Tuesday, December 16, 2008

ഇര സിദ്ധാന്തം


ഇത് ഇര സിദ്ധാന്തത്തിന്റെ കാലമാ‌ണ്. കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും.
സ്ത്രീ , പുരുഷന്റെ ഇര ;ദരിദ്രര്‍ ധനികന്റെ ,കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ , അവര്‍ണര്‍ സവര്‍ണന്റെ , ന്യൂനപക്ഷങ്ങള്‍ ഭു‌രി പക്ഷത്തിന്റെ ......ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍ -
എഴുത്തച്ഛന്റെ ശ്ലോകം ഇതിനിടെ ഓര്‍മ്മ വരുന്നവര്‍ ഭാഗ്യവാന്മാര്‍ , മോക്ഷം അവര്‍ക്കത്രെ !
'ചക്ഷു :ശ്രവണ ഗളസ്ഥമാം ദര്‍ദുരം
ഭക്ഷണ ത്തിന്നപേക്ഷിക്കുന്നതു പോലെ" ...........യുള്ള സ്വന്തം നില്പ് ഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍ അതിലേറെ വിശേഷമായി !
മാദ്ധ്യമങ്ങളില്‍ ഇങ്ങനെ തുടരെ ത്തുടരെ ഇര സിദ്ധാന്തങ്ങള്‍ വായിച്ചും ബുദ്ധി മാന്മാര്‍ പ്രസംഗിക്കുന്നത് കേട്ടും ബുദ്ധികെട്ടവര്‍ പണിയെടുക്കുന്നത് കണ്ടും നിന്ന എന്റെ സാക്ഷി കാക്കക്ക് ഒരു സംശയം തോന്നി -
അത് സ്വാഭാവികം !
ഈ എഴുതുന്നവര്‍ , ഒരു പക്ഷെ പ്രസംഗിക്കുന്നവരും ആരുടെ ഇര ?
ഇറച്ചിയോ മീനോ കേക്കോ പൊതിഞ്ഞ കടലാസ് കൊത്തി പ്പറിക്കുന്നതിനിടെ അതിന് ഉത്തരവും കിട്ടി
ഈ അക്ഷരങ്ങള്‍ കൊണ്ട് കളിക്കുന്നവര്‍ ഇര തന്നെ . വിശേഷിച്ചും കേരളത്തിലെ എഴുത്തുകാര്‍.
.സിംഗപ്പൂരിലെ എഴുത്തുകാരെ കുറിച്ചോ അല്ലെങ്കില്‍ വിദേശത്തെ എഴുത്തുകാരെ കുറിച്ചോ എന്റെ കാക്ക ബോധവാന്‍/വതി ആയിരുന്നില്ല .
സിംഗപ്പു‌രില്‍ കാക്കയില്ലത്രേ ' എന്ന്‍ വളരെപ്പണ്ട് എസ് .കെ . പൊറ്റെക്കാട് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് കാക്കക്ക് ഒരിക്കലും ഇനി സിംഗ പ്പൂരിലെ എഴുത്തുകാരെ കുറിച്ചെന്നല്ല , അവിടെ ഉണ്ടായേക്കാവുന്ന കാക്കകളെ കുറിച്ചു പോലും സങ്കല്പിക്കാന്‍ പറ്റില്ല .
അത്
വിട്ടേക്കു!
പ്രശനം അതല്ല - ചിന്താക്ലാന്തനായ /യായ കാക്ക കേരളത്തിലെ എഴുത്തുകാരെ കുറിച്ക്‌ ഇങ്ങനെ ഖേദിച്ചു .
കേരളത്തിലെ എഴുത്തുകാരുടെ വീടുകളിലെ സ്ഥിതി എത്ര ദയനീയമാണ് . അവര്‍ ഹോട്ടല്‍ താജിലോ ,അശോകയിലോ താമസിച്ച് സൃഷ്ടി കള്‍ നടത്തുന്നില്ലെന്നതോ പോകട്ടെ അവരുടെ വീട്ടില്‍ നിന്ന്‍ ഒരു നല്ല മീന്‍ മുള്ള് കിട്ടുന്നത് പോലും ആഴ്ച യില്‍ ഒരിക്കലോ മറ്റോ ആണ് . ഇറച്ചി കഷണമോ എല്ലോ ഒരിക്കലും കിട്ടാറില്ല .അത്ര ദയനീയം അവരുടെ ഭൌതിക ജീവിതം
" എന്ന് വച്ച് ഞങ്ങള്‍ കാക്കകള്‍ ഈ എഴുത്തുകാരെ അവഗണിച്ചിട്ടൊന്നുമില്ല, കേട്ടോ . ഞങ്ങള്‍ അവര്‍ക്ക് വേണ്ടി ചിന്തിക്കാനും വേണമെങ്കില്‍ പടക്ക് ഇറങ്ങാനും വരെ തയ്യാറാണ് "
എന്റെ കാക്ക നീട്ടി വിളിക്കുന്നതിന്റെ ഭാഷ്യം അതായിരിക്കാം.
കാരണം അത് കൊക്കുകൊണ്ട് ആഞ്ഞു കൊത്തുന്നതിനിടെ കീറി വീണ കടലാസ് ചീന്തു കളില്‍ നിറയെ കണക്കുകളായിരുന്നു . എഴുത്തുകാര്‍ കൂട്ടാത്ത, അവര്‍ക്ക് കൂട്ടാനറിയാത്ത കണക്കുകള്‍ .
ഒരു ചോദ്യം ഇങ്ങനെ വായിക്കാനായി .ഉത്തരം കണ്ടുപിടിക്കുക :-
" ആഴ്ചയില്‍ ഇരുപതിനായിരം കോപ്പികളിറങ്ങുന്ന 10 രൂപ വിലയുള്ള ഒരു ആഴ്ചപ്പതിപ്പില്‍ ശരാശരി 25 എഴുത്തുകാര്‍ സൃഷ്ടി ചെയ്യുന്നു .അവര്‍ 1000 രു‌പ വച്ച് കൂലി വാങ്ങുന്നു .എങ്കില്‍ മാസത്തില്‍ എഴുത്തുകാര്‍ക്ക് കിട്ടുന്ന തുക എത്ര .( ഒരു ക്ലു‌ ഇതിനോടൊപ്പം : ഒരേ എഴുത്തുകാരല്ല എല്ലാ ആഴ്ചയിലും എഴുതുന്നത്).മാസത്തില്‍ 100 എഴുത്തുകാര്‍ക്ക് ഇങ്ങനെ കൊടുക്കുന്നെങ്കില്‍ പത്ര ഉടമക്ക് ലാഭമോ നഷ്ടമോ എത്ര? ഇത് ഡി.പി . .പി സിലബസ് പ്രകാരം പ്രവര്‍ത്തി പരിചയത്തിനായി പത്ര ഉടമസ്ഥനെയോ അവരുടെ സേവകരെയോ കണ്ട് അഭിപ്രായ രൂപീകരണം നടത്താവുന്നതാണ് .)
എന്റെ കാക്ക പെട്ടെന്ന്‍ എഴുത്തു കാരുടെ മാനിഫെസ്റ്റൊയെ കുറിച്ച് ഓര്‍ത്തു .അതിലെ ചാപ്റ്റര്‍ ഒന്ന്‍ ഇങ്ങനെ നിഷ്ക്കര്‍ഷിക്കുന്നു .
"മാധ്യമ അധിപന്മാരെ പ്രീതിപ്പെടുത്തുകയാണ് അടിസ്ഥാനപരമായി ഒരു എഴുത്തുകാരന്റെ ധര്‍മം . അവര്‍ വീരമാര്‍ക്കെതിരെ സംഘടിക്കാനോ പറയുന്നതിനെതിര്‍ വാക്കു പറയാനോ പാടില്ല ...."ഇങ്ങനെ നീളുന്ന മാനിഫെസ്റ്റോ അനുസരിച്ചുള്ള ജീവിതമാണ് മാതൃകാ എഴുത്തു ജീവിതം !
അതാണ് കൂലിക്ക് വേണ്ടിയും അക്ഷര സ്വാതന്ത്ര്യ ത്തിനു വേണ്ടിയും ,സംഘടിത തൊഴിലാളി -മുതലാളിമാരുടെ റ്റി ല്ലമായ കേരളത്തില്‍ എഴുത്തു തൊഴിലാളിമാര്‍ പട്ടിണി യാണെങ്കിലും സംഘടിക്കാത്തത് ...'

ഈ വെളിപാട് കിട്ടിയതോടെ കാക്ക അലറി ച്ചിരിച്ചു പറന്നു പോയി .മലയാളത്തിലെ എഴുത്തുകാരെ കുറിച്ച് 'ഹൊ ! ഇവര്‍ 'എലിപ്പത്തായത്തിലെ ' ഉണ്ണിക്കുഞ്ഞന്മാര്‍ തന്നെ എന്നായിരിക്കുമോ കാക്കച്ചിരിയിലെ ധ്വനി ?

No comments: