ശബ്ദമില്ലാത്തവരുടെയും വാക്കുകള്‍ ഇല്ലാത്തവരുടെയും ലോകത്തെ ഭാഷ , വസ്തുക്കളുടെതും നിറങ്ങളുടെതുമാവാന്‍ തരമുണ്ട് . ഇന്നലെ ചെറുപ്പക്കാരായ മുപ്പതോളം കേള്‍വിയും വാക്കുകളുമില്ലാത്ത കുട്ടികളുടെ ലോകത്ത് ചെന്നപ്പോള്‍ ..ഇവരുടെ ,ലോകങ്ങളിലേക്ക് എത്ര കുറച്ചാണ് ഞാന്‍ മനസ്സുകൊണ്ടെങ്കിലും കടന്നിട്ടുള്ളത് എന്നോര്‍ത്തു..ഏറ്റവും കുറച്ചാണ് ഞാന്‍ അവരേക്കുറിച്ചും അവര്‍ എങ്ങനെ ശബ്ദം നിറഞ്ഞ ലോകത്ത് നിലനില്ക്കുന്നു എന്നും വേവലാതി പെട്ടിട്ടുള്ളത് . ചായങ്ങളും അതിന്റെ വിന്യാസങ്ങളും കണ്ടു ഇരുപതു വയസ്സിനു താഴെ പ്രായം വരുന്ന ഊര്ജ്വസ്വലരായ ആ കുട്ടികള്‍ കൈകൊട്ടി സന്തോഷിക്കുന്നു. അവരുടെ രൂപം ക്യാന്‍ വാസില്‍ പകര്‍ത്തി കൊടുക്കുന്ന ചിത്രകാരുടെ മുന്‍പില്‍ വരക്കപെടാന്‍ ഇരുന്നും ക്യാന്‍വാസില്‍ പതിഞ്ഞ തങ്ങളെ ക്കണ്ട് നന്നായിരിക്കുന്നു എന്ന് ആഹ്ലാദിച്ചു ചിരിക്കുകയും ചെയ്യുന്നു. അവര്‍ വസ്തുക്കളെ അറിയുന്നത് ശബ്ദങ്ങളില്‍ കൂടി യല്ലാത്തതുകൊണ്ട് തന്നെ അവര്‍, നമ്മള്‍ ആംഗ്യ ഭാഷയില്‍ പറയുന്ന, വസ്തുക്കളില്‍ ഊന്നിയ കാര്യങ്ങള്‍ മാത്രമെ മനസ്സിലാക്കുന്നുള്ളു എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ എന്റെ സംശയം അസ്ഥാനത്താണ് എന്ന് തോന്നിപ്പിച്ചു ഒരു പെണ്‍കുട്ടി വരച്ച ചിത്രം. ഓയില്‍ കളര്‍ പെയിന്റിംഗ്. അതില്‍ നീല നിറത്തിലുള്ള വെള്ളവും വെള്ളത്തില്‍ ഒരു യുവതിയും ജനിച്ചു ദിവസങ്ങളോ നിമിഷങ്ങ ളോ പ്രായമായ കുഞ്ഞും കിടക്കുന്നു .ചുറ്റും മത്സ്യങ്ങള്‍ കുഞ്ഞിനെ വലം ചെയ്തു നീന്തി തുടിക്കുന്നുണ്ട്. ഇതാണ് ചിത്രത്തിന്റെ എമ്പരിക്കല്‍ റിയാലിറ്റി .എന്നാല്‍ ചിത്രം വരച്ച പെണ്‍കുട്ടി പറഞ്ഞു .."അവിഹിത ഗര്‍ഭം ധരിച്ച ഒരു യുവതി കുഞ്ഞിനെ വെള്ളത്തില്‍ ഉപേക്ഷിക്കുന്നതും തീറ്റ യാണെന്ന് കരുതി മത്സ്യങ്ങള്‍ കുഞ്ഞിനെ തിന്നാന്‍ അടുക്കുന്നതും ഇളകുന്ന വെള്ളമായി ദൈവം പ്രത്യക്ഷപ്പെട്ടു കുഞ്ഞിനെ രക്ഷിക്കുന്നതുമാണ് 'അവള്‍ വരച്ചത് എന്ന്. ഈ കുട്ടികള്‍ക്ക് വസ്തുക്കളുടെ ലോകത്ത് നിന്ന് ആശയങ്ങളുടെ ലോകത്തേക്കും കടക്കാന്‍ കഴിയും എന്നത് തീര്‍ച്ചയായും എന്നെ സന്തോഷിപ്പിച്ചു..
പേരറിയാത്ത വസ്തുക്കളില്‍ നിന്നു അവര്‍ ആശയങ്ങളുടെ ലോകം മെനയുന്നത് എങ്ങനെയായാലും അവര്‍ അതുണ്ടാക്കുന്നു എന്നുള്ളതാണ് പ്രധാനം ..അവര്‍ക്ക് ചിരിക്കാനറിയാം കരയാനും എന്നാല്‍ അവര്‍ക്ക് ചിരി എന്നോ കരച്ചില്‍ എന്നോ ഉള്ള വാക്കില്ല , അതിന്റെ ശബ്ദമില്ല. ....
ഈ നല്ല ദിവസത്തിന് മൂകലോകത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് നന്ദി !അവര്‍ക്ക് നല്ലത് വരട്ടെ .
No comments:
Post a Comment