എണ്‍പതുകളുടെ ആദ്യ വര്‍ഷങ്ങളിലാണ് , ഞങ്ങള്‍ താമസിച്ചിരുന്ന ഹൌസിംഗ് കോളനിയില്‍ എല്ലാ ചൊവാഴ്ചയും വെള്ളിയാഴ്ചയും ഒരു ഭിക്ഷക്കാരന് പ്രത്യക്ഷപ്പെട്ടിരുന്നു. വീടുകളുടെ ഗേറ്റിനരികില്‍ വന്നിരുന്നു "അമ്മാ .....മ്മാ ...മ്മാ.......മാ...മാ." എന്ന് മാക്സിമം നീട്ടി ക്രമത്തില്‍ രണ്ടും മൂന്നും തവണ ഉച്ച സ്ഥായിയില്‍, കര്‍ണ്ണകഠോരമായി വിളിക്കും. ആ ശബ്ദം ഒരു കിലോമീറ്റര്‍ , അല്ല അര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിധ്വനിക്കും .വീട്ടുകാര്‍ വന്നു അമ്പതു പൈസയോ ഇരുപത്തഞ്ചു പൈസയോ കൊടുക്കും. അന്നത്തെ ആ അമ്പതു പൈസക്ക് ഇന്നത്തെ അഞ്ചുരൂപ യുടെ മൂല്യമുണ്ട് .കഴിയുമെന്കില് അയാള്‍ ശബ്ദം പുറപ്പെടുവിക്കുന്നതിന് മുന്‍പേ കാശ് കൊടുക്കാന്‍ ഓരോ വീട്ടുകാരും ശ്രമിക്കും. ഞാനും അങ്ങനെ തന്നെ ചെയ്തു .പക്ഷെ അയാള്‍ എന്നാലും വിടില്ല..ആളെ കണ്ടാലും കാത്തുനിന്നു നമ്മള് കാശ് കൊടുത്താലും രണ്ടു തവണയെങ്കിലും അമ്മാ ... എന്ന് നീട്ടി അലറിയിട്ടെ അയാള്‍ പോകൂ. അയാള്‍ക്കറിയാം അയാളുടെ മൂലധനം ഏറ്റവം അരോചകമായ മനുഷ്യ ശബ്ദമുണ്ടാക്കാനുള്ള ആ കഴിവാണെന്ന് .
ചെറിയകുട്ടികളുടെ ഉറക്കം ഞെട്ടിച്ചും പേടിപ്പിച്ചും അയാള്‍ ഞങ്ങളുടെ ചൊവ്വാഴ്ച വെള്ളിയാഴ്ചകള്‍ ,ഭീകരാനുഭവമാക്കി. രാവിലെ ഒമ്പതിനും ഒമ്പതര ക്കും ഇടക്ക് കൃത്യമായി വന്നു ഞങ്ങളുടെ കോളേജ് യാത്ര അഞ്ചോ ആറോ മിനിട്ടു തടസ്സപ്പെടുത്തി .ഇരു തല മൂര്‍ച്ചയുള്ള അയാളുടെ സ്വരം വന്നു വന്നു എനിക്ക് അസഹ്യമായി തുടങ്ങി .
ഇനി മുതല്‍ ഇങ്ങനെ വിളിക്കേണ്ട, ഗേറ്റില്‍ തട്ടിയാല്‍ മതി എന്ന് അയാളോട് സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടത് അയാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അയാള്‍ അടുത്ത തവണ ഗേറ്റില്‍ ഇടിക്കുകയും ക ഠോ ര ശബ്ദത്തില്‍ അമ്മാ........ എന്ന് വിളിക്കുകയും ചെയ്തു . കാശ് കൊടുത്തു പോരുമ്പോള്‍ ഒന്നുകൂടി അയാളെ ഓര്‍മ്മിപ്പിച്ചു ഗേറ്റില്‍ തട്ടിയാല്‍ മതി ഇങ്ങനെ ഒച്ച വെക്കേണ്ട എന്ന്. പ്രതിഷേധിചെന്ന വണ്ണം അയാള്‍ ഗേറ്റില്‍ കാലുകൊണ്ട് തട്ടുകയും ,അവിടെത്തന്നെ ചടഞ്ഞിരിക്കുകയും ചെയ്തു. പിന്നെ ഭാണ്ഡം തുറന്നു പൊതിയെടുത്ത് അഴിച്ചു എന്തോ തിന്നാന്‍ തുടങ്ങി. കോളെജിലേക്ക് ഇറങ്ങുന്ന ഞങ്ങളുടെ മുന്പില് കണി യായി അയാള്‍ ചോരയും അഴുക്കും പുരണ്ട ,തുണികൊണ്ട് കെട്ടിയ രണ്ടുകാലുകളും ഒരു നീണ്ട വടിയും വിലങ്ങത്തില്‍ വച്ചു.കണ്ടാല്‍ ഒരു തവണയെ നോക്കാന്‍ കഴിയൂ.. അത്രയ്ക്ക് നാറ്റം വരുന്നുണ്ട് അയാളുടെ ശരീരത്തുനിന്നും തുണിയില്‍ നിന്നും..ഞങ്ങളെ കണ്ടതും അയാള്‍ കറുത്ത പല്ലുകള്‍ കാട്ടി ചിരിച്ചോ ഇളിച്ചു കാട്ടിയോ എന്ന് പറയാനാവില്ല. ആ ദിവസം അങ്ങനെ പോയി അതൊരു വെള്ളിയാഴ്ചയായിരുന്നു.
അടുത്ത ചൊവാഴ്ചയും അതിനടുത്ത വെള്ളിയാഴ്ചയും ഇതു തന്നെ ആവര്‍ത്തിച്ചു . അയാള്‍ രണ്ടു മണിക്കൂര്‍ വിശ്രമം ഞങ്ങളുടെ ഗേറ്റിനു മുന്‍പിലായി . വെള്ളം കുടിക്കുന്നത് ചോദിയ്ക്കാതെ തന്നെ വീട്ടിലെ പൈപ്പില്‍ നിന്നായി .
അതോടെ ഇനി എന്ത് ചെയ്യുമെന്ന് പിടിയില്ലാതായി. അയാളോട് വളരെ സ്നേഹമായി പറഞ്ഞതിനുള്ള ശിക്ഷയായി അയാള്‍ അലറി വിളിക്കുന്നത് കൂടാതെ ഗേറ്റില്‍ മാക്സിമം ശബ്ദത്തില്‍ ഇടിക്കുന്നത് കൂടി പതിവാക്കിയിരിക്കയാണ് . അത് കൂടാതെ വിശ്രമവും ഗേറ്റിനു മുന്പില് . അയാളെ ഇനി കുറെ ചീത്ത വിളിക്കാം എന്നായി.
'ഇവിടെ ഇങ്ങനെ ഇരുന്നാല്‍ '..... എന്ന് പറഞ്ഞു തുടങ്ങേണ്ട താമസം അത് പ്രതീക്ഷിചിട്ടെന്ന വണ്ണം അയാള്‍ പുളിച്ച തെറികള്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ ഞങ്ങളുടെ മേലേക്ക് ചൊരിഞ്ഞു..
അയാളുടെ ശബ്ദവും സാന്നിധ്യവും വല്ലാതെ അസഹനീയ മായി തുടങ്ങി. ഇനി അയാള്‍ രാത്രിയിലും ഗേറ്റിനരികില്‍ കിടപ്പ് തുടങ്ങുമോ ? കോളേജില്‍ നിന്നു വരുന്ന സമയം അതായി ചിന്ത. ചുരുക്കി പറഞ്ഞാല്‍ ഭിക്ഷ ക്കാരന് താങ്ങാവുന്നതില്‍ കൂടുതല്‍ ഒരു ഭാരമായി .അയാള്‍ക്ക് കാശ് കൊടുത്തിരുന്നത് പുണ്യം പ്രതീക്ഷിച്ചു ഒന്നുമായിരുന്നില്ല. ഭിക്ഷ ക്കാരെ പ്രോത്സാതിപ്പിക്കുന്ന്തില് താത്പര്യവും ഉണ്ടായിട്ടല്ല. അയാളുടെ അളിഞ്ഞു വികൃതമായ കാലുകളും ദയനീയ ഭാവവും ക ഠോ രശബ്ദവും കാരണമാണ് അയാള്‍ക്ക് ഭിക്ഷ കൊടുത്തു തുടങ്ങിയത് .അതിപ്പോള്‍ ഇങ്ങനെ യായി...
ഇങ്ങനെ ഏകദേശം ഒരുവര്‍ഷത്തോളം ഭിക്ഷക്കാരന് പകുതി ഭീഷണിയായി ഞങ്ങളുടെ ഗേറ്റില്‍ ആഴ്ചയില്‍ രണ്ടു തവണ വന്നു പോയി.
ഇതിനിടെ വന്ന ക്ലൈമാക്സ് പക്ഷെ അയാള്‍ക്ക് അനുകൂല മായില്ല...ഒരു ദിവസം ശാസ്ത മംഗലംബസ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്ക്കുന്ന ഞങ്ങളുടെ മുന്നിലൂടെ ഒരാള്‍ നടന്നു വരുന്നു. അയാള്‍ ഞങ്ങളെ കണ്ടു. ഞങ്ങളും... നല്ല പരിചയം ..വെളുത്ത മുണ്ട് മടക്കി കുത്തി വെളുത്ത ഷര്‍ട്ടും കാലില്‍ ചെരിപ്പും . മുടി ഭംഗി യായി ചീകി വച്ചിട്ടുണ്ട് . കയ്യില്‍ നല്ല സഞ്ചി......
അത് ഞങ്ങള്‍ ഊഹിച്ച പോലെ തന്നെ ആ ഭിക്ഷക്കാരന്. തെണ്ടിയായി അറുപതുകഴിഞ്ഞ കിളവനെപ്പോലെ കുഷ്ടം പിടിച്ചകാലുകാട്ടി വന്ന അയാള്‍...ഞങ്ങളെ ക്കണ്ടതും അയാള്‍ സൈഡ് മാറാന്‍ ഒരു ശ്രമം നടത്തി .......
പക്ഷെ അടുത്ത ആഴ്ചമുതല്‍ അയാള്‍ ഞങ്ങളുടെ ഗേറ്റില്‍ വന്നില്ല ....
ഭിക്ഷാടന മാഫിയ യെപ്പറ്റി അന്ന് അത്ര കാര്യമായ അറിവില്ല. എങ്കിലും അവര്‍ നാഗര്‍ കോവിലില്‍ നിന്നു തിരുവനതപുരം നഗരത്തിലേക്ക് സംഘങ്ങളായിട്രെയിനില് കൊണ്ടുതള്ളുന്നആളുകള് കൂട്ടമായി കോളനികള്‍ തോറും തെണ്ടി വൈകുന്നേരങ്ങളില്‍ കിട്ടുന്ന കാശ് മുഴുവന്‍ തെണ്ടി മുതലാളിമാരുടെ കൈകളിലേക്ക് പകരുന്ന കാര്യം കേട്ടിരുന്നു. അതൊക്കെ കേട്ടിരുന്നെന്കിലും ഭിക്ഷക്കാര്‍ക്ക് കാശ് കൊടുക്കില്ലെന്ന് തീരു മാനിചിരുന്നെന്കിലും നമ്മുടെ തെണ്ടി ഒറിജിനല്‍ രോഗി ആണെന്കിലോ എന്ന് കരുതി കൊടുത്തു കൊണ്ടിരുന്നതാണ്...
അല്ലെങ്കിലും കാരുണ്യത്തിന്റെ അര്‍ത്ഥം ഏറ്റവും വികലമായി മനസ്സിലാക്കപ്പെട്ട ഒരു കാലത്താണ് നമ്മുടെ ജീവിതം. ഭി ക്ഷക്കാര്‍ ഇല്ലെങ്കില്‍ അന്യനു ക്ലേശം ഇല്ലെങ്കില്‍ , രോഗികള്‍ ഇല്ലെങ്കില്‍ , നമ്മുടെ സമ്പത്തിനു ., നമ്മുടെ ആരോഗ്യത്തിനു , സന്തോഷത്തിനും എവിടെയാണ് മൂല്യം? നമ്മുടെ എണ്ണമില്ലാത്ത ചാരിറ്റി ട്രസ്റ്റുകളും , ആതുര ശുശ്രൂഷാ സ്ഥാപനങ്ങളും ആരെ സേവിക്കും? എല്ലാവര്ക്കും സന്തോഷവും സമാധാനവുമെങ്കില്‍ നമ്മുടെ കാരുണ്യം എങ്ങനെ പ്രകടിപ്പിക്കും .കാരുണ്യ സ്ഥാപനങ്ങള്‍ എങ്ങനെ വളര്‍ന്നു പന്തലിക്കും ?കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സ്വര്‍ഗ്ഗ രാജ്യത്ത് ഒരു സീറ്റ് ഉറപ്പാക്കും. അപ്പോള്‍ ലോകം ഇങ്ങനെയാതിനു ആര് , ആരോട് നന്ദി പറയണം.....!!!
2 comments:
വ്യത്യസ്ഥമായ ഒരു അനുഭവം തന്നെ. നല്ല എഴുത്ത്.
thank u for the nice words...
Post a Comment