കാലം ഫ്രൈമുകളില്‍ തൂങ്ങി നിന്നു, Basilica of Bom Jesus സിന്റെ അകങ്ങളില്‍ .ഒഴുകാത്ത കാലത്തെക്കുറിച്ച് അങ്ങനെയാണ് ഞാന്‍ അറിയുന്നത് . എല്ലാ ചരിത്ര സ്മാരകങ്ങളും അവയുടെ ഉള്ളില്‍ സമയത്തെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കയാണെന്ന് എനിക്ക് മുന്‍പും തോന്നിയിട്ടുണ്ട് . താജ് മഹാളില്‍ സമയത്തോടൊപ്പം പ്രേമം വഴിഞ്ഞൊഴുകുന്ന രണ്ടു കണ്ണുകളിലെ നോട്ടവും ഘനീഭവിച്ചു നില്‍ക്കുന്നതായി തോന്നി അന്ന് .
ഇപ്പോള്‍ ഗോവന്‍ ബസിലിക്കയിലെ അകങ്ങളില്‍ ,പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുറം ലോകം കണ്ടും വീണ്ടും രത്ന പേടകത്തില്‍ ഉറങ്ങിയും സൈന്റ് . സേവ്യര്‍ 'മരിച്ചു ജീവിക്കുന്നു ' എന്ന് അറിയുമ്പോള്‍ അതും നാനൂറിലേറെ കൊല്ലമായി എന്നും ഓര്‍ക്കുമ്പോള്‍ സമയം പെട്ടെന്ന് ചുരുങ്ങി ആ അലംകരിച്ച പെട്ടിയിലേക്ക് പതുങ്ങിയതുപോലെ. ആ പതുങ്ങലില്‍ കിടന്നു സെന്റ് .സേവ്യര്‍ മന്ദഹസിച്ചു .
ചുവരില്‍ ഛാ യാ ചിത്രങ്ങളായി പല ഭാവങ്ങളില്‍ വൈസ്രോയിമാര്‍ കാലത്തിനുള്ളില്‍ തുഴഞ്ഞു നിന്നു. കാഴ്ചക്കാരെ തുറിച്ചു നോക്കിയും , വാളെടുത്ത് വീശാനെന്നപോലെ കൈ അരയില്‍ ഉറപ്പിച്ചു വച്ചും , ഉടലാകെ കാപ്പിപ്പൊടി തവിട്ടില്‍ പൊതിഞ്ഞു നിന്ന് കണ്ണും മുഖത്തിന്റെ ചില ഭാഗങ്ങളും മാത്രം വെളിപ്പെടുത്തിയും അവര്‍ ചരിത്രത്തില്‍ നിന്നു സദാ എത്തിനോക്കി .
അപ്പോഴും കാലത്തിന്റെ കടിഞ്ഞാണ്‍ അവര്‍ കൈക്കുള്ളില്‍ ഒതുക്കിയതുപോലെയും ,സമയം ചലനമറ്റു നില്‍ക്കുന്നതുപോലെയും .....
വാസ്കോ ഡ ഗാമയോട് എന്ത് പറയണമെന്ന് ഞാന്‍ ആലോചിച്ചു . കടല്‍ തീരത്ത് , മണലില്‍, തിരകള്‍ മായ്ക്കാത്ത പേരു കൊത്തിയത് എങ്ങനെ എന്നോ?അല്ലെങ്കില്‍ എന്തിന് ചോദിക്കണം ? ചുവരില്‍ നിന്നുള്ള ആ തുറിച്ചു നോട്ടങ്ങള്‍ ഒരുപാടു ഉത്തരങ്ങള്‍ തരുന്നുണ്ടല്ലോ...
No comments:
Post a Comment