Saturday, July 30, 2011

ചിത്രം

   തവിട്ടു  നിറത്തില്‍. വെടിച്ചു കീറിയ ,ആകൃതി നിശ്ചയിക്കാനാകാത്ത മണ്‍  കട്ടകള്‍. അതു നീണ്ടു നിവര്‍ന്നു കിടക്കുന്നു അറ്റം കാണാത്ത ദൂരത്തില്‍. പച്ച നിറം ഒട്ടുമില്ലാത്ത വരണ്ടതും ഏകാന്തവും   ശൂന്യവുമായ അവിടം   വെയി ലില്‍  കത്തി ചൂട് പരത്തിനില്‍ക്കുന്നു. ഏഴ് വയസ്സുള്ള സീതയ്ക്ക് ആ വഴി ചെറിയ കാലുകള്‍ കൊണ്ടു താണ്ടണം. കടല്‍ കടക്കുന്നതിനെക്കാള്‍ ഭീകരം .വഞ്ചിയോ , കപ്പലോ വള്ളമോ അവളെ കയറ്റി ക്കൊണ്ടു പോകില്ല. ഒരെരുമയോ പോത്തോ, പശുവോ എന്തിന് ഒരു നായ പോലും അവളെ ചുമലിലേറ്റി അഞ്ചോ ആറോ  കിലോമീറ്റര്‍ നീണ്ടു പരന്നു കിടക്കുന്ന വിണ്ട പാടം  കടത്തി വിടില്ല. അവള്‍ക്ക് നടന്നെ പറ്റൂ . കുഞ്ഞി ക്കാലുകള്‍ വച്ച്. കയ്യിലെ അലുമിനിയക്കുടത്തില്‍  വെള്ളമുണ്ട്. അവളെക്കാള്‍  ഭാരം ആ വെള്ളം നിറച്ച കുടത്തിനുണ്ടാകും. മുഷിഞ്ഞ ചുവന്ന പാവാടയും പച്ചനിറത്തില്‍ ചെറിയ ബ്ലൌസും അവളുടെ  ശരീരത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്നു. പൊന്തി നില്‍ക്കുന്ന ആ കുഞ്ഞ് എല്ലുകള്‍ മറയ്ക്കാന്‍ അതിന് കട്ടി പോര.. തലയില്‍ നിന്ന് നീണ്ടു  കിടക്കുന്നു തവിട്ടു നിറത്തില്‍ കനം കുറഞ്ഞ ഒരു ശീല. അതു ചുന്നി യായിരിക്കണം വെള്ളക്കുടം വക്കാന്‍ അതിന്റെ ഒരുഭാഗം അവള്‍ തലയില്‍ ചുറ്റി വച്ചിരിക്കുന്നു.  എണ്ണ തേക്കാത്ത നീളന്‍ മുടി കാറ്റില്‍ പാറുന്നുണ്ട് . അതില്‍ വീണ്ടും വീണ്ടും പൊടി പാറി വീണു കൊണ്ടേയിരിക്കുന്നു.  അവളുടെ ഇടം കയ്യില്‍ തൂങ്ങിക്കൊണ്ട്‌ നടക്കുന്നത് ആരായിരിക്കും? ഒരാണ്‍ കുട്ടി യാണ്. നാല് വയസ്സില്‍ കൂടുതല്‍ അവനു പ്രായമില്ല. അവന്റെ കുഞ്ഞി ക്കാലുകള്‍ പ്രാഞ്ചുന്നത്‌  കണ്ടാല്‍ ആര്‍ക്കും അതു മനസ്സിലാകും. അവന്റെ ഇടം കയ്യില്‍ ഒരു ചെറിയ തൂക്കു പാത്രമുണ്ട്. അതില്‍ എത്ര വെള്ളം ഉണ്ടാകും. ഒരു ലിറ്റര്‍. അതു ആ ദിവസം അവനു പാലിന് പകരം കുടിക്കാന്‍ മതിയാകും. അനിയന്റെ തലയില്‍  ചേച്ചിയുടെ ദുപ്പട്ടയുടെ ഒരറ്റം  നിവര്ത്തിയിട്ടത്‌ കാറ്റ് ഇടയ്ക്കിടെ മാറ്റുന്നുണ്ട്. ആ ചേച്ചി അതു അനിയനെ വെയിലില്‍ നിന്ന് രക്ഷിക്കുമെന്ന് കരുതി വീണ്ടും വീണ്ടും ആ ചെറിയ തലയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍  ശ്രമിക്കുന്നു. 
 അവരുടെ രോഗ ബാധിതരായ അമ്മയോ അമ്മൂമ്മയോ അവര്‍ വെള്ളവും പേറി വരുന്നതും കാത്ത് ഏതോ കുടിലില്‍ ദാഹിച്ചു വലഞ്ഞു  കിടക്കുന്നുണ്ടാകാം. തവിട്ടു നിറമുള്ള ഈ ഭൂമിയില്‍  ആ കുട്ടികളുടെ കാലുകള്‍ ... . ഒരു മഴയില്‍ അവ   നനയുന്നതും  കുതിരുന്നതും   വെള്ളിത്തളയിട്ട  കുഞ്ഞിക്കാലുകള്‍ വെള്ളത്തില്‍ തിമിര്‍ത്തു രസിക്കുന്നതും ... അങ്ങനെയൊരു ചിത്രത്തില്‍ ഞാനവരെ കാണാന്‍ കൊതിക്കുന്നു. ഭൂമിയുടെ പച്ചയില്‍    തുള്ളുന്ന  നാല്  ചെറു  പാദങ്ങള്‍ ...

6 comments:

Arjun Bhaskaran said...

ഈയിടെ സോമാലിയയില്‍ നിന്നും പുറത്തു വന്ന ഒരു വീഡിയോ ഞാന്‍ കണ്ടിരുന്നു. പട്ടിണി കിടന്നു എനീട്ടിരിക്കാന്‍ പോലും കഴിയാത്ത രണ്ടു സഹോദരങ്ങള്‍ .വെറും എല്ല് മാത്രം ശരീരത്തില്‍ അവശേഷിച്ചിരിക്കുന്നു. ഒരു കൊച്ചു പെണ്‍കുട്ടി അതായത് അവരുടെ അനിയത്തി എത്രയോ ദൂരെ നിന്നും വെള്ളവും മറ്റും ഏറ്റി കൊണ്ട് വന്നു അവരെ കുളിപ്പിക്കുകയും മറ്റും ചെയ്യുന്നു. അങ്ങനെ അങ്ങനെ എത്ര എത്ര കുരുന്നുകള്‍ പ്രായത്തിനു ചേരാത്ത പ്രവൃത്തികള്‍ ചെയ്യുന്നു. ഇവിടെ കംപുറെരിലും കളിച്ചു ശീതീകരിച്ച മുറികളില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി പോര എന്നും പറഞ്ഞു പാത്രം തട്ടി തെറിപ്പിക്കുന്ന എത്ര ജന്മങ്ങള്‍ ഉണ്ട്.. ലേഖനങ്ങളിലൂടെയെങ്ങിലും പ്രതികരിക്കുന്നവര്‍ ഒരു കുഞ്ഞു പുണ്യ പ്രവൃത്തി തന്നെ ചെയ്യുന്നത്. ആശംസകള്‍

savi said...

hmm..മനുഷ്യര്‍ ഉണ്ടാക്കുന്നതല്ലേ ഈ ഭക്ഷ്യ ക്ഷാമവും വെള്ളക്ഷാമവും മനുഷ്യ ദുരിതങ്ങളും എല്ലാം. 1770 -ലേ ബംഗാളിന്റെ ഫാമിന്‍ അടക്കമുള്ളത് ഉണ്ടായത് മനുഷ്യരുടെ ചെയ്തികള്‍ കൊണ്ടാണെന്ന് ചരിത്രം . അന്ന് ബ്രിടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആണെങ്കില്‍ ഇന്ന് മറ്റു ഏതെങ്കിലും 'കമ്പനി'.വരള്‍ച്ചയും വെള്ളപ്പൊക്കവും അതിന്റെ കെടുതികളും നല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടു പരിഹരിക്കാവുന്നതെ ഉള്ളു എന്ന് വിദഗ്ധര്‍ പറയുന്നു. പറഞ്ഞിട്ടെന്താ ? കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും കൃഷിചെയ്യാത്തവര്‍ അമിത വില കൊടുത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങുകയും ഇടനിലക്കാര്‍ പണം തട്ടുകയും ചെയ്യുന്നു.!

വെള്ളരി പ്രാവ് said...

Excellent......
Keep up d good work.

Arjun Bhaskaran said...

അത് സര്‍ക്കാരിന്റെ മാത്രം പ്രശ്നം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരു പരിധി വരെ ശരി തന്നെ. ഇടക്കാലത്ത് മൂന്നോ നാലോ ടണ്‍ ഗോതമ്പ് അപ്പാടെ നശിച്ച് കടലില്‍ തള്ളേണ്ട ഗതികേട് ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയെ നേരിടുന്ന ഈ ഭാരതത്തില്‍ സംഭവിച്ചിട്ടുണ്ട്.പിന്നെ നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പറഞ്ഞ പോലെ.. കൃഷി ഒന്നും ഇപ്പോള്‍ ആളുകളുടെ സ്വപ്നത്തില്‍ പോലും ഇല്ല. അല്പം കീട നാശിനി കലര്‍ന്നാല്‍ എന്താ മെയ്യനങ്ങാതെ തിന്നാന്‍ കിട്ടുമല്ലോ എന്ന് ചിന്തിക്കുന്ന ഒരു ജനതയും.. പട്ടിണിക്കാര്‍ എന്നും അങ്ങനെ തന്നെ നില നില്‍ക്കും. കോടികള്‍ കോഴപ്പണം ആയി ഒഴുകുമ്പോള്‍ ഒരു വശത്ത് ഉടുതുണിക്ക് മറു തുണി ഇല്ലാതെ വിലപിക്കുന്ന പാവങ്ങളുടെ കണ്ണുനീര്‍ ഇന്ത്യക്ക് മാത്രം അല്ല.. ഈ ലോകത്തിനു മുഴുവന്‍ സ്വന്തം..child labour ഇന് എതിരെ പ്രതികരിക്കുന്നവന്റെ വീട്ടില്‍ കുട്ടി വേലക്കാര്‍ ഉണ്ടാവുന്ന പ്രതിഭാസം അതാണ്‌ ഈ നാട്.. സ്റെജില്‍ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വാ തോരാതെ പ്രസംഗിക്കുകയും, ഹോട്ടല്‍ മുറികളില്‍ കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നവന്റെ നാട്ടില്‍ എന്ത് സംഭവിക്കാന്‍.. ഈ രോക്ഷം ഒന്നിനും ഒരു പരിഹാരം അല്ല

savi said...

അതേ, ഒരു സിസ്റ്റത്തിനകത്തു നിന്ന് കൊണ്ടു പരിഹരിക്കാവുന്ന ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മുതല്‍ പേര്‍ ഒരുമ്പെടുന്നില്ല.കേരളത്തിലെ ഓരോ പഞ്ചായത്തുകള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ അതാതു സ്ഥലങ്ങളിലെ എന്തെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കാം. അതിനാണല്ലോ ജില്ലയായും പഞ്ചായത്തായും ഈ സംസ്ഥാനങ്ങള്‍ ഇങ്ങനെ വിഭജിച്ചു വച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഈ മാലിന്യ സംസ്കരണത്തിന്റെ പ്രശ്നങ്ങള്‍. അത് ഓരോ പഞ്ചായത്തും വിചാരിച്ചാല്‍ ഒരു പരിധി വരെ പരിഹരിക്കാം. ഓരോ വീട്ടിലും നാട് നീളെയുള്ള ഹോട്ടലുകളിലും ബയോ ഗ്യാസ് പ്ലാന്റ് നിര്‍ബന്ധം ആക്കിയാല്‍ മതിയാവും.അത്തരം ലളിതമായ കാര്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ രാജ്യം ഭരിക്കുന്ന, , ജനങ്ങളെ സേവിക്കാന്‍ കച്ചകെട്ടിയവര്‍ ചെയ്യുന്നില്ല..ദീപസ്തംഭം മഹാശ്ചര്യം !! ഒറ്റപ്പെട്ട രോഷം കൊള്ളുന്ന ആളുകള്‍ക്കു ഹീറോകള്‍ വില്ലന്മാരെ അടിച്ചു ജയിക്കുന്നത് സിനിമയില്‍ കണ്ടു സത്യവും നന്മയും ജയിക്കും എന്ന് ആശ്വസിക്കാം!

savi said...

Thank you Vellari praavu for liking it.