സ്കൂളുകളില്‍ മലയാളം പഠിക്കണോ ,പഠിപ്പിക്കണോ എന്നൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടേ ഇരിക്കുകയാണ് നമ്മുടെ ഭാഷാസ്നേഹികളും ഭരണാധികാരികളും.ചര്‍ച്ച തീരുമ്പോഴേക്കും നടപ്പ് തലമുറയും വരും തലമുറയും മലയാളം ഇനി എഴുത്ത് ഭാഷയായി വേണ്ട വചന ഭാഷയായി ഇരുന്നോട്ടെ എന്ന് പറയാതിരുന്നാല്‍ കൊള്ളാം. പുതിയ കുട്ടികള്‍ക്ക് മലയാളം അറിയില്ല വായിക്കാന്‍ താത്പര്യം തീരെയില്ല എന്ന് എന്റെ അയല്‍ക്കാരായ രണ്ടാം ക്ലാസ്,മൂന്നാം ക്ലാസ്, ഏഴു ,പന്ത്രണ്ടു ക്ലാസുകളിലെ അഞ്ചു കുട്ടികള്‍ ഈയിടെ എന്നോട് പറഞ്ഞു. എന്റെ കയ്യില്‍ ഉണ്ടായിരുന്ന മലയാളത്തില്‍ എഴുതപ്പെട്ട കുറെ കുട്ടി കഥാപുസ്തകങ്ങള്‍ അവര്‍ക്ക് കൊടുക്കാന്‍ ഒരുങ്ങി ഞാന്‍ ചമ്മിപ്പോയി. മലയാളം വായിക്കുന്ന എന്നെ അവര്‍ അയ്യേ എന്ന മട്ടില്‍ നോക്കി.
അവരുടെ അച്ഛന്‍ ഓട്ടോ റിക്ഷ ഓടിക്കുന്നു, അമ്മ ഹോം മേക്കര്‍, മറ്റു ചിലകുട്ടികളുടെ അച്ഛനും അമ്മയും ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്നു . അവര്‍ക്ക് കുട്ടികള്‍ ഇംഗ്ലീഷു സംസാരിച്ചാല്‍ മതി മലയാളം കഴിയുന്നതും വായിക്കരുത് എന്ന് വാശിയുമുണ്ട്, നമ്മളെ പോലെ തന്നെ. 'ഏയ് അവനു മലയാളം ഒട്ടും അറിയില്ല വായിക്കാനും എഴുതാനും' എന്ന സന്തോഷം അവരുടെ അമ്മ എന്നോട് പങ്കു വക്കുകയുംചെയ്തു. നമ്മള്‍ ആരാണ് അത് വേണ്ടെന്നു പറയാന്‍ .മലയാളത്തെ രക്ഷിക്കേണ്ടത് ഇവരുടെ ചുമതല അല്ലല്ലോ.
ഇങ്ങനെ വായ്മൊഴി മലയാളത്തെ കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നപ്പോള്‍ അതാ കേള്‍ക്കുന്നു ചാനല്‍ മൊഴികള്‍ . യദ്ദ്യൂരപ്പയുടെ രാജിയും ഇരുമ്പയിര്‍ ഖനനവുമാണ് ചാനല്‍ ഉദ്യോഗസ്ഥരുടെ വിഷയം.
'രാഷ്ട്രീയ 'പ്രത്യാഗാതവും , ഇരുമ്പയിര്‍ ഗനനവും ' ' മുക്യ മന്ത്രി' രാജി വക്കാനിടയായതു വഴി ബി ജെ പി നേരിടുന്ന 'പ്രതിസന്തികളും' എല്ലാം റിപ്പോര്ടര്മാര്‍ അങ്ങനെ വിവരിച്ചു നമ്മളെ 'ഉല്‍ബോദി' പ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് കേട്ടപ്പോള്‍ എന്തായാലും ഒന്നുറപ്പായി കുട്ടികള്‍ ഭാഷ എങ്ങനെയാകും ഇനി 'ഗനനം' ചെയ്യുക എന്ന് ! അവരുടെ ചാനല്‍ ചേട്ടന്മാരും ചേച്ചിമാരും പറയുന്നത് കേട്ടല്ലേ അവര്‍ പഠിക്കേണ്ടത്. 'ഗനന' മെങ്കില്‍ അങ്ങനെ! ചാനല്‍ റിപ്പോര്‍ട്ടര്‍ മാരിലും വാര്‍ത്താ വായനക്കാരിലും ഉച്ചാരണ ശുദ്ധി ഉള്ളവര്‍ ഇല്ല എന്ന് ഇവിടെ വിവക്ഷയില്ല. അപൂര്‍വമായി ഉണ്ട്.
2 comments:
മംഗ്ലീഷ് കുമാരന്മാരുടെയും കുമാരിമാരുടെയും കാലഘട്ടത്തിന് ആവശ്യം ആയ ലേഖനം. ഇനിയും വരട്ടെ ഇങ്ങനത്തെ പുതു പുതു ലേഖനങ്ങളും,ചിന്തകളും..
Thanks for the comment :)
Post a Comment