Saturday, January 31, 2009

ഡിസംബര്‍ പറഞ്ഞത് ..

കവി സമ്മേളനത്തിനിടെ കവിത കേട്ട്, അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട് അയാള്‍ നേരെ വന്നു അഭിനന്ദിച്ചു . എല്ലാ കവിതയും നന്നായിരുന്നു എന്നും അയാള്‍ക്ക് ഞാന്‍ ചൊല്ലിയ എട്ടു കവിതകളില്‍ രണ്ടെണ്ണം മന:പാഠമായി എന്നും മന്ദഹസിച്ചു കൊണ്ടു പറഞ്ഞു .
'നന്ദി നന്ദി എന്ന് രണ്ടു തവണ ചൊല്ലി ഞാന്‍ ആ അഭിനന്ദനം സ്വീകരിച്ചു .എന്റെ ശബ്ദത്തില്‍ വേണ്ടത്ര ആഹ്ലാദം അയ്യാള്‍ കണ്ടില്ലെന്നുണ്ടോ ?
അയാള്‍ വീണ്ടും തന്റെ കാവ്യാസ്വാദനം മോശമല്ലെന്ന് തെളിയിച്ചുകൊണ്ട്‌ അര മണി ക്കൂര്‍ മുന്പ് കേട്ട എന്റെ കവിതകളില്‍ ഒന്നിന്റെ പരിഭാഷ മുഴുവന്‍ ഒറ്റശ്വാസത്തില്‍ എന്നെ ചൊല്ലിക്കേള്‍പ്പിച്ചു . ഇനിയും വിശ്വാസമായില്ലേ എന്ന മട്ടില്‍ പുഞ്ചിരിച്ചു.....
നന്നായി എന്ന് ഞാനും ചിരിക്കാതിരുന്നില്ല..
എനിക്ക് തന്നെ ആ കവിതകള്‍ മന:പാറമല്ല .എന്നിട്ടാണ് !
സന്തോഷം മുഖത്ത് കാണിച്ചു പിന്തിരിഞ്ഞ എന്നോട് പകുതി ആത്മഗതം എന്ന മട്ടില്‍ അയാള്‍ കുറച്ചുറക്കെ പറഞ്ഞു ' നമ്മള്‍ ഇതിന് മുന്പ് എന്തുകൊണ്ട് കണ്ടില്ല ......'
അതൊരു ചോദ്യമാണോ? അതോ ആ ശബ്ദത്തില്‍ ഒരു ആശ്ചര്യ ചിന്ഹം ഒളിഞ്ഞിരിപ്പുണ്ടോ ? മനസ്സിലാകാത്ത തിനാല്‍ ഞാന്‍ സൂക്ഷിച്ചു നോക്കി . പിന്നെ പറഞ്ഞു ' ഞാന്‍ ഇവിടെ ഉണ്ടായിരുന്നു ' ആ വാക്കുകള്‍ കവിതയായി അയാള്‍ക്ക്‌ തോന്നി .
അയാള്‍ വീണ്ടും പറഞ്ഞു ."ഞാനും , എന്നിട്ടും നമ്മള്‍ കണ്ടില്ല ' അപ്പോഴാണ്‌ അയാളെ ഒന്നു കൂടി സൂക്ഷിച്ചു നോക്കാന്‍ തോന്നിയത്. അയാള്‍ വെള്ളക്കാരനാണ്, യുറോപ്യന്‍ .ഒരു അമേരിക്കക്കാരനെയും ഇംഗ്ലീഷ് കാരനേയും ഇതിന് മുന്‍പും പിന്‍പും ഞാന്‍ പരിചയപ്പെട്ടിട്ടില്ല . അതുകൊണ്ട് അയാളെ കാണാഞ്ഞത് എന്നെ വിസ്മയിപ്പിച്ചില്ല .
എന്നാല്‍ ' ഞാന്‍ പിറ്റര്‍ ജോണ്‍, ലണ്ടനില്‍ താമസം ,എന്നും കവിയോ ചിത്രകാരനോ അല്ല,' എന്നും ഡോക്റ്റര്‍ ആണ്' എന്നും പരിചയപ്പെടുത്തി .
'അതെയോ'.... എന്ന് ഞാന്‍ വെറുതെ അത്ഭുതം ഭാവിച്ചു . എന്തെങ്കിലും ഭാവിക്കണ മല്ലോ .
ഡോക്റ്റര്‍ നീല കണ്ണുള്ള ഒരു സുന്ദരന്‍ ആണ് .ഇനി എന്ത് പറയണമെന്നോ ചോദിക്കണ മെന്നോ രൂപമില്ലാത്തത് കൊണ്ട് കവിക്കൂട്ടങ്ങളെ തിരഞ്ഞു നാലു പാടും കണ്ണോടിച്ചു പതുക്കെ നീങ്ങാനായി ഭാവിച്ച എന്നോട് പിറ്റര്‍ ജോണ്‍ പതുക്കെ ചെറിയ വിറയല്‍ ശബ്ദത്തില്‍ വരുത്തി പറഞ്ഞു ..'ഐ ലൈക്‌ യു , ഐ ലവ് യു , ...ഇറ്റ് സീംസ് ..വി ..വി ...
ഐ ..റിയലി ലവ് യു ...ഐ വാണ്ട് ടോക് ടു യു....'
ഞാനൊന്നും പറഞ്ഞില്ല ..ഇപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടിരിക്കയാണല്ലോ.
എന്നാല്‍ പെട്ടെന്ന്‍ മാധവിക്കുട്ടി എന്റെ രക്ഷക്കായി വന്നു .. അവരെ മുന്‍പില്‍ കണ്ട് എനിക്ക് ചിരി പൊട്ടി .
." ഞാന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു ....എന്റെ നിലക്കാത്ത ചിരി കേട്ടു എനിക്ക് തുണയായി വന്ന മകന്‍ ദൂരെ നിന്നു ഓടിവന്നു , അവന്‍ പരിഭ്രമിച്ചു
.എന്റെ കഥയില്‍ മാധവിക്കുട്ടിയോടു അവരുടെ മകന്‍ പറയുന്നതു ഞാന്‍ കേട്ടു .......'എന്റെ പതിനാലുകാരന്‍ മകന്റെ മുഖത്ത് നിന്നും ...... ' ഇങ്ങനെ ചിരിക്കേണ്ട അമ്മേ ...ഇങ്ങനെ ചിരിക്കേണ്ട ...." എന്റെ കവിത കേട്ടു എന്നെ 'സ്നേഹിച്ച പിറ്റര്‍ ശബ്ദം താഴ്ത്തി പറഞ്ഞു .."ഞാന്‍...... അറിഞ്ഞിരുന്നില്ല...ഐ ഡി ഡി ന്റ് നോ ............."





Friday, January 30, 2009

ഭാഷ

"അന്‍പത് വര്‍ഷത്തിനപ്പുറം മലയാളഭാഷക്ക് ഇനി ആയുസ്സില്ല . പിന്നെ ദൈവം പോലും മലയാളികളോട് അന്യ ഭാഷയിലായിരിക്കും സംസാരിക്കുക " എന്ന് വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് തന്നോട് പറഞ്ഞതായി കഥാകൃത്ത് ചന്ദ്രമതി എഴുതി .
നമ്മുടെ മലയാളം ചാനലുകളിലെ അവതരണക്കാരുടെയും ചില റിപ്പോര്‍ട്ടര്‍ മാരുടെയും മലയാളം കേട്ടാല്‍ അത്രപോലും ആയുസ്സ് മലയാളത്തിനു നീട്ടിക്കിട്ടുമെന്നു തോന്നുന്നില്ല . അന്യഭാഷകളെ അകറ്റിനിര്‍ത്തുന്ന സ്വഭാവം മലയാളത്തിനില്ല. അത് ഭാഷയുടെ വളര്‍ച്ചക്ക്‌ നല്ലത് ആണ് താനും ; അത് ആ ഭാഷയുമായി തന്മയത്വത്തോടെ കൂടിച്ചേരുന്നു എങ്കില്‍ .
ഒരു യാത്രയില്‍, പലതും സംസാരിക്കുന്നതിനിടെ ഈ വിധം തന്നെയാണ് ഗുജറാത്തി കവി ഉഷ ഉപാധ്യായയും ഗുജറാത്തി ഭാഷയെ പ്പറ്റി ഏറെക്കുറെ വ്യസനിച്ചത് എന്നോര്‍ക്കുന്നു .എല്ലാ ഇന്ത്യന്‍ ഭാഷകളെയും ഇംഗ്ലിഷ് വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് ഒരു സര്‍വകലാശാലയില്‍ ഗുജറാത്തി ഭാഷ പഠിപ്പിക്കുന്ന അവര്‍ പരാതിപ്പെട്ടത് .
തന്റെ മുത്തച്ഛന്‍/മുത്തശ്ശി സംസാരിച്ചിരുന്നത് മലയാളം എന്നൊരു ഭാഷയിലായിരുന്നു എന്ന് പേരക്കുട്ടികള്‍ കണ്ടെത്തുമായിരിക്കാം...മലയാളത്തിനു മംഗളം ഭവിക്കട്ടെ !അതുപോലെ എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും !

For Gandhiji

Thursday, January 29, 2009

ഒരു 'സോദ്ദേശ ' കഥ

 ഒരു ഗുണ പാഠ കഥ : മൂന്നു മാതൃകാ ചോദ്യങ്ങള്‍ സഹിതം .

സാവിത്രി രാജീവന്‍




മാലതി ടീച്ചര്‍ മരിച്ചു .

ആത്മഹത്യയായിരുന്നു .
അറുപത്തഞ്ചു വയസ്സായിരുന്നു പ്രായം .
ഇതിപ്പോള്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാവും നിങ്ങള്‍ ആലോചിക്കുന്നത് . ആത്മഹത്യകളും കൊലപാതകങ്ങളും നിത്യേന പത്ര താളുകളില്‍ വിളമ്പി കിട്ടാറുണ്ടല്ലോ ..ഒരു പുതുമയും ഇല്ലാതെ .
ശരി തന്നെ. മാലതി ടീച്ചര്‍ ചെയ്തത് സ്വയം ഹത്യയാണ് .
പലരും ഭൂമിയിലെ വാസം അവസാനിപ്പിക്കാന്‍ ആ മാര്‍ഗം കൈക്കൊള്ളുന്നു മുണ്ട് . ഇപ്പോഴും ആ ഒരു വഴി മുന്പിലുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഭൂമിയിലെ വാസം കുറച്ചു ദിവസം , മാസം എന്നൊക്കെ നീട്ടിക്കൊണ്ട് പോകുന്നവരും ഉണ്ട് . എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ഗവേഷണം നടത്തി നടത്തി ഒരുവഴിയും കാണാതെ ഉഴരുന്നവരും, ഒരാലോച്ചനയും കൂട്ടാതെ ആത്മഹത്യ ചെയ്യുന്നവരും ഉണ്ട് . ഈ നിമിഷത്തിലും അത് ചെയ്യുന്നവരുണ്ടാകും.അതല്ല പറഞ്ഞു വരുന്നത് .

മാലതി ടീച്ചര്‍ മാത്രമല്ല വിശ്വനാഥന്‍ സാറും ആത്മഹത്യ ചെയ്തു. ഒരുമിച്ചല്ല , വേറെ വേറെ സ്ഥലങ്ങളില്‍ ,
വേറെ വേറെ പ്രകാരത്തില്‍ .എന്നാല്‍ അത്ര വേറെ വേറെ വിദൂര ദേശത്താണോ ?
അല്ല. ഒരേ ജില്ലയില്‍ പെട്ട രണ്ടു പ്രദേശങ്ങളില്‍ .പരസ്പരം അറിയുന്നവരും പരിചയക്കാരും ,വര്‍ഷങ്ങളോളം ആയി മാസത്തില്‍ ഒരിക്കലെങ്കിലും കാണുന്ന വരുമാണ് ഈ മാലതി ടീച്ചറും വിശ്വനാഥന്‍ സാറും .

ഈ കാഴ്ചകളും അവരുടെ ആത്മഹത്യയും തമ്മില്‍ ബന്ധ മുണ്ടോ എന്നാവും നിങ്ങളുടെ ആലോചന . ഉണ്ട് , ബന്ധമുണ്ട് . രണ്ടു പേര്‍ക്കും ഏകദേശം ഒരേ പ്രായം. ഒരുപക്ഷെ ,വിശ്വനാഥന്‍ സാര്‍ ഒന്നോ രണ്ടോ വര്‍ഷം നേരത്തെ ആയിരിക്കാം ജനിച്ചത്‌ .
എന്തിനാണ് പരിചയക്കാര്‍ ആയിട്ടും ഒരേദിവസം വെവ്വേറെ സ്ഥലത്തുവെച്ച് വെവ്വേറെ മാര്‍ഗത്തില്‍ അവര്‍ മരണം പൂകിയത്‌ ? അവര്‍ പരിചിതരെ അല്ലെന്ന്‍ ആരെയെങ്കിലും ബോധ്യപ്പെടുത്താന്‍ ആയിരുന്നോ? ആയിരിക്കാം, അല്ലായിരിക്കാം .അല്ലെങ്കില്‍ പരിചയക്കാര്‍ ആത്മഹത്യ ചെയ്യുന്നത് ഒരുമിച്ചു ആയിരിക്കണം എന്നു വ്യവസ്ഥ ഒന്നും ഇല്ലല്ലോ .. എങ്കിലും ....അവരെ നേരിട്ടു പരിചയമുള്ളവര്‍ ഒരു  'എങ്കില്‍' മനസ്സില്‍ പറഞ്ഞു നിര്‍ത്തി.
അല്ലെങ്കില്‍ അവര്‍ തങ്ങളുടെ വ്യത്യസ്തതകളെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയതുമാവാം. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ പരസ്പരം മാനിച്ചതായിരിക്കാം , ചിലപ്പോള്‍.രണ്ടു പരിചയക്കാര്‍ ഒരേ ദിവസം വ്യത്യസ്ത മാര്‍ഗത്തില്‍ ആത്മഹത്യ ചെയ്തതിനെ ഇങ്ങനെ വ്യാഖ്യാനിക്കെണ്ടതുണ്ടോ എന്നോ? മാലതി ടീച്ചര്‍ എന്റെ അമ്മയുടെ സുഹ്രത്ത് ആയിരുന്നു .ഇരുപത്തെട്ടു വയസ്സില്‍ വിധവയായി ,രണ്ടു കുട്ടികളെ
പഠിപ്പിച്ചു.  പഠിപ്പിക്കല്‍ എന്നു പറഞ്ഞാല്‍ വെറും ട്യൂഷന്‍ കൊടുക്കല്‍ മാത്രമല്ല  അതായതു നല്ല ചൊല്ലു വിളിയുള്ള കുട്ടികളായിട്ടു തന്നെ  വളര്‍ത്തി എന്നാണ് . അച്ചടക്കമുള്ള സ്കൂളില്‍  ഈശ്വര  പ്രാര്‍ഥനയോടെ ആരംഭിച്ചു ജനിപ്പിച്ചതിനും നിലനിര്‍ത്തുന്നതിനും ക്ലാസ്സാവസാനം നന്ദിയും പറയിപ്പിച്ചു വിടുന്ന സ്കൂളില്‍ . എന്നിട്ടോ വലുതായപ്പോള്‍  ടെസ്റ്റുകളും അഭിമുഖങ്ങള്‍ക്കും പൊരുതി തയ്യാറാവുന്ന അവര്‍ക്കൊപ്പം ഉറക്കമിളച്ചു കൂട്ടിരുന്നു  ഉദ്യോഗസ്ഥരും ആക്കി . വിവാഹം ചെയ്യിച്ചു .

മകള്‍ മുംബൈ നഗരത്തില്‍ , മകനും ഭാര്യയും കുട്ടികളും ദല്‍ഹിയിലും .പ്രാരബ്ധങ്ങള്‍ അശേഷമില്ല . പറയത്തക്ക രോഗ പീഡയില്ല , വല്ലപ്പോഴും ഒരു ജലദോഷം വന്നാലായി . പണത്തിനു അലയേണ്ട , പെന്‍ഷന്‍ മതിയാവും . വലിയ നാലുകെട്ടാണ്‌ വീട് , പശുവും തൊഴുത്തും മാങ്ങയും ചക്കയും ഉണ്ട് . സ്നേഹമുള്ള അയല്‍ക്കാരുണ്ട് . ഉപകാരത്തിനും ഉപദ്രവത്തിനും വരാത്ത ബന്ധുക്കളുമുണ്ട്.
സുകൃതം !!

ഇങ്ങനെ കഴിയുന്ന മാലതി ടീച്ചര്‍ക്ക് ഇപ്പോള്‍ മലമ്പുഴ ഡാമില്‍ ചാടി വെള്ളം കുടിച്ചു മരിക്കേണ്ട വല്ല കാര്യവും ഉണ്ടോ? ഇതല്ലേ നിങ്ങളുടെ സംശയം?എനിക്കറിയാം, അത് തന്നെ .കാര്യമുണ്ടാകം കാരണവും .

