Thursday, January 15, 2009

സാഹിത്യ തറവാട്

തറവാട് അങ്ങ് ദൂരെ കാണാം , ചെറുതായി. കാരണം നീണ്ട ഡ്രൈവ് ഇന്‍ കഴിഞ്ഞു വേണം തറ വാട്ടില്‍ എത്താന്‍ .
പടിപ്പുരക്ക് മുന്നില്‍ നിന്നു നോക്കിയാല്‍ പൂമുഖത്തിന്റെ കൊത്തുപണിയുള്ള നാല് തൂണുകള്‍ കഷ്ടിച്ച് കാണാം .വിശാലമായ ഉമ്മറത്തെ ചാരുപടിയില്‍ കാല് തൂക്കിയിട്ട് ഇരിക്കുന്നവരെയും നിരത്തിയിട്ടിരിക്കുന്ന, സിംഹാസനം പോലുള്ള ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്നവരെയും കാണാന്‍ പടിപ്പുരയില്‍ നിന്നാല്‍ പറ്റില്ല . നക്ഷത്ര നിരീക്ഷണതിനെന്ന വണ്ണം വച്ചിരിക്കുന്ന ബൈനോക്കുലെസ് ഒരു പക്ഷെ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം . അല്ലെങ്കില്‍ പതുക്കെ അകത്തു പ്രവേശിക്കണം ! അകത്തു പ്രവേശിക്കാനോ ?
നല്ല കഥ യായി !
പടിപ്പുര കാവല്‍ക്കാരെ നിങ്ങള്‍ കണ്ടില്ലെന്നോ ? അവര്‍ സാധാരണക്കാരല്ല . പരിശോധനകള്‍ കൃത്യമായി നടത്തി മാത്രം ആളുകളെ അകത്തു പ്രവേശിക്കുന്നതില്‍ ശുഷ്കാന്തി കാട്ടുന്നവര്‍ .
എന്തൊക്കെ പരിശോധനയാണ് എന്നോ?
പറയാതിരിക്കുകയാണ് നല്ലത് ... ജനന തീയതി മുതല്‍ പിറന്ന വീട്, ജാതി , കുലം ,ബന്ധുക്കള്‍ ,ശത്രുക്കള്‍ , മിത്രങ്ങള്‍ , മുതല്‍ നിങ്ങള്‍ ജനിച്ചു എന്നും ജീവിച്ചിരിക്കുന്നു എന്നും വരെ ബോധ്യപ്പെടുത്തണം . അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പടിപ്പുര മുറ്റം വരെ പ്രവേശനം ലഭിച്ചേക്കാം , കൂടിയാല്‍ തറവാട്ടു മുറ്റം വരെയും പ്രവേശിപ്പി ച്ചെക്കാം.
നിങ്ങള്‍ക്ക് എന്താണ് പ്രവേശനം കിട്ടാത്തതെന്നോ..?കാരണം ...നിങ്ങള്‍ മേല്‍പ്പറഞ്ഞ യോഗ്യതകളില്‍ ചിലത് ശരിയായി പറഞ്ഞു കാണില്ല . അല്ലെങ്കില്‍ തെറ്റായി പറഞ്ഞു കാണണം - അതുമല്ലെന്കില്‍ തറവാട്ടിലേക്കുള്ള പ്രവേശനത്തിനുള്ള നിബന്ധനകില്‍ ചിലത് ( അത് രഹസ്യമായതിനാല്‍ അതെന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പിടികിട്ടാന്‍ പോകുന്നില്ല എന്നത് മറ്റൊരു കാര്യം ) തറവാട്ടു കാരണവന്മാരുടെതുമായി ഒത്തു പോകുന്നുണ്ടാവില്ല .
നിങ്ങള്‍ക്ക് ഒന്നും പിടികിട്ടുന്നില്ല എന്നോ ? നിങ്ങള്‍ തറവാട്ടില്‍ കാലെടുത്തു കുത്തുന്നതിനു മുന്‍പേ തന്നെ നിഷ്കാസിതനും പടിയടച്ചു പിണ്ഡം വക്കപ്പെട്ടവനുമാണ് .അത്രയുമേയുള്ളൂ അതിന്റെ യാഥാര്‍ത്ഥ്യം .
നിങ്ങള്‍ തറവാട്ടിലേക്ക് കയറേണ്ട എന്ന് ഉറപ്പിച്ചുവെന്നോ ?
എങ്കില്‍ എനിക്കൊന്നെ പറയാനുള്ളൂ എന്റെ ചങ്ങാതീ .. അങ്ങനെ നിങ്ങള്‍ തീരുമാനിച്ചാല്‍ ജീവിതത്തിലൊരിക്കലും നിങ്ങളുടെ കാരണവന്മാര്‍ പട്ടും വളയുമെന്നല്ല, നിങ്ങളുടെ ഓഹരി പോലും തരില്ല .അരിയിട്ട് വാഴ്ചയുടെ കാര്യം പിന്നെ പറയാനുമില്ല .
അതും പോരാഞ്ഞു നിങ്ങളുടെ മരണം ഉത്സവമായി , മേള പ്പദങ്ങളോടെ, എണ്ണക്ക് പകരം കണ്ണീര്‍ ഒഴിച്ച് കത്തിച്ച നിലവിളക്കിനു മുന്‍പില്‍ തെളിഞ്ഞാടാന്‍ കാരണവരും കാര്യസ്ഥന്മാരും ഉണ്ടാവില്ല
.എന്ത് !! നിങ്ങള്‍ അത് കൂട്ടാക്കുന്നില്ലെന്നോ ?
പതുക്കെ പറയൂ കാര്യസ്ഥന്മാര്‍ കേള്‍ക്കും . അവര്‍ ചെവി വട്ടം പിടിക്കുന്നത്‌ കണ്ടില്ലേ . കേട്ടാല്‍ ഒരു പക്ഷെ അവര്‍ വിചാരണക്ക് ശേഷം നിങ്ങളുടെ കൈ തന്നെ വെട്ടിയേക്കാം , കണ്ണ് തന്നെ ചൂഴ്ന്നേക്കാം നാവു തന്നെ പിഴുതേക്കാം...
അതും കൂട്ടാക്കുന്നില്ലെന്നോ ?
എങ്കില്‍ മംഗളം ഭവിക്കട്ടെ..!!!

No comments: