Monday, January 19, 2009

യാത്രക്കിടയില്‍

യാത്രക്കിടയില്‍ , ഇന്ത്യയിലെ ഏത് പ്രദേശത്തും യു‌ണിഫോമില്‍ കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത് കാണാനാകും . ഇങ്ങനെ തീവണ്ടി യാത്രക്കിടയിലും, ബസ്സ് യാത്രക്കിടയിലും കാല്‍ നട യാത്രക്കിടയിലും കാണുന്ന യു‌ണിഫോം ധാരികളായ കുട്ടികളെ , പ്രത്യേകിച്ചും പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്നെ ഖേദിപ്പിച്ച ഒരു രംഗം മനസ്സില്‍ വരും. അത് ഒരപൂര്‍വ കാഴ്ച്ചയൊന്നും അല്ല വാസ്തവത്തില്‍ .
പരശുരാം എക്സ്പ്രസ്സില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങി . എനിക്കിനി പോകേണ്ടത് ബസില്‍ ആണ് . ഷൊര്‍ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ മൂന്നോ നാലോ ബസ്സ് ഉണ്ട് . ഓരോ ബസ്സിലേയും കണ്ടക് ട്ടറും ക്ലീനറും ,ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി,പാലക്കാട് , പട്ടാമ്പി ,പെരിന്തല്‍മണ്ണ എന്നൊക്കെ വിളിച്ചു പറയുന്നുണ്ട് .പെരിന്തല്‍മണ്ണ യിലേക്ക് പോകുന്ന ബസ്സ് ആണ് എന്റെ ഉന്നം.
ഡ്രൈവര്‍ എഞ്ചിന്‍ ശബ്ടിപ്പിച്ചു കൊണ്ടും വളയത്തില്‍ കൈ വച്ചുകൊണ്ടും ഇരിക്കുകയാണ് .
'ഞാന്‍ ഇപ്പോള്‍ ഓടുമെന്ന 'ഭാവത്തിലാണ് ബസ്സിന്റെ നില്‍പ്പ് . ധൃതി പിടിച്ചു ഞാന്‍ ബസില്‍ വലിഞ്ഞു കയറി.
മിക്കവാറും സീറ്റുകള്‍ ഒഴിഞ്ഞാണ് കിടക്കുന്നത് .ബസ്സ് ധൃതി കാണിക്കുന്നതുപോലെ ആളുകള്‍ പുറത്ത് തിക്കിത്തിരക്കുന്നില്ല.അതിനാല്‍ എനിക്ക് സ്വസ്ഥമായി ഒരു ഒഴിഞ്ഞ സീറ്റ് തന്നെ കിട്ടി . ആ സ്വസ്ഥതയുടെ ലാഘവത്തോടെ ഞാന്‍ പുറത്തേക്ക് നോക്കി .
ഉച്ച രണ്ടുമണി കഴിഞ്ഞിട്ടുണ്ടാവും . പുറത്ത് നല്ല വെയില്‍ .
ആ ചൂടിലേക്ക് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് കുറച്ചു കുട്ടികളെയാണ് .പത്തിരുപതു പെണ്‍കുട്ടികള്‍ ഞാന്‍ കയറിയ ബസ്സിനോട്‌ ചേര്‍ന്ന്‍ വരി വരിയായി നില്ക്കുന്നു. ഞാന്‍ കയറുന്ന നേരത്തുതന്നെ അവര്‍ അവിടെ നിരയായി നില്‍പ്പുണ്ടായിരിക്കണം . ബസില്‍ പിടച്ചു കയറുന്നതിനിടെ എന്റെ കാഴ്ചയില്‍ പെടാതിരുന്നതാണ് .
പൊള്ളുന്ന വെയിലില്‍ എട്ടു വയസ്സുകാര്‍ തൊട്ട് പതിനാറു വയസ്സുകാര്‍ വരെ ഉണ്ട് . തട്ടമിട്ടവരും ഇടാത്തവരുമുണ്ട്. എല്ലാവരും യു‌ണിഫോമില്‍ .
ബാഗും പുസ്തകങ്ങളും ടിഫിന്‍ ബോക്സും കൈകളിലും മുതുകത്തും .വിയര്‍പ്പില്‍ കുതിര്‍ന്നും ക്ഷീണിച്ചും , പൊള്ളുന്ന ചൂടില്‍ വാടി നില്ക്കുന്നു , ചിരിമായാത്ത മുഖത്തോടെ .ഇടക്കിടെ അവര്‍ ബസ്സിന്റെ വാതില്‍ക്കലേക്ക്‌ നിരയായിതന്നെ നീങ്ങും . അവര്‍ വാതില്‍ക്കല്‍ എത്തേണ്ട താമസം കിളി രൂക്ഷമായി അവരോട് കയര്‍ക്കും , 'ദൂരെ മാറ്, മാറ് 'എന്ന് നികൃഷ്ടര്‍ എന്നപോലെ ആട്ടും . കുട്ടികള്‍ പിന്നിലേക്കു വലിയും വരിയായിത്തന്നെ . ബസ്സ് കിതച്ചു കൊണ്ടിരിക്കേ പോകാനായുന്നപോലെ വീണ്ടും തിരക്ക് നടിക്കും . തിരക്കുകൂട്ടുന്ന ബസിനു നേരെ കുട്ടികള്‍ വീണ്ടും നിരതെറ്റിക്കാതെ തന്നെ എത്തും . കിളി അയാളുടെ അധികാരം വീണ്ടും പ്രയോഗിക്കും , " ഇപ്പോള്‍ കേറാന്‍ പറ്റില്ല " എന്ന കയര്‍ക്കലിലൂടെ .
ഇങ്ങനെ കുട്ടികള്‍ ഉച്ചവെയില്‍ നിരയായി ബസിനെ സമീപിക്കുകയും പിന്‍വാങ്ങുകയും ചെയ്യുന്നത് കാണാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ ആയിക്കാണണം .ബസ്സ് ബോധോദയം വന്ന മട്ടില്‍ പെട്ടെന്ന് നീങ്ങിത്തുടങ്ങി . കുട്ടികള്‍ ഓടിവന്നു നീങ്ങിതുടങ്ങുന്ന ബസിലേക്ക് ഇടിച്ചു കയറി .ഒരുവിധം കയറി പറ്റുന്നതിനിടെ ബസ്സ് നീങ്ങിക്കഴിഞ്ഞു .കുട്ടികള്‍ തൂങ്ങി നില്‍ക്കാനും.
ഒഴിഞ്ഞ സീറ്റിലേക്ക് കുട്ടികള്‍ നോക്കുന്ന പോലുമില്ല . എന്റെ അടുത്തുള്ള പകുതിസ്ഥലത്ത് ഞാന്‍ ഇരിക്കാന്‍ ക്ഷണിച്ച കുട്ടി പതുക്കെ പുഞ്ചിരിച്ച തെയുള്ളൂ. പിറുപിറുക്കുന്ന കണ്ടക്ടറെയും കിളിയേയും അവര്‍ ഭയപ്പെടുന്ന പോലെ തോന്നി. കുട്ടികള്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ ഇളവുകൊടുക്കുന്നതിനാല്‍ അവര്‍ രണ്ടാം തരം പൌരന്‍/ പൌരി ആണെന്നാണ്‌ ബസുകാരുടെ നിലപാട് .
സര്‍ക്കാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന സൌജന്യം എങ്ങനെ അവരെ രണ്ടാം തരക്കരാക്കും ? കുട്ടികള്‍ അവരുടെ രണ്ടാം തരത്തം അം ഗീകരിച്ചപോലെ തലതാഴ്ത്തിയും , കിളിയുടെ കണ്ണുരുട്ടല്‍ പേടിച്ചു ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അറച്ച് അരയും മുക്കാലും മണിക്കൂര്‍ നേരം , വീടെത്തുവോളം തൂങ്ങി നിന്നും യാത്ര ചെയ്യുന്നു. ബസുകാരുടെ എഴുതപ്പെടാത്ത ആജ്ഞ അനുസരിച്ച് മണിക്കൂറുകളോളം അവര്‍ വെയിലത്ത്‌ നില്ക്കുന്നു . അങ്ങനെ ക്യുവില്‍ നിര്‍ത്തി ആ കുട്ടി മനസ്സുകളെ നമ്മുടെ ബസ്സുകാരും അവരുടെ ശിങ്കിടികളും അന്തസ്സും അഭിമാനവും ഇല്ലാത്തവര്‍ എന്നപോലെ , അവര്‍ നല്കുന്ന പകുതി ചാര്‍ജ് പണമേ അല്ലെന്ന മട്ടില്‍ അവരെ അപമാനിച്ചു കൊണ്ടേ യിരിക്കുന്നു, നിസ്സഹായരാക്കിക്കൊണ്ടെയിരിക്കുന്നു ദിവസവും .
എന്നാണ് നമ്മള്‍ കുട്ടികളെ കുട്ടികളായി , അഭിമാനവും അന്തസ്സും ചിന്തയുമുള്ളവരായി കാണാന്‍ തുടങ്ങുക ? പരസ്പരബഹുമാനത്തിന്റെ പാഠങ്ങള്‍ എന്നെങ്കിലും നാം അവര്‍ക്ക് കാണിച്ചോ പറഞ്ഞോ കൊടുക്കുമോ ? എനിക്ക് സംശയമാണ് ...

3 comments:

Yadu Rajiv said...

അവരോട് കയര്‍ക്കാന്‍ പോയാല്‍ ഇരുമ്പ് വടിയും ഒക്കെയായി ഇങ്ങു വരും. അനുഭവം ഉണ്ടേ..

പൈസയ്ക്കപ്പുറം അവര്‍ക്ക് ആരോടും കൂറുള്ളതായി ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല.

കിളിക്ക് കുഞ്ഞുണ്ടാവുമ്പോള്‍ പഠിക്കുമായിരിക്കും..

I did tell you about the people here adjusting with everything in life.. This is just another side of it..

Anamika said...

its just not the 'bus people' who act in this way. its also 'people in the bus'. "old" ladies and "tired" women who climb in an squuze into seats seating two little lost children with large backpacks, and squeeze them so much that they invariably end up standing, clutching on to railings they can beraly reach.it would have looked a lot better if these "mothers" would care to hold the bags atleast....but no. not these "frail" "tired" "old" women....

savi said...

ഒരു പക്ഷെ എന്റെ കുട്ടിക്കാലം ഇതിനെക്കാള്‍ ഭാരം കുറഞ്ഞതായിരുന്നു എന്ന് നിശ്ചയമായും എനിക്ക് പറയാം . ഈ 'കിളി 'കളെ പോലെയുള്ള 'കിളി ' കളും, കുഞ്ഞുങ്ങളോട് കാരുണ്യ മില്ലാത്ത 'അമ്മമാരും ' ഉണ്ടായിരുന്നില്ല എന്നല്ല . എത്തിക്സ് , നന്മ , എന്നൊക്കെയുള്ള വാക്കുകള്‍ക്ക് മൂല്യം ഇന്നുള്ളതിനേക്കാള്‍ ഉണ്ടായിരുന്നു. Thanks to Deja vu and Vrinda for your thoughtful comments.