വിശ്വനാഥന്‍ സാറിന്റെ കാര്യം തന്നെ നോക്കൂ . അദ്ദേഹത്തിന് മൂന്നു മക്കളുണ്ട്. മൂത്തവന്‍ വിനീത് ഇംഗ്ലണ്ടില്‍ ,രണ്ടാമന്‍ കാനഡയില്‍ ,ഇളയമകള്‍ സിംഗപ്പൂരില്‍ ഭര്‍ത്താവുമൊത്ത് ...ഇലക്ട്രിസിടി ബോഡില്‍ എഞ്ചിനീയര്‍ ആയി റിട്ടയര്‍ ചെയ്ത വിശ്വനാഥന്‍ സാറിന് കാശിനും മുട്ടില്ല .ഭാര്യ മരിച്ചിട്ട് പതിനഞ്ച് കൊല്ലമായി . വിശ്വനാഥന്‍ സാറും  വലിയവീട്ടിലാണ് താമസം; .മൂന്നു കുട്ടികളെയും അച്ചടക്കം കടുകിട  തെറ്റാതെ വളര്‍ത്തി വലുതാക്കി . അവര്‍ വലുതാവുകയും പറക്കമുറ്റി കൂടുവിട്ടു താന്‍ കാര്യങ്ങളുമായി  പറന്നു പോവുകയും ചെയ്തു .ഒന്നോര്‍ത്താല്‍ എല്ലാം  മാലതി ടീച്ചറിന്റെ വീട്ടിലെതുപോലെ തന്നെ.പശുവും തൊഴുത്തും ഇല്ലാന്ന് മാത്രം .പകരം കൃഷി ഭൂമിയുണ്ട് അതില്‍  ചെറുതായി കൃഷിയുണ്ട് .പ്ലാവും , മാവും  വാഴയുമുണ്ട് .കുറച്ചു ജൈവ പച്ചക്കറിയും . നോക്കാന്‍ സഹായിയായി കണാരന്‍ എപ്പോഴും  കൂടെയുണ്ട്.

ചുരുക്കത്തില്‍ ബാഹ്യ ദൃഷ്ടിയില്‍ വിശ്വനാഥന്‍ സാറിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല എന്ന് നമുക്കു തീര്‍ച്ചയായും തോന്നും .എന്നിട്ടും വിശ്വനാഥന്‍ സാര്‍ ഉറക്ക ഗുളിക വിഴുങ്ങി നേരെ ഉണരാത്ത ഉറക്കത്തിലേക്കു പോയി -വെറുതെ........ വെറുതെ? ആയിരിക്കില്ല .

മാലതി ടീച്ചര്‍  പെന്‍ഷന്‍ ആയതിനുശേഷം, കുറച്ചു നേരത്തെ റിട്ടയര്‍ ചെയ്ത എന്റെ അമ്മയോടൊപ്പമാണ് പാലക്കാട് ട്രെഷറി യിലേക്ക് പൊയ്ക്കൊണ്ടിരുന്നത് . ഒന്നാം തിയ്യതിക്കും അഞ്ചാം തിയ്യതിക്കുമിടയില്‍ ട്രെഷറിയില്‍ ക്യൂ നിന്നു പണം വാങ്ങുന്നതിനിടയില്‍ വിശ്വനാഥന്‍ സാര്‍ ക്യൂവില്‍ ഒരാളായി നിന്നുകാണണം, മാലതി ടീച്ചര്‍ അത് കണ്ടിട്ടുണ്ടാവണം; വിശ്വനാഥന്‍ സാറും. അവര്‍ പരസ്പരം കാണുന്നതുവരെ മക്കളുടെ വിശേഷ ദിവസങ്ങളിലെ ടെലിഫോണ്‍ വിളികളികളിലായിരുന്നു തങ്ങളുടെ സ്നേഹ വൃക്ഷത്തിന്റെ വേരുകള്‍ ആഴ്ത്തിയിരുന്നത് .എന്നാല്‍ ആ സമാന ഹൃദയര്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു ഗൌരിടീച്ചര്‍ സാക്ഷ്യ പ്പെടുത്തുന്നു .
അങ്ങനെ പത്തുകൊല്ലം . ....ഒന്നാം തിയ്യതികളിലെ കാഴ്ചകളിലും നോട്ടങ്ങളിലും ഒന്നോ രണ്ടോ കുശലാന്വേഷണ വുമായി സ്നേഹം മുറുകി കൊണ്ട് തന്നെ വന്നു .  ഇങ്ങനെ പരസ്പരം വേര്‍പിരിഞ്ഞു രണ്ടു വീടുകളിലായി താമസിച്ചു ജീവിതം അവസാനിപ്പിക്കെണ്ടെന്നു അവര്‍ ഒടുവില്‍ നിശ്ചയിക്കുന്നു .ഇരുവരും തങ്ങളുടെ ആഗ്രഹം മക്കളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു .

എല്ലാ മക്കളും 'ഇഷ്ടം ' സിനിമയിലെ 'പവന്‍' അല്ലല്ലോ .പ്രത്യേകിച്ചും അച്ചടക്കത്തിനും  അനുസരണ ക്കും പോലും ട്യൂഷന്‍ ലഭിച്ച കുട്ടികള്‍ .അതുകൊണ്ട് തന്നെ നല്ല സദാചാര ബോധമുള്ളവര്‍ ആയിരുന്നു ഇരുവരുടെയും സന്താനങ്ങള്‍ .അവര്‍ കാര്യകാരണ സഹിതം അവരെ പറഞ്ഞു തോല്‍പ്പിച്ചു....... വയസ്സുകാലത്ത് തോന്നിയ തീവ്ര പ്രണയമെന്നു കളിയാക്കി , നാണമില്ലേ എന്ന് ചിരിച്ചു ..നീട്ടിയും കുറുക്കിയും തന്നിഷ്ടക്കാരെന്നു പരാതിപ്പെട്ടു.ചെറുതായി ചോദ്യമോ ഭേദ്യമോ  ചെയ്യാതെ ചെയ്തു .
ചോദ്യം ചെയ്യലില്‍ ഭീഷണി ഉണ്ടായിരുന്നോ എന്നറിയില്ല .
അതെന്തായാലും  അടുത്ത ഒന്നാം തീയതി പെന്‍ഷന്‍ വാങ്ങാന്‍ മാലതി ടീച്ചറും വിശ്വനാഥന്‍ സാറും ക്യൂവില്‍ നില്ക്കാന്‍ ഉണ്ടായില്ല .അതിനു മുന്‍പേ  ഇരുവരും  പരസ്പരം കണ്ടിട്ടുപോലുമില്ലെന്നു നടിച്ചു ആത്മഹത്യയില്‍ പോലും ഒരുമിക്കാതെ മക്കളുടെ മാനം രക്ഷിച്ചു .

ഗുണ പാഠ കഥ ഇവിടെ തീരുന്നു .

ഇനി മൂന്ന് ചോദ്യങ്ങള്‍ :
1.മക്കളുടെ മാനം കാത്ത മാലതിടീച്ചരും വിശ്വനാഥന്‍ സാറും സ്വര്‍ഗത്തില്‍ ഒന്നിച്ചു കാണുമോ ?
2. ഇതുപോലെ വിദേശത്തും സ്വദേശത്തും വസിക്കുന്ന മക്കളുള്ള ,പ്രണയിക്കാന്‍ തുനിയുന്ന വയസ്സര്‍ക്ക് ഇതൊരു പാറമാകുമോ? അതോ അവരെ വഴി തെറ്റിക്കുകയാണോ മാലതി- വിശ്വനാഥന്‍ പ്രണയ മാതൃക ചെയ്യുക?
3 . പ്രണയം പതിനാറിനും മുപ്പത്താറിനും ഇടക്കുള്ളവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതാണെന്ന് അറിയാതെ അതിലേക്കു 'കടന്നു കയറുന്ന' വൃദ്ധരെ ഇങ്ങനെ കൈകാര്യം ചെയ്യുമെന്ന 'നിത്യ യൌവനക്കാരുടെ താക്കീത് ആണോ ഇത് ?...............................................................................................................................

ഇതിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ വിക്രമാദിത്യന്റെ ചുമലില്‍ നിന്നു വേതാളം മരക്കൊമ്പിലെക്ക് പറന്നു പോകുന്നത് കാണാം , ചിലപ്പോള്‍ പറഞ്ഞാലും അത് തന്നെ സംഭവിക്കും .....

Wednesday, January 28, 2009

കാലത്തിന്റെ നില്‍പ്പുകള്‍

കാലം ഫ്രൈമുകളില്‍ തൂങ്ങി നിന്നു, Basilica of Bom Jesus സിന്റെ അകങ്ങളില്‍ .ഒഴുകാത്ത കാലത്തെക്കുറിച്ച് അങ്ങനെയാണ് ഞാന്‍ അറിയുന്നത് . എല്ലാ ചരിത്ര സ്മാരകങ്ങളും അവയുടെ ഉള്ളില്‍ സമയത്തെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കയാണെന്ന് എനിക്ക് മുന്‍പും തോന്നിയിട്ടുണ്ട് . താജ് മഹാളില്‍ സമയത്തോടൊപ്പം പ്രേമം വഴിഞ്ഞൊഴുകുന്ന രണ്ടു കണ്ണുകളിലെ നോട്ടവും ഘനീഭവിച്ചു നില്‍ക്കുന്നതായി തോന്നി അന്ന് .
ഇപ്പോള്‍ ഗോവന്‍ ബസിലിക്കയിലെ അകങ്ങളില്‍ ,പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുറം ലോകം കണ്ടും വീണ്ടും രത്ന പേടകത്തില്‍ ഉറങ്ങിയും സൈന്റ് . സേവ്യര്‍ 'മരിച്ചു ജീവിക്കുന്നു ' എന്ന് അറിയുമ്പോള്‍ അതും നാനൂറിലേറെ കൊല്ലമായി എന്നും ഓര്‍ക്കുമ്പോള്‍ സമയം പെട്ടെന്ന് ചുരുങ്ങി ആ അലംകരിച്ച പെട്ടിയിലേക്ക് പതുങ്ങിയതുപോലെ. ആ പതുങ്ങലില്‍ കിടന്നു സെന്റ് .സേവ്യര്‍ മന്ദഹസിച്ചു .
ചുവരില്‍ ഛാ യാ ചിത്രങ്ങളായി പല ഭാവങ്ങളില്‍ വൈസ്രോയിമാര്‍ കാലത്തിനുള്ളില്‍ തുഴഞ്ഞു നിന്നു. കാഴ്ചക്കാരെ തുറിച്ചു നോക്കിയും , വാളെടുത്ത് വീശാനെന്നപോലെ കൈ അരയില്‍ ഉറപ്പിച്ചു വച്ചും , ഉടലാകെ കാപ്പിപ്പൊടി തവിട്ടില്‍ പൊതിഞ്ഞു നിന്ന് കണ്ണും മുഖത്തിന്റെ ചില ഭാഗങ്ങളും മാത്രം വെളിപ്പെടുത്തിയും അവര്‍ ചരിത്രത്തില്‍ നിന്നു സദാ എത്തിനോക്കി .
അപ്പോഴും കാലത്തിന്റെ കടിഞ്ഞാണ്‍ അവര്‍ കൈക്കുള്ളില്‍ ഒതുക്കിയതുപോലെയും ,സമയം ചലനമറ്റു നില്‍ക്കുന്നതുപോലെയും .....
വാസ്കോ ഡ ഗാമയോട് എന്ത് പറയണമെന്ന് ഞാന്‍ ആലോചിച്ചു . കടല്‍ തീരത്ത് , മണലില്‍, തിരകള്‍ മായ്ക്കാത്ത പേരു കൊത്തിയത് എങ്ങനെ എന്നോ?അല്ലെങ്കില്‍ എന്തിന് ചോദിക്കണം ? ചുവരില്‍ നിന്നുള്ള ആ തുറിച്ചു നോട്ടങ്ങള്‍ ഒരുപാടു ഉത്തരങ്ങള്‍ തരുന്നുണ്ടല്ലോ...

Tuesday, January 27, 2009

സ്റ്റില്‍ ലൈഫ്

ഇത് സെബാസ്ടിയോ റോഡ്രികിന്റെ 123 നമ്പര്‍ ബോട്ട് ആണ് . കടലില്‍ അര മണിക്കൂര്‍ ബോട്ട് പായിച്ച് ഗോവന്‍ ബീച്ചുകളെ പരിചയപ്പെടുത്താനും തുടര്‍ന്ന്‍ കുറച്ചു ദൂരം ഉള്‍ക്കടലിലേക്ക് തുഴഞ്ഞു കടലിനെ ഒന്നു ചെറുതായി തൊടാനും ഉള്ള അവസരമാണ് സെബാസ്ടിയോവിന്റെ ഓഫര്‍.

കടല്‍ ഉയര്‍ന്ന് താണ് താളത്തില്‍ കരയിലേക്ക് വന്നു കൊണ്ടിരുന്നു , എപ്പോഴുമെന്നതുപോലെ.

ബോട്ടില്‍ ഞങ്ങള്‍ പതിനാലു പേര്‍ , പല സ്ഥലത്തുനിന്ന് വന്നവര്‍, പല ഭാഷ പറയുന്നവര്‍ , പല സംസ്കാരക്കാര്‍,വ്യത്യസ്തതകള്‍ ഇല്ലാതാക്കി തിരയുടെ താളം ഞങ്ങളെ ചാഞ്ചാടിച്ചു . ആഹ്ലാദത്തിനും ദു:ഖത്തിനും പുറത്തു വരാന്‍ നിശ്ചിത ഭാഷ ആവശ്യമില്ല .മുഖമോ , കൈകാലു കളോ ഒക്കെ ഏറ്റെടുത്ത് കൊള്ളും, ആ പണി .
ശൂന്യാകാശ പേടകത്തിലാണ് തങ്ങളെന്ന് ഭാവിച്ചു ചില കുട്ടികളും ആദ്യമായി കടലും വെള്ളവും കാണുന്നവരും . "ഇത്തനാ പാനി " എന്ന് അത്ഭുതം പൂണ്ടു ചിലര്‍.
കടലില്‍ തലകുത്തി മറിഞ്ഞു ചെറുപ്പക്കാരും മധ്യ വയസ്കരും ആര്‍ത്തുല്ലസിച്ചു ഭയ ചകിതരെ വെല്ലുവിളിച്ചു .തിരമാലയില്‍ പൊങ്ങികിടന്നു തിരയുടെ പതയോടൊപ്പം പല്ലിളിച്ചു ചിലര്‍.
സെബാസ്ടിയോ ബോട്ടിന്റെ എഞ്ചിന്‍ ചലിപ്പിച്ചു , അത് നീങ്ങുകയായി . പോകെ പോകെ കടല്‍ നിശ്ശബ്ദ മാകുന്നത് പോലെ .
ആര്‍പ്പു വിളികള്‍ കേള്‍ക്കാനില്ല കൈകാലിട്ടടിച്ചു രസിക്കുന്നവര്‍ , വെള്ളത്തില്‍ പന്തെറിഞ്ഞു കളിക്കുന്നവര്‍,മണ്ണില്‍ പുതഞ്ഞു കിടക്കുന്നവര്‍ , കുഞ്ഞു വസ്ത്രധാരികളായ സ്ത്രീ -പുരുഷ-ശിശു ക്കൂട്ടങ്ങള്‍ എല്ലാം ഒരു സ്റ്റില്‍ ലൈഫ് ആയി മാറി എന്റെ മുന്നില്‍ തെളിഞ്ഞു.
ദൂരെ ഒരു കപ്പല്‍ നങ്കൂരമിട്ടു നിന്നു . വെയിലില്‍ അതിന്റെ പുറം വെട്ടിത്തിളങ്ങി .
ഇടക്കിടെ തിരകള്‍ അവയുടെ ശക്തി കാണിച്ചു , കലി കൊണ്ടെന്നപോലെ പതഞ്ഞുതുപ്പിയും വിറച്ചും ഞങ്ങളോട് അടുത്തു, എന്നാല്‍ സെബാസ്ടിയോയുടെ ബോട്ട് തിരയോട് എന്തോ ഇടയ്കിടെ മന്ത്രിച്ചു . പതുക്കെ, ശബ്ദം കുറച്ച് .. "ഞങ്ങളെ ഭയപ്പെടുത്തല്ലേ എന്നോ എന്നെ ചിതറി തെറിപ്പിച്ചു നിന്നോട് ചേര്‍ക്കല്ലേ എന്നോ ഞങ്ങള്‍ നിന്റെ ഉടലില്‍ ഒന്നു തെന്നി മറിഞ്ഞു കളിച്ചോട്ടെ" എന്നോ ആകാം ...

തീരത്തോട് അടുക്കെ നിശ്ചല ചിത്രത്തിന് ജീവന്‍ വച്ച പോലെ നിറങ്ങള്‍ ചലിച്ചു തുടങ്ങി , കൂടെ അവയിലെ മനുഷ്യരും ..

Tuesday, January 20, 2009

ഉല്‍ക്കകള്‍

വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമല്ല
അവ ചിത്രങ്ങള്‍ പോലെ ,
പ്രകാശം പോലെ ,
നിഴല്‍ പോലെ, ഒരു ഇമ്പ്രഷന്‍ കൂടിയാണ് ,
അവ ചലിക്കുന്നത് കാലുകള്‍ ഇല്ലാതെ പ്രകാശ വേഗത്തില്‍
വായില്‍ നിന്നു വായിലേക്കല്ല
ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക് ആണ് .
അതെ....... രാഷ്ട്രീയക്കാര്‍ക്ക് അത് ബാധകമേയല്ല .
വാക്കുകള്‍ മൊത്തക്കച്ചവടം ചെയ്യുന്നവര്‍ ,
ലാഭവീതം പങ്കിടുന്നവര്‍.
ബിസ്സിനസ്സില്‍ എന്നതുപോലെ സത്യ സന്ധമായി കള്ളം 'ചെയ്യുന്നവര്‍ '.
എന്നാല്‍
നുണയുടെ മേമ്പൊടി ഇല്ലാതെ പാറുന്ന വാക്കുകള്‍
ചിലപ്പോള്‍ ഉല്‍ക്കകള്‍ ആയും ,
ചിലപ്പോള്‍ തീവ്ര നക്ഷത്രങ്ങള്‍ ആയും
നിങ്ങളുടെ ഉടല്‍ കീറി മുറിക്കും .
വാചാലത ഒട്ടുമില്ലാത്ത ആയുധങ്ങള്‍ ..
പക്ഷെ ,എന്റെ മുന്‍പില്‍ ഗീര്‍വാണ ങ്ങളുടെ കടല്‍ ..
മൈതാനത്ത് ജന നായകന്മാരാരോ പ്രസംഗി ക്കുന്നുണ്ടാവണം......