വാസ്തവത്തില്‍ ഈ ചരിഞ്ഞ ലോകത്തേക്ക് ഒരു വാതില്‍ കൂടി തുറക്കേണ്ട കാര്യം എനിക്കില്ല. എന്നിട്ടും എന്തിനാണ് ഈ പുതിയ വഴിയിലൂടെയും ഞാന്‍ നടക്കാന്‍ നിശ്ചയിക്കുന്നത്? ഒരുത്തരമേ ഉള്ളു. ഈ ഭുമിയില്‍ ചരിഞ്ഞിരുന്നു സംസാരിക്കുന്ന കാക്കയോടൊപ്പം അതിന്റെ നിഴാലായിരുന്ന് ഞാനും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന്‍ .
'ചീത്തകള്‍ കൊത്തി വലിക്കുകിലും കാക്കണം സ്വാതന്ത്ര്യം' എന്നാണ് ഞാനിഷ്ടപ്പെടുന്ന ഒരു വലിയ കവി പറഞ്ഞിരിക്കുന്നത് . ആ സ്വാതന്ത്ര്യവും ഈ വഴിയില്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അതങ്ങനെ ഇരിക്കട്ടെ!
ലോകം, നോക്കിക്കൊണ്ടിരിക്കെ വീണ്ടും വീണ്ടും ചരിഞ്ഞ്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. ഏറ്റവും അവസാനം അതിന്റെ തേയ്മാനം വന്ന അച്ചുതണ്ടിനെ ഒടിക്കാനായി എ.കെ ഫോട്ടി സെവെനും ബാക്കി പടക്കോപ്പുകളും... അതിന്റെ തുഞ്ചത്തിരുന്നാണ് കാക്കകളെപ്പോലെ ഞാനും നിങ്ങളും ഭുമിയോടൊപ്പം തിരിയുന്നത് !
നായകള്‍ക്ക് അതിന്റെ ഇണയല്ല ശത്രു , പൂച്ചക്കും അതിന്റെ ഇണ ശത്രു അല്ല , പാമ്പിനും കഴുകനും കുയിലിനും മീനിനും അതിന്റെ ഇനത്തെ കൊല്ലണമെന്ന് തോന്നാറില്ല.
ഇങ്ങനെ വിശേഷ ബുദ്ധി കുറഞ്ഞ എന്റെ ചുറ്റുമുള്ള സഹാജിവികള്‍ അവരവരുടെ ലോകത്ത് പരസ്പ്പര വിശ്വാസത്തില്‍ കഴിയുമ്പോള്‍ എനിക്ക് എന്റെ കൈപ്പത്തി പെരും പാമ്പായി വരിയുമെന്നു തോന്നുന്നത് പോലെ, എന്റെ കൂട്ടുകാരനെ, അയല്‍ വാസിയെ, അപരിചിതനെ എല്ലാം പേടിക്കെണ്ടി വരുന്നതു എന്തുകൊണ്ടാണ്?!
എന്താണ് എന്റെ കുഞ്ഞ് അവളുടെ സ്നേഹിതരായ ആണ്‍കുട്ടികളെ പേടിക്കുന്നത്? അവരെ ചവിട്ടിയരച്ചു സെപ്ടിക് ടാങ്കിലോ സിമെന്റ് ചാക്കിലോ തണ്ടൂരി അടുപ്പിലോ ജീവനോടെയോ അല്ലാതെയോ തള്ളിയിട്ട് ഒന്നും സംഭവിക്കാത്തത് പോലെ അവര്‍ ഷാരുഖ് ഖാന്റെ ഇടിപ്പടമോ, ഭക്തി രസം വഴിയുന്ന സിരിയലുകളോ, സദാചാര പ്രഭാഷണമോ കേട്ടിരുന്നു "തന്നെ തന്നെ" എന്ന് തലയാട്ടിക്കൊണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നത്?
വന്ന് വന്ന് അവള്‍ അയലത്തെ ആന്റിയേയും വിശ്വസിക്കാതെ ആയിരിക്കുന്നു.
ഭുമിക്കുമേല്‍ ചരിഞ്ഞിരുന്നു എന്റെ കാക്ക ഈ അവിശ്വാസകാലത്തെ ചീത്തകള്‍ എങ്ങനെ കൊത്തി കളയാമെന്നു മാത്രം ചിന്തിക്കുന്നു.
No comments:
Post a Comment