Friday, December 6, 2013

പകൽക്കിനാവുകൾ



  ഷിജു എസ് ബഷീറിന്റെ ഫോട്ടോഗ്രാഫി എക്സിബിഷൻറെ  ഉത്ഘാടനത്തിൽ സംബന്ധിച്ചു, ഇന്ന്.

      ചിത്രകലയിൽ നിന്നും ഫോട്ടോ ഗ്രാഫുകളെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌ . അതല്ല ചര്ച്ചാ വിഷയം.  ചിത്രകലയുടെ ഒരു ഘട്ടത്തിൽ യഥാ തഥ ശൈലിയിൽ  ഛായാ ചിത്രങ്ങളും പ്രകൃതി ചിത്രങ്ങളും ധാരാളമായി യൂറോപ്യൻ ചിത്രകാരന്മാർ ആവിഷ്കരിച്ചു കൊണ്ടിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലും ഫോട്ടോ ഗ്രാഫി അവർക്ക് ഒരു വെല്ലുവിളിയായി .അതിൽ നിന്ന് പുറത്ത് വരാൻ, പുതിയ വഴികൾ വെട്ടാൻ, പുതിയ ശൈലികൾ പരീക്ഷിക്കാൻ ചിത്ര -ശില്പ്പ കലാകാരന്മാർ തയ്യാറായി. അങ്ങനെ പ്രതി നിധാന പരതയിൽ നിന്ന് ഫോമിന്റെ ആബ്സ്ട്രാക് ഷൻ നിലേക്കും വസ്തുവിന്റെ ചിത്രീകരണം എന്നതിലുപരി എന്താണ് ചിത്രകല,/ ശിൽപ്പകല  എന്നറി യാനും അന്വേഷിക്കാനും  കൂടുതൽ ആഴത്തിൽ  മറ്റു സാധ്യതകളിലേക്കും പോകാനും  ക്യാമറയുടെ കടന്നു വരവ് കാരണമായി. 

       ഇപ്പോഴും പലതരം വെല്ലു വിളികൾ നേരിട്ട് കൊണ്ട് ചിത്രകലയും ഫോട്ടോഗ്രാഫിയും അതാതു മേഖലകളിൽ മുന്നോട്ടു പോകുന്നു.

 ഇങ്ങനെ ആലോചിക്കാൻ  കാരണം. ഷിജു വിന്റെ ഫോട്ടോ പ്രദർശനമാണ്.
ഷിജു പല രാജ്യങ്ങൾ , പല ദേശങ്ങൾ , പല സമയങ്ങളിൽ സഞ്ചരിച്ച് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ. അവ പല കാലങ്ങളിലെക്കും , ജീവിതങ്ങളിലേക്കും, ഓർമ്മ കളിലേക്കും ,നമ്മേയും  കൊണ്ട് പോകും. അവ പക്ഷെ വെറും ദൃശ്യങ്ങൾ അല്ല. ഒരേ സമയം അതിനു വെറും കാഴ്ചയായി നില്ക്കാൻ സാധിക്കുമെങ്കിലും അവയെ  പകർത്തപ്പെട്ട   ഒരു നിമിഷത്തിലെ വെറും കാഴ്ചയിലേക്ക് ഒതുക്കാൻ ആവില്ല. കാരണം കാഴ്ചക്കാരനെ വെറുതെ കണ്ടു പോകാൻ അവ വിടില്ല എന്ന് തന്നെ.

  ചില ചിത്രങ്ങളിലെ മനുഷ്യർ കരിങ്കല്ലിൽ കൊത്തിയ പോലെ , സജീവമായി എന്നാൽ ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലുമായി നിൽക്കുന്നു. ചില മുഖങ്ങൾ മിനുങ്ങുന്ന മെഴുകു പ്രതിമപോലെ കാഴ്ചക്കാരന്റെ ഉള്ളിലേക്ക് നോക്കും വിധം ജീവനോടെ.വാസ്തവത്തിൽ സ്ഥല കാലങ്ങൾ ക്കപ്പുറം പോകുന്ന ആ ഭാവങ്ങൾ അവരിൽ ഷിജു വിന്റെ ക്യാമറ പകര്ത്തുകയോ കണ്ടെത്തുകയോ ചെയ്യുന്നു.
    വളരെ  ലളിതമെന്നു തോന്നുന്ന ചില ചിത്രങ്ങൾ ഒരു നല്ല പെയിന്റിംഗ് ആയി അനുഭവപ്പെടും. ഒരാൾ  മത്സ്യം  ചരടിൽ കോർത്തു  കെട്ടി തൂക്കി ക്കൊണ്ട് പോകുന്ന ചിത്രം. മീൻ   കൊണ്ട് പോകുന്നവന്റെ ഇരു കാലുകളും  അവയോടു ചേർന്ന് ചത്ത മീനിന്റെ പിളര്ന്ന വായും.  കാഴ്ച്ചക്കാര നോട് സംവദിക്കുന്ന അതിന്റെ പളുങ്കു കണ്ണുകൾ.  ആ മത്സ്യങ്ങൾ മനുഷ്യരേക്കാൾ വലിയ ' മനുഷ്യത്തം' ഉള്ളവയായി നമ്മുടെ മുൻപിൽ വെളിപ്പെടുന്നു.

   ഇങ്ങനെ ഓരോ ചിത്രങ്ങളും കാഴ്ചക്കാരൻറെ  ഭാവനകൾക്കനുസരിച്ച് വിവിധ മാനങ്ങളിലേക്ക് പടരുന്നു.

  പ്രകൃതിയും മനുഷ്യനും വിരുദ്ധ ധ്രുവങ്ങളായി നിന്നിരുന്ന ആ പഴയ കാലം ഇന്നില്ല.

  ക്യാമറ മനുഷ്യ ന്റെ ഒര വയവമായി, കാഴ്ച്ചയുടെ,  കണ്ണിൻറെ ഒരു എക്സ്റ്റൻഷൻ ആയി മാറിയിട്ടുണ്ട്. അത് കൊണ്ടു  തന്നെ  യന്ത്ര സഹായത്താൽ ആവിഷ്കരിക്കുന്ന കല എന്ന നിലയിൽ അതിനെ വില കുറച്ചു കാണുന്ന കാലവും കഴിഞ്ഞു. മനുഷ്യന്റെ ഹൃദയം പ്രവര്ത്തിക്കാൻ പേസ് മേക്കർ  ശരീരത്തിൽ ഘടിപ്പിച്ച മനുഷ്യനെ നാം യന്ത്ര മനുഷ്യൻ എന്ന് വിളിക്കാത്തതു പോലെ കാഴ്ച്ചയുടെ, ഉൽ ക്കാഴച്ചയുടെ മിഴിവിന് ക്യാമറയെ ഉപയോഗിക്കുന്ന കലാകാരനേയും അങ്ങനെ വിളിക്കേണ്ടതില്ല. പറഞ്ഞു വരുന്നത്, പക്ഷെ ഡിജിറ്റൽ യുഗത്തിൽ ദൃശ്യങ്ങളുടെ ആധിക്ക്യം കൊണ്ട് ആന്ധ്യം  ബാധിച്ച  മനുഷ്യൻറെ കണ്ണ് തുറക്കാൻ , താൻ പകര്ത്തുന്ന ചിത്രം ഒരു കലാസൃഷ്ടിയായി കാഴ്ച്ചപ്പെടുത്താൻ ഒരു ഫോട്ടോഗ്രാഫർ വളരെ ഭാവനാസമ്പന്നൻ ആകേണ്ടി വരും എന്നാണ്.

     ഷിജു എന്ന പകൽ ക്കിനാവൻ അങ്ങനെയൊരു ഫോട്ടോ ഗ്രാഫർ ആണെന്ന് ഞാൻ ഇന്ന് കണ്ട ചിത്രങ്ങൾ പറയുന്നു. അയാൾ  പകൽക്കിനാവുകൾ കാണുകമാത്രമല്ല അവ നമ്മുടെ കിനാവുകളായി കാട്ടിത്തരുകയും  ചെയ്യുന്നു. 

Thursday, December 5, 2013



'വഴി വെട്ടുന്നവരോട്'

    എൻ എൻ കക്കാടിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. 
ഇന്ന് എൻ  എൻ കക്കാടിന്റെ 'സഫലമീ യാത്ര'യുടെ പുന: പ്രസിദ്ധീ കരണത്തിൻറെ  പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ആ നേരം പലകാര്യങ്ങളും കാലങ്ങളും ഓർമ്മയിൽ വന്നു. പ്രി ഡിഗ്രീ പഠന കാലത്ത് പാഠപുസ്തകത്തിൽ ഇല്ലാത്ത  പുതിയ കവിതകളേയും   അവയുടെ രചയിതാക്കളെയും  പരിചയപ്പെടുത്തുന്ന  അധ്യാപകരുടെ  ക്ലാസിൽ നിന്ന് അയ്യപ്പ പ്പണിക്കർ, എൻ എൻ കക്കാട്, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവരുടെ കവിതകളെ പരിചയപ്പെട്ടതു മുതൽ കണ്ടതും പരിചയപ്പെട്ടതു മായ കവികളെക്കുറി ച്ചും അവരുടെ കവിതകളെക്കുറിച്ചും 

        1979 -ൽ  കലികാല കവിത എന്ന 'നല്ല ചില പുതിയ കവിതകൾ ' എന്ന രണ്ടാം തലക്കെട്ടോടെ ,പണിക്കർ  സാർ അടക്കമുള്ളവരുടെ രണ്ടും മൂന്നും കവിതകൾ ഉൾപ്പെട്ട  ചെറിയ ഒരു സമാഹാരം പ്രസിദ്ധീ കരിക്കപ്പെടുന്നതും അതിലെ കവിതകൾ വായിക്കുന്നതും . കക്കാടിന്റെ രണ്ടു കവിതകൾ അതിലുണ്ടായിരുന്നു. അന്ന് വായിച്ച 'വഴി വെട്ടുന്നവരോട്' എന്ന  കവിത ഇപ്പോഴും എന്നെ വിടാതെ പിന്തുടരുന്നു.


 പഴങ്കഥ യുടെ മൂശയിൽ ചിട്ടപ്പെടുത്തിയ അലിവും സ്നേഹവും മൃദുവായി വായനക്കാരെ ഉടനീളം തലോടി നിൽക്കുന്ന ഒന്നാണ് ആ കവിത.   പുതിയ വഴി വെട്ടാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും പുതു വഴി വെട്ടാതിരിക്കാൻ പ്രേരിപ്പിക്കുന്ന, അതിനെതിരെ ഉപദേശിക്കുന്ന  സാമാന്യ യുക്തികളെയും , അതിനായി നിരത്തുന്ന ന്യായങ്ങളെയും കവിത ഓർമ്മിപ്പിക്കുന്നു. 'വനവില്ലികൾ' എന്ന പിശാചുക്കളായാണ് അവരെ കവി കാണുന്നത്.   എന്നാൽ അതൊന്നും കൂസാതെ   വഴി വെട്ടാൻ തുനിഞ്ഞ് അതിൽ വിജയിയായ ആളെ ജനങ്ങൾ  സ്വീകരിക്കാതിരിക്കുന്നില്ല.ആനയും അമ്പാരിയും ആയി വരവേറ്റ തി നുശേഷം  ശേഷം  ദേവിക്ക് ബലിയായി നല്കുകയും  ആ മൂപ്പന് മണ്ഡപം പണിയുകയും ചെയ്യുന്നു.. പിന്നീട് കാലാകാലം വഴിപാടുകൾ, വഴിപാടിന് കഴിച്ച്  പെരു വഴിയെ തന്നെ പോക്ക് തുടരുന്നു.   മൂപ്പൻ  വഴിയെന്നു പേരിട്ട് പുതു വഴി വെട്ടാൻ തുനിയുന്നവരെ  ആ  പാതയിൽ ചവുട്ടി അശുദ്ധമാക്കാൻ സമ്മതിക്കില്ലെന്ന് കാത്തു രക്ഷിക്കുന്നു.  പെരുവഴിയുടെ 'മാർഗ്ഗം' നിരന്തരം ജയിക്കുകയും പുതു വഴി വെട്ടൽ വഴിപാടായി നില നിർത്താൻ പെരുവഴിക്കാർ എന്നും ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

, പൊതു സമൂഹത്തിൽ നിന്ന് വേറിട്ട ഏതു  ചിന്തയേയും  പ്രവർത്തിയേയും ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ  അതിനെ ആശ്ലേഷിക്കുന്നതായി  ഭാവിച്ച് ഒരു മൂലക്കിരുത്തുക എന്ന സമൂഹത്തിൻറെ സ്ഥിരം തന്ത്രങ്ങളെ  കവിത ഓര്മ്മിപ്പിക്കുന്നു.
.  അയ്യപ്പ പ്പണിക്കർ സാറിനെ പ്പോലെ  മലയാള കവിതയിൽ പുതു വഴി വെട്ടിയ കവിയാണ്‌  ശ്രീ എൻ എൻ കക്കാട് .പുതു വഴി വെട്ടിയവരേയും ആ  വെട്ടലിനെയും വഴിപാടാക്കാതിരിക്കാൻ നമുക്ക് ഉത്തരവാദിത്ത  മുണ്ട്. ആ ഉത്തരവാദിത്ത മാണ് ഒരു പക്ഷേ ഇങ്ങനെ കക്കാടിന്റെ കവിതകൾ വീണ്ടും പ്രസിദ്ധീ കരിക്കുന്നത് വഴി നിറവേറ്റപ്പെടുന്നത്‌ എന്ന് കരുതാം. മാതൃഭുമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Monday, December 2, 2013

The age of loudness





This is an age of loudness 
And of tantrum
This is an age of Glitz
Beat the drum louder
about the innocence and sweet aroma 
of the shit you flush out daily, 
the louder the beats more the visibility...

Sunday, December 1, 2013


പദ്ധതി ശാസ്ത്രം 


അവൻറെ / അവളുടെ മൂക്കു നല്ലത്
മുഖം നല്ലത് 

അവൻറെ / അവളുടെ ചിരി നല്ലത് 
വളഞ്ഞ ചില്ലി നല്ലത് 

അവന്റെ/ അവളുടെ മൊഴി നല്ലത് 
മിഴി നല്ലത് 

അവന്റെ / അവളുടെ വാക്ക് നല്ലത് 
നോക്ക് നല്ലത് 

അവന്റെ / അവളുടെ പാട്ടു  നല്ലത് 
കുരൽ നല്ലത് 

അവന്റെ / അവളുടെ പദം നല്ലത് 
പാദം നല്ലത്

 അവൻറെ / അവളുടെ കുര  നല്ലത്
കടി നല്ലത്

അവന്റെ/ അവളുടെ കഴുത്തു നല്ലത് 
എഴുത്തും നല്ലത് 

അവന്റെ / അവളുടെ ഉടലാകെ നല്ലത് 
ഉയിരാകെ നല്ലത് 

അതേയോ ?
ഉറക്കെ പ്പറയല്ലെ ,
ആളുകൾ  കേൾക്കും 
അവന്റെ/ അവളുടെ പേരു പറയല്ലേ 
പെരുമയും പറയല്ലേ 
അവനവൾ അഹങ്കാരിയാകും
അവളവൻ  നിഷേധിയാകും 

നമ്മളെന്തി ന്  നമ്മളിലൊരാളെ
നമ്മളിലുള്ളൊരാളെ 
ഇല്ലാതെയാക്കണം?
വല്ലാതെയാക്കണം  ?
വല്ലാതെയില്ലാതെയാക്കണം? 

Friday, November 22, 2013

പുരാണങ്ങൾ മുതൽ തെഹൽക്ക വരെ

 ആട്ടിൻ കുട്ടിയും ബ്രഹ്മാവും ( ഒരു ദ്രുത പ്രതികരണം)  

   വെളുത്ത പഞ്ഞിക്കെട്ടു പോലെ സുന്ദരിയായ ആട്ടിൻ  കുട്ടി ബ്രഹ്മാവിനടുത്തെത്തി   സങ്കടം പറഞ്ഞു. 'എനിക്കൊരു സങ്കടമുണ്ട് പ്രഭോ !
 പറയൂ കുഞ്ഞേ 'എന്നായി ബ്രഹ്മാവ്‌.
 'ഭൂമിയിൽ  ഞങ്ങളുടെ ജീവിതം നായ നക്കി ക്കൊണ്ടിരിക്കയാണ് ?
 
'അതിന് നായകളെ ഉന്മൂല നാശം ചെയ്താലോ' എന്ന് ഉടൻ പ്രതികരിച്ച ബ്രഹ്മാവിനോട് ആട്ടിന കുട്ടി പറഞ്ഞു 'അത് ഒരു ഭാഷാ പ്രയോഗം മാത്രമാണ്ബ്രഹ്മാവേ, യഥാർത്ഥത്തിൽ നായ്ക്കളെ കുറിച്ചല്ല എന്റെ പരാതി. അവ മാന്യർ തന്നെ. ഞങ്ങളെ കണ്ടാൽ ഉടൻ വായിൽ വെള്ളം നിറയുന്ന ഒരു കൂട്ടരുണ്ട് , മനുഷ്യർ എന്ന് പറയും.
 ബ്രഹ്മാവിന്റെ മുഖത്ത് പഴയ കഥകളിലെ  വീര നായകർക്കെന്ന പോലെ അത്ഭുതം കൂറി.  ആട്ടിൻ കുട്ടി തുടർന്നു. മനുഷ്യർ ഞങ്ങളോട് പറയും, സ്നേഹത്തോടെ ' ആട്ടിൻ  കുട്ടികളേ! ഇങ്ങനെമിനു  മിനുത്ത രോമ കുപ്പായ മിട്ട നിങ്ങളെ കാണുമ്പോൾ ഞങ്ങളുടെ വായിൽ നിറവെള്ളം കവിയുന്നു. ഉടുപ്പുരിച്ച നിങ്ങളുടെ ചുവന്നു തുടുത്ത മേനികൾ ,ഹാ! അതിന്റെ രുചിയേറുന്ന വിവിധ ഭാഗങ്ങൾ കടിച്ചു രസിക്കുന്നതിനെ കുറിച്ചുള്ള ഭാവനകൾ  ഞങ്ങളെ വിറളി പിടിപ്പിക്കുന്നു. ഈ ആവേശത്തെ ഞങ്ങൾക്ക്  തടുക്കാൻ ആവുന്നില്ല. ഞങ്ങൾ എന്ത് ചെയ്യേണ്ടു? ഞങ്ങൾ നിങ്ങളെ കൂട്ടിലിടുകയേ  ഇല്ല. അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ഞങ്ങൾ നിങ്ങളെ പതുക്കെ രുചി യറിഞ്ഞു  നിങ്ങൾക്കു കൂടി രസിക്കും വിധംആവശ്യത്തിനു,  ഉപ്പും പുളിയും എരിവും മധുരവും ചേർത്ത് നൊട്ടി  നുണഞ്ഞു കഴിക്കുകയെ ഉള്ളൂ . ഒട്ടും വേദനിപ്പിക്കാതെ , നഖം തൊട്ടു രോമ കൂപങ്ങൾ വരെ സൌന്ദര്യം വഴിയുന്ന നിങ്ങളെ ക്കണ്ട് മതി മറക്കുന്നതിനു ഞങ്ങളോട് പൊറുക്കുക!" 

ഈ ഉത്തേജക   വാക്യങ്ങൾ കേട്ട് എന്റെ അമ്മ അമ്മൂമ്മ മാർക്ക് അവരോടു ദയയും, സ്നേഹവും തോന്നി. മനുഷ്യർക്ക് ഞങ്ങളോടുള്ള  സ്നേഹധാരയെ കുറിച്ച്  അവർ പറഞ്ഞു തന്നു. സംശയം പ്രകടിപ്പിച്ച ഞങ്ങളെ 'അമ്മുവിൻറെ ആട്ടിൻ കുട്ടി എന്ന രാമു കാര്യാട്ടിന്റെ സിനിമ കാണാൻ പ്രേരിപ്പിച്ചു. മേയുന്നതിനിടെ മ്യൂസിയം മുറ്റത്തെ ഒരു മൂലയിൽ  എല്ലാവർക്കും കാണത്തക്കവിധം ആയിരുന്നു ആ ആട്ടിൻ  കുട്ടിക്കഥ  ഞങ്ങൾക്ക് വേണ്ടി അവർ കാണിച്ചിരുന്നത്'


' അപ്പോൾ , ബ്രഹ്മാവ്‌ വിസ്മയപ്പെട്ടു  '  സിനിമയിൽ നിന്ന് പോലും പാഠങ്ങൾ പഠിച്ചിട്ടും നിങ്ങൾ മനുഷ്യരെ ക്കുറിച്ച് പരാതി പറയാൻ ഇടയായതെന്ത്?

'ആട്ടിൻ കുട്ടി തുടർന്നു . പ്രഭോ , മനുഷ്യരുടെ രീതികൾ വിചിത്രമാണ്. അവർ വാക്കുകൾക്കും  പ്രവർത്തിക്കും  തമ്മിൽ ബന്ധം ഉണ്ടാകണം എന്ന് നിർബന്ധം ഉള്ളവരല്ല.
 
'എന്നുവച്ചാൽ?'  ബ്രഹ്മാവ്‌ മനസ്സിലാകായ്കയുടെ നെറ്റി ചുളിച്ചു.

അതിനെക്കുറിച്ച് പറയാൻ എന്റെ വാക്കുകൾക്ക് ശക്തി  പോരാ പ്രഭോ, അങ്ങ് ഭൂമിലേക്ക് ഇറങ്ങി വന്നോ വരാതെയോ മനുഷ്യരെ  വീക്ഷിക്കുക. 

ഒരു നിമിഷം ബ്രഹ്മാവ്‌ കണ്ണടച്ചു. ഒരു നിമിഷം , ഭൂമിയിലെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്‌,  നീണ്ട ചൂളം വിളിയോടെ പായുന്ന തീവണ്ടി, ആകാശം വരെ ഉയര്ന്നു പോകുന്ന ഒരു ലിഫ്റ്റ്‌, വിമാനം ...എല്ലാറ്റിലും ഒരേ ദൃശ്യങ്ങൾ, മനുഷ്യന്റെ കൈകളുടെ ക്ലോസപ്പുകൾ...നീട്ടിപ്പിടിച്ചവ, ആഞ്ഞു വലിക്കുന്നവ, പിടക്കുന്ന കഴുത്തുകൾ, അവയിൽ നിന്നെല്ലാം  ആട്ടിൻ കുട്ടികളുടെതെന്ന പോലെ യുള്ള ആർത്ത  നാദങ്ങൾ.... കാഴ്ചകണ്ട്‌ തീർന്ന ബ്രഹ്മാവ് വീണ്ടും കണ്ണ് തുറന്നപ്പോൾ ..അതാ നിൽക്കുന്നു പത്തു പതുത്ത വെള്ള രോമം കൊണ്ട് പൊതിഞ്ഞ വെൽ വെറ്റു പോലെ മിനുസവും തിളക്കവുമുള്ള മേനിയും  കറുത്ത കണ്ണിൽ  ദൈന്യവുമായി ആട്ടിൻ  കുട്ടി, കഴുത്തോ കാലോ ഓടിയാതെ, ചോര പൊടിയാതെ മിടുക്കിയായി.പക്ഷേ കണ്ട  

 കാഴ്ചകൾ മിന്നി തെളിയുന്നല്ലോ, തന്റെ നിയന്ത്രണ ബട്ടണ്‍ ആരമർത്തും ...കൂടുതൽ ആലോചിക്കാൻ മിനക്കെടാതെ  ബ്രഹ്മാവ്‌ ആട്ടിൻ  കുട്ടിയുടെ നേർക്ക്‌ കയ്യുയർത്തി പ്പറഞ്ഞു.  എനിക്ക് സഹിക്കാനാവുന്നില്ല...ആട്ടിൻ  കുട്ടീ , നീ എന്റെ മുന്നിൽ നിന്ന് പോകൂ..എന്റെ കണ്മുൻപിൽ നിന്നും മാറിപ്പോകൂ ........ഞാൻ മനുഷ്യരെ കുറ്റം പറയില്ല..നിന്റെ ഈ പതുപതുത്ത മേനിയും തൊലിയുരിച്ച  ഉടലും.....

കടപ്പാട് : പുരാണങ്ങൾ  മുതൽ തെഹൽക്ക വരെ 

Friday, November 15, 2013

സാഹിത്യത്തറവാട്


തറവാട് അങ്ങ് ദൂരെ കാണാം , ചെറുതായി. കാരണം നീണ്ട ഡ്രൈവ് ഇന്‍ കഴിഞ്ഞു വേണം തറ വാട്ടില്‍ എത്താന്‍ .
പടിപ്പുരക്ക് മുന്നില്‍ നിന്നു നോക്കിയാല്‍ പൂമുഖത്തിന്റെ കൊത്തുപണിയുള്ള നാല് തൂണുകള്‍ കഷ്ടിച്ച് കാണാം .വിശാലമായ ഉമ്മറത്തെ ചാരുപടിയില്‍ കാല് തൂക്കിയിട്ട് ഇരിക്കുന്നവരെയും നിരത്തിയിട്ടിരിക്കുന്ന, സിംഹാസനം പോലുള്ള ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്നവരെയും കാണാന്‍ പടിപ്പുരയില്‍ നിന്നാല്‍ പറ്റില്ല . നക്ഷത്ര നിരീക്ഷണതിനെന്ന വണ്ണം വച്ചിരിക്കുന്ന ബൈനോക്കുലെസ് ഒരു പക്ഷെ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം . അല്ലെങ്കില്‍ പതുക്കെ അകത്തു പ്രവേശിക്കണം ! അകത്തു പ്രവേശിക്കാനോ ?
നല്ല കഥ യായി !
പടിപ്പുര കാവല്‍ക്കാരെ നിങ്ങള്‍ കണ്ടില്ലെന്നോ ? അവര്‍ സാധാരണക്കാരല്ല . പരിശോധനകള്‍ കൃത്യമായി നടത്തി മാത്രം ആളുകളെ അകത്തു പ്രവേശിക്കുന്നതില്‍ ശുഷ്കാന്തി കാട്ടുന്നവര്‍ .
എന്തൊക്കെ പരിശോധനയാണ് എന്നോ?
പറയാതിരിക്കുകയാണ് നല്ലത് ... ജനന തീയതി മുതല്‍ പിറന്ന വീട്, ജാതി , കുലം ,ബന്ധുക്കള്‍ ,ശത്രുക്കള്‍ , മിത്രങ്ങള്‍ , മുതല്‍ നിങ്ങള്‍ ജനിച്ചു എന്നും ജീവിച്ചിരിക്കുന്നു എന്നും വരെ ബോധ്യപ്പെടുത്തണം . അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പടിപ്പുര മുറ്റം വരെ പ്രവേശനം ലഭിച്ചേക്കാം , കൂടിയാല്‍ തറവാട്ടു മുറ്റം വരെയും പ്രവേശിപ്പി ച്ചെക്കാം.
നിങ്ങള്‍ക്ക് എന്താണ് പ്രവേശനം കിട്ടാത്തതെന്നോ..?കാരണം ...നിങ്ങള്‍ മേല്‍പ്പറഞ്ഞ യോഗ്യതകളില്‍ ചിലത് ശരിയായി പറഞ്ഞു കാണില്ല . അല്ലെങ്കില്‍ തെറ്റായി പറഞ്ഞു കാണണം - അതുമല്ലെന്കില്‍ തറവാട്ടിലേക്കുള്ള പ്രവേശനത്തിനുള്ള നിബന്ധനകില്‍ ചിലത് ( അത് രഹസ്യമായതിനാല്‍ അതെന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പിടികിട്ടാന്‍ പോകുന്നില്ല എന്നത് മറ്റൊരു കാര്യം ) തറവാട്ടു കാരണവന്മാരുടെതുമായി ഒത്തു പോകുന്നുണ്ടാവില്ല .
നിങ്ങള്‍ക്ക് ഒന്നും പിടികിട്ടുന്നില്ല എന്നോ ? നിങ്ങള്‍ തറവാട്ടില്‍ കാലെടുത്തു കുത്തുന്നതിനു മുന്‍പേ തന്നെ നിഷ്കാസിതനും പടിയടച്ചു പിണ്ഡം വക്കപ്പെട്ടവനുമാണ് .അത്രയുമേയുള്ളൂ അതിന്റെ യാഥാര്‍ത്ഥ്യം .
നിങ്ങള്‍ തറവാട്ടിലേക്ക് കയറേണ്ട എന്ന് ഉറപ്പിച്ചുവെന്നോ ?
എങ്കില്‍ എനിക്കൊന്നെ പറയാനുള്ളൂ എന്റെ ചങ്ങാതീ .. അങ്ങനെ നിങ്ങള്‍ തീരുമാനിച്ചാല്‍ ജീവിതത്തിലൊരിക്കലും നിങ്ങളുടെ കാരണവന്മാര്‍ പട്ടും വളയുമെന്നല്ല, നിങ്ങളുടെ ഓഹരി പോലും തരില്ല .അരിയിട്ട് വാഴ്ചയുടെ കാര്യം പിന്നെ പറയാനുമില്ല .
അതും പോരാഞ്ഞു നിങ്ങളുടെ മരണം ഉത്സവമായി , മേള പ്പദങ്ങളോടെ, എണ്ണക്ക് പകരം കണ്ണീര്‍ ഒഴിച്ച് കത്തിച്ച നിലവിളക്കിനു മുന്‍പില്‍ തെളിഞ്ഞാടാന്‍ കാരണവരും കാര്യസ്ഥന്മാരും ഉണ്ടാവില്ല
.എന്ത് !! നിങ്ങള്‍ അത് കൂട്ടാക്കുന്നില്ലെന്നോ ?
പതുക്കെ പറയൂ കാര്യസ്ഥന്മാര്‍ കേള്‍ക്കും . അവര്‍ ചെവി വട്ടം പിടിക്കുന്നത്‌ കണ്ടില്ലേ . കേട്ടാല്‍ ഒരു പക്ഷെ അവര്‍ വിചാരണക്ക് ശേഷം നിങ്ങളുടെ കൈ തന്നെ വെട്ടിയേക്കാം , കണ്ണ് തന്നെ ചൂഴ്ന്നേക്കാം നാവു തന്നെ പിഴുതേക്കാം...
അതും കൂട്ടാക്കുന്നില്ലെന്നോ ?
എങ്കില്‍ മംഗളം ഭവിക്കട്ടെ..!!!

THURSDAY 15 JANUARY 2009

Tuesday, June 19, 2012

പോത്ത്


ഞങ്ങളുടെ വീടിന്റെ ചുവരില്‍
പ്രതാപിയായ പോത്തിന്‍ കൊമ്പ്
ഈ കൊമ്പ് ഏതു  തലയി ലേ താണ് ?

തലയ്ക്കു പിന്നിലെ ഉടലും ഉടലിനു പിന്നിലെ വാലും
എവിടെയാണ് മറഞ്ഞിരിക്കുന്നത്?


ചുവരില്‍ അല്ലെങ്കില്‍ ചുവരിന് പിന്നില്‍
മറഞ്ഞു നില്‍ക്കുന്ന പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങനെ ?

പിന്നെ പ്പിന്നെ അവനെ സങ്കല്പ്പിക്കാനായി എന്റെ ശ്രമം
എന്റെ സങ്കല്‍പ്പത്തില്‍
നൂറു നൂറു പോത്തുകള്‍
പക്ഷെ അവക്കെല്ലാം കൊമ്പുണ്ട്

ഞാനന്വേഷിക്കുന്നത്
ഈ കൊമ്പിന്റെ പോത്തിനെയാണ് ,
കൊമ്പില്ലാത്ത ആ പോത്തിനെ .

എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ആ പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങിനെ ?
ഞാന്‍ സങ്കല്‍പ്പ മുപേ ക്ഷിച്ചു
എങ്കിലും
ഉടലില്ലാത്ത വാലില്ലാത്ത  കാലില്ലാത്ത
അവന്റെ കുളമ്പൊച്ച
ഞാനെപ്പോഴും കേള്‍ക്കുന്നു
ഒരു ദിവസം
അവന്‍ വരും ,
ഈ ചുവര് പിളര്‍ന്നു
ഈ കൊമ്പു ചൂടി, ഈ കൊമ്പ് കുലുക്കി
ഈ മുറി നിറഞ്ഞു
ഈ വീട് നിറഞ്ഞു
അവന്‍ വരും .

സാവിത്രി രാജീവന്‍  (1977)



ചില നേരങ്ങളില്‍ പഴയ കാലം നേരെ മുന്നില്‍ നില്‍ക്കും. അപ്പോള്‍ അത് പോയ കാലമോ , നില നില്‍ക്കുന്ന കാലമോ, വരാന്‍ പോകുന്ന കാലമോ എന്ന് വേര്‍തിരിക്കാനാവില്ല . അങ്ങനെയൊരു നേരത്ത്  എന്റെ 'പോത്ത്' ജീവനോടെ മുന്നില്‍ , കുളമ്പൊച്ച യോടെ .