യാത്രകള്‍ എപ്പോഴും അറിയാത്ത ലോകങ്ങള്‍ തുറന്നു തരുന്നു .അത് ഏറ്റവും അടുത്തുള്ള പാര്‍ക്കിലേക്കോ
പള്ളിയിലേക്കോ അമ്പലത്തിലേക്കോ ആകട്ടെ, അതല്ലെങ്കില്‍ ഒരു ബന്ധുവീട് സന്ദര്‍ശനം. ഏതുമാകാം ഓരോ യാത്രയും എന്തെങ്കിലും നമ്മെ പഠിപ്പിച്ച്ചിരിക്കും.
യാത്ര തുടങ്ങിയതെയുള്ളു . ട്രെയിന്‍ സ്റേഷന്‍ വിട്ടു രണ്ടോ മൂന്നോ മിനുട്ടായിട്ടുണ്ടാവും . ബാഗുകളും വെള്ളം നിറച്ച കുപ്പികളും യഥാസ്ഥാനത്ത് വച്ച് ആളുകള്‍ ഒരുവിധം സ്വസ്ഥമായി. എന്റെ മകന്‍ അവന്റെ ചെറു സഞ്ചി ഇരിപ്പിടത്തില്‍ നിക്ഷേപിച്ച് മൊബൈല്‍ ഫോണുമായി വാതിലിനരികിലെക്കുപോയി. റിസേര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കാനുള്ള അവകാശവുമായി ഞാന്‍ സ്വസ്ഥമായി പുസ്തകം തുറന്നു. പെട്ടെന്ന്‍ മൂന്നോ നാലോ ബാഗുകള്‍ എന്റെ മുന്നില്‍, മകന്റെ സഞ്ചിക്കുമേല്‍ വന്നു വീണു . കൂടെ ഒരു ശരീരവും . എന്റെ പ്രതികരണം പെട്ടന്നായിരുന്നു " ഇതു ഞങ്ങളുടെ സീറ്റാണ്, ഇവിടെ ആളുണ്ട് "
ബാഗ് വച്ചു ഇരുന്നവരില്‍ ഒരാള്‍ ശബ്ദത്തില്‍ മധുരം കുറച്ച് ഇങ്ങനെ " അതിനെന്താ? ഞങ്ങള്‍ നിങ്ങളുടെ സീറ്റ് കൈയ്യേറാന്‍ വന്നതൊന്നുമല്ല ."
സത്യം പറയുകയാണെങ്കില്‍, ഞാന്‍ ഈ ഉത്തരം പ്രതീക്ഷിച്ചി രുന്നില്ല .. 'അയാളെ ചൊടിപ്പിക്കുന്ന എന്താണ് ഞാന്‍ പറഞ്ഞത് ? സീറ്റ് നമ്പര്‍ തേടുകയും അത് കണ്ടെത്തിയ മട്ടില്‍ യാത്രക്കായി ഞാന്‍ റിസേര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ ഒരുങ്ങുകയും ചെയ്ത അയാളോട് ആ സീറ്റ് അയാള്‍ റിസേര്‍വ് ചെയതതല്ല എന്ന് ചുരുക്കി പറയുകയുമല്ലാതെ... ഞാന്‍ അമ്പരന്നു.
പെട്ടെന്ന് തന്നെ ബോധ്യമായി ....
അയാളെ ചൊടിപ്പിക്കാന്‍ ആരും ഒന്നും പറയണമെന്ന് പോലുമില്ല എന്ന്‍ അയാളുടെ രൂപം പറയുന്നു.
അയാളുടെ വേഷം ഏത് രാഷ്ട്രീയക്കാരനും ഉപയോഗിക്കുന്ന തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടുമാണ് . റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്ന നേരത്ത് പോലും ഇതു ഞങ്ങളുടെ സീറ്റാണ് എന്ന് അവകാശവാദം ഞാന്‍ ഉന്നയിച്ചത് ആ ചെറു നേതാവിനെ അസഹ്യപ്പെടുത്തി . അദ്ദേഹം ഒരു തികഞ്ഞ സോഷ്യലിസ്റ്റ് തന്നെ . അല്ലാതെ ആ ഖദര്‍ ഷര്‍ട്ടും മുണ്ടും കൊടുത്ത അധികാരബോധമല്ല അദ്ദേഹത്തെ കൊണ്ടു അങ്ങനെ പറയിപ്പിച്ചത് !
ഇത്രയും ജ്ഞാനം ലഭിച്ച ഞാന്‍ എന്ത് ചെയ്തു എന്നാണു നിങ്ങള്‍ വിചാരിക്കുന്നത് ?
ഞാന്‍ ഏറെ നേരം വിഡ്ഢി യായിത്തന്നെ ഇരുന്നു.
പക്ഷെ , നോക്കൂ .........ഇപ്പോളെന്റെ വേഷം ഖദര്‍ ആണ് .
മംഗലാപുരത്ത് നിന്നുള്ള ട്രെയിനില്‍ കയറിയതും ഞാന്‍ മറ്റൊരാളിന്റെ സീറ്റില്‍ ബാഗ് ഇട്ടു . ഇപ്പോള്‍ ആ സീറ്റിന്റെ ഉടമസ്ഥന്‍ വരും . അപ്പോള്‍ കാണിക്കും ഞാന്‍ എന്റെ കുപ്പായത്തിന്റെ ശൌര്യം ! അല്ല , എന്റെ സോഷ്യലിസ്റ്റ് പ്രതിബദ്ധത .
കാത്തിരുന്നു കാണാം !!!!
No comments:
Post a Comment