ്റി . കയറിയ പാടെ സീനിയര്‍ കവികള്‍ പരസ്പരം അഭിവാദ്യം ചെയ്തു കുട്ടികളുടെ ഉത്തരവാദിത്യ മില്ലായ്മയെ വിമര്‍ശിച്ചു. പിന്നെ ചോദിച്ചു 'എന്താ നിങ്ങള്‍ വൈകാന്‍ കാരണം.' കുട്ടികള്‍ എന്റെ വീട് കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടിയ കാര്യം അവരോട് വിശദീകരിച്ചു . അത് കേട്ടയുടന്‍ ഒരു സീനിയര്‍ പരിഹസിച്ചു ..'അങ്ങനെ നാട്ടുകാര്‍ക്കൊന്നും അറിയാത്ത ,വീടും പേരും ഒക്കെ കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടുള്ളവരെ യൊക്കെ നിങ്ങള്‍ എന്തിനാ വിളിക്കാന്‍ പോയത്..?'
പരിഹാസം രസിച്ച മറ്റേ സീനിയര്‍ ഹാ ഹാ ഹാ . എന്ന് ആര്‍ത്തു ചിരിച്ചു..'പേരും നാളും ഒന്നും ഇല്ലാതവരെയാണോ കവിയരങ്ങില്‍ പങ്കെടുപ്പിക്കുന്നത്..?' എന്ന ചോദ്യം അകമ്പടിയായി ..പിന്നെ ഇരുവരും ആര്‍ത്തു രസിച്ചു ചിരിച്ചു..
കുട്ടികള്‍ വല്ലാതായി ..അവര്‍ക്ക് അതില്‍ ചിരിക്കാന്‍ കഴിഞ്ഞില്ല. എന്നോട് 'ഞങ്ങളോട് ഒന്നും തോന്നല്ലേ ചേച്ചീ' എന്ന് ഒരു കുട്ടി അപ്പോള്‍ തന്നെ എന്റെ കയ്യില്‍ പിടിച്ചു..നേതാവ് 'ചേച്ചി യുടെ കുറ്റമല്ല എന്ന് കവികളോട് വിശദീകരിക്കാന്‍ ശ്രമിച്ചു .
എന്തായാലും അവരുടെ പരിഹാസ ചിരി കേട്ടു ,ഞാന്‍ അതെ വരെ ഗുരു സ്ഥാനീയരും ബഹുമാന്യരും അറിവിന്റെ അവതാരങ്ങളും ആയി കണ്ടിരുന്ന ആ ബിംബങ്ങള്‍ ചൂളക്കിടാത്ത കളിമണ്‍ പ്രതിമ പോലെ എന്റെ ഉള്ളില്‍ തകര്ന്നു.
എങ്കിലും എനിക്ക് അറിവ് വര്‍ദ്ധിച്ചു. എന്തല്ല ജ്ഞാനം എന്ന് ഞാന്‍ പഠിച്ചു, ആരാണ് ജ്ഞാനി എന്നും.

1 comment:

savi said...

പോയ അസ്വസ്ഥ നിമിഷങ്ങളുടെ ഒരു കണക്കെടുപ്പല്ല...അലയുന്ന മനസ്സ് കണ്ടെത്തുന്ന ,പോയ ജീവിതത്തിലെ ചില നിമിഷങ്ങള്‍ ..എന്താണ് ഇപ്പോള്‍ ഇങ്ങനെ എഴുതുന്നതിന്റെ സാംഗത്യം എന്ന് ഞാന്‍ ആലോചിക്കുന്നില്ല. ഒരു പക്ഷെ അവയും എന്നെ ആഴത്തില്‍ , മനുഷ്യനെ അറിയാന്‍ സഹായിച്ചിട്ടുണ്ട് എന്ന് തന്നെ ആകാം കാരണം .പ്രായം ഒരുത്തരെയും വിവേകികള്‍ ആക്കില്ല എന്ന പാഠം ഇപ്പോഴും ഓര്‍ക്കുന്നത് എനിക്കും നല്ലതാണ് ...എന്റെ വരും ജീവിതത്തിനു ഒരു പക്ഷെ , അതുങ്ങനെ നീണ്ടു പോവുകയാണെങ്കില്‍ ...