Thursday, December 5, 2013



'വഴി വെട്ടുന്നവരോട്'

    എൻ എൻ കക്കാടിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. 
ഇന്ന് എൻ  എൻ കക്കാടിന്റെ 'സഫലമീ യാത്ര'യുടെ പുന: പ്രസിദ്ധീ കരണത്തിൻറെ  പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ആ നേരം പലകാര്യങ്ങളും കാലങ്ങളും ഓർമ്മയിൽ വന്നു. പ്രി ഡിഗ്രീ പഠന കാലത്ത് പാഠപുസ്തകത്തിൽ ഇല്ലാത്ത  പുതിയ കവിതകളേയും   അവയുടെ രചയിതാക്കളെയും  പരിചയപ്പെടുത്തുന്ന  അധ്യാപകരുടെ  ക്ലാസിൽ നിന്ന് അയ്യപ്പ പ്പണിക്കർ, എൻ എൻ കക്കാട്, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവരുടെ കവിതകളെ പരിചയപ്പെട്ടതു മുതൽ കണ്ടതും പരിചയപ്പെട്ടതു മായ കവികളെക്കുറി ച്ചും അവരുടെ കവിതകളെക്കുറിച്ചും 

        1979 -ൽ  കലികാല കവിത എന്ന 'നല്ല ചില പുതിയ കവിതകൾ ' എന്ന രണ്ടാം തലക്കെട്ടോടെ ,പണിക്കർ  സാർ അടക്കമുള്ളവരുടെ രണ്ടും മൂന്നും കവിതകൾ ഉൾപ്പെട്ട  ചെറിയ ഒരു സമാഹാരം പ്രസിദ്ധീ കരിക്കപ്പെടുന്നതും അതിലെ കവിതകൾ വായിക്കുന്നതും . കക്കാടിന്റെ രണ്ടു കവിതകൾ അതിലുണ്ടായിരുന്നു. അന്ന് വായിച്ച 'വഴി വെട്ടുന്നവരോട്' എന്ന  കവിത ഇപ്പോഴും എന്നെ വിടാതെ പിന്തുടരുന്നു.


 പഴങ്കഥ യുടെ മൂശയിൽ ചിട്ടപ്പെടുത്തിയ അലിവും സ്നേഹവും മൃദുവായി വായനക്കാരെ ഉടനീളം തലോടി നിൽക്കുന്ന ഒന്നാണ് ആ കവിത.   പുതിയ വഴി വെട്ടാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും പുതു വഴി വെട്ടാതിരിക്കാൻ പ്രേരിപ്പിക്കുന്ന, അതിനെതിരെ ഉപദേശിക്കുന്ന  സാമാന്യ യുക്തികളെയും , അതിനായി നിരത്തുന്ന ന്യായങ്ങളെയും കവിത ഓർമ്മിപ്പിക്കുന്നു. 'വനവില്ലികൾ' എന്ന പിശാചുക്കളായാണ് അവരെ കവി കാണുന്നത്.   എന്നാൽ അതൊന്നും കൂസാതെ   വഴി വെട്ടാൻ തുനിഞ്ഞ് അതിൽ വിജയിയായ ആളെ ജനങ്ങൾ  സ്വീകരിക്കാതിരിക്കുന്നില്ല.ആനയും അമ്പാരിയും ആയി വരവേറ്റ തി നുശേഷം  ശേഷം  ദേവിക്ക് ബലിയായി നല്കുകയും  ആ മൂപ്പന് മണ്ഡപം പണിയുകയും ചെയ്യുന്നു.. പിന്നീട് കാലാകാലം വഴിപാടുകൾ, വഴിപാടിന് കഴിച്ച്  പെരു വഴിയെ തന്നെ പോക്ക് തുടരുന്നു.   മൂപ്പൻ  വഴിയെന്നു പേരിട്ട് പുതു വഴി വെട്ടാൻ തുനിയുന്നവരെ  ആ  പാതയിൽ ചവുട്ടി അശുദ്ധമാക്കാൻ സമ്മതിക്കില്ലെന്ന് കാത്തു രക്ഷിക്കുന്നു.  പെരുവഴിയുടെ 'മാർഗ്ഗം' നിരന്തരം ജയിക്കുകയും പുതു വഴി വെട്ടൽ വഴിപാടായി നില നിർത്താൻ പെരുവഴിക്കാർ എന്നും ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

, പൊതു സമൂഹത്തിൽ നിന്ന് വേറിട്ട ഏതു  ചിന്തയേയും  പ്രവർത്തിയേയും ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ  അതിനെ ആശ്ലേഷിക്കുന്നതായി  ഭാവിച്ച് ഒരു മൂലക്കിരുത്തുക എന്ന സമൂഹത്തിൻറെ സ്ഥിരം തന്ത്രങ്ങളെ  കവിത ഓര്മ്മിപ്പിക്കുന്നു.
.  അയ്യപ്പ പ്പണിക്കർ സാറിനെ പ്പോലെ  മലയാള കവിതയിൽ പുതു വഴി വെട്ടിയ കവിയാണ്‌  ശ്രീ എൻ എൻ കക്കാട് .പുതു വഴി വെട്ടിയവരേയും ആ  വെട്ടലിനെയും വഴിപാടാക്കാതിരിക്കാൻ നമുക്ക് ഉത്തരവാദിത്ത  മുണ്ട്. ആ ഉത്തരവാദിത്ത മാണ് ഒരു പക്ഷേ ഇങ്ങനെ കക്കാടിന്റെ കവിതകൾ വീണ്ടും പ്രസിദ്ധീ കരിക്കുന്നത് വഴി നിറവേറ്റപ്പെടുന്നത്‌ എന്ന് കരുതാം. മാതൃഭുമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2 comments:

notowords said...

നന്ദി, ഒരു വീണ്ടും വായനക്ക് :)
കരുണാകരന്‍

savi said...

thanks for visiting and reading my monologues ..:)