Friday, December 12, 2008

ക്യാമറ

എന്താണ് യാഥാര്‍ത്ഥ്യം?
ഇന്നു
വീണ്ടും മുംബൈ ആക്രമണ രംഗങ്ങള്‍ മനസ്സിലെത്തി. ടെലിവിഷനെയും മീഡിയയെയും വിമര്‍ശിക്കുമ്പോള്‍ തന്നെ അവ തരുന്ന സൌകര്യങ്ങളും സൌജന്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ ? ലോകം ക്യാമറക്ക് മുന്‍പില്‍ അടിയറവു പറഞ്ഞ കാലമാണ് ......അതുകൊണ്ട് , വേണ്ട, വിമര്‍ശനം കുറച്ചുമതി .. ഓ കെ...എന്നാല്‍ നമുക്ക് ബര്‍ഖാ ദത്തിന്റെ ചടുലമായ വിവരണങ്ങള്‍ കേള്‍ക്കാം . അത് ഏത് കമന്ററി യേയും അതിശയിക്കും . ശരി തന്നെ . ഇടക്കിടക്ക് അവര്‍ താജിലും ഓബ്രൊയ് ഹോട്ടലിലും കുടുങ്ങിപ്പോയ നിര്‍ഭാഗ്യരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി നടത്തിയ ഭാഷണങ്ങള്‍ എത്ര ഉദാത്തം !!ഒരു ഉദാഹരണം ഇരിക്കട്ടെ ..!!

' നിങ്ങളുടെ സഹോദരി ഇപ്പോള്‍ എവിടെയുണ്ട്?'
"എന്റെ സഹോദരി ഹോട്ടല്‍ താജില്‍ കുടുങ്ങിയിരിക്കയാണ്"
"അവരുടെ ഫോണ്‍ സന്ദേശം വല്ലതും "?
"ഉണ്ടായിരുന്നു "
" അവര്‍ എന്ത് പറഞ്ഞു "?
" അവര്‍ ആകെ പരിഭ്രമത്തില്‍ ആണ് ?"
"ഒരു സഹോദരനെന്ന നിലക്ക് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു , അവര്‍ രക്ഷപ്പെടുമോ ?"
" അവര്‍ ധൈര്യ ശാലിയാണ്.... ഈ പരീക്ഷണം അതി ജീവിക്കും "

" ഉറപ്പാണോ"..
"അങ്ങനെ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "
" ഓ. കെ. ആള്‍ ദ ബെസ്റ്റ് ! ....അവര്‍ ഇപ്പോള്‍ താജിലെ ഏത് മുറിയിലാണ് "
"അറിയില്ല "
" എങ്കിലും , ഏതിലായിരിക്കുമെന്ന്'?
" ഇല്ല, എങ്കിലും അവര്‍ സെയ്ഫ് ആണ് എന്നെനിക്കറിയാം "
" അതെങ്ങനെ'..അവര്‍ ഫോണ്‍ ചെയ്തിരുന്നുവോ ?'
" ...ഉം .."
' എന്നിട്ട് ..എന്നിട്ട് ..എന്ത് പറഞ്ഞു ..നിങ്ങളുടെ സഹോദരി."

" അവര്‍ പതുങ്ങിയിരിക്കയാണെന്ന് പറഞ്ഞു ...."
"എവിടെ..എവിടെ?''
" താജില്‍ ത്തന്നെ .."
"താജില്‍ ഏതു മുറിയില്‍ "?
" അതറിയില്ല .."
എന്ത് .. എങ്കില്‍ അവര്‍ സെയ്ഫാണ് എന്നെങ്ങനെ പറയാന്‍ കഴിയും..അവര്‍ വാസ്തവത്തില്‍ എന്താണ് പറഞ്ഞത് ?"

" അവര്‍.. അവര്‍ സെയ്ഫായി ഒരു സ്ഥലത്ത് ഇരിക്കുന്നു .."
"അതെവിടെ എന്നാണു ചോദിച്ചത് "
"അത് .. അത് ..അവരുടെ മുറിയോട് ചേര്‍ന്ന കുളിമുറിയില്‍ ..."
"ഹൊ ! അത്ഭുതം !..എവിടെ യാണ് ആ മുറി...ഇവിടുന്നു ചൂണ്ടി കാട്ടാമോ ? കത്തുന്ന താജിന്റെ ഏത് വശത്തായിട്ട് വരും ?"
ആറാമത്തെ നിലയില്‍....... അതാ ആ ഡോ മിന്റെ താഴെ ഇനിയും കത്താത്ത പോര്‍ഷനിലുള്ള . ബാത്ത് റൂമില്‍ .."

" അതെയോ..ആ കത്തി ത്തുടങ്ങിയിട്ടില്ലാത്ത ആറാമത്തെ നിലയിലെ അറ്റത്തെ മുറിയിലെ ബാത്ത് റൂമില്‍ ..അല്ലെ..ആശ്ചര്യം !.."

" അതെ.."
" ഹൊ ! അതാ വീണ്ടും വെടി പൊട്ടുന്നു..'നിങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടോ നിങ്ങളുടെ സഹോദരി രക്ഷപ്പെടുമെന്നു.."?
.......................................................................................................................
.........................................................................................................................
പുരയ്ക്ക് തീ കത്തുമ്പോള്‍ വാഴ വെട്ടുന്നതെങ്ങനെ എന്ന് ഇതിനകം കാഴ്ചക്കാര്‍ പഠിച്ചു കഴിഞ്ഞു ..ഭീകരനും...
സഹോദരന് അയാളുടെ സഹോദരി നഷ്ട്ടമായി. അയാളുടെ കരയുന്ന മുഖത്തിനെ ക്ലോസ് അപ്പില്‍ കാണിച്ച് ക്യാമറ...

No comments: