Wednesday, December 30, 2009

ആമ ,മുയല്‍, കുട്ടി .

കണ്‍ മുന്‍പില്‍ ഒരാമ ,
ക്ലാസില്‍
ആമയും മുയലും പന്തയം വച്ച കഥ കേട്ടു പഠിച്ച  കുട്ടി ചോദിച്ചു:
;നീ എങ്ങനെയാ  ജയിച്ചത്‌ ?
ആമ പറഞ്ഞു  "ഞാന്‍   ജയിച്ചില്ലല്ലോ," 
"അപ്പോള്‍ ആമ തോറ്റു പോയി  എന്നാണോ കഥയില്‍ ശരിക്ക് വേണ്ടത്"?
'അല്ലല്ലോ  '
ആമ തോടുമായി ഇഴയുന്നതിനിടെ പറഞ്ഞു 

"അപ്പോള്‍ മുയലാണോജയിച്ചത്‌ ?
അതോ പന്തയം സമനിലയില്‍ പിരിഞ്ഞോ .?
കുട്ടിക്ക് സംശയം
പരീക്ഷയില്‍ ചോദ്യം വരും ,
ഉത്തരം  ശരിയായില്ലെങ്കില്‍  മുയലിനെ പോലെ
അല്ലെങ്കില്‍ ആമയെ പോലെ
അതുമല്ലെങ്കില്‍ തോറ്റവരെ പോലെ   താനും തോറ്റുപോകും

മുയലിനോടു ചോദിക്കാം
കുട്ടി കഥയിലേക്ക്‌ തിരിഞ്ഞ്
പൊന്തക്കാട്ടില്‍ മയങ്ങുന്ന മുയലിനോടു  ചോദിച്ചു
" നീ എങ്ങനെ യാണ് ആമയോട് തോറ്റത്  ?
"ഞാന്‍ തോറ്റില്ലല്ലോ." മയക്കം വിട്ട മുയല്‍ പറഞ്ഞു
" പക്ഷെ കഥയില്‍ നീ തോറ്റല്ലോ .
"അത്  നിന്റെ കഥ യല്ലേ  ? ഞങ്ങള്‍ക്ക് വേറെ കഥയുണ്ട് എന്റെ കുഞ്ഞേ .."
കുട്ടി മുയലിനെ നോക്കുമ്പോള്‍ കഥയുണ്ട് മാറുന്നു.
കാട്ടു പാതയും ഫിനിഷിംഗ്  പോയന്റും  മാറുന്നു 
റഫറിയും  കാണികളും മാറുന്നു ..
മുയല്‍ മുയലിന്റെ സമയത്തില്‍ ..
ആമ അതിന്റെ സമയത്തില്‍ ..
അവര്‍  ഓടുകയും ഇഴയുകയും ചെയ്യുന്നു
അവര്‍ ജയിക്കുന്നതെയില്ല  ,തോല്‍ക്കുന്നു മില്ല 
കുട്ടി കണ്‍ മിഴിച്ചിരികെ
ആമയുടെ കാല വേഗം നിശ്ചയിക്കുന്ന
ആ ക്ലോക്ക് അവന്റെ മുന്‍പില്‍ തെളിഞ്ഞു...
അതില്‍ അവന്റെ സമയം മാഞ്ഞു പോയിരുന്നു .
 ആമയുടെ കാലവേഗത്തില്‍ നിന്ന്
ശലഭ വേഗത്തില്‍ അവന്‍ സ്കൂളിലേക്ക് പോയി 







Tuesday, December 22, 2009

പൂച്ച

പൂച്ച മതിലിനു മീതെ , നിലാവില്‍,
ചരിഞ്ഞ ആ കിടപ്പിലുണ്ട് ഒരു  കാത്തിരിപ്പിന്റെ  ആകാംക്ഷ .
ചുണ്ടെലിയോ , നച്ചെലി യോ  , തുരപ്പനോ എന്തുമാകാം ,
അവന്റെ പുരാതന ശത്രു രൂപം
പക്ഷെ ഇപ്പോള്‍ അതിന്റെ തിളങ്ങുന്ന കണ്ണില്‍
  ഒരു കുളിര്‍ത്ത ചന്ദ്രന്‍
അതില്‍ ഒരു മുയല്‍ , അല്ലെങ്കില്‍ ഒരു മാന്‍ ,
ആംസ്ട്രോങ്ങ്‌ , ആന്ദ്രിന്‍...ആരുമില്ല
അതുകൊണ്ടാവണം
ഇരുളില്‍, ജനല്‍ ചാരിനിന്ന 
 എന്നെ പൂച്ച വക വച്ചതെയില്ല
അതിന്റെ കണ്ണില്‍ ഞാനില്ലെന്നോ ?

എന്നാല്‍ നോക്കി നോക്കി കൊണ്ടിരിക്കെ
നിലാവില്‍ മിന്നി  നില്‍ക്കുന്ന പൂച്ചയുടെ വെളുത്ത ഉടല്‍
ഇപ്പോള്‍ 
മെല്ലെ ഇള കുന്നു 
നഖങ്ങള്‍ പതുക്കെ നീളുന്നു ,
അതെന്റെ കണ്ണിലേക്കു നോക്കി  മുരളുന്നു ...
അതിനു പുലിയുടെ ഉടല്‍ വടിവുമാത്രമേ യുള്ളൂ
എന്നിട്ടും ,
വള്ളിപ്പടര്‍പ്പിനടിയില്‍ ഒളിച്ചിരിക്കുന്ന  ഇരയെ
നരിയെന്നപോലെ
 എന്റെ കണ്ണിലെ  വെള്ളെ ലിയെ  അതെങ്ങനെ തിരിച്ചറിഞ്ഞു ?






Tuesday, December 8, 2009

ലളിതം ;പക്ഷെ

ഇന്നലെ ഹതാശനായ ഒരു സുഹൃത്ത്‌ ചോദിച്ചു ..എന്താണ് മനുഷ്യന്‍ ഇങ്ങനെ ക്രൂരനാകുന്നതു ? അല്ലെങ്കില്‍ എന്താണ് മനുഷ്യനെ  ക്രൂരര്‍ ആക്കുന്നത് .
ഉത്തരം വളരെ ലളിതമാണ് , ഞാന്‍ പറഞ്ഞു ..."  പണം ,അധികാരം ,പ്രശസ്തി ഇവക്കുള്ള   അടങ്ങാത്ത ആര്‍ത്തി ' സുഹൃത്തിന് അതത്ര വിശ്വാസം പോരാത്ത തു പോലെ..
അതെപ്പോഴും അങ്ങനെ യാണ് ..സ്വന്തം ഉള്ള്ളിലേക്ക് നോക്കേണ്ടി വരുമ്പോള്‍ മനുഷ്യര്‍ക്ക്‌ അത് ചെയ്യാതിരിക്കാന്‍ തോന്നുന്നത് അസ്വഭാവികം അല്ല... കുറ്റബോധമോ നാണമോ കൊണ്ടാവാം അല്ലെങ്കില്‍ ലോകം ഇങ്ങനെ എന്ന ദീര്‍ഘ നിശ്വാസം ഉള്ളില്‍ തടയുന്നത് കൊണ്ടാവാം.
ആരാണ് പണവും പ്രശസ്തിയും അധികാരവും മോശമാണ് എന്ന് പറയുക...' സുഹൃത്ത്‌ മന്ത്രിച്ചു ..സ്വാഭാവികമായി അത് വന്നു ചേരുമെങ്കില്‍.....'

' സ്വാഭാവികമായി ....പുഴയോഴുകുന്നത് പോലെയോ...പ്രകാശം പരക്കുന്നത് പോലെയോ....!
'നല്ല മോഹം ...ആര്‍ത്തിയെ തളക്കാന്‍ കഴിഞ്ഞാല്‍ അതങ്ങനെ സ്വാഭാവിക മായി വരാം ...നീ കാത്തിരിക്കേണ്ടി വരും ....ജീവിതാവസാനം വരെ ......അല്ലെങ്കില്‍ ഒരു   പക്ഷെ ,ഇവ മൂന്നും നിന്നെ തേടി വരുന്നത് മരണാന്തര  ബഹുമതി ആയിട്ടായിരിക്കും...... "

  എന്റെ ചിരി സുഹൃത്തിന് ഉന്മേഷം കൊടുത്തില്ല..
അയാള്‍ സ്വന്തം ഉള്ളിലേക്ക് തലയിടാന്‍ തുടങ്ങി എന്ന് തോന്നി....
അങ്ങനെ ഇരിക്കട്ടെ അയാള്‍....



Friday, December 4, 2009

ഇന്ന്

 ഇന്ന്

അതങ്ങനെ  പോവുകയാണ്.
കാല്‍ വിരലുകള്‍ക്കിടയിലൂടെ,
ഇന്നലെ ഞാനിറങ്ങിയ അതില്‍ ഇന്നുമിറങ്ങുന്നു
..നാളെയും..
 ആരാണ് ഒരിക്കല്‍ ഇറങ്ങിയ ഈ പുഴയില്‍ വീണ്ടും ഇറങ്ങാന്‍ ആവില്ലെന്ന്  പറഞ്ഞത്?
.മൊബൈലില്‍ ചിരിച്ചു കൊണ്ട് ചെറുപ്പക്കാരന്‍  തീവണ്ടിക്കടിയിലേക്ക് പോകുന്നു
തീവണ്ടി യോടൊപ്പം മറഞ്ഞു പോകുന്ന ഒച്ച പോലെ:
മന്ദമായി പടര്‍ന്നു
സന്ധ്യയില്‍ .
'നാളെ കാണാം' എന്ന നാളെയും അവനോടൊപ്പം.

ഞാനിറങ്ങുന്നു
ഇന്നലത്തെ പുഴയില്‍
ഇന്നിനോടൊപ്പം
രാവിലെ
ചുടു ചായക്കൊപ്പം അത്  തൊണ്ടയില്‍ കുടുങ്ങി..
തുപ്പാനും ഇറക്കാനുമാകാതെ
മൊബൈലില്‍ ചിരിക്കാനും
ചിരിച്ചു കൊണ്ട് പാളത്തില്‍ നടക്കാനും.
ഒരിരമ്പലോടെ
 ഒടുങ്ങാനു മാകാതെ..
ഇന്ന് എന്റെ തൊണ്ടയില്‍...




Saturday, November 28, 2009

കുട്ടികള്‍ക്കൊപ്പം

 കുട്ടികള്‍ക്കൊപ്പം

കുട്ടി നോക്കേ
മുറ്റത്തിരുന്നു ചിലച്ച അണ്ണാനും
വാഴക്കയ്യിലിരുന്നു വിറച്ച കാക്കയും
മഞ്ഞക്കിളിയും പച്ച തത്തയും പറഞ്ഞു...

 ഞങ്ങളെ മറന്നു കളയു ..
ഞങ്ങളുടെ കറുപ്പും പച്ചയും ഇളം മഞ്ഞയും നീലയും
എന്തിനു ഇതാ എന്റെ ഈ തവിട്ടു നിറം പോലും
മറന്നേക്ക്‌ .
അല്ല എന്റെ  ചുവന്ന കണ്ണും മറന്നേക്ക്‌  എന്ന് ചെമ്പോത്തിന്റെ മൂളല്‍
മുളയുടെ ചാഞ്ചാട്ടങ്ങല്ക്കൊപ്പം   ഉലഞ്ഞു
ചെങ്കീരിയും വെള്ള  പക്ഷിയും അത് തന്നെ പറഞ്ഞു.
ഇവര്‍ക്കെന്തു പറ്റി എന്ന് കുട്ടിക്കുണ്ട് സംശയം ,
അമ്മക്ക് മുണ്ട് സംശയം

മനസ്സിലാവുന്നില്ലല്ലോ ,
ഉറുമ്പ്  കൂടി പറയുന്നു , എന്നേ മറന്നേക്കൂ എന്ന്.

അത് കേള്‍ക്കെ കുട്ടിക്കുണ്ട് ആധി, അമ്മക്ക് മുണ്ട്.
അതിനാല്‍
കുട്ടി പറഞ്ഞു അമ്മ കേള്‍ക്കെ  ,
എനിക്ക് ഉറുമ്പി നേക്കാള്‍  ഉറുമ്പ് ആവണം ,
കാക്കയെക്കാള്‍ കാക്കയാവണം ,
അണ്ണാനെ ക്കാള്‍  ചിലച്ചു കൊണ്ട്  ഓടണം   ,
വെള്ളപ്പക്ഷിക്കൊപ്പം  പുഴകടക്കണം ..

അമ്മ നോക്കേ  കുട്ടി പോകുന്നു ,വെള്ള പക്ഷിക്കും ചെങ്കീരി, അണ്ണാന്‍, ഉപ്പനോപ്പം 
പുഴ കടന്നു ,കടലും മലയും കടന്നു
കുട്ടികള്‍ അങ്ങനെ യാണ് ..
കുട്ടികള്‍ .!!
  




Thursday, November 26, 2009

അമ്മയുടെ ലോകം -2

അമ്മയുടെ  ലോകം -2

അതങ്ങനെ തന്നെ  ഇരുന്നു.. പഴയ  ഇടിഞ്ഞു വീഴാറായ ആ വീട്.
എല്ലാ തവണയും അമ്മക്ക് ചോദിക്കാനുള്ള ചോദ്യങ്ങളില്‍ ഒന്ന് ആ വീടു മായി ,ഇല്ലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. "
യ്യ് മറന്നിട്ടില്ല ഉവ്വോ? താനാട്ടെ  മുത്തശ്ശിയെ ?ഇല്ല അമ്മെ.. എന്ന് ഈ തവണയും ഞാന്‍ പറഞ്ഞു. '
കഷ്ടം മരിച്ചിട്ടിപ്പോ കൊല്ലം ഒരു പാടായി ..'" അമ്മയുടെ എനിക്കറിയുന്ന സുഹൃത്തുക്കളില്‍ ഒരാളായിരുന്നു താനാട്ടെ  മുത്തശ്ശി. ഞാന്‍ ഓര്‍ത്തു .ആ മുത്തശ്ശി മരിക്കുന്ന  കാലത്ത് ഞാന്‍ എന്റെ വിപ്ലവകാരിയായ കൂട്ടുകാരന് മൊത്തു തെരുവുകള്‍ അലയുകയായിരുന്നല്ലോ.അതൊന്നും അമ്മ അറിഞ്ഞ കാര്യങ്ങളല്ല. അല്ലെങ്കില്‍ അമ്മയോട് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് .
അല്ലെങ്കിലും അമ്മ പറയുന്നത് കേട്ടു കൊണ്ടിരിക്കാന്‍ ആണല്ലോ   എന്റെ പതിവ് യാത്രകള്‍ .
ആദ്യമാദ്യം  എന്റെ കൂട്ടുകാരന്  അമ്മയുടെ അടുത്തെത്തുന്ന എനിക്ക് സംഭവിക്കുന്ന, നിറത്തിലും  മണത്തിലും മനസ്സിലും ഉടലിലും  വരുന്ന നേരിയ മാറ്റം പോലും അസഹ്യത ഉണ്ടാക്കിയിരുന്നു .
" വീട്ടിലെത്തേണ്ട താമസം പഴയ ഇള്ള കുട്ടി ആവുകായി ഇയാള്‍ ,  ഞാന്‍ ഉണ്ടെന്നുള്ള വിചാരം പോലും ഇല്ലാതാവും പിന്നെ  . "
ഞാനും അത്ഭുതപ്പെട്ടു വളരെ ചെറിയ ഒരു ലോകത്തേക്കാണ് ഞാന്‍ പ്രവേശിക്കുന്നത്.. അമ്മയുടെ ഗര്‍ഭ പത്രത്തിലെക്കെന്ന  പോലെ..അവിടെ ഇപ്പോഴും വായുവും വെളിച്ചവും ഉണ്ടെന്നോ.? അത് എന്ത് കൊണ്ടാണ് ,? അതിനു എന്തിന്റെ മണ മാണ്,  അതില്‍ നിന്നുയരുന്നത് ഏതു  സ്വരമാണ്.. എനിക്കറിഞ്ഞു കൂടാ.

അതൊരു സ്ഥലമാണോ ? ഒരു സ്ഥലവും കാലവും  ആണോ ? അതിലെ സമയത്തിന്റെ അളവ് കോല്‍ എന്താണ് ?  തീര്‍ച്ചയായും അത് ഈ ലോകത്ത് തന്നെയാണ് എന്നിട്ടും ഞാന്‍ മറ്റൊരു ലോകതെന്നപോലെ സ്വച്ഛതയും സ്വാതന്ത്ര്യത്തിന്റെ വായുവും ശ്വസിക്കുന്നു.

ഹീബ്രു വിമാനത്താവള ത്തിലെ തിരക്കുകള്‍, നെടുമ്പാശ്ശേരി വിമാനത്താവള ത്തിലെ തള്ളുകള്‍, അല്ലെങ്കില്‍ വിമാനത്തിന്റെയും തീവണ്ടിയുടെയും ഇരമ്പലുകള്‍    എല്ലാം വ്യത്യസ്തമായി , അതല്ലാതെ , എന്നാല്‍ അതിനു സമാനമായ ഒന്നായി ,ഞാന്‍ ഇവിടെയും അനുഭവിക്കുന്നതെങ്ങനെ..? അവ ഈ ലോകത്ത് നിന്ന് വേറിട്ട ഒന്നല്ല . ഞാനും അമ്മയുടെ  പഴയ ചങ്ങാതിയും പോലെ തന്നെ ..ഈറനുടുത്തു അമ്പലം ചുറ്റുന്ന ആ മുത്തശ്ശി  മരിച്ചിട്ടും ഒരു തണുത്ത മേഘം പോലെ അമ്മയുടെ വാകുകളില്‍ പുനരവതരിക്കുമ്പോള്‍ ..അവര്‍ വിമാന കാഴ്ചയിലെ മേഘങ്ങളേ പോലെ  തന്നെ യഥാര്‍ഥ മാവുന്നു .
" എന്തിനാ കുറെ ജീവിക്കുന്നത് ?  ചിലപ്പോള്‍ അമ്മയുടെ ആത്മഗതം അങ്ങനെ പോകും.. മക്കളില്ല ഭര്‍ത്താവ് പതിനെട്ടു വയസ്സില്‍ മരിച്ചു...വയസ്സ് കുറെ ആയിരുന്നേ താനാട്ടെ ഏട്ടന് ..എത്രാമത്തെ വേളിയാ ..യ്ക്ക് അറിയില്ല ..
" ഉം..'
ഞാനും താനാട്ടെ മുത്തശ്ശിയെ പറ്റി ഓര്‍ക്കും.

എന്തൊരു ഭംഗിയായിരുന്നു അവര്‍ക്ക് .ഞാന്‍ കാണുമ്പോള്‍കുറഞ്ഞത്‌  നാല്‍പ്പത്തഞ്ചു വയസ്സെങ്കിലും ആയിട്ടുണ്ടാവും. പുതപ്പും ഓല ക്കുടയുമായി അമ്മയെ കാണാന്‍ വരുന്നത് .

കഥകള്‍ അനേക മനേകം അടരുകളായി അവരുടെ നാവിന്‍ തുമ്പില്‍ നിന്നും കൊഴിഞ്ഞു വീണു കൊണ്ടിരുന്നതു ...വലിയ ഗൌരവ പ്രകൃതി ആയിരുന്നു എങ്കിലും ..ആചാരങ്ങളും അനുഷ്ടാനങ്ങളും കടു കിട തെറ്റിക്കുകയില്ലെങ്കിലും.. എന്റെ അഭ്യര്‍ഥന  കളോട്   മുഖം തിരിക്കാതിരുന്നു കഥ പറയുന്ന മുത്തശ്ശി.
 മാണി ക്ക  ക്കല്ല് നഷ്ടപ്പെട്ടു പോയ സര്‍പ്പത്തിന്റെ കഥ എത്ര പറഞ്ഞാലും കേട്ടാലും മതിയാകില്ല എന്ന് തോന്നും മുത്തശ്ശി നാവില്‍ നിന്നാകുമ്പോള്‍....രാജകുമാരന് എന്തിനാണ് മാണിക്യ കല്ല്‌ ? കഥയില്‍ ചോദ്യമില്ല എന്ന് പറഞ്ഞു മുത്തശ്ശി കഥയിലെ ഇടപെടലിന്   തടയിടും ...
ആ തനാട്ടെ ഇല്ലം പൊളിക്കുക യാണിന്നു ..." അമ്മ എന്റെ മൌനം മുറിച്ചു കൊണ്ട്  പറഞ്ഞു.

" അത് ആരെ വാങ്ങിയത് ? "

പൊളിക്കുന്നത് ആരെങ്കിലും വാങ്ങിയത് കൊണ്ടാവുമല്ലോ.ആരും   താമസിക്കാനില്ലാതെ ആ വീട് ഒറ്റയ്ക്ക് എത്രയോ കാലമായി ...

ഹംസ ഹാജി യാണെന്നാ തോന്നുന്നത്. "
 അമ്മ പറഞ്ഞു
കുട്ടിച്ചാത്തന്‍ ഉണ്ടാക്കിയ ആ ചെറിയ അമ്പലം അവര്‍ എന്ത് ചെയ്യും..   പെട്ടെന്ന് എന്റെ ഓര്‍മയില്‍  വന്നത്  അതാണ്‌. ഒരു മേശയുടെ വലിപ്പമുള്ള ഒരമ്പലം ആണത്.  ..വെറും നാല് കരിങ്കല്‍ ചുമരും കരിങ്കല്ലിന്റെ മോന്തായവും . അതിനകത്ത് കുഞ്ഞു കരിങ്കല്‍ വിളക്ക് . അതില്‍ മുത്തശ്ശി  തിരിയിട്ടു  കത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  പത്തിരുപത്തഞ്ചു വര്‍ഷമായി കുട്ടിച്ചാത്തന്റെ ആ ഭവനം ഇരുട്ടില്‍ തന്നെ ആയിരിക്കും. മുത്തശ്ശി ഒറ്റക്കായിരുന്നല്ലോ മരിക്കുന്നത് വരെ . അതും എഴുപതോ എഴുപതന്ച്ചോ വര്‍ഷം .
.'അവരുടെ വേളി കഴിഞ്ഞു നാല്‍പ്പതാം ദിവസം താനാട്ടെ ഏട്ടന്‍  മരിച്ചു." അമ്മ  പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.

 മുത്തശ്ശിക്ക് കുട്ടിചാത്തനില്‍    കാര്യമായ താല്പര്യം ഇല്ലാതിരുന്നിട്ട് കൂടി  ആ മനോഹരമായ ചെറു അമ്പലത്തില്‍ വിളക്ക്  തെളിയിച്ചു. ഞാന്‍ മുത്തശ്ശിയെ കാണാന്‍ പോകുന്ന വേളയില്‍ തരം കിട്ടുമ്പോഴൊക്കെ അതിന്റെ മോന്തായത്ത്  ഇരിക്കുന്നതു കണ്ടു  ചിലപ്പോള്‍ വിലക്കി, ഒടുവില്‍ സമാധാനിച്ചു കുട്ടിച്ചാത്തന് കുട്ടികള്‍ ഇരിക്കുന്നത് ഇഷ്ടാവാണ്ടേ വരില്ല ...'

ആ ഇരുപ്പില്‍   രണ്ടു വയസ്സുള്ള അനിയനെ പോലെ  ഉള്ള ഒരു  'കുട്ടി 'ചാത്തനെ മനസ്സില്‍ കണ്ടു ഞാന്‍ ചോദിക്കും  ഇതെങ്ങനെ യാണ് ഇത്രേം വല്ല്യ കല്ല്‌ ഇത്ര ചെറിയ ചാത്തന്‍ എടുത്തോണ്ട് വന്നത് അതും പടിഞ്ഞാറേ മലെന്നു ..?

മുത്തശ്ശി പറയും ചെറുതാണെങ്കിലും വലിയ ശക്തിയായിരിക്കും .. പറക്കാനോ ക്കെ പറ്റും ചിറകൊന്നും ഇല്ലാതെ തന്നെ. ' ഹനുമാന്‍ മല കൊണ്ട് പറന്നില്ലേ അതുപോലെ ആയിരിക്കും .
." കൊത്തി ഉണ്ടാക്യേതും    കുട്ടി ചാത്തനാവുമോ " ഞാന്‍ മോന്തായത്തെ മിനുസമുള്ള ചരിവില്‍ കയ്യോടിച്ച് ചോദിക്കും ...
" ഇവിടെ കൊണ്ട് വന്നു കൊത്തി ഉണ്ടാക്കിയതൊന്നു മല്ല . വളരെ പണ്ടാണ്  ..ഒരീസം  രാവിലെ ഇവിടുത്തെ  ഒരു മുത്തശ്സന്‍  എണീറ്റ്‌ പ്രഭാത വന്ദന ത്തിനു  ഇറങ്ങി യപ്പോ ഇതിങ്ങനെ കണ്ടൂ  പൊട്ടി മുളച്ച മാതിരി എന്നാ കഥ. "
മുത്തശ്ശന് അത്ഭുതമായപ്പോള്‍ ഒരുണ്ണി  ദാ നില്‍ക്കുന്നു ചിരിച്ചു കൊണ്ട്... അവിടെ.  " മുത്തശ്ശി കുളത്തിന്‍ കരയിലേക്ക് ചൂണ്ടി പറയും .ഉണ്ണിയെ കണ്ട പോലെ . തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കും തോന്നും ഒരു ചെറിയ ഉണ്ണി മന്ദഹാസം പൊഴിച്ച് നില്‍ക്കുന്നത്.

' ഏതാ ഉണ്ണി ..എവിടന്നാ എന്നൊക്കെ മുത്തശ്ശന്‍ ചോദിച്ചൂ ട്ടോ . അപ്പോള്‍ ആ ഉണ്ണി ചിരിച്ചു കൊണ്ട് ഒറ്റ കുതിപ്പാത്രേ ഈ  ചെറിയ പെരേല്‍ക്ക് ..പോകുമ്പോ പറഞ്ഞൂ ത്രെ ന്നെ ഇരുട്ടില്‍  ഇരുത്തരുതെ ന്നു  . മുത്തശ്ശന്  എന്തോ പന്തിയില്ലായ്മ തോന്നീ ..ആ കുട്ടി അത്ര ചെറുതായിട്ടെ ഇതിനുള്ളില്‍ കടന്നത്‌. കുട്ടിച്ചാത്തന്റെ വീട് ചൂണ്ടി മുത്തശ്ശി എല്ലാം കണ്ട പോലെ പറയും. ..അന്ന് മുതല്‍ വിളക്ക് കത്തിച്ചിട്ടുണ്ട് ഇവിടെ. .." ഞാന്‍ വന്നെന്റെ ശേഷം എന്തായാലും. കത്തിച്ചിട്ടുണ്ട് ..മുത്തശ്ശി എന്തോ മനസ്സില്‍ തടഞ്ഞിട്ടെന്ന പോലെ തുടരും ..ഐശ്വര്യം ഉണ്ടാവും എന്നാ ചാത്തന്‍ പറഞ്ഞത്..എന്നിട്ടോ... ഞാന്‍ ഒറ്റക്കായി.. " മുത്തശ്ശി ഏറ്റവും  നിര്‍വികാരയായി പറയും.

കുട്ടിച്ചാത്തന്‍ മുത്തശ്ശിക്ക് ഒരു ഉപകാരവും ചെയ്തിട്ടില്ല എന്ന് പറഞ്ഞു കൂടാ ..ഒറ്റയ്ക്ക് താമസിക്കുന്ന അവരെ ആരും ഉപദ്രവിക്കാതിരുന്നത്‌ കുട്ടിച്ചാത്തന്റെ ശക്തിയെ കുറിച്ചുള്ള ഭയം ഒന്ന് കൊണ്ടാണ്.കാലം മാറും തോറും മുത്തശ്ശി ഭയന്ന് തുടങ്ങിയിരുന്നോ എന്തോ..എന്റെ കുട്ടിക്കാലത്ത് അവര്‍എന്നും സന്ധ്യക്ക്‌ അമ്പലത്തില്‍ തൊഴുതു കഴിഞ്ഞു നേരെ ,എന്നെ സന്തോഷിപ്പിച്ചു കൊണ്ട് ,എന്റെ വീട്ടില്‍ വന്നു. കഥകള്‍ പറഞ്ഞു തന്നും അമ്മക്കൊപ്പം വര്‍ത്തമാനങ്ങള്‍ പറഞ്ഞും രാത്രികളില്‍ വീട്ടില്‍ തങ്ങി. പകരം അവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ ഞാന്‍ നടത്തികൊടുത്തു. സോപ്പോ ശര്‍ക്കരയോ സ്കൂളില്‍ നിന്നും വരുന്ന വഴി വാങ്ങികൊടുക്കുക എന്ന ലളിതമായ പണി.
 എന്നാല്‍ പണ്ട് കാലത്ത് ചാത്തന്‍ ശക്തനായിരുന്ന കാലത്ത് മുത്തശ്ശനെ സഹായിച്ചിരുന്നു എന്നാണു മുത്തശ്ശി പറഞ്ഞു കേള്പ്പിച്ചത്. അതായത് വേനല്‍  ക്കാലത്ത് വറ്റിപ്പോയ കുളത്തിന് പകരം മറ്റൊന്ന് കുഴിച്ചു വെള്ളം വരുത്തുക . കിണര്‍ കുഴിച്ചു കുഴിച്ചു ഒരിക്കലും വറ്റാത്ത ഉറവ സൃഷ്ടിക്കുക. സന്ധ്യാ വന്ദന ത്തിനുള്ള   പൂക്കള്‍ ഉണ്ണിയായി ചമഞ്ഞു ശേഖരിക്കുക , വിറകു പെറുക്കുക ..തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍. മുത്തശ്ശന് മാത്രമേ ചാത്തനെ കാണാന്‍ പറ്റിയിരുന്നുള്ളൂ ...


ഇങ്ങനെ ഉള്ള മുത്തശ്ശനും  മുത്തശ്ശിയും കഴിഞ്ഞ ആ ഇല്ലമാണ് പൊളിക്കാന്‍ പോകുന്നു എന്ന് അമ്മ പറഞ്ഞത്. അടുത്തതും അകന്നത് മായ ബന്ധുക്കള്‍ പോലും ഇല്ലാതായി അനാഥയായ മുത്തശ്ശിയെ  പോലെ ആ വീടും ജീര്‍ണിച്ചു മരിക്കുകയാണ്.


"കുട്ടിച്ചാത്തന്‍ ഇനി എന്ത് ചെയ്യും .. അത് എന്നേ പോയിട്ടുണ്ടാവും അല്ലെ" അമ്മ എന്ത് പറയുന്നു എന്നറിയാന്‍ ഞാന്‍ ചോദിച്ചു.  കരിങ്കല്ലിന്റെ ഭംഗി തികഞ്ഞ ആ ചെറിയ 'സ്വയംഭൂ  അമ്പലം ' മനസ്സില്‍ തെളിയിച്ചു ഞാന്‍ ചോദിച്ചു. അത് മാത്രമല്ല ആ ഇല്ലവും കുളവും കിണറും എല്ലാം കുട്ടിച്ചാത്തന്‍ പണിഞ്ഞ താണ് എന്നായിരുന്നു   ആളുകള്‍ പൊതുവില്‍ വിശ്വസിച്ചി രുന്നത്.


' അത് പോയിട്ടൊന്നും ഉണ്ടാവില്ല .  വന്നാ പിന്നെ പോകാന്‍ പറ്റുമോ..? അമ്മ എന്തോ ഓര്‍ത്തു എന്ന  പോലെ പറഞ്ഞു.. ഒന്നും പോകുന്നില്ല..ഒക്കെ ഇവിടെ തന്നെ ഉണ്ടാവും.."


എന്താ അമ്മയുടെ മനസ്സില്‍ .. കുട്ടിച്ചാത്തന്റെ അമ്പലം താനാട്ടെ ഇല്ലം വിലക്ക് വാങ്ങിയ ഹംസ ഹാജി പോളിക്കില്ല എന്ന്  അമ്മക്ക് എങ്ങനെ അറിയാം . അയാള്‍ പൊളിക്കുക യൊന്നും  ചെയ്യില്ല എന്നല്ലേ അമ്മ പറഞ്ഞത്..


ആലോചിച്ചു കൊണ്ടിരിക്കെ അതിനുള്ള ഉത്തരം അമ്മ തന്നെ പറഞ്ഞു.
"നമ്മടെ സര്‍പ്പാക്കാവ് കൂടിയുള്ള  സ്ഥലം ആരാ വാങ്ങീത് ? നിശ്ചണ്ടോ? അലവിക്കുട്ടി. എന്നിട്ടോ ?നമ്മള് കാവ്‌ പാമ്പും മേക്കടിനെ കൊണ്ട് വന്നു മാറ്റി കൊടുത്തില്ലേ ?
'ഉവ്വ് 'ഞാന്‍ അമ്മ യോട് യോജിച്ചു,
 കാവ് മാറ്റീട്ടുംഅവരിപ്പോഴും ആ കാവ്   ഒരു മരം പോലും  കളയാതെ ചുറ്റും വൃത്തിയാക്കി വക്കുന്നതെന്താ .?
"ആവോ" ഞാന്‍ അജ്ഞത വെളിവാക്കി.
 "അവിടെ നമ്മള്‍ പണ്ട് പൂജ ചെയ്തിരുന്നു എന്നവര്‍ക്കറിയാം. അതങ്ങനെ തന്നെ നിന്നോട്ടെ എന്ന് വച്ചിരിക്ക്യാ അവര്..നമ്മള്‍ പറഞ്ഞിട്ടൊന്നു മല്ല ട്ടോ..അവര്‍ക്ക് തോന്നി അത് അങ്ങനെ ഇരിക്കട്ടെ എന്ന്..

അതുപോലെ കുട്ടിച്ചാത്തനും താനാട്ടു തന്നെ ഉണ്ടാവും..
ഉം ..ഞാന്‍ അടുത്ത തവണ വരുമ്പോള്‍ ഒന്ന് പോയി നോക്കും.. 

ആയിക്കോട്ടെ , വിളക്കും കത്തിക്കാം , തോന്നുകയാണെങ്കില്‍.."

അമ്മ സമ്മതം മൂളി.  " മുത്തശ്ശിക്കും സന്തോഷമാകും.."



അമ്മക്ക് സന്തോഷമാകും എന്ന് അതോടെ എനിക്കുറപ്പായി.  മുത്തശ്ശന്റെ  മുന്‍പില്‍ പ്രത്യക്ഷ പ്പെട്ട കുഞ്ഞു കുട്ടിച്ചാത്തനെ ഞാന്‍ ഒരിക്കല്‍ കൂടി സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു..









Monday, November 23, 2009

അയാള്‍

അയാള്‍  
അയാള്‍ ആണാകാം പെണ്ണാകാം
അല്ലെങ്കില്‍ 'അയാള്‍' -ക്ക്
ആണാകാം പെണ്ണാകാം
ആ ആള്‍ ആണല്ലോ  'അയാള്‍'
ആള്‍ ആണല്ലോ അയാള്‍ ..
എന്ന് വച്ചാല്‍ ?
ആള്‍ ആണാണ് ,
ആണോ?
ആണ് !

പിന്നെയും 'ആണ്' എന്ന് തന്നെ
അയാള്‍ അവള്‍- ഇല്‍
കുടുങ്ങാതെ
ആണില്‍ തന്നെ -

അയാള്‍ , ആണാകാം
പെണ്ണാ കാം
അല്ലെങ്കില്‍ അയാള്‍-ക്ക് ആണാകാം പെണ്ണാ കാം ,എന്തിനു, അതുമാകാം 
എന്നിട്ടും
അയാള്‍
അതൊന്നുമാകാതെ ആണില്‍ തന്നെ.
ആ ആളില്‍ തന്നെ .......

Wednesday, October 28, 2009

അമ്മയുടെ ലോകം .

"ഷാരോടിക്ക് എന്തെങ്കിലും കിട്ടിക്കോട്ടേ അമ്മ പറഞ്ഞു. 'പുഷ്പാഞ്ജലി ക്കുള്ളത് ശീട്ടാക്കാതെ ഷാരോടീടെ കയ്യില്‍ കൊടുത്താല്‍ മതി' .

എന്റെ വീട്ടിലേക്കുള്ള യാത്രകള്‍ അമ്മയെ കാണാനും നാടിന്റെ മാറി മാറി വരുന്ന മുഖം എങ്ങനെയിരിക്കുന്നു എന്ന് തൊട്ടും തലോടിയും അറിയാനും ആണ് . അമ്പലം നാട്ടിലെ ഒരേ ഒരു മാറാത്ത കാഴ്ചയാണ്. അമ്പലക്കുളം ഇടിഞ്ഞു തകര്ന്നു. കുട്ടിക്കാലത്ത് നായന്മാരും മറ്റു ജാതിയില്‍ പെട്ടവരും കുളിച്ചിരുന്ന പുറത്തെ കുളം പായലും കാടും പിടിച്ചു കിടക്കുന്നു. അതിന്റെ കരയില്‍ ഉണ്ടായിരുന്ന മനോഹരമായ കുളപ്പുരയുടെ തറ പോലും കാണാനില്ല. ഇതു അമ്പലത്തിന്റെ ചുറ്റു മതിലിനും പുറത്തുള്ള കുളത്തിന്റെ കഥ. മതില്‍ കെട്ടിന് അകത്തുള്ള കുളം മുക്കാലും തൂര്‍ന്നു കഴിഞ്ഞു
. വെള്ളം മഴക്കാലത്ത് പോലും കഷ്ടി. ഉള്ളതില്‍ തന്നെ കുളിക്കാന്‍ കഴിയുമോ എന്ന് സംശയം .പടവുകള്‍ ഇടിഞ്ഞു പൊളിഞ്ഞു ചവിട്ടിയാല്‍ അടര്‍ന്നു പോകുന്ന വിധത്തിലാണ്. അമ്പല മുറ്റം എപ്പോഴും കാട് പിടിച്ചു തന്നെ. നല്ല പശിമയുള്ള മണ്ണ് ആയതു കാരണം ഗോവിന്ദന്‍ നായര്‍ ചെത്തി വെടിപ്പാക്കിയാലും ഒരാഴ്ച കൊണ്ടു വീണ്ടും കാട് പിടിക്കും എന്ന് ഏടത്തി .

കുട്ടിക്കാലത്ത് സൈക്കിള്‍ ഓടിച്ചു പഠിക്കാന്‍ നട്ടുച്ച നേരത്ത് വീട്ടിലുള്ളവരെ അറിയിക്കാതെ വരുന്ന ഏട്ടന്റെ പിന്നാലെ ഏട്ടന്‍ പോലും അറിയാതെ വന്നു കെഞ്ചിയും താണു കേണും നിന്നു ഒന്നോ രണ്ടോ വട്ടം സൈക്കിളില്‍ അമ്പലം ചുറ്റി യിരുന്നത്...
ടിപ്പുവിന്റെ പടയോട്ടക്കാലം ഭാവന ചെയ്യാന്‍ എന്നും നിമിത്തമായിരുന്ന തലയും കാലും പോയ നന്ദി പ്രതിമ ..ഇളകി വീഴാതെ ഉറപ്പിച്ചു വെച്ച വെച്ച നമസ്ക്കാര തിണ്ട് കഷണങ്ങള്‍. രണ്ടു കാല്‍ മാത്രം ആയി ചുരുങ്ങിയ കൃഷ്ണ ബിംബം .. എല്ലാം എന്നും അങ്ങനെ തന്നെ ഉണ്ടായിരുന്നു. അടുത്ത കാലം വരെ ഇഇയിടെ യായി ഒന്ന് മാറിയിട്ടുണ്ട് . കൃഷ്ണന്റെ രൂപം ;
ഇപ്പോള്‍ കൃഷ്ണന്‍ ഉടലാണ്ട് നില്ക്കുന്നു .ചെറിയ മന്ദസ്മിതം ചുണ്ടിലുണ്ട്. അമ്മ പറയും ഞാന്‍ വരുമ്പോള്‍ ആ കാലു മാത്രമേ ഉള്ളു.. ഇപ്പൊ ഇങ്ങനെ രൂപം തിരിച്ചു കിട്ടിയല്ലോ.. അമ്മ അങ്ങനെ പറയുമ്പോള്‍ മിന്നി മറയുന്ന ആ ഭാവങ്ങളില്‍ തെളിഞ്ഞ സന്തോഷം..
അമ്മ പറഞ്ഞു . ' അമ്പലത്തില്‍ കുറച്ചു ദിവസം മുമ്പ് കള്ളന്‍ കയറി ' കൃഷ്ന്റെയും ശിവന്റെയും മാലയും അരഞ്ഞാണവും ഒക്കെ കൊണ്ടു പോയി .' ..കഷ്ടം '' ഇങ്ങനെ ഒക്കെ ചെയ്യാന്‍ തോന്നുന്നുണ്ടല്ലോ ആളുകള്‍ക്ക്.. ' അമ്മക്ക് പുതിയ ആളുകളുടെ പ്രകൃതം സന്കല്‍പ്പിക്കാവുന്നതിലും അപ്പുറത്താണ് .

അമ്മ ഇങ്ങനെയൊക്കെ പറയുന്നതു കേള്‍ക്കാനാണ്‌ ഞാന്‍ നാട്ടില്‍ പോകുന്നത് തന്നെ. അമ്പലത്തിലേക്ക് നടക്കാന്‍ വയ്യ അമ്മക്ക് . കുട്ടിക്കാലത്ത് അമ്മക്ക് തുണയായി പോകുന്നത് ഞാനായിരുന്നല്ലോ. തുണ ക്കാരത്തികള്‍ എന്റെ കുട്ടിക്കാലത്ത് തന്നെ ഇല്ലാതായിരുന്നു. അത് കൊണ്ടാണ് അമ്മയെ സന്തോഷിപ്പിക്കാനും കൂടിയായി ഞാന്‍ നാട്ടില്‍ പോകുന്ന ഓരോ തവണയും അമ്പലത്തില്‍ മുടങ്ങാതെ പോകുന്നത്.
ഏത് ഞാനാണ് അമ്പലം ചുറ്റുന്നതും തിളങ്ങുന്ന ചന്ദ്ര കല ചൂടിയ ശിവനെയും പുഞ്ചിരിക്കുന്ന കൃഷ്ണനെയും , അയ്യപ്പന്‍ ,ഗണപതി മാരെയും പ്രദക്ഷിണം വയ്ക്കുന്നത്? അത് രണ്ടിലോ മൂന്നിലോ പഠിച്ചിരുന്ന അമ്മയുടെ തുണ ക്കാരിയായ ഞാന്‍ തന്നെ . അത് കഴിഞ്ഞു ചെല്ലുമ്പോള്‍ കയ്യില്‍ കിട്ടിയ പ്രസാദം അമ്മയുടെ നെറ്റിയില്‍ തൊട്ടു കൊടുക്കുമ്പോള്‍ എനിക്ക് അമ്പലത്തില്‍ പോയതിന്റെ ശരിയായ ഫലം ലഭിച്ചു എന്ന് തോന്നും. അമ്മ ചോദിക്കും ' കുഞ്ഞപ്‌ ഫനെ ഓര്‍മ്മയുണ്ടോ നിനക്ക് ?' ഉവ് 'ഞാന്‍ കാണുമ്പോള്‍ കൂനുണ്ടായിരുന്നു ..അമ്മ കാണുമ്പോള്‍ കൂനുണ്ടായിരുന്നോ കുഞ്ഞ ഫന്? " ഏയ്‌ ഇല്ല.. എന്നാലും ശ്ശി വയസ്സ് അന്ന് തന്നെ ഉണ്ടായിരുന്നൂ ന്നു തോന്നുന്നു. " അച്ഛന്റെ അടുത്താ സങ്കടങ്ങളൊക്കെ പറയാന്‍ വര്വാ..അന്നും അമ്പലത്തില്‍ നട വരവോക്കെ കഷടിയാണ് ..." ശാന്തി കൊണ്ട് എന്താവാനാ. ആരുടേം കയ്യില്‍ കാശൊന്നും ഇല്ലാ.. വല്ല തേങ്ങയോ അരി യോ ഉള്ളതില്‍പങ്കു കൊടുക്കും "

"അമ്മ ഇപ്പൊ എന്താ കുഞ്ഞഫന്റെ കാര്യം പറയാന്‍ ഞാന്‍ ഇടയില്‍ കടന്നു ചോദിച്ചു
.." ഒന്നൂല്യ ആ ഷാരോടി ന്റെ കാര്യം വിചാരിച്ചപ്പോള്‍ ഓരോന്ന് ഓര്‍മ്മ വന്നു"

ഇത്തവണ അമ്മക്ക് ഷാരോടിയെ കുറിച്ചായിരുന്നു പറയാന്‍ ഉണ്ടായിരുന്നത് .

ഞാന്‍ പഴയ ശേഖര പിഷാരോടി യെയും ആത്മഹത്യ ചയ്ത അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് ഓര്‍ത്തു. മക്കളില്ലാത്തത് ആയിരുന്നു അവര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. ഒരിക്കല്‍ അമ്മ തന്നെയാണ് പറഞ്ഞത് "ആ ഷാരസ്യാര്‍ റയിലില്‍ തല വച്ച്..മരിച്ചു.. പാവം. " കുട്ടികളില്ലാത്ത ദുഃഖം കൊണ്ടൊന്നുമല്ല , അവര്‍ മക്കളെ പോലെ കരുതിയ അടുത്ത ബന്ധുക്കള്‍ സ്വത്തു കിട്ടിയ പാടെ അവരെ അവഗണിച്ച് തള്ളി പുറത്താക്കിയതിന്റെ ഖേദത്തില്‍ ആണ് എഴുപതാം വയസ്സില്‍ അവര്‍ റയില്‍ പാളത്തിലേക്ക്‌ എടുത്തു ചാടിയത് .

ആ ഷാരോടി കുടുംബ വുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ്‌ ഇപ്പോഴത്തെ കഴകക്കരനായ ഷാരോടി. പഴയ ,എന്റെ കുട്ടിക്കാലത്തെ ഷാരോടികുടുംബം ഭേദപ്പെട്ട നിലയില്‍ ഒരു രണ്ടു നില മാളികയില്‍ താമസിച്ചിരുന്നവരായിരുന്നു .ഭംഗിയുള്ള കുളവും കുളപ്പടവുകളും നല്ല ചന്തമുള്ള മുറ്റവും മുറ്റത്ത്‌ ഒരു കിണറും മഞ്ചാടി കുരുക്കള്‍ വിതറി യിടുന്ന ഒരു മഞ്ചാടി മരവും ഒക്കയൂണ്ടായിരുന്ന ഒരു വീട്. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും അവര്‍ പരസ്പരം കുട്ടികളായി ചമഞ്ഞു കളിക്കും എന്ന് അവരുടെ അയല്‍വാസികള്‍ തമ്മില്‍ പറഞ്ഞു ചിരിച്ചിരുന്നു.. അതൊക്കെ കഴിഞ്ഞിട്ട് മുപ്പതു വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം.
ഇപ്പോള്‍ അമ്മ പറയാന്‍ തുടങ്ങുന്ന ഷാരോടി കഥ എന്താണ് .

അമ്പലത്തില്‍ പോകാറി ല്ലെങ്കിലും അമ്മ മനസ്സ് കൊണ്ട് എന്നും അമ്പലം പ്രദക്ഷിണം വക്കുന്നുണ്ട് എന്ന് എനിക്ക് തോന്നും. ദൈവത്തിനെയും , പ്രേതങ്ങളെയും യക്ഷിയേയും ഒടിയനെയും ,ദേവന്മാരെയും അസുരന്മാരെയും എല്ലാം ഒരുപോലെ ഭാവനയില്‍ കണ്ടു പേടിക്കുകയും സന്തോഷിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്ന കാലം.. അമ്മയും മുത്തശ്ശിയും കഥകളില്‍ അവരെയെല്ലാം നിരത്തി നിറുത്തി കാണിച്ചു ...മയില്‍ പീലി ചൂടിയ കൃഷ്ണന്‍ മുതല്‍ അനേകായിരം ദൈവരൂപങ്ങള്‍.
ഞാന്‍ അമ്മയുടെ അടുത്തെത്തുമ്പോള്‍ അതൊക്കെ ഓര്‍ക്കും എന്ന് അമ്മക്കറിയാം. എന്റെ മനസ്സില്‍ നിന്ന് എന്നെ ഇറങ്ങിപ്പോയ ദൈവങ്ങളെയൊക്കെ അമ്മ മുന്‍പില്‍ അവതരിപ്പിക്കും. എന്റെ ബാല്യം പോലെ തന്നെ ;വീട് വിടുമ്പോള്‍ അവര്‍ എന്നെ വിട്ടു എന്റെ വീട്ടിലും അമ്പല പറമ്പിലുമായി കൂടം ചേര്‍ന്ന് നില്‍ക്കുകയും ചെയ്യും. എന്റെ അടുത്ത വരവ് കാത്തു.എന്നപോലെ.. അല്ലെങ്കില്‍ എന്നെ യാത്രയാക്കാനെന്നപോലെ.

എന്താ ഷാരോടിയെ പറ്റി അമ്മ കഷ്ടം പറഞ്ഞത് ഞാന്‍ ചോദിച്ചു.

അതിന്റെ കാര്യം വല്യ കഷ്ടത്തിലാ..അതെന്താ"?
അല്ല ബാക്കിയുള്ള ആളുകളെ പോലെ സാമര്‍ത്ഥ്യം ഒന്നും ഇല്ലാത്ത ആളാണെ അയാള്‍..." അല്ലെങ്കിലും എന്ത് സാമര്‍ത്യ മാണ് എന്നും പൂ പറിച്ചു മാലകെട്ടിയും അവ നന്നാക്കിയും മറ്റും നിത്യ വൃത്തി ചെയ്യുന്ന അയാള്‍ക്കുണ്ടാവുക. ? ഞാന്‍ വെറുതെ വിചാരിച്ചു. '
'അയാള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാറുണ്ട്. അമ്മ പറഞ്ഞു അമ്പലത്തിലെ നടവര വ് പറയത്തക്ക വിധം ഇല്ല്യല്ലോ. .ഭാര്യയും വയസ്സായ അമ്മയും ഉണ്ട് അയാള്‍ക്ക്‌.'

ശമ്പളമൊന്നും കിട്ടില്ലേ അമ്പലത്തില്‍ നിന്ന് ? ഞാന്‍ ചോദിച്ചു ചെറിയത് എങ്കിലും ഒരു സ്ഥിരം വരുമാനം ഉണ്ടാകുമല്ലോ ?
..ഏയ്‌ അതൊന്നും ശരി യായിട്ടില്ല .. എന്തോ പേപ്പറ് ഇതുവരെ ശരി ആയിട്ടില്ല എന്നെ കേട്ടത്. മൂന്നുനാല് കൊല്ലം കഴിഞ്ഞു.. പേപ്പറ് ഇങ്ങനെ എഴുതി അയക്കുന്നുണ്ട് എന്നെ പറഞ്ഞത്.. ആരാ ആവോ അതൊക്കെ ശരി ആക്കി അയാള്‍ക്ക്‌ പൈസ കിട്ടാന്‍ സഹായിക്ക്യ ...അറിയില്ല്യ ."
. അമ്മ ..ഷാരോടിയുടെ പ്രാരാബ്ദം ഓര്‍ത്തു സങ്കടപ്പെട്ടു.
ഇങ്ങനെ അമ്പലത്തില്‍ പോകാതെ തന്നെ അമ്പലത്തിലെ ദേവന്റെ കാര്യം മുതല്‍ അടിച്ചു വാരുന്ന മീനാക്ഷിയുടെ ചൂലിന്റെ തേയ്മാനം വരെ അമ്മ അറിയും .
അമ്മ പറയുന്നത് ശരിയാണെന്ന് രണ്ടോ മൂന്നോ മാസത്തെ ഒരു വിടവിനു ശേഷം ചെല്ലുമ്പോള്‍ എനിക്ക് ബോധ്യ മാവും.

ഇങ്ങനെ ഓരോന്നു വിശദീകരിക്കുമ്പോഴാണ് അമ്മ ഞാന്‍ അമ്പലത്തില്‍ പുഷ്പാഞ്ജലി കഴിക്കണം എന്നും ആ പൈസ പാവം പിടിച്ച ആ ഷാരോടിക്ക് കിട്ടാന്‍ അത് ശീട്ടാക്കാതെ അയാളുടെ കൈയില്‍ കൊടുക്കണമെന്നും ആവശ്യപ്പെട്ടത് .
ഞാന്‍ കൊടുക്കുന്ന ആ ഇരുപതു രൂപ കൊണ്ട് അയാളുടെ ഒരു ദുരിതവും മാറാന്‍ പോകുന്നില്ലെന്ന് എനിക്കറിയാം ..അമ്മയ്ക്കും അറിയാം.
എങ്കിലും..
ഇങ്ങനെ പറയുന്ന എന്റെ വീട് ഒരു ജന്മിയുടെയോ പ്രഭുവിന്റെയോ അല്ല .. എന്റെ അമ്മ പ്രഭ്വിയും അല്ല . ..ഷാരോടിയുടെ ക്ലേശങ്ങള്‍ക്ക്‌ സമാനാമായ ക്ലേശങ്ങള്‍ അനുഭവിച്ചും അതിനോട് സമരസപ്പെട്ടും കഴിയുന്ന പല അമ്പല വാസി , ശാന്തി മാര്‍ഗത്തില്‍ കഴിയുന്ന ആളുകളെ പോലെ തന്നെ ..നിത്യ പട്ടിണി യില്ലെന്ന് മാത്രം..എന്റെ , ഞാന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ , പ്രദേശത്തിന്റെ പൊതു നില അങ്ങനെ യാണ് .അങ്ങനെ അല്ലാത്തവര്‍ ഇല്ല എന്നല്ല ..ഉണ്ട് താനും .പക്ഷെ ഞാന്‍ പറയുന്ന ,ഞാന്‍ കൃത്യമായി അറിയുന്ന ഒരു കൂട്ടം ആളുകളും കുടുംബങ്ങളും പഴയ പുസ്തക താളില്‍ എന്ന പോലെ ജീവിച്ചു തീരുന്ന കഥാപാത്രങ്ങളാണ്.

അത് കൊണ്ടാണ് അമ്മ പറയുന്ന പിഷാരോടി കഥ കളും, പാത്തുട്ടിയുടെ കഥകളും, ആശാരി വീട്ടിലെ ലക്ഷ്മിയുടെ കഥയും എല്ലാം എന്നും പ്രസക്തമാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം. അമ്മയുടെ ദേശ സ്പര്‍ശിനി എല്ലാം വീട്ടിലിരുന്നു തന്നെ ഒപ്പിയെടുത്തു കൊണ്ടിരിക്കും . വന്നു പോകുന്ന ലക്ഷ്മിയോ പാത്തുട്ടിയോ പറയുന്ന വാക്കുകളില്‍ നിന്ന് .

ക്ക് ആരും ഇല്ല്യാതായില്ലേ എന്റെ കുട്ട്യേ ..എത്ര കൊല്ലായി ഭര്‍ത്താവും മരിച്ചു ആകെ ണ്ടായിരുന്ന മോളും മരിച്ചു '
എങ്ങനെ മോള് മരിച്ചത്? ലക്ഷ്മി കഥ പറയാനെന്നപോലെ നിലത്തിരിക്കും മുറുക്കാന്റെ, പുകയിലയുടെ രൂക്ഷഗന്ധം പരത്തി പറഞ്ഞു തുടങ്ങും.
' ഒന്നും ണ്ടായിരുന്നില്ല ന്റെ കുട്ട്യേ , സ്കൂളി പോകാന്‍ തുടങ്ങുമ്പോ ഒരു തല കറക്കം ..നിന്ന നിപ്പിനു കുഴഞ്ഞു വീണു. മരിക്ക്യേം ചെയ്തു. പതിനെട്ടു വയസ്സേര്‍ന്നു ഓള്‍ക്ക് .....നെടു വീര്‍പ്പിനു മീതെ അവര്‍ അവസാനിപ്പിക്കും "ഹാര്‍ട്ടിന്റെ സൂക്കെടെര്‍ന്നു ന്ന എല്ലാരും പറയണത് ...ഒക്ക് ഒന്നും ന്ടാര്‍നില്ല്യ.. ഒന്ന് പനിച്ചിട്ടും കൂടിയില്ല .."

ഇപ്പൊ ഇണ്ടെങ്കി ങ്ങളെ പ്രായാവും. ങ്ങക്ക് പ്പോ എത്ര വയസ്സായി " എന്ന ചോദ്യം അകമ്പടിയായി.. "അമ്പതു കഴിഞ്ഞു .."
"..ഹും ...ന്നെ നോക്കാന്‍ ഇപ്പൊ ആരുല്യാതായി "!!!മുഷിഞ്ഞ മുണ്ട് കുടഞ്ഞുടുത്തു നടക്കുമ്പോള്‍ പറയും.. " ഈ ചിക്കന്‍ ഗുനി കാരണം പണി എടുത്തു തിന്നാനും വയ്യാതായി ..കാലിനു വേദന .അല്ലെങ്കി ദിവസം മുന്നൂറു ഉരുപ്യേന്റെ പണി ഞാന്‍ ചെയ്യുവാരുന്നു ..." എല്ലാ പ്രാവശ്യത്തെ യാത്രയിലും എന്നെ കാണുമ്പോഴൊക്കെ അവര്‍ ആവര്‍ത്തിക്കുന്ന കഥയില്‍ രോഗങ്ങള്‍ കടന്നു വന്നിരുന്നില്ല ഇത് വരെ ... മകളുടെ മരണം , ആ കുഴഞ്ഞു വീഴല്‍ ഞാന്‍ എത്ര തവണ കണ്ടു... ഇപ്രാവശ്യം 'ചിക്കന്‍ ഗുനി' വേദനിപിക്കുന്ന വയസ്സായ ആ കാലുകളും കൂടി നാടിന്റെ കഥ പറഞ്ഞു ..
എന്താ ഒരു തിളക്കം കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണാഭരണ പരസ്യം കണ്ട അമ്മ പറഞ്ഞു. ഇതില്‍ ഇത്തിരി ആ ശാരോടിക്ക് കിട്ടിയിരുന്നെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്യാന്‍ നോക്കില്ലായിരുന്നു .." അമ്മയുടെ ആത്മഗതത്തിനു ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ സ്വപ്നം പോലെ ചിറകു വരും.. അമ്മക്ക് വയസ്സ് ഏറെയായി..കുട്ടികള്‍ക്ക് തുല്യമാവാന്‍ പറ്റിയ കാലം .
അല്ല എന്തിനാ ഷാരോടിക്ക് സ്വര്‍ണം ? ഭാര്യക്ക് കൊടുക്കാന്‍ കഴിയാതെ അവള്‍ അയാളെ ചീത്ത പറഞ്ഞോ.."
അത് കൊണ്ടാണോ അയാള്‍ മരിക്കാന്‍ തുടങ്ങിയത്? ചെറുപ്പക്കാരിയായ ആ ഭാര്യയേയും മെലിഞ്ഞു പാവം പിടിച്ച ആ ഷാരോടിയെയും ഓര്‍ത്തു കൊണ്ട് ഞാന്‍ ചോദിച്ചു. പരസ്യം കണ്ടാല്‍ ഇതില്ലാതെ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തോന്നിപ്പിക്കുകയാണല്ലോ ഓരോ പരസ്യക്കാരുടെയും ഉന്നം .അങ്ങനെ സ്വര്‍ണ പണ്ടങ്ങളില്‍ മുങ്ങി പൊങ്ങാന്‍ അവസരം വേണമെന്ന് ശഠിച്ചു ഷാരോടിയുടെ ഭാര്യ അയാളെ മരണത്തിലേക്ക് നയിച്ചതാകും എന്ന് ഞാന്‍ ഉറപ്പിച്ചു..
ഏയ്‌ അതൊന്നുമല്ല. ആ കുട്ടി ഒരു പാവാ. .
അമ്പലത്തില്‍ നിന്ന് കള്ളന്‍ ഭഗവാന്റെ വെള്ളി പൊട്ടും പ്രാര്‍ഥിച്ചു ആളുകള്‍ ചാര്‍ത്തിയ മാലയും ഒക്കെ കൊണ്ട് പോയി മൂന്നു നാല് മാസം മുമ്പ്. അതോണ്ടാ ദിവസോം ഭഗവാന്റെ ആഭരണങ്ങള്‍ ഷാരോടി സൂക്ഷിക്കട്ടെ എന്ന് കമ്മിറ്റി തീരുമാനിച്ചത് ..."
എന്നിട്ടെന്തായി ? അയാളുടെ വീട്ടീന്ന് അത് കള്ളന്‍ കൊണ്ട് പോയി ഷാരോടീടെ ഭാര്യേടെ ആ കെയുള്ള ഒന്നര പവന്റെ മാലയും , കൂടി കൊണ്ട് പോയി..'
സി ബി ഐ കഥ പോലെ യായി ഇത്തവണത്തെ അമ്മയുടെ വിവരണങ്ങള്‍..
"പാവം എല്ലാരും കൂടെ ഷാരോടിയെ കുറ്റക്കാരനാക്കി."

അതങ്ങനെയല്ലേ ചെയ്യൂ ഞാന്‍ നാട്ടുകാരുടെ ഭാഗം കൂടി ..
"അയാളുടെ ഭാര്യേടെ മാല പോയി എന്ന് കളവു പറയുകയാണെന്ന് വരെ ആളുകള്‍ പറഞ്ഞുണ്ടാക്കി...അമ്മ എന്റെ ഭാഗം കേള്‍ക്കാന്‍ നില്‍ക്കാതെ പറഞ്ഞു.
"ആകുട്ടിയൊക്കെ ഇവിടെ വന്നു എന്താ ഒരു കരച്ചില്‍..നിറ വയറും വച്ചോണ്ട്.."

ഏടത്തിയും ഞാനും കൂടെ കരഞ്ഞു അല്ലാതെ എന്താ ചെയ്യാ.. " അമ്മ കണ്ണ് തുടച്ചു.
എന്നിട്ടോ " ഞാന്‍
'അതങ്ങനെ കഴിഞ്ഞു.....

അവര് വന്നു കൂട്യേ ആളുകളല്ലേ നാട്ടുകാര്‍ക്ക് അതും പറയാന്‍ ഒരു കാരണായി..
വന്നു കൂടിയത് എന്ന് വച്ചാല്‍ കഴകജോലിക്ക് വന്നു കൂടിയത് എന്നാണു അര്‍ഥം പത്തിരുപതു കിലോമീറ്റര്‍ ദൂരെ നിന്നാവണം .
'പിന്നെ എങ്ങനെ ഷാരോടി അത് പരിഹരിച്ചു? ഞാന്‍ വെറുതെ അമ്മയെ സന്തോഷിപ്പിക്കാന്‍ വേണ്ടി താത്പര്യം നടിച്ചു ചോദിച്ചു.

അതൊന്നും പറയണ്ട ..അയാള്‍ എങ്ങനെ പരിഹരിക്കാനാണ് . ആളുകള്‍ പറച്ചില്‍ നിര്‍ത്തി.. എന്നാ ഈ ഷാരോടി ഒരഭിമാനി തന്നെ ആണ്.
അതോണ്ടല്ലേ പിന്നെ അയാള്‍ മരിക്കാന്‍ വിഷം കഴിച്ചത്? '

വിഷം കഴിക്ക്യെ ? അതെപ്പോ ? എനിക്കും ആശ്ചര്യം തോന്നി. കള്ളന്റെ കേസ് കഴിഞ്ഞിട്ട് ഇത്ര്യേം കാലം കഴിഞ്ഞിട്ടാ മരിക്കാന്‍ നോക്കുന്നത്?
കള്ളന്റെ കേസ് ഒരു വക...ആ ആക്ഷേപം അയാള്‍ക്ക്‌ വല്യ വിഷമം ഉണ്ടാക്കി. ഭാര്യേടെ താലി മാല പോയതിനേക്കാള്‍ വെഷമം.. ആ കുട്ടി പറഞ്ഞു കരഞ്ഞതാ അതൊക്കെ. അത് സത്യല്ലാണ്ടേ വരില്യ ."

"ഇതിനെടെലാ വട്ടി പലിശകാരുടെ വരവ്. '
എന്താ അത്?
അയാള്‍ പണം കൊടുക്കാനുള്ള ആളുകള്‍ എന്നും അതും പറഞ്ഞു വന്നു ഉമ്മറത്ത്‌ ഇരിപ്പ് തുടങ്ങീ .ആ കുട്ടീം തള്ളയും ഒക്കെ നാണം കൊണ്ട് മിണ്ടാതെ . അമ്പലത്തില്‍ പോലും വരാതായീ ന്ന ചിരുത പറഞ്ഞത്. അമ്മ വല്ലപ്പോഴും അമ്മയെ കാണാന്‍ വരുന്ന ചിരുതയെ ഉദ്ധരിച്ചു പറഞ്ഞു.

"ഇതൊക്കെ സഹിക്കാന്‍ വയ്യാതെ അയാള്‍ മരുന്ന് കഴിച്ചു ..ചാവാനുള്ള മരുന്ന്..
കഷ്ടം... നിറവയറും വെച്ച് ഇന്നോ നാളെയോ എന്ന് പറഞ്ഞു നില്‍ക്കുന്ന ഭാര്യേം വയസ്സായി കൂനിയ അമ്മേം പറ്റീം ഓര്‍ക്കാതെ....' അമ്മക്ക് ഷാരോടിയുടെ പ്രവര്‍ത്തി ഒട്ടും നന്നായി തോന്നിയിട്ടില്ലെന്നു മനസ്സിലായി..
എന്നിട്ട് മരിച്ചില്ല അല്ലെ .അയാള്‍ക്ക്‌ ആണല്ലോ പത്തോ ഇരുപതോ ഞാന്‍ മാല കെട്ടാനായി നാളെ കൊടുക്കുക. അമ്മ അതെ പറ്റി പറഞ്ഞതല്ലേ ഉള്ളു...

"പിന്നെ എന്താ ഉണ്ടായേ?'
ഞാന്‍ ചോദിച്ചു.
"ശര്‍ദ്ദിച്ചു തളര്‍ന്നു വീണ അയാളെ ഇതാ എട്ടനടക്കം കുറെ പേരാ ആദ്യം പ്രൈവറ്റ്‌ ആശുപത്രിയില്‍ കൊണ്ട് പോയത് .. അവിടെ നിന്ന് തള്ളിയപ്പോ പിന്നെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി ."
ഹും ..'


ശ്വാസോം പോയി കണ്ണും തുറിച്ചു ഇപ്പൊ മരിക്കും ന്ന സ്ഥിതിയായിരുന്നു ..ആംബുലന്‍സ് വിളിക്കാന്‍ ഡോക്ടര്‍ മാര്‍ പറഞ്ഞു. പിന്നെ അവര്‍ പഠിച്ചപണി നോക്കി ഒരുവിധം അയാളെ രക്ഷപ്പെടുത്തി. വായീ കൂടെ ട്യൂബ് ഇടാന്‍ രണ്ടു പല്ല് തല്ലി കൊഴിച്ചൂ."അമ്മ ചിരിച്ചു "
പല്ല് പോയാലും ജീവന്‍ കിട്ടിയല്ലോ.. ഞാനും ഏടത്തിയും എത്ര പ്രാര്‍ത്തിച്ചു ന്നു നിശ്ചാല്ല്യ. രാവും പകലും.. മൂന്നു ദിവസം എട്ടനടക്കം ആശുപത്രീല്‍ നിന്ന് ..ആരാ അല്ലെങ്കില്‍ അയാള്‍ക്കുള്ളതു ? ആ വയസായ തള്ളയോ..

ഷാരോടി യുടെ കടത്തിനെ പറ്റിയായി എന്റെ ആലോചന. "കടം കേറിയാണ് അയാള്‍ മരിക്കാന്‍ തുടങ്ങീതു" അമ്മ വീണ്ടും പറഞ്ഞു.
അത് കഷ്ടമായി ..ഇനി ഇപ്പൊ ആശുപത്രീന്ന് വന്ന നിലക്ക് , മരിക്കാതിരുന്നതുകൊണ്ട് കടം വീട്ടിയല്ലേ പറ്റൂ.. ഞാന്‍ വിചാരിച്ചു. പാവത്തിന് മരിക്കാനും പറ്റിയില്ല.. ആ കുട്ടീടെ കരച്ചില് ദൈവത്തിനു സഹിച്ചിട്ടുണ്ടാവില്ല . അയാള്‍ ശ്വാസം കിട്ടാതെ കിടക്കുമ്പോഴാ അയാടെ ഭാര്യ പ്രസവിച്ചത്.. അതിനു അച്ഛന്‍ ഇല്ലാതാവല്ലേ എന്ന് ഞങ്ങളും പ്രാര്‍ത്തിച്ചു.. തേവര് കേട്ടു '
.അമ്മ തൊഴുതു കൊണ്ട് പറഞ്ഞു.

എന്റെ മനസ്സില്‍ ഷാരോടിയുടെ കടം തന്നെയായിരുന്നു. ഇനി ഇപ്പൊ എന്ത് ചെയ്യും അയാള്‍ ..ഞാന്‍ കൊടുക്കുന്ന ഇരുപതു രൂപ എന്തായാലും അയാള്‍ ക്ക് കടം പോയിട്ട് ഒരു കിലോ അരി വാങ്ങാന്‍ തികയില്ല.
അതൊക്കെ വീട്ടി ..അമ്മ സന്തോഷത്തോടെ പറഞ്ഞു. കുറച്ചു പിരിവെടുത്തു. "
ഇവിടുത്തെ ഏട്ടന്‍ രണ്ടായിരം , ആ ഇല്ലത്തെ രാമന്‍ രണ്ടായിരം, പിന്നെ ആറായിരം ഗൊവിന്ദനൊ നാണു വോ .. ഒക്കെകൂടി .
" അപ്പൊ അത്രയും മതിയായിരുന്നോ.. ഇതിപ്പോ ആകെ കൂടി എണ്ണായിരം ഉറുപ്പിക യല്ലേ ആയുള്ളൂ. ? ഞാന്‍ വിശ്വാസം വരാതെ ചോദിച്ചു.
ആ അത് മതിയായിരുന്നു . "ഷാരോടി എട്ടായിരം രൂപയല്ലേ വട്ടി ക്കാരോട് വാങ്ങിച്ചിരുന്നു ള്ളൂ .. "പലിശ പന്തീരായിരം കൊടുത്തിരുന്നു അയാള്‍."
ഇനി ഒരിക്കലും എണ്ണായിരം രൂപ കയ്യില്‍ വന്നു അത് കൊടുത്തു തീര്‍ക്കാന്‍ ആവും എന്ന് അയാള്‍ക്ക്‌ പ്രതീക്ഷ ഇല്ലായിരുന്നു. അതാണ്‌ അയാള്‍ കീട നാശിനി വിഴുങ്ങി മരിക്കാന്‍ തീരുമാനിച്ചത്.

എണ്ണായിരം രൂപ യില്ലാതെ ജീവന്‍ ഒടുക്കാന്‍ ശ്രമിച്ചു മരിക്കാത്ത ഷാരോടിയുടെ കയ്യില്‍ പുഷ്പാഞ്ജലി ക്കായി ഇരുപതു രൂപ വക്കുമ്പോള്‍ ....

സ്വന്തം ജീവന് എണ്ണായിരം രൂപ വിലയിട്ട ആ മെലിഞ്ഞ ചെരുപ്പക്കാരനോട്‌ വല്ലാത്ത ഒരടുപ്പം തോന്നി ..അമ്മ പറയുന്നത് പോലെ അയാള്‍ വലിയ അഭിമാനി തന്നെ .

ആഗോള മൂലധനം ഇങ്ങനെ പൊടി പാറിച്ച് പെയ്തു നിറയുമ്പോള്‍ ..കടം വീട്ടാന്‍ എണ്ണായിരം രൂപ യില്ലാതെ ആത്മഹത്യ ക്ക് ഒരുങ്ങുന്നഒരമ്പല വാസി .................

Saturday, October 17, 2009

മണ്ണ്

സത്യത്തില്‍ ഗൌരവ മുള്ള കാര്യങ്ങള്‍ എഴുതണമെന്നു തോന്നുമ്പോള്‍ അല്ലെങ്കില്‍ ഏറ്റവും ആഴത്തില്‍ മനസ്സിനെ സ്പര്‍ശിക്കുന്ന /സ്പര്‍ശിച്ച കാര്യങ്ങള്‍ എഴുതാന്‍ എനിക്ക് കടലാസും പേനയും തന്നെ വേണം. ഞാന്‍ പഴയ മനുഷ്യത്തി ആയതുകൊണ്ടാവാം ..അല്ലെങ്കില്‍ ഞാന്‍ അറിയാത്ത എന്തോ ഒന്നു എന്നെ പിന്നോട്ട് വലിക്കുന്നത് എന്ത് കൊണ്ടു..അങ്ങനെ യല്ല ഇനി ഈ വക കാര്യങ്ങളും ഞാന്‍ എന്റെ ചരിവിലിരുന്നു തന്നെ പറയാം എന്ന് വിചാരിക്കുമോ ? എനിക്കുറപ്പില്ല. എങ്കിലും ഒരു പ്രതീക്ഷയുണ്ട്...

എന്താണ് യാഥാര്‍ത്ഥ്യം ? വിര്‍ ച്വല്‍ റിയല്‍ അല്ലെങ്കില്‍ റിയല്‍ വിര്‍ച്വല്‍ ?

അതെ ഞാന്‍ യാഥാര്‍ത്ഥ്യത്തെയും കാഴ്ചയേയും , കാണാ കാഴ്ചയേയും എല്ലാം സശയിച്ചു കൊണ്ടിരിക്കുന്നു.
കടലാസില്‍ പകര്‍ത്തി ഒരു പക്ഷെ ഞാന്‍ അവയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നു , അറിയാന്‍ ശ്രമിക്കുന്നു.
കാല്‍ നിലത്തു സ്പര്‍ശിച്ചു മണ്ണിനെ അറിയുന്നതുപോലെ...

Sunday, October 11, 2009

ബ്ലോഗ് എഴുത്തില്‍ നിന്നു തത്ക്കാലം വിട ...........

Thursday, October 8, 2009

വേനലില്‍ ..

വെറുതെ നടന്നു പോകുന്നവനെ/ളെ വെട്ടിക്കൊല്ലാനോ, ഉറങ്ങി കിടക്കുന്നവരെ കശാപ്പ് ചെയ്യാനോ ,കൂട്ടം ചേര്‍ന്ന് കൊള്ളയടിക്കാണോ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല എന്ന് മലയാളികളും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇതു പറയുമ്പോള്‍ ഉടന്‍ ഞാന്‍ മലയാളി അല്ലെ എന്ന ചോദ്യവുമായി ആരെങ്കിലും വരാതിരിക്കില്ല. സ്വന്തം ഉള്ളിലേക്ക് നോക്കുന്നവര്‍ ചുരുക്കമായ ഇക്കാലത്ത് ,എല്ലാവരും അവരവര്‍ മാത്രം ശെരി എന്നും ,ലോകം തനിക്ക് ചുറ്റുമാണ് കറങ്ങുന്നത് എന്നും വിചാരിച്ചിരിക്കുമ്പോള്‍ , സെല്‍ഫ് ക്രിടിസിസം എന്ന വാക്കു മറന്നു പോകുന്നത് സ്വാഭാവികം. വന്നു വന്നു ജീവിതം നരകമാണെന്നു ഓരോരുത്തരും ചിന്തിച്ചു തുടങ്ങുന്നു ..എന്റെ ചുറ്റുപാടുകള്‍, ഞാന്‍ കാണുന്ന ജീവിതങ്ങള്‍ , ഈ നിലനില്‍പ്പ്‌ എല്ലാം എന്നെ അസ്വസ്ഥമാക്കുന്നു ....മനസ്സ്‌ ഭംഗി പോയി, നിറങ്ങള്‍ പോയി, കവിത പോയി ശൂന്യമാകുന്നു...
എങ്കിലും എനിക്ക് നില നിന്നെ പറ്റു കവിതയും , നിറങ്ങളുമായി സംവദിച്ചേ പറ്റൂ ...

ഒരു പൂവും വാടുമെന്ന് കരുതി വിരിയാതിരിക്കുന്നില്ല ..ഒരു കുയിലും വസന്തത്തില്‍ പാടാതിരിക്കുന്നില്ല ..വേനലില്‍ പറക്കാതിരിക്കുന്നില്ല ...

Saturday, September 26, 2009

ഒറ്റ പ്പറക്കല്‍ , ഒറ്റക്കുള്ളത് ..

മുമ്പ് കടല്‍കരയില്‍ വളരെ ധന ധാന്യങ്ങളുള്ള ഒരു വൈശ്യന്‍ വസിച്ചിരുന്നു . അവന്‍ യജ്ജ്വാവും ദാതാവും ക്ഷാന്തനും ,സല്ക്കര്‍മ്മവാനും ശുചിയുമായിരുന്നു .
വളരെ പുത്രന്മാര്‍ ഉള്ളവനും സന്താനങ്ങളോട് സ്നേഹമുള്ളവനും എല്ലാ ഭൂതങ്ങളിലും ദയാലുവുമായിരുന്നു. അവന്‍ ധര്മ്മിഷ്ഠ നായ രാജാവിന്റെ നാട്ടില്‍ ഭയം കൂടാതെ വസിച്ചു . അവന്റെ പ്രസിദ്ധരായ നന്ദനന്മാരുടെ എച്ചില്‍ തിന്നു ഒരു കാക്ക വളര്‍ന്നു . അവന് ആ വൈശ്യപുത്രര്‍ എപ്പോഴും മാംസം ചോറ് തൈര് പാല് നെയ്യ് തേന്‍ പായസം എന്നീ വിധം പലതും നല്കി കൊണ്ടിരുന്നു വൈശ്യ പുത്രന്മാര്‍ വളര്‍ത്തുന്ന ആ കാക്ക തന്നോടോപ്പ മുള്ളവരെയും തന്നേക്കാള്‍ മേലെയുള്ളവരെയും നിന്ദിച്ചു കൊണ്ടിരുന്നു .
ഒരു ദിവസം വളരെ അകലെനിന്നു കടല്‍ക്കരയില്‍ കുറെ അന്നങ്ങള്‍ വന്നു. ഗരു ഡാന്റെ ഗതിക്കു തുല്യരായിരുന്നു ആ ഹംസങ്ങള്‍ . ഈ അന്നങ്ങളെ കണ്ടപ്പോള്‍ ആ ബാലന്മാര്‍ കാക്കയോടു പറഞ്ഞു " അല്ലയോ കാക്കേ , നീയാണല്ലോ പക്ഷികളില്‍ വച്ചു മേലെ യായവാന്‍ "
അല്‍പ ബുദ്ധികളായ ആ കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍ കാക്ക അതില്‍ വഞ്ചിതനായി. അവന്‍ മൌഢ്യം കൊണ്ടും ഗര്‍വു കൊണ്ടും അത് ശരിയാണെന്ന് വിചാരിച്ചു .എച്ചില്‍ തിന്നു ഗര്‍വിഷ്ടനായ കാക്ക ദൂരെ പോയി മടങ്ങുന്ന സമയത്തു അവരോട് ചെന്നു വാദിച്ചു . കാക്കക്ക് അവരില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നറിയണം എന്ന് ഒരാഗ്രഹം .
ദൂരെ പറക്കുന്ന അന്നങ്ങളുടെ യിടയില്‍ കണ്ട മുഖ്യനെ മത്സരത്തിന്നായി വിളിച്ചു ഒന്നു പറന്നു നോക്കണം എന്നായി . അങ്ങനെ ആ ജളന്‍ അരയന്നത്തെ മത്സരിച്ചു പറക്കാനായി വിളിച്ചു .ആ അന്നങ്ങള്‍ ഒത്തു ചേര്ന്നു കാക്കയുടെ വിഡ്ഢി ത്തമോര്‍ത്തു ചിരിച്ചു .പലതും പറയുന്ന കാക്കയോടു ആ ബലവാന്മാരായ ഹംസങ്ങള്‍ ,ആകാശത്തില്‍ സഞ്ചരിക്കുന്ന അന്നങ്ങള്‍ ,ഇപ്രകാരം പറഞ്ഞു

. അരയന്നങ്ങള്‍ പറഞ്ഞു " ഞങ്ങള്‍ മാനസ സരസ്സില്‍ വസിക്കുന്ന അരയന്നങ്ങള്‍ ആണ് . അവിടെ നിന്നു പറന്നു വന്നു ഞങ്ങള്‍ ഭൂമി ചുറ്റുകയാണ് . അതിദൂരം പറക്കുന്ന കാര്യത്തില്‍ പക്ഷികളായ ഞങ്ങള്‍ ലോകരുടെ പ്രശംസക്ക് പാത്രീ ഭാവിച്ചവര്‍ ആണ് . ദൂരെ പറക്കുവാന്‍ കഴിവുള്ള ചക്രാങനായ ഹംസത്തോട്‌ മത്സരിച്ചു പറക്കുവാനാണോ വിഡ്ഢിയായ കാക്കേ നീ വിളിക്കുന്നത് ? എടൊ കാക്കേ , നീ പറയൂ , എങ്ങനെയാണ് നീ ഞങ്ങളോടൊപ്പം പറക്കുകയെന്നു '
ഹംസം പറഞ്ഞത് കേട്ടു മൂഡ നായ കാക്ക ,ധിക്കാരത്തോടെ ,മേനി പറയുന്നവനായ കാക്ക ,തന്റെ ജാതിയുടെ ലാഘവത്തിനു ചേര്ന്ന മട്ടില്‍ ഉത്തരം പറഞ്ഞു "
കാക്ക പറഞ്ഞു " എടൊ ഹംസമേ ; എനിക്ക് എത്രമാതിരി പറക്കാമെന്നു നിനക്കറിയുമോ " നൂറ്റൊന്നു തരത്തില്‍ എനിക്ക് പറക്കാനറിയാം. ഓരോ പറക്കലും നൂറു യോജന വീതം , അതോ വിചിത്ര മായ മട്ടില്‍ . എങ്ങനെയാണ് അതിന്റെ മാതിരിയെന്നു പറയാം . ഉദ്ദീനം , അവഡി നം, പ്രഡീനം , ഡീനം , നിഡീനം , അസഡീനം , തിര്യക്ക്‌ ഡീനങ്ങള്‍ ,വിഡീനം ,പരിഡീനം ,പരാഡീനം, സുഡീനം ........................................ഡീ ന ഡീ നം , സന്‍ഡീനോഡീനഡീനം ..വീഴലും പൊങ്ങലും , പിന്നെയും പലമാതിരി , പ്രതി ഗതം , ആശംഖ്യം നികുലീനം ഇവയൊക്കെ നിങ്ങള്‍ കാണ്‍കെ ഞാന്‍ ചെയ്യാം .എന്റെ ബലം നിങ്ങള്‍ കാണുവിന്‍ ! ഈ പലമാതിരിയുള്ള പറക്കലില്‍ ഒരു വിദ്യയെടുത്തു ഞാന്‍ ഇപ്പോള്‍ ആകാശത്തില്‍ പറക്കാം .അന്നങ്ങളെ ,മുറയ്ക്ക് പുറപ്പെടാം . ഞാന്‍ ആരോടോപ്പമാണ് പറക്കേണ്ടത് ? നിങ്ങള്‍ തീര്‍ച്ചപ്പെടുത്തി എന്നോടൊപ്പം പറക്കാന്‍ വരിക . നില കിട്ടാത്ത ആകാശത്ത് ഈ പറഞ്ഞ മാതിരി പറക്കുവാന്‍ സന്ന്ധനാണ് ഞാന്‍ .
ഇപ്രകാരം കാക്ക പറഞ്ഞപ്പോള്‍ ഒരു അരയന്നം ചിരിച്ചു കൊണ്ടു കാക്കയോടു പറഞ്ഞു " എടൊ രാധേയ , അതും നീ കേട്ടു കൊള്ളുക "
അരയന്നം പറഞ്ഞു " എടൊ കാക്കേ നീ തീര്ച്ചയായും നൂറ്റൊന്നു മാതിരി പറക്കു മെന്നു പറഞ്ഞു വല്ലോ . മറ്റു പക്ഷികള്‍ക്ക് ഈ വിദ്യയൊന്നും അറിയുകയില്ല .അവര്ക്കു ഒറ്റ പറക്കലെ അറിയുകയുള്ളൂ . ഞാന്‍ പറക്കാം . വെറും പറക്കല്‍ മാത്രം . വേറെയൊന്നും എനിക്കറിഞ്ഞു കൂടാ .അല്ലയോ രക്താക്ഷാ ,! മഹാശയാ , നീ നിന്റെ ബോധ്യ പ്രകാരം പറക്കുക ' അവിടെ കൂടിയിരിക്കുന്ന കാക്കകളൊക്കെ ഹംസത്തിന്റെ വാക്കു കേട്ടു നിന്ദാ പൂര്‍വ്വം ചിരിച്ചു ' ഒറ്റവിധതിലുള്ള പറക്കല്‍ കൊണ്ടു ഹംസം എങ്ങനെ ജയിക്കാനാണ് ? നൂറു വിധം പറക്കാന്‍ അറിയാവുന്ന കാക്കയെ ഒപ്പം പറക്കുന്ന ഹംസത്തിന്റെ കുതി ഒറ്റക്കുതി കൊണ്ടു ലഘുവിക്രമനും ബലവാനുമായ കാക്ക ജയിച്ചു കളയും "
അന്നവും കാക്കയും പിന്നെ മത്സരിച്ചു പറന്നു .ചക്രാം ഗന് ഒറ്റ ക്കുതി കുതിച്ചു . കാക്ക നൂറു കുതി കുതിച്ചു . അങ്ങനെ ചക്രാം ഗനും പറന്നു കാക്കയും പറന്നു .പതനങ്ങ ളാല്‍ വിസ്മരിക്കുന്ന മാതിരി തന്റെ ഓരോ ക്രിയയും വിളിച്ചു പറഞ്ഞു കാക്ക പറന്നു . വീണ്ടും വീണ്ടും കാക്കയുടെ വിചിത്രമായ പതനങ്ങള്‍ കണ്ടു ഉച്ച സ്വരത്തില്‍ കാക്കകള്‍ അഭിനന്ദിച്ചു ആര്‍ത്തു . . ഹംസങ്ങളെ പരിഹസിച്ചു കൊണ്ട് വിപ്രിയമായ വാക്കുകള്‍ പറഞ്ഞു . മോഹൂര്‍ത്ത സമയം കാക്ക ഇങ്ങനെ , ഇങ്ങനെ ഇങ്ങനെ , അങ്ങനെ എന്ന് പറഞ്ഞു പലമട്ടില്‍ പറന്നു. മരത്തില്‍ നിന്നു താഴോട്ടുതാഴെ നിന്നു മരത്തിലെക്കും പറന്നും കുതിച്ചും വീണും പല ഘോഷങ്ങള്‍ കൂട്ടി ജയത്തിനായി പ്രാര്‍ത്ഥിച്ചു . അപ്പോള്‍ ഹംസം മെല്ലെ കുതിച്ചു പറക്കാന്‍ തുടങ്ങി . കാക്കയെക്കാള്‍ മുഹൂര്‍ത്ത സമയം താഴെ നിന്നു . മറ്റു ഹംസങ്ങള്‍ അവരോട് ഇപ്രകാരം പറഞ്ഞു ' ഈ പറക്കുന്ന ഹംസം ഇപ്രകാരമാണ് പറക്കുന്നത് ,അതില്‍ നിങ്ങള്‍ ക്ഷമിക്കണം ' എന്ന് പറഞ്ഞ ഉടനെ ഹംസം നേരെ പടിഞ്ഞാട്ടു മകരാലയമായ സമുദ്രത്ത്തിന്നടുത്തു കൂടി മുകള്‍ ഭാഗത്തൂടെ പറന്നു. അത് കണ്ടു ഭയപ്പെട്ടു ഉഴന്ന കാക്ക ഹംസത്തിന്റെ ഒപ്പം കുറച്ചു ദൂരം പറന്നു വിഷമിച്ചു .ദ്വീപും മരങ്ങളും കാണാതെ ,ഇരിക്കുവാന്‍ കഴിയാതെ ,അവന്‍ തളര്‍ന്നു .'കടല്‍ നിറയെ വെള്ളം തന്നെ ! ഞാന്‍ തളര്‍ന്നു പോയി .ഇനി എസിടെ ഒന്നു ചെന്നിരിക്കും ? വളരെ ജന്തുക്കള്‍ നിറഞ്ഞ ഈ കടല്‍ അവിസഹ്യം തന്നെ, സഹിച്ചു കൂടാ. മഹാ ജന്തുക്കള്‍ നിറഞ്ഞു ആകാശത്തേക്കാള്‍ മെച്ചപ്പെട്ടു കടല്‍ വിളങ്ങുന്നു . വെള്ളം ,ആകാശം ദിക്ക് ഇവയില്‍ അബ്ദി വാസികള്‍ പോലും അറ്റം കാണുന്നില്ല .പിന്നെ വെള്ളത്തില്‍ അല്‍പ്പ ദൂരം പറന്ന കാക്ക എന്ത് കാണാന്‍ .? മുഹൂര്‍ത്ത സമയം ഇമ്മട്ട് ഇമ്മട്ട് എന്ന് പറഞ്ഞു കാക പറന്നു . ഹംസ മാണെങ്കില്‍ മുന്നിട്ടു കടന്നു .ഹംസം കാക്കയെ തിരിഞ്ഞു നോക്കി . അവന്‍ അവശനായത് കണ്ടു അവനെ വിട്ടു പോകുവാന്‍ ഹംസം ഒരുങ്ങിയില്ല .ഹംസങ്ങള്‍ മുന്നിട്ടു കടന്നു വീണ്ടും ആ കാക്കയെ തിരിഞ്ഞു നോക്കി .അപ്പോള്‍ കാക്ക വിചാരിച്ചു . ഹംസങ്ങള്‍ എന്നെ കടന്നു പോവുകയില്ലെന്നു . പിന്നെ കാക്ക വളരെ ഏറെ ക്ഷീണിച്ചു ഹംസത്തിന്റെ അടുത്തെത്തി . തളര്‍ന്ന വശനായ കാക്കയെ നോക്കി ഹംസം , താഴ്ന്നു പോകുന്നവരെ പൊറുക്കുന്ന താണല്ലോ സജ്ജന വ്രതമെന്നു വിചാരിച്ചു ,ഇപ്രകാരം ചോദിച്ചു.
അരയന്നം പറഞ്ഞു " എടൊ കാക്കേ , പലമട്ടില്‍ ഉള്ള കുതികളെ വീണ്ടും വീണ്ടും പറഞ്ഞ നീ ഗൂഡ മായ മുറ യൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ .ഇപ്പോള്‍ നീ കുതിക്കുന്ന കുതി ഏതു മട്ടില്‍ ഉള്ളതാണ് " ...................................................................................................................................................................അല്ലയോ ഹംസമേ....ഞാന്‍ ആരെയും നിന്ദി ക്കുകയില്ല ..കടലില്‍ നിന്നു എന്നെ നീ കയറ്റി വിടണം "

..വെള്ളത്തില്‍ മുങ്ങി അഴക്‌ പോയ കാക്കയെ ,വിറയ്ക്കുന്ന ആ കാക്കയെ അരയന്നം ഒന്നും മിണ്ടാതെ കാല്‍ കൊണ്ട് പൊക്കി പുറത്തു കയറ്റി ..കാക്ക തളര്‍ന്നു മയങ്ങുമ്പോള്‍ പുറത്തു കയറ്റി .മത്സരിച്ചു പറക്കാന്‍ തുടങ്ങിയ ആ കാക്കയേയും താങ്ങി ഒരു ദ്വീപില്‍ കൊണ്ടിറക്കി ..താഴത്ത് ഇറക്കിയതിനു ശേഷം കാക്കയെ നല്ല വാക്കു പറഞ്ഞു സമാശ്വസിപ്പിച്ചു .പിന്നെ അരയന്നം ക്ഷണത്തില്‍ ഇഷ്ട പ്പെട്ട ദിക്കിലേക്ക് പറക്കുകയും ചെയ്തു ....

(വ്യാസ മഹാഭാരതത്തില്‍ നിന്ന്)


Thursday, September 24, 2009

അങ്ങാടിയില്‍ ജയിച്ചതിനാല്‍

അങ്ങാടിയില്‍ ജയിച്ചതിനാല്‍
ഇനിയെനിക്ക്

അമ്മയോടും കലഹിക്കാനില്ല്ല ,
കുട്ടികള്‍ ,കസേരകള്‍ , പാത്രങ്ങള്‍
കിളി ചിലക്കുന്ന പുലരികള്‍
ആകാശം അവാര്‍ഡ്‌ ആത്മ പീഡ,
ചുറ്റും മതിലുള്ള വീട്
മാല ചിരി ചെരുപ്പ് ,
അടിവച്ചടിവച്ചു
ഞാന്‍ എങ്ങോട്ട് തിരിയണം ?

.പുരസ്കാരങ്ങളുടെ കുട ചൂടി
ഒരു പട്ടണ പ്രദക്ഷിണം?
സേവനത്തിന്റെ പാതയില്‍
ദീര്‍ഘ ദൂര സഞ്ചാരം?
ആയുരാരോഗ്യങ്ങള്‍ക്ക്
പാലാഴിയില്‍ മുങ്ങിക്കുളി ?
ഈ ജീവിതം കൊണ്ട്
ഇനി എന്ത് ചെയ്യണം?


പാളത്തില്‍ തല ചേര്‍ത്ത സുഹൃത്തിന്റെ മോഹമോ
വിശപ്പ്‌ കൊണ്ട് ചത്ത ശിശുവിന്റെ പ്രേതമോ
ഇപ്പോള്‍
ഇടറുന്ന സ്മരണയല്ല
പോരാട്ടങ്ങളില്‍ മരിച്ചവരുടെ സ്വപ്‌നങ്ങള്‍
ഇപ്പോള്‍
ഇരമ്പുന്ന സ്മരണയല്ല .

നാര്‍സിസസ്സിനു
നീല തടാകത്തിലെന്ന പോലെ
എനിക്ക്
ദൂര ദര്‍ശനത്തില്‍ ആത്മ ദര്‍ശനം
ഈ ജീവിതം കൊണ്ട് ഇനിയെന്ത് ചെയ്യണം?

കാറ്റില്‍ വൃന്ദാവന ഗാനം
കാല്‍ ചിലമ്പൊലി
സിന്ധു ഭൈരവി
ഇനി
നഗര മധ്യത്തില്‍
എനിക്കൊരു പ്രതിമയാകണം
അങ്ങാടിയില്‍ ജയിച്ചതിനാല്‍............

- 1990


-(സാവിത്രി രാജീവന്റെ കവിതകള്‍ )

Wednesday, September 23, 2009

ബാംഗ്ലൂരില്‍ നാലു ദിവസം

ബാംഗ്ലൂരില്‍ നിന്നു ഇന്നെത്തി. കവി സമ്മേളനവും ,ബിഹു , മണിപ്പുരി നൃത്തവും എല്ലാം നന്നായി. ബാംഗ്ലൂരില്‍ വച്ചു പരിചയപ്പെട്ട ബുദ്ധി ജീവികള്‍ അല്ലാത്തവര്‍ എന്റെ മനം മടുപ്പിച്ചില്ല മറിച്ച് സന്തോഷിപ്പിച്ചു. അതിനര്‍ത്ഥം ബുദ്ധി ജീവികള്‍ വല്ലാതെ മടുപ്പിച്ചു എന്നല്ല എന്ന് വേണമെങ്കില്‍ പറയാം. പറഞ്ഞില്ലെങ്കിലും വിരോധമില്ല.
ഇപ്പോള്‍ ബുദ്ധിജീവികള്‍ അല്ല എന്റെ വിഷയം. ചെറിയ ഒരു തമാശ യാണ്.
ബാംഗ്ലൂരില്‍ വൈകുന്നേരം ആറു മണിക്ക് മുന്പേ എത്തേണ്ട വിമാനം വൈകി എട്ടരക്ക് ആണ് എത്തിയത്. വിമാനത്താവളവും പരിസരവും, എനിക്കായി സാഹിത്യ അക്കാദമി ബുക്ക്‌ ചെയ്ത്‌ ഹോട്ടലിലേക്ക് ഉള്ള ദൂരവും അത്ര നിശ്ചയം പോര . നേരെ ഹോട്ടലിലേക്ക് വന്നോളൂ എന്നാണ് കത്തില്‍. തന്ന ഫോണ്‍ നമ്പര്‍ പകല്‍ മാത്രം കിട്ടുന്നതും. ഇക്കാലത്തും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ മറക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അതിലൊരാള്‍ ഞാനാകണം.
അങ്ങനെ മൌഢ്യം പിടിച്ചു എന്ത് ചെയ്യണം എന്ന ആലോചനയില്‍ ,വിമാന താവളത്തിലെ തന്നെ ആരോടെങ്കിലും ഹോട്ടലിലേക്കുള്ള ദൂരവും മറ്റും ചോദിച്ചു , ടാക്സിയില്‍ പോകാം എന്ന് തീരുമാനിച്ചു.
ആ നില്‍പ്പില്‍ നോക്കുമ്പോള്‍ ഉണ്ട് ഒരു സെക്യൂരിറ്റി യൂണിഫോമില്‍ ഉള്ള ഒരാള്‍ , വിമാനത്തില്‍ വന്നിറങ്ങിയ ഒരാളോട് അയാള്‍ ചോദിച്ച വിവരങ്ങള്‍ പറയുന്നു. അതും മലയാളത്തില്‍. ഓ ! രക്ഷ പെട്ടു മലയാളി. അയാളോട് ചോദിച്ചാല്‍ തീര്ച്ചയായും എങ്ങനെ ഈ പറഞ്ഞ ഹോട്ടലില്‍ എത്തിപ്പെടാം എന്ന് പറഞ്ഞു തരാതിരിക്കില്ല .. ഞാന്‍ ഉറപ്പിച്ചു . അയാളുടെ അടുത്ത് ചെന്നു ചോദിച്ചു.. 'ക്ഷമിക്കണം .. ഈ കത്തില്‍ പറയുന്ന സ്ഥലം എവിടെയാണെന്ന് , എങ്ങനെ അവിടെ എത്താം എന്ന് ഒന്നു പറഞ്ഞു തരാമോ.". മലയാളത്തിലാണ് ചോദിച്ചത്... അയാള്‍ കേട്ടു കേട്ടില്ല എന്ന ഭാവത്തില്‍ , തനിക്ക് മലയാളം ഒരു നിശ്ചയവും ഇല്ലെന്ന മട്ടില്‍ കത്തില്‍ കണ്ണോടിച്ചു എന്ന് വരുത്തി ഹിന്ദിയില്‍ പറഞ്ഞു ..ആപ് ഉധര്‍ ജാവോ...കിസിസേ പൂച്ചോ...
അവിടെ പോയാലും ഇവിടെ പോയാലും മലയാളിയില്‍ നിന്നു ഏതെങ്കിലും വിധത്തില്‍ സഹായ മോ സഹകരണമോ കിട്ടും എന്ന് പ്രതീക്ഷിച്ച എന്നെ പോലൊരു കഴുത" എന്ന് സ്വയം കുറ്റ പ്പെടുത്തുക യല്ലാതെ എന്ത് ചെയ്യാന്‍..
എന്തായാലും ഇടത്തോട്ടു നടന്നപ്പോള്‍ കണ്ട അക്ബര്‍ ട്രാവല്‍സ്‌ കാര്‍ , തൊള്ളായിരം രൂപയ്ക്കു എന്നെ ഹോട്ടലില്‍ എത്തിച്ചു. അതിനുള്ള രശീതും തന്നു.

പക്ഷെ ; ഞാന്‍ പങ്കെടുത്ത സമ്മേളനത്തില്‍ കണ്ട കാഴ്ചയോ..പല സംസ്ഥാനങ്ങളില്‍ നിന്നു വന്ന പലതരം ബുദ്ധിജീവികള്‍ അവരവരുടെ സംസ്ഥാനക്കാരെ ,അവരവരുടെ കവികളെ, അവരവരുടെ ഭാഷയെ, പുകഴ്ത്തി സമ്മേളനത്തില്‍ ഉടനീളം കോള്‍മയിര്‍ കൊണ്ടത് എന്നെ ലജ്ജിപ്പിക്കുന്നു ....എന്തിനെന്ന് അറിയാതെ ...എന്റെ മലയാള കവിത കേള്‍ക്കാന്‍ ആരുമില്ലെന്നത് എന്നെ ഒട്ടും ദു:ഖിപ്പിച്ചില്ല. അത് ഇന്ത്യയില്‍ പല സംസ്ഥാനത്തും നടന്ന , പലകാലത്തും നടന്ന , ഞാന്‍ മാത്രമല്ല, പഴയ മഹാകവികളടക്കമുള്ളവര്‍ സംബന്ധിക്കുന്ന വേദി പങ്കിട്ട കാലത്തും ഉണ്ടായിട്ടില്ല.
എന്തിന് ഞാന്‍ മലയാള ഭാഷയെയോ മലയാളിയെയോ ഓര്ത്തു ക്ലേശി.ക്കണം ? അത് മാത്ര മല്ല ചാവാന്‍ പോകുന്ന ഒരു ഭാഷയില്‍ കവിത എഴുതിയിട്ട എന്ത് കാര്യം ?
നമ്മുടെ പുതിയ വിദ്യാഭ്യാസ പരിഷ്കരണത്തില്‍ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഒരു പഠന ഭാഷ എന്ന നിലയില്‍ മലയാളം മാറ്റ പെടുകയാണ്. ഇനി കുട്ടികളുടെ നാവില്‍ മലയാള ഭാഷ വിളയാടിയാല്‍ നിങ്ങള്‍ അത്ഭുത പെടും.
അതിന്റ ലിപി മറന്നു പോകുമ്പോള്‍ അത് പഴയ കൊങ്ങിണി യുടെ പദവിയിലേക്ക് തള്ളപ്പെടും ലിപിയില്ലാത്ത ഭാഷ. പക്ഷെ വളരെ ന്യൂന പക്ഷമായ കൊങ്ങിണി യും ബോഡോ യും ഇപ്പോള്‍ അവരുടെ ഭാഷയെ കേന്ദ്ര സര്‍ക്കാ റിനെ കൊണ്ടു അംഗീകരിപ്പിച്ചു. അവയ്ക്ക് ലിപി പുതുതായി (? ) ഉണ്ടാക്കി അല്ലെങ്കില്‍ ആ ലിപികളെ വിസിബിള്‍ ആക്കി , എന്നിട്ടോ ആ ഭാഷയില്‍ ഉള്ള കവികള്‍ അത്യാഹ്ലാദത്തോടെ അവരുടെ കവിതകള്‍ ഞാന്‍ കൂടി പങ്കെടുത്ത കവിതാ അവതരണ വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

മലയാള ഭാഷ ആര്‍ക്കു വേണം .അതറിയുന്നവരെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളിലേക്കു നാടുകടത്തി ശിക്ഷിക്കുന്ന കാലം വരുമോ എന്ന് ഞാന്‍ ഇപ്പോള്‍ ഭയപ്പെടുന്നു.


Saturday, September 19, 2009

ഒരു കുട്ടിക്കഥ

ഇന്നും പുറത്തെ മരക്കൊമ്പില്‍ പുലരാന്‍ നേരത്ത് ആ കിളി ചിലച്ചു നല്ല ഈണത്തില്‍ തന്നെയാണ്. അതിന് ഒരു കരച്ചിലിന്റെ ഛായ ഉണ്ടോ? പാട്ടിന്റെ ഈണമല്ല. ഇനി മുത്തശ്ശി പറഞ്ഞതു വാസ്തവം തന്നെ ആകുമോ. ? എത്രകാലമായി മുത്തശ്ശി കിളിയുടെ കഥ പറഞ്ഞു തന്നിട്ട് ..രണ്ടു മൂന്നു കൊല്ലമായിട്ടുണ്ടാകും കുട്ടി വിചാരിച്ചു . മുത്തശ്ശി എത്ര കഥയാണ്‌ പറഞ്ഞു തന്നിട്ടുള്ളത് . ഇപ്പൊ മൂന്നാം ക്ലാസിലായി . കഥ കേള്‍ക്കേണ്ട പ്രായം കഴിഞ്ഞു എന്ന് അമ്മ ചീത്ത പറയും . കൂനി ക്കൂടി രുദ്രാക്ഷവും പിടിച്ചിരുന്നു നാമം ചൊല്ലി കൊണ്ടേയിരിക്കുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നിരിക്കുന്നത് കണ്ടാല്‍ തന്നെ അമ്മക്ക് ദ്രാന്ത് വരുന്നതു എന്ത് കൊണ്ടാണ് ? കുട്ടിക്ക് ചിലപ്പോഴൊന്നും അമ്മയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടാറില്ല . പാവമാണ് മുത്തശ്ശി. വയ്യാതായി . എന്നിട്ടും തനിക്ക് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാനും എരിവില്ലാത്ത ചട്ണി അരക്കാനും ഒക്കെ അമ്മയെ സഹായിക്കും.മുത്തശ്ശി യോട് മിണ്ടരുത് എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല .എങ്കിലും പോയിരുന്നു പഠിക്ക് എന്ന് മുത്തശ്ശിയെ തൊട്ടുരുമ്മി ഇരിക്കുമ്പോള്‍ തന്നെ പറയുന്നതെന്തിനാ. കുട്ടിക്ക് ഒരു കഥ കേള്‍ക്കണം എന്ന് തോന്നി. ആ പഴയ കഥ തന്നെ മതി . വെളുപ്പാന്‍ കാലത്തും സന്ധ്യ നേരത്തും വിളക്ക് കൊളുത്തൂ വിളക്ക് കൊളുത്തൂ എന്ന് ഉച്ചത്തില്‍ ചിലക്കുന്ന ആ കിളിയുടെ ഊഴം കഴിഞ്ഞാല്‍ ഉടന്‍ കരഞ്ഞു തുടങ്ങുന്ന ഇട്ടിചിരിക്കുട്ടിയുടെ കിളിയുടെ കഥ.
കുട്ടി പതുക്കെ മുത്തശ്ശി യുടെ മുറി ലക്ഷ്യമാക്കി നടന്നു . അമ്മ കണ്ടില്ല. ഭാഗ്യം ! അല്ലെങ്കില്‍ " എവിടെക്കാ.. നിനക്കു വേറെ പണിയൊന്നു മില്ലെ. ഹോം വര്‍ക്ക്‌ ചെയ്തു കഴിഞ്ഞോ".. എന്ന് ഒന്നിന് പിറകെ ഒന്നായി ചോദ്യം തുടങ്ങും . മുത്തശ്ശി കുട്ടിയെ കണ്ടതും കട്ടിലില്‍ എഴുന്നേറ്റിരുന്നു. 'എത്ര ദിവസമായി മുത്തശ്ശിയുടെ കുട്ടിയെ ഒന്നു കണ്ടിട്ടും തൊട്ടിട്ടും' എന്ന് ഉരുവിട്ട് കൈ പിടിചു. തണുത്ത കയ്യില്‍ തലോടി കുട്ടി പറഞ്ഞു. 'മുത്തശ്ശി എനിക്ക് കിളിയുടെ കഥ കേള്‍ക്കണം'. 'ഏത് കിളിയുടെ" മുത്തശ്ശി ക്ക് അനേകം കിളികളുടെ കഥകള്‍ അറിയാം .അവ തന്നെ ചെറുപ്പത്തില്‍ മുത്തശ്ശിയോടു പറഞ്ഞാണത്രേ. തന്നോടു കിളികള്‍ അങ്ങനെ ഒന്നും പറയാത്ത തു എന്താണാവോ. . കുട്ടിക്ക് വിഷമം തോന്നി.
അവരോട് താനും ഒന്നും മിണ്ടാരില്ലല്ലോ . അത് കൊണ്ടാവും . കുട്ടി സ്വയം സമാധാനിച്ചു .അല്ലാതെ അവര്‍ക്ക് തന്നോടു ദേഷ്യമൊന്നും ഉണ്ടാവില്ല.

' എന്താ കുട്ടി ഇങ്ങനെ ഓര്‍ത്ത് കൊണ്ടിരിക്കുന്നത്‌..ഈ ചെറിയ

തലേലെന്താ നിറച്ചിരിക്കുന്നത്? " കുട്ടിയെ മുത്തശ്ശി 'കുട്ട്യേ ' എന്നെ വിളിക്ക്. മോളെ തുടങ്ങിയ പരിഷ്കാര വിളി കള്‍ ഒന്നും മുത്തശ്ശിക്ക് വഴങ്ങില്ല. ആ 'കുട്ട്യേ' വിളിക്ക് ' മോളേ' വിളിയേക്കാള്‍ ഭംഗിയും കുട്ടിക്ക് തോന്നാറുണ്ട്.
അമ്മ വരുന്നതിനു മുന്പ് ആ കഥ ഒന്നു കൂടി പറയു മുത്തശ്ശി .ഇട്ടിച്ചിരികുട്ടിയുടെ കഥ... ആവാലോ . മുത്തശ്ശി വൈകിക്കാതെ പറയാന്‍ തുടങ്ങി. 'ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടീടെ പേരെന്താ ന്നറിയാലോ. ? ഉം ഇട്ടിച്ചിരി കുട്ടി " ആ അത് തന്നെ . ഇട്ടിച്ചിരി കുട്ടി...ഇട്ടിച്ചിരി കുട്ടീടെ അമ്മയും അച്ഛനും ഒരു വര്‍ഷകാലത്ത് പുഴ കടക്കുമ്പോള്‍ പുഴ വെള്ളത്തില്‍ ഒലിച്ചു
പോയതാണ്. എന്തിനാ അവര്‍ മഴയത്ത് പുഴയില്‍ പോയത്? കുട്ടി ചോദിച്ചു. അവര്‍ പാടത്ത് പണി യും കഴിഞ്ഞു വരുകയായിരുന്നു. വീട്ടില്‍ വരുന്നതിനു മുമ്പ് ഒന്നു കുളിക്കാം എന്ന് കരുതി ..പാവം അത്രയേ ആയുസ്സ് ഉള്ളു ; അല്ലെങ്കില്‍ ഒരു വലിയ ഒഴുക്ക് വന്നു അവരെ കൊണ്ടു പോണോ. എത്ര പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടായിരുന്നു കുളിക്കാന്‍.
' ഉം പാവം .. ഇട്ടിച്ചിരി കുട്ടി എവിടെയാ അപ്പൊ? കുട്ടി ചോദിച്ചു ഇട്ടിച്ചിരി കുട്ടി വയസായ മുത്തശ്ശീടെ അടുത്ത് ..ഇത്തിരിയെ ഉള്ളു ഇട്ടിച്ചിരി .രണ്ടു വയസ്സ്." കുട്ടി മുത്തശ്ശിയുടെ മടിയിലിരിക്കുന്ന കുഞ്ഞു ഇട്ടിച്ചിരി കുട്ട്യേ മനസ്സില്‍ കണ്ടു..മുത്തശ്ശിയും ഇട്ടിചിരിക്കുട്ട്യും അങ്ങനെ കഷ്ട പ്പെട്ടു ആയി പിന്നെ ജീവിതം . ആളുകളൊന്നും തിരിഞ്ഞു നോക്കില്ല. എന്തെങ്കിലും സഹായിക്കേണ്ടി വന്നാലോ എന്നാ..ആകെ പിന്നെ വര്‍ത്താനം പറയാനും സങ്കടം പറയാനും കുറച്ചു കോഴീം ഒരാടും ഒരു പൂച്ചേം പിന്നെ കുറെ കിളികളും മാത്രം. മുത്തശ്ശി അവരോടൊക്കെ തന്റെ സങ്കടം പറഞ്ഞു തീര്‍ത്തു .ഇട്ടിചിരിക്കുട്ടി കുഞ്ഞായത് കൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല
കുട്ടി വീണ്ടും ചിന്തയിലാണ്ടു .എന്നോട് ഈ പറഞ്ഞ ഒരു കിളിയും വഴിയില്‍ കാണുന്ന ആടും ഒരു പൂച്ച പോലും മിണ്ടാതതെന്താണ്.? വര്‍ത്തമാനങ്ങള്‍ പറയാതതെന്താണ്? മുറ്റത്തെ മരത്തിലെ കിളികള്‍ ഇട്ടിചിരികുട്ടിയോടു പറഞ്ഞത് പോലെ തന്നോടും വര്‍ത്തമാനങ്ങള്‍ പറഞ്ഞെങ്കില്‍ എന്ന് കുട്ടി അതിയായിമോഹിച്ചു.

കുട്ടിയുടെ മനസ്സു അറിഞ്ഞിട്ടെന്ന പോലെ മുത്തശ്തി പറഞ്ഞു.കിളികളല്ലേ? ഇനിയും വര്‍ത്താനം പറയാല്ലോ .അവര് മിണ്ടും ... ഒരു കഥല്യാതോരാ അവറ്റ ... നമ്മളെ പോലെ അല്ല . മൂക്കത്താ ദേഷ്യം .....കുറച്ചു പേടീം കൂടുതലാ . അത്രയ്ക്ക് ആളോളെവിശ്വസോം ഇല്യ.."
ഇത്രയൊക്കെ കാര്യങ്ങള്‍ മുത്തശ്ശിക്ക് കിളികളെ പറ്റി അറിയാം എന്ന് കണ്ടു കുട്ടി അതിശയിച്ചു . അമ്മക്ക് ഇതൊന്നും അറിയില്ല. അമ്മ കിളികളോട് ഒരിക്കലും സംസാരിച്ചിട്ടുണ്ടാവില്ല.
എന്നിട്ട് പറയൂ ..കുട്ടി കഥയുടെ ബാക്കി കേള്‍ക്കാന്‍ ആര്‍ത്തിയായി.
'ഇട്ടിച്ചിരി കുട്ടീടെ അമ്മയും അച്ഛനും പുഴയില്‍ ഒഴുകി പോയപ്പോ ഇട്ടിച്ചിരികുട്ടിക്ക് മുത്തശ്ശി മാത്രായി.. മുത്തശ്ശി അവളെ കണ്ണിലെ കൃഷ്ണ മണി പ്പോലെ നോക്കി.. കഷ്ടം എന്നല്ലാതെ എന്താ പറയ്യാ ..മുത്തശ്ശി ഇട്ടിച്ചിരി കുട്ടിക്ക് അഞ്ചു വയസ്സ് തികയുന്ന അന്ന് മരിച്ചു ..പാവം നോക്കാന്‍ ആരും ഇല്ലതായില്ലേ.. വീടാനെന്കിലോ. ഒരു വല്യ മരത്തിന്റെ ചോട്ടിലെ ചെറിയ ഒരു കുടിലാണ്. വല്യ മരം ള്ളത് കൊണ്ടാണ് അതില്‍ വെള്ളം അത്രയ്ക്ക് കേറാ ത്തത് . ഇട്ടിച്ചിരി കുട്ടിവിശന്നപ്പോ എന്ത് ചെയ്തു ന്നോ ആ വല്യ മരത്തിന്റെ കായ തിന്നു.. വെള്ളോം കുടിച്ചു. ചിലപ്പോ കാട്ടിലോ അടുത്തുള്ള പറമ്പിലോ സ്വന്തം പറമ്പിലോ ഒക്കെ നടന്നു മാങ്ങ കാലത്തു മാങ്ങയും ചക്ക കാലത്തു ചക്കയും തിന്നു. ഇട്ടിച്ചിരി കുട്ടിയുടെ യുടെ പറമ്പില്‍ മാവും പ്ലാവും തെങ്ങും ഈ പറഞ്ഞ വലിയ മരവും ഉണ്ടായിരുമന്നു. ആ വലിയ മരത്തിലാണ് മുത്തശ്ശി പറഞ്ഞ കിളിയുടെ താമസം. എത്രയോ കാലമായി അത് ആ മരത്തിന്റെ മോളില്‍ കൂട് വെച്ചാണ് താമസം എന്നറിയോ. കിളിക്ക് തന്നെ അറിയില്ല. അല്ലെങ്കില്‍ തന്നെ കിളിക്കുണ്ടോ കൊല്ലവും വര്ഷം കലണ്ടര് ഒക്കെ. എന്നാലും ഇട്ടിച്ചിരി കുട്ടിയുടെ അമ്മയും അച്ഛനും പുഴയിലോഴുകി പോയതും ആളുകള്‍ വീട്ടില്‍ വന്നതും മുത്തശ്ശി ഉറക്കെ കരഞാതും കിളി കേട്ടിരുന്നു. ഇത്തിരി പോന്ന ഇട്ടിച്ചിരി യെ ചിലര്‍ പ്രാകുന്നതും ..സങ്കടത്തോടെ നോക്കുന്നതും അത് കണ്ടു..കിളിക്ക് എന്ത് തോന്നി എന്നോ.. ആ കുട്ടിക്ക് ഇനി ആര് മില്ല. ഈ അമ്മാമ്മ യെ കൊണ്ടു എന്ത് ചെയ്യാനാ. ഞാനും അതിനെ സഹായിക്കും . .."എന്നിട്ട് കിളി സഹായിച്ചോ"
.. ഉം ..പിന്നെ അതിനു കഴിയുന്നതുപോലെ ഒക്കെ .മുത്തശ്ശി പറഞ്ഞു. ; ചിലപോ ചില നല്ല ജാതി പഴങ്ങള്‍ കൊക്കില്‍ തൂക്കി കൊണ്ടു വന്നു മുറ്റത്ത്‌ ഇട്ടു കൊടുക്കും ..മുത്തശ്ശി അതെടുത്ത് ഇട്ടിചിരിക്കുട്ടിയുമായി പങ്കിട്ടു ഒരുനേരത്തെ ഭക്ഷണ മാക്കും . അങ്ങനെ പോകുന്നതിനിടയിലാണ് മുത്തശ്ശിയും ഇല്ലാതായത്. .
ഇട്ടിച്ചിരി കുട്ടി ക്ക് ഇപ്പോള്‍ പന്ത്രണ്ടു വയസ്സായി .അവളുടെ കൂട്ടുകാരി യായ കിളിയുമായുള്ള ചങ്ങാതതിനും അത്ര പ്രായമായി. അതിനെ ഇട്ടിച്ചിരി കുട്ടി തിത്തിരി പക്ഷീ എന്നാണ് വിളിക്കുക.ആ വിളി കേട്ടാല്‍ ഉടന്‍ പറന്നു കിളി
ഇട്ടിചിരിയുടെ തോളില്‍ വന്നിരിക്കും .അത്രകാന് അവര്‍ തമ്മിലുള്ള ഒരു സ്നേഹവും അടുപ്പവും .
തിതിരപക്ഷി ഒരു ദിവസം തീറ്റ തേടി പോയപ്പോള്‍ എന്ത് കണ്ടു എന്നോ. നല്ല വിളഞ്ഞു കിടക്കുന്നു പയര്‍ ഒരു കണ്ടത്തില്‍ നിറയെ .തിതിര പക്ഷിക്ക് ഏറ്റവും ഇഷ്ട മുള്ള ധാന്യമാണ്‌. അതിനു സന്തോഷ മായി. അന്നത്തെ പണി കഴിയുന്നത്ര പയര്‍ കൊതി കൂട്ടില്‍ കൊണ്ട് വെക്കല്‍ തന്നെ ആകട്ടെ എന്ന് തിത്ത്തിര പക്ഷി തീരു മാനിച്ചു. വെളുപ്പാന്‍ കാലത്തെ പയര്‍കൊത്തി തുടങ്ങി . കൊത്തുന്നു... പറക്കുന്നു..... കൂട്ടില്‍ കൊണ്ട് വെക്കുന്നു .......വീണ്ടും പറക്കുന്നു കണ്ടത്തിലേക്ക്‌......തിരിച്ചു കൂട്ടിലേക്ക് കൊക്കില്‍ നിറയെ പയര്‍ മണി കളുമായി .. അങ്ങനെ പറന്നു പറന്നു പണി എടുത്തു വൈകുന്നേരമായപ്പോള്‍ കൂട്ടില്‍ ചിറകു ഒതുക്കി ഇരുന്നപ്പോള്‍ അതിനു തോന്നി " ഈ പയര്‍ ഒന്ന് അളന്നു നോക്കാം ..എത്രയുണ്ടെന്ന് അറിയാമല്ലോ . പക്ഷി പയര്‍ അളന്നു നോക്കി .നാഴി പയറുണ്ട്. "
നാഴി എന്ന് വച്ചാല്‍ എന്താ മുത്തശ്ശീ"
കുട്ടി പെട്ടെന്ന് ഇടയില്‍ കടന്നു ചോദിച്ചു."
" അത് പണ്ടൊക്കെ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ചെറിയ അളവ് പാത്രമാണ് "

തിതിരക്ക് സന്തോഷ മായി. അത് വിചാരിച്ചു കുറെ കാലത്തേക്ക് ഇത് മതി. അത് കേടു വന്നു പോയാലോ. ? ഓ അതിനൊരു സൂത്രമുണ്ട് .വറുത്തു വെക്കാം; സ്വാദും കൂടുതലുണ്ടാവും ." ഇങ്ങനെ മനസ്സില്‍ കണക്കു കൂട്ടി തിതിര പക്ഷി ഇട്ടിച്ചിരി കുട്ടിയുടെ അടുത്ത് പറന്നു ചെന്നു. എന്നിട്ട് പറഞ്ഞു . "
ഇട്ടിച്ചിരി കുട്ട്യേ എന്റെ കയ്യില്‍ നാഴി പയറുണ്ട്.. നീ ഒന്ന് വറുത്തു തരണം ..വറുത്തു വച്ചാ കേടാവില്ലല്ലോ . ക്ക് അത് നല്ല ഇഷ്ടവും ആണ് വറുത്ത പയറ്..
" ആയിക്കോട്ടെ. ഞാന്‍ ഇപ്പൊ തന്നെ വറുത്തു തരാം ഇട്ടിച്ചിരി ക്കുട്ടി പറഞ്ഞു .


ചീന ചട്ടി എടുത്തു അടുപ്പില്‍ വച്ച് പയറ് വറുക്കാന്‍ ഇരുന്നു ഇട്ടിച്ചിരി കുട്ടി. കിളി വിശ്രമിക്കാനായി കൂട്ടിലേക്കും പറന്നു. പയര്‍ വറുത്തു തണുപ്പിച്ചു വച്ച് ഇട്ടിച്ചിരി കുടി തിതിര പക്ഷീ എന്ന് വിളിച്ചു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു കിളി അതിവേഗം പറന്നു വന്നു. അത്രയ്ക്ക് കൊതിയായിരുന്നു അതിനു വറുത്ത പയര്‍ തിന്നാന്‍ ഉള്ള ഇഷ്ടം .

ഇട്ടിചിരിക്കുട്ടി പയര്‍ സഞ്ചിയിലാക്കി തിതിരക്ക് കൊടുത്തു. തിതിര അതുമായി കൂട്ടിലേക്ക് പറന്നു..എന്നിട്ട് തിന്നാന്‍ ഇരുന്നു.. അപ്പോള്‍ തിതിരക്ക് ഒരു സംശയം ഇത് താന്‍ കൊടുത്ത അത്ര ഇല്ലേ.. ഇല്ല എന്ന് തോന്നുന്നു. ഇട്ടിച്ചിരി കുട്ടി പയര്‍ കുറച്ചു എടുത്തു എന്നാണു തോന്നുന്നത് അതും ചോദിക്കാതെ കള്ളി. ആദ്യമായി തിതിരപക്ഷിക്ക് ഇട്ടിചിരികുട്ടിയോടു ദേഷ്യം തോന്നി. അനിഷ്ടംകലിയായി. എന്തായാലും ഒന്നളന്നു നോക്കാം അപ്പോള്‍ അറിയാമല്ലോ.

ഇങ്ങനെ വിചാരിച്ചു തിതിരപക്ഷി നാഴി എടുത്തു പയര്‍ അതിലേക്കു ഇട്ടു...അപ്പോള്‍ എന്തായി? കുട്ടി ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു.
പയര്‍ നാഴിയുടെ പകുതിയേ വന്നുള്ളൂ. നിറയെ കൊടുത്തതാണ് ..കിളിക്ക് ഇതില്‍ കൂടുതല്‍ ദേഷ്യം വരാനില്ല. അത് ഒരു മണി പയര്‍ പോലും തിന്നാന്‍ നില്‍ക്കാതെ നേരെ ഇടിച്ചിരി കുട്ടിയുടെ കുടിലിലേക്ക് പറന്നു. ഇട്ടിച്ചിരി കഞ്ഞി കുടിക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. എന്താ തിത്ത്തിര പക്ഷീ അവള്‍ ചോദിച്ചു എന്താ എന്നോ.. നീ എന്റെ പയര്‍ പകുതി കട്ടു അല്ലെ..കള്ളി ...വറുത്തു തന്നതിന് കൂലി എടുത്തതാ.. കള്ളി കള്ളി കള്ളി.. തിതിര പക്ഷിക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയി.. അത് ഇട്ടിച്ചിരി കുട്ടിയെ തലങ്ങും വിലങ്ങും കൊത്തി പറിച്ചു മുടിയില്‍ കൈകൊണ്ടു മാന്തി മുഖവും മേലാ സകലവും മാന്തി പറിച്ചു ...പറന്നു പറന്നാണ് ഈ പണിയൊക്കെ. ഇട്ടിചിരിക്കുട്ടിയുടെ ഉടുപ്പ് കീറി പറഞ്ഞു .കിളിയുടെ നഖം കൊണ്ട് ആസകലം മുറിഞ്ഞു ചോര വന്നു തുടങ്ങി. എന്നിട്ടും കലിതീരാതെ തിതിര പക്ഷി എന്ത് ചെയതെന്നോ?
എന്ത് ചെയ്തു?

ഇട്ടിച്ചിരികുട്ടീടെ കണ്ണില്‍ കൊക്ക് കൊണ്ട് നല്ല കൊത്തു കൊടുത്തു രണ്ടു കണ്ണും മാറി മാറി കൊത്തി പ്പറിച്ചു. ഇട്ടിചിരിക്കുട്ടി നിലവിളിച്ചു കൊണ്ടിരുന്നു ..ചോര യും കണ്ണീരും കലര്‍ന്നു കവിളിലൂടെ കുത്തിയൊഴുകും പോലെ വന്നു കൊണ്ടിരുന്നു. അതിനിടയിലും ഇട്ടിച്ചിരി കുട്ടി പറഞ്ഞു കൊണ്ടിരുന്നത് തിതിര പക്ഷേ കേട്ടില്ല . "ഞാന്‍ പയറ് എടുത്തിട്ടില്ല, ഞാന്‍ കട്ടിട്ടില്ല...എന്നായിരുന്നു. ഇട്ടിചിരിക്കുട്ടി പറഞ്ഞു കൊണ്ടിരുന്നത് . പക്ഷി അത് കേട്ടതേയില്ല. പയര്‍ കുറവാണ് അത്ര തന്നെ. അതേ കിളിക്കറിയൂ .
ഇത്രയും ചെയ്തു കഴിഞ്ഞപ്പോള്‍ കിളിക്ക് കലി ഒന്നടങ്ങി അത് കൂട്ടിലേക്ക് പറന്നു. പയറും തിന്നു ഉറക്കവുമായി.
ഇട്ടിച്ചിരി കുട്ടിയുടെ കാര്യമോ.. കണ്ണ് കാണാതായില്ലേ? തുള്ളി വെള്ളം എടുക്കാന്‍ പോലും വയ്യാതായി. ചോര വാര്‍ന്നു വാര്‍ന്നു അവിടെ തന്നെ വീണു ഇട്ടിച്ചിരി കുട്ടി മരിച്ചു പോയി.

പിറ്റേന്ന് ഇതൊന്നും അറിയാതെ കിളി വെളുപ്പാന്‍ കാലത്തെ തീറ്റ തേടി പറന്നു . പയര്‍ ശേഖരിക്കാന്‍ തന്നെയാണ്. തലേന്നത്തെ പോലെ പറക്കല്‍ തന്നെ പറക്കല്‍ . പയര്‍ കൊത്തുന്നു, കൂട്ടില്‍ കൊണ്ട് വക്കുന്നു ധൃതി തന്നെ. സന്ധ്യായി പണി കഴിഞ്ഞപ്പോള്‍ . അപ്പോഴേക്കും ഇട്ടിചിരിക്കുട്ടി മരിച്ചു കിടക്കുന്നത് വഴി പോക്കര്‍ ആരോ കണ്ടു കഴിഞ്ഞിരുന്നു.
പക്ഷിയും അപ്പോഴാണ്‌ തലേന്നത്തെ കാര്യമൊക്കെ ഓര്‍ക്കുന്നത് . തിതിരക്ക് വലിയ വിഷമമൊന്നും തോന്നിയില്ല പയര്‍ കട്ടിട്ടല്ലേ അങ്ങനെ വേണം എന്ന് തോന്നിയോ എന്ന് സംശയം ..
കിളി വിചാരിച്ചു പക്ഷെ പയര്‍ വറ ക്കണമല്ലോ . ഇനി തന്നത്താന്‍ വറുക്കുക യെ നിവൃത്തി യുള്ളൂ. ഇട്ടിചിരിക്കുട്ട്യുടെ ചീന ചട്ടി അനാഥമായി അവിടെ കിടക്കുന്നു ണ്ടായിരുന്നു . തിതിരപക്ഷി അതെടുത്തു പയര്‍ ആദ്യം ഒന്നളന്നു നോക്കി .തലേന്നത്തെ പോലെ തന്നെ നാഴി പയര്‍ ഉണ്ട്. പിന്നെ സന്തോഷത്തോടെ വറുക്കാന്‍ തുടങ്ങി. വറുത്തു കഴിഞ്ഞു ,പയര്‍ തണുത്തും കഴിഞ്ഞു ..തിന്നുന്നതിന് മുന്‍പേ ഒന്നുകൂടി അളക്കാം... ഇട്ടിച്ചിരി കുട്ടി എത്ര കട്ടു എന്നറിയാമല്ലോ .. നാഴിയെടുത്തു പയര്‍ അതിലേക്കിട്ടു .
അപ്പോള്‍ എന്ത് സംഭവിച്ചു ? പയര്‍ നാഴിയുടെ പകുതിയേ ഉള്ളു ..ഉരി പയര്‍ ... എന്തതിശയം..അപ്പോള്‍ ആണ് ഇട്ടിചിരിക്കുട്ടി കരഞ്ഞു പറഞ്ഞത് ശരിയായിരുന്നു എന്ന് കിളിക്ക് ബോധ്യമായത് ...അതിനു വല്ലാതെ സങ്കടമായി . താനാണല്ലോ ഇട്ട്ച്ചിരി ക്കുട്ടിയെ കൊന്നത് എന്നോര്‍ത്ത് അതിനു സങ്കടം സഹിക്ക വയ്യാതായി
രാത്രി മുഴുവന്‍ കരഞ്ഞും ഞെട്ടി ഉണര്‍ന്നും തിത്തിരി പക്ഷി നേരം വെളുപ്പിച്ചു.. തീറ്റ തേടാന്‍ പറക്കുന്നതിന് മുന്‍പേ അത് ഇട്ടിച്ചിരി കുട്ട്യേ ഓര്‍ത്തു വീണ്ടും കരഞ്ഞു ...........എന്നിട്ട് വിളിച്ചു പറഞ്ഞു തുടങ്ങി ...'ഇട്ടിച്ചിരി കുട്ട്യേ പച്ച പയര്‍ ഒത്തു ഒത്തു ഒത്തു...

.. ഇപ്പോഴും അത് അങ്ങനെ വിളിച്ചു നിലവിളിച്ചു കൊണ്ടിരിക്കാറുണ്ട് അതി രാവിലെകളില്‍.. കേട്ടിട്ടില്ലേ..

ഇട്ടിച്ചിരി കുട്ട്യേ പച്ച പയര്‍ ഒത്തു ഒത്തു ഒത്തു'' എന്ന ആ കിളിയുടെ കരച്ചില്‍...




Wednesday, September 16, 2009

ലാഭം എട്ടു രൂപ , കൂടെ മനസ്സുഖം

പത്രങ്ങള്‍ തീരെ വായിക്കാന്‍ പറ്റാതെ ആയിരിക്കുന്നു. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും മാത്രമല്ല പരദൂഷണം പോലെ തോന്നിക്കുന്ന റിപ്പോര്‍ടുകള്‍ ,തുടങ്ങി മനം മടുപ്പിക്കുന്ന വാക്ക്‌ ജാലങ്ങള്‍ നിരത്തി നമ്മുടെ രാവിലെകളെ ഇവ പൈങ്കിളി പാട്ടു കൊണ്ടു നിറയ്ക്കുന്നു. ശീലങ്ങള്‍ അങ്ങനെ പെട്ടെന്ന് കളയാന്‍ വയ്യാത്തതുകൊണ്ട് എന്നും പുലരുമ്പോള്‍ നമ്മള്‍ പത്രങ്ങള്‍ പരതുന്നു.
ഒരു കൊലപാതക കഥ ഒരു ബലാല്‍സംഗ സ്റ്റോറി ഒരു സയന്‍സ് ഫിക്‌ ഷന്‍ , ആത്മഹത്യ യും കരുണ രസം വഴിയുന്ന അതിന്റെ പിന്നാമ്പുറ കഥകളും... ഇങ്ങനെ പോകുന്നു ദിന പത്ര പാരായണ സുഖം ..
അതിനിടക്കാണ് പ്രതിഭാശാലിയായ ഹനാന്‍ ബിന്ദി നെ പറ്റി യുള്ള കഥയും കേള്‍ക്കുന്നത്. വല്ലാതെ സന്തോഷിച്ചു അത് വായിച്ച് .നമ്മുടെ കേരളത്തിനും ലോകത്തിന്റെ കേന്ദ്രമാകാന്‍ സാധിക്കും എന്നൊക്കെ സ്വപ്നം കണ്ടു. ഇപ്പോള്‍ കേള്‍ക്കുന്നു ആ കഥ പത്ര ക്കാരന്‍ ചമക്കുന്ന അനേകം കുട്ടിക്കഥ കളില്‍ ഒന്നാണ് എന്ന്.

അക്ഷരം വായിക്കാന്‍ അറിയുന്നതിനാല്‍ പറ്റിക്കപ്പെടുന്ന ഒരു ജനത യാണ് മലയാളി എന്നെനിക്കു തോന്നുന്നു . ഒരു പക്ഷെ വെളിച്ചം ദു:ഖമാണ് എന്ന് പറയുന്നതു ഇതുകൊണ്ടു കൂടിയാവണം .
നാളെ മുതല്‍ ഞാന്‍ എന്റെ രണ്ടു പത്രങ്ങളും നിര്‍ത്തി ദിവസം എട്ടു രൂപയും മനശ്ശാന്തിയും നേടാന്‍ പോകുന്നു.

Thursday, September 10, 2009

എന്നെയും നിങ്ങളെയും പൊതിഞ്ഞു ...

അടുക്കള വീണ്ടും ..എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്നാണ് രാവിലെ കണ്ട ഒരു ലിഖിതം ഉത്ബോധിപ്പിച്ചത്. ലേഖനം വായിച്ചു കഴിഞ്ഞു ചുറ്റും നോക്കി . ലേഖനത്തില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ ഭംഗി യാക്കണമെങ്കില്‍...
നോക്കട്ടെ..
ഡിഷ്‌ വാഷര്‍ ആണ് ആദ്യം പരിഷ്കരി ക്കേണ്ടത് . അതായത് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബര്‍, ചകിരി, തൊണ്ട്, സ്പോന്ച്ച് എന്തുമാകാം . കടയില്‍ നിന്നു മിനിമം പന്ത്രണ്ടു രൂപ കൊടുത്തു വാങ്ങുന്ന സ്പോന്ച്ച് ആണ് ഉചിതം.. ആ സ്പോന്ച്ച് ആഴ്ചയില്‍ ഒരു തവണയെങ്കിലും മാറ്റണം .എന്നാലെ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കള്‍ നമ്മെ ആക്രമിക്കാതിരിക്കൂ . അവ പെരുകി നമ്മുടെ പാത്രങ്ങള്‍ പൊതിയും മുന്പ് മാറ്റണം. ശരി തന്നെ. സ്പോഞ്ചിനെ ഞാന്‍ പേടിയോടെ നോക്കി അത് വാങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു . ദൂരെ കളയണം ഇന്നു തന്നെ.
അടുത്ത ശത്രു പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്തഅണുക്കള്‍ ആണ് . പാത്രങ്ങള്‍ മാറ്റിയെ പറ്റു..തറയില്‍, മാര്‍ബിളില്‍ പല്ലികള്‍ വിളയാടിയതിന്റെ ബാക്കിയായി അവയുടെ കാഷ്ടം ..പുതിയ ക്ലീനര്‍ വേണം ടെട്ടോള്‍ മാത്രം കൊണ്ടു പോര .ശക്തിയുള്ള മറ്റൊരു ബ്രാന്‍ഡ്‌ ക്ലീനറിന്റെ പേരാണല്ലോ ലേഖകന്‍ പറഞ്ഞിരിക്കുന്നത്.. ( വൃത്തി, രോഗാണു എന്ന് കേട്ടാലുടന്‍ ടെട്ടോള്‍ ആണല്ലോ നമുക്കു പര്യായമായി വരുന്നതു , പേസ്റ്റ് എന്ന് പറഞ്ഞാല്‍ കോള്‍ ഗേറ്റ് എന്ന പര്യായം പോലെ.വൃത്തിയുടെ വാസന പോലും ടെട്ടോളിന്റെ യാണ്. )

നോണ്‍ സ്റ്റിക് പാത്രങ്ങളും മാറ്റാറായി . അവയില്‍ വര വീണു കഴിഞ്ഞു . ചൂടായാല്‍ ഉരുകി നാറ്റം പരത്തുന്ന എന്തോ ഫ്ലക്സ്‌ പുരട്ടിയ മറ്റൊന്നു അത്യാവശ്യം .പിന്നെ അതിനെ പാടു വീഴ്ത്താതെ സംരക്ഷിക്കണം ..
.ഇത്രയും മതിയോ അടുക്കളയുടെ ..പോര വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഏതോ പുതിയ കമ്പനിക്കാര്‍ ഈയിടെ ഇറക്കിയ ആ ഫില്‍ടര്‍ ഉപയോഗിക്കുന്നത്. അങ്ങനെയല്ലേ ലേഖകന്‍ പറഞ്ഞതു? ഒന്നു കൂടി നോക്കണം.
കുറഞ്ഞത് ഇത്രയും പരിഷ്കാരങ്ങള്‍ ഇന്നു തന്നെ വരുത്തണം അടുക്കളയില്‍.
ഇനി ബെഡ് റൂമിലെ കാര്യം . ഹൊ.എത്ര കൊല്ലത്തെ പഴക്കമുള്ള കിടക്കയാണ്. പഞ്ഞി നിറച്ചത്. കട്ടിയും കുറച്ചു കൂടുതല്‍ ആണ് ...നാല് കൊല്ലം .എന്റെ അമ്മേ!! ലേഖകന്‍ പറഞ്ഞതു ഒരു കൊല്ലത്തില്‍ കൂടുതല്‍ ഒരു കിടക്ക ഉപയോഗിക്കാന്‍ പാടില്ല എന്നാണു. പറഞ്ഞതു വെച്ചു നോക്കിയാല്‍ തങ്ങള്‍ രണ്ടു പേരുടേയും തുപ്പലും .ദേഹത്ത് നിന്നു സെക്കന്റ് വച്ചു കൊഴിയുന്ന തൊലി അടരുകളും കൊണ്ടു ആകിടക്ക ഇരട്ടി കനം വച്ചു കഴിഞ്ഞു ..മാറ്റാതെ പറ്റില്ല... ഇന്നു തന്നെ..
കിടക്ക വിരി ആഴ്ചയില്‍ ഒരുതവണ മാറ്റണം. തലയിണ കവറുകള്‍ എന്നും മാറ്റണം ഏത് ബ്രാണ്ട് തുണി ..നോക്കണം ഏത് കടയിലായിരിക്കും ഈ പറഞ്ഞതരം മിനുസവും കുളിര്‍മയും തരുന്ന തുണിത്തരങ്ങള്‍ കിട്ടുക..ലേഖകനെ ഫോണില്‍ വിളിക്കാം.. നമ്പര്‍ ഉണ്ടല്ലോ....

ഭയം കൊണ്ടു എനിക്ക് ഇരിക്കാനാവുന്നില്ല..
ഇന്നത്തെ പത്രം രോഗാണുക്കളും കണ്ടു കാണുമോ..
അവ അന്തരീക്ഷം നിറയെ അല്ലെങ്കിലും ഉണ്ട് എന്നാണു ലേഖകന്‍ മാത്രമല്ല സയന്‍സ് പുസ്തകങ്ങളും കുട്ടിക്കാലം മുതല്‍ പറഞ്ഞു തന്നത്.. അവ ബുദ്ധിവച്ച്..ഇത്തരം ലേഖനവും വായിച്ചു സൂത്രങ്ങളും പഠിച്ചു .. എന്നെ നിങ്ങളെ...പൊതിഞ്ഞു കൊണ്ടിരിക്കുകയാണ് ....ഒരു പക്ഷെ ബ്രാന്‍ഡ്‌ വസ്തുക്കളായി..



Wednesday, September 9, 2009

ബസിലേക്ക് ..

"ഞാന്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്തു ജോലിയില്‍ പ്രവേശിച്ചി രിക്കയാണ് . ആഴ്ചയില്‍ ഒരു ദിവസം മാത്രം വന്നെത്തുന്ന ഒരു ചുവന്ന ബസ്‌ മാത്രമാണ് പുറം ലോകവുമായി ഞാന്‍ പണിയെടുക്കുന്ന സ്ഥാപനത്തിലെ മറ്റു രണ്ടുപേരടക്കം, ഞങ്ങളെ ബന്ധിപ്പിക്കുന്നത്. വെള്ളിയാഴ്ചകളില്‍ മാത്രം ചെറിയ കവലയില്‍ വന്നു ആളുകളെ കൊണ്ടു പോകുന്ന , പച്ചക്കറിയടക്കം സമസ്ത വസ്തുക്കളും അവിടെ യുള്ള കുടുംബങ്ങള്‍ക്ക് എത്തിക്കുന്ന സര്‍ക്കാര്‍ വണ്ടി. കവല തിരിഞ്ഞു തോട്ടിന്‍ കരയിലൂടെ ഒരു നൂറു മീറ്റര്‍ നടന്നു ചെറിയ പാലവും കടന്നു വേണം എനിക്ക് എന്റെ സ്ഥാപനത്തില്‍ എത്താന്‍ . സ്ഥാപനത്തോട്‌ ചേര്‍ന്നുള്ള , രണ്ടു മുറിയുള്ള, വീട്ടില്‍ ആണ് ഞാനും എന്റെ സുഹൃത്തും താമസിക്കുന്നത് . സുഹൃത് സദാ ചുവപ്പും കറുപ്പും നിറത്തിലുള്ള ചുരിദാര്‍ ധരിക്കുന്ന ചെറു പ്പക്കാരിയാണ് . എനിക്ക് വെള്ളിയാഴ്ചകളില്‍ നാട്ടിലേക്ക് പോകാന്‍ സര്ക്കാരിന്റെ ഈ ചുവന്ന വണ്ടി ആണ് ആശ്രയം . വെള്ളിയാഴ്ച്ച എത്തുമ്പോള്‍ സുഹൃത് ചോദിക്കും ..വണ്ടി വരാറായി പോകാന്‍ ഒരുങ്ങുന്നില്ലേ. ബാഗ് എവിടെ, കുട എന്നൊക്കെ. ബാഗ് ഓഫീസിലേക്ക് എടുക്കാന്‍ മറക്കാതിരിക്കുന്നത് ഈ കൂട്ടാളി കാരണമാണ്. എങ്കിലും എന്ത് വിശേഷം നാലുമണിക്ക് ചുവപ്പന്‍ വണ്ടി കവലയില്‍ എത്തും .അഞ്ചരക്ക് അത് ഒന്നു വട്ടം ചുറ്റി നിവര്‍ന്നു നേരെ കാണുന്ന കറമ്പന്‍ റോഡിലൂടെ നീങ്ങി തുടങ്ങും . അതിനിടെ ആളുകള്‍ പല വശത്തുനിന്നും പാഞ്ഞു ബസില്‍ കയറി പ്പറ്റും . ഞാനും അതിലൊരാള്‍..നീലയും കറുപ്പും കലന്ന നിറത്തിലുള്ള എന്റെ ബാഗ് തോളിലും കയ്യിലും മാറി മാറി വച്ചാണ് ഞാന്‍ ഓട്ടം തുടങ്ങുക. മിക്കവാറും നീങ്ങി തുടങ്ങുന്ന ബസിലേക്ക് ഏറ്റവും റിസ്കി യായ ഒരു ചാട്ടതോടെയാണ് ഞാന്‍ കയറി പറ്റുക. ബസ്‌ നിവരുന്നതുപോലെ ഞാനും കറങ്ങി നിവരും . എല്ലാ വെള്ളിയാഴ്ചകളിലും ഇതു ആവര്‍ത്തിക്കും ..എങ്കിലും പറയണമല്ലോ ബസ്‌ കിട്ടാതിരുന്നിട്ടില്ല....പക്ഷെ ഞാന്‍ എന്റെ ബാഗ് മായി ഓടാതിരുന്നിട്ടുമില്ല..........'"

ഈ മുകളില്‍ എഴുതിയതാണ് എന്റെ നിദ്രയില്‍ തെളിയുന്ന ഒരേ ഒരു സ്ഥിരം സ്വപ്നം..ഏതെങ്കിലും സ്വപ്ന വ്യാഖ്യാതാക്കള്‍ ഇതു വ്യാഖ്യാനിച്ചു കൊള്ളും എന്ന് വിചാരിക്കുന്നു. അതോ മന: ശാസ്ത്ര ജ്ഞനോ ? ഇത്രയും ഭംഗികുറഞ്ഞ ഒരു സ്വപ്നം ..കഷ്ടം !!!

Saturday, September 5, 2009

നാള്‍ തോറും ...

ഇത്രയും സാധാരണ മനസ്സുമായി ഞാന്‍ എന്റെ ജീവിതത്തിലൊരിക്കലും എന്റെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടില്ല.
ഏറ്റവും അശാന്തമായിരിക്കുമ്പോള്‍ ആണ്
ശാന്ത സമുദ്രം പോലെ അത് പുറമെ നിശ്ചലമാകുന്നത്
അശാന്തി എന്നെ ചുറ്റി വളയുന്നു.
ഞാനെന്റെ
മനസ്സിനെ വില്ല് പോലെ വളക്കാതെ യും
അതില്‍
അമ്പുകള്‍ തൊടുക്കാതെയും
അവിടം കേള്‍ക്കാത്ത,
അറിയാത്ത, പറയാത്ത ,
വാക്കുകള്‍
കൊണ്ടു നിറക്കാതെയും ഇരിക്കുന്നത് എന്താണ് ?
അശാന്ത നിമിഷങ്ങള്‍ എനിക്ക് പ്രിയപെട്ടതാണോ .
അല്ല
..അല്ലെങ്കില്‍ അതെ .
അശാന്തിയുടെ മുറ്റത്ത്‌
മുറിച്ചു മാറ്റപ്പെട്ട ആ വട വൃക്ഷം വളരുന്നത് വരെ
എന്റെ തലയ്ക്കു മുകളില്‍ അത് തണല്‍ വിരിക്കും വരെ
എന്റെ അശാന്തിക്കു ഞാന്‍ കാവല്‍.


Friday, September 4, 2009

പണ്ഡിത യായ മിസ്‌ സ്ട്രെസ്

എല്ലാം കള്ളമായിരുന്നു എന്ന് അവനോടു പറയൂ ..
ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്ന തിനു തുല്യം അവനെയും സ്നേഹിച്ചു ;
അവന്‍ എന്നോട് അസൂയാലുവാകേണ്ട തില്ല
ഞാന്‍ അവനെ സ്നേഹിക്കുകയും അവന്റെ ഭാര്യയെ വെറുക്കുകയും ചെയ്തു
ഇപ്പോള്‍ അസൂയ കൊണ്ടു അവന്‍ എന്നെ കൊല്ലുകയാണെങ്കില്‍
അവന്റെ ഭാര്യ അവനോടുള്ള കഠിന മായ വെറുപ്പിനാല്‍ ഒടുങ്ങും
അവനും മനസ്താപം മൂലം മരണപ്പെടും -ഞങ്ങള്‍ മൂന്നു പേര്‍ ഒറ്റ രാത്രി യില്‍ ചത്തൊടുങ്ങും
ഞാന്‍ കഠിനമായി വെറുക്കുന്ന ആ സ്ത്രീക്കുമേല്‍ ഭൂമിയുടെയും സ്വര്‍ഗ്ഗ ത്തിന്റെയും അനുഗ്രഹങ്ങളും , ഞാന്‍ സ്നേഹിക്കുന്ന പുരുഷന് പെട്ടെന്നുള്ള മരണവും ..വിധിക്കപ്പെട്ടിരിക്കുന്നു .

ഇസോബേല്‍ കാംപെല്‍ - ഐറിഷ്‌ കവി ( C-1200)

Tuesday, September 1, 2009

സ്ട്രീറ്റ്‌ ലൈറ്റ്

കുറച്ചു പ്രതീക്ഷയോടെ ആയിരുന്നു ഇന്ത്യ വിഷനിലെ ' Street Light , the real Show "എന്ന പേരിലുള്ള 'റിയാലിറ്റി ഷോ അല്ല റിയല്‍ ഷോ ആണെന്ന് പറഞ്ഞു തുടങ്ങിയ പരിപാടി കാണാന്‍ ഇരുന്നത്. ആദ്യത്തെ എപിസോഡുകള്‍ ഓരോന്നും കഴിയുമ്പോള്‍ അടുത്തത് നന്നാകും , എന്ന് കരുതും. എവിടെ . തെരുവില്‍ പാടുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ളതാണ് ചാനലുകളില്‍ തന്നെ ആദ്യമായി , പരീക്ഷണം എന്ന് അവകാശപ്പെട്ടു നടത്തുന്ന ആ പരിപാടി. നല്ലത് തന്നെ ഭക്ഷണത്തിന് വേണ്ടി പാടുന്ന ഈ തെരുവ് ഗായകര്‍ക്ക് ലോകത്തിനുമുന്‍പില്‍ അവരുടെ പാടാനുള്ള വാസന പ്രദര്‍ശിപ്പിക്കാന്‍ ഒരു അവസരം എന്ന് മാത്രമല്ല , ഈ പാടുന്നവര്‍ക്ക് ഓരോ ചെറിയ വീടും ഈ പരിപാടിയുടെ സ്പോന്‍സര്‍ മാര്‍ വച്ചു നല്കും എന്നും പറയുന്നുണ്ട്.
അതും നല്ലത് തന്നെ സംശയമില്ല.

പക്ഷെ .....................

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗായികാ ഗായകന്മാരെ ഈ പ്രവര്ത്തനം main stream , കലാകാരന്മാര്‍ ആയ്ക്കി ഉയര്‍ത്തും എന്നാണോ? അതോ അവരെ തെരുവുഗായകരാക്കിനില നിര്‍ത്തിക്കൊണ്ട് തന്നെ നാം നമ്മുടെ main steam ശരികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണോ.

മുഖ്യ ധാരയുടെ ( main stream ) വാത്സല്യം കുറച്ചു തെരുവിലേക്ക് കൂടി നീട്ടുന്നത് കൊണ്ടു എന്താണ് സംഭവിക്കുന്നത് ? പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.
ആ പാടുന്നവര്‍ക്ക് വീട് കിട്ടുമെങ്കില്‍ നന്നായി. ചാനലിനു ഒരു പരിപാടി
.അതെ അത് ഒരു പരിപാടി മാത്രം. അല്ലെന്നു ആര് പറയുന്നു അല്ലെ.?

Sunday, August 30, 2009

നിരാശിത കലാകാരന്മാര്‍ .....

നിരാശിതരായ ആര്‍ട്ടിസ്റ്റുകള്‍ മറ്റുള്ളവരെയും/ സര്‍ഗാത്മക സഹജീവികളെയും നിരാശയില്‍ വീഴ്ത്തുന്നു.' സുഹൃത്ത് ഒരു വെളിപാട് പോലെ ഏതാണ്ട് ഈ അര്ത്ഥം വരുന്ന 'വാചകം എഴുതി Face Book കോളത്തില്‍അതിനോട് നൂറു ശതമാനം യോജിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതായി ഇന്നലെ എന്റെ ഉറക്കം കെടുത്തിയ ഒരു ടെലി ഫോണ്‍ വിളി ..

രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനും ഇടയ്ക്ക് മദ്യപിച്ചു കഴിഞ്ഞ് ഉള്‍വിളിയായി വരുന്ന 'സ്നേഹത്താല്‍ ' പ്രചോദിത യായി എന്റെ ' സ്നേഹിത' ടെലി ഫോണില്‍ വിളിക്കുന്നു . പതിവില്ലാതെ ...അവര്‍ ടെലി ഫോണില്‍ ഊഷ്മള വചനങ്ങള്‍ ചൊരിഞ്ഞു . എന്റെ കവിതയെ ശ്ലാഘിച്ചു , അഭിമുഖഭാഷണം നടത്തണം എന്ന് ആഗ്രഹിക്കുന്നതായി ഏറെ വികാര പ്രകടനത്തോടെ കെഞ്ചി. എന്ന് അത് സാധിക്കും എന്ന് ആരാഞ്ഞു.. ഉറക്കം മാറ്റി വച്ചു ഞാന്‍ സ്നെഹിതക്കു ചെവി കൊടുത്തു . പറയുന്നതു എന്റെ മഹത്വങ്ങള്‍ ആണല്ലോ . മറു നാട്ടു കാരിയായ അവര്‍ക്ക് മലയാളം അത്രയ്ക്ക് വഴങ്ങുന്നില്ല .. എങ്കിലും ഞാന്‍ ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ എനിക്ക് മനസ്സിലാക്കി തന്നു . 'നിങ്ങള്‍ വളരെ സോഫ്റ്റ്‌ ആണ് ..അങ്ങനെ ആയാല്‍ പോര .. എങ്ങനെ നിങ്ങള്ക്ക് ഇങ്ങനെ സോഫ്റ്റ്‌ ആകാന്‍ കഴിയുന്നു.. ഹും ...നിങ്ങള്‍ ജീവിത കാലം മുഴുവന്‍ ഇങ്ങനെ കവിത എഴുതി കൊണ്ടിരുന്നോ.. അത് മതിയല്ലോ.....' ഇങ്ങനെ പതുക്കെ പതുക്കെ എന്റെ വിദൂര സ്നേഹിത യുടെ ശബ്ദം ഉച്ചത്തിലായി തുടങ്ങി.. ടെലി ഫോണ്‍ ഭാഷണം അവസാനിപ്പിക്കാന്‍ ഞാന്‍ ഒരവസരം കിട്ടാനായി ആഗ്രഹിച്ചു.. അവര്‍ പറഞ്ഞതു പോലെ ഞാന്‍ സോഫ്റ്റ്‌ ആണല്ലോ. അറുത്തു മുറിച്ചു പറയാന്‍ , ഞാന്‍ മദ്യപിച്ചിട്ടില്ലാത്തത് കൊണ്ടു കഴിയുന്നില്ല .
സ്നേഹിത യുടെ സ്വരം വീണ്ടും ഉച്ചസ്ഥായിലേക്ക് ഉയര്‍ന്നു.. കവിത എഴുതി ജീവിതം തുലച്ചതിനു എന്നെ ഗുണ ദോഷിക്കുന്നതിനിടക്ക് പറഞ്ഞു.. 'shame on you...bastard.. .നീ ജീവിതത്തില്‍ എന്ത് ചെയ്തു. കലാകാരന്മാര്‍ക്ക് വേണ്ടി ..' എന്നെ പോലെയുള്ള കലാ കാരന്മാര്ക് വേണ്ടി ഒരു വാചകമെങ്കിലും ഉയര്‍ത്തിയോ ....എന്ത് ചെയ്തു ..നീ.. " .അവരുടെ ചോദ്യത്തില്‍ ഞാന്‍ കവികളെയും ചിത്രകാരന്മാരെയും സംരക്ഷിക്കാത്ത ഒരു ക്രൂരയും ചെറ്റയുമായി. എന്റെ അവതാരോദ്ദേശം അങ്ങനെ തീരു മാനിക്കപ്പെട്ടിരിക്കുന്നോ എന്ന് ഞാന്‍ സംശയിച്ചു ..അവരോട് തിരിച്ചു ഒന്നും ചോദിക്കാന്‍ ഇടം കിട്ടാത്തവിധം അവര രുടെ സ്വരം പൂര്‍വാധികം ഉയര്‍ന്നു ..... .എന്തിനധികം പറയണം ,( ഇതാണല്ലോ ചില സാമ്പ്രദായിക എഴുത്തിന്റെ ഉപ സംഹാര സ്റ്റയില്‍ ), ഇങ്ങനെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടെയിരുന്ന '..'സ്നേഹിത അവസാനം ഒരു ഓണാശംസ ഏറവും ഉച്ചസ്ഥായിയില്‍ നേരാന്‍ മറന്നില്ല .." HAPPY ONAM BASTARD ..!!!!

Frustrated artist in turn frustrate other artists....other humans.. and pollute the whole world ..

Thursday, August 27, 2009

ഞാന്‍ തിരയുന്നത്

ഒരു പത്തു ദുരനുഭവങ്ങള്‍ നിരത്തി മനസ്സു ശുദ്ധ മാക്കാം എന്നായിരുന്നു വിചാരം .. അത് വേണ്ടി വന്നില്ല രണ്ടെണ്ണം എഴുതിയപ്പോഴേക്കും മനസ്സു തെളിഞ്ഞു.. ജീവിതത്തില്‍ വെറുതെ , തീര്‍ത്തും അനാവശ്യമായി ..മൂര്‍ച്ചയുള്ള വാചകങ്ങള്‍ പറഞ്ഞു സ്വന്തം അസ്വസ്ഥ മനസ്സു വെളിവാക്കുകയായിരുന്നു വല്ലോ അവരെല്ലാം . എനിക്കത് ഊര്‍ജമായി മാറി എന്നത് കൊണ്ടു തന്നെ വെളിപ്പെട്ട കറുത്ത വാക്കുകള്‍ എന്നെ സംബന്ധിച്ച് വെളുത്ത തായി. തേട്ടി വരുന്ന എല്ലാ ദുസ്വപ്നങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു. ..

"ഭാഷകള്‍
ഭൂമിയില്‍ മനുഷ്യര്‍ മനുഷ്യരോട് സംസാരിക്കുന്നവ മാത്രമല്ല
വാക്കുകള്‍
പാലിനോടൊപ്പം നുകരുന്ന
അക്ഷരങ്ങള്‍ മാത്രമല്ല ...
....................................
.....................................
നക്ഷത്രങ്ങള്‍ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു.....

...........
എനിക്ക്
പറയേണ്ടത്
ബധിരന്റെ കേള്‍വിപ്പെടാത്ത ഭാഷയാണ്
ഞാന്‍ തിരയുന്നത്
മൂകന്റെ പറയപ്പെടാത്ത ഭാഷയാണ്
എന്റെ ഭാഷയാണ് ..



Tuesday, August 25, 2009

ദുരനുഭവം -2

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു മൂന്നു കുട്ടികള്‍, വിമന്‍സ്‌ കോളേജില്‍ പഠിക്കുന്നവര്‍, എന്നെ കാണാനായി വന്നു . കോളേജ് വിട്ടു അഞ്ചെട്ടു കൊല്ല മായി .കൂടെ പഠിച്ചവരെല്ലാം വിവാഹിതരായൊ ജോലി തേടിയോ രംഗം വിട്ടിരുന്നു. പിന്നെ എന്നെ കാണാന്‍ ആര് വരുന്നു വിമന്‍സകോളേജില്‍ നിന്നു ? അങ്ങനെ വിസ്മയിച്ചു നില്‍ക്കുമ്പോഴാണ് അവര്‍ സന്ദര്‍ശനോദ്ദേശം വെളിവാക്കുന്നത് . കോളേജില്‍ ഇത്തവണ കലാ സാഹിത്യ രംഗം കൈയ്യാളുന്ന കുട്ടികളാണ് ...'യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു .ആര്‍ട്സ് ക്ലബ്ബ് ഉദ് ഘാടന മാണ്‌. ചേച്ചിയും വരണം . കവി സമ്മേളനത്തില്‍ പങ്കെടുക്കണം ." അങ്ങനെ ആകാം എന്ന് പറഞ്ഞു ഞാന്‍ . പിന്നെ കോളേജിലെ വിശേഷങ്ങള്‍ സംസാരിച്ചിരുന്നു കുറെ നേരം കളഞ്ഞു അവര്‍ പോയി.
അക്കാലത്തു ഞാന്‍ പത്തു മുപ്പത്തഞ്ചു കവിതകള്‍ എഴുതിയിരുന്നു . അതോ നാല്പതോ .സുഹൃത്തുക്കള്‍ അതെല്ലാം കൂടി സമാഹരിച്ചു ഒരു പുസ്തകവും ആക്കി ക്കഴിഞ്ഞു . അങ്ങനെ ഒരു കവി സ്ഥാനത്താണ് എന്റെ ഇരുപ്പ്. അത് കൊണ്ടാണ് കുട്ടികള്‍ എന്നെ സീനിയറും ജൂനിയറും ആയ കവികള്‍ക്കൊപ്പം അതിലും ജൂനിയ റായ എന്നെയും കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിളിച്ചത്. ആര്‍ട്സ്‌ ക്ലബ്‌ സെക്രടരിക്ക് കുറച്ചു ഫെമിനിസം ചായ്‌വും ഉണ്ടായിരുന്നു.
സമ്മേളന ദിവസം എത്തി . മൂന്നു കൊല്ലം ബിരുദ പഠനം നടത്തിയ കോളേജ് ആണ് . വീണ്ടും ചെല്ലുന്നത് പത്തു കൊല്ലത്തിനു ശേഷം . അതിന്റെ ഒരു സന്തോഷത്തിലാണ് ഞാന്‍ കുട്ടികളെയും കാത്തു ഒരുങ്ങി ഇരുന്നത് . കൃത്യം പതിനൊന്നു മണിക്ക് കവി സമ്മേളനം തുടങ്ങും. വലിയ പല കവികളും ഉണ്ട് കൃത്യതയും സമയ നിഷ്ഠയും പാലിക്കുന്നവര്‍. സമയത്തിന് വലിയ വിലയുള്ളവര്‍. അത് കൊണ്ടു പത്തു മണിയായ പ്പോഴേ ഞാന്‍ ഒരുങ്ങി കുട്ടികളുടെ വണ്ടിയും കാത്തു ഇരിപ്പ് തുടങ്ങി.

സമയം പതിനൊന്നാകുന്നു. അപ്പോഴാണ് വെള്ള അംബാസിഡാര്‍ കാറില്‍ നേതാവായ കുട്ടി പാഞ്ഞു വരുന്നതു. ചേച്ചീ ഒരുങ്ങിയോ.. എന്ന് വിയര്‍ത്ത മുഖവും പരിഭ്രമവുമായി . ഞാന്‍ നിമിഷം പാഴാക്കാതെ കാറില്‍ കയറി. എന്താ ഇത്ര പരിഭ്രമം എന്ന് ഞാന്‍ കുട്ടികളോട് ചോദിച്ചു. പതിനൊന്നു മണിക്ക് അഞ്ചു മിനുട്ടുള്ളപ്പോള്‍ വീട്ടിന്റെ മുന്നില്‍ നില്‍ക്കാമെന്ന് സാറ് പറഞ്ഞതാണ്‌. അദ്ദേഹം വലിയ കൃത്യ നിഷ്ഠ ക്കാരനാണ് ചെല്ലാന്‍ വൈകിയാല്‍ ദേഷ്യ പ്പെടും. അത് പോലെ മറ്റൊരു കവിയോടും പതിനൊന്നിനു പതിനച്ചു മിനുട്ടുള്ളപ്പോള്‍ ചെല്ലാമെന്നു പറഞ്ഞതാ .അതും നടന്നില്ല. ' കുട്ടികള്‍ വിഷണ്ണരായി പറഞ്ഞു. 'എന്നാ പിന്നെ അവരെ കൊണ്ടു വിട്ടിട്ടു വന്നാല്‍ പോരായിരുന്നോ എന്നെ വിളിക്കാന്‍ ? ഞാന്‍ ചോദിച്ചു ." എനിക്ക് അത്രയ്ക്ക് സമയ നിഷ്ടയൊന്നു മില്ല ." അതല്ല ചേച്ചി ഞങ്ങള്‍ നേരത്തെ ഇറങ്ങിയതാ ..ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി ഈ കഴുത മറന്നു. രണ്ടാമത്തെ കുട്ടി നേതാവിനെ കുറ്റപ്പെടുത്തി. നിങ്ങള്‍ രണ്ടു തവണ വന്നതല്ലേ പിന്നെ എന്തെ മറക്കാന്‍ ? അത്ര പ്രയാസവും ഇല്ല ഈ വീട് കണ്ടു പിടിക്കാന്‍ '.
നേതാവ് പറഞ്ഞു..'ഞാന്‍ കുറച്ചു ടെന്‍ഷനില്‍ ആയി ചേച്ചീ .വീടിനു മുന്‍പില്‍ കൂടി മൂന്നു നാല് തവണ പോയി. എന്നിട്ടും കത്തിയില്ല.' അവള്‍ തലക്കടിച്ചു കൊണ്ടു പറഞ്ഞു. പിന്നെ കുറെ ദൂരം പോയി പലരോടും ചോദിച്ചു ..കോളനി വിട്ടു പോയതുകൊണ്ട് അവര്ക്കു ചേച്ചിയുടെ വീട് അറിയാനും പറ്റിയില്ല. ." ഇത്രയും സംഭാഷണം നടത്തുമ്പോഴേക്കും ഞങ്ങള്‍ ഒരു സീനിയര്‍ കവിയുടെ ഗേറ്റിനു മുന്‍പില്‍ എത്തി .
കുട്ടികള്‍ ക്ഷമ യാചിക്കുന്ന മുഖവുമായി ഇറങ്ങി ബെല്ലടിച്ചു .കവി ഇറങ്ങി വന്നു വീട്ടില്‍ ധരിക്കുന്ന വേഷം കുട്ടികള്‍ പത്തു മിനിട്ടു വൈകിയിരുന്നു ..അതിനാല്‍ അദ്ദേഹം വേഷം മാറി പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഏകദേശം തീരു മാനിച്ച മട്ടാണ്. കുട്ടികള്‍ കെഞ്ചി വിശദീകരിക്കുന്നത് ഞാന്‍ കാറില്‍ ഇരുന്നു നോക്കി കൊണ്ടിരുന്നു. ഒടുവില്‍ അദ്ദേഹം കുട്ടികളുടെ അഭ്യര്‍ഥന മാനിച്ചു കാറില്‍ .മുഖം അപ്രസന്നമായിരുന്നു. ഇനി അടുത്ത കൃത്യ നിഷ്ടയില്‍ കണിശ ക്കാരനായ കവിയുടെ വീടാണ് . അവിടെ ചെന്നപ്പോള്‍ അദ്ദേഹവും കോപിഷ്ടനായി ഇരിക്കുകയാണ് . ഏകദേശം അര മണിക്കൂര്‍ ആയി അദ്ദേഹം വേഷവും കെട്ടി ഇരിക്കുന്നു എന്ന് കുട്ടികളോട് കോപിച്ചു. കുട്ടികള്‍ ഒരു വിധത്തില്‍ അദ്ദേഹത്തെയും കാറില്‍ കയറ്റി . കയറിയ പാടെ സീനിയര്‍ കവികള്‍ പരസ്പരം അഭിവാദ്യം ചെയ്തു കുട്ടികളുടെ ഉത്തരവാദിത്യ മില്ലായ്മയെ വിമര്‍ശിച്ചു. പിന്നെ ചോദിച്ചു 'എന്താ നിങ്ങള്‍ വൈകാന്‍ കാരണം.' കുട്ടികള്‍ എന്റെ വീട് കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടിയ കാര്യം അവരോട് വിശദീകരിച്ചു . അത് കേട്ടയുടന്‍ ഒരു സീനിയര്‍ പരിഹസിച്ചു ..'അങ്ങനെ നാട്ടുകാര്‍ക്കൊന്നും അറിയാത്ത ,വീടും പേരും ഒക്കെ കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടുള്ളവരെ യൊക്കെ നിങ്ങള്‍ എന്തിനാ വിളിക്കാന്‍ പോയത്..?'
പരിഹാസം രസിച്ച മറ്റേ സീനിയര്‍ ഹാ ഹാ ഹാ . എന്ന് ആര്‍ത്തു ചിരിച്ചു..'പേരും നാളും ഒന്നും ഇല്ലാതവരെയാണോ കവിയരങ്ങില്‍ പങ്കെടുപ്പിക്കുന്നത്..?' എന്ന ചോദ്യം അകമ്പടിയായി ..പിന്നെ ഇരുവരും ആര്‍ത്തു രസിച്ചു ചിരിച്ചു..
കുട്ടികള്‍ വല്ലാതായി ..അവര്‍ക്ക് അതില്‍ ചിരിക്കാന്‍ കഴിഞ്ഞില്ല. എന്നോട് 'ഞങ്ങളോട് ഒന്നും തോന്നല്ലേ ചേച്ചീ' എന്ന് ഒരു കുട്ടി അപ്പോള്‍ തന്നെ എന്റെ കയ്യില്‍ പിടിച്ചു..നേതാവ് 'ചേച്ചി യുടെ കുറ്റമല്ല എന്ന് കവികളോട് വിശദീകരിക്കാന്‍ ശ്രമിച്ചു .
എന്തായാലും അവരുടെ പരിഹാസ ചിരി കേട്ടു ,ഞാന്‍ അതെ വരെ ഗുരു സ്ഥാനീയരും ബഹുമാന്യരും അറിവിന്റെ അവതാരങ്ങളും ആയി കണ്ടിരുന്ന ആ ബിംബങ്ങള്‍ ചൂളക്കിടാത്ത കളിമണ്‍ പ്രതിമ പോലെ എന്റെ ഉള്ളില്‍ തകര്ന്നു.
എങ്കിലും എനിക്ക് അറിവ് വര്‍ദ്ധിച്ചു. എന്തല്ല ജ്ഞാനം എന്ന് ഞാന്‍ പഠിച്ചു, ആരാണ് ജ്ഞാനി എന്നും.

Monday, August 24, 2009

ദുരനുഭവം - 1

ഭൂമി സ്വന്തം അച്ചു തണ്ടില്‍ കറങ്ങുന്നതിനു താനാണ് നിമിത്തം എന്ന മട്ടില്‍ ലോകത്തിനു കേന്ദ്രമായി നിന്നു വേദാന്തി പറഞ്ഞു " നിങ്ങള്‍ മരിച്ചാലും ലോകത്തിനു ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല .സമാധാനമായി കിടക്കൂ '..!ആശുപത്രിക്കിടക്കയില്‍ ഡങ്കി പനിയോ ചികുന്‍ ഗുനിയയോ എന്ന് തീരുമാനിക്കപ്പെടാതെ ചോര ച്ഛര്‍ദിച്ചും മൂക്കിലൂടെ ചിലപ്പോള്‍ രക്തം പ്രവഹി പ്പിച്ചും കിടക്കുകയായിരുന്നു ഞാന്‍ .
വേദാന്തി എന്റെ സുഹൃത്താണ് ,രോഗവിവരം അന്വേഷിച്ചു വന്നതാണ് ,സാന്ത്വനി പ്പിക്കാനാണ് മേല്‍പ്പറഞ്ഞ വാചകം 'ഹ ഹ ഹ 'ശബ്ദത്തോടെ ഉച്ചരിച്ചത് .
എട്ടാം ക്ലാസുകാരനായ എന്റെ മകന്‍ പേടിച്ചരണ്ട മുഖവുമായി അമ്മയെ എങ്ങനെ ശുശ്രൂഷിക്കണം എന്നറിയാതെ അവന്റെ അച്ഛന്റെ വരവും കാത്ത് എന്റെ കട്ടിലിനരികില്‍ നില്‍ക്കുകയായിരുന്നു .
സുഹൃത്തിന്റെ വാചകം കേട്ടു അവന്‍ വിളറി .അവന്റെ അമ്മ മരിച്ചാല്‍ ലോകത്തിനു ഒന്നും സംഭവിക്കില്ലായിരിക്കാം പക്ഷെ അവന് അത് സങ്കല്പ്പിക്കാനാവില്ലെന്നു അവന്റെ മുഖം വിളിച്ചു പറഞ്ഞു .പന്ത്രണ്ടു വയസ്സുകാരന് വേദാന്ത ഭാഷ്യത്തെ നേരിടാനുള്ള പാണ്ഡിത്യം ഉണ്ടായിരുന്നില്ല .അവന്റെ മുഖം പൂര്‍വാധികം വിളറിയും കണ്ണുകള്‍ നിറഞ്ഞു മിരിക്കുന്നത് ഞാന്‍ കണ്ടു .അവന്‍ എന്റെ കൈകളില്‍ പതുക്കെ തൊട്ടു.
സുഹൃത്തിന്റെ 'ആപേക്ഷിക സത്യ 'വചനത്തെ നേരിടാന്‍ ശ്രമിച്ചു ഞാന്‍ പറഞ്ഞു 'ശരിയാണ് ചികുന്‍ ഗുനിയയോ എന്ന് തീരുമാനിക്കപ്പെടാതെ മരിച്ചാലും ഒന്നുമില്ല അത് തീരുമാനിക്കപ്പെട്ടിട്ടാണ് എങ്കിലും ഒന്നും സംഭവിക്കില്ല . നിങ്ങള്‍ മരിച്ചു പോയാല്‍ ലോകത്തിനു എന്തെങ്കിലും സംഭവിക്കുമോ ? "

വേദാന്തി ചിരിച്ചു..ഹാ ഹാ... എന്ത് ചോദ്യം ഞാന്‍ പണ്ഡിതനാണ് വേദാന്തി യാണ് , ഒരു വേദാന്തി സമാധിയായാല്‍ ലോകം നിശ്ചലമാവും.. ലോകം തന്നെ അയാള്‍ക്ക്‌ വേണ്ടി കരയും..എന്നെ കൊണ്ടു ലോകത്തിനു ആവശ്യമുണ്ട് ..." അയാള്‍ തമാശ പറയുകയാണോ ..മുഖം കണ്ടിട്ട് അങ്ങനെ തോന്നിയില്ല ..അയാള്‍ ഒരു നിമിഷം എന്റെ സുഹൃത്ത് അല്ലാതായി ..അയാള്‍ ഇഷ്ടപ്പെടാത്ത എന്തോ ഞാന്‍ ചോദിച്ചു എന്ന് അയാളുടെ മുഖം പറയുന്നതു പോലെ. അയാള്‍ പറഞ്ഞതിനെ സമര്‍ഥി ക്കാന്‍ ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചു .ദേവ ഭാഷ അറിയാത്ത എന്റെ മകനും കഷ്ടിയായ ഞാനും സ്തംഭിച്ചു എന്നയാള്‍ക്ക് മനസ്സിലായി. അയാളുടെ മുഖം പ്രസന്നമായി .
എന്റെ മകന് അയാളുടെ മേല്‍ തുപ്പണം എന്ന് തോന്നുന്നുണ്ട് എന്ന് എനിക്ക് തോന്നി അവന്‍ കുളിമുറിയില്‍ പോകുന്നതും അകത്തെ വാഷ്‌ ബേസിനില്‍ ഛ ര്‍ദിക്കുന്നതും ഞാന്‍ അറിഞ്ഞു .

ബാര്‍ലി വെള്ളം മണിക്കൂറിനു രണ്ടു ഗ്ലാസ്‌ എന്ന കണക്കില്‍ കുടിച്ചു, ആശു പത്രിക്കാര്‍ പരീക്ഷണത്തിനും നിരീക്ഷണത്തിനും വിട്ടു ,രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവെന്നു പറഞ്ഞ എന്റെ ഉടലിനെ നിരന്തരംമൂത്ര മൊഴിച്ച്എന്നെ കൊലചെയ്യാനെത്തിയ വൈരസ്സിനെ പുറത്താക്കി, ഞാന്‍ രക്ഷിച്ചു . സോക്ട്ടര്‍ മാര്‍ കീറി പറിക്കാന്‍ ഒരു ഉടല്‍ നഷ്ട പ്പെട്ടത്തില്‍ ഖേദിച്ചു. കാരണം എന്റെ ഉടല്‍ മരണ ശേഷം പഠന സാമഗ്രിയാക്കാന്‍ ഞാന്‍ അനുവാദം നല്‍കിയിരുന്നു.

വേദാന്തിയെ ഞാന്‍ നന്ദിയോടെ സ്മരിച്ചു .അയാളുടെ വാക്കുകളാണ് എനിക്ക് വൈറസ്സ് കളോട് പൊരുതാന്‍ ശക്തി നല്കിയത് . എന്റെ മകന് എന്നെ എത്രമാത്രം ആവശ്യമാണെന്ന് അവന്റെ കണ്ണുകളില്‍ തെളിഞ്ഞത് ഞാന്‍ കണ്ടതാണല്ലോ . പനിയോടൊപ്പം സുഹൃത്തും എന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോയി.
എന്നാല്‍ ഈയിടെ ലോക വൈരം വെടിഞ്ഞു , പരിഷ്കാരിയും സുമുഖനുമായി , ലൌകികനായി അയാളെ ഞാന്‍ ഒരു രിയാളിടി ഷോ വിലെന്ന പോലെ ലോക റാമ്പില്‍ അടി വെച്ചടിവെച്ച് നീങ്ങുന്നത്‌ കണ്ടു .
അയാള്‍ക്ക്‌ ചികുന്‍ ഗുനിയയോ പന്നി പ്പനിയോ പിടിപെടണമെന്നും ചോര തുപ്പി ആശുപത്രിയില്‍ കിടക്കണമെന്നും ,ആ നേരം സാന്ത്വനിപ്പിക്കാനായി 'സാരമില്ല നിങ്ങള്‍ മരിച്ചാല്‍ ലോകത്തിനു ഒന്നും സംഭവിക്കില്ല ..ചിരിച്ചു കൊണ്ടു കിടക്കൂ ' എന്ന് കണ്ണ് നിറഞ്ഞു നില്ക്കുന്ന ഭാര്യയുടെയും കുഞ്ഞു മകളുടെയും മുന്‍പില്‍ വച്ച് പറയണമെന്നും ആഗ്രഹിക്കുന്നില്ല . ..

പക്ഷെ ആരെങ്കിലും അയാളോട് ഒരിക്കല്‍ അങ്ങനെ പറയാതിരിക്കുമോ? ..അയാള്‍ക്ക്‌ അത് സ്വയം പറയാന്‍ കഴിയുമോ എന്നെങ്കിലും.?

Saturday, August 22, 2009

life goes on ..

Life goes on ...
I continue digging ...
The shovel doesn't hit anywhere...
So the pit becomes larger and larger, deeper and deeper...
do I expect something underneath,
anything solid or liquid?

Life really is generous to those who pursue their 'destiny' It says
What is my destiny...
I wonder...
I am here by chance like every body else in this world.

Am I digging my destiny perhaps? Only the shovel knows...
not me...
I am its tool, and not the shovel mine.

Happy birthday to me!!

Friday, August 21, 2009

ഹിറ്റ്‌ ലര്‍

മാനല്ലാത്തതില്‍
മീനാവാത്തതില്‍
പക്ഷിയോ പ്രാണിയോ
അല്ലാത്തതില്‍ എന്തിന് ഖേദിക്കണം ?
ഓന്തല്ലാത്തത്തില്‍ മുതലയോ മുയലോ
അരണയോ അല്ലാത്തതില്‍ എന്തിന് ക്ലേശി ക്കണം ?
വേണ്ടന്നുറപ്പിച്ചു
പക്ഷിയെ അതിന്റെ പറക്ക ലിലേക്കും
ഉരഗങ്ങളെ അവയുടെ ഇഴച്ചിലെ ലേക്കും ഞാന്‍ വിടുന്നു


എങ്കിലും
ഞാന്‍ ദുഃഖിക്കുന്നു
ആണല്ലാത്തതില്‍
പെണ്ണാ യതില്‍
കാരണം നിങ്ങള്‍ക്കെന്നപോലെ
ഹിറ്റ്ലര്‍ ആണല്ലോ എന്റെയും നായകന്‍

Thursday, August 20, 2009

നിത്യജീവിതം ...

ജീവിതം നൂല്‍ പാലത്തിലൂടെയാണ് എന്ന് പറയുന്നതു വെറുതെയല്ല .പക്ഷെ ആരാണ് നമ്മളെ അങ്ങനെ നടത്തുന്നത്? ദൈവമല്ല തീര്‍ച്ച. സ്വയം നടക്കുന്നതാണ് എന്നാണെങ്കില്‍ ഒരാള്‍ക്ക് അങ്ങനെ നടക്കാതിരിക്കാന്‍ കഴിയാത്തതെന്താണ്‌? രാജ്യങ്ങള്‍ക്ക് പറ്റുന്നില്ല പിന്നെ യാണ് ..കെല്‍പ്പില്ലാത്ത ഒറ്റപ്പെട്ട മനുഷ്യര്‍. കാരണം അവതാരങ്ങള്‍ പലവിധമാണ്. പടക്കോപ്പുകള്‍ ഉണ്ടാക്കുന്ന ഒരുവന് നാട്ടില്‍ യുദ്ധമാണ് ആവശ്യം ..മരുന്നുണ്ടാക്കുന്ന ഒരുവനും യുദ്ധം ആവശ്യമാണ്‌. പടയില്‍, ചത്തവനും ചാകാറായ വനും മരുന്ന് വേണമല്ലോ ..ഇനി സമാധാന പ്രിയര്‍ക്കും കാരുണ്യ ശീലര്‍ക്കും വേണ്ടത് യുദ്ധം തന്നെ. യുദ്ധത്തില്‍ ചത്തവന്റെ കുടുംബത്തെ കണ്ണീരില്‍ നിന്നു കരകയറ്റാന്‍ അവരല്ലേ ഉള്ളു. ഇനി നമ്മള്‍ ഉപദേശികളുടെ ഉപദേശം കേട്ടു നന്നാവാന്‍ തന്നെ തീരുമാനിക്കുകയും അത് മൂലം നാം നൂല്‍ പ്പാലയാത്രയില്‍ നിന്നു മോചിതരാവുകയും ചെയ്യും എന്നാണോ ? പാപം ചെയ്യാത്തവര്‍ നാട്ടിലില്ലെങ്കില്‍ ഉപദേശികള്‍ , സദാചാരികള്‍ എന്ത് ചെയ്യും? അവരുടെ നിലനില്‍പ്പ്‌ അവതാളത്തിലാവും ..അങ്ങനെ ആകാതിരിക്കാന്‍ ഉള്ള മാര്‍ഗമാണ് പാപം ചെയ്യ്ന്നവരെ കല്ലെറിയുകയും ആ ഏറുകൊണ്ട് ചാകാരായവരെ കാരുണ്യ പൂര്‍വ്വം ശുശ്രൂഷിക്കുകയുമെന്ന രണ്ടു കൈക്കുമുള്ള പണി .പാപം ചെയ്യിക്കാന്‍ വയാഗ്ര മാത്രമല്ല ഉടു തുണി ഊരി നൃത്തവും നിത്യവും നാം കൈകാല്‍ നീട്ടി സ്വീകരിക്കുന്നുണ്ട് . ഉടല്‍ മൂടി ദേവിയായി ഇരിക്കാറ് മുണ്ട് അങ്ങനെ ഇരുന്നില്ലെങ്കില്‍ ഇരുത്താന്‍ വീണ്ടു മുണ്ട് പാപോപദേശം ..ബാലന്‍സ് ചെയ്യാനാണോ അത് അല്ല ....ആര്‍ക്കാണ് അതറിഞ്ഞു കൂടാത്തത് ? നിത്യജീവിതം ഇങ്ങനെ യുദ്ധവും സമാധാനവും പാപവും പുണ്യവും ,വിഷവും ഔഷധവും മൊത്തമായും ചില്ലറയായും വില്‍ക്കുന്ന അവതാരങ്ങള്‍ക്കിടയില്‍ .... .....നൂല്‍ പ്പാലത്തില്‍ ... എനിക്ക് വേണമെങ്കിലും വേണ്ടെങ്കിലും ....

Wednesday, August 19, 2009

ബാക്കി

രഹസ്യങ്ങള്‍ ഇല്ലാത്ത ഈ ലോകം വല്ലാതെ അടുത്തു വരുമ്പോള്‍ എനിക്കുണ്ട് പരിഭ്രാന്തി.ഇങ്ങനെ രഹസ്യങ്ങളൊന്നും ഇല്ലെന്നു ഭാവിക്കുന്ന തുറന്നു തന്നെ യിരിക്കുന്ന ഈ പുസ്തകം അത്ര എളുപ്പം വഴങ്ങുന്നതല്ലെന്ന തിരിച്ചറിവാണോ. അതോ ആഴത്തോടൊപ്പം പരപ്പുകൊണ്ടും ഇതെന്നെ ശ്വാസം മുട്ടിക്കുന്നു എന്ന് തോന്നുന്നതോ..എപ്പോഴും നീല നിറമാര്‍ന്ന , തിരയടിച്ചു കൊണ്ടേയിരിക്കുന്ന കടലിനടുത്ത് ഇരിക്കുന്നതുപോലെ ..ഇടയ്ക്ക് വന്നു നിറം പകര്‍ന്നു പോകുന്ന ഒരു സൂര്യനും ഇന്നു എന്റെ അസ്വസ്ഥതകളെ ബാഷ്പീകരിക്കുന്നില്ല..വാഴക്കയ്മേല്‍ ഇരിക്കുന്ന നീല പക്ഷി , എന്നോട് എന്തോ പറയുന്നുണ്ട് ..അതിന്റെ ഇടക്കിടെയുള്ള ചെറു കുലുക്കങ്ങള്‍ , അതൊരു പക്ഷെ ചിരിക്കുന്നതാവാം.സ്വപ്നത്തിലാവാം ..
ലോകത്ത് രഹസ്യങ്ങള്‍ ഇനിയുമുണ്ട് ബാക്കി.

Sunday, August 16, 2009

കുട്ടികള്‍ പഠിക്കുന്നത് .

നളിനി ജമീലയുടെ ജീവിത രേഖ പാഠ പുസ്തകമാക്കുന്നു കേരള യുനിവേഴ്ത് സിറ്റി എന്ന വാര്‍ത്ത ഇപ്പോള്‍ സജീവ ചര്‍ച്ചയാണ് മാദ്ധ്യമങ്ങളില്‍ . പുസ്തകത്തിന്റെ പേരു 'ഞാന്‍ ലൈംഗിക തൊഴിലാളി' . ഇതിനകം ധാരാളം മലയാളികള്‍ അത് വായിച്ചു കഴിഞ്ഞു . ഇനിയും വായിക്കുകയും ചെയ്യും. പതിനെട്ടിനും ഇരുപത്തൊ ന്നിനും ഇടയ്ക്ക് പ്രായമുള്ള ബിരുദ വിദ്യാര്‍ഥി കളാണ് നളിനി ജമീലയുടെ പുസ്തകം പഠിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ എന്നാണ് ചര്‍ച്ചകള്‍ പറയുന്നതു . കുട്ടികള്‍ പഠിക്കട്ടെ എന്നും അവര്‍ അത് പഠിക്കരുത് എന്നും രണ്ടു വാദം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട് . മണിയന്‍ പിള്ള എന്ന 'കള്ളന്‍' തന്റെ ജീവിത കഥ കുട്ടികള്‍ പഠി ക്കേണ്ടതില്ല എന്ന അഭിപ്രായത്തില്‍ നില്‍ക്കുമ്പോള്‍ നളിനി അവര്‍ തന്റെ ജീവിത കഥ വായിച്ചു പഠിക്കട്ടെ എന്ന അഭിപ്രായത്തിലാണ്.
അവരുടെ അഭിപ്രായം അങ്ങനെ നില്‍ക്കട്ടെ. എനിക്കും തോന്നുന്നു ചിലത്. അനാവശ്യകാര്യങ്ങളില്‍ കണ്ണ് ഉടക്കിയാല്‍ ആര്‍ക്കും സംഭവിക്കാവുന്നത്‌ .
തോന്നല്‍ ഇതാണ് : പാഠ പുസ്തകത്തില്‍ നിന്ന് ആരും പഠിക്കുന്നില്ല : എഴുതിക്കഴിഞ്ഞ ചോദ്യ പേപ്പര്‍ എന്ന പോലെ പഠിച്ച പാഠങ്ങളും കുട്ടികള്‍ ചവറ്റു കുട്ടയില്‍ നിക്ഷേപിക്കുന്നു.


അത് കൊണ്ടാണല്ലോ ഗാന്ധിജിയെ കുറിച്ചും , വിവേകാനന്ദനെ കുറിച്ചും, ടാഗോറിനെ കുറിച്ചും വിളക്കേന്തിയ വനിതയെ കുറിച്ചും മറ്റും മറ്റും പഠിച്ചു വരുന്ന കുട്ടികള്‍ സത്യാനേഷണ പരീക്ഷണ ങ്ങള്‍ നടത്താത്തത് .
ടാഗോര്‍
കവിതകള്‍ വായിച്ചു പഠിച്ച എല്ലാ കുട്ടികളും കവിത ചമ ക്കാത്തതും . അല്ലെങ്കില്‍ പഠിച്ചതില്‍ നിന്നു ,-കേട്ടതില്‍ നിന്നും-അവര്‍ വഴുതി മാറുന്നത് . അതുപോലെ നളിനി ജമീലയുടെ പാഠ പുസ്തകം പഠിച്ചു ജയിച്ചു വരുന്ന കുട്ടികള്‍ ; ഗാന്ധിയെ പഠിച്ചു കഴിഞ്ഞു പുറത്തിറങ്ങി
വന്ന ഒരുവന്‍ ഗാന്ധി യന്‍ ആകാത്തതുപോലെ, അല്ലെങ്കില്‍ പഠിച്ചതിനു പ്രായശ്ചിത്തമായി കള്ളനോ കൊല പാതകിയോ ആയി വിപരീത ദിശ തിരഞ്ഞെടുക്കുന്നതുപോലെ
അവര്‍ ജമീല പഠിപ്പിച്ച പാഠങ്ങളും മറന്നേക്കാം.. പകരം പഠിച്ചതിനും പഠിപ്പിച്ചതിനും ഇടയില്‍ പഠി പ്പിക്കാതാത്തത് സ്വീകരിച്ചേക്കാം. നേര്‍ വിപരീത ദിശ തിരഞ്ഞെടുത്തെക്കാം..

അപ്പോള്‍, അങ്ങനെ ആണെങ്കില്‍ എന്താണ് കുട്ടികള്‍ ഈ പാഠ പുസ്തകം പഠിക്കുന്നത് കൊണ്ട് കേരളത്തില്‍ സംഭവിക്കുക? ഉത്തരം വളരെ ലളിതം . പുതിയ കേരളത്തില്‍ ലൈംഗിക തൊഴില്‍ തന്നെ ഇല്ലാതായേക്കാം!!! ......അങ്ങനെയു മുണ്ട് സാധ്യതകള്‍ .

Friday, August 14, 2009

അമ്മാത്തെത്തിയവര്‍

'ഇല്ലത്ത് നിന്നു പുറപ്പെട്ടു , അമ്മത്തൊട്ടെ ത്തിയതുമില്ല എന്നാണു എന്റെ സ്ഥിതി ' വിഷണ്ണനായ സുഹൃത്തിന്റെ വിലാപം .
ഇല്ലത്ത് നിന്നു പുറ പ്പെടെണ്ടായിരുന്നു എന്നാണോ ? ' ഞാന്‍ ചോദിച്ചു
അങ്ങനെ യല്ല ..പുറപ്പെട്ടിട്ടും എന്തായി ഫലം എന്നാണ് ..
അപ്പോള്‍ പുറപ്പെടാത്തവര്‍ സന്തുഷ്ടരാണ് എന്നാണോ ..
ഇല്ലത്ത് തന്നെ ഇരുന്നവര്‍ / ഇരിക്കുന്നവര്‍ ?
അതുമല്ല ' ആരാണ് ഇപ്പോള്‍ അമ്മാത്ത്‌ എത്തിയവര്‍ ?
' അവര്‍ കൊട് മുടികള്‍ കീഴടക്കിയവരെ പ്പോലെ യും ,
വാന പ്രസ്ഥ ത്തിനു പുറ പ്പെട്ട നിസ്സംഗപാണ്ഡവരെ പ്പോലെയും
ആഹ്ലാദ വന്മാരാണോ ? ഞാന്‍ ചോദിച്ചു .
സുഹൃത് ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു .
ഇല്ലത്ത് നിന്നു പുറ പ്പെടാത്തവരുടെ സ്ഥിതി ഓര്‍ത്താണോ
അമ്മാത്ത് എത്തി സന്തുഷ്ടരായി എന്ന് കരുതുന്നവരെ കുറിച്ചാണോ ,
തന്നെ പ്പോലെ നടുക്ക് നിന്നു കരയുന്നവരെ കുറിച്ചാണോ അയാള്‍ ഭാവന ചെയ്യുന്നത് ..
മുഖംഒന്നും പറയുന്നില്ല .
ക്ലീഷേ കളില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ടാവണം അത് കണ്ണാടിയായി ഒന്നും പ്രതിഫലിപ്പിച്ചു മില്ല.

Saturday, August 1, 2009

a quote

" When a person really desires something, all the universe conspires to help that person to realise his dream." I wish the alchemist is true .

Wednesday, July 29, 2009

ആര്‍ക്കറിയാം

മലയാള സിനിമയെ ഒന്നു കൂടി ദരിദ്രമാക്കി കൊണ്ടു ഒരു നടന്‍ കൂടി നമ്മെ വിട്ടു പോയി , രാജന്‍ .പി .ദേവ് . അദ്ദേഹത്തിന്റെ അഭാവം, അഭാവം തന്നെ ആയി അവശേഷിക്കും . അത് പോലെ മലയാള സിനിമയില്‍ ഏതൊക്കെയോ തരത്തില്‍ ശൂന്യത സൃഷ്ടിക്കുന്നുണ്ട് , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ യും , എന്‍ . എഫ്‌ . വര്‍ഗീസിന്റെയും മറ്റും വേര്‍പാടുകള്‍. ഇവരൊക്കെ വലിയ നടന്മാരായത് കൊണ്ടു തന്നെ യാണ്, അല്ലെങ്കില്‍ അവര്‍ തികഞ്ഞ കലാകാരന്മാരായത് കൊണ്ടു തന്നെ യാണ് അവരുടെ സ്ഥലം അങ്ങനെ ഒഴിഞ്ഞു കിടക്കുന്നതും അവരെ നാം വീണ്ടും വീണ്ടും ഓര്‍മിക്കുന്നതും.

ചിലപ്പോള്‍ മരണത്തിന്റെ വിത്തു മായി ജനിക്കുന്ന ഒരാള്‍ക്കും അത് വളര്‍ന്നു പന്തലിച്ചു ഫലവും വേണ്ടത്ര തന്നു കഴിഞ്ഞു വേരറ്റു പോകുമ്പോള്‍ വീഴാതെ പറ്റില്ല എന്ന പ്രകൃതി നിയമം നടപ്പാവുകയാണ് എന്ന് ഓര്‍ക്കും . എങ്കിലും കൈയോ കാലോ മുറിയുമ്പോള്‍ മുറിയാനുണ്ടായ കാരണം അറിയുമ്പോള്‍ നമ്മുടെ വേദന കുറക്കാന്‍ ആ അറിവ് ഉത്തകാത്തത് പോലെ അത്തരം ചിന്തയോ അറിവോ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസ മാകാറില്ല. എങ്കിലും 'പിംഗള കേശിനിയായ മരണത്തെ കാല്‍പ്പനികമായി ഭാവന ചെയ്തു ഭയന്നും , താന്‍ ചത്തു പോയികഴിഞ്ഞുള്ള അടുത്ത ദിവസത്തെ പത്ര വാര്‍ത്ത എന്തായിരിക്കുമെന്നോ ലോകം എങ്ങനെ യായിരിക്കുമെന്നോ ഒക്കെ മുന്‍‌കൂര്‍ ഓര്‍ത്തു ക്ലേശി ക്കുന്നത് തമാശ തന്നെ. ഓരോ ആത്മഹത്യ ക്കാരനും / കാരിയും താനില്ലാത്ത അടുത്ത ദിനം ഭാവന ചെയ്തു തീര്‍ത്താവണം ജീവിതം അവസാനിപ്പിക്കുന്നത് . അവര്‍ ഭാവന ചെയ്തത് പോലെ തന്നെ ആയിരുന്നിരിക്കുമോ അവരില്ലാത്ത അടുത്ത പ്രഭാതം ? ആര്‍ക്കറിയാം.

Saturday, July 25, 2009

അതിലൊരാള്‍

ലോകത്തോട്‌ പലതും പറയാനുണ്ടെന്ന് എനിക്കറിയാം ,
കുറഞ്ഞ പക്ഷം ഞാന്‍ അങ്ങനെ വിചാരിക്കുന്നു.
എന്നാല്‍ ഒരിക്കലും എനിക്ക് പറയാനുള്ളത് ഒന്നും ഇതു വരെ പറഞ്ഞിട്ടില്ല എന്നും തോന്നുന്നു. അതല്ലെങ്കില്‍ ഉറക്കത്തിലും ,
സ്വപ്നത്തിലും ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോഴും ഉറക്കെ വിളിച്ചു പറയൂ
എന്ന് വിളിച്ചു കൂവിക്കൊണ്ട് ക്യൂ വായി നില്ക്കുന്ന വാക്കുകളെ ഞാന്‍ ഒരിക്കലും ഒരിഞ്ചു മുന്നോട്ടു നീക്കാത്ത തെന്താണ്‌ ? അവയെ അങ്ങനെ തന്നെ നിര്‍ത്തി ഞാന്‍ മറ്റു ജോലികള്‍ക്കായി പോകുന്നു.
ഒരു പക്ഷെ പ്രക്ഷേപിക്കപ്പെടുന്ന വാക്കുകള്‍ വെറുതെ ശൂന്യാകാശത്ത് തങ്ങി നില്‍ക്കാനുള്ളതാണ് എന്ന തിരിച്ചറിവായിരിക്കുമോ ?
എന്ത് കൊണ്ടു വാക്കുകളും പ്രവര്‍ത്തികളും ചിന്തകളും പോലും ഇങ്ങനെ സെന്‍സര്‍ ചെയ്തു മാത്രം പുറത്തു വരുന്നു. അതും അറിയില്ല.

ലോകത്തോട്‌ യുദ്ധം ചെയ്യുന്ന ഓരോ സാധാരണക്കാരനും /കാരിയും ആയുധങ്ങള്‍ ഒന്നു മില്ലാത്ത വരാണ്.വാക്കുകള്‍ നിഷ്ഫല മായ കരച്ചിലായി, അന്തരീക്ഷത്തില്‍ മഴയായി , മഴക്കാ റായി പെയ്തും പെയ്യാതെയും ..എനിക്കറിയാം ഞാനും അതിലൊരാള്‍ .
ലോകം ആവേശിക്കപ്പെട്ട,
ലോകത്തിലെ അനേകം കോടികളില്‍ ഒരാള്‍ ..

Thursday, July 23, 2009

തൊണ്ടി പ്പഴം

വീട്ടില്‍ പൈപിന്റെ അറ്റ കുറ്റ പണിക്കു വന്ന മുരുകന്റെ വളരെ ബാസ്‌ ഉള്ള ശബ്ദം അപ്പോള്‍ വളരെ താഴ്ന്നിരുന്നു. ചെറിയ പണിക്കു കൂടുതല്‍ പണം പറ്റിയതിന്റെ ചെറിയ ഒരു പിടിക്കരുതായ്കയുമായാണ് ഞങ്ങളുടെ നില്‍പ്പ്. ആകെ ഒരു മണിക്കൂര്‍ പണി, രണ്ടാളുകള്‍ , ഒരു ദിവസത്തെ മുഴുവന്‍ കൂലി .750 രൂപ . പൊട്ടിയ ഡ്രൈ നജ് പൈപ്പിന്റെ ലീക്ക്‌ മാറ്റണം ഒരു കഷ്ണം മുറിച്ചു പ്ലുംബര്മാര്‍ക്ക് മാത്രം അറിയാവുന്ന പശ വച്ചു ഒട്ടിക്കണം . അത് ചെയ്തു കഴിഞ്ഞു വാങ്ങിയ കൂലി , അത് കുറച്ചു കൂടി പോയില്ലേ എന്ന് ചോദിക്കാതെങ്ങനെ ..ഇതാണ് ചിന്ത.
അത് ചോദിക്കുന്നതിനു മുമ്പ് തന്നെ മുരുകന്‍ പറഞ്ഞു .രാവിലെ വാങ്ങി കൊണ്ടു പോയ ആയിരം രൂപയുടെ ബാക്കി തരാന്‍ ഇത്ര വൈകി രാത്രി പത്തു മണി വരെ നീണ്ടതെന്താണ് എന്ന് . അയാളുടെ ബന്ധു, വകയില്‍ ഒരമ്മാവന്‍ ,55 വയസ്സ് പ്രായം , നെയ്യാറ്റിന്‍ കരയിലെ ഒരാശുപത്രിയില്‍ അഞ്ചു ദിവസമായി കിടക്കുന്നു. വയറു വേദനയാണ് രോഗം .എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല , വേദന കൊണ്ടു പുളയുകയാണ്. ഇതിനകം തന്നെ 25,000 രൂപ ഡോക്ടര്‍ ക്കും മരുന്നിനു മായി ചിലവായി . ഇനി കിടക്കുന്ന വീട് വിറ്റാലെ കാശുള്ളു . അത് കൊണ്ടു ഈ വകയില്‍ അമ്മാമന്‍ കരയുന്ന കരച്ചിലിനെ പറ്റി കേട്ടു മുരുകന്‍ അയാളെ തിരുവനന്ത പുരം മെഡിക്കല്‍ കോളെജിലേക്ക് കൂട്ടികൊണ്ട് വന്നു . അവിടെ ചികിത്സ സൌജന്യ മാണല്ലോ ..
അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മാത്രമെ വരാന്‍ കഴിഞ്ഞുള്ളൂ. "അമ്മാമനു
എന്താണ് ശരിക്കും അസുഖം ? ഞങ്ങള്‍ ചോദിച്ചു . "അതറിയില്ല ഡോക്ടര്‍ ഒന്നും പറഞ്ഞില്ല . നാളെ തന്നെ ഓപ്പ റേഷന്‍ വേണം എന്ന് പറഞ്ഞു . അതിന് ഡോക്ടര്‍ക്ക് ആയിരം രൂപ കൊടുത്തു .. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു മയക്കു ഡോക്ടര്‍ക്ക് ഒരഞ്ഞൂറു രൂപ കൊടുത്തേരെ എന്ന്'" ..അനസ്തേഷ്യ നല്കുന്ന ഡോക്ടര്‍ ആയിരിക്കണം .."അയാള്‍ക്കും വീട്ടില്‍ അത് കൊണ്ടു കൊടുത്തു" . എന്താ അസുഖം എന്ന് ഈ ഡോക്ടറും പറഞ്ഞില്ലേ എന്ന ചോദ്യത്തിന് മുരുകന് ഇതു മാത്രമായിരുന്നു മറുപടി. ഓപ്പ റേഷന്‍ കഴിഞ്ഞാലും അത് പിന്നെയും വേറെ എവിടെ യെങ്കിലും വരും എന്ന് ഡോക്ടര്‍ പറഞ്ഞു ..
അങ്ങനെ മുരുകന്റെ കയ്യിലെ കാശ് മുഴുവന്‍ ആ ഡോക്ടര്‍മാര്‍ വീതിച്ചെടുത്തു എന്ന് ചുരുക്കം ..പൊട്ടിയ പൈപ്പിന് പശ തേച്ചു മിനുക്കിയതിന് കിട്ടിയ കാശ് മുഴുവനും ചിലവായി എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

ഇനി എന്ത് ചോദിക്കാന്‍.

തിന്നാനെടുത്ത തൊണ്ടിപ്പഴം കിണറ്റില്‍ വീണു പോയ കാക്ക അതെടുത്ത് തരാന്‍ കൊല്ലനോടും , അതെടുത്ത് തരാന്‍ കൂട്ടാക്കാത്ത കൊല്ലനെ കടിക്കാന്‍ നായയോടും ,തൊണ്ടി പ്പഴം എടുതുതരാത്ത കൊല്ലനെ കടിക്കാത്ത നായയെ കുത്താന്‍ തേളി നോടും , അതിനുതയ്യാ റാകാത്ത തേളിനെ തല്ലാന്‍ ആനയോടും ,അതുകൂട്ടാക്കാത്ത ആനയെ കടിക്കാന്‍ കട്ട് ഉറുമ്പിനോടും ആവശ്യവും പ്പെടുന്നു കുട്ടി കഥയിലെ കാക്ക . അവസാനം കട്ട് ഉറുമ്പ്‌ ആനയെ കടിക്കാനും ആന തേളിനെ തല്ലാനും തേള് നായയെ കുത്താനും നായ കൊല്ലനെ കടിക്കാനും പേടിച്ച കൊല്ലന്‍ തൊണ്ടിപ്പഴം എടുക്കാനും തയ്യാറാവുന്നുണ്ട് കഥയില്‍ ...

കിണറ്റില്‍ പോയ തൊണ്ടി പ്പഴങ്ങള്‍..ഈ ജീവിതങ്ങള്‍... എന്റെയും നിന്റെയും ..അതെടുക്കാന്‍ കീടനാശിനിയില്‍ വിളയിച്ച പച്ചക്കറി യും അത് തിന്നു വയറിളക്കവും വയറു വേദനയും വന്ന അതിന് വേറെ മരുന്ന് തിന്നു കുടല്‍ കരിഞ്ഞ , കുടല്‍ കരിക്കുന്ന മരുന്ന് വിളയിക്കുന്ന മരുന്ന് കമ്പനിയെ കാണാത്ത , അങ്ങനെ യങ്ങനെ നീളുന്ന കഥയില്‍ ..ഏതെങ്കിലും കുരുടന്‍ പ്രത്യക്ഷപ്പെടും .അയാള്‍ ഏത് കിണറ്റിലെ ഏത് തൊണ്ടിപ്പഴം എടുക്കും ?

Tuesday, July 21, 2009

ഭ്രമരം

ഭ്രമരം എന്ന മോഹന്‍ ലാല്‍ സിനിമ കണ്ടു. സംവിധായകന്‍ ബ്ലെസി . നല്ല തിരക്കായിരുന്നു. പിതൃക്കള്‍ ക്ക് ബലി തര്‍പ്പണ മിടാന്‍ സര്‍ക്കാര്‍ അവധി കൊടുത്ത ദിവസം .തര്‍പ്പണം കഴിഞ്ഞു ആളുകള്‍ സിനിമ കാണാന്‍ ഇറങ്ങിയതാവാം .
മോഹന്‍ ലാലിന്റെ അഭിനയം വളരെ കേമം .നിസ്സഹായന്റെ ധര്‍മ്മ സങ്കടങ്ങള്‍ , നിസ്സഹായന്റെ നിസ്സഹായതയുടെ ആഴങ്ങള്‍ , വളരെ subtle ആയ ഭാവങ്ങള്‍ ഒക്കെ എത്ര നന്നായി .സിനിമയെ നിരൂപണം ചെയ്യാന്‍ എനിക്കുദ്ദേശമില്ലാതതുകൊണ്ട് അതിന്റെ ഭംഗികളെ കുറിച്ചു മാത്രം ഓര്‍ക്കുന്നു . സിനിമ ഒരു നിമിഷവും മുഷിപ്പിച്ചില്ല .മറിച്ച് ടെന്‍ഷന്‍ നിലനിര്‍ത്തുകയും , പരമ്പരാഗത തമാശ ക്കാരില്ലാതെ തന്നെ നേര്‍ത്തനര്‍മ പ്രയോഗങ്ങളിലൂടെ തിയേറ്ററില്‍ ആളുകളെ ചിരിപ്പിക്കയും ചെയ്തു ..ഇങ്ങനെ പറയാനാണെങ്കില്‍ ഇനിയും നല്ലവാക്കുകള്‍ പറയാം ..

...കളിക്കൂട്ടുകാരുടെ , നിഷ്കളങ്ക മെന്നു തോന്നിക്കുന്ന ചതി , മുതിര്‍ന്നതിനുശേഷം ഗത്യന്തരമില്ലാതെ അവര്‍ നടത്തുന്ന ഏറ്റുപറച്ചിലും പാശ്ചാത്താപവും ..പാശ്ചാത്തപിക്കുന്നവരോട് പൊറു ക്കേണ്ടി വരുന്ന ഗതികേടും നിസ്സഹായതയും ..പാശ്ചാതാപവും കുമ്പസാരവും പാപം ചെയ്തവരെ രക്ഷിക്കുമായിരിക്കാം ..പക്ഷെ ആ പാപത്തിനു ള്ള ഫലം ഏല്‍ക്കേണ്ടി വന്ന സാധുവായ നിസ്സഹായന്‍ ക്ലേശ ങ്ങളില്‍ തന്നെ ജീവിച്ചു തീരുന്നു .. പാശ്ചാതാപം കൊണ്ടു എന്താണ് സംഭവിക്കുന്നത് ? മതപരവും മതേതരവുമായ പാശ്ചാത്താപങ്ങള്‍ കൊണ്ടു ലോകത്ത് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ ? ബ്ലെസി ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല .. എങ്കിലും സിനിമ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നു .


( സിനിമ യിലെ തമാശ കൂടാതെ തിയേറ്ററില്‍ ഒരു പരസ്യത്തില്‍ മിന്നി മറഞ്ഞ വാചകങ്ങളാണ് എന്നെ അതിലേറെ ചിരിപ്പിച്ചത് ...പരസ്യ വാചകം തുടങ്ങുന്നത് ഇങ്ങനെ.....'ദാമ്പത്യ രോഗങ്ങളാല്‍ അവശത യനുഭവിക്കുന്ന ദമ്പതിമാര്‍ക്ക്..........' ചികിത്സ ഏതു വിഭാഗത്തിലാണ് കിട്ടുന്നതെന്ന് , അലോപ്പതിയോ ആയുര്‍ വേദമോ , ഹോമിയോ പതിയോ , യൂനാനിയോ, നോക്കാന്‍ ചിരിക്കിടയില്‍ കഴിഞ്ഞില്ല )