Thursday, April 16, 2009


സമയം രാത്രി ഒന്നര മണി . ഭാര്‍ഗവി നിലയം സിനിമ ടി. വി യില്‍ കണ്ടുകഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ് ഞാന്‍. കറുപ്പിലും വെളുപ്പിലുമുള്ള ഇമേജുകള്‍ എന്റെ പിന്നാലെ വന്നു ഭാര്‍ഗവിക്കുട്ടി മറഞ്ഞു നിന്നു ഉറങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു. 'ശുഭരാത്രി ഭാര്‍ഗവിക്കുട്ടി ' എന്ന് സാഹിത്യ കാരനായി അഭിനയിക്കുന്ന മധുവിനെ അനുകരിച്ചു ഞാന്‍ പറഞ്ഞു കണ്ണടച്ചു.
ഇടക്കുണര്‍ന്നു വെള്ളം കുടിച്ചാലോ എന്ന് മടിയോടെ ആലോചിച്ചു എഴുന്നേറ്റു.മുകളിലത്തെ മുറിയില്‍ പ്രോജക്റ്റ് വര്‍ക്കുകളുമായി മല്ലിടുന്ന എന്റെ മകന്‍ ഉറങ്ങിയിട്ടില്ലെന്നു മുറിയിലെ വെളിച്ചം . ആ വെളിച്ചത്തില്‍ ഡൈനിംഗ് റൂമിലെ മേശപ്പുറത്തിരിക്കുന്ന വെള്ളം നിറച്ച കൂജ യും തളികയില്‍ വച്ചിരിക്കുന്ന റോ ബസ് റ്റ പഴത്തിന്റെ അവ്യക്ത പാറ്റെണ്കളും കണ്ടു .'താമസ........... വരുവാന്‍'..... എന്ന് ഭാര്‍ഗവിക്കുട്ടിയുടെ കാമുകന്‍ പാടുന്നതും ഭാര്‍ഗവിക്കുട്ടി ഊഞ്ഞാലില്‍ ആടുന്നതും വെള്ളസ്സാരി ചുറ്റി കടല്‍ത്തീരത്ത്‌ നിന്നു വില്ലന്‍ ചിരി ചിരിക്കുന്നതും മനസ്സില്‍ തെളിഞ്ഞു വന്നു. എങ്ങനെ ആയിട്ടും പേടിക്കാത്ത മധു വാണു ധീരന്‍ !
ഡൈനിംഗ്
ടേബിളില്‍ നിന്നു കൂജ പൊക്കി വെള്ളം കുടിക്കാനോരുങ്ങുന്ന സമയത്താണ് കോണി പടിയില്‍ ഇരുട്ടിന്റെ ഒരു കൂന ഇരിക്കുന്നു എന്ന് തോന്നിയത് .ഇത്ര ഘനീഭവിച്ച ഇരുട്ട് എവിടെ നിന്നു വന്നു ? കുട്ടിക്കാലം മുതല്‍ക്കേ മുഖത്ത് നിന്നു മാറ്റാത്ത കണ്ണട ഇപ്പോള്‍ എന്റെ മുഖതില്ലാതതിനാല്‍ കാഴ്ച വ്യക്തമാകുന്നില്ല .യുക്തിവാദിയും അന്ധവിശ്വാസിയും ഭക്തയും അല്ലാത്ത ഒരാള്‍ ഈ കാഴ്ചയെ എങ്ങനെ വ്യാഖ്യാനിക്കും ? അത് പൂച്ച യായിരിക്കും ,അയല്‍ വീട്ടില്‍ നിന്നു വന്നത് .


പെട്ടെന്ന് ഇരുട്ടിന്റെ ആ കഷ്ണം ഇളകി എന്ന് തോന്നി ...ഭാര്‍ഗവി എന്നെ പിടിക്കൂടിയോ ?കറുത്ത കട്ട ഇളകി നിവര്‍ന്നു നിന്നു. ഒരു വലിയ പൂച്ചയേക്കാള്‍ തടി മാത്രമല്ല ഉയരവും വാല്‍ നീളവും അതിനു അധികമുണ്ടായിരുന്നു .' ഇവനാര് ' ...എന്ന സിനിമാ ഡ യലോഗ് മനസ്സില്‍ തോന്നി , .......അത് ചാമരം പോലുള്ള അതിന്റെ വാല് വീശിയോ ? ഇനി അത് കുറുക്കനായിരിക്കുമോ? അല്ലെങ്കില്‍ നീര്‍ നായ ? ഈ ചോദ്യങ്ങള്‍ മനസ്സില്‍ വന്നു . തൊട്ടടുത്ത പുഴയില്‍ വെള്ളത്തില്‍ കളിക്കേണ്ട നീര്‍ നായക്ക് എന്റെ ഡൈനിംഗ് റൂമിലെ കോണി പ്പടിയില്‍ എന്ത് കാര്യം ?
പതുക്കെ നടന്നു പോയി ഞാന്‍ ലൈറ്റ് ഇട്ടു . പക്ഷെ കണ്ണട യില്ലതതിനാല്‍ ഇപ്പോഴും ഒന്നും വ്യക്തമായില്ല .എന്നാല്‍ ലൈറ്റ് ഇട്ടതും കറുമ്പന്‍ നാലുകാലില്‍ നിവര്‍ന്നുനിന്നു വളരെ പതുക്കെ,സ്ലോ മോഷനില്‍ ജനലിന ടുത്തെക്കും തുടര്‍ന്ന് അഴികള്‍ക്കിടയിലൂടെ പുറത്തേക്കും കടന്നു .
എനിക്കൊന്നും മനസ്സിലായില്ല . ഞാന്‍ ജനലിനടുത്തു ചെന്ന് സാഹിത്യകാരന്‍ ഭാര്‍ഗവിക്കുട്ടി വീണു മരിച്ച കുണ്ടന്‍ കിണറ്റി ലേക്ക് എന്ന പോലെ ഇരുട്ടിന്റെ കയത്തിലേക്ക് നോക്കി നിന്നു. അവിടെ ഒന്നും കാണാനുണ്ടായിരുന്നില്ല , വലിയ ഇരുട്ടല്ലാതെ.
എനിക്ക് തോന്നിയതാവും . ഒരു ജീവിയും ഈ ജനലിലൂടെ സ്ലോ മോഷനില്‍ ഇറങ്ങി പ്പോയിട്ടില്ല . ഞാന്‍ സ്വയം പറഞ്ഞു. ..ഇനി ഈ ഭാര്‍ഗവി...ഛെ !

സൂര്യനുദിച്ചു , പക്ഷികള്‍ പാടി,.രാവിലെയായി എന്റെ ദിവസം പടികയറി, പതിവുപോലെ .. ഉണര്‍ന്നതും തലേന്ന് രാത്രിയിലെ ഭാര്‍ഗവി ക്കുട്ടി ,പൂച്ച, സാഹിത്യകാരന്‍ ഇല്ലാം മനസ്സില്‍ വന്നു. കുട്ടിക്കാലത്ത് പോലും ബ്ലാക്ക് & വൈറ്റ് സിനിമ ഇങ്ങനെ ബാധിച്ചിട്ടില്ല .പിന്നെയാണ് ഇപ്പോള്‍ എന്ന് മുഖം കോട്ടി തലേന്ന് രാത്രിയെ ഞാന്‍ മായിക്കാന്‍ ശ്രമിച്ചു.
ഡൈനിംഗ് റൂം ലക്ഷ്യമാക്കി നടന്നു . മേശപ്പുറം ആകെ ചന്തമില്ലാതെ കിടക്കുന്നു .കൂജ യഥാ സ്ഥാനത്ത് തന്നെ. പക്ഷെ റോ ബസ് റ്റ പഴത്തിന്റെ തൊലി മൂന്നു നാലെണ്ണം ചിതറിക്കിടക്കുന്നു. പഴവിരോധിയായ മകന്‍ ഇന്നലെ മൂന്നു പഴം ഒരുമിച്ചു തിന്നെന്നോ. നന്നായി ....
പിറ്റേ ദിവസം ഞാന്‍ പ്രേത സിനിമയൊന്നും കണ്ടില്ല .. ഉറക്കവും നന്നായി ..രാവിലെകളില്‍ മേശപ്പുറത്തു കിടക്കുന്ന പഴത്തൊലികള്‍ കണ്ടാല്‍ രാത്രി ഉറങ്ങാതെ ജോലി ചെയ്യുന്ന മകന്റെ ആഹാരം പഴത്തിലേക്ക് മാറി എന്ന് തോന്നും .` ഇവന് കുറച്ചു കൂടി വൃത്തിയില്‍ വച്ചുകൂടെ ഈ തിന്ന പഴത്തൊലികള്‍ ..പോകട്ടെ അവന്‍ പഴം തിന്നു തുടങ്ങിയല്ലോ.

പക്ഷെ ഇന്നലെ ഞാന്‍ ഒരു പ്രേത സിനിമ കണ്ടു ഉറങ്ങാന്‍ കിടന്നതും ഭാര്‍ഗവിക്കുട്ടിക്കു പകരം ചെറിയ കത്തിയുമായി വട്ടമുഖമുള്ള പാവക്കുട്ടി ഷെല്‍ ഫില്‍ നിന്നും ചാടി വീഴുന്നതായി എനിക്ക് തോന്നി. തൊണ്ട വരണ്ടു ..ഡൈനിംഗ് റൂമില്‍ മേശപ്പുറത്തു വെള്ളം നിറച്ച കൂജ യുണ്ടല്ലോ .പഴവും ഉണ്ട് .എഴുന്നേറ്റു വെള്ളം കുടിച്ചു പേടി തീര്‍ക്കാം ...കൂജ കയ്യിലെടുത്തതും അതാ നില്‍ക്കുന്നു ഒരു ഇരുട്ടിന്റെ കട്ട എന്റെ മുന്‍പില്‍. ഇത്തവണ അത് കുത്തിയിരുന്ന് പഴം തിന്നുകയാണ്.
ഉറക്കത്തില്‍ കണ്ണട പതിവില്ലാത്ത തുകൊണ്ട് ഇത്തവണയും മുഖത്ത് കണ്ണട യില്ല .ലൈറ്റ് ഇട്ടതും ഞാന്‍ അതിനെ ഒരു നോക്ക് കണ്ടു. മേശപ്പുറത്തു നിന്നു പതുക്കെ ചാടി ജനലിനരികിലേക്ക് നടന്നു ,പിന്നെ ,കര്‍ട്ടനു അടിയിലേക്ക് മറഞ്ഞു നീങ്ങി ജനല്‍ ചാടിക്കടന്നു മറഞ്ഞ ആ ഇരുട്ടിന്റെ കണ്ടത്തെ...അത് ഇതാ ഏക ദേശം ഇങ്ങനെ യിരുന്നു.മുകളിലെ ചിത്രത്തിലേത് പോലെ ..

No comments: