Tuesday, November 29, 2011

ആന്ദ്രെ ബ്രെവിക്

എഴുപത്തി  ഏഴു  , യുവാക്കളെയും കുട്ടികളെയും വെടി വച്ചു കൊല്ലുകയും നൂറ്റി അന്‍പത്തി ഒന്നു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നോര്‍വെക്കാരന്‍  ആന്ദ്രെ ബ്രെവിക്  എന്ന  മുപ്പത്തി രണ്ടു കാരനെ  മാനസിക രോഗി യാണെന്ന് കണ്ടെത്തലില്‍ ജയിലിലെക്കയക്കുന്നതിനു പകരം ചികിത്സക്കായി  അയക്കണമെന്നാണ്   മാനസിക രോഗ വിദഗ്ദ്ധന്മാര്‍  പറയുന്നത്. അയാള്‍ മനപൂര്‍വം അല്ല കൂട്ടക്കുരുതി നടത്തിയത് എന്നാണ് വാദം. ഒരു ഭ്രാന്തന് കിട്ടുന്ന ആനുകൂല്യം ! യൂറോപ്പിനെ മുസ്ലിമ്ങ്ങളുടെയും മാര്‍ക്സിസ്റ്റു  കളുടെയും  കയ്യില്‍ നിന്നു രക്ഷപ്പെടുത്താന്‍ അയാള്‍ കണ്ട പദ്ധതിയായിരുന്നല്ലോ കൂട്ടക്കൊല. എന്ത് കൊണ്ടാണ് അയാളുടെ ചെയ്തി  ഈ വിധം ഭ്രാന്തിലേക്ക് ചുരുക്കി അയാളുടെ തീവ്ര വാദത്തെയും ചെയ്ത കൂട്ടക്കൊലയെയും നിസ്സാരമാക്കുന്നത്.  മരിച്ച നിരപരാധികളായ യുവതീ യുവാക്കള്‍ക്ക് എങ്ങനെ യാണ് നീതി ലഭിക്കാന്‍ പോകുന്നത്?   തങ്ങളുടെ നിസഹായാവസ്ഥയില്‍ കലി കയറുന്ന   ഒരു കൂട്ടം ആളുകള്‍ സംഘടിച്ചു  ചെയ്യുന്ന പ്രവര്‍ത്തികള്‍ തീവ്ര വാദം എന്ന വകുപ്പിലേക്ക് മാറുന്നതും  അവര്‍ രാജ്യദ്രോഹികള്‍ എന്ന് നിലയിലേക്ക് മാറുന്നതും  നാം കാണുന്നു. പക്ഷെ ഇപ്പോള്‍ ബ്രെവിക് ന് കിട്ടിയ നീതി യുടെ  യുക്തിയനുസരിച്ച്, അതായത്    ബ്രെവിക് തന്റെ രാഷ്ട്രീയ നിലപാടില്‍  നിന്നു കൊണ്ട് കൂട്ടക്കൊല നടത്തിയത് ഭ്രാന്താണെങ്കില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ തീവ്ര വാദികള്‍ക്കും ആ ആനുകൂല്യം കിട്ടേണ്ട താണ് . അവരെയെല്ലാം വിടെണ്ടതും  ആശുപത്രികളിലേക്ക് തന്നെ . മാനസിക രോഗ വിദഗ്ധര്‍ അവരെ പരിചരിക്കട്ടെ!

http://www.bbc.co.uk/news/world-15936276



Sunday, November 27, 2011

ഫ്ലോറന്‍സ് നൈറ്റിംഗേല്‍സ് !

ആശുപത്രികളില്‍ രാപകല്‍ ജോലിചെയ്യുന്ന  നഴ്സുമാരുടെ ജോലി ഭാരത്തെ  കുറിച്ചും അവരുടെ വേതനത്തെ കുറിച്ചുമൊന്നും ആരും വേവലാതിപ്പെട്ടു    കണ്ടിട്ടില്ല. കേരളത്തില്‍ കൂണ്‍  പോലെ പെരുകി  പെരുകി വരുന്ന ആതുര ശുശ്രൂഷാ കേന്ദ്രങ്ങളുടെ നട്ടെല്ല് തന്നെ യാണ് തുച്ഛ  ശമ്പളത്തില്‍   പണിയെടുക്കുന്ന അവിടങ്ങളിലെ നഴ്സുമാര്‍. ഓരോ ആശുപത്രിയും ഓരോ വിധമാണ് അവരവരുടെ  സ്ഥാപനത്തിലെ നഴ്സുമാരെ ചൂഷണം ചെയ്യുക. അവരെ തൊഴിലാളികള്‍ ആയി കണക്കാതിരിക്കുന്നത് കാരണം അവര്‍ അവരുടെ ചൂഷണ തിനെതിരായി  ഒച്ച ഉയര്‍ത്താന്‍ തുടങ്ങിയാല്‍ പിന്‍ തുണക്കാന്‍ ആളില്ലാതാകുന്നു. ഫാക്റ്ററിയില്‍ പണിയെടുക്കുന്നവര്‍  മാത്രമാണ് തൊഴിലാളികള്‍ എന്ന് തോന്നും. തൊഴില്‍ എടുക്കുന്നവര്‍ മുഴുവന്‍ തൊഴിലാളികള്‍ ആണ് എന്ന്  ഇക്കൂട്ടര്‍ക്ക് ബോധം വരുന്നത് എന്നാണാവോ.
നഴ്സുമാരെ പ്പോലെ തന്നെ ചൂഷണ ത്തിനു  വിധേയരായി കഴിയുന്ന  ഐ  ടി പ്രൊഫഷണ്‌കളുടെ  കാര്യവും ഇതിന്റെ  കൂടെ ഓര്‍ക്കണം.

ഇപ്പോള്‍ നഴ്സുമാരെ കുറിച്ച് ഓര്‍ക്കാന്‍ കാരണം കൊല്ലത്ത് എസ എന്‍ ആശുപത്രിയിലെ നഴ്സുമാര്‍ സമരം ചെയ്തതും അവരെ ഗുണ്ടകളെ വച്ച് തല്ലി ഓടിച്ചു എന്നും ഉള്ള വാര്‍ത്ത  കണ്ടത് കൊണ്ടാണ്. ഞാന്‍ ജോലിചെയ്തിരുന്ന  സ്ഥാപനത്തില്‍ തൂപ്പ് കാരിയായി ജോലി ചെയ്തിരുന്ന ഒരാളുടെ  മകള്‍ നഴ്സിംഗ് പഠിക്കാന്‍ ചേര്‍ന്നതിന്റെ സന്തോഷം എന്നോട് പങ്കുവച്ചിരുന്നു . കടം വാങ്ങിയും മറ്റും ആ കുട്ടിയെ അവര്‍ പഠിപ്പിച്ചു. അവസാന വര്ഷം ആകുമ്പോഴേക്കും അവരുടെ സന്തോഷം വലുതായിരുന്നു. ഇനി കുട്ടിക്ക് ജോലി കിട്ടും കല്യാണം നടത്തണം. ആഭരണം വാങ്ങണം എല്ലാം കുട്ടിയുടെ ശമ്പളം കിട്ടിയിട്ട് വേണം . എന്നാല്‍ ഒരു ദിവസം അവര്‍ സങ്കടപ്പെട്ടു വന്നിരിക്കുന്നത് കണ്ടു. മകള്‍ തോറ്റു പോയോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു ഞാന്‍ വിവരം  ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.അവരുടെ കുട്ടി  നല്ല മാര്‍ക്കില്‍ ജയിച്ചു .സര്‍ട്ടിഫിക്കറ്റിന്   ചെന്നപ്പോള്‍ ആണ് അറിയുന്നത്  അവള്‍ പഠിച്ച കോളേജിന്റെ ആശുപത്രിയില്‍ രണ്ടു വര്ഷം ശമ്പളമില്ലാതെ സേവനം ചെയ്തതിനു ശേഷമേ സര്‍ടിഫിക്കറ്റ് കൊടുക്കൂ എന്ന്. സര്‍ട്ടിഫിക്കറ്റ്   പിടിച്ചു വച്ചതുകാരണം സ്ഥാപനം വിട്ടു പോകാനും നിവൃത്തിയില്ല.  അനിയനെ പഠിപ്പിക്കണം ,നല്ല ഉടുപ്പ് വാങ്ങിക്കൊടുക്കണം . എല്ലാം ശമ്പളം കിട്ടിയിട്ട് എന്ന് മകള്‍ പറയുന്നത്  ആവര്‍ത്തിച്ചു അവര്‍ കരഞ്ഞു.
ഇങ്ങനെ പട്ടാളത്തിലെ നിര്‍ബന്ധ സേവനം പോലെ ആശുപത്രിക്കാര്‍ സൌജന്യ സേവനം പിടിച്ചു വാങ്ങുന്നുമുണ്ട്  അവരുടെ നിത്യ ചൂഷണ ത്തിനു  പുറമേ. സ്ത്രീകള്‍ കൂടുതല്‍ ഉള്ള മേഖല ആയതു കൊണ്ടാവും   രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ അടിമ വര്‍ഗ്ഗത്തോട്  ഇത്ര അവഗണന എന്ന് തോന്നുന്നു. ഫ്ലോറന്‍സ് നൈറ്റിംഗേല്‍ മാര്‍ക്ക് നല്ലത് വരട്ടെ!

Thursday, November 24, 2011

ഡാം! ഡാം !

    മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിച്ചു, ഇല്ല എന്ന നിലയില്‍ നില്‍ക്കുന്നു. നൂറോ അതിലധികമോ   വര്‍ഷം  പഴക്കമുള്ള ഡാം ഇപ്പോള്‍ പൊട്ടും എന്ന നിലയില്‍ ആണെന്ന ഭീതിയില്‍ മലയാളികള്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒരു പത്തു വര്‍ഷമെങ്കിലും  ആയിക്കാണണം.  അങ്ങനെ തകരുകയാണെങ്കില്‍ ഏകദേശം മുപ്പതു ലക്ഷം മലയാളികള്‍ അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ അടക്കം എന്നേക്കുമായി ഇല്ലാതാവും എന്ന ഭീതി പ്പെടുത്തുന്ന  ചിന്തയാണ്  പൊതുവേ കേരളീയര്‍ക്കുള്ളത്. ആലോചിക്കും തോറും ഭയം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ ചെറു ഭൂമി കുലുക്കങ്ങള്‍ വന്നു ആ  പേടി ഇരട്ടിപ്പിക്കുന്നു. ഇങ്ങനെ ഭീതിയുടെ വാള്‍ തലക്കും കാല്‍ക്കലും വച്ചാണ് വളരെ നാളായി  മലയാളിയുടെ ഉറക്കം. അതിനാണ് പരിഹാരം കാണുന്നു എന്ന് കേള്‍ക്കുന്നത്.
    ഇപ്പോഴുള്ള ഡാമിന് പകരം  മുല്ലപ്പെരിയാറിന്റെ  മറ്റൊരു  സ്ഥലത്ത് ഒരു വന്‍കിട ഡാം ഉണ്ടാക്കാനാണ് പദ്ധതിയെന്ന് കേള്‍ക്കുന്നു. അതുണ്ടാക്കിയാല്‍ എത്രയോ ഏക്കര്‍ വനഭൂമി പോകുമെന്നും ,പരിസ്ഥിതി   നാശം വരുമെന്നും പരിസ്ഥിതിയെ കുറിച്ച് ബോധവാന്‍/വതി  കളായവര്‍ പറയുന്നതും കേള്‍ക്കുന്നു. അടിക്കടി ചെറുതായി കുലുങ്ങി കുലുങ്ങി ഭൂമി നമ്മളെ പേടിപ്പിക്കുന്നു മുണ്ട്. എങ്കില്‍  പുഴകളില്‍, അവയുടെ കൈവഴികളില്‍ ചെറു ഡാമുകള്‍ ഉണ്ടാക്കി പരിസ്ഥിതിക്ക്  കോട്ടം  തട്ടാതെ, കൃഷിയിടങ്ങളില്‍ വെള്ളം ആവശ്യത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ക്കൊണ്ട് , ഡാമുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു കൂടെ? അങ്ങനെ ബദല്‍ സംവിധാനങ്ങള്‍ ചെയ്തു കൃഷിക്കാര്‍ക്ക് വെള്ളം ലഭിക്കാനും  പൊളിയാറായ ഡാം ഇടിഞ്ഞു വീഴാതെ നോക്കാനും ,അതിനകത്ത് താങ്ങാവുന്നതില്‍ അധികം വെള്ളം കേറാന്‍ അനുവദിക്കാതിരിക്കാനും പ്രശ്നപരിഹാരക്കാര്‍ ആലോചിക്കുന്നുണ്ടാകുമോ? ഉണ്ടാകുമെന്ന് തോന്നുന്നില്ല.   ഇനിയൊരു  നൂറ്റി അമ്പതു  കൊല്ലം നില നില്‍ക്കുന്ന അത്ര ഉറപ്പുള്ള  ഡാം പണിയാനുള്ള സന്നാഹം, സാങ്കേതിക വൈദഗ്ധ്യം ഉള്ളവര്‍ ആയിരിക്കും ആ പണി ചെയ്യുക എന്ന് വിശ്വസിക്കുക മാത്രമേ സാധാരണക്കാരായ ആളുകള്‍ക്ക് വഴിയുള്ളൂ. കാരണം അത് വലിയ ഒരു  ഡാം മാത്രമല്ലല്ലോ. പണം കായ്ക്കുന്ന ഒരു വന്‍ മരമാണല്ലോ.  നമ്മുടെ റോഡു പണി തട്ടിപ്പുകാര്‍ ചെയുന്നത് പോലെ അതില്‍ നിന്ന് കമ്പിയും സിമന്റും മോഷ്ടിച്ച് , കോടി കോടിക്കണക്കിനുള്ള  പണത്തിന്റെ വെട്ടിപ്പ് സാധ്യത ഉപയോഗപ്പെടുത്തി പണിഞ്ഞു തീര്‍ന്നു മൂന്നാം ദിവസം അത് പൊട്ടി പോകുമോ എന്ന്  പറയാന്‍ ഇപ്പോള്‍ എന്തായാലും കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം മലയാളികള്‍. എന്തായാലും സാധാരണക്കാരെ ഭീതിയില്‍ നിന്നും മാത്രമല്ല തമിഴ് നാട് ശത്രു രാജ്യമാണെന്ന് മലയാളികളും മലയാളികള്‍ ശത്രുക്കള്‍ ആണെന്ന്  തമിഴനും കരുതുന്ന സ്ഥിതി വിശേഷം മാറാനും പ്രശ്നം  പരിഹരിച്ചാല്‍ മാത്രമേ കഴിയൂ.  സദാ ആത്മാഹൂതി ചെയ്യാന്‍ സന്നദ്ധമായ  മനസ്സുമായാണ് തമിഴന്റെ നില്‍പ്പ് എന്ന് തോന്നാറുണ്ട്. അതിനെ മുതലാക്കി  രാഷ്ട്രീയ പാര്‍ട്ടികള്‍ സദാ അധികാരക്കളികള്‍ കളിക്കുകയും ചെയ്യുന്നു. ചെയ്യുന്ന പ്രവര്‍ത്തി കളോട്   ആത്മാര്‍ഥത ഉള്ള ചിലരെങ്കിലും ഈ ഡാം പ്രശ്ന പരിഹാര /പണിയില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥന പരിഹാരമാണെങ്കില്‍  പ്രാര്‍ഥിക്കാന്‍ ഞാന്‍ തയ്യാറാണ്.!!


Tuesday, November 22, 2011

കര്‍ഷകര്‍ വേറെന്തു ചെയ്യും !

ഒരുമാസത്തിനകം ഒന്‍പതു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു, കേരളത്തില്‍. വയനാട്ടിലും കോട്ടയത്തും പാലക്കാട്ടും കണ്ണൂരുമായി. ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന ആളുകള്‍. പച്ചക്കറിയും നെല്ലും  കപ്പയും, കൂര്‍ക്കയും, വാഴപ്പഴങ്ങളും കുരുമുളകും കൃഷിചെയ്തു നഗരവാസികളെയും മേലനങ്ങാ  പണി ചെയ്യുന്ന ബഹു ഭൂരി പക്ഷത്തെയും , വസ്ത്രമുലയാതെ അവരെ വാഗ്ദാന പെരുമഴയില്‍ കുളിപ്പിക്കുന്ന രാഷ്ട്രീയക്കാരെയും തീറ്റാന്‍ ഉള്ളത്  തങ്ങളാല്‍ കഴിയും വിധം സൃഷ്ടിക്കാന്‍ ശ്രമിച്ച അവര്‍ക്കുള്ള   കൂലി കട ബാധ്യതയായും  ,അനാരോഗ്യമായും,അവസാനം ജപ്തി നോടീസായും കൊടുത്തു മണ്ണിനടിയിലേക്ക്‌  നന്ദിയോ, ആചാരവെടിയോ ഇല്ലാതെ പറഞ്ഞയക്കുന്നതാണ് നാം  ഈ കാണുന്നത്.
ഇങ്ങനെ ദുരിതമനുഭവിക്കുന്നവരെ ദുരിതത്തെ പറ്റി ആര് പറഞ്ഞാലും, ഏതു സാധാരണക്കാരന്‍ പറഞ്ഞാലും, ശബ്ദിച്ചാലും അവര്‍  തീവ്രവാദികള്‍ ആയി മുദ്രകുത്തപ്പെടുകയും ചെയ്യും. അങ്ങനെ കാരണവന്‍മാര്‍ക്കെതിരെ     തിരിയുന്ന അനന്തിരവന്മാരുടെ തലമുറ  ഇപ്പോള്‍ കുറ്റിയറ്റ് പോവുകയും ചെയ്തു.
അതുമല്ല എണ്ണമില്ലാത്ത ദുരിത ജീവിതങ്ങള്‍ കണ്മുന്‍പില്‍ ഉണ്ടെങ്കിലെ  സ്വന്തം സമ്പത്ത്  അധികമധികം മധുരവും  മൂല്യമുള്ളതുമാവൂ.  എല്ലാവരും കുഷ്ഠരോഗിയായാലാണ് പട്ടു പോലെ നേര്‍ത്ത ചര്‍മ്മം അതി പട്ടുപോലെ മിനുസമായി തോന്നുക. അതുകൊണ്ട് കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമ്പോള്‍ ഇറക്കുമതി ഭക്ഷണം രുചിക്കുന്നവര്‍ക്ക് തങ്ങളുടെ തീറ്റക്ക്‌ മധുരം കൂടുതല്‍ തോന്നും.
  മരിച്ച കര്‍ഷകരുടെ ടെലിവിഷനില്‍ കണ്ട ഓരോ മുഖത്തും ക്ലേശം ഘനീഭവിച്ചത് പോലെ  തോന്നിയത് ,എന്റെ തോന്നല്‍ മാത്രമല്ല.

Friday, November 18, 2011

ഒരാള്‍

       കഴിഞ്ഞ തിങ്കളാഴ്ച എന്റെ അയല്‍ക്കാരന്‍ മരിച്ചു. അമ്പതു വയസ്സ് കഴിഞ്ഞ അയാള്‍ക്ക്‌ ഭാര്യയും രണ്ടു കുട്ടികളും. വീട്ടു ജോലികള്‍ക്ക് പുറമേ ഓഫീസ് ജോലിയുള്ള സ്നേഹമുള്ള ഭാര്യയും, അതിലേറെ അച്ഛനെ സ്നേഹിക്കുന്ന കുട്ടികളും അയാള്‍ക്കുണ്ടായിരുന്നു. നാല് വീടുകള്‍ക്കപ്പുറത്തായിരുന്നു  അവര്‍ താമസിച്ചിരുന്നത്. എന്നും കാണാറില്ല, സംസാരിക്കാറുമില്ല. എങ്കിലും അവര്‍ അവിടെ ഉണ്ടെന്നു ഞങ്ങള്‍ക്കും ഞങ്ങള്‍ നാല് വീടുകള്‍ ക്കപ്പുറത്ത് ഉണ്ടെന്നു  അവര്‍ക്കും അറിയാമായിരുന്നു. ഒരിക്കല്‍ അയാളുടെ മകള്‍ പാഠപുസ്തകത്തില്‍ ഉള്ള എന്റെയൊരു കവിതയുടെ അര്‍ത്ഥവും സാരവും ചോദിച്ചറിയാന്‍ വന്നിട്ടുമുണ്ടായിരുന്നു. അങ്ങനെ ഇരിക്കെ അവര്‍ക്ക് മറ്റേതോ  ടൌണിലേക്ക് മാറ്റമായി. മാറ്റമായെങ്കിലും പൂട്ടിയിട്ട വീട് തുറന്നു പരിശോധിക്കാന്‍ മാസത്തില്‍ ഒരിക്കല്‍ അയാള്‍ വന്നു. പ്രദേശത്ത് എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തി തിരിച്ചു പോയി. പഠനം പൂര്‍ത്തിയാക്കിയ മകന്‍ ജോലിയില്‍ പ്രവേശിച്ചു. മകള്‍ പഠനത്തില്‍ .
            എത്ര നേര്‍ രേഖയില്‍ ഉള്ള ജീവിതം! അവരെ കുറച്ചു ഓര്‍ക്കുമ്പോള്‍ അതാണ്‌ തോന്നുക. അയാളുടെ അല്ലെങ്കില്‍ അവരുടെ ജീവിതം ഭംഗിയുള്ളതായിരുന്നു എന്ന് അവരുടെ വീടിനോടും മതിലിനോടും അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. മരിച്ചു കിടക്കുന്ന അച്ഛനെ ഓര്‍ത്തു വിലപിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ അത് ബോധ്യമാവുകയും ചെയ്തു.
ഹൃദയ സ്തംഭനം ആയിരുന്നു മരണ കാരണം. അതും അയാള്‍ താമസിക്കുന്ന നഗരത്തില്‍ നിന്നും ഏറെ അകലെ, മറ്റൊരു സംസ്ഥാനത്തെ  ഓഫീസിലെ  പണിക്കിടയില്‍. ഭാര്യ അവരുടെ ജോലിസ്ഥലത്ത്, കുട്ടികള്‍ അവരവരുടെ പണി സ്ഥലത്തും  പഠന സ്ഥലത്തും. ഓഫീസില്‍ വെറുതെ വീണു മരിച്ചത് കാരണം പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു വന്ന പൊതിഞ്ഞു കെട്ടിയ മൃത ശരീര മായി അയാള്‍ കിടക്കുന്നതാണ് വീട്ടുകാര്‍ക്കും അയല്‍ക്കാരായ ഞങ്ങള്‍ ക്കും കാണാന്‍ ആയതു.  
        ചുറ്റുമുള്ളവര്‍ പലതും പറഞ്ഞു വിലപിക്കുന്നതിനിടെ, പലതും ഓര്‍ത്തു നെടുവീപ്പിടുന്നതിനിടെ, മന്ദഹാസം മായാത്ത മുഖവുമായി അയാള്‍ കിടന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവന്റെ ഒരു ആത്മ സംതൃപ്തി ആ മുഖത്ത് കണ്ടതായി എനിക്ക് തോന്നി. അതല്ലാതെ അയാളുടെ മുഖത്തെ പുഞ്ചിരിക്കു വേറെ എന്താണ് അര്‍ത്ഥം ?


Saturday, November 12, 2011

ചില എഴുത്തുകാര്‍

 ചില എഴുത്തുകാര്‍  അങ്ങനെയാണ് . ട്രെന്‍ഡ് എന്താണോ അതനുസരിച്ചാണ് അവരുടെ എഴുത്ത് രീതി. വിജയത്തിലേക്കുള്ള വഴി എളുപ്പം ആകാന്‍  അതല്ലേ നല്ലത് എന്ന് അവര്‍ സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തി; പിന്നെ അതനുസരിച്ചാണ് പ്രവര്‍ത്തനം.
 അവര്‍ക്ക് ക്രാഫ്റ്റില്‍  ആണ് വിശ്വാസം എന്നെനിക്കു തോന്നുന്നു. ക്രാഫ്റ്റ് വേണ്ട എന്നല്ല ,കര കൌശലത്തെ തള്ളിക്കളയുകയുമല്ല . ഒരു ഡിസൈന്‍ അല്ലെങ്കില്‍ മോള്‍ഡ് ഉണ്ടാക്കി അതിലേക്കു അക്ഷരങ്ങള്‍ പകര്‍ന്നു തള്ളുന്നതാണ് ക്രിയേഷന്‍ എന്ന് വിചാരിക്കുന്നവര്‍ക്ക്  മേല്‍പ്പറഞ്ഞ ക്രാഫ്ടാണ് ആദ്യന്തികമായി കല.
   അങ്ങനെ വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിച്ചു വിജയം കൈവരിക്കുകയും ചെയ്ത  ഒരാളെ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചയ പ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാനത്ത് നിന്നുമുള്ള ഒരു നോവലിസ്റ്റ് . വിജയം എന്ന് ഉദ്ദേശിച്ചത് ഇത്രയേ ഉള്ളു അവരുടെ ആ സൃഷ്ടി കൊള്ളാം എന്ന് ചിലര്‍ പറയുകയും അതവര്‍ക്ക് വീണ്ടും ആ വഴിയില്‍ പുതിയ ഒരെണ്ണം ഉണ്ടാക്കാന്‍ ആവേശം നല്‍കുകയും ചെയ്തു.
 ഞാന്‍ കാണുമ്പോള്‍ പുതിയ ഒരു പുസ്തകം എഴുതാനുള്ള  ഉത്സാഹത്തില്‍ ആണ്  അവര്‍ .അതി സമ്പന്നയായ അവര്‍ക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്. വലിയ ആര്‍ഭാട ജീവിത മുണ്ട്. വ്യവസായി യായ അച്ഛന്‍, മറ്റൊരു വ്യവസായി യായ ഭര്‍ത്താവ്. അനേകം വേലക്കാര്‍ ..പരിവാരങ്ങള്‍. ഇതിനിടക്ക്‌ അവര്‍ എഴുതിയ ആദ്യ നോവല്‍ ഒരു പ്രത്യേക സമുദായത്തെ കുറിച്ചായിരുന്നു. അവരുടെ സ്വന്തം സമുദായത്തെ കുറിച്ചല്ല. താരതമ്യേന ദരിദ്രരായ  കഷ്ട ജീവിതം നയിക്കുന്നവരെ കുറിച്ച് ആയിരുന്നു അത്. പ്രത്യേകിച്ചും അവരുടെ ചില ആചാരങ്ങളെ കുറിച്ച്. ഇംഗ്ലീഷിലാണ് എഴുത്ത് .
അത് ക്ലിക്ക് ചെയ്തു എന്നറിഞ്ഞു അവര്‍ അടുത്ത നോവലിനുള്ള കഥാ തന്തു അനേഷിക്കുന്ന കാലത്താണ് ഞാന്‍ പരിചയപ്പെടുന്നത്.  പറഞ്ഞു വന്നപ്പോള്‍ അവര്‍ക്ക് യാതൊരു പരിചയവും ഇല്ലാത്ത  ഒരു ദളിത/ ഗോത്രജീവിതമാണ് നോവല്‍ വിഷയം.  ആ സാധു ജീവിതങ്ങളെ കുറിച്ച്  വായിച്ചു പഠിച്ചും അവരുടെ വീടുകള്‍ സന്ദര്‍ശിച്ചും അവര്‍ക്ക് ഒരു നോവല്‍ എഴുതണം. അതാണ്‌ ലക്‌ഷ്യം. കേരളത്തില്‍ വന്നു താമസിച്ചാല്‍ അങ്ങനെ ഒരു പഠനത്തിനു സാധ്യത ഉണ്ടോ എന്നും അവര്‍ക്കറിയണം.

  അവരുടെ ചോദ്യവും ആഗ്രഹവും കേട്ടപ്പോള്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഫൈന്‍ ആര്‍ട്സ് കോളേജു സന്ദര്‍ശിച്ച ഒരു പേരുകേട്ട ചിത്രകാരിയെ ഓര്‍മ്മവന്നു.  സ്വന്തം ചിത്രങ്ങളുടെ സ്ലൈഡ് സ് കാണിക്കുകയും അതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്ത അതിഥിയായ അവരോടു ചിലവിദ്യാര്‍ഥികള്‍  ചോദിച്ച ചോദ്യങ്ങളും ഞാന്‍ ഓര്‍ത്തു. ചിത്രകാരിയുടെ വളരെ വലിയ എട്ടോ പത്തോ ലക്ഷം ഉറുപ്പിക ക്ക്   വിറ്റു പോയ ചിത്രത്തെ ചൂണ്ടി ആയിരുന്നു ചോദ്യം.  ചിത്ര കാരിയുടെ ആ വലിയ ക്യാന്‍വാസില്‍  ആദി വാസി കലാകാരി/കാരന്മാര്‍ വരച്ച ഒരു ചിത്രം കൂടി ഒട്ടിച്ചു ചേര്‍ത്തിരുന്നു. "എന്തിനാണ് മാഡം അതില്‍ ട്രൈബല്‍ ചിത്രം കൊളാഷ് ആയി ചേര്‍ത്തത് എന്ന ചോദ്യത്തിനു പെട്ടെന്ന് അന്ധാളിച്ചു പോയ ആര്‍ടിസ്റ്റ് പറഞ്ഞു.' അത് ഇഷ്ടമായത് കൊണ്ടാണ് എന്ന് ' വേറെ റെലവന്‍സ് ഒന്നുമില്ലേ എന്ന് കുട്ടികള്‍.  വളരെ നല്ല കലാകാരിയായ അവര്‍ നിഷ്കളങ്കമായി ഇല്ലെന്നു ഉത്തരം പറഞ്ഞു. വിദ്യാര്‍ഥികള്‍ വീണ്ടും ചോദ്യങ്ങള്‍ കൊണ്ട് അവരെ കുടുക്കി .' മാഡം ആ പെയിന്റിംഗ് എത്ര സംഖ്യ ക്കാണ്  വിറ്റത്/ അതില്‍ ആദിവാസി കലാകാരന്മാര്‍ക്ക് എത്ര കൊടുത്തു, ആചിത്രം അവരോടു വാങ്ങിയപ്പോള്‍ അവര്‍ക്ക് എത്രയാണ് കൊടുത്തത്  ? താങ്കള്‍ അവരെ ചൂഷണം ചെയ്യുകയാണെന്ന് സമ്മതിക്കുമോ ?' തുടങ്ങി നിര്‍ത്താതെ ചോദ്യങ്ങള്‍. പെട്ടെന്ന് തന്നെ അവര്‍ക്ക് താന്‍ ചെയ്തതിലെ നീതി കേടിനെ പറ്റി ബോധ്യം വന്നപോലെ .അവര്‍ കുട്ടികള്‍ പറഞ്ഞതിനെ കുറിച്ച് താന്‍ ഗൌരവ പൂര്‍വ്വം ആലോചിക്കുമെന്ന് പറഞ്ഞു തന്റെ സംഭാഷണം അവസാനിപ്പിച്ചു.
പക്ഷെ എനിക്കറിയാമായിരുന്നു. ഞാന്‍ പരിചയപ്പെട്ട ഈ  നോവലിസ്റ്റ് ഇത്തരം ചോദ്യങ്ങള്‍ കൊണ്ടൊന്നും പിന്മാറുന്ന കൂട്ടത്തില്‍ അല്ല എന്ന്. അത് കൊണ്ട് തന്നെ ഞാന്‍ നിശ്ശബ്ദയായിരുന്നു. അവര്‍  ഗോത്ര ജീവിതത്തിന്റെ, ഭൌതിക മായി ദരിദ്രമായ അവരുടെ പുറം ജീവിതത്തെ കണ്ടു, അവരുടെ തനതായ സംസ്കാരത്തെ അവര്‍ക്ക് തോന്നുന്ന രീതിയില്‍ നിര്‍വചിച്ചോ  അതിനെ കാണാതെയോ  ഒരു നോവല്‍ ഇതിനകം എഴുതിയിട്ടുണ്ടാകാം. വെള്ളകാര്‍ നമ്മെ നോക്കിയ ആ കണ്ണുകള്‍ നമ്മള്‍ അവരില്‍ നിന്നും കടം കൊണ്ട് കഴിഞ്ഞിട്ട് നാളുകള്‍ പലതായല്ലോ.

Friday, November 11, 2011

നാര്‍സിസസിന്റെ പിന്‍ഗാമികള്‍

     ടി വി , സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാലത്തെ മനുഷ്യരെ എങ്ങനെ  ഭ്രാന്തു പ്പിടിപ്പിക്കുന്നു എന്നതിന് ഒരു അവസാനവുമില്ല എന്ന് തോന്നുന്നു. ഇപ്പോള്‍ തന്നെ ഐശ്വര്യാ   റോയിക്ക് ഒന്ന് സമാധാനമായി പ്രസവിക്കാന്‍ എന്തെല്ലാം കടമ്പകള്‍ തരണം ചെയ്യണം. സിസേറിയനോ സാധാരണ പ്രസവമോ ഇവയില്‍ രണ്ടില്‍ ഒന്നായിരിക്കും അവരുടെതും. ഒരേ വഴി, ഒരേ നില .പറഞ്ഞിട്ടെന്തു കാര്യം. ചാനലുകളും പത്രക്കാരും അമാനുഷിക പ്രസവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു എന്നറിഞ്ഞു പത്തു കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരിക്കുന്നു മീഡിയ കളെ   നിയന്ത്രിക്കുന്ന മേലാളര്‍. അത് നന്നായി. ഐശ്വരായിക്ക് സമാധാനപൂര്‍വ്വം പ്രസവിക്കാന്‍ അത് സംഗതിയാക്കുമല്ലോ !


    ടി വി യില്‍ അല്ലെങ്കില്‍  പത്രത്തില്‍ സ്വന്തം മുഖം  അടിച്ചു വരാന്‍ കള്ളനും കൊലപാതകികളും വരെ ആകാന്‍ ആളുകള്‍ മടിക്കുന്നില്ലെന്നു തോന്നുന്നു. ചില കള്ളന്മാരെ, പിടിച്ചു പറിക്കാരെ, റിപ്പര്‍ മോഡല്‍ കൊലയാളികളെ  ഒക്കെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നതിന്റെ ചിത്രങ്ങളിലും വീഡിയോ കളിലും  അവര്‍ കാണിക്കുന്ന ചേഷ്ടകള്‍ കണ്ടാല്‍ അതില്‍ കുറഞ്ഞ ഒന്നുമല്ല  തോന്നുക. ചിലര്‍ക്ക് മന്ദഹാസം ,ചിലര്‍ക്ക് നിറഞ്ഞ ചിരി, ചിലര്‍ക്ക് അഭിമാനം. ചിലര്‍ തല ഉയര്‍ത്തി മാത്രം പോകുന്നു .എല്ലാവരുടെയും വിചാരം അവരൊക്കെ ആ ഫോട്ടോ/വീഡിയോ കളില്‍ കൂടി  'അനശ്വരര്‍ (immortal) ആയി ത്തീര്‍ന്നു എന്നാണ്. ഇതാണ് ശരിയായ ബിംബാരാധന ,സ്വന്തം ബിംബത്തെ ആണെന്നെ ഉള്ളു.  നാര്‍സിസസ്  എത്ര നിഷ്ക്കളങ്കന്‍. അയാളുടെ പിന്‍ഗാമികള്‍ കണ്ണാടിക്കു മുന്‍പില്‍ നിന്നും , ലെന്‍സിനു മുന്‍പില്‍ നിന്നും മാറുന്നെയില്ല! അവര്‍ സ്വന്തം പ്രതിച്ഛായ, അതെന്തു തരവുമാകട്ടെ അതില്‍ ഭ്രമിച്ചു ഒരേ നില്‍പ്പ് തന്നെ.

Friday, November 4, 2011

തോന്ന്യാക്ഷരങ്ങള്‍

 
 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്

പഠിച്ചതോ പാടിയത് അതോ, പഠിപ്പിച്ചതോ പാടിയത് ?
പാടിയതോ കേട്ടത് ,കേട്ടതോ പാടിയത്?
എന്നല്ലേ ചോദ്യം ...
പഠിച്ചതല്ല പാടിയത്  പഠിപ്പിച്ചതല്ല പഠിച്ചത് എന്ന് ചൊല്ലി കാരണവര്‍ ചൂരലെടുത്തു
പൊട്ടക്കിണറ്റിന്   പതിനായിരം വട്ടം വലം വച്ചു
 ചതുര്‍ത്ഥി നാളില്‍ പഠിച്ചതൊക്കെ ഓലയിലെഴുതി  കാണിക്കയെന്നും ,
തുള്ളിക്കളിച്ചു ചൊല്ലി തിമിര്‍ത്തു   കേള്‍പ്പിക്കയെന്നും  കല്‍പ്പിച്ചു

പക്ഷെ ഞാനോ
ആ ഓല യല്ലേ ഈ കിണറ്റില്‍ കളഞ്ഞു
ആ എഴുത്താണി  യല്ലേ ഈ കിണറ്റില്‍ എറിഞ്ഞു 
ആ ഒച്ചയല്ലേ കാട്ടില്‍ കളഞ്ഞൂ ,
ആ പാഠ മല്ലെ കാറ്റില്‍ പറന്നൂ..
അതിനാലല്ലേ കാരണവര്‍ തപിച്ചൂ   ,
അതിനാലല്ലേ കാരണവര്‍ ശപിച്ചൂ ..
പഠിച്ചത് പാടാന്‍ ഇനിയെന്നെക്കിട്ടില്ലേ എന്ന് പാടി ത്തീര്‍ന്നതും
പടിയടച്ചില്ലേ കാരണവര്‍ ?
പാലം വലിച്ചില്ലേ  കാരണവര്‍ ?
കരി മേഘമൊന്നില്‍ പ്രാകി പറത്തീലെ, പ്രാഞ്ചി പ്പറത്തീലെ   കാരണവര്‍?
അതൊന്നും പോരാഞ്ഞ് തറവാടിന്‍ താഴത്ത് പടിയോളം വന്നെത്തി തുരുതുരെ തുപ്പീലെ കാരണവര്‍ ?
നീട്ടി ത്തുരു തുരെ തുപ്പീലെ  കാരണവര്‍?

എന്നിട്ട്  ഞാനോ
പഠിയാത്തതും  ചൊല്ലി
,
പറയാത്തതും ചൊല്ലി 
 മാനത്തും മച്ചിലും കേറിയിറങ്ങുന്നു ,
ഉടു തുണി യില്ലാത്തോരുടയോനെ  സൃഷ്ടിച്ചും
 ഉടു തുണി യില്ലാത്തോരുടയോളെ സൃഷ്ടിച്ചും
പാടത്തിരിക്കുന്നു, പടിമേലിരിക്കുന്നു
പടിഞ്ഞാറേ പാറയില്‍ കിഴക്കോട്ടിരുന്നിട്ടു
ഇടംകാലുനീട്ടി മലര്‍ന്നു കിടക്കുന്നു.....

 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്
.....

സാവിത്രി രാജീവന്‍ 
 2011 സെപ്റ്റംബര്‍ ലക്കം  മാതൃഭൂമി ആഴച്ചപ്പതിപ്പി ല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 
 

Wednesday, November 2, 2011

മത്സ്യാവതാരം



മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച  'മത്സ്യാവതാരം' എന്ന കഥ യിലേക്കുള്ള ലിങ്ക് .

Friday, October 28, 2011

പക്ഷമില്ലാതെ

സിനിമകള്‍,  ഡാന്‍സ്‌ ,സര്‍ക്കസ്,  നാടകം , വില്ലടിച്ചാന്‍ പാട്ട്, അങ്ങനെ വിവിധ കലാ പരിപാടികള്‍ ഒന്നും ഇനി ആവശ്യമില്ല  ഇക്കാലത്ത് നമ്മളെ രസിപ്പിക്കാന്‍ . മന്ത്രിമാര്‍, അവര്‍ക്കുള്ള പ്രതി പക്ഷം ഇവരെല്ലാവരും ചേര്‍ന്ന് നടത്തുന്ന റിയാലിറ്റി ഷോ മതിയല്ലോ മൂന്നു കോടി  ജനങ്ങള്‍ക്ക്‌ ഇരുപത്തി നാല് മണിക്കൂറും കണ്ടു രസിക്കാന്‍ ,കേട്ടുരസിക്കാനും. ഇനി ഒരു തെരഞ്ഞെടുപ്പുണ്ടായാല്‍ ജനം ആരെ തെരഞ്ഞെടുക്കും !!ആളുകള്‍ വലിയ വായില്‍ ഒച്ച വക്കുന്നിടത്ത് ആത്മഗതങ്ങള്‍ക്ക് പ്രസക്തിയില്ലെങ്കിലും കേരളത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങളില്‍ വീഴാത്ത  ഓരോരുത്തരം അതാണ്‌ സ്വയം ചോദിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. 
പക്ഷമില്ലാതെ  എന്ന അവസ്ഥ ഇല്ലെന്നു പറയും .എങ്കിലും കാണുന്ന ഒരു പക്ഷവും നമുക്ക് ജീവിതത്തെ കുറിച്ച് പ്രതീക്ഷ തരുന്നില്ലെങ്കില്‍ പുതിയ പക്ഷങ്ങള്‍ക്ക്‌ വേണ്ടി ആളുകള്‍ ആഗ്രഹിച്ചു തുടങ്ങും. രാഷ്ട്രീയക്കാരില്‍ ബഹുമാനം തോന്നുന്ന കാലം എന്നേ അസ്തമിച്ചു  കഴിഞ്ഞു!

Thursday, October 27, 2011

ശീര്‍ഷകം ഇല്ലാതെ

 ഇരുട്ടില്‍ ഇരുന്നു കുത്തിക്കുറിക്കുന്ന അക്ഷരങ്ങള്‍ പോലെ എന്റെ അക്ഷരങ്ങള്‍ക്ക് വടിവ് നഷ്ടപ്പെടുന്നു.
ചിലപ്പോള്‍ അവ ഒന്നിന് മേല്‍ ഒന്നായി പിരമിട് പോലെ വളര്‍ന്നുഎന്നെ തടവിലാക്കുന്നു.
  ചിലപ്പോള്‍ അവ വരികള്‍ പിഴച്ചും  വരികള്‍ വളഞ്ഞും , വരികള്‍ പിളര്‍ന്നും പോകെ പ്പോകെ  സ്വന്തമായി വഴിതേടുന്നു. ഇതാണ് ഞാന്‍ നിനക്ക് വേണ്ടി എഴുതാനിരിക്കുമ്പോള്‍ സംഭവിക്കുന്നത്‌. മുന്നില്‍ നീയില്ലെങ്കിലും നിന്റെ അറിയാ സാന്നിധ്യം, എന്റെ വിരലുകളെ ബന്ധിക്കുന്നു. അതാണ്‌ ഞാന്‍ കുതറി മറിയുമ്പോള്‍  അവയ്ക്ക് ദിശ തെറ്റുന്നത്. അവയുടെ  ചുവടും അതിന്റെ താളവും അതിന്റെ ശാന്തതയും നഷ്ടപ്പെടുന്നത്. അത് കൊണ്ടാണ് അവ പുറം തോട് മാത്രം നിന്റെ മുന്നിലിട്ട് ആത്മാവുമായി അന്തമില്ലാക്കടലിലേക്ക് എടുത്തു ചാടി എന്നെയും നിന്നെയും കബളിപ്പിക്കുന്നത് .
 ഇന്ന് ഞാന്‍ അവയെ തിരികെ വിളിക്കുന്നു. നീ പോലുമറിയാതെ ഞാന്‍  അവയെ ഒളിച്ചു കടത്തുന്നത്  എങ്ങനെയെന്നു പറയാം. 
ഈ ഇളം  കാറ്റ്  എവിടെ നിന്ന്  വരുന്നു എന്ന് നീയും പറയുക. 


Saturday, October 22, 2011

കാല നീതി

പത്ര വാര്‍ത്തകളില്‍ കൂടി ജീവിക്കരുത് അല്ലെങ്കില്‍ അത് തരുന്ന ആഘാതങ്ങളില്‍ സ്വയം തളച്ചിടരുത് എന്ന് കരുതിയാണ് ഓരോ ദിവസത്തിലേക്കും കണ്ണ് തുറക്കുന്നത്. അത് സാധിക്കാറില്ല. എത്ര കണ്ണടച്ചാലും അത്  പലതരം മനുഷ്യ ജീവിത സങ്കീര്‍ണ്ണ തകളെ  മുന്നിലേക്ക്‌ കൊണ്ട് വന്നു കൊണ്ടിരിക്കും. ഏറ്റവും  അടിയില്‍  ഓരോ വാര്‍ത്തയും ,ഓരോ റിപ്പോര്‍ട്ടും ജീവിതങ്ങളെ കുറിച്ചാണ് എന്നോര്‍ക്കുമ്പോള്‍  അതിനു നേരെ കണ്ണടക്കാന്‍  എങ്ങനെ കഴിയും!
ജനങ്ങളെ മറന്ന്,  അധികാരത്തില്‍ മതിമറന്നു പോയ രാജാക്കന്മാരുടെ ദുര്‍വിധികളെ പറ്റി ചരിത്ര പുസ്തകം നമ്മളോട് പറഞ്ഞു. പ്രജാക്ഷേമ തല്‍പ്പരര്‍ ആയിരുന്ന രാജാക്കന്മാര്‍ ഇന്നും ആ പ്രവര്‍ത്തികളുടെ പേരില്‍ ഓര്‍ക്കപ്പെടുന്നു. അതാതു കാലത്തെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് അവര്‍ ചെയ്ത ചില പ്രവര്‍ത്തികള്‍ എങ്കിലും മറക്കാതിരിക്കാന്‍  നമ്മള്‍ ഇക്കാലത്തും  ബാധ്യ സ്ഥര്‍  ആകുന്നു ചിലപ്പോള്‍. അതു കൊണ്ടാണ് ഒരു നല്ല കുറ്റവിചാരണ പോലും കിട്ടാതെ കൊല്ലപ്പെട്ട കേണല്‍ ഗദ്ദാഫി യെ പത്ര ത്താളുകളില്‍ കാണുമ്പോള്‍ പഴയ സല്‍ഗുണന്മാരായ  രാജാക്കന്മാരെ ഓര്‍മ്മ വരുന്നത്.ഒരു പക്ഷെ സര്‍വാധിപതി കളായി  പ്രജകള്‍ക്കു അസഹ്യമാകും  വിധം  ഭരിച്ചു സ്വന്തം കുഴി തോണ്ടുന്ന പുതിയ രാജാക്കന്മാരുടെ പതനം  ഇങ്ങനെ ആയിരിക്കും. അതായിരിക്കാം നീതി. ഇത്തരം കാഴ്ചകള്‍ നമ്മളെ മനുഷ്യാവസ്ഥ യിലെ അനിവാര്യമായ യാദൃശ്ചികതകളെയും തകിടം മറിയലുകളെയും  ഓര്‍മ്മിപ്പിക്കുന്നു.

Wednesday, October 19, 2011

നിശ

കുഞ്ഞു കുഞ്ഞു നിശാ ശലഭങ്ങള്‍ ഇന്നലെ അപ്രതീക്ഷിത മായി എന്റെ മുറിയില്‍ കടന്നു വന്നു. രാത്രി പത്തിനും പത്തരക്കും ഇടക്ക്  . അപ്പോഴാകാം അവയ്ക്ക് പറക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. പ്യൂപ്പയായിരുന്ന  അവരുടെ ബാല്യം ഞാന്‍ കണ്ടിരുന്നില്ല. എന്റെ മുറിയിലേക്ക് വന്നവയില്‍ പല നിറക്കാരും  തരക്കാരും ഉണ്ടായിരുന്നു. പച്ച, ഇളം തവിട്ടു, കറുപ്പില്‍ വരയുള്ളവര്‍..അങ്ങനെ ഒരു കൂട്ടം. 
രാത്രി വളരെ വൈകിയും അവ  മുറിയില്‍ പറന്ന് കളിച്ചു. ഇടയ്ക്കു വിശ്രമിച്ചു. പച്ചയും തവിട്ടും കറുപ്പും ശലഭങ്ങള്‍ തമ്മില്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നുണ്ടോ എന്നറിയാന്‍ എനിക്കുണ്ടായിരുന്നു ആകാംക്ഷ. ചുവരില്‍ പറ്റി ചേര്‍ന്നിരുന്ന, വലിപ്പത്തില്‍ ഏറ്റവും ചെറിയതായ ഇളം തവിടന്‍ ഇരുന്നിടത്തു നിന്ന് അനങ്ങിയതേയില്ല. എന്തായിരിക്കും അതിനു ഹേതു. വീട് വിട്ടിറങ്ങി പോന്ന പിണങ്ങിയ കുഞ്ഞിനെ പ്പോലെ അത് ഭിത്തിയോട് പറ്റി ച്ചേര്‍ന്നിരുന്നു. ചിലവ നിലത്തു പരതി നടന്നു. മധുരമുള്ളതൊന്നും താഴെ അവക്കായി കിടന്നിരുന്നില്ല. ചിലവ ധ്യാനത്തിലെന്ന പോലെ  ചിറകടച്ചു തൊഴുതിരുന്നു. പച്ച നിറക്കാരന്‍ മാത്രം കട്ടിലില്‍ വിശ്രമിക്കാനെന്നവിധം പറന്നിറങ്ങി. പിന്നെ സുഷുപ്തിയില്‍. അവ പറക്കട്ടെ , ചിറകു പൂട്ടി ധ്യാനത്തിലമരട്ടെ, വെളിച്ചത്തിന് നേരെ കുതിച്ചു തളര്‍ന്നു വീണു പോകട്ടെ, ഒടുവില്‍ വിശ്രമിക്കട്ടെ എന്ന് നിനച്ചു   വിളക്ക് കെടുത്താതെയും വാതിലടക്കാതെയും   തുറന്നിട്ട ജനവാതില്‍ പ്പാളികള്‍ ചാരാതെയും  ഞാന്‍ .. 
 പകലായി ,സൂര്യനായി ,വെളിച്ചമായി..നിശാ ശലഭങ്ങള്‍ എവിടെപ്പോയി മറഞ്ഞിരിക്കാം .

ഇന്ന് രാത്രി അവ ഈ ജനലിലൂടെ പറന്നിറങ്ങുമോ എന്റെ മുറിയില്‍ വെളിച്ചമായി..


Sunday, October 16, 2011

99%

ആ തൊണ്ണൂറ്റൊന്‍പതു  ശതമാനത്തിന്റെ കൂടെ.......
ആ തൊണ്ണൂറ്റി ഒന്‍പതില്‍   ഒരാള്‍ 
അതിന്റെ ബാക്കിയിലല്ല,
അതിന്റെ ശേഷിപ്പിലല്ല,

അതിന്റെ ഭീമന്‍ ഒന്നിലല്ല, 
അതിന്റെ  ഇമ്മിണി വലിയ ഒന്നിലല്ല !
ഒന്നുകള്‍ കാണാത്ത  തൊണ്ണൂറ്റി ഒന്‍പതില്‍ !!
ഒന്നുകള്‍ കേള്‍ക്കാത്ത  തൊണ്ണൂറ്റി ഒന്‍പതില്‍ !!
ഒന്നില്ലാത്ത  തൊണ്ണൂറ്റി  ഒന്‍പതില്‍

തൊണ്ണൂ റ്റൊന്‍പതു എനിക്ക് പഥ്യ മാകുന്നു , 
ഒന്നിനേക്കാള്‍ ഒന്നു മില്ലായ്മ പഥ്യമാകുന്നത്  പോലെ 
ചിട്ട ഗാനങ്ങളില്‍  കേള്‍ക്കാത്ത
അതിന്റെ
അവതാള ചിട്ടയും മട്ടും പഥ്യമാകുന്നു,
നിങ്ങള്‍ക്കെന്നത് പോലെ 
എനിക്കും !


Friday, October 14, 2011

ഐറ്റം ഡാന്‍സുകാര്‍

     "അല്ലെങ്കില്‍ പെണ്ണുങ്ങള്‍ എന്തിനെഴുതണം. അവര്‍  ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും മുഖ്യമായും അവര്‍ക്ക് വേണ്ടിയല്ലല്ലോ. ആണോ ? അത്രയ്ക്ക് സ്വാര്‍ത്ഥ ചിന്ത ആകാമോ പെണ്ണുങ്ങള്‍ക്ക്‌? പെറാനും,കുടുംബം പോറ്റാനുംഒരുകൂട്ടര്‍ , സ്വരാജ്യ സ്നേഹികളായ, വീടിനു പൊന്മണി വിളക്കുകള്‍.ഇനി ആകുടുംബം കുടുംബമായി നില നിര്ത്തുന്നതോ ,കുടുംബം വേണ്ടാത്ത ശരീര വില്‍പ്പന തൊഴിലാളികള്‍. അതിനും അവശ്യം വേണ്ടത് സ്ത്രീകള്‍ തന്നെ. സമ്മതിച്ചു. ഇതിലെവിടെയാണ്  എഴുത്തിന്റെ ആവശ്യം? ഇക്കാര്യങ്ങള്‍ക്ക്  ശരീരം ആരോഗ്യത്തോടെ നില നിര്‍ത്തിയാല്‍ മാത്രം മതി .അതിനു വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കാന്‍ ...നോക്കിന്‍ , നമുക്ക് എത്രയാണ് പ്രസിദ്ധീകരണങ്ങള്‍ ,എത്രയാണ് ചാനലുകള്‍, എത്രയാണ് ആത്മീയ വാദികള്‍ എത്രയാണ് ഭൌതിക വാദികള്‍! അതൊക്കെ കണ്ടും  കേട്ടും പഠിച്ചും ഇരുന്നു രാജ്യ സേവികമാരായി , പ്രതിഷ്ഠ കളായി  ഇരിക്കുന്നതിനു  പകരം ചിലര്‍ സ്വയം എഴുതാനോ ചിത്രം വരക്കാനോ നൃത്തം ചെയ്യാനോ നാടകം കളിക്കാനോ തുനിയും .അപ്പോഴാണ്‌ സമൂഹത്തിനു താളം തെറ്റുന്നത്. താളം തെറ്റിയ ഒരു സമൂഹത്തില്‍ എങ്ങനെ ജീവിക്കും? ദൈവമേ ..ഓര്‍ക്കാന്‍ വയ്യ. !
      ജീന്‍സും ചുടിദാറു മിട്ടു   കാലുകള്‍ സ്വതന്ത്രാക്കി അവര്‍ നടക്കാന്‍ തുടങ്ങിയത് പോകട്ടെ എന്ന് വക്കാം, പഠിച്ചു പഠിച്ചു  ആകാശവും കടന്നു ശൂന്യാകാശം കടന്നു അപ്പുറം പോകാന്‍  ചിലര്‍ തുനിഞ്ഞതും ക്ഷമിക്കാം കാരണം അവരുടേത് വലിയ താളപ്പിഴകള്‍ അല്ല , തന്റെ പാതികള്‍ക്ക് ചില സ്വാതന്ത്ര്യ മൊക്കെ അനുവദിച്ചില്ലെങ്കില്‍ അവറ്റ ഇതില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തു വച്ചാലോ! അതും നമ്മള്‍ നോക്കണമല്ലോ ..കഴുത്തില്‍ കെട്ടിയ കയറുകള്‍ ഇടയ്ക്കിടെ അയച്ചു കൊടുക്കണം എങ്കിലേ അവറ്റകള്‍ കെട്ടുകള്‍ മറന്നു മേയുന്ന പശുക്കളെ പോലെ പുല്ലു തിന്നു സന്തോഷിക്കൂ. എങ്കിലേ തങ്ങള്‍ ചെയ്യുന്നത് സ്വതന്ത്ര്യാഘോഷ മാണെന്ന്  നിനച്ചു ഉടു തുണിയുരിഞ്ഞു നൃത്തം ചെയ്യൂ. അത് കാണാന്‍ ആര്‍ക്കാണ് താത്പര്യ മില്ലാത്തത്! നല്ല ചോദ്യം ? പെണ്ണുങ്ങള്‍ അതാസ്വദിക്കില്ല എന്നോ ? അതിന്റെ കാരണം നമുക്കറിയില്ലേ? ഹോ ഹോ .. പെണ്ണുങ്ങള്‍ക്ക്‌ തമ്മില്‍ തമ്മില്‍ കാണുന്നതെ അസഹ്യമാണെന്ന  മഹത് വചനം  കേട്ടിട്ടില്ലേ ? നമ്മളെ പോലുള്ളവരുടെ തല ചേരും  , കുറഞ്ഞത്‌ ഇക്കാര്യത്തില്‍ എങ്കിലും! അവര്‍ രണ്ടും ചേര്‍ന്നാല്‍ ഉള്ള ആ   നാല് .....ചേരില്ല .." എന്നാ പ്രമാണം. ഹി ഹി..അത് തന്നെ !
അസൂയ.
  "മനസ്സിലാകാത്തത് ഇത്രയേ ഉള്ളൂ. സിനിമയിലെ ഐറ്റം ഡാന്‍സ് കാരെ പ്പോലെ സമൂഹത്തി ല്‍ ഐറ്റം  ഡാന്‍സ് കളിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ് തങ്ങളെന്ന് അവറ്റകള്‍ ക്ക് മനസ്സിലാകാത്തത് എന്താണോ എന്തോ ! പേറും വീട്ടിലെ അപ്രമാദിത്വവും തന്നെ അവര്‍ക്ക് ധാരാളം ! അല്ല പിന്നെ. എങ്കിലും ആരാ ഇപ്പോള്‍ അവര്‍ക്ക് ഒന്ന് ബുദ്ധി ഉപദേശിച്ചു കൊടുക്കുക, പറഞ്ഞ പണി ചെയ്തു പോകിന്‍ പെണ്ണുങ്ങളെ ,എഴുതാനും വായിക്കാനും നിറങ്ങള്‍ കൊണ്ട് കളിക്കാനും നാടകം നടിക്കാനും നടക്കാതെ എന്ന് .ഇനി ഇതൊക്കെ ചെയ്തെ അടങ്ങൂ എന്നുണ്ടെങ്കില്‍  ഞങ്ങള്‍ പറയും പോലെ  ചെയ്യിന്‍ എന്നും !"

"ചൂടാകല്ലേ, ഇന്നത്തേക്ക് ഇത് മതി എന്നോ ..എങ്കില്‍ മതി."


Wednesday, October 12, 2011

അല്ലാതിരിക്കാന്‍

ഓരോ മലയാളിയും കേരളത്തില്‍ ജീവിക്കുന്നത് പത്രവാര്‍ത്തകളിലൂടെയാണ്‌.  അങ്ങനെ ശ്വസിക്കുന്നതും തിന്നുന്നതും ഉറങ്ങുന്നതും പത്രം ടി വി വാര്‍ത്തകളിലൂടെ ആയിത്തീര്‍ന്ന   മലയാളിക്ക് മുന്നില്‍ ദിവസവും പിറന്നു വീഴുന്നത് ചോരയില്‍ കുളിച്ച അശുഭകാര്യങ്ങള്‍ ,അശുഭ വാര്‍ത്തകള്‍ തന്നെ. കൊടും കള്ളന്മാര്‍ നാട് നീളെ ഭീതി വിതച്ചു സ്വതന്ത്ര മായി വിലസുമ്പോള്‍ പണയം വച്ച കാശുമായി പോകുന്ന സാധുവിനെ കള്ളനാക്കി ആദര്‍ശ ധീര തയും സമൂഹ മനസ്സാക്ഷിയുടെ ഉണര്‍വും പ്രദര്‍ശിപ്പിക്കുന്ന നാട്ടുകാര്‍. റോഡില്‍ നടന്നു പോകുന്നവരെയും നില്‍ക്കുന്നവരെയും ഇടിച്ചിട്ടു വണ്ടിയും കൊണ്ട് പായുന്നവര്‍; അവര്‍ ചോര വാര്‍ന്നു മരിക്കുന്നതും നോക്കി  മൊബൈലില്‍ ഫോട്ടോ എടുത്തു രസിക്കുന്ന  എല്ലാറ്റിലും രസം കണ്ടെത്തുന്ന  'ആദര്‍ശ ധീരരായ' മറ്റൊരാള്‍ ക്കൂട്ടം.


 ആള്‍ക്കൂട്ടത്തിനു  മനസ്സോ മനസ്സാക്ഷിയോ  ആദര്‍ശമോ ധീരതയോ ഇല്ല. അവര്‍ കൂട്ടം കൂടി നില്‍ക്കുന്ന ഒറ്റപ്പെട്ട ഭീരുക്കള്‍ മാത്രം. ഇങ്ങനെയുള്ള ഭീരുക്കൂട്ടങ്ങളില്‍ ഒരാളായി,   അന്യരെ ദ്രോഹിക്കുന്നവരായി മാറാന്‍ മാത്രം കൂട്ടം കൂടുന്നവരായി  വലിയ ഒരാള്‍ക്കൂട്ടത്തെ  ഞാന്‍ കാണുന്നു. ഞാന്‍ അവരില്‍ ..............ഒരാള്‍?? അല്ലാതിരിക്കാന്‍ യത്നിക്കുന്ന  ഒരാള്‍ ഒരു പക്ഷെ....

Monday, October 3, 2011

ജോണ്‍ ബി. ഹിഗ്ഗിന്‍സ്

ജോണ്‍ ബി. ഹിഗ്ഗിന്‍സ് എന്ന അമേരിക്കന്‍ സംഗീതജ്ഞനെ പറ്റി മുന്‍പ് കേള്‍ക്കാന്‍ ഇടയായില്ല.അത് വളരെ കഷ്ടമായിപ്പോയി എന്ന് ഈയിടെ അദ്ദേഹത്തിന്റെ ചില ത്യാഗരാജ കൃതികള്‍ കേട്ട് കഴിഞ്ഞപ്പോള്‍ തോന്നി. ഇനി അദ്ദേഹം പാടിയ കര്‍ണ്ണാടക സംഗീത കൃതികള്‍ മുഴുവന്‍ കേട്ടാല്‍ മാത്രമേ സ്വസ്ഥത വരൂ എന്ന് തോന്നുന്നു. അത്ര നന്നായി തോന്നി കേട്ടതെല്ലാം .അപ്പോള്‍ കേള്‍ക്കാത്തത് അതിലും കേമമാകും എന്നല്ലേ വിചാരിക്കേണ്ടത്. 

1939 -ല്‍ ജനിച്ചു 1984 ല്‍ അകാലത്തില്‍  മരിച്ച അദ്ദേഹത്തിന്റെ ഒരു കീര്‍ത്തനാലാപനം  കേള്‍ക്കുക. 



Friday, September 30, 2011

വെറുതെ

ബുദ്ധിമാന്മാരുടെ /ബുദ്ധിമതികളുടെ ഒരു നാടാണ് കേരളം . ആരും സമ്മതിക്കും. എല്ലാവരും ആരോഗ്യ പരിപാലനത്തെ കുറിച്ചും  , മരുന്ന് മാഫിയയെ കുറിച്ചും , റോഡ്‌ അപകടങ്ങളെ ക്കുറിച്ചും മിനിമം ഗ്യാരണ്ടി പോലുമില്ലാത്ത  മോശം റോഡുകള്‍ തല്ലി ക്കൂട്ടുന്നതിലേക്ക്  നയിക്കുന്ന കോണ്ട്രാക്ടര്‍ + എഞ്ചിനീയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അവിഹിത കൂട്ട് കെട്ടിനെ കുറിച്ചും എത്ര വേണമെങ്കിലും സംസാരിക്കും. നാട്ടില്‍ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളെ യും നാം അപലപിക്കുകയും അതില്‍ സങ്കടപ്പെടുകയും ചെയ്യും. 
     ഇങ്ങനെ എല്ലാവരും  സൂര്യന് താഴെയുള്ള എല്ലാത്തിനെ കുറിച്ചും സ്വന്തമായ അഭിപ്രായങ്ങള്‍ സൂക്ഷിക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമാണ് ശരിയെന്നു കരുതുകയും ചെയ്യുന്ന ജന ക്കൂട്ടമാണ് കേരളീയര്‍. അവര്‍ തന്റെ അഭിപ്രായങ്ങളോട് യോജിക്കാത്തവരെ മൊത്തം വിഡ്ഢികളാക്കി കണക്കാക്കുകയും ചെയ്യും. തന്നെക്കാള്‍ കേമന്‍ ഇനി ജനിക്കാനിരിക്കുന്ന തേ  ഉള്ളുവെന്ന് ഓരോരുത്തനും കരുതുമ്പോള്‍ /തോന്നുമ്പോള്‍ അവര്‍ എന്ത് ചെയ്യും ? ഒന്നും ചെയ്യില്ല.  ഇങ്ങനെ  നിരന്തരം ചിലച്ചു കൊണ്ടിരിക്കും, എന്നെപ്പോലെ ത്തന്നെ.

    അതിനിടെ നമ്മുടെ ഇടയിലെ അതി ബുദ്ധിമാന്മാരായ ഗുണ്ടകള്‍ നിങ്ങളുടെ വീട് കയറി ഇല്ലാത്ത ആഭരണങ്ങളും  കാശും തിരഞ്ഞു ഒന്നുമില്ലെന്ന് കണ്ടു കോപിച്ചു റേഷന്‍ വാങ്ങാന്‍ മുപ്പതു രൂപയും സംഭാവന ചെയ്തു നിങ്ങളുടെ മുറ്റത്ത് മലവിസര്‍ജ്ജനം നടത്തി തിരിച്ചു പോകും.  
    മലദ്വാരത്തില്‍ പാര കയറ്റി ആരാണ് മലയാളികളെ ഇങ്ങനെ ജീവശ്ശവങ്ങള്‍ ആക്കുന്നത് ?

Thursday, September 29, 2011

ജി.കുമാരപിള്ളയുടെ ഒരു കവിത

ജി.കുമാരപിള്ളയുടെ  ഒരു കവിത , ഇന്ന് വീണ്ടും വായിച്ചപ്പോള്‍...എന്ത് ചെയ്യാന്‍? ഇഷ്ടം പഴയത് പോലെ തന്നെ നില നില്‍ക്കുന്നു എന്ന് കണ്ടു. ആ കവിത പകര്‍ത്തി വക്കുന്നു താഴെ. 

എത്ര യാതൃശ്ചികം

ജി . കുമാര പിള്ള

എത്ര യാതൃശ്ചികം!
 വാരത്തിനന്ത്യമാ; യോടിക്കിതക്കുന്നി -
താലപ്പുഴക്കുള്ള വണ്ടിയും തേടി ഞാന്‍
 കണ്ണിന്റെ മുമ്പിലിന്നൊന്നു    താന്‍ ; ദൂരത്ത്‌
പെണ്ണെന്നു പേര് ഉള്ളരോമല്‍     പരിഭ്രമം !

മാധവ രാവുവോന്നൂറി   ചിരിച്ചുവോ 
 മൂകമായ്  തെല്ലൊന്നു  ചോദിച്ചുവോ  സ്വയം 
പുഞ്ചിരി  കൊള്ളാ തിരിക്കുന്നതെമ്മട്ടു   
പഞ്ചാലോഹോത്ഭാവന്‍  നിത്യന്‍  നിരാമയന്‍
മൂവാണ്ടിനപ്പുറം  -വിശ്വസിക്കാവതോ

 'മൂവാണ്ടിന പ്പുറ   ത്താരായിരുന്നു  ഞാന്‍ 
പോകുന്നിടത്തെക്ക്  പോകുവോനെത്തുന്ന
നേരത്ത്തിലെത്തി ടത്തെത്തിയാലെത്തുവോന്‍

 ഒറ്റക്കൊരിന്ദ്രനായ്  ചന്ദ്രനായ്  രാജിച്ചോ -
രുജ്വല ഹങ്കാര ഗംഭീര  പൂരുഷന്‍ .
മൂവാണ്ടിനപ്പുറം -കാലം പറക്കുന്നു
'മൂവാണ്ടിന പ്പുറ   ത്താരായിരുന്നു നീ  ?
 ലോകാന്തരങ്ങള്‍ തന്‍ സൌരയൂഥങ്ങളില്‍
ഏകാന്ത ദീര്‍ഘമാം നിദ്രാ  പഥങ്ങളില്‍
ഞാനാമനന്തതക്ക പ്പുറത്തേതൊരു
താരാ ഗണത്തില്‍ കുടുങ്ങി ക്കിടന്നു നീ ?

കല്ലുപ്പിലുപ്പിന്‍ രസം പോലെ പച്ചില -
ച്ച്ചില്ലയില്‍ പച്ചപോലാട്ടി ന്നോഴുക്കുപോള്‍ ഗാഡ മാ-
യാത്ര മേള ന്യോന്യ ലീനര്‍ നാമെങ്കിലും
അത്ഭുതം തോന്നും കടങ്കഥ ക്കൊപ്പമാ -
എത്ര യാതൃശ്ചികം  നമ്മള്‍ തന്‍ സൌഹൃദം !

എത്ര യാതൃശ്ചികം !
കോടാനു കൊടിയിളിങ്ങി പ്പെരിങ്ങര
ഗോപാല പിള്ള തന്‍  ബീജമായ് വന്നതും
പാരില്‍ പരപ്പില്‍ തെരഞ്ഞി പ്പഴെടത്ത്
പാര്‍വതിയമ്മ തന്‍  ഗര്‍ഭത്തില്‍ വീണതും
പൊന്നോണ നാളിലെ പൂരാട സന്ധ്യയില്‍
 തൊണ്ണൂറ്റി  യൊമ്പ തില്‍ കണ്‍ തുറന്നെന്നതും

കുഞ്ഞായിരുന്ന നാള്‍ പുണ്യം പിറന്നൊരു
പൊന്നായി പൊന്നിലെ പൂവായിരുന്ന നാള്‍
കുറ്റിരുള്‍ പൊത്തി പൊതിഞ്ഞൊരു ഭദ്രമാം
കെട്ടിനകത്തെ  ത്തളത്തിലെ മെത്തയില്‍
ഒന്നിച്ച് ഉറങ്ങുന്ന എന്നെ    തോടാതെയെ
ന്നമ്മയെ കാണാതെ വേന്ദ്രന്‍ ഭയാനകാന്‍
കേട്ടിപ്പിടിച്ചെന്നെ  മാറോട്  ചേര്‍ക്കു മെന്‍
മുത്തശ്ശിയെ ത്തന്നെ കൊത്തിതുലച്ചതും
കുഞ്ഞുപോയ് കുട്ടനായ്  കുട്ടന്‍ കുമാരനായ്
 പിന്നെ കുമാര പിള്ളാഖ്യ നായ്  തീര്‍ന്നതും
ആലപ്പുഴക്കുള്ള വണ്ടികള്‍ ക്കുള്ളിലായ്
കാലത്തിനര്‍ദ്ധം   കഴിക്കുവോനായതും
എത്ര   യാതൃശ്ചികം   ജന്മവും സ്വത്വവും
സ്വത്വ ഭേദങ്ങളും കര്‍മ്മ ബന്ധങ്ങളും !

ഓര്‍ക്കതടിക്കുന്ന കാറ്റില്‍ പറന്നെത്തി -
യോര്‍ക്കാതെ എങ്ങോ  പതിക്കുന്ന വിത്തുപോള്‍
ആട്ടിന്‍ കിടാങ്ങ ളായ് ,യാനയായ് , പൂക്കളായ്
മാത്രക്ക് മാറുന്ന മേഘ രൂപങ്ങള്‍ പോല്‍
പെട്ടെന്നുരുള്‍ പൊട്ടി വെള്ളപ്പെരുംപാച്ചി -
ലെത്തിക്കുലുക്കി കലക്കുന്ന കോട്ട പോല്‍
എത്ര  യാതൃശ്ചികം  ജന്മവും സ്വത്വവും
സ്വത്വ ഭേദങ്ങളും ജന്മവും മൃത്യുവും!

18-12-1972


ജി . കുമാരപിള്ളയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നാണിത് . ജീവിതത്തിന്റെ ആകസ്മിതകളെ ഇങ്ങനെ നോക്കികാണുന്ന ഈ കവിത !

Wednesday, September 28, 2011

കുട്ടികളുടെ കാലന്മാര്‍!

     ഉത്തരവാദിത്യമില്ലാത്ത ഒരു ജനക്കൂട്ടമായി മാറി മലയാളികള്‍ എന്ന്  പറഞ്ഞാല്‍ ആക്ഷേപമാവുമോ?  ബൈക്കുകളും കമ്പ്യൂട്ടറും സ്കൂള്‍ ബസ്സുകളും ആണോ കേരളത്തിലെ കുട്ടികളുടെ കാലന്മാര്‍ എന്ന്  ചോദിച്ചാലോ  ? കേട്ടറിവുകള്‍ വച്ചു, കണ്ടറിവുകള്‍ വച്ച്  നോക്കുമ്പോള്‍ അങ്ങനെ വിശ്വസിക്കാനാണ് തോന്നുക .
  നമ്മുടെ മുതിര്‍ന്ന കുട്ടികളുടെ ജീവിതം നോക്കുക. കമ്പ്യൂട്ടറിന്   മുന്നില്‍ പതിനെട്ടു മണിക്കൂറും ജോലിചെയ്യ്തു ബൈക്കില്‍ കേറി വീടെത്തി തിന്നും തിന്നാതെയും  ഉറങ്ങി  എന്ന് കാണിച്ചും അവര്‍ ജീവിത ചക്രം ചലിപ്പിക്കുന്നു. ഇരു പതിനും മുപ്പഞ്ചിനും ഇടക്കുള്ള യുവാക്കള്‍. അവര്‍ക്ക്  വ്യായമാവുമില്ല വിശ്രമവും ഇല്ല. ഉള്ളത് മേല്‍പ്പറഞ്ഞ വിധമുള്ള  അധ്വാനത്തിന് ധാരാളം കൂലി കൊടുക്കുന്നു/കിട്ടുന്നു  എന്ന വ്യാജ വിശ്വാസവും ഏറിവരുന്ന വണ്ണവും രോഗങ്ങളും മാനസിക സംഘര്‍ഷങ്ങളും മാത്രം. (ലോക മുതലാളിമാര്‍ നടത്തുന്ന ബര്‍ഗര്‍ ചായക്കടകള്‍ കൂടി ഇവിടെ സജീവമായാല്‍ കുറെ കൂടി നന്നാവും അന്തരീക്ഷം!!!!) അവരുടെ ചെറുപ്പം ഊറ്റി ക്കുടിച്ചു മള്‍ടി നാഷണല്‍ കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോഴേക്കും  ഇവര്‍ ഏട്ടിലെ പശു പോലെ പുല്ലു  തിന്നാന്‍ പോലും കഴിവില്ലാത്ത വെറും ശരീരങ്ങള്‍ മാത്രമാകും.( സത്യത്തില്‍ ഇക്കാലത്തെ ഏററവും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗം ഈ അസംഘടിത  ഐ.ടി പ്രൊഫഷണലുകള്‍ ആണെന്ന് ഞാന്‍ കരുതുന്നു. )
      ബോംബു സ്ഫോടനങ്ങളിലും , യുദ്ധങ്ങളിലും, ഭൂകമ്പങ്ങളിലും മരിക്കുന്നതിനേക്കാള്‍ ആളുകള്‍ കേരളത്തില്‍ ആരോ ദിവസവും റോഡുകളില്‍ മരിച്ചു വീഴുന്നു. ഉത്തരവാദിത്വ മില്ലാത്ത സ്കൂള്‍ അധികൃതര്‍, ഡ്രൈവര്‍മാര്‍ , വിവിധയിനം ഉദ്യോഗസ്ഥര്‍, എല്ലാവരും ചേര്‍ന്നു എങ്ങനെ സാധാരണ ജീവിതം അസാധ്യമാക്കിക്കൊണ്ടിരിക്കുന്നു എന്ന് നമ്മള്‍ ഇന്നലെയും അനുഭവിച്ചറിഞ്ഞു. നിസ്സംഗതയാണ് ഏറ്റവും  വലിയ പാപമെങ്കില്‍ നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാരുകളെക്കാള്‍  പാപികള്‍ വേറെയില്ല. അവരെ തോളിലേറ്റുന്ന നമ്മളെക്കാള്‍ നിസ്സഹായരും.  


Tuesday, September 27, 2011

ജീവിതത്തില്‍ ഒരു നിമിഷം 2

.................ഇതിനകം അയാള്‍  പൊന്മാനു  മായി കൂട്ട് ചേര്‍ന്ന് കഴിഞ്ഞിരുന്നു  അതല്ലെങ്കില്‍ അയാള്‍ക്ക്‌ അങ്ങനെ നീരൊഴുക്കി ലേക്ക്  കൂപ്പു കുത്താന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. അയാള്‍ ഒരു അതി സാധാരണക്കാരനായിരുന്നല്ലോ. 
   നിത്യവും അയാള്‍ പുഴയിലേക്ക് കാല്‍ നീട്ടിയിരിക്കുന്ന ആ പാറയില്‍ ഇരുന്നും  കിടന്നും പാഴാക്കി ക്കളയുന്ന സമയത്തെ കുറിച്ച് പരാതി പറയുന്ന ഭാര്യയെ അന്ന് അയാള്‍ നിര്‍ന്നിമേഷം നോക്കിയതെന്തുകൊണ്ടാകാം ? 'എന്റെ ചൂണ്ടയില്‍ മത്സ്യങ്ങളൊന്നും    കൊത്താത്തത് എന്ത് കൊണ്ടാണെന്ന് നിനക്കറിയാമോ' എന്നയാള്‍ അവളോട്‌ ചോദിച്ചതും ?'നിങ്ങള്‍ക്കു ചൂണ്ടയിടാനും അവയെ വലക്കുള്ളില്‍ കുടുക്കാനും അറിയാത്തത് കൊണ്ട് എന്ന് അവള്‍ പറഞ്ഞതിനോട് ,ഒരു മത്സ്യത്തെ മറ്റൊന്ന് എങ്ങനെ...ഞാന്‍ ഒരു തിമിംഗല  മായിരുന്നെങ്കില്‍ ഒരു പക്ഷെ  .' എന്ന് പാതി വഴിയില്‍ മുറിച്ച  വാചകവും....
      അയാള്‍ കരയില്‍ അകപ്പെട്ടു പോയ ഒരു മത്സ്യ മാണെന്ന്  അയാളെ ബോധ്യപ്പെടുത്തിയത് ആരായിരിക്കും?അതേ ബോധ്യത്തിലാണോ  അയാള്‍ മുളം ചില്ലയില്‍ അയാളുടെ തലയ്ക്കു മീതെ ഇരുന്നു ഇടയ്ക്കിടെ കുലുങ്ങുന്ന ആ നീല നിറക്കാരന്‍ പൊന്മാനോട് സ്വകാര്യങ്ങള്‍ പങ്കു വച്ചത്. ഒരു പൊന്മാനല്ലാതെ ഒരു മത്സ്യത്തെ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആത്മഗതം ചെയ്തത് ?..........


Saturday, September 24, 2011

.ജീവിതത്തില്‍ ഒരു നിമിഷം -1

പുഴ അയാളെ നോക്കി ആ നേരം മന്ദഹസിച്ചു. അയാള്‍ പുഴയിലേക്ക് ഉന്തി നിന്ന കല്ലില്‍ വെറുതെ യിരുന്നു. ഇരു വശങ്ങളിലും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മുളകള്‍ ക്കുള്ളില്‍ തിങ്ങി ഞെരിഞ്ഞു ഞെരിഞ്ഞു ഒരു കാറ്റ്  പുറത്തേക്ക് വന്നു  നിറമില്ലാത്ത പുഴക്കാറ്റുമായി കൂടിക്കലര്‍ന്നു.   നിറഞ്ഞ സന്ധ്യയിലെ ചുവന്ന  വെളിച്ചത്തില്‍ മുളകള്‍ അയാള്‍ക്ക്‌ നേരെ വെറുതെ തലയാട്ടി ക്കൊണ്ടിരുന്നു. അയാള്‍ അതെല്ലാം കാണുന്നുണ്ടായിരുന്നോ ? കാക്കകളും മൈനയും അണ്ണാനും കാറ്റിലുലയുന്ന മുളകളോട്  കളിപറഞ്ഞു കൊണ്ടിരിക്കുന്നത്   അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നോ ?സംശയമാണ്. പുഴ നീരിന്റെ സാന്നിധ്യമല്ലാതെ ഒന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ലേ ആനിമിഷം.?  അടുത്ത നിമിഷം പുഴയോട് ചേര്‍ന്നു കടലിലേക്ക്‌ പോകാന്‍ ആവേഗം പൂണ്ടു നിലക്കുന്ന ഒരാത്മാവിനെ അയാള്‍ പിടിച്ച്‌ നിര്‍ത്തിയിരിക്കുകയായിരുന്നു. അതിന്റെ പിടച്ചിലും  കുതറലും കാറ്റിനോടോ  കാക്കയോടോ  മൈനയോടോ അയാള്‍ക്ക്‌  പറയാന്‍ ആവുമായിരുന്നില്ല.........

Thursday, September 22, 2011

നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും മറ്റൊരാള്‍ സദാ നോക്കി ക്കൊണ്ടിരിക്കുന്നു, മോണിട്ടര്‍  ചെയ്യുന്നു എന്ന് കരുതുക. ആ ചിന്ത തന്നെ ഒരാളെ ഭ്രാന്തന്‍/ഭ്രാന്തി ആക്കും.  അതിലൂടെ കടന്നു പോകുന്നവരും ഒരു പക്ഷെ അങ്ങനെ മോണിട്ടര്‍ ചെയ്യുക എന്ന ജോലി ചെയ്യാന്‍  നിര്‍ബന്ധിതരാകു ന്ന ചാര ഉദ്യോഗസ്ഥര്‍ക്കും ചിലപ്പോള്‍ ഭ്രാന്തു വന്നേക്കാം. ഇങ്ങനെ ഭരണ കൂടത്തിന്റെ നിരീക്ഷണ വലയത്തില്‍ അകപ്പെടുത്തി വിചാരണ ക്കും  തടവിനും വിധേയമാക്കുന്നത് ഭരിക്കുന്ന മന്ത്രിയുടെയോ മേലുദ്യോഗസ്ഥന്റെയോ തികച്ചും വ്യക്തി പരമായ ഹീന നേട്ടത്തിനു വേണ്ടിയാണെങ്കില്‍ സെന്‍സിറ്റീവ് ആയ ഒരു ചാരന് പോലും ചിലപ്പോള്‍ താന്‍ ചെയ്യുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തിയുടെ ആഴം തിരിച്ചറിഞ്ഞു അതില്‍ നിന്ന് വിട്ടുമാറാന്‍ ആഗ്രഹം തോന്നാം.



 Florian Henckel Von Donnersmarck സംവിധാനം ചെയ്ത The Lives Of Others എന്ന ജര്‍മന്‍ സിനിമ സ്റ്റേറ്റ് സര്‍ വൈലന്സിന്റെ തീക്ഷ്ണ ത ആഴത്തില്‍ ചിത്രീ കരിക്കുന്നു. രാഷ്ട്രീയ സിനിമ യുടെ ശക്തി !അതെ സമയം  ഒട്ടും വാചാലതയോ അമിതാവേശാമോ കാണിക്കാത്ത പ്രതിപാദനം.  നല്ല സിനിമ കണ്ടതിന്റെ സന്തോഷത്തില്‍ ഒരു ദിവസം.

Tuesday, September 20, 2011

കച്ചവട കാലം

ഒരു വയസ്സില്‍ തന്നെ  ദു:ഖ ഗാനങ്ങള്‍ ടി വിയിലും റേഡിയോ വിലും കേട്ടാല്‍ സങ്കടപ്പെട്ടു കരയുന്ന ഒരു കുഞ്ഞു എന്റെ  അയല്‍വാസിയായി ഉണ്ടായിരുന്നു. അവള്‍ക്ക് ഭാഷ യില്‍ പ്രാവീണ്യം വന്നു തുടങ്ങിയപ്പോള്‍ തന്നെ വേണ്ട, ആ പാട്ട് വേണ്ട' എന്ന് പറയാന്‍ ആണ് പഠിച്ചത് . കരഞ്ഞു നിലവിളിച്ചു കൊണ്ടുള്ള സെന്റിമെന്റല്‍ വഴു വഴുക്ക് പാട്ടുകളില്‍  തെന്നി വീഴാതെ അവള്‍ ഇപ്പോള്‍ ഒരു നാല് വയസ്സ് കാരിയായി. ഈയിടെ ഞാന്‍ ഒരു യാത്രയില്‍ അവളെ കണ്ടു .എവിടെ നിന്നോ കേട്ട് ഹൃദിസ്ഥ മാക്കിയ ഒരു കീര്‍ത്തനം അക്ഷര സ്ഫുട തയോടെ എന്നെ ചൊല്ലി കേള്‍പ്പിച്ചു അവള്‍. എപ്പോഴും ചിരിമാത്രമുള്ള കുഞ്ഞു മുഖം നിറങ്ങള്‍ കണ്ടാല്‍ സംഗീതം കേട്ടാല്‍ ജ്വലിക്കും. എത്രനേരം വേണമെങ്കിലും ഉണര്‍വിന്റെ  താളങ്ങള്‍ നിറഞ്ഞ പാട്ടുകള്‍ കേട്ട് അനങ്ങാതിരിക്കും. ചിലപ്പോള്‍ മൈക്കല്‍  ജാക്ക്സണ്‍ ആരാധകനായ അവളുടെ സമ പ്രായക്കാരന്‍ ആഗ്നയ് 'ഡയ്ഞ്ചറസ്..' എന്ന് പാടി വട്ടം കറങ്ങുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പിന്നെ പ്ലയിറ്റില്‍  കയറിനിന്നു കുച്ചുപുടി കളിക്കും. സ്കൂളില്‍ അവളുടെ ചേച്ചി കാണിക്കുന്നത് സ്കൂള്‍ കലാപരിപാടിക്ക്‌   അവള്‍ കണ്ടിട്ടുണ്ട്. ഈ തരം കഴിവുകളും ഭാവുകത്വവും , ഭാവനയും ഉള്ള കുഞ്ഞുങ്ങള്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ടാവാം. ശരി തന്നെ . ഇപ്പോള്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ അതൊക്കെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 
   പക്ഷെ അവരുടെ ആ പ്രോത്സാഹനം കുട്ടികളെ സ്റാര്‍ സിങ്ങറില്‍ പാടി പ്രശസ്തിയും പണവും ഉണ്ടാക്കാന്‍ പറ്റുന്നവര്‍ ആക്കണം എന്നതിലോ , ചിത്രം വരയ്ക്കുന്ന കുട്ടികള്‍ ആ രേഖകള്‍  കൊണ്ട്  ഏതു  വഴിയില്‍ പോയാല്‍ കാശ് സമ്പാദിക്കുന്നവര്‍   ആയി മാറും എന്നതിലുമാണ്  അവരുടെ ഊന്നല്‍. അത് കൊണ്ടുള്ള അന്തിമ ഫലം കുട്ടികള്‍ കലയെ കച്ചവടം ചെയ്തു എങ്ങനെ ജീവിത വിജയം നേടാം എന്ന വഴിയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു എന്നാണു. കച്ചവട ചരക്കായി  മാറുന്ന കല യില്‍ പിന്നെ മുന്നോട്ടു  പോക്കില്ല. അത് മനുഷ്യമനസ്സ് മായി  പ്രതി പ്രവര്‍ത്തിച്ചു അവനെ അനുഭൂതി കളുടെ തിരകളില്‍ ഏറ്റി കൊണ്ട് പോവുകയുമില്ല. സേവനം വ്യവസായമായി മാറിയ കാലത്ത് കല കച്ചവട സാമഗ്രിയാകാതെ എങ്ങനെ! അത് കച്ചവട സാമഗ്രിമാത്രമായി മാറാതിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.

Monday, September 19, 2011

ടി വി കൊണ്ടുള്ള പ്രയോജനം !

എന്റെ അഭിരുചികള്‍ ആണ് ലോകോത്തരം എന്ന് ഞാന്‍ പറയുകയില്ല. പക്ഷെ ടി.വിയിലും പ്രിന്റ്‌ മീഡിയകളിലും പ്രത്യക്ഷപ്പെടുന്ന എഴുത്തുകളും ചര്‍ച്ചകളും  കണ്ടും വായിച്ചും കഴിയുകയാണെങ്കില്‍ ഒരാളുടെ സര്‍ഗാത്മകതയും ഭാവുകത്വവും ചീഞ്ഞളിയാന്‍ അധികം താമസം വേണ്ട എന്ന് പറയാന്‍ മാത്രം ഉള്ള സെന്‍സ് ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു ണ്ട്  . മലയാളം ചാനലുകള്‍ മാത്രം ആണ് കാണുന്നതെങ്കില്‍ പിന്നെ പറയേണ്ട കാര്യമില്ല. പ്രേതം ,പിശാചു, ഭക്തി, ഇക്കിളി റിപ്പോര്‍ട്ടുകള്‍ , എസ എം എസ രാഷ്ട്രീയം, 'ബലാത്സംഗ ' ചര്‍ച്ച . കൃത്രിമ കഥാ സന്ദര്‍ഭങ്ങള്‍  മാത്രം ഒരുക്കി നീങ്ങുന്ന നന്മ വേഴ്സസ്  തിന്മ സീരിയലുകള്‍, ചര്‍വിത ചര്‍വണ സിനിമകള്‍, കൃത്രിമ ശബ്ദത്തില്‍ ഒരേ വിധം അവതരിക്കപ്പെടുന്ന കവിതാലാപനങ്ങള്‍, മിനുങ്ങുന്ന തുണികളുടെ ഇളക്കങ്ങള്‍, തമാശ എന്ന പേരില്‍ കാണിക്കുന്ന അലമ്പുകള്‍  ...എത്ര കാലം ഒരാള്‍ ഇത് കണ്ടു 'രസിക്കും '. 

അരുന്ധതി റോയിയുടെ ലേഖനത്തില്‍ ആണെന്ന് തോന്നുന്നു, ഇങ്ങനെ സൂചിപ്പിച്ചത്; ആദിവാസികളെ നിഷ്ക്രിയരും അവരുടെ അവകാശങ്ങളെ പറ്റി ബോധം ഇല്ലാത്തവരുമായി നില നിര്‍ത്താന്‍ ,അവരുടെ കുടുംബങ്ങള്‍ക്ക് ഓരോ ടി വി വാങ്ങി കൊടുത്താല്‍ മതി എന്നും അതോടെ വേറെ ആക്ഷന്‍സ് ന്റെ ആവശ്യം വരില്ലെന്നും , തീവ്രവാദികളെ പിടിക്കുന്ന സ്കോഡിലെ ഒരു പോലീസ് കാരന്‍ ഗൌരവമായി തന്നെ പറഞ്ഞു എന്ന്. 

രാജ്യത്തുടനീളം ഉള്ള ആളുകള്‍ ഇങ്ങനെ ബോധശൂന്യര്‍ ആയിക്കഴിഞ്ഞു എന്ന് ചുരുക്കം!


Saturday, September 17, 2011

വാക്കുകള്‍ മുടന്തുന്നു

  പെട്രോളിന് വില കൂടി. സമരം ചെയ്തു അത് കുറയ്ക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടാവുമോ? ചെറിയ ഈ പ്രക്ഷോപം കൊണ്ട് എന്തെങ്കിലും സംഭവിക്കുമോ? ആളുകളെ നട്ടം തിരിക്കുന്ന വിലക്കയറ്റം സാധാരണക്കാരെയും ഇടത്തരക്കാരെയും വീണ്ടും വീണ്ടും അസംതൃപ്തിയിലേക്കും കര്‍ഷകരെ ആത്മഹത്യയിലേക്കും തള്ളി വിട്ടു കൊണ്ടിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
  ഭരിക്കുന്ന കക്ഷികള്‍ സ്വന്തം നിലനില്‍പ്പ്‌ പോലും മറന്നു പെട്രോള്‍ കമ്പനികളെ സഹായിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. സാധാരണ ജനങ്ങളെ ,അവരുടെ  അശാന്ത ജീവിതങ്ങളെ 'ജനസേവകര്‍ ' ക്ക് കാണാന്‍ ആവുന്നില്ല. അവര്‍ ഉള്ളില്‍ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുക യാണെന്നും! വരൂ! കാണൂ.. ഈ തെരുവിലെ രക്തം '....എന്ന കവി വാക്യങ്ങള്‍ കൊണ്ട് നേര്‍ പ്രയോജനം ഉണ്ടാവില്ലെങ്കിലും ഓരോ നിസ്സഹായ ജീവിതവും അവരെ മേല്‍ ചവിട്ടുന്നവരോട് അതാണ്‌ ആവശ്യപ്പെടുന്നത് എന്ന് നാം അറിയുന്നു.തങ്ങളുടെ ചോര പൊടിയുന്ന ജീവിതത്തിലേക്ക് നോക്കാന്‍ .

വാക്കുകള്‍ മുടന്തുന്നു...എങ്ങനെ തുടരാന്‍ ..

Friday, September 16, 2011

ആഗ്നയിന്റെ ഓണം

ആഗ്നയ് ഓണം ആഘോഷിച്ചു തിരിച്ചു പോയി. ഓണ ദിവസത്തിനു മുന്‍പ് തന്നെ.

അല്ലെങ്കിലും കൊയ്തും മെതിയും നെല്ലും കണ്ണാന്തളി പ്പൂക്കളും   തുമ്പയും  തൃക്കാക്കരയപ്പനും മുറ്റത്ത് നിരന്നിരുന്ന ആ പഴയ ഓണം ആഗ്നയ് മാത്രമല്ല എന്റെ കുട്ടികളും കണ്ടിട്ടില്ല. ഓണം മാര്‍ക്കറ്റിലും പാക്കറ്റിലും പാകേജുകളായി ടി വിയിലും ആയി ,നമ്മള്‍ മാവേലിയെ പോലെ ഓണത്തിന്റെ കാഴ്ചക്കാര്‍  ആയിക്കഴിഞ്ഞു. 
ആഗ്നയിന്റെ മാവേലി!

  പുതിയ ഓണം ഇങ്ങനെ ഒക്കെയാണ് എന്ന് പ്രത്യേകം കാണിച്ചു കൊടുക്കേണ്ട കാര്യമില്ല. ഓണത്തിന്റെ പേരില്‍ വട്ടത്തിലും ചതുരത്തിലും ഇട്ട പൂക്കള ഡിസൈന്‍ കണ്ടു രസിച്ചു അവന്‍ പോയക്കഴിഞ്ഞു. അവന്റെ മഹാബലിയും മഹാബലിക്കു വരാനുള്ള ചെറിയ വണ്ടിയും എന്റെ ചുവരില്‍ വരച്ചു വച്ച് ഡല്‍ഹിക്ക് !


Monday, September 12, 2011

ഓണം

        ഈ വര്‍ഷത്തെ ഓണം കഴിഞ്ഞു. ഓണ ചന്തകളില്‍ പോകാതിരുന്നത് കൊണ്ടും, ചാനല്‍ ഓണക്കളികള്‍ കാണാതിരുന്നത് കൊണ്ടും ശാന്തമായ ഓണദിവസങ്ങള്‍ കിട്ടി. തമിഴ് നാട്ടില്‍ നിന്നുള്ള പൂക്കളും ,ഇന്ത്യയുടെ പല സംസ്ഥാനത്ത് നിന്നുള്ള കര കൌശല ഐറ്റ ങ്ങളും തുണിത്തരങ്ങളും കൊണ്ട് എന്റെ ഓണം 'സമ്പന്ന'മായില്ല.ദരിദ്രവും. രണ്ടു മൈനകള്‍ ,ഒരു ഉപ്പന്‍ , രണ്ടു അണ്ണാന്‍ മാര്‍ ,പത്തിരുപതു കാക്കകള്‍, ഒരു ചാവാലി പ്പട്ടി യും രണ്ടു സന്താനങ്ങളും , വൃദ്ധനായ കാല്‍ സ്വാധീനം കുറഞ്ഞ ഒരു പൂച്ച, അയലത്തെ രണ്ടു വയസ്സുകാരന്‍ കുട്ടി, ചെമ്പരത്തി പ്പൂ പറിക്കാന്‍ വന്ന ഒരു  പതിനാലുകാരി ഇത്രയും പേര്‍ ഓണ ദിവസം എന്നെ സന്ദര്‍ശിച്ചു . പിന്നെ വന്നു ഒരിളം കാറ്റ്, ചരിഞ്ഞു വീഴുന്ന നേര്‍ത്ത മഴയും. പിന്നാലെ കവിതയും .
               സമ്പന്നമായ ഒരോണം !


Friday, September 2, 2011

ആഗ്നയ് ന്റെ വിശേഷങ്ങള്‍

      ആഗ്നയിനു നാലുവയസ്സ്‌. യു കെ ജി യിലേക്ക് കയറി. ഡല്‍ഹിയില്‍ താമസം. വര്‍ത്തമാനം പറയാന്‍ ഹിന്ദിയും ചെറുതായി ഇംഗ്ലീഷും  ഉപയോഗിച്ച് തുടങ്ങി.കുഞ്ഞി ശ്ശബ്ദത്തില്‍ ,കൊഞ്ചലോടെ പലതും പറഞ്ഞു തുടങ്ങി.  ആഗ്നേയ് ഇന്നലെ യാണ് ഓണം കാണാന്‍ കേരളത്തിലേക്ക് വന്നത്. കേരളത്തിലെ പച്ചയും കാടും കണ്ട്.' യേ ജെന്ഗ്ള്‍ ഹേ ? " എന്ന് ചോദിച്ചു. പുഴ കണ്ട് 'ഈ വെള്ളം എവിടന്നു വന്നു ' എന്ന് ഹിന്ദിയില്‍ അന്വേഷിച്ചു .  തിരുവനന്തപുരം റോഡിലെ കുഴികളില്‍  വീണു കാറ്  കുലുങ്ങി ക്കുലുങ്ങി നീങ്ങുമ്പോള്‍ തല കൂട്ടിയിടിക്കുന്നതില്‍ രസിച്ചു ചിരിച്ചു. ഓണപ്പൂക്കളം കണ്ട് അതുപോലെ ഒന്ന് വേണമെന്ന് കരയാന്‍  ഭാവിച്ചു. മഴയില്‍ തുള്ളിക്കളിച്ചു. ജലദോഷം പിടിപെടുമെന്നു അവന്റെ അമ്മയുടെ പേടിയെ  വെള്ളത്തില്‍ കളഞ്ഞു പൂര്‍വാധികം സന്തോഷത്തിലായി വെള്ളം കളി. എല്ലാം കുട്ടികള്‍ കാണിക്കുന്നത് തന്നെ. അവരുടെ ലോകത്തെ ഭാഷയും കാഴ്ചയും ഏറെ വ്യത്യസ്ഥം. വിശപ്പിലും  , വ്യസനത്തിലും, ആഹ്ലാദത്തിലും അവര്‍ വേറെ വേറെ കുഞ്ഞുങ്ങളാകും. മഴ പെയ്യുന്നത് പോലെ  പെയ്തും തോര്‍ന്നും കാറ്റില്‍ പറന്നും.
     എന്നാല്‍ ആഗ്നെയിനെ  പോലെ ഇത്ര ചെറിയ കുട്ടി ക്കും അന്ന ഹസാരെ എന്ന പേര് പറയുന്നത് കേട്ടാല്‍ തിരിഞ്ഞു അന്ന ഹസാര ' എന്ന് പറയും എന്ന് ഞാന്‍ കരുതിയില്ല .ആ പേര്  ആഗ്നയ് പല തവണ  കേട്ടിട്ടുണ്ടാകും , സമര സ്ഥലത്തെ ജന ക്കൂട്ടവും അവന്‍ ഒരു പക്ഷെ കണ്ടിട്ടുണ്ടാവും. ടി വി യുടെ ഒരു 'പ്രഭാവം'   എന്ന്  മാത്രം പറഞ്ഞാല്‍ മതിയാകുമോ? കുട്ടികള്‍ ചലിക്കുന്ന വഴി വലിയവര്‍ക്കു അറിയാത്തതുപോലെ അവര്‍ ശൂന്യാകാശത്ത് നിന്ന് പോലും പലതും പിടിച്ചെടുക്കും. അവര്‍ക്കുണ്ട് നമുക്കില്ലാത്ത ആറാം ഇന്ദ്രിയം! ഇനി എന്താണ് ആഗ്നേയ് എന്നോട്  ഹസരെയേ പറ്റി പറഞ്ഞത് എന്നല്ലേ? 'അന്ന ഹസാരെ' എന്ന് എന്റെ വായില്‍ നിന്ന്  അനാവശ്യമായി വന്നതും ആഗ്നേയ് പറഞ്ഞു. ' അന്ന ഹസാരെ"..ഞാന്‍  അവനെ  കളിപ്പിക്കുന്നത്  പോലെ  ചോദിച്ചു    ' who is Anna Hazare ?അതാരാ? " അതുകേട്ടു  നെറ്റി ചുളിച്ചു ആഗ്നയിന്റെ ഉത്തരം . " who is anna hasara! Anna hazara is a temple!" നാല് വയസ്സുകാരന് എന്തെല്ലാം അറിയാം ...അല്ലെങ്കില്‍ അവന്‍ ചുറ്റുപാടും നടക്കുന്നത് എങ്ങനെയൊക്കെ മനസ്സിലാക്കുന്നു ,എന്നോര്‍ത്ത് വലിയ വിസ്മയം തോന്നി.ആരും പറയാതെ ,പറഞ്ഞു പഠിപ്പിക്കാതെ അവന്‍ എന്തൊക്കെ ഉള്ളില്‍ സംഭരിക്കുന്നു, അറിവായും അനുഭവമായും. കുട്ടികളുടെ ലോകം പക്ഷികളുടെ ലോകം പോലെ അല്ലെങ്കില്‍ എനിക്കറിയാത്ത എല്ലാത്തിനെയും  പോലെ എന്നെ ആശ്ചര്യ പ്പെടുത്തുന്നു.  എന്നെ മോഹിപ്പിക്കുന്നു. !!





Friday, August 26, 2011

തീവണ്ടി ഭക്ഷണം

    ട്രെയിനുകളിലെ യാത്ര ചിലപ്പോള്‍ സന്തോഷം തരും. തിരക്കില്ലാത്ത, അതേസമയം മനുഷ്യര്‍ ഉള്ള കമ്പാര്‍ട്ട് മെന്റുകള്‍. അങ്ങനെ ഒരു സമാധാന യാത്ര ആഗ്രഹിച്ചാണ്  ജന ശതാബ്ദി യില്‍ കയറിയത് കോഴിക്കോട്ടു നിന്നും കോട്ടയം വഴി വരുന്ന തീവണ്ടി ശീതികരിച്ച മുറി. പാറ്റയും   മൂട്ടയും നിറഞ്ഞു കവിഞ്ഞിട്ടില്ല . ഇല്ല എന്ന് തന്നെ പറയാം. പരശുരാമിലെയും വേണാടി ലെയും മുറികളെ അപേക്ഷിച്ച് . അവയിലെ  എ സി മുറിയില്‍ ഇരുന്നാല്‍ അഞ്ചു മിനിട്ടിനകം ശരീരം ചൊറിഞ്ഞു തുടങ്ങും. പാറ്റ ഇഴയുകയും എലി കള്‍ പരക്കം പാഞ്ഞു  ചിലപ്പോള്‍ കാലില്‍ നക്കിയോ കടിച്ചോ നമ്മളെ ഞെട്ടിപ്പിച്ചു  എന്നും വരും. കഴിക്കാനുള്ള ഭക്ഷണം വയ്ക്കാന്‍ നിവര്‍ത്തി വക്കാവുന്ന ചെറിയ പലക നിവര്‍ത്തിയാല്‍  ഒരു റിഫ്ലെക്സ്   പോലെ സിനിമയില്‍ ഗര്‍ഭിണിയായ നായിക ഒക്കാനിക്കാന്‍ ഇടം തേടി  പാഞ്ഞു പോകും പോലെ നമ്മള്‍ ഓടാന്‍ ആഗ്രഹിക്കും.

       സാധനങ്ങള്‍ ,പേപ്പര്‍ മുതലായവ വക്കാന്‍ മുന്നിലെ സീറ്റില്‍ നമുക്ക്  അഭിമുഖമായി ഘടിപ്പിച്ച ചെറിയ  റെക്സിന്‍ സഞ്ചിയില്‍ നിന്ന് നമുക്ക് എന്തും പ്രതീക്ഷിക്കാം , പാറ്റയോ, അതിനു മുന്‍പ് ഇരുന്നവര്‍ അവശേപ്പിച്ചു പോയ പഴകിയ ,നാറ്റമുള്ള ഭക്ഷണ സാധനങ്ങളോ, ഒലിച്ചു വീഴുന്ന കാപ്പിയോ/ചായയോ എന്തും.

        ഇതില്‍ നിന്നും  കുറച്ചു വ്യത്യാസമുണ്ട് ജനശതാബ്ദിക്ക് , കാശും കൂടുതല്‍ വാങ്ങുന്നുണ്ടല്ലോ.ഭക്ഷണത്തിനും ടിക്കറ്റിനും സര്‍വീസിനും  എല്ലാം. എന്നിട്ടെന്താ ? ഈ കോട്ടയം വഴി വന്ന വണ്ടി എന്റെ   മുഴുവന്‍ സന്തോഷവും കളഞ്ഞു . ഒരു നിവൃത്തിയും  ഇല്ലാത്തത് കൊണ്ട് ഞാന്‍ അതില്‍ നിന്നും വാങ്ങി ക്കഴിച്ച ഇഡ്ഡലി എന്നും വട എന്നും  അവര്‍ പേരിട്ട സാമ്പാര്‍ ചമ്മന്തി സാഹിത മുള്ള ആ ഭക്ഷണം   എന്റെ വയര്‍ താറുമാറാക്കി. അതില്‍ നിന്ന്  വാങ്ങി രണ്ടു തവണ മാത്രം സിപ്പ് ചെയ്ത ആ കാപ്പി കൂടി മുഴുവന്‍  കുടിച്ചിരുന്നെങ്കില്‍!! ഇന്ന് ഏതാശുപത്രിയെ ശരണം പ്രാപിക്കേണ്ടി വരുമായിരുന്നു എന്ന് മാത്രമേ സംശയമുള്ളൂ.

          ഏത് പദാര്‍ഥങ്ങള്‍ കൊണ്ടാണ്   ആ   ഇഡ്ഡലി കളും വടയും  കാപ്പിയും ഉണ്ടാക്കിയ തു എന്ന്
     ഇപ്പോഴുമുണ്ട് എനിക്ക് വിസ്മയം.  അരി, ഉഴുന്ന് , പാല്‍ ,കാപ്പി ഇവയൊക്കെ അതില്‍ ഉപയോഗിച്ചു എന്നെനിക്കു തോന്നുന്നില്ല. പിന്നെ എന്താവാം ഇഡ്ഡലി, വട, കാപ്പി എന്ന പേരില്‍ ഞാന്‍ തിന്നതും രുചിച്ചു നോക്കിയതും !! ട്രയിനിലെ പന്റ്റി വാലകള്‍ക്ക് അറിയാമായിരിക്കും; കാന്റീന്‍ കോണ്‍ട്രാക്റ്റര്‍ക്കും !

Saturday, August 20, 2011

വെറും വിചാരങ്ങള്‍

      സുഹൃത്തുക്കള്‍ ഇല്ലാത്ത ഒരാള്‍. അങ്ങനെ ഉണ്ടാവില്ലേ? സ്ത്രീകള്‍ പൊതുവേ അങ്ങനെ യാണ് എന്ന് തോന്നുന്നു. പരിചയക്കാര്‍ ഉണ്ടാകും .അവര്‍ സുഹൃത്തുക്കള്‍ ആകണമെങ്കില്‍ ..എങ്ങനെയാണ്  ഒരാള്‍ക്ക്‌ സൗഹൃദം  ഉണ്ടാകുന്നത്. അത് പ്രണയം പോലെ യാണെന്ന് എനിക്ക് തോന്നുന്നില്ല. ഒറ്റ നോട്ടത്തില്‍ അവള്‍ /അവന്‍ എന്റെ സുഹൃത്ത് തന്നെ എന്ന ഒരടുപ്പം .മുതിര്‍ന്നു സ്വാര്‍ഥതയും ആക്രാന്തവും വളര്‍ന്നു മുറ്റിയവരില്‍ ഒരിക്കലും അത് സംഭവിക്കില്ല. ഇനി അത്തരക്കാര്‍ തമ്മിലുള്ള സൗഹൃദം ഉണ്ടായാല്‍ തന്നെ  പരസ്പരം കാര്യസാധ്യങ്ങള്‍ക്കും  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി കൊണ്ട് നടക്കുന്ന ഒരു ഏര്‍പ്പാടായി തീരുകയും ചെയ്യും. നേട്ടങ്ങള്‍ ഇല്ലാതാവുന്നതോടെ അസ്തമിക്കുന്ന ആ ബന്ധങ്ങള്‍ക്കു  എങ്ങനെ സൗഹൃദം എന്ന്  പേര് പറയും?
    കുട്ടിക്കാലത്തും കൌമാരകാലത്തും, "ആ കുട്ടി എന്റെ കൂട്ടുകാരി ആയിരുന്നെങ്കില്‍" എന്ന് എന്നോട് അടുപ്പവും സ്നേഹവും തോന്നിയ മൂന്നു കൂട്ടുകാരികള്‍ എനിക്കുണ്ടായിരുന്നു. അവരില്‍ രണ്ടു പേര്‍ ഇന്നും എന്റെ ആത്മ മിത്രങ്ങള്‍ തന്നെ. എന്റെ സന്തോഷത്തില്‍ സന്തോഷിക്കുകയും ക്ലേശ ങ്ങളില്‍  ഖേദിക്കുകയും ചെയ്യുന്നവര്‍. എപ്പോഴും കാണുകയോ എല്ലാ ദിവസവും സംസാരിക്കുകയോ ചെയ്യേണ്ടാത്ത്തവര്‍, എങ്കിലും എപ്പോഴും ഉള്ളില്‍ ഉള്ളവര്‍. കാണുമ്പോള്‍ കുട്ടിക്കാലത്തെ പോലെ ഇടതടവില്ലാതെ സംസാരിക്കുന്നവര്‍. എന്റെ കവിതയോ കഥയോ ചിത്രമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ എന്നെ അറിയാന്‍ ആവശ്യമില്ലാത്തവര്‍. മറ്റൊരാള്‍ എന്നെ  പറ്റി  പറയുന്ന ഒരു ദൂഷണത്തിലും   വീണു പോകാത്തവര്‍, അതുകേട്ടു എന്നെ തളളി പറയാത്തവര്‍. അങ്ങനെ രണ്ടോ  മൂന്നോ അഞ്ചോ പേര്‍. കണക്കെടുത്താല്‍ അത്രയേ ഉളളൂ എനിക്ക് കൂട്ടുകാരായി! അത് മതി .
     മറ്റുള്ള ചില സൗഹൃദം ഇങ്ങനെ യാണ്. പരസ്പരം കാണുമ്പോള്‍ ചൊരിയുന്ന സദ്‌ വാക്കുകള്‍ കേട്ടു അത് വിശ്വസിച്ചു നിങ്ങള്‍ വെറുതെ ഒന്ന് ഫോണ്‍ ചെയ്തു നോക്കൂ , അവര്‍ സഗൌരവം മുന്പരിചയമേ ഇല്ലെന്ന മട്ടില്‍ വാക്കുകള്‍ ചുരുക്കും. ഒരു പക്ഷെ നമ്മള്‍ ഫോണില്‍ വിളിച്ചത് വെറും സൌഹൃദത്തിന്റെ പേരില്‍ ആണ്, കാര്യ സാധ്യങ്ങള്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് ബോധ്യമായാല്‍ തുടര്‍ന്നു വരുന്ന വാക്കുകള്‍ മധുരിക്കും. അതല്ല "നമ്മുടെ മറ്റേ സുഹൃത്തിറെ ഫോണ്‍ നമ്പര്‍ ഒന്ന് തരാമോ ,അതിന് വേണ്ടി കൂടിയാണ് വിളിച്ചത്" എന്ന് പറഞ്ഞു നോക്കൂ..അപ്പോള്‍ വരും ഉത്തരം 'അയ്യോ ,ഉണ്ടായിരുന്നു കേട്ടോ, ഇപ്പൊ കാണുന്നില്ല' അത്ര ചെറിയ ഉപകാരം പോലും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന കൂട്ടുകാരുമായി എന്ത് കൂട്ട് !
  സ്നേഹിക്കുക  എളുപ്പമല്ല , സ്നേഹത്തില്‍ ഉത്തരവാദിത്വവും പരിഗണനയുമുണ്ട് , തന്നോട് തന്നെയുള്ള , ജീവിതത്തോടുള്ള ഉത്തരവാദിത്വം. നല്ല , കപട ലേശമില്ലാത്ത വാക്കോതുവാന്‍ ത്രാണി ഉണ്ടാവണം എന്ന് പറയുന്നത് എത്ര വാസ്തവം ! 
ഉപാധികളില്ലാത്ത സ്നേഹത്തിനു മാത്രമേ നല്ല സൌഹൃദവും തരാന്‍ കഴിയൂ , കൊടുക്കാനും.

Saturday, August 13, 2011

ഖിന്നം

         ബാംഗ്ലൂരില്‍ ദക്ഷിണേന്ത്യന്‍ കവികളുടെ ഒരു സമ്മേളനം . പല ഭാഷകളില്‍ നിന്നുള്ള കവികള്‍,തെലുങ്ക്‌ ,കന്നഡ , തുളു, തമിഴ്, ഉര്‍ദു, കൊങ്ങിണി, മലയാളം. കവിതാ വതരണം നന്നായി .ചില കവികള്‍  നിരാശപ്പെടുത്തിയെങ്കില്‍ ചില  ചെറുപ്പക്കാരായ തമിഴ് സ്ത്രീ കവികള്‍ നല്ല കവിതകള്‍   അവതരിപ്പിച്ചു, വീറുള്ള കവിതകള്‍.      
   എങ്കിലും കവികള്‍ മ്ലാനരും ഖിന്നരുമാണെന്ന് എനിക്ക് തോന്നി. ആ വൈകുന്നേരം സന്ധ്യയും മഴയും കൊണ്ട് മൂടി ഒട്ടും സൂര്യപ്രകാശം ഇല്ലാതിരുന്നത് കൊണ്ടാണ്  അതെന്നു   ഞാന്‍ വിചാരിക്കുന്നില്ല. അവിടെ കൂടിയിരുന്ന കവികള്‍  ഉള്ളില്‍  കരയുന്നത് പോലെ .അല്ലെങ്കിലും കവികള്‍ അങ്ങനെയാണ് . സ്പര്‍ശിനി കള്‍ കൂടുതല്‍ ഉള്ളവര്‍ . അവര്‍ ഹൃദയം കൊണ്ട് ലോകസ്പന്ദനം അറിയുന്നത് കൊണ്ടാവാം വിഷണ്ണരും ഉള്‍ വലിഞ്ഞവരും ആയിക്കാണപ്പെട്ടത് .  ലോകത്തിന്റെ സ്പന്ദനങ്ങള്‍  മാത്രമല്ല   അതിന്റെ ഗതിവേഗങ്ങ ളും  അവരെ അശാന്തരാക്കുന്നുണ്ടാകാം. അതായിരിക്കാം ടാഗോറിന്റെ ഗീതാഞ്ജലി യെ   കുറിച്ച് പറയുമ്പോള്‍ പ്രൊഫ: സിദ്ധലിംഗയ്യ മനുഷ്യര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് വാചാലനായത് . പുതിയ കാലം കവിയോടു പറയുന്നത്, അല്ലെങ്കില്‍ ആവശ്യപ്പെടുന്നത് എന്താണ് ? അത് എന്ത് തന്നെയായാലും  ഒരു കവിയായിരിക്കുന്നത് എത്ര ദുഷ്കരമാണ് !!




Friday, August 5, 2011

'ഉച്ച തിരിഞ്ഞു അഞ്ചുമണിക്ക് '

    ഇന്നലെ  At Five In The Afternoon എന്ന  അഫ്ഘാന്‍ മൂവി കണ്ടു . താലിബാന്റെ  പതനത്തിനു ശേഷമുള്ള, യുദ്ധക്കെടുതികള്‍ക്ക്‌ ശേഷമുള്ള അഫ്ഘാന്‍ ജനങ്ങളുടെ ജീവിതം, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം മനുഷ്യ നിസ്സഹായത കള്‍ ശക്തമായി,  അതേ സമയം തികച്ചും ലളിതമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ഒരു സിനിമ . പരന്നു നീണ്ടു നീണ്ടു കിടക്കുന്ന, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍, വിജനമായ  പൊടിക്കാറ്റും വരള്‍ച്ചയും കൊണ്ട് മൂടിയ പച്ച കാണാത്ത സ്ഥലങ്ങള്‍,  ഒരിക്കല്‍ ആ രാജ്യത്തെ  ഒരു പക്ഷെ ഏററവും സൌന്ദര്യമുള്ള ആ കെട്ടിടങ്ങ ളില്‍ മനുഷ്യര്‍  ഉണ്ടായിരുന്നു എന്ന കാര്യം ഓര്‍മ്മ പ്പെടുത്തി നമ്മെ ആ മരുഭൂമി  ക്ലേശത്തില്‍  ആഴ്തും.  
തകര്‍ന്നടിഞ്ഞ  കെട്ടിടങ്ങളുടെ അവശിഷ്ട ങ്ങളില്‍  ഭക്ഷണവും വെള്ളവും കിട്ടാതെ ജീവിച്ചു തീര്‍ക്കുന്ന മുഷിഞ്ഞ, എങ്കിലും രൂപ ഭംഗിയുള്ള കുഞ്ഞുങ്ങളും യുവതികളും, വൃദ്ധരും  തരുന്ന കാഴ്ചകള്‍. അവ ദയനീത ജനിപ്പിച്ചല്ല നമുക്ക് മുന്‍പില്‍ വരുന്നത്. ജീവിക്കുന്നതിനുള്ള പോരാട്ടവും ശക്തിയും  , എരിയുന്ന ആ നിസ്സഹായ മായ ആ അവസ്ഥയിലും കൈവിടാത്ത ഒരു ജന സമൂഹത്തിന്റെ മന:ശക്തിയാണ് നമുക്ക് അനുഭവിക്കാന്‍ കഴിയുക.  കൊടും ദാരിദ്ര്യത്തിലും ആത്മാഭിമാനം കളയാതെ   കടുത്ത വിശ്വാസത്തിലൂടെയും ആചാരങ്ങളിലൂടെയും തന്നെ ജീവിച്ചു തീര്‍ക്കുന്ന,തോല്‍ക്കാന്‍ മനസ്സിലാത്ത  ഒരു ജനത . സ്ത്രീകള്‍ക്ക്  വിദ്യാഭ്യാസത്തിനും  സ്വതന്ത്ര സഞ്ചാരത്തിനും കടുത്ത നിബന്ധനകള്‍ നില നില്‍ക്കുമ്പോള്‍ അത് മറികടന്നു ജനങ്ങളെ സേവിക്കാനും അവരുടെ ഈ അവസ്ഥ മാറ്റാനും വേണ്ടി വിദ്യാഭ്യാസം ചെയ്യണമെന്നും, പ്രസിടണ്ട് പദവി നേടണം എന്നും ഉറച്ചു  അതിന് വേണ്ടി സ്വപ്നം കാണുകയും  പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൌമാരക്കാരിയായ സ്കൂള്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ ഒരു ജനതയുടെ ആശയും അഭിലാഷവും നാം അറിയുന്നു. ആ പെണ്‍കുട്ടിയാണ് അഫ്ഗാനിസ്താന്‍ എന്ന ഭൂ പ്രദേശം ,സ്വപ്നങ്ങള്‍ കണ്ടു കഴിയുന്ന ,പ്രതീക്ഷ വറ്റാതെ ജീവിതം തളളി നീക്കുന്ന ഒരു ജനതയുടെ  കെടുതി രാജ്യങ്ങളുടെ പ്രതിനിധി.


                      


     ഈ സിനിമക്ക് ഇങ്ങനെ ഒരൊറ്റ കാഴ്ച മാത്രമല്ല ഉള്ളത്..അതിനെ നമ്മുടെ യുക്തിയും വിചാരവും വികാരവും അനുവദിക്കുന്ന  ശക്തിയും  സെന്‍സിബിലിറ്റി  യും വച്ചു അനേകം അടരുകളില്‍   കാണാം. അതാണ്‌ അതിന്റെ ശക്തിയും ഭംഗിയും. 

Thursday, August 4, 2011

എന്തെല്ലാം സമാചാരം

"എന്തെല്ലാം സമാചാരം എന്താ നിങ്ങടെ ആചാരം "? എന്ന് ചോദിച്ചാല്‍ ഇന്ന് മനുഷ്യര്‍ മനുഷ്യരെ അപമാനിക്കുന്ന രീതികളിലെ അശ്ലീലങ്ങളില്‍ പെട്ട ഒരു ഉദാഹരണം കണ്ടാല്‍ മാത്രം   മതിയാകും നമ്മുടെ നടപ്പ് ആചാരം എന്താണെന്ന് മനസ്സിലാകാന്‍. ഇന്നത്തെ മുഴുവന്‍ ദിവസം ഒരാള്‍ക്ക്‌ അസ്വസ്ഥതയില്‍ കഴിയാനും അതുമതി. അമ്മയും ഭാര്യയുമൊത്ത് പോകുന്ന യുവാവിനെ അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ അടിച്ചു എന്ന് പത്രവാര്‍ത്ത.സദാചാര പോലീസ് ചമഞ്ഞ ആറ് പേരെ ഔദ്യോഗിക പോലീസ് പിടിച്ചു. നല്ലത്. തിരുവനന്തപുരത്താണ് ഇത് സംഭവിച്ചത്. സദാചാരികളുടെ ആവശ്യം പത്ര റിപ്പോര്‍ട്ട് പ്രകാരം ' നിന്റെ ഊഴം കഴിഞ്ഞില്ലേ ഇനി അവരെ ഞങ്ങള്‍ക്ക് വിട്ടു താ' എന്നായിരുന്നു.ഭാര്യയാണെന്നു  തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും അവറ്റ ചോദിച്ചത്രേ .അമ്മയാണെന്ന് തെളിയിക്കാന്‍ എന്ത് കാണിക്കാനായിരിക്കും  അവര്‍ ആവശ്യപ്പെടുക?  ഓരോ ദിവസവും  റോഡിലിറങ്ങിയാല്‍ പല തരം അപമാനങ്ങള്‍    നമ്മള്‍ എല്ക്കുന്നുണ്ട്.  ഏതെങ്കിലും ഒരുത്തന്റെ തെറി കേള്‍ക്കാതെ ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യം എന്നേ പറയേണ്ടു.  മനുഷ്യര്‍ ഇങ്ങനെ അപമാനിക്കപ്പെട്ടു  കൊണ്ടിരിക്കുന്നു.പരസ്പരം അപമാനിക്കുന്നു.  പണ്ട് കാലത്ത് താഴെ ക്കിടയിലെ പെണ്ണുങ്ങളെയും ആണുങ്ങളെയും മേലാളന്മാര്‍ അപമാനിക്കുകയും വിരട്ടുകയും ചെയ്തു വെങ്കില്‍ ഇപ്പോള്‍ അത് ജനകീയമായി. ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും അവരുടെ മുന്‍പില്‍ പെട്ടാല്‍ ധനികര്‍ക്കും  ഒരേ വിധം തങ്ങളുടെ ശത്രുത വെളിവാക്കാന്‍ അവസരം ഉണ്ട്. അതാണ്‌ ഡെമോക്രസിയുടെ ഒരു ഗുണം! കേരളം തികച്ചും ഭ്രാന്താലയം ആയതു ഇപ്പോഴാണോ?
എന്തായാലും ഇനി മുതല്‍ പത്രവായന ഉപേക്ഷിക്കുന്നതാകും  മാനസികാരോഗ്യത്തിനു നല്ലത് എന്ന് തോന്നിത്തുടങ്ങി.

Tuesday, August 2, 2011

പാഠം ഒന്ന്

      നമ്മുടെ കുട്ടികള്‍ക്ക് എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ട്   പത്തും പതിമൂന്നും  വയസ്സുള്ള  ആണ്‍ കുട്ടികള്‍  പെങ്ങളെയും  അമ്മയെയും  മുത്തശ്ശിമാരേയും  ശിശുക്കളെയും എല്ലാം  ലൈംഗിക  പരീക്ഷണങ്ങള്‍ക്ക്  സമീപിക്കുന്നതും  ,അതിനിടയില്‍  ചില  ശിശുക്കള്‍ മരണപ്പെടുന്നത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതാവുകയും ചെയ്യുന്നതില്‍  ഉത്  കണ്ഠപ്പെട്ടു കൊണ്ടുമുള്ള  ഒരു പരമ്പര മനോരമ പത്രത്തില്‍ തുടങ്ങി.എന്ത് ചോദ്യം. ഒറ്റ ദിവസം കൊണ്ട് പറ്റുന്നതാണോ ഒരു തലമുറയുടെ അപചയം ! ശരീരത്തിലെ അവയവങ്ങളില്‍ പരമ പ്രാധാന്യം  കണ്ണ്, മൂക്ക് , ചെവി, ഹൃദയം, തുടങ്ങിയവക്കൊന്നുമല്ല  ഉത്പാദന അവയവങ്ങള്‍ക്കാണെന്ന്  ജനിച്ചു വീഴുമ്പോള്‍ മുതല്‍ അവര്‍ പഠിച്ചു തുടങ്ങി. പ്രത്യേകിച്ച് ആണ്‍ കുട്ടികള്‍ . വാളുമായി യുദ്ധത്തിനിറങ്ങുന്ന  യോദ്ധാക്കള്‍ ആണ്  നിങ്ങള്‍ എന്നായിരിക്കുമോ ആണ്‍ കുട്ടികള്‍ക്ക് സമൂഹം കൊടുത്തു കൊണ്ടിരിക്കുന്ന ലൈംഗിക പാഠം? ആ കുട്ടികളെ പറഞ്ഞിട്ടെന്തു കാര്യം? സ്ത്രീ ശരീരത്തെ ഒറ്റ ലൈംഗികാവയമായി  ചുരുക്കി അതിനെ  പട്ടും പൊന്നും ചാര്‍ത്തി യും, ഉടു തുണിയില്ലാതെയും,  കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍  കാണിച്ചും അപമാനിച്ചും കൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍  അത് കണ്ടു അതിനായി  നിരന്തരം പരിശീലിപ്പിക്കപ്പെടുമ്പോള്‍,  ഈ വക കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്ക്  ചര്‍ച്ചിക്കുന്ന ദിവസത്തെ ആയുസ്സ് മാത്രം. 


 അവള്‍ 

അവള്‍ ആരാണ് എന്നെനിക്കറിയില്ല 
തെരുവിലൂടെ 
അവള്‍ നടക്കുമ്പോള്‍ 
കുരുടന്മാര്‍ തൊട്ടറിഞ്ഞ 
ആനയെന്നപോലെ 
തലയും വാലും കാലും തുടയും മുലയുമായി 
അവള്‍ ചിതറി തെറിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട് 
വിട്ടുപോയ ആ അവയങ്ങള്‍ 
ഒന്ന് കൂടിച്ചേരാന്‍ ത്രസിക്കുന്നതും  
വെമ്പലോടെ പരക്കം പായുന്നതും 
ഞാന്‍ കണ്ടിട്ടുണ്ട്

എന്നാല്‍ ഒന്നായിത്തീര്‍ന്നു തലയുയര്‍ത്താനാവും മുന്‍പേ 
തെരുവോരം ചേര്‍ന്ന് നിന്ന
ഒരു കോണക വ്യാപാരി 
അവളുടെ അരക്കെട്ടുമായി കടന്നു കളയുന്നതും 
മൂക്കുത്തിയും പൊട്ടും ചാര്‍ത്തിയ മുഖം 
പണ്ട വ്യവസായി സ്വന്തമാക്കുന്നതും 
ഉടല്‍ കട്ടെടുത്ത് 
പട്ടുസാരിക്കാരന്‍ പെട്ടെന്ന് പടികയറിപ്പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട് 
എങ്ങോട്ട് പോകേണ്ടു എന്നറിയാതെ ആ കൈകാലുകള്‍..
അവ പകക്കുന്നതും 
മുല പറിച്ചെറിഞ്ഞു 
ഈ പുരമെരിക്കാന്‍ തരിക്കുന്ന കൈകള്‍ ഉയര്‍ത്തുന്നതും 
അതിനാവാതെ കാലുകള്‍ കുഴയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

അവള്‍ 
ആരാണ് എന്നെനിക്കറിയില്ല 
എന്നാല്‍ അവള്‍ക്കു ഇനി രഹസ്യങ്ങളൊന്നുമില്ല .

(2003)

Monday, August 1, 2011

ഉജ്ജ്വല ശോഭം ഭുവനം?

  ചില കാര്യങ്ങള്‍ പറയുന്നതും എഴുതുന്നതും ചിന്തിക്കുന്നതും വെറുതെയാണെന്ന് തോന്നും. പ്രവര്‍ത്തിയാണ് പ്രധാനം എന്ന തോന്നലില്‍. തീര്‍ച്ചയായും എഴുത്തു ഒരു പ്രവര്‍ത്തി തന്നെ. സംശയമില്ല.പ്രത്യേകിച്ച് കവിത, ക്രിയേറ്റീവ് ആയ ചിന്തകള്‍, കഥകള്‍, ചിത്രങ്ങള്‍,  അതെ , ലോകത്തെ ഒരിഞ്ചോ കാല്‍ ഇഞ്ചോ  ഒരു മൊട്ടു സൂചിയുടെ അറ്റത്തിനു സമമായോ, ക്രിയാത്മകമായി, ഗുണപരമായ മാറ്റത്തിലേക്കും,  നന്മയിലേക്കും  കൊണ്ടു പോകുന്ന എന്തും പ്രവര്‍ത്തി തന്നെ. ഇങ്ങനെ സ്വയം ബോധ്യപ്പെടാതെ ഒരാള്‍ക്കും ലോകത്തോട്‌ പ്രതികരിക്കാന്‍ ആവില്ല. തന്റെ ചുറ്റുമുള്ള തിന്മകളും കെടുതികളും കണ്ടു ജീവിതം അര്‍ത്ഥ ശൂന്യമാണെന്നു കരുതി ജീവിതം മടുക്കാതിരിക്കാന്‍ എങ്കിലും . അത് യഥാര്‍ത്ഥ പ്രവര്‍ത്തി ആണെങ്കിലും  അതിന് ഇംഗ്ലീഷ് മരുന്നുകളെ പോലെ സാമൂഹ്യ ശരീരത്തില്‍ ഉടനടി പ്രതി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കിലും, നമുക്ക് സര്‍ഗ്ഗാത്മകതയിലും മനുഷ്യ ഭാവനയിലും വിശ്വസിക്കാതെ വയ്യ;  അത്തരം സര്‍ഗ്ഗ ശക്തികള്‍ ആണ് യഥാര്‍ത്ഥത്തില്‍  ഒരു ജനതയെ മുന്നോട്ടു നയിക്കുന്നത് എന്നും .പക്ഷെ എല്ലാ രംഗങ്ങളിലും ഭാവനാ ശൂന്യര്‍ നിറഞ്ഞു നില്‍ക്കുന്നു ഇക്കാലം .ഒരു പക്ഷെ അതങ്ങനെ ആയി തീര്‍ന്നു. സിനിമാറ്റിക് ഡാന്‍സില്‍ വട്ടം കറങ്ങുന്ന  അച്ചു തണ്ട് പോയ ഒരു ഭൂമിയോ?

എന്നാല്‍ ടാഗോറിന്റെ ഈ കവിത എന്നെ വീണ്ടും ജീവിതത്തിന്റെ പച്ചയെ ധ്യാനിപ്പിക്കുന്നു.

ഞാന റിവീല, ഭവാന്റെ മോഹന -
ഗാനാലാപന ശൈലി !
നിഭൃതം ഞാനത് കേള്‍പ്പൂ സതതം 
നിതാന്ത വിസ്മയ ശാലി !
ഉദയ ഗ്ഗാന പ്രകാശ കലയാല്‍-
ലുജ്ജ്വല ശോഭം ഭുവനം.
അല തല്ലീടുക യാണധിഗഗനം 
വായുവിലീസ്വര ചലനം.......
അലിയിക്കുന്നൂ സിരകളെ യീസ്വര- 
ഗംഗാ സരഭസ ഗമനം ...
................................


Saturday, July 30, 2011

ചിത്രം

   തവിട്ടു  നിറത്തില്‍. വെടിച്ചു കീറിയ ,ആകൃതി നിശ്ചയിക്കാനാകാത്ത മണ്‍  കട്ടകള്‍. അതു നീണ്ടു നിവര്‍ന്നു കിടക്കുന്നു അറ്റം കാണാത്ത ദൂരത്തില്‍. പച്ച നിറം ഒട്ടുമില്ലാത്ത വരണ്ടതും ഏകാന്തവും   ശൂന്യവുമായ അവിടം   വെയി ലില്‍  കത്തി ചൂട് പരത്തിനില്‍ക്കുന്നു. ഏഴ് വയസ്സുള്ള സീതയ്ക്ക് ആ വഴി ചെറിയ കാലുകള്‍ കൊണ്ടു താണ്ടണം. കടല്‍ കടക്കുന്നതിനെക്കാള്‍ ഭീകരം .വഞ്ചിയോ , കപ്പലോ വള്ളമോ അവളെ കയറ്റി ക്കൊണ്ടു പോകില്ല. ഒരെരുമയോ പോത്തോ, പശുവോ എന്തിന് ഒരു നായ പോലും അവളെ ചുമലിലേറ്റി അഞ്ചോ ആറോ  കിലോമീറ്റര്‍ നീണ്ടു പരന്നു കിടക്കുന്ന വിണ്ട പാടം  കടത്തി വിടില്ല. അവള്‍ക്ക് നടന്നെ പറ്റൂ . കുഞ്ഞി ക്കