Tuesday, January 13, 2009

ഫ്രെയിം


കടുകുപൂവിന്റെ നിറമുള്ള ചേല കൊണ്ടു തറ്റുടുത്ത്‌ തലയില്‍ അലുമിനിയക്കുടങ്ങള്‍ ഒന്നിന് മേല്‍ ഒന്നു വച്ച് മധ്യവയസ്സു കടന്നിട്ടില്ലാത്ത ഒരു യുവതി റയില്‍ പാളത്തിനു വശനുള്ള ചെറിയ മണ്ണ് പാതയിലൂടെ നടന്നു പോകുന്നു .ആ കാഴ്ച കമ്പനി പെയിന്റിഗുകളിലൂടെ ഞാന്‍ കണ്ട ഇന്ത്യയുടെ ഹൃദയം പോലെ തോന്നിച്ചു . മങ്കുടത്തില്‍ പാല്‍ നിറച്ചു ഒന്നിനുമേല്‍ ഒന്നായി അടുക്കി വച്ചു തലയിലേറ്റി പോകുന്ന സ്ത്രീകളെ ഇന്ത്യന്‍ ഗ്രാമജീവിതം എന്ന പേരില്‍ സായിപ്പുമാര്‍ ചിത്രീകരിച്ചിട്ട് ഇപ്പോള്‍ രണ്ടു നൂറ്റാണ്ടു കഴിഞ്ഞു . ആ ചിത്രത്തില്‍ നിന്നുമുള്ള ഒരാളാണ് മണ്ണ് കുടത്തിനുപകരം അലുമിനിയ കുടങ്ങളുമായി, ഒരുപക്ഷെ എണ്ണ ക്കും പാലിനും പകരം വെള്ളം തലയിലേറ്റി ,മഞ്ഞയില്‍ മെറൂണ്‍ നിറമുള്ള ചെറിയ പൂക്കള്‍ ഉള്ള കോട്ടന്‍ സാരി തറ്റുടുത്ത്‌ അതിനൊരറ്റം കൊണ്ട് തോള്‍ മൂടി പാളത്തിനരി കിലൂടെ ആ നടന്നു പോകുന്നത് .എനിക്ക് അവരോട് തോന്നിയ അടുപ്പം മനസ്സിലാക്കിയിട്ടെന്ന പോലെ സ്ടോപ്പോ സ്റ്റെഷനോ ഇല്ലാത്ത ആ പ്രദേശത്ത് ട്രെയിന്‍ പൊടുന്നനെ നില്പായി . കട്ടിച്ചില്ലിലൂടെ ആണെങ്കിലും അവരും ഞാനും മുഖാമുഖം നോക്കി . നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന ഒരു കൂടികാഴ്ച .......അവര്‍ എന്നെ കണ്ടില്ലായിരിക്കാം ; എങ്കിലും....ആ പഴയ ഫ്രെയിം പൊളിച്ചു വന്ന യുവതിയും ആ വെറും രണ്ടു മിനുട്ട് കാഴ്ചയും ......വൈവിധ്യം നിറഞ്ഞ ഈ പ്രദേശത്തെ , രാജ്യത്തെ എങ്ങനെയാണ് ഒരാള്‍ക്ക് സ്നേഹി ക്കാതിരിക്കാന്‍ ആവുക ?

No comments: