Tuesday, December 30, 2008

മഞ്ജിത് ബാവ-Manjit Bawa

ചിത്രകാരന്‍ മഞ്ജിത് ബാവ ഇന്നലെ അന്തരിച്ചു . ഡല്‍ഹിയില്‍ 1999 തില്‍ അദ്ദേഹത്തിന്റെ ചിത്രപ്രദര്‍ ശനത്തില്‍ കണ്ട ചിത്രങ്ങള്‍ ഇപ്പോഴും മനസ്സില്‍ തെളിയുന്നു. ആധുനിക ഇന്ത്യന്‍ ചിത്രകലയില്‍ നാടോടി ജീവിതത്തിന്റെ , സംസ്കാരത്തിന്റെ വ്യത്യസ്തവും പുതുമയാര്‍ന്ന തുമായ ചായത്തനിമകള്‍ ഉരുത്തിരിയിച്ചു അദ്ദേഹം . ആടുകള്‍ ,പശുക്കള്‍ ,ആനകള്‍ പുലികള്‍ നോമാഡിക് ഫക്കീരുകള്‍ ഊര് തെണ്ടുന്ന സര്‍ക്കസ് കലാകാരന്മാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ക്യാന്‍വാസുകളില്‍ ജീവിച്ചു.
തീര്‍ച്ച യായും ഇന്ത്യന്‍ മിനിയേച്ചര്‍ പെയിന്റിങ്ങുകളിലെ കടും നിറങ്ങള്‍ അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ച ഘടകം തന്നെയായിരുന്നു.പരമ്പരാഗത ഇന്ത്യന്‍ മിനിയേച്ചര്‍ ചിത്രണ ശൈലിയെ അദ്ദേഹം തന്റേതായ രീതിയില്‍ വ്യത്യസ്തയോടെ ഉള്‍ചേര്‍ത്ത് ദൃഡമായ പുതിയതൊന്നു സൃഷ്ടിച്ചു . തിളങ്ങുന്ന ചുവപ്പും, മഞ്ഞയും നീലയും പച്ചയും നിറങ്ങള്‍ ആ ക്യാന്‍വാസില്‍ നിറഞ്ഞു . ചുവന്ന വന്‍ പുള്ളിപ്പുലികളും ,പട്ടുടുത്ത സുന്ദരികളും കൊണ്ട് ആ ചിത്ര പ്രതലം തിളങ്ങി.ജീവിതാഭിമുഖ്യം വളര്‍ത്തുന്ന സൌന്ദര്യവും ആഹ്ലാദവും പ്രസരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ കാണപ്പെടാനും പഠിക്കപ്പെടാനുമായി നമ്മുടെ മുന്‍പില്‍ സജീവമായി ഉണ്ട് .... മന്‍‌ജിത് ബാവക്ക് ആദരാഞ്ജലികള്‍ ..

Monday, December 29, 2008

വൃദ്ധര്‍ ഉണ്ടാവുന്നത് !

വൃദ്ധര്‍ ഉണ്ടാവുന്നത് ! അതെ എല്ലാം ഉണ്ടാക്കപ്പെടുന്നതുതന്നെ , വൃദ്ധരും . എന്താണ് വാര്‍ദ്ധക്യം ? അറുപതു വയസ്സായി ഇനി നിങ്ങളെ ഒന്നിനും കൊള്ളില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് സമൂഹം നിങ്ങളെ കുടുക്കിയിടുന്ന ആ അവസ്ഥ ? അല്ലെങ്കില്‍ അന്‍പതോ അറുപതോ കൊല്ലം കൊണ്ടു ഭൌതിക മോഹങ്ങള്‍ അവസാനിപ്പിച്ചു കൊള്ളണം എന്ന സര്‍ക്കാര്‍ ആജ്ഞ ? നിര്‍വചനങ്ങള്‍ എന്തുതന്നെ ആയാലും മനുഷ്യരുടെ വാര്‍ദ്ധക്യം ഒരു പ്രശ്നമാണെന്ന വിധം സര്‍ക്കാരുകളും കമ്പനികളും ഗ്യാസ് ചേംബറുകള്‍ ഉണ്ടാക്കി അവരെ അതില്‍ തള്ളുന്ന കാലം ഉണ്ടാവില്ല എന്ന് ഞാന്‍ വിചാരിക്കുന്നില്ല . വൃദ്ധയായ തന്റെ അമ്മയെ ആചാരപ്രകാരം മല മുകളില്‍ എകാന്തയായി മരണം കാത്തു കിടക്കാനായി ഉപേക്ഷിക്കുന്ന മകന്റെ ഖിന്ന മുഖം ചൈനീസ് സിനിമ ഒരിക്കല്‍ കാണിച്ചു തന്നു.അങ്ങനെ ഉപേക്ഷിക്കപ്പെടുന്നതില്‍ നിര്‍വൃതി കൊള്ളുന്ന അമ്മയും അതിവൃദ്ധയായ അവരെ ഉപേക്ഷിച്ചു പോകാനാകാതെ കണ്ണീര്‍ ഒഴുക്കുന്ന മകന്റെ മമതയും , അതിലെ ധാര്‍മിക സംഘര്‍ഷവും ഈ കാലത്തിനു മനസ്സിലാവില്ല . പ്രയോജന സിദ്ധാന്തത്തില്‍ ധാര്‍മികത ഒരു വാക്കു പോലുമല്ല .അതില്‍ സ്തീകളും കുഞ്ഞുങ്ങളും വികലാംഗരും ദളിതരും എന്നപോലെ വൃദ്ധരും ഒരു ഗണം, ഇനം മാത്രം. അധികാരമില്ലാത്തതിനാല്‍ സ്വയം നിര്‍ണയ അവകാശമില്ലാത്തവര്‍ .

Saturday, December 27, 2008

ഡല്‍ഹി

ഡല്‍ഹി എല്ലാ വരവിലും എന്നോട് ഭൂതകാലങ്ങളിലേക്ക് ഒരു യാത്ര യെങ്കിലും ആവശ്യപ്പെടും . ശവകുടീരങ്ങളുടെ പ്രദേശമെന്ന് അതിനെ തള്ളിക്കളയുന്നതെങ്ങനെ ? ഊഷ്മളമായ ഒരുസ്വാഗതമാണ് എപ്പോഴും അത് എനിക്ക് തരുന്നത് . എനിക്ക് പ്രിയപ്പെട്ടവര്‍ ഇവിടെ ഉണ്ട് എന്നുള്ളതല്ല അതില്‍ പ്രധാനം . അതൊരു ഘടക മായിരിക്കാമെങ്കിലും.മൊഹന്ജദാരൊ ഹാരപ്പ കാലത്തെ ഗ്രാമജീവിതം ഡല്‍ഹി യോട് ചേര്‍ന്നു നില്‍ക്കെ ഞാന്‍ കണ്ടെടുക്കുന്നു . ഗോത്രജീവിതത്തിന്റെ മാത്രകള്‍ തുല്യ അളവില്‍ ചേര്‍ത്ത് ഈ നഗരം നൂറ്റാണ്ടുകളെ നിത്യജീവിതത്തില്‍ ജീവിക്കുന്നതായി എനിക്ക് തോന്നുന്നു . നമ്മുടെ പാര്‍ലമെന്റില്‍ ഇരുന്നു എത്ര കുറ്റവാളികള്‍ നമ്മെ നിയന്ത്രിക്കുന്നു എന്ന ചിന്തയില്‍ നിന്നു ഒരുമാത്ര അതെന്നെ മോചിപ്പിക്കുന്നു. 'പ്രണയ നഗരമേ' എന്ന് ഷാ ജഹാനോടു ചേര്‍ന്നു ഞാനും അതിനോട് മന്ത്രിക്കുന്നു.

Thursday, December 25, 2008


Merry Christmas and Happy New Year wishes to all of you friends from AAGNAY and ME

Wednesday, December 24, 2008

ആതുരാലയം

ഇന്ത്യയെ സ`നേഹ പൂര്‍വ്വം നോക്കുമ്പോള്‍ , അതിന്റെ എല്ലാ പരാധീനതകളും അംഗവൈകല്യങ്ങളും , നിരന്തരം പിടികൂടുന്ന രാപ്പനി കളും , സെറിബ്രല്‍ പ്ലാസ്സി യാല്‍ കഷ്ടപ്പെടുന്ന ഒരു കുട്ടിയെന്ന പോലെ എന്നെ ഖേദിപ്പിക്കുന്നു.
ഒരു പക്ഷെ ഭൂമിയിലെ എല്ലാ പ്രദേശങ്ങളും ഇങ്ങനെ കേഴുന്ന കുഞായിരിക്കാം .സെറിബ്രല്‍ പ്ലാസ്സിക്കുപകരം അതിനെ വയറിളക്കമോ, ക്ഷയമോ , പേരില്ലാത്ത ഏതെങ്കിലും രോഗമോ പിടിപെട്ടിട്ടുണ്ടാകുമെന്നു എനിക്കുറപ്പാണ്. അതാണല്ലോ മരുന്നുകള്‍ പലതും പ്രയോഗിച്ചും , പ്രതിരോധ ശേഷിയുള്ളവയെ ഗ്യാസ് ചേംബറില്‍ എന്ന വണ്ണം പുകച്ചും ഇല്ലായ്മ ചെയ്യുന്നത് .
മരുന്നിനെ ക്കുറിച്ച് പറയാന്‍ ഞാന്‍ ഡോക്ടര്‍ അല്ല , എന്തിന് ഒരു സോഷ്യല്‍ സൈന്റിസ്റ്റു പോലുമല്ല .എങ്കിലും ഒന്നു തോന്നുന്നു സിനിമാ പാട്ടിനൊപ്പം,താള വാദ്യങ്ങള്‍ക്കൊപ്പം, ചെണ്ടയുടെ, സിതാറിന്റെ , എന്റെ മൂളിപ്പാട്ടിനൊപ്പം പോലും നൃത്തം വയ്ക്കുന്ന കുഞ്ഞു ആഗ്നെയിനെ പോലെ നൃത്തം ചെയ്യാന്‍ ആഗ്രഹിന്ന വലിയ കുഞ്ഞുങ്ങളെയാണ് ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് . അവര്‍ തോക്കും വെടിയുണ്ടയും ആഗ്രഹിക്കുന്നു എന്നെങ്ങനെ പറയാന്‍ കഴിയും ..അതിന്റെ മേല്‍ ഇരുന്നു മാത്രമെ ഒരാള്‍ക്ക്‌ നൃത്തം ചെയ്യാനും സ്വപ്നം കാണാനും കഴിയു‌ എന്ന് വരികിലും..

Sunday, December 21, 2008

കുടുംബിനി ,സനേഹ മാര്‍ഗത്തില്‍

അവള്‍ക്ക് നാല്പതു വയസ്സായി .മുതിര്‍ന്ന രണ്ടു കുട്ടികളുണ്ട് .വിവാഹ മോചിത .തന്റെതോ തന്റെതല്ലാത്തതോ ആയ കാരണത്താല്‍ .
ഈയിടെ അവള്‍ എന്നോട് പറഞ്ഞു " ഞാന്‍ പ്രേമത്തിലാണ് എന്റേതായ കാരണത്താല്‍ ."
അത് നല്ലത് തന്നെ ഞാന്‍ പറഞ്ഞു. "പ്രേമം, അതെപ്പോള്‍ സംഭവിക്കുന്നതും നല്ലതിന് തന്നെ.
"അതെനിക്കറിയില്ല , എന്റെ അവിവാഹിതനും സുന്ദരനുമായ കാമുകന്‍ നിത്യ ബ്രമ്ഹചാരിയായി കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്."
" അപ്പോള്‍ നീ അയാളുടെ മുന്‍പില്‍ വിശ്വാമിത്രന്റെ മുന്‍പില്‍ മേനകയെന്നപോലെ പ്രത്യക്ഷപ്പെട്ടു എന്നാണോ ? നിനക്ക് അയാളുടെ തപസ്സു മുടക്കാനായില്ലേ ? " ഞാന്‍ ചോദിച്ചു .
' ഞാന്‍ മുടക്കിയ തപസ്സു കൊണ്ട് അയാളുടെ തീരുമാനം മാറിയിട്ടില്ല. അയാള്‍ എന്നെ വിവാഹം കഴിക്കാനും കു‌ടെ താമസിക്കാനും ഉദ്ദേശിക്കുന്നില്ല".
' അപ്പോള്‍ നിനക്കു അതാണോ ആവശ്യം ? അയാള്‍ പരസ്യമായി തപസ്സുമുടക്കുകയും വെറുതെ ഒരു പ്രേമത്തില്‍ നിന്നു കുടുംബസ്ഥനിലേക്ക് പരിണമിക്കുകയും ചെയ്യുക എന്നത് '?
അങ്ങനെ യാണെങ്കില്‍ നന്നായി എന്നുണ്ടെനിക്ക്.പക്ഷെ അതില്ലെങ്കിലും സാരമില്ല , അയാളുടെ ഒരു കുഞ്ഞിനെ എനിക്ക് പ്രസവിക്കണം" . സുഹ്രത്ത് അവസാന ആവശ്യ മെന്നോണം പറഞ്ഞു .
എന്നെ വിസ്മയിപ്പിച്ച്ച്ചു കൊണ്ട് എന്ന് വേണമെന്കില്‍ പറയാം. കാരണം ഇതാണ് ..എന്റെ സുഹ്ര്‍ത്തിനു നേരത്തെ സൂചിപ്പിച്ച പോലെ, കുട്ടികള്‍ രണ്ടുണ്ട് . അവര്‍ പെണ്‍കുട്ടികളും വിവാഹപ്രായത്തില്‍ എത്തിയവരും ആണ് . .അവള്‍ കുട്ടികളെ പ്രസവിച്ചും ലാളിച്ചും കൊതിതീരാത്തവള്‍ എന്നതുപോലെ ഇങ്ങനെ പറഞ്ഞതു കേട്ട്‌ ഒന്നു വിസ്മയിച്ചു പോയി എന്ന് . .അങ്ങനെ ആകട്ടെ എന്ന് എനിക്ക് അവള്‍ക്ക് വരം കൊടുക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു .ഇക്കാര്യം നീ നിന്റെ കാമുകനോട് പറഞ്ഞില്ലേ.
ഉവ്വ് , പറഞ്ഞു ,പക്ഷെ പ്രത്യക്ഷമായി അയാള്‍ക്ക് ഒരച്ഛന്‍ ആകാന്‍ വയ്യത്രെ .'
'അതിരിക്കട്ടെ നിന്റെ കുട്ടിക്ക് പ്രത്യക്ഷത്തില്‍ തന്നെ ഒരച്ഛന്‍ വേണമെന്ന്‍ നിനക്കു നിര്‍ബന്ധമുണ്ടോ?' അവള്‍ ഒന്നും മിണ്ടിയില്ല .
അവള്‍ ഒരുപക്ഷെ ഒരു പാട് ആലോചിച്ച്ചിട്ടുണ്ടാവും അതിനെ ക്കുറിച്ച്
.അവളെ നോക്കികൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ ബാലാമണി യമ്മയുടെ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് വഴിക്ക് വഴിയേ വന്നു....അമ്മ, കുടുംബിനി , സനേഹമാര്‍ഗത്തില്‍ ,സ്ത്രീ ഹൃദയം , ..... പിന്നെ സ്ത്രീ ഒരു പ്രഹേളിക യാണെന്ന എന്റെ ഒരു വിപ്ലവകാരി സുഹ്രത്തിന്റെ വിപ്ലവം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സിദ്ധാന്തവും ...ഒരു ഉറുമ്പും , കിളിയും , ആകാശവും കടലും എന്റെ കടിക്കാത്ത പട്ടിയും ,ഇല്ലി കൂട്ടത്തിലെ പാമ്പും ബ്രഹ്മ ചര്യം ഉറപ്പാക്കി പ്രേമിക്കുന്ന കാമുകനും പ്രഹേളിക യെങ്കില്‍ എന്റെ പെണ്‍സുഹ്ര്‍ത്തും പ്രഹേളിക തന്നെ.

Thursday, December 18, 2008

:)


ഈ ആത്മഗതം തത്കാലം അവസാനിപ്പിക്കുന്നു ...
വീണ്ടും കാണാം !സംസാരസാഗരം അലയിളക്കി നമ്മുടെ മുന്നില്‍ തന്നെയുണ്ടല്ലോ ...
സുഹൃത്തുക്കളെ ..വീണ്ടും കാണും വരെ നമസ്കാരം .!!

Wednesday, December 17, 2008

പ്രണയം

ടാഗോര്‍ കവിത മൂളുകയാണ്‌ ,
കഥ പറയുകയാണ്‌ , രാഗാലാപം ചെയ്യുകയാണ്
, മനോഹരീ എന്ന് കേഴുകയാണ് !
ഞാനത് കേള്‍ക്കുന്നു എങ്കിലും ഞാന്‍ ഏറ്റുപാടുന്നതെങ്ങനെ ?
എന്റെ പുഴ വല്ലാതെ ശുഷ്ക്കിച്ച് അത് പുഴയല്ലാതായി
, തോടോ തടാകമോ അല്ലാതായി ,
മഞ്ഞരാശി കലര്‍ന്ന ചെമ്പന്‍ നിറം മാത്രമായി
സന്ധ്യേ ! മനോഹരീ മഴ പെയ്തിറങ്ങുന്ന ഇരുണ്ട രാവേ ,
എന്നൊക്കെ അവളോട് കൊഞ്ചുന്നു ടാഗോര്‍ ഇപ്പോഴും !
എന്നാല്‍ എനിക്ക് പൂത്തിറങ്ങുന്ന രാത്രി അതല്ലാതായി ,
എന്റെ അലസം ഗമിക്കുന്ന കാറ്റ് ഒച്ചയറ്റ് വെറുതെ നില്‍പ്പായി !
എന്നാല്‍ ടാഗോര്‍ ചൊല്ലിത്തിമിര്‍ക്കുകയാണ് ..
പാട്ട്, തീരത്തെ , രാവിന്റെ കടലിനെ കീറിക്കൊണ്ട് പതുക്കെ പതുക്കെ ഭു‌മിയെ പുതപ്പിക്കുന്നു ..
പാട്ടുകള്‍ തീരുന്നില്ല ,
ടാഗോറും .
.എന്നാല്‍ പാട്ടു കേട്ട് ഉറങ്ങാനാവാത്ത ഭു‌മിയില്‍ ഞാന്‍‌ ഉണര്‍ന്നിരിക്കുന്നു
ഭൂമിയോടൊപ്പം !
ടാഗോറിന് നന്ദി ! ഇളം കാറ്റിനും നന്ദി !

Tuesday, December 16, 2008

ഇര സിദ്ധാന്തം


ഇത് ഇര സിദ്ധാന്തത്തിന്റെ കാലമാ‌ണ്. കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും.
സ്ത്രീ , പുരുഷന്റെ ഇര ;ദരിദ്രര്‍ ധനികന്റെ ,കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ , അവര്‍ണര്‍ സവര്‍ണന്റെ , ന്യൂനപക്ഷങ്ങള്‍ ഭു‌രി പക്ഷത്തിന്റെ ......ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍ -
എഴുത്തച്ഛന്റെ ശ്ലോകം ഇതിനിടെ ഓര്‍മ്മ വരുന്നവര്‍ ഭാഗ്യവാന്മാര്‍ , മോക്ഷം അവര്‍ക്കത്രെ !
'ചക്ഷു :ശ്രവണ ഗളസ്ഥമാം ദര്‍ദുരം
ഭക്ഷണ ത്തിന്നപേക്ഷിക്കുന്നതു പോലെ" ...........യുള്ള സ്വന്തം നില്പ് ഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍ അതിലേറെ വിശേഷമായി !
മാദ്ധ്യമങ്ങളില്‍ ഇങ്ങനെ തുടരെ ത്തുടരെ ഇര സിദ്ധാന്തങ്ങള്‍ വായിച്ചും ബുദ്ധി മാന്മാര്‍ പ്രസംഗിക്കുന്നത് കേട്ടും ബുദ്ധികെട്ടവര്‍ പണിയെടുക്കുന്നത് കണ്ടും നിന്ന എന്റെ സാക്ഷി കാക്കക്ക് ഒരു സംശയം തോന്നി -
അത് സ്വാഭാവികം !
ഈ എഴുതുന്നവര്‍ , ഒരു പക്ഷെ പ്രസംഗിക്കുന്നവരും ആരുടെ ഇര ?
ഇറച്ചിയോ മീനോ കേക്കോ പൊതിഞ്ഞ കടലാസ് കൊത്തി പ്പറിക്കുന്നതിനിടെ അതിന് ഉത്തരവും കിട്ടി
ഈ അക്ഷരങ്ങള്‍ കൊണ്ട് കളിക്കുന്നവര്‍ ഇര തന്നെ . വിശേഷിച്ചും കേരളത്തിലെ എഴുത്തുകാര്‍.
.സിംഗപ്പൂരിലെ എഴുത്തുകാരെ കുറിച്ചോ അല്ലെങ്കില്‍ വിദേശത്തെ എഴുത്തുകാരെ കുറിച്ചോ എന്റെ കാക്ക ബോധവാന്‍/വതി ആയിരുന്നില്ല .
സിംഗപ്പു‌രില്‍ കാക്കയില്ലത്രേ ' എന്ന്‍ വളരെപ്പണ്ട് എസ് .കെ . പൊറ്റെക്കാട് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് കാക്കക്ക് ഒരിക്കലും ഇനി സിംഗ പ്പൂരിലെ എഴുത്തുകാരെ കുറിച്ചെന്നല്ല , അവിടെ ഉണ്ടായേക്കാവുന്ന കാക്കകളെ കുറിച്ചു പോലും സങ്കല്പിക്കാന്‍ പറ്റില്ല .
അത്
വിട്ടേക്കു!
പ്രശനം അതല്ല - ചിന്താക്ലാന്തനായ /യായ കാക്ക കേരളത്തിലെ എഴുത്തുകാരെ കുറിച്ക്‌ ഇങ്ങനെ ഖേദിച്ചു .
കേരളത്തിലെ എഴുത്തുകാരുടെ വീടുകളിലെ സ്ഥിതി എത്ര ദയനീയമാണ് . അവര്‍ ഹോട്ടല്‍ താജിലോ ,അശോകയിലോ താമസിച്ച് സൃഷ്ടി കള്‍ നടത്തുന്നില്ലെന്നതോ പോകട്ടെ അവരുടെ വീട്ടില്‍ നിന്ന്‍ ഒരു നല്ല മീന്‍ മുള്ള് കിട്ടുന്നത് പോലും ആഴ്ച യില്‍ ഒരിക്കലോ മറ്റോ ആണ് . ഇറച്ചി കഷണമോ എല്ലോ ഒരിക്കലും കിട്ടാറില്ല .അത്ര ദയനീയം അവരുടെ ഭൌതിക ജീവിതം
" എന്ന് വച്ച് ഞങ്ങള്‍ കാക്കകള്‍ ഈ എഴുത്തുകാരെ അവഗണിച്ചിട്ടൊന്നുമില്ല, കേട്ടോ . ഞങ്ങള്‍ അവര്‍ക്ക് വേണ്ടി ചിന്തിക്കാനും വേണമെങ്കില്‍ പടക്ക് ഇറങ്ങാനും വരെ തയ്യാറാണ് "
എന്റെ കാക്ക നീട്ടി വിളിക്കുന്നതിന്റെ ഭാഷ്യം അതായിരിക്കാം.
കാരണം അത് കൊക്കുകൊണ്ട് ആഞ്ഞു കൊത്തുന്നതിനിടെ കീറി വീണ കടലാസ് ചീന്തു കളില്‍ നിറയെ കണക്കുകളായിരുന്നു . എഴുത്തുകാര്‍ കൂട്ടാത്ത, അവര്‍ക്ക് കൂട്ടാനറിയാത്ത കണക്കുകള്‍ .
ഒരു ചോദ്യം ഇങ്ങനെ വായിക്കാനായി .ഉത്തരം കണ്ടുപിടിക്കുക :-
" ആഴ്ചയില്‍ ഇരുപതിനായിരം കോപ്പികളിറങ്ങുന്ന 10 രൂപ വിലയുള്ള ഒരു ആഴ്ചപ്പതിപ്പില്‍ ശരാശരി 25 എഴുത്തുകാര്‍ സൃഷ്ടി ചെയ്യുന്നു .അവര്‍ 1000 രു‌പ വച്ച് കൂലി വാങ്ങുന്നു .എങ്കില്‍ മാസത്തില്‍ എഴുത്തുകാര്‍ക്ക് കിട്ടുന്ന തുക എത്ര .( ഒരു ക്ലു‌ ഇതിനോടൊപ്പം : ഒരേ എഴുത്തുകാരല്ല എല്ലാ ആഴ്ചയിലും എഴുതുന്നത്).മാസത്തില്‍ 100 എഴുത്തുകാര്‍ക്ക് ഇങ്ങനെ കൊടുക്കുന്നെങ്കില്‍ പത്ര ഉടമക്ക് ലാഭമോ നഷ്ടമോ എത്ര? ഇത് ഡി.പി . .പി സിലബസ് പ്രകാരം പ്രവര്‍ത്തി പരിചയത്തിനായി പത്ര ഉടമസ്ഥനെയോ അവരുടെ സേവകരെയോ കണ്ട് അഭിപ്രായ രൂപീകരണം നടത്താവുന്നതാണ് .)
എന്റെ കാക്ക പെട്ടെന്ന്‍ എഴുത്തു കാരുടെ മാനിഫെസ്റ്റൊയെ കുറിച്ച് ഓര്‍ത്തു .അതിലെ ചാപ്റ്റര്‍ ഒന്ന്‍ ഇങ്ങനെ നിഷ്ക്കര്‍ഷിക്കുന്നു .
"മാധ്യമ അധിപന്മാരെ പ്രീതിപ്പെടുത്തുകയാണ് അടിസ്ഥാനപരമായി ഒരു എഴുത്തുകാരന്റെ ധര്‍മം . അവര്‍ വീരമാര്‍ക്കെതിരെ സംഘടിക്കാനോ പറയുന്നതിനെതിര്‍ വാക്കു പറയാനോ പാടില്ല ...."ഇങ്ങനെ നീളുന്ന മാനിഫെസ്റ്റോ അനുസരിച്ചുള്ള ജീവിതമാണ് മാതൃകാ എഴുത്തു ജീവിതം !
അതാണ് കൂലിക്ക് വേണ്ടിയും അക്ഷര സ്വാതന്ത്ര്യ ത്തിനു വേണ്ടിയും ,സംഘടിത തൊഴിലാളി -മുതലാളിമാരുടെ റ്റി ല്ലമായ കേരളത്തില്‍ എഴുത്തു തൊഴിലാളിമാര്‍ പട്ടിണി യാണെങ്കിലും സംഘടിക്കാത്തത് ...'

ഈ വെളിപാട് കിട്ടിയതോടെ കാക്ക അലറി ച്ചിരിച്ചു പറന്നു പോയി .മലയാളത്തിലെ എഴുത്തുകാരെ കുറിച്ച് 'ഹൊ ! ഇവര്‍ 'എലിപ്പത്തായത്തിലെ ' ഉണ്ണിക്കുഞ്ഞന്മാര്‍ തന്നെ എന്നായിരിക്കുമോ കാക്കച്ചിരിയിലെ ധ്വനി ?

Monday, December 15, 2008

പനി കൊണ്ടുള്ള പ്രയോജനം

സംസ്കൃത നാടകത്തിലെതുപോലെ കിടന്നു കൊണ്ടാണ് ഇന്നത്തെ പ്രവേശം !

പരിശോധിച്ചു ഫലമറിയാന്‍ കാത്തു നില്ക്കുന്ന പനിയാണ് ഉടലില്‍ .
ഡെന്ഗിയൊ, എലിപ്പനിയോ , തക്കാളിപ്പനിയോ :-), മലമ്പനിയൊ എന്തുമാകാം. ഡോക്റ്റര്‍ പറയുമ്പോലെ .
പ്രാഥമിക പരിശോധന കഴിഞ്ഞു ഡോക്റ്റര്‍ മരുന്ന് തന്നു . തലവേദനയും മുട്ടുവേദന യും ,തുടങ്ങി നഖശിഖാന്തം വേദനയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്റ്റര്‍ തലവേദനക്ക് പത്തും മുട്ട് വേദനക്ക് അഞ്ചും, കണ്ണിനും ചെവിക്കുമുള്ള വേദനകള്‍ക്ക് ഏഴ് വീതവും ഗുളികകള്‍ തന്നു .ഒരു സിനിമയില്‍ നടന്‍ തിലകന്‍ പറഞ്ഞതുപോലെ " എല്ലാം സര്‍ജറി ക്കുശേഷം കഴിക്കേണ്ട വേദന സംഹാരികള്‍ ' ആണോ എന്ന് നിശ്ചയമില്ല .പക്ഷെ ,ഇതിനകം വേദന മാറി മൂത്ര തടസ്സവും , മേലാകെ ചൊറിയും വന്നതിനു ഡോക്റ്റര്‍ വേറെ മരുന്ന് തന്നിട്ടുണ്ട് . അത് തിന്നു തുടങ്ങിയതും കാലും കൈയും മരവിച്ചു തുടങ്ങി .നാവിനു മുണ്ട് ഒരു ചാഞ്ചാട്ടം..മദ്യപന്റെ ആത്മാവ് കയറിയതുപോലെ .
അത് സാരമില്ലെന്നു വയ്കാം .നട്ടെല്ല് വളഞ്ഞു വളഞ്ഞു തല കാല്‍ക്കീഴിലെക്ക് നിന്ന നില്പില്‍ ചുരുണ്ടു പോയതിനെ എങ്ങനെ കാണും ? ജിംനാസ്റിക്' രോഗമെന്നൊ?
ഡോക്റ്റര്‍ പറഞ്ഞു ' സാരമില്ല , ഞാന്‍ ഒരു സര്‍ജനെ അങ്ങോട്ട് വിടുകയാണ് . അയാള്‍ നിങ്ങളുടെ നട്ടെല്ലിനെ വേണ്ടവിധം നിവര്‍ത്തി ത്തരും " ആകട്ടെ എന്ന് ഞാനും .

അറ്റന്റര്‍ ടയര്‍ ഉരുട്ടുന്നത് പോലെ ഉരുട്ടിയാണ് എന്നെ സര്‍ജന്റെ അടുത്തേക്കു കൊണ്ടുപോയത് ."

ചെന്നതും സര്‍ജന് സന്തോഷമായി .' നിങ്ങളുടെ ഈ രോഗം , അതിന്റെ പേരു എന്തുമായിക്കൊള്ളട്ടെ , അപൂര്‍വത്തില്‍ അപൂര്‍വമാണ് ..രാഷ്ട്രീയക്കാര്‍ , പാദ സേവകര്‍ ,എറാന്‍ മൂളികള്‍ ,ശ്വാന വര്‍ഗത്തില്‍ പെട്ട ജീവികള്‍ എന്നീ കൂട്ടങ്ങള്‍ ക്കാണ് സാധാരണ വരുന്നത് . നിങ്ങള്‍ അവയില്‍ ഏതിലെങ്കിലും പെടുന്നുണ്ടോ ? അങ്ങനെ യാണെങ്കില്‍ സര്‍ജറി കൊണ്ടു മാറില്ല . അത് നായയുടെ പന്ത്രണ്ടു വര്‍ഷം കുഴലിലിട്ടു നിവരാത്ത വാലുപോലെ ചികിത്സക്ക് ശേഷവും അങ്ങനെത്തന്നെ നില്ക്കും."...

ഞാന്‍ ഇതില്‍ പെടില്ല എന്ന് പറഞ്ഞതും സര്‍ജന്‍ 'കളവു പരിശോധനാ യന്ത്രം ' കൊണ്ടു വരാനായി കീഴ് ഡോക്റ്ററെ വിട്ടു.
ഇതാ ഇപ്പോഴെത്തും അത് ..ടയറുപോലെ ഞാനതില്‍ ഉരുണ്ടു കയറി പറയുന്ന സത്യം അത് കള്ളമാണെന്ന് പറയും ..
എങ്കിലും ഒരു സന്തോഷമുണ്ട് .
എന്റെ പനി ഏതെല്ലാം വിധത്തില്‍ ഈ നാടിനെ, നാട്ടു കാരെ,നാടിന്റെ വികസനത്തെ പോഷിപ്പിക്കുന്നു . ..............പരോപകരാര്‍ത്ഥമിദം ശരീരം " എന്ന പാഠ ഭാഗം അര്‍ത്ഥ വത്തായല്ലോ..

Saturday, December 13, 2008

യാഥാര്‍ത്യ വാദി

'ഇവിടെ ഒന്നും ഇല്ലാതില്ല ,
എങ്കിലും എന്താണുള്ളത് ?"

എന്തൊരു പെസിമിസ്റ്റ് എന്നാണു ഇതെഴുതി ഉടന്‍ തോന്നിയത് .
എങ്കില്‍ ഇല്ലാത്തതിനെ ക്കുറിച്ച് ഇനി പറയുകയോ നിലവിളിക്കുകയോ ചെയ്യുകയില്ലെന്ന്‍ ഞാന്‍ തീരുമാനിച്ചോ ? ഇല്ല.. തത്കാലം വേണ്ടെന്നു വച്ചു .അത്ര തന്നെ.

"അസ്തിത്വ വാദത്തിന്റെ കാലം കഴിഞ്ഞു ".ആരാണ് ഇങ്ങനെ പറഞ്ഞത് ...കഴിഞ്ഞോ ? ഒരു പക്ഷെ സര്‍ റിയലിസ്റ്റ് ചിത്രം കണ്ടാല്‍ കോപം വരുന്ന എന്റെ യാഥാര്‍ത്യ വാദി സ്നേഹിതനെ സംബന്ധിച്ചെങ്കിലും അത് അങ്ങനെയായിരിക്കാം .
യാഥാര്‍ത്യ വാദി ഒരു ദിവസം ചെയ്തത് .ഇതാ ....ചുരുക്കത്തില്‍ ഇങ്ങനെ .
..................................................................................................

യാഥാര്‍ത്യ വാദി ഭാര്യയോട് ." ഇതാ ഈ പിടയ്ക്കുന്ന മീനിനെ ക്കണ്ടോ "
( അയാള്‍ക്ക് പിടയ്ക്കുന്ന മീനിനെ എവിടെ നിന്നു കിട്ടി എന്ന് ചോദിക്കരുത് )

',ഓ! കണ്ടു പാവം , വെറുതെ വിട്ടേക്കു..
ചത്തതിനെ മാത്രമെ എനിക്ക് കറി വെക്കാനാവു‌...'
ഭാര്യ പറഞ്ഞു.
'അതിനെ കിണറ്റിലിടാം..വെള്ളമുണ്ടല്ലോ
മകള്‍ .
വേണ്ട അച്ഛാ ! അതിനെ കുളത്തിലേക്കിടാം
വെള്ളവും പരപ്പുമുണ്ടല്ലോ ..
മകന്റെ സന്തോഷശബ്ദം ..
അത് വേണ്ട ..
ചട്ടിയിലേക്കിടാം
അടിയില്‍ തീയുണ്ടല്ലോ ..

ഇങ്ങനെ യാഥാര്‍ത്യ വാദി നീണ്ട നാള്‍ സസുഖം മീന്‍ ഭക്ഷണം കഴിച്ച് വാണു.

അമ്മയും മകനും മകളും എവിടെയെന്നും മീനിനെ ജീവിക്കാന്‍ വിട്ട് അവര്‍ പിന്നെ എന്ത് ചെയ്തു എന്നും നമുക്ക് അറിയില്ല. പക്ഷെ ഇതില്‍ നിന്നും നമുക്ക് ഒരു സത്യംമനസ്സിലാക്കാം .യാഥാര്‍ത്യ വാദിക്കും ഒരു അസംബന്ധ കഥയില്‍ /കവിതയില്‍ നായകനാകാം. അയാള്‍ക്ക് യാഥാര്‍ത്യ ബോധം കുറഞ്ഞ മക്കളും ഉണ്ടാകാം.!

Friday, December 12, 2008

മ്യൂസിക്

മ്യൂസിക് ഷോ ബൈ മനു രാജീവ്


http://delhi.burrp.com/events/view/185691524_music-show-by-manu-രാജീവ്


http://www.4to40.com/art/gallery_ramp_shows_detail.asp?gid=731

ക്യാമറ

എന്താണ് യാഥാര്‍ത്ഥ്യം?
ഇന്നു
വീണ്ടും മുംബൈ ആക്രമണ രംഗങ്ങള്‍ മനസ്സിലെത്തി. ടെലിവിഷനെയും മീഡിയയെയും വിമര്‍ശിക്കുമ്പോള്‍ തന്നെ അവ തരുന്ന സൌകര്യങ്ങളും സൌജന്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ ? ലോകം ക്യാമറക്ക് മുന്‍പില്‍ അടിയറവു പറഞ്ഞ കാലമാണ് ......അതുകൊണ്ട് , വേണ്ട, വിമര്‍ശനം കുറച്ചുമതി .. ഓ കെ...എന്നാല്‍ നമുക്ക് ബര്‍ഖാ ദത്തിന്റെ ചടുലമായ വിവരണങ്ങള്‍ കേള്‍ക്കാം . അത് ഏത് കമന്ററി യേയും അതിശയിക്കും . ശരി തന്നെ . ഇടക്കിടക്ക് അവര്‍ താജിലും ഓബ്രൊയ് ഹോട്ടലിലും കുടുങ്ങിപ്പോയ നിര്‍ഭാഗ്യരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി നടത്തിയ ഭാഷണങ്ങള്‍ എത്ര ഉദാത്തം !!ഒരു ഉദാഹരണം ഇരിക്കട്ടെ ..!!

' നിങ്ങളുടെ സഹോദരി ഇപ്പോള്‍ എവിടെയുണ്ട്?'
"എന്റെ സഹോദരി ഹോട്ടല്‍ താജില്‍ കുടുങ്ങിയിരിക്കയാണ്"
"അവരുടെ ഫോണ്‍ സന്ദേശം വല്ലതും "?
"ഉണ്ടായിരുന്നു "
" അവര്‍ എന്ത് പറഞ്ഞു "?
" അവര്‍ ആകെ പരിഭ്രമത്തില്‍ ആണ് ?"
"ഒരു സഹോദരനെന്ന നിലക്ക് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു , അവര്‍ രക്ഷപ്പെടുമോ ?"
" അവര്‍ ധൈര്യ ശാലിയാണ്.... ഈ പരീക്ഷണം അതി ജീവിക്കും "

" ഉറപ്പാണോ"..
"അങ്ങനെ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "
" ഓ. കെ. ആള്‍ ദ ബെസ്റ്റ് ! ....അവര്‍ ഇപ്പോള്‍ താജിലെ ഏത് മുറിയിലാണ് "
"അറിയില്ല "
" എങ്കിലും , ഏതിലായിരിക്കുമെന്ന്'?
" ഇല്ല, എങ്കിലും അവര്‍ സെയ്ഫ് ആണ് എന്നെനിക്കറിയാം "
" അതെങ്ങനെ'..അവര്‍ ഫോണ്‍ ചെയ്തിരുന്നുവോ ?'
" ...ഉം .."
' എന്നിട്ട് ..എന്നിട്ട് ..എന്ത് പറഞ്ഞു ..നിങ്ങളുടെ സഹോദരി."

" അവര്‍ പതുങ്ങിയിരിക്കയാണെന്ന് പറഞ്ഞു ...."
"എവിടെ..എവിടെ?''
" താജില്‍ ത്തന്നെ .."
"താജില്‍ ഏതു മുറിയില്‍ "?
" അതറിയില്ല .."
എന്ത് .. എങ്കില്‍ അവര്‍ സെയ്ഫാണ് എന്നെങ്ങനെ പറയാന്‍ കഴിയും..അവര്‍ വാസ്തവത്തില്‍ എന്താണ് പറഞ്ഞത് ?"

" അവര്‍.. അവര്‍ സെയ്ഫായി ഒരു സ്ഥലത്ത് ഇരിക്കുന്നു .."
"അതെവിടെ എന്നാണു ചോദിച്ചത് "
"അത് .. അത് ..അവരുടെ മുറിയോട് ചേര്‍ന്ന കുളിമുറിയില്‍ ..."
"ഹൊ ! അത്ഭുതം !..എവിടെ യാണ് ആ മുറി...ഇവിടുന്നു ചൂണ്ടി കാട്ടാമോ ? കത്തുന്ന താജിന്റെ ഏത് വശത്തായിട്ട് വരും ?"
ആറാമത്തെ നിലയില്‍....... അതാ ആ ഡോ മിന്റെ താഴെ ഇനിയും കത്താത്ത പോര്‍ഷനിലുള്ള . ബാത്ത് റൂമില്‍ .."

" അതെയോ..ആ കത്തി ത്തുടങ്ങിയിട്ടില്ലാത്ത ആറാമത്തെ നിലയിലെ അറ്റത്തെ മുറിയിലെ ബാത്ത് റൂമില്‍ ..അല്ലെ..ആശ്ചര്യം !.."

" അതെ.."
" ഹൊ ! അതാ വീണ്ടും വെടി പൊട്ടുന്നു..'നിങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടോ നിങ്ങളുടെ സഹോദരി രക്ഷപ്പെടുമെന്നു.."?
.......................................................................................................................
.........................................................................................................................
പുരയ്ക്ക് തീ കത്തുമ്പോള്‍ വാഴ വെട്ടുന്നതെങ്ങനെ എന്ന് ഇതിനകം കാഴ്ചക്കാര്‍ പഠിച്ചു കഴിഞ്ഞു ..ഭീകരനും...
സഹോദരന് അയാളുടെ സഹോദരി നഷ്ട്ടമായി. അയാളുടെ കരയുന്ന മുഖത്തിനെ ക്ലോസ് അപ്പില്‍ കാണിച്ച് ക്യാമറ...

Thursday, December 11, 2008

കണ്ണാടി

' കണ്ണാടിയില്‍ മുഖം കാണുന്ന സമയത്ത്
കണ്ണുകളടഞ്ഞു വെറുപ്പാല്‍'

അയ്യപ്പ പണിക്കര്‍ സാറിന്റെ വരികള്‍ ഏത് മന്ദബുദ്ധിയുടെയും കണ്ണില്‍ അല്ലെങ്കില്‍ ഉള്ളില്‍ തറക്കും.
അങ്ങനെ പറയാമോ ?ഒരുപക്ഷെ തറക്കാത്തവരും ഉണ്ടാവാം . ആണ്‍ പെണ്‍ വിഭജനം പോലെ കടുത്ത വലിയ തരം തിരിവ്, അറിയാമല്ലോ ?ലോകത്ത് വിജയിച്ചവരും തോറ്റവരും .അങ്ങനെ രണ്ടു ഇനം മനുഷ്യരാണ് ഇരു ചേരിയായി നമുക്കു ചുറ്റും കഴിഞ്ഞു കൂടുന്നത് . ഈ തോറ്റ വിഭാഗത്തിനാണ്കണ്ണാടിയില്‍ മുഖം നോക്കുമ്പോള്‍ കണ്ണടയുന്നത്...ആണോ ..ആയിരിക്കില്ല ..കാരണം തോറ്റവര്‍ ടെലിവിഷനിലും സിനിമ സ്ക്രീനിലും തന്റെ തോല്‍ക്കാത്ത മുഖം തിരയുകയാണ്. ജയിച്ചവര്‍ എപ്പോഴും ഒന്നുകില്‍ സ്ക്രീനില്‍ അല്ലെങ്കില്‍ പത്ര പേജുകളില്‍ . തോല്‍ക്കാത്തവരെല്ലാം സ്ക്രീനിലും തോറ്റവരെല്ലാം പുറത്തും എന്നാണ് നമ്മുടെ സങ്കല്‍പ്പ വിഭജനം പറയുന്നത്.
അതുകൊണ്ട് തന്നെ ആരും കണ്ണാടി നോക്കുന്നേയില്ല, കണ്ണാടി ഒന്നും പ്രതിഫലിപ്പിക്കുന്നുമില്ല.
പുരപ്പുറത്ത് നിന്ന കോഴി അതാ കൂവുന്നു ! അവന്‍ വിജയിച്ചവന്‍ തന്നെ, എത്ര ഉയരത്തില്‍ , എത്ര ഉച്ചത്തില്‍ ..അവന്‍ ചീത്തകള്‍ കൊത്തുന്ന എന്റെ കാക്കയെ പരിഹസിക്കുകയുമാണ് .
പക്ഷെ സ്ക്രീ നില്‍ തീറ്റി തേടാതെ എന്റെ കാക്ക .... അത് പറക്കുക തന്നെയാണ് .
അതിന് നിത്യവും കണ്ണാടി നോക്കുന്ന ശീലമുണ്ട് !

Wednesday, December 10, 2008

ഖദര്‍

യാത്രകള്‍ എപ്പോഴും അറിയാത്ത ലോകങ്ങള്‍ തുറന്നു തരുന്നു .അത് ഏറ്റവും അടുത്തുള്ള പാര്‍ക്കിലേക്കോ
പള്ളിയിലേക്കോ അമ്പലത്തിലേക്കോ ആകട്ടെ, അതല്ലെങ്കില്‍ ഒരു ബന്ധുവീട് സന്ദര്‍ശനം. ഏതുമാകാം ഓരോ യാത്രയും എന്തെങ്കിലും നമ്മെ പഠിപ്പിച്ച്ചിരിക്കും.
യാത്ര തുടങ്ങിയതെയുള്ളു . ട്രെയിന്‍ സ്റേഷന്‍ വിട്ടു രണ്ടോ മൂന്നോ മിനുട്ടായിട്ടുണ്ടാവും . ബാഗുകളും വെള്ളം നിറച്ച കുപ്പികളും യഥാസ്ഥാനത്ത് വച്ച് ആളുകള്‍ ഒരുവിധം സ്വസ്ഥമായി. എന്റെ മകന്‍ അവന്റെ ചെറു സഞ്ചി ഇരിപ്പിടത്തില്‍ നിക്ഷേപിച്ച്‌ മൊബൈല്‍ ഫോണുമായി വാതിലിനരികിലെക്കുപോയി. റിസേര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കാനുള്ള അവകാശവുമായി ഞാന്‍ സ്വസ്ഥമായി പുസ്തകം തുറന്നു. പെട്ടെന്ന്‍ മൂന്നോ നാലോ ബാഗുകള്‍ എന്റെ മുന്നില്‍, മകന്റെ സഞ്ചിക്കുമേല്‍ വന്നു വീണു . കൂടെ ഒരു ശരീരവും . എന്റെ പ്രതികരണം പെട്ടന്നായിരുന്നു " ഇതു ഞങ്ങളുടെ സീറ്റാണ്, ഇവിടെ ആളുണ്ട് "
ബാഗ് വച്ചു ഇരുന്നവരില്‍ ഒരാള്‍ ശബ്ദത്തില്‍ മധുരം കുറച്ച് ഇങ്ങനെ " അതിനെന്താ? ഞങ്ങള്‍ നിങ്ങളുടെ സീറ്റ് കൈയ്യേറാന്‍ വന്നതൊന്നുമല്ല ."
സത്യം പറയുകയാണെങ്കില്‍, ഞാന്‍ ഈ ഉത്തരം പ്രതീക്ഷിച്ചി രുന്നില്ല .. 'അയാളെ ചൊടിപ്പിക്കുന്ന എന്താണ് ഞാന്‍ പറഞ്ഞത് ? സീറ്റ് നമ്പര്‍ തേടുകയും അത് കണ്ടെത്തിയ മട്ടില്‍ യാത്രക്കായി ഞാന്‍ റിസേര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ ഒരുങ്ങുകയും ചെയ്ത അയാളോട് ആ സീറ്റ് അയാള്‍ റിസേര്‍വ് ചെയതതല്ല എന്ന് ചുരുക്കി പറയുകയുമല്ലാതെ... ഞാന്‍ അമ്പരന്നു.
പെട്ടെന്ന് തന്നെ ബോധ്യമായി ....
അയാളെ ചൊടിപ്പിക്കാന്‍ ആരും ഒന്നും പറയണമെന്ന് പോലുമില്ല എന്ന്‍ അയാളുടെ രൂപം പറയുന്നു.
അയാളുടെ വേഷം ഏത് രാഷ്ട്രീയക്കാരനും ഉപയോഗിക്കുന്ന തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടുമാണ് . റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്ന നേരത്ത് പോലും ഇതു ഞങ്ങളുടെ സീറ്റാണ് എന്ന് അവകാശവാദം ഞാന്‍ ഉന്നയിച്ചത് ആ ചെറു നേതാവിനെ അസഹ്യപ്പെടുത്തി . അദ്ദേഹം ഒരു തികഞ്ഞ സോഷ്യലിസ്റ്റ് തന്നെ . അല്ലാതെ ആ ഖദര്‍ ഷര്‍ട്ടും മുണ്ടും കൊടുത്ത അധികാരബോധമല്ല അദ്ദേഹത്തെ കൊണ്ടു അങ്ങനെ പറയിപ്പിച്ചത് !

ഇത്രയും ജ്ഞാനം ലഭിച്ച ഞാന്‍ എന്ത് ചെയ്തു എന്നാണു നിങ്ങള്‍ വിചാരിക്കുന്നത് ?

ഞാന്‍ ഏറെ നേരം വിഡ്ഢി യായിത്തന്നെ ഇരുന്നു.

പക്ഷെ , നോക്കൂ .........ഇപ്പോളെന്റെ വേഷം ഖദര്‍ ആണ് .
മംഗലാപുരത്ത്‌ നിന്നുള്ള ട്രെയിനില്‍ കയറിയതും ഞാന്‍ മറ്റൊരാളിന്റെ സീറ്റില്‍ ബാഗ് ഇട്ടു . ഇപ്പോള്‍ ആ സീറ്റിന്റെ ഉടമസ്ഥന്‍ വരും . അപ്പോള്‍ കാണിക്കും ഞാന്‍ എന്റെ കുപ്പായത്തിന്റെ ശൌര്യം ! അല്ല , എന്റെ സോഷ്യലിസ്റ്റ് പ്രതിബദ്ധത .

കാത്തിരുന്നു കാണാം !!!!

Saturday, December 6, 2008

ദിവസം

എന്റെ ദിവസം പടി കയറി
അടച്ചിട്ട ഗേറ്റും വാതിലും തുറന്ന്
പൂട്ടിവച്ച കണ്ണും മനസ്സും തുറന്ന്
എന്റെ ദിവസം

പാലും വെള്ളവും ഒന്നിച്ച് ചേര്‍ത്ത്
തിളപ്പിച്ച ചായ
ആവിയില്‍ പുഴുങ്ങിയ നാല് ഇഡലി
ചൂടോടെ വന്ന പത്ര വാര്‍ത്തകള്‍
ഇത്രയും വിഴുങ്ങി

ഞാനിനി എന്ത് ചെയ്യണം?...
...............................................
..............................................
.............................................
................................................
പഠിക്കാനൊരു പാഠമോ
സന്ദര്‍ശിക്കാനൊരു ദൈവമോ
അല്ലെങ്കില്‍
ഒരു തിളങ്ങുന്ന തലയോ വാലോ
ഇല്ലാതെ
ഞാന്‍ ഒറ്റക്കിരിക്കുക തന്നെ യാണ് .

അടച്ചിട്ട ഗേറ്റും വാതിലും തുറന്ന്‍
പൂട്ടിവച്ച കണ്ണും മനസ്സും തുറന്ന്
എന്തിനാണ്
എന്റെ ദിവസം
പടി കയറുന്നത് ?

ദിവസം.(1984)

Friday, December 5, 2008

ഡോക്ടറോട് ചോദിക്കാം

സുഹൃത്തായ ഡോക്റ്റര്‍ പറഞ്ഞു .'ജീവിതത്തില്‍ മറ്റു മനുഷ്യരോട് ഉള്ള സ്നേഹം നിലനിര്‍ത്താനും അവരോട് അനുകമ്പയും സഹാനുഭുതിയും തോന്നാനും ദൈവത്തിലുള്ള വിശ്വാസം കൊണ്ടാണ് അവര്‍ക്ക് സാധിക്കുന്നത് ' എന്ന് .അതേ ദൈവത്തിനോടുള്ള വിശ്വാസം തന്നെയാണ് ചിലരെ കൊലപാതകങ്ങള്‍ക്കും തമ്മിലടികള്‍ക്കും പ്രേരിപ്പിക്കുന്നത് എന്ന് ഡോക്റ്റര്‍ക്ക് ഓര്‍മ്മ വന്നില്ല .ഒരേ ഉപകരണം എന്തിനെല്ലാം ഉപയോഗിക്കാം , അല്ലെ?
എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ 'ദൈവത്തെയോര്‍ത്ത്‌ തര്‍ക്കിക്കാന്‍ വരരുതേ ' എന്ന് ഡോക്റ്റര്‍ സ്വന്തം സംശയത്തിന് നേരെ മുഖം തിരിച്ചു . വിഷയം മാറ്റാനായി അവര്‍ മുംബൈയിലേക്ക് കടന്നു. എത്ര പേരെയാണ് ....ഇരുനൂറോളം പേര്‍ ...പകുതി ജീവനുമായി കിടക്കുന്നവര്‍ എത്ര ...കഷ്ടം ..'.ഇങ്ങനെ പോയി ഡോക്റ്ററുടെ ആത്മഗതം പോലുള്ള സംസാരം.

'അത് പറഞ്ഞപ്പോളാണ് ...ഡോക്റ്റര്‍ അറിഞ്ഞില്ലേ ആ ചെറിയ സ്കൂള്‍ കുട്ടികളുടെ അതി ദാരുണമായ അപകട വിവരം ...കണ്ണൂരിലെ ?"

'അറിഞ്ഞു....വിധി ..അല്ലാതെന്തു പറയാന്‍ ..."
ഇത്തവണ ഡോക്റ്റരോട് തര്‍ക്കിച്ചിട്ടു തന്നെ എന്ന് തീരുമാനിച്ചു . അതിനു വായ തുറന്നതും പുറത്തെ മരക്കൊമ്പില്‍ ഇരുന്ന ഒരൊറ്റക്കാക്ക മുറിയിലേക്ക് എത്തിനോക്കി കാ..കാ എന്ന് വിളിച്ചുകൂവി. ഞാന്‍ തുറന്ന വായ അടച്ച് കാക്കയുടെ കൊക്കിലേക്ക് നോക്കി .അതെന്തായിരിക്കാം പറഞ്ഞത്?

ഒരു പക്ഷെ വ്യാഖ്യാനിച്ചാല്‍ അതിങ്ങനെ ആയിരിക്കും ..' ! എന്റെ ഡോക്റ്ററെ ..മുംബൈയ് ആക്രമിച്ച ഭീകരര്‍ വിചാരിച്ചാല്‍ സാധിക്കാത്തതല്ലേ നമ്മുടെ റോഡില്‍ നമ്മള്‍ സാധിച്ചു കൊണ്ടിരിക്കുന്നത് ? പി. ഡബ്ലിയു . ഡി . വാട്ടര്‍ അതോറിറ്റി ,കോണ്ട്രാക്ടര്‍മാര്‍ , സര്‍ക്കാര്‍ ഓഫീസില്‍ നമ്മെ സേവിക്കാനിരിക്കുന്നവര്‍ , പിന്നെയോ..... നമ്മെ എന്നെന്നും സേവിക്കാനായി നാം തെരഞ്ഞെടുത്തു വിടുന്ന നമ്മുടെ നായകര്‍ ....എല്ലാവരും ചേര്‍ന്ന് 9999 പേരെയല്ലേ ഓരോ വര്‍ഷവും റോഡില്‍ നിന്നു തന്നെ സ്വര്‍ഗലോകത്തെക്ക് യാത്ര അയക്കുന്നത് ? ഡോക്റ്റര്‍ക്ക് അറിയാമല്ലോ ഞാനല്ലേ അവര്‍ക്കുവേണ്ടി ബലി നാളുകളില്‍ നിങ്ങള്‍ തരുന്ന വറ്റുകള്‍ കൊത്തുന്നത് ?"

ഞാന്‍ വിചാരിച്ചു .ഇനി ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല . കാക്ക പറയുന്നത് ഡോക്റ്റര്‍ക്കും മനസ്സിലാവുന്നുണ്ട് . അല്ലെങ്കില്‍ ഡോക്റ്റര്‍ എന്തിന് എന്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയണം ..
'അതും ശെരിയാണ് '.." എന്തിനാണ് നമുക്കു വേറെ ഭീകരര്‍ അല്ലെ" ..കാക്കയോടൊപ്പം ഞാനും പറഞ്ഞു.അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതുകൊണ്ട് ഡോക്റ്റര്‍ എന്റെ നെഞ്ഞിടിപ്പ്‌ നോക്കാതിരുന്നാലോ എന്ന പേടിയുണ്ടെങ്കിലും.

Thursday, December 4, 2008

ചീത്തകള്‍ കൊത്തി

വാസ്തവത്തില്‍ ഈ ചരിഞ്ഞ ലോകത്തേക്ക് ഒരു വാതില്‍ കൂടി തുറക്കേണ്ട കാര്യം എനിക്കില്ല. എന്നിട്ടും എന്തിനാണ് ഈ പുതിയ വഴിയിലൂടെയും ഞാന്‍ നടക്കാന്‍ നിശ്ചയിക്കുന്നത്? ഒരുത്തരമേ ഉള്ളു. ഈ ഭു‌മിയില്‍ ചരിഞ്ഞിരുന്നു സംസാരിക്കുന്ന കാക്കയോടൊപ്പം അതിന്റെ നിഴാലായിരുന്ന് ഞാനും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന്‍ .

'ചീത്തകള്‍ കൊത്തി വലിക്കുകിലും കാക്കണം സ്വാതന്ത്ര്യം' എന്നാണ് ഞാനിഷ്ടപ്പെടുന്ന ഒരു വലിയ കവി പറഞ്ഞിരിക്കുന്നത് . ആ സ്വാതന്ത്ര്യവും ഈ വഴിയില്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതങ്ങനെ ഇരിക്കട്ടെ!

ലോകം, നോക്കിക്കൊണ്ടിരിക്കെ വീണ്ടും വീണ്ടും ചരിഞ്ഞ്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. ഏറ്റവും അവസാനം അതിന്റെ തേയ്മാനം വന്ന അച്ചുതണ്ടിനെ ഒടിക്കാനായി .കെ ഫോട്ടി സെവെനും ബാക്കി പടക്കോപ്പുകളും... അതിന്റെ തുഞ്ചത്തിരുന്നാണ് കാക്കകളെപ്പോലെ ഞാനും നിങ്ങളും ഭുമിയോടൊപ്പം തിരിയുന്നത് !

നായകള്‍ക്ക് അതിന്റെ ഇണയല്ല ശത്രു , പൂച്ചക്കും അതിന്റെ ഇണ ശത്രു അല്ല , പാമ്പിനും കഴുകനും കുയിലിനും മീനിനും അതിന്റെ ഇനത്തെ കൊല്ലണമെന്ന് തോന്നാറില്ല.

ഇങ്ങനെ വിശേഷ ബുദ്ധി കുറഞ്ഞ എന്റെ ചുറ്റുമുള്ള സഹാജിവികള്‍ അവരവരുടെ ലോകത്ത് പരസ്പ്പര വിശ്വാസത്തില്‍ കഴിയുമ്പോള്‍ എനിക്ക് എന്റെ കൈപ്പത്തി പെരും പാമ്പായി വരിയുമെന്നു തോന്നുന്നത് പോലെ, എന്റെ കൂട്ടുകാരനെ, അയല്‍ വാസിയെ, അപരിചിതനെ എല്ലാം പേടിക്കെണ്ടി വരുന്നതു എന്തുകൊണ്ടാണ്?!

എന്താണ് എന്റെ കുഞ്ഞ് അവളുടെ സ്നേഹിതരായ ആണ്‍കുട്ടികളെ പേടിക്കുന്നത്? അവരെ ചവിട്ടിയരച്ചു സെപ്ടിക് ടാങ്കിലോ സിമെന്റ് ചാക്കിലോ തണ്ടൂരി അടുപ്പിലോ ജീവനോടെയോ അല്ലാതെയോ തള്ളിയിട്ട് ഒന്നും സംഭവിക്കാത്തത് പോലെ അവര്‍ ഷാരുഖ് ഖാന്റെ ഇടിപ്പടമോ, ഭക്തി രസം വഴിയുന്ന സിരിയലുകളോ, സദാചാര പ്രഭാഷണമോ കേട്ടിരുന്നു "തന്നെ തന്നെ" എന്ന് തലയാട്ടിക്കൊണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നത്?

വന്ന് വന്ന് അവള്‍ അയലത്തെ ആന്റിയേയും വിശ്വസിക്കാതെ ആയിരിക്കുന്നു.

ഭുമിക്കുമേല്‍ ചരിഞ്ഞിരുന്നു എന്റെ കാക്ക ഈ അവിശ്വാസകാലത്തെ ചീത്തകള്‍ എങ്ങനെ കൊത്തി കളയാമെന്നു മാത്രം ചിന്തിക്കുന്നു.

Wednesday, December 3, 2008

ചരിവ്

ഒടുവില്‍
എന്റെ മേശപ്പുറത്തു
സ്വന്തം അച്ചുതണ്ടില്‍
ചരിഞ്ഞിരിക്കുന്ന ഭൂമിയെക്കണ്ടു,
ഞാന്‍ അതില്‍ നേരെ ഇരിക്കുകയാണല്ലോ.
ഈ ചരിഞ്ഞ ഭൂമിയില്‍
എല്ലാം ചരിഞ്ഞിരിക്കുമ്പോള്‍
എന്തിനാണ്
ഞാന്‍ മാത്രം നേരെ ഇരിക്കുന്നത്?
(1977)