Thursday, January 29, 2009

ഒരു 'സോദ്ദേശ ' കഥ

 ഒരു ഗുണ പാഠ കഥ : മൂന്നു മാതൃകാ ചോദ്യങ്ങള്‍ സഹിതം .

സാവിത്രി രാജീവന്‍




മാലതി ടീച്ചര്‍ മരിച്ചു .

ആത്മഹത്യയായിരുന്നു .
അറുപത്തഞ്ചു വയസ്സായിരുന്നു പ്രായം .
ഇതിപ്പോള്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാവും നിങ്ങള്‍ ആലോചിക്കുന്നത് . ആത്മഹത്യകളും കൊലപാതകങ്ങളും നിത്യേന പത്ര താളുകളില്‍ വിളമ്പി കിട്ടാറുണ്ടല്ലോ ..ഒരു പുതുമയും ഇല്ലാതെ .
ശരി തന്നെ. മാലതി ടീച്ചര്‍ ചെയ്തത് സ്വയം ഹത്യയാണ് .
പലരും ഭൂമിയിലെ വാസം അവസാനിപ്പിക്കാന്‍ ആ മാര്‍ഗം കൈക്കൊള്ളുന്നു മുണ്ട് . ഇപ്പോഴും ആ ഒരു വഴി മുന്പിലുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഭൂമിയിലെ വാസം കുറച്ചു ദിവസം , മാസം എന്നൊക്കെ നീട്ടിക്കൊണ്ട് പോകുന്നവരും ഉണ്ട് . എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ഗവേഷണം നടത്തി നടത്തി ഒരുവഴിയും കാണാതെ ഉഴരുന്നവരും, ഒരാലോച്ചനയും കൂട്ടാതെ ആത്മഹത്യ ചെയ്യുന്നവരും ഉണ്ട് . ഈ നിമിഷത്തിലും അത് ചെയ്യുന്നവരുണ്ടാകും.അതല്ല പറഞ്ഞു വരുന്നത് .

മാലതി ടീച്ചര്‍ മാത്രമല്ല വിശ്വനാഥന്‍ സാറും ആത്മഹത്യ ചെയ്തു. ഒരുമിച്ചല്ല , വേറെ വേറെ സ്ഥലങ്ങളില്‍ ,
വേറെ വേറെ പ്രകാരത്തില്‍ .എന്നാല്‍ അത്ര വേറെ വേറെ വിദൂര ദേശത്താണോ ?
അല്ല. ഒരേ ജില്ലയില്‍ പെട്ട രണ്ടു പ്രദേശങ്ങളില്‍ .പരസ്പരം അറിയുന്നവരും പരിചയക്കാരും ,വര്‍ഷങ്ങളോളം ആയി മാസത്തില്‍ ഒരിക്കലെങ്കിലും കാണുന്ന വരുമാണ് ഈ മാലതി ടീച്ചറും വിശ്വനാഥന്‍ സാറും .

ഈ കാഴ്ചകളും അവരുടെ ആത്മഹത്യയും തമ്മില്‍ ബന്ധ മുണ്ടോ എന്നാവും നിങ്ങളുടെ ആലോചന . ഉണ്ട് , ബന്ധമുണ്ട് . രണ്ടു പേര്‍ക്കും ഏകദേശം ഒരേ പ്രായം. ഒരുപക്ഷെ ,വിശ്വനാഥന്‍ സാര്‍ ഒന്നോ രണ്ടോ വര്‍ഷം നേരത്തെ ആയിരിക്കാം ജനിച്ചത്‌ .
എന്തിനാണ് പരിചയക്കാര്‍ ആയിട്ടും ഒരേദിവസം വെവ്വേറെ സ്ഥലത്തുവെച്ച് വെവ്വേറെ മാര്‍ഗത്തില്‍ അവര്‍ മരണം പൂകിയത്‌ ? അവര്‍ പരിചിതരെ അല്ലെന്ന്‍ ആരെയെങ്കിലും ബോധ്യപ്പെടുത്താന്‍ ആയിരുന്നോ? ആയിരിക്കാം, അല്ലായിരിക്കാം .അല്ലെങ്കില്‍ പരിചയക്കാര്‍ ആത്മഹത്യ ചെയ്യുന്നത് ഒരുമിച്ചു ആയിരിക്കണം എന്നു വ്യവസ്ഥ ഒന്നും ഇല്ലല്ലോ .. എങ്കിലും ....അവരെ നേരിട്ടു പരിചയമുള്ളവര്‍ ഒരു  'എങ്കില്‍' മനസ്സില്‍ പറഞ്ഞു നിര്‍ത്തി.
അല്ലെങ്കില്‍ അവര്‍ തങ്ങളുടെ വ്യത്യസ്തതകളെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയതുമാവാം. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ പരസ്പരം മാനിച്ചതായിരിക്കാം , ചിലപ്പോള്‍.രണ്ടു പരിചയക്കാര്‍ ഒരേ ദിവസം വ്യത്യസ്ത മാര്‍ഗത്തില്‍ ആത്മഹത്യ ചെയ്തതിനെ ഇങ്ങനെ വ്യാഖ്യാനിക്കെണ്ടതുണ്ടോ എന്നോ? മാലതി ടീച്ചര്‍ എന്റെ അമ്മയുടെ സുഹ്രത്ത് ആയിരുന്നു .ഇരുപത്തെട്ടു വയസ്സില്‍ വിധവയായി ,രണ്ടു കുട്ടികളെ
പഠിപ്പിച്ചു.  പഠിപ്പിക്കല്‍ എന്നു പറഞ്ഞാല്‍ വെറും ട്യൂഷന്‍ കൊടുക്കല്‍ മാത്രമല്ല  അതായതു നല്ല ചൊല്ലു വിളിയുള്ള കുട്ടികളായിട്ടു തന്നെ  വളര്‍ത്തി എന്നാണ് . അച്ചടക്കമുള്ള സ്കൂളില്‍  ഈശ്വര  പ്രാര്‍ഥനയോടെ ആരംഭിച്ചു ജനിപ്പിച്ചതിനും നിലനിര്‍ത്തുന്നതിനും ക്ലാസ്സാവസാനം നന്ദിയും പറയിപ്പിച്ചു വിടുന്ന സ്കൂളില്‍ . എന്നിട്ടോ വലുതായപ്പോള്‍  ടെസ്റ്റുകളും അഭിമുഖങ്ങള്‍ക്കും പൊരുതി തയ്യാറാവുന്ന അവര്‍ക്കൊപ്പം ഉറക്കമിളച്ചു കൂട്ടിരുന്നു  ഉദ്യോഗസ്ഥരും ആക്കി . വിവാഹം ചെയ്യിച്ചു .

മകള്‍ മുംബൈ നഗരത്തില്‍ , മകനും ഭാര്യയും കുട്ടികളും ദല്‍ഹിയിലും .പ്രാരബ്ധങ്ങള്‍ അശേഷമില്ല . പറയത്തക്ക രോഗ പീഡയില്ല , വല്ലപ്പോഴും ഒരു ജലദോഷം വന്നാലായി . പണത്തിനു അലയേണ്ട , പെന്‍ഷന്‍ മതിയാവും . വലിയ നാലുകെട്ടാണ്‌ വീട് , പശുവും തൊഴുത്തും മാങ്ങയും ചക്കയും ഉണ്ട് . സ്നേഹമുള്ള അയല്‍ക്കാരുണ്ട് . ഉപകാരത്തിനും ഉപദ്രവത്തിനും വരാത്ത ബന്ധുക്കളുമുണ്ട്.
സുകൃതം !!

ഇങ്ങനെ കഴിയുന്ന മാലതി ടീച്ചര്‍ക്ക് ഇപ്പോള്‍ മലമ്പുഴ ഡാമില്‍ ചാടി വെള്ളം കുടിച്ചു മരിക്കേണ്ട വല്ല കാര്യവും ഉണ്ടോ? ഇതല്ലേ നിങ്ങളുടെ സംശയം?എനിക്കറിയാം, അത് തന്നെ .കാര്യമുണ്ടാകം കാരണവും .

വിശ്വനാഥന്‍ സാറിന്റെ കാര്യം തന്നെ നോക്കൂ . അദ്ദേഹത്തിന് മൂന്നു മക്കളുണ്ട്. മൂത്തവന്‍ വിനീത് ഇംഗ്ലണ്ടില്‍ ,രണ്ടാമന്‍ കാനഡയില്‍ ,ഇളയമകള്‍ സിംഗപ്പൂരില്‍ ഭര്‍ത്താവുമൊത്ത് ...ഇലക്ട്രിസിടി ബോഡില്‍ എഞ്ചിനീയര്‍ ആയി റിട്ടയര്‍ ചെയ്ത വിശ്വനാഥന്‍ സാറിന് കാശിനും മുട്ടില്ല .ഭാര്യ മരിച്ചിട്ട് പതിനഞ്ച് കൊല്ലമായി . വിശ്വനാഥന്‍ സാറും  വലിയവീട്ടിലാണ് താമസം; .മൂന്നു കുട്ടികളെയും അച്ചടക്കം കടുകിട  തെറ്റാതെ വളര്‍ത്തി വലുതാക്കി . അവര്‍ വലുതാവുകയും പറക്കമുറ്റി കൂടുവിട്ടു താന്‍ കാര്യങ്ങളുമായി  പറന്നു പോവുകയും ചെയ്തു .ഒന്നോര്‍ത്താല്‍ എല്ലാം  മാലതി ടീച്ചറിന്റെ വീട്ടിലെതുപോലെ തന്നെ.പശുവും തൊഴുത്തും ഇല്ലാന്ന് മാത്രം .പകരം കൃഷി ഭൂമിയുണ്ട് അതില്‍  ചെറുതായി കൃഷിയുണ്ട് .പ്ലാവും , മാവും  വാഴയുമുണ്ട് .കുറച്ചു ജൈവ പച്ചക്കറിയും . നോക്കാന്‍ സഹായിയായി കണാരന്‍ എപ്പോഴും  കൂടെയുണ്ട്.

ചുരുക്കത്തില്‍ ബാഹ്യ ദൃഷ്ടിയില്‍ വിശ്വനാഥന്‍ സാറിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല എന്ന് നമുക്കു തീര്‍ച്ചയായും തോന്നും .എന്നിട്ടും വിശ്വനാഥന്‍ സാര്‍ ഉറക്ക ഗുളിക വിഴുങ്ങി നേരെ ഉണരാത്ത ഉറക്കത്തിലേക്കു പോയി -വെറുതെ........ വെറുതെ? ആയിരിക്കില്ല .

മാലതി ടീച്ചര്‍  പെന്‍ഷന്‍ ആയതിനുശേഷം, കുറച്ചു നേരത്തെ റിട്ടയര്‍ ചെയ്ത എന്റെ അമ്മയോടൊപ്പമാണ് പാലക്കാട് ട്രെഷറി യിലേക്ക് പൊയ്ക്കൊണ്ടിരുന്നത് . ഒന്നാം തിയ്യതിക്കും അഞ്ചാം തിയ്യതിക്കുമിടയില്‍ ട്രെഷറിയില്‍ ക്യൂ നിന്നു പണം വാങ്ങുന്നതിനിടയില്‍ വിശ്വനാഥന്‍ സാര്‍ ക്യൂവില്‍ ഒരാളായി നിന്നുകാണണം, മാലതി ടീച്ചര്‍ അത് കണ്ടിട്ടുണ്ടാവണം; വിശ്വനാഥന്‍ സാറും. അവര്‍ പരസ്പരം കാണുന്നതുവരെ മക്കളുടെ വിശേഷ ദിവസങ്ങളിലെ ടെലിഫോണ്‍ വിളികളികളിലായിരുന്നു തങ്ങളുടെ സ്നേഹ വൃക്ഷത്തിന്റെ വേരുകള്‍ ആഴ്ത്തിയിരുന്നത് .എന്നാല്‍ ആ സമാന ഹൃദയര്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു ഗൌരിടീച്ചര്‍ സാക്ഷ്യ പ്പെടുത്തുന്നു .
അങ്ങനെ പത്തുകൊല്ലം . ....ഒന്നാം തിയ്യതികളിലെ കാഴ്ചകളിലും നോട്ടങ്ങളിലും ഒന്നോ രണ്ടോ കുശലാന്വേഷണ വുമായി സ്നേഹം മുറുകി കൊണ്ട് തന്നെ വന്നു .  ഇങ്ങനെ പരസ്പരം വേര്‍പിരിഞ്ഞു രണ്ടു വീടുകളിലായി താമസിച്ചു ജീവിതം അവസാനിപ്പിക്കെണ്ടെന്നു അവര്‍ ഒടുവില്‍ നിശ്ചയിക്കുന്നു .ഇരുവരും തങ്ങളുടെ ആഗ്രഹം മക്കളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു .

എല്ലാ മക്കളും 'ഇഷ്ടം ' സിനിമയിലെ 'പവന്‍' അല്ലല്ലോ .പ്രത്യേകിച്ചും അച്ചടക്കത്തിനും  അനുസരണ ക്കും പോലും ട്യൂഷന്‍ ലഭിച്ച കുട്ടികള്‍ .അതുകൊണ്ട് തന്നെ നല്ല സദാചാര ബോധമുള്ളവര്‍ ആയിരുന്നു ഇരുവരുടെയും സന്താനങ്ങള്‍ .അവര്‍ കാര്യകാരണ സഹിതം അവരെ പറഞ്ഞു തോല്‍പ്പിച്ചു....... വയസ്സുകാലത്ത് തോന്നിയ തീവ്ര പ്രണയമെന്നു കളിയാക്കി , നാണമില്ലേ എന്ന് ചിരിച്ചു ..നീട്ടിയും കുറുക്കിയും തന്നിഷ്ടക്കാരെന്നു പരാതിപ്പെട്ടു.ചെറുതായി ചോദ്യമോ ഭേദ്യമോ  ചെയ്യാതെ ചെയ്തു .
ചോദ്യം ചെയ്യലില്‍ ഭീഷണി ഉണ്ടായിരുന്നോ എന്നറിയില്ല .
അതെന്തായാലും  അടുത്ത ഒന്നാം തീയതി പെന്‍ഷന്‍ വാങ്ങാന്‍ മാലതി ടീച്ചറും വിശ്വനാഥന്‍ സാറും ക്യൂവില്‍ നില്ക്കാന്‍ ഉണ്ടായില്ല .അതിനു മുന്‍പേ  ഇരുവരും  പരസ്പരം കണ്ടിട്ടുപോലുമില്ലെന്നു നടിച്ചു ആത്മഹത്യയില്‍ പോലും ഒരുമിക്കാതെ മക്കളുടെ മാനം രക്ഷിച്ചു .

ഗുണ പാഠ കഥ ഇവിടെ തീരുന്നു .

ഇനി മൂന്ന് ചോദ്യങ്ങള്‍ :
1.മക്കളുടെ മാനം കാത്ത മാലതിടീച്ചരും വിശ്വനാഥന്‍ സാറും സ്വര്‍ഗത്തില്‍ ഒന്നിച്ചു കാണുമോ ?
2. ഇതുപോലെ വിദേശത്തും സ്വദേശത്തും വസിക്കുന്ന മക്കളുള്ള ,പ്രണയിക്കാന്‍ തുനിയുന്ന വയസ്സര്‍ക്ക് ഇതൊരു പാറമാകുമോ? അതോ അവരെ വഴി തെറ്റിക്കുകയാണോ മാലതി- വിശ്വനാഥന്‍ പ്രണയ മാതൃക ചെയ്യുക?
3 . പ്രണയം പതിനാറിനും മുപ്പത്താറിനും ഇടക്കുള്ളവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതാണെന്ന് അറിയാതെ അതിലേക്കു 'കടന്നു കയറുന്ന' വൃദ്ധരെ ഇങ്ങനെ കൈകാര്യം ചെയ്യുമെന്ന 'നിത്യ യൌവനക്കാരുടെ താക്കീത് ആണോ ഇത് ?...............................................................................................................................

ഇതിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ വിക്രമാദിത്യന്റെ ചുമലില്‍ നിന്നു വേതാളം മരക്കൊമ്പിലെക്ക് പറന്നു പോകുന്നത് കാണാം , ചിലപ്പോള്‍ പറഞ്ഞാലും അത് തന്നെ സംഭവിക്കും .....

No comments: