Monday, April 27, 2009

ചാരുലത

ചാരുലത
കണ്ണാടിക്ക് മുമ്പിലിരുന്നു ചാരുലത അലറിക്കരഞ്ഞു .മുറിയില്‍ അതുകേള്‍ക്കാന്‍ പക്ഷെ ആരും ഉണ്ടായിരുന്നില്ല . എന്നിട്ടും നിര്‍ത്താതെ കണ്ണ് പൊത്തിയും തലമുടി മാന്തി പറിച്ചും വെളുത്തു മിന്നുന്ന ഭംഗിയുള്ള കൈത്തണ്ട പിച്ചി പ്പറിച്ചുംഅവള്‍ കണ്ണാടിയില്‍ നോക്കി സ്വന്തം ഉടലിനെ ആക്രമിച്ചു കൊണ്ടിരുന്നു .കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ ആഗ്രഹിച്ചു അവള്‍ . ഉടല്‍ കീറി പറിക്കാന്‍ ഒരു മണ്ണുമാന്തി വേണമെന്ന് അവള്‍ അതിയായി മോഹിച്ചു. ഏറ്റവും സ്നേഹ ശൂന്യമായ അവളുടെ നോട്ട മേറ്റ് തോളിനു ഇരുവശവും ഒഴുകി യിറങ്ങിയ നീണ്ട പിന്നിയിട്ട തലമുടി അവളുടെ മാറിടത്തില്‍ പറ്റിച്ചേര്‍ന്നു നിന്ന് കോപത്തില്‍ നിന്ന് രക്ഷപ്പെടുതാനെന്നപോലെ മുലകളെ മറച്ചു. അല്ലെങ്കിലുംപിന്നിയിട്ടതോ അല്ലാത്തതോ ആയ അവളുടെ നീണ്ട മുടി പ്രകൃതി ക്ഷോ ഭങ്ങള്‍ എന്നപോലെ നിനച്ചിരിക്കാതെ വരുന്ന ആക്രമണങ്ങളെ തടുക്കാനായി എന്നും മുന്നിലുണ്ടായിരുന്നു . കുട്ടിക്കാലത്ത് അവള്‍ സ്നേഹിച്ച അവളുടെ ഒരേ ഒരവയവം . ഇരുവശം പിന്നി ത്തീരേണ്ട താമസം അവ മുന്നിലേക്ക് കേറി നിന്ന് സ്കൂളിലേക്കുള്ള അവളുടെ യാത്രയില്‍ മാറിലേക്ക്‌ വരുന്ന അസ്ത്രങ്ങള്‍ക്ക് പരിചയായി നിന്നു.ഇന്ന് ഉടലിനു ചുറ്റും പാറി നിന്നു അവളെ കണ്ണാടിക്കു മുന്‍പില്‍ നിന്നും മറച്ചു നിര്‍ത്താന്‍ ഓരോ ഇഴകളും ആഗ്രഹിക്കുന്നത് പോലെ .
പതുക്കെ പ്പതുക്കെ കെട്ടുകള്‍ അഴിചെടുക്കനെന്നവണ്ണം ചാരുലത അവയെ തലോടി . അവള്‍ക്കറിയാം എന്നും അവള്‍ക്കു ഉടലില്‍ അനേകം കൈകളായി നിന്നു അവ അവള്‍ക്കു വേണ്ടി പോരടിച്ചിട്ടുണ്ട് .അവ അവളെ ആപത്തില്‍ നിന്നു രക്ഷിക്കാന്‍ വേഷപ്പകര്‍ച്ചകള്‍ നടത്തുമെന്നും പാമ്പായോ , അരണയോ ഒന്തോ പുലിയോ സട കുടഞ്ഞു എണീക്കുന്ന സിംഹം തന്നെ യായോ അത് പരിണമി ക്കുമെന്ന് അവള്‍ വിശ്വസിച്ചു .കുട്ടിക്കാലത്ത് കണ്ട സ്വപ്നങ്ങളില്‍ അഴിച്ചിട്ട മുടിയുമായി കൈകളില്‍ വാളും ചോരയിറ്റുന്ന തലയുമായി നിന്ന കാളിയായിരുന്നു അവള്‍ക്കു അമ്മ . അമ്മ ആരുടേയും തല അറുത്തിട്ടില്ല . ചിലപ്പോള്‍ ആഗ്രഹിച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ അമ്മക്ക് എങ്ങനെ സ്വന്തം ശരീരത്തിനോട്‌ ക്രൂരത ചെയ്യാന്‍ കഴിഞ്ഞു .തല കയര്‍ കുരുക്കില്‍ കുടുക്കി എങ്ങനെ മരിക്കാന്‍ കഴിഞ്ഞു .കുരുക്കില്‍ തല നീട്ടി വക്കുമ്പോള്‍ അത് ഉടലും തലയും വികാരവും വിചാരവും എല്ലാം മുറിച്ചു കളയുന്ന ഒരു അറുക്കല്‍ തന്നെ യായിരുന്നില്ലേ .

അമ്മ കണ്ണാടിയില്‍ പ്രത്യക്ഷപ്പെട്ടു സ്വന്തം പ്രവര്‍ത്തിക്ക് വിശദീകരണം തരുമെന്നു പ്രതീക്ഷിചിട്ടെന്നവണ്ണം ചാരുലത മുടി കൊണ്ട് മൂടിപ്പുതച്ച ശരീരവുമായി അതിലേക്കു തുറിച്ചുനോക്കി . " ചോദ്യത്തി നൊന്നുമല്ല എനിക്ക് ഉത്തരം വേണ്ടത് " ചാരുലത കണ്ണാടിയില്‍ തുറിച്ചു നോക്കി കൊണ്ട് തന്നെ പറഞ്ഞു . അമ്മ കാളി യല്ലായിരുന്നിരിക്കാം , ഒരു ദാരികനെയും കൊന്നിട്ടുമില്ലായിരിക്കാം . പകരം സ്വന്തം കഴുത്തില്‍ കുരുക്കിട്ടു ഒടിച്ചുലച്ചു ദാരികമാരുടെ മേല്‍ ചോരകൊണ്ട് കുരുതിയാടി അപ്രത്യക്ഷയായതായിരിക്കാം . അമ്മയുടെ ജീവിതം അവള്‍ക്കിപ്പോള്‍ പുരാണം പോലെ പഴയതായി.
പക്ഷെ തോറ്റമ്പി നില്‍ക്കുന്ന ഒരമ്മയെ താന്‍ കൊണ്ട് നടക്കുന്നുണ്ട് . കണ്ണാടിയിലേക്ക് വീണ്ടും നോക്കുമ്പോള്‍ അവള്‍ക്ക് അമ്മയെ കണ്ടതായി തോന്നി . ചാരുലത അലറി ക്കരഞ്ഞു . അവളുടെ നിഴലും അത് തന്നെ ചെയ്തു .
ഉടല്‍ ഒരു തട വറ ആണെന്ന് എപ്പോഴാണ് അവള്‍ക്കു തോന്നി തുടങ്ങിയത്? അതില്‍ നിന്നുള്ള മോചനം മരണം മാത്രമാണോ എന്നാണു അവള്‍ക്ക് അറിയേണ്ടത് .ചാരുലത തുറിച്ചു നോക്കുന്ന സ്വന്തം കണ്ണുകളിലേക്കു നോക്കി ചുണ്ടനക്കി. "പറ , കഴുത്തില്‍ കുരുക്കിട്ടാണോ ഞാന്‍ ഉടലിന്റെ തടവറയില്‍ നിന്നു ചാടേണ്ടത്‌ ? ഉടലറ പൊളി ക്കേണ്ടത് ?"
പത്തു വയസ്സിനു ശേഷം ചാരുലത അമ്മയെ ക്കുറിച്ച് അങ്ങനെ ചിന്തിക്കാ റില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ കണ്ണാടിയില്‍ അമ്മയെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ചുഴിഞ്ഞു നോക്കി . അമ്മ പ്രത്യക്ഷപ്പെടുമോ ഒരു ഉത്തരവുമായി .ഒരു പക്ഷെ അമ്മക്ക് ഒന്നേ പറയാനുണ്ടാവൂ " നീ ഞാന്‍ ചെയ്തതുപോലെ ചെയ്യൂ മോളെ , വേറെ എന്ത് വഴി ? ഉടലിനെപ്പറ്റി ബോധം വന്നു പോയാല്‍ ഒന്നുകില്‍ അതിനെ മൂടി പൊതിഞ്ഞു അതില്ലെന്നു ഭാവിച്ചു ജപമാലയുമായി ദൈവമേ എന്ന് വിളിച്ചു ആകാശത്തേക്ക് നോക്കി വാവിട്ടു നിലവിളിക്കുക . കണ്ണാടിയില്‍ നോക്കിയാല്‍ നീ വീണ്ടും നിന്റെ ശരീരം കണ്ടുപോകില്ലേ ?അതിന്റെ സാന്നിധ്യം അറിഞ്ഞു പോകില്ലേ അതുകൊണ്ട് മോളെ ആദ്യം നീ അതിനു മുന്‍പില്‍ നിന്ന് മാറു‌, അത് നിന്റെ കണ്ണെന്ന വിധം പൊട്ടിച്ചു കളയൂ... ."

ഉത്തരത്തില്‍ തനിക്കു താത്പര്യമില്ലെന്ന് ചാരുലത തല ഒരു വശത്തേക്ക്‌ ചരിച്ചു തൂങ്ങിയാടുന്ന ,നൈറ്റിയിട്ട ഉടലുമായി ആടി ക്കൊണ്ടേ യിരിക്കുന്ന അമ്മയെ കണ്ണാടിയില്‍ കണ്ടിട്ടെന്ന പോലെ പറഞ്ഞു .. ഇനി എന്ത് പറയാന്‍ ? അമ്മയുടെ തുറിച്ച് പുറത്തു ചാടാനോരുങ്ങുന്ന കണ്ണിലേക്കു നോക്കിയിരുന്നു കരയാന്‍ മറന്ന പഴയ എട്ടു വയസ്സുകാരി ചാരുലത യായി അവള്‍ .പാവം അമ്മ

-പക്ഷെ നിമിഷ നേരം മാത്രമേ ചാരുലത ചിന്തയില്‍ തളഞ്ഞു നിന്നുള്ളൂ .കറുത്ത് തഴച്ച മുടിക്കടിയില്‍ നിന്ന് മറഞ്ഞിരിക്കുന്ന സ്വന്തം ഉടല്‍ പിടഞ്ഞു ജ്വലിക്കുന്നത് അവള്‍ക്കു അറിയാനായി . ഇരുപതു വയസ്സില്‍ ഉടല്‍ ഉപേക്ഷിക്കാന്‍ തനിക്കും തോന്നിയിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട് .ചാരുലത സ്വന്തം ഉടലിനോട് പിറു പിറുത്തു ." പക്ഷെ ഒന്നുണ്ട് , അമ്മയെ അനുകരിക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത് . ഉടല്‍ ചാട്ടമാണ് , ഉടലില്‍ നിന്നുള്ള പുറത്തു ചാടല്‍ . അതിനു ഒന്നോ രണ്ടോ വഴി മാത്രമല്ല ഉള്ളത് . ..അതെന്താണ്..?
മനസ്സിലായി എന്നാ മട്ടില്‍ ചുറ്റും കൂടി വളഞ്ഞു നിന്ന മുടി നാരുകള്‍ അവളെ ഇക്കിളി പെടുത്താന്‍ എന്ന പോലെ ഉടലില്‍ ഉരസി. വടക്കന്‍ പാട്ടിലെ ഏതെങ്കിലും വീര നായകന്‍ മുടിക്കെട്ടിനടിയില്‍ നിന്ന് തന്റെ പിന്‍കഴുത്തില്‍ ഉമ്മവക്കുന്നുണ്ടോ എന്ന് അവള്‍ പതിയെ മുടിക്കകത്തേക്ക് നോക്കി

. താന്‍ കാമുകന്മാരെ പ്പറ്റി ചിന്തിക്കുകയോ ? കാമുകന്മാര്‍ നോട്ടം കൊണ്ട് കീറി പ്പറിച്ച ഉടലുമായാണ് താന്‍ നടക്കുന്നത് തന്നെ. മുടിപിന്നിലെക്കും വശങ്ങളിലേക്കും വിടര്‍ത്തിയിട്ടു അതിനെ സംരക്ഷിച്ചു നടക്കുകയാണ് ഓര്‍മ്മ വച്ച നാള്‍ മുതല്‍ . അങ്ങനെ യാണത് തനിക്കു ഒരു ഭാരമായത്. നോട്ടങ്ങള്‍ ഏറ്റു, അതിന്റെ ചൂടേറ്റു കരിഞ്ഞ കൈകളും ഉടലുമാ ണിത്....ചാരുലത ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
ഓരോ വൈകുന്നേരവും കണ്‍ ഏറു കൊണ്ട് പൊള്ളി വെന്ത ഉടലിനെ കുളിപ്പിച്ച് അമ്മ വന്ദിക്കുന്ന എല്ലാ ദൈവങ്ങളുടെയും മുന്പില്‍ ഉള്ളില്‍ നിരനിരയായി വന്നു കൊണ്ടിരുന്ന ചോദ്യങ്ങളില്‍ ചിലത് അവള്‍ ചോദിച്ചിട്ടുണ്ട് .
നിസ്സാര ചോദ്യങ്ങളെന്നു തീരുമാനിചിട്ടയിരിക്കാം ദൈവങ്ങള്‍ അതിനുത്തരമൊന്നും പറഞ്ഞില്ല ..

." നിനച്ചിരിക്കാതെമഴപെയ്യുന്ന വൈകുന്നേരങ്ങളില്‍ എന്തിനാണ് പുസ്തകങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്ത് പരവേശത്തോടെ വീട്ടിലേക്കു പായുന്ന തന്നെ നോക്കി ,എന്താ ,ചന്തം ഓട്ടത്തിന് എന്ന് വഴിയോരക്കടകളിരുന്നു ചിരിച്ചു ആണ്‍ ശബ്ദങ്ങള്‍ താന്‍ ഓടിയ ഓട്ട ങ്ങളെ എല്ലാം ഒറ്റയടിക്ക് വലിച്ച് വെട്ടിച്ചുരുക്കിയത് ? കണംകാലിനെയും പാദങ്ങ ളേയും വെണ്ണ യോടുപമിച്ച് തന്റെ മനസ്സിലെ പിറക്കാനിരിക്കുന്ന കവിതകളെ പ്പോലും എന്തിനാണ് അവര്‍ ഇല്ലായ്മ ചെയ്യുന്നത് ? മഴയും മേഘവും കാറ്റും വെയിലും ചന്തം നിറയ്ക്കുന്ന ഭൂമിയില്‍ അവ എനിക്ക് മാത്രം പേടിപ്പിക്കുന്നതും അലോസര പ്പെടുത്തുന്നതായി മാറ്റുന്നതെന്തിനാണ്. ?".............കാറ്റടിച്ചു പൊങ്ങുന്ന പാവട , വെയില്‍ കൊണ്ട് തുടുക്കുന്ന മുഖം ..എല്ലാം ഇങ്ങനെ റാഞ്ചിക്കൊണ്ട് പോകുന്നതാരാണ് ?"
ഇങ്ങനെ പോയി ചോദ്യങ്ങള്‍ ................വാക്കുകളുടെ തൊണ്ട് മാത്രം അവശേഷിപ്പിച്ചു കൊണ്ട് എല്ലാം ശബ്ദരഹിതമായി നിന്നു. പെണ്‍കുട്ടികളുടെ ഇത്തരം നിസ്സാരപ്രശ്നങള്‍ക്ക് ഉത്തരം കണ്ടെത്തി കൊടുക്കലല്ല ദൈവത്തിനും വലിയവര്‍ക്കും പണി എന്നാവും മൌനത്തിന്റെ പൊരുള്‍ . കാനിബാള്‍സ് എന്നൊരു കൂട്ടര്‍ ഇല്ലെന്നു ടീച്ചര്‍ പറഞ്ഞത് കുട്ടിക്കാലത്ത് അവള്‍ വിശ്വസിച്ചു. പക്ഷെ അയല്‍പക്കക്കാരന്‍ ചേട്ടന്‍ ഐസ്ക്രീം നുണയുന്നതിന്റെ കൂടെ തന്നെയും തിന്നു തീര്‍ത്തപ്പോള്‍ അവള്‍ ടീച്ചര്‍ പറഞ്ഞതിനെ അവിശ്വസിച്ചു .

അമ്മ ഉണ്ടായിരുന്നെങ്കില്‍. താന്‍ പറയുന്നത് അമ്മക്ക് മനസ്സിലാകുമായിരുന്നോ . പെണ്ണാ യിരിക്കാന്‍ എളുപ്പമല്ലെന്ന് മാത്രം അമ്മക്ക് മനസ്സിലായിരുന്നു . അത് അമ്മ പറയുന്നത് അവള്‍ കേട്ടിരിക്കുന്നു ,പലതവണ . എളുപ്പമില്ലായ്മയെ അമ്മ വെറുതെ ഒരു ചരടിന്‍ തുമ്പില്‍ കോര്‍ത്തു.

ഇപ്പോള്‍ കണ്ണ് കീറാത്ത പട്ടിക്കുഞ്ഞുങ്ങളെ പോലെ വാക്കുകള്‍ അവളുടെ ചുറ്റും തപ്പിനടക്കുന്നതായി ചാരുലത കണ്ടുകൊണ്ടിരുന്നു .ഒരു വേള തന്റെ പരാധീനതകള്‍ക്കെല്ലാം കാരണം മുല കളായിരിക്കുമോ ? തേമ്പിയ ചന്തിയും ഉണങ്ങി വലിഞ്ഞ തൊലിയുമായി ഒറ്റ രാത്രികൊണ്ട്‌ വൃദ്ധ യായി തീര്‍ന്നെങ്കില്‍ എന്ന് എത്ര തവണ ആഗ്രഹി ച്ചിരിക്കുന്നു .ആഗ്രഹങ്ങള്‍ വെറുതെ അലയുകയല്ലാതെ അവളുടെ മിന്നുന്ന തൊലി തൂങ്ങിയാടുകയോ കണ്ണിലെ തീ കെടുകയോ ചെയ്തില്ല .
.അലറിക്കരഞ്ഞും ഉടല്‍ പിച്ചി പറിച്ചും ചാരുലത കണ്ണാടിക്കുമുന്പില്‍ ഇരിക്കുക തന്നെ യാണ് .ഇനി അവള്‍ക്കു ഒരടവുകൂടി പരീക്ഷിക്കാനുണ്ട് ..........
.ഉടല്‍ അവളെ അടയാള പ്പെടുത്തിക്കഴിഞ്ഞു , അവള്‍ക്കു ഒരവസരം പോലും ലഭിക്കുന്നതിനുമുന്പേ അത് അവള്‍ ആരെന്നു നിശ്ചയിച്ചും കഴിഞ്ഞു .അവള്‍ക്കു ഉടല്‍ ചാടിയേ മതിയാവൂ . അവള്‍ക്ക് അവളെ സ്വയം അടയാളപ്പെടുത്തണം . ചാട്ടം അനിവാര്യമാണ് , ചാരുലത പറഞ്ഞു കൊണ്ടിരുന്നു . 'ഞാന്‍ അടയാള പ്പെടുത്തും എന്റെ ഉടലിനെ . ചാരുലത ഉടലിനോട് പറഞ്ഞു . "എന്റെ പരാധീനതകള്‍ക്കെല്ലാം കാരണം നിങ്ങളാണ് ." ചാരുലത മുല കളെ ഓര്‍മ്മിപ്പിച്ചു ."നിങ്ങള്‍ ഇംഗ്ലീഷില്‍ മാമ്മറി ഗ്ലാന്റ്സ് ആണ്, അമ്മിഞ്ഞയെന്നു തനി മലയാളത്തില്‍ പറയാം , സ്തനമെന്നു സംസ്കൃതത്തിലും പറയാം .. ലോകഭാഷകളില്‍ നിങ്ങള്‍ക്കു ഇനിയും പേരുകള്‍ ഉണ്ടാകാം . അത് പോകട്ടെ........." ചാരുലത അവയെ വൈരാഗ്യ പൂര്‍വ്വം നോക്കി പിറുപിറുത്തു .
ഇങ്ങനെ മുലകളുടെ പര്യായ പദങ്ങള്‍ പറഞ്ഞു കൊണ്ട് അവള്‍ പരന്നതല്ലാത്ത തന്റെ മാറ് ഉള്ളിലേക്ക് വലിച്ചും ഉടല്‍ അകത്തെക്കാക്കി വളഞ്ഞും നിന്നു ഉടല്‍ കുലുക്കി .വീണ്ടും വീണ്ടും കുലുക്കി . കിരീടവും ചുവന്ന പട്ടു മായി ഭാഗവതിക്കുമുന്പില്‍ തെയ്യവേഷം എന്നതുപോലെ കണ്ണാ ടിക്കു മുന്‍പില്‍ ചാരുലത ഉടല്‍ വളച്ച് അകത്താക്കി കുനിഞ്ഞു കുലുങ്ങി നിന്നു . കുലുങ്ങി ക്കൊണ്ടെയിരുന്നു. നോക്കി നില്‍ക്കെ തന്റെ മുലകള്‍ ഞെട്ടറ്റു താഴെ വീഴുന്നതും നിരുന്മേഷത്തോടെ അവ ഉരുണ്ടു രുണ്ട് മുറ്റവും ഗേറ്റും കടന്നു അപ്രത്യക്ഷമാവുന്നതും ചാരുലത കണ്ടു.
ചാരുലത ദീര്‍ഘ മായി നിശ്വസിച്ചു . പെട്ടെന്ന് ശരീരമില്ലാതെ ഒഴുകി നടക്കുന്ന ആത്മാവുമാത്രമായ കാവ്യനായികയായി മാറിയതുപോലെ ചാരുലത ഉടലറയുടെ വാതില്‍ക്കല്‍ നിന്നു .
വിടുതല്‍ നേടിയ ഉടലുംമനസ്സുമായി ചാരുലത വീണ്ടും കണ്ണാടിക്കു മുന്പിലിരുന്നു . അവളുടെ കണ്ണുകള്‍ തോര്‍ന്നും തെളിഞ്ഞുമിരുന്നു . നീണ്ടു കനത്തു ഉടല്‍ മൂടിനില്‍ക്കുന്ന മുടിയെ അവള്‍ ആദ്യമായി വാത്സല്യത്തോടെ നോക്കി ,അവ അവള്‍ക്കു പിന്നില്‍ ഒതുങ്ങി നിന്നു . നഗ്ന മായ ഉടല്‍ കണ്ണാടിയില്‍ പ്രതിബിംബിച്ചു , തിളങ്ങി നിന്നു . ഉടലിനോട് അവള്‍ കൈവിരലുകള്‍ കൊണ്ട് സംസാരിക്കാനാരംഭിച്ചു . ഓരോ തലോടലിലും അവള്‍ അവളെ ഉണ്ടാക്കി കൊണ്ടേയിരുന്നു . തണുത്ത തുടകളും മിനുങ്ങുന്ന കാലുകളുമായി പ്യൂപ്പയില്‍ നിന്നു പുറത്തുവന്ന പൂമ്പാറ്റയെ പോലെ അവള്‍ കണ്ണാടിക്കു മുന്പിലിരുന്നു.
അവളുടെ കണ്ണുകള്‍ തോര്‍ന്നും തെളിഞ്ഞുമിരുന്നു .നീണ്ടു കനത്ത ഉടല്‍ മൂടി നില്‍ക്കുന്ന മുടിയെ അവള്‍ ആദ്യമായി വാല്‍സല്യത്തോടെ നോക്കി .അവ അവള്‍ക്കു പിന്നില്‍ ഒതുങ്ങി നിന്നു. നഗ്നമായ ഉടല്‍ കണ്ണാടിയില്‍ പ്രതിബിംബിച്ചു , തിളങ്ങി നിന്നു. ഉടലിനോട് അവള്‍ കൈവിരലുകള്‍ കൊണ്ട് സംസാരിക്കാനാരംഭിച്ചു. ഓരോ തലോടലിലും അവള്‍ അവളെ ഉണ്ടാക്കി കൊണ്ടേയിരുന്നു. തണുത്ത തുടകളും മിനുങ്ങുന്ന കാലുകളുമായി പ്യൂപ്പയില്‍ നിന്നു പുറത്തുവന്ന പൂമ്പാറ്റയെ പോലെ അവള്‍ കണ്ണാടിക്കു മുന്‍പില്‍ ഇരുന്നു ; ഉടലില്‍ പുതായികിളിര്‍ത്ത അകിടുകലുമായി, കാമധേനുവായി. ഉപമയും ഉപമാനങ്ങളും രൂപകങ്ങളും പര്യായ പദങ്ങളും കുടഞ്ഞെറിഞ്ഞു ഉടലില്‍ പുതിയ ഉടലില്‍ അവള്‍ അവളായി -ചാരുലതയായി ദൃശ്യ പ്പെടാനൊരുങ്ങി.

(മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 584 ലില്‍ , ഏപ്രില്‍ 27 th 2009 ,പ്രസിദ്ധീകരിച്ചത് )

No comments: