Saturday, December 14, 2013


നസ്രീൻ മൊഹമ്മദിയെ വീണ്ടും സന്ദർശിക്കുമ്പോൾ 


ആധുനിക ഇന്ത്യൻ ചിത്രകലയിൽ തന്റെ സമകാലികരായ കലാപ്രവർത്തകരുടെ ശൈലികളിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിച്ച്  സ്വന്തമായി ഒരു ഇടം സൃഷ്ടിച്ച പ്രതിഭാശാലിയാണ് നസ്രീൻ മുഹമ്മദി . അവരുടെ ചിത്രകലയെ ഒന്ന് സ്പർശിച്ച് പോവുക മാത്രമാണ് ഈ ചെറിയ കുറിപ്പിൽ. നസ്രീൻ ജനിച്ചത്‌ 1937 ൽ ആണ് 1990 ൽ  മരണപ്പെട്ടു. അൻപത്തി മൂന്നു വയസ്സിൽ അന്തരിക്കും  വരെ ചിത്രരചനയിൽ മുഴുകി ജീവിച്ചു 
   സ്വാതന്ത്ര്യാനന്ത ര ഇന്ത്യൻ ചിത്ര കല പൊതുവെ അഭിരമിച്ചിരുന്നത് രൂപാധിഷ്ടിതമായതോ , പ്രതീകാത്മകമായതോ സൂചനകൾ നിറഞ്ഞതോ, ധ്വന്യാത്മകമായതോ, കാലപ്പനിക മായതോ  ആയ രചനാ മാതൃകകളിൽ ആണ്. അത്തരം അഭിരുചികളിൽ നിന്ന് വ്യതിരിക്തമായ സവിശേഷമായ ശൈലി നസ്രീൻ മുഹമ്മദി തന്റെ രചനകളിൽ പരീക്ഷിച്ചു 



             നസ്രീൻ മൊഹമ്മദി പരമ്പരാഗത രീതിയിലുള്ള പ്രതിനിധാന ചിത്ര ണ  ശൈലിയെ പിൻതുടരാൻ ആഗ്രഹിച്ചില്ല.   അവരുടെ സമകാലികരായ പ്രശസ്തരും മൗലിക പ്രതിഭകളുമായ  ഭൂപൻ ഖാക്കർ , ഗുലാം മുഹമെദ് ഷെയ്ഖ്,,അർപ്പിത  സിംഗ്, ജെ സ്വാമിനാഥൻ തുടങ്ങിയവരുടെ രചനകളുമായി ചേർത്ത് വച്ചാലോചി ക്കുമ്പോൾ ആണ്  നന്സ്രീൻ മുഹമ്മദി യുടെ വേറിട്ട അന്വേഷണത്തെ നാം തിരിച്ചറിയുക.  രചനാശൈലിയിയിലും, സൌന്ദര്യ ശാസ്ത്ര  വീക്ഷ ണങ്ങളിലും  അവരുടെ സമകാലികരിൽ നിന്ന് അവർ വ്യത്യസ്‌ത യായിരുന്നു.  

              നസ്രീൻ മുഹമ്മദിക്കു മുൻപ് ഇന്ത്യൻ ചിത്രകലയിൽ പാശ്ചാത്യ മാതൃകകളെ പിൻപറ്റിയുള്ള  അമൂർത്ത ചിത്രരചനാ സമ്പ്രദായം ഉണ്ടായിരുന്നില്ല  എന്ന്  അതിനർത്ഥ മില്ല . മുതിർന്ന ബോംബെ സ്കൂൾ ചിത്ര കാരന്മാരായിരുന്ന വസുദേവോ  ഗൈടോൻടെ ( Vasudeo S. Gaitonde (1924–2001) ജേറാം   പട്ടേൽ  തുടങ്ങിയ കലാകാരന്മാർ നസ്രീനിൻറെ മുന്പും പിന്നീടും   അമൂരത്ത രചനകൾ നടത്തിയിരുന്നു.സുഹൃത്തും സഹാധ്യാപകരുമായി ബറോഡയിൽ ജേറാം പട്ടേൽ നസ്രീന്റെ കൂടെ ഉണ്ടായിരുന്നതും അവരുടെ കലാന്വേഷണത്തിൽ സാരമായ സ്വാധീനമായിരുന്നിരിക്കണം.
       നസ്രീന്റെ രചനകളിൽ  യഥാതഥ വസ്തുക്കളുടെ ചിത്രീകരണമോ  അവയുടെ പ്രതിനിധാനങ്ങളോ കാണില്ലെങ്കിലും മനുഷ്യ നിർമ്മിതമായ പരിസ്ഥിതികളും പട്ടണപ്രാന്തങ്ങളും അടിസ്ഥാന പ്രമേയമായി ആ രചനകളിൽ സ്വാധീനമാകുന്നുണ്ട്. ഒരു പക്ഷെ അത്തരം നഗര വാസ്തു മാതൃകകളിൽ നിന്നുള്ള പ്രചോദനം അവരുടെ രചനകളിൽ മനുഷ്യന്റെ സൂക്ഷ്മമായ, ഭൗതികാതീത മായ,  നില നില്പ്പിന്റെ ചിത്രാന്വേഷണം ആയിത്തീർന്നു  എന്ന് പറയേണ്ടി വരും . മഷിപ്പേന കൊണ്ടും പെൻസിൽ കൊണ്ടും നിർമ്മിച്ച  ജ്യാമിതീയമായ ആ വരകൾക്ക്‌  ഭൌതിക ലോകത്തിന്റെ   അമൂർത്തമായ  താളാത്മകതയും താരള്യവും ഉണ്ടായിരുന്നു . ചിലപ്പോൾ  അവ കസിമിർ മാലേവിച്ചിന്റെ സുപ്പർമാറ്റിസ്റ്റ് മേളനങ്ങളെ   അല്ലെങ്കിൽ മോണ്ട്രിയ യാനെ ഓർമ്മിപ്പിച്ചു.അതേ സമയം അവ തന്റെ ചുറ്റുമുള്ള ജീവിതത്തിന്റെ സചേതനമായ അമൂർത്താവിഷ്കാരങ്ങൾ ആകണമെന്ന് അവർക്ക്  നിർബന്ധമുണ്ടായിരുന്നു എന്ന് തോന്നിപ്പിച്ചു.

               നസ്രീൻ തന്റെ കലാ വിദ്യാഭ്യാസം ലണ്ടനിലെ സെൻറ്  മാർടിൻസ്  സ്കൂൾ ഓഫ് ആർട്സിലും തുടർന്ന് 1961-63 ൽ പാരീസിലും ആയിരുന്നു പൂർത്തിയാക്കിയത്. പലയൂറോപ്യൻ  രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും ജപ്പാൻ, നോർത്ത്  അമേരിക്ക തുടങ്ങിയ രാജ്യങ്ങളും അവർ കലാ പ്രവര്ത്തനത്തിന്റെ ഭാഗമായി   സന്ദർശിച്ചു. പ്രസിദ്ധ കലാ വിമർശകയായ ഗീത കപൂർ  നിരീക്ഷിക്കുന്നത് പോലെ നമ്മുടെ ആധുനിക ചിത്രകാരിൽ പലർക്കുമെന്ന പോലെ  നസ്രീൻ മുഹമ്മദിയുടെ രചനകൾക്കും പ്രതിഭാശാലികളായ വിദേശ ചിത്രകാരന്മാരുടെ സ്വാധീനത്തിൽ പെട്ടും അതിൽ നിന്ന് മുക്തി നേടിയും മാത്രമേ തൻറേതായ ഒരു വഴി നിർമ്മി ക്കാൻ കഴിയുമായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ കാൻഡി ൻസ്കി യും  പോൾ ക്ലീയും നസ്രീൻൻറെയും അവരുടെ രചനകളുടെ പരിവർത്തന ഘട്ടത്തിൽ ഒരു സ്വാധീനമോ പ്രചോദനമോ ആയിരുന്നിട്ടുണ്ടാകാം. പുറം ലോകത്തിൻറെ കാഴ്ചാനുഭവത്തെയോ കാഴ്ചയെയോ ഒരു പ്രതി നിധാനം എന്ന നിലക്കല്ലാതെ അമൂർത്തമായൊരു ദൃശ്യാനുഭവമായി സ്വാംശീകരിക്കുകയും അതിനെ ചിത്ര തലത്തിൽ സന്നിവേശിപ്പിക്കുക യുമാണ്‌ നസ്രീൻ   അറുപതു കാലഘട്ടത്തിലെ രചനകളിൽ ചെയ്തത് . നസ്രീൻ തനിക്കു കാൻഡിൻ സ്കി രചനകളോടുള്ള  സമീപനം ഇങ്ങനെ വെളിപ്പെടുത്തുന്നു .  "Again I am reassured by Kandinsky-the need to take from an outer environment and bring it an inner necessity." ചുരുക്കത്തിൽ  യൂറോപ്യൻ abstract  expressionism ത്തിനു തുല്യമായ ഫ്രഞ്ച് കലാകാരന്മാരുടെ അമൂർത്ത  ചിത്ര  ശൈലീ പരീക്ഷണം നസ്രീൻ അറുപതുകളിലെ തന്റെ രചനകളിൽ പരീക്ഷിച്ചു.  
 മിനിമലിസ്റ്റ്  ചിത്ര സങ്കേതങ്ങളിൽ  ആഗ്നെസ് മാർടിൻ നസ്രീനെ സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു എഴുപതുകളിലെ അവരുടെ രചനകൾ . എഴുപതുകൾ ആകുമ്പോഴേക്കും നസ്റീൻ  തന്റെ ഭാവാത്മകതക്കും  ധ്യാനാത്മ കതക്കുമൊടുവിൽ പ്രകൃതി പ്രതിഭാസം സ്വയമേവ അതിൻറെ  ദൃശ്യതക്കപ്പുറം    തെളിഞ്ഞു വരുന്നതായി അനുഭവിച്ചിരുന്നിരിക്കണം .ആധുനികതയുടെ ഒരു സവിശേഷത തന്നെ പ്രത്യക്ഷ യാഥാർ ഥ്യ ങ്ങളെ / വസ്തുവിന്റെ പകർപ്പുകൾ ക്കപ്പുറം  ആഴത്തിൽ അറിയുകയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതായിരുന്നല്ലോ. 

നസ്രീൻ  ഫോമിലും, ശൈലികളി ലുമുള്ള നിരന്തര അന്വേഷണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടർന്നുകൊണ്ടേയിരുന്നു .സ്വന്തം രചനാ ശൈലിയെ നിരന്തരം പുതുക്കി ക്കൊണ്ടിരിക്കാൻ, സൃഷ്ടിക്കുന്ന ഓരോ രേഖയും ആകൃതിയും തന്നോട് എന്തു സംവദിക്കുന്നു എന്ന് അറിഞ്ഞു കൊണ്ടുള്ള  ഒരു മുന്നേറൽ. '  'My lines speak of troubled destinies/ of death/...Talk that I am struck/ by lightning or fire' ..എന്നിങ്ങനെ   കാവ്യാത്മകമായി തന്റെ ചിത്രരചനാ രീതികളിലെ പരീക്ഷണങ്ങളെ നസ്രീൻ വിശദമാക്കുന്നു. 



  വസ്തുക്കളുടെ' ഉള്ള്‌' മനുഷ്യരുടെ മനസ്സെന്നവണ്ണം ആഴത്തിലും അതിന്റെ വ്യത്യസ്തമായ തനിമയിലും അറിയാനും ആവിഷ്കരിക്കാനും ശ്രമിക്കുകയാണ് ഒരർത്ഥത്തിൽ , പ്രതിനിധാനപരതയിൽ നിന്ന് അപ്പുറം പോയിരുന്നു ആ രചനകളിൽ ക്കൂടി നസ്രീൻ ചെയ്തത് എന്ന് കരുതേണ്ടി വരും. തീർച്ചയായും ഒരു കാലാ കാരനും  കലാകാരിയും  തന്റെ ചിത്ര മെഴുത്ത് , ലോകത്ത്  ഏതെ ല്ലാം വിധത്തിൽ  കാഴ്ചക്കാരന്റെ ഇന്ദ്രിയങ്ങളെ  സംവേദന ക്ഷമമാക്കും അതിന്റെ സാധ്യതകൾ എന്തൊക്കെയാണ് എന്നൊന്നും അറിഞ്ഞല്ല രചനകൾ  നടത്തുന്നത്. ഇനി അങ്ങനെ ആണെങ്കിൽ  കൂടി അയാളുടെയോ  അവളുടെയോ വാഖ്യാനങ്ങൾ ക്കപ്പുറത്തെ ക്ക് പോകാൻ ആ രചനകൾ  ശക്തിയാർജ്ജിക്കുമ്പോൾ 
ആണ് അവ കലാസൃഷ്ടികളാവുന്നത്.

 നസ്രീന്റെ ചിത്രങ്ങളിലൂടെ വീണ്ടും കടന്നു പോകുമ്പോൾ അവരുടെ കല കാലത്തെ അതിജീവിക്കുന്ന വിധം വ്യാഖ്യാന മുക്തമായി നിലകൊള്ളുന്നു എന്ന് തോന്നുകയാണ്.

3 comments:

notowords said...

നന്ദി. ഈ കുറിപ്പിന്.
ഇതുപോലെ ഒരു കുറിപ്പ്‌ ജെ. സ്വാമിനാഥനെ പറ്റിയും വായിക്കാന്‍ തോന്നുന്നു..:)

savi said...

Theerchayaayum ...thank you for visiting :)

ബിനു ജോര്‍ജ് said...

കുറിപ്പിന് നന്ദി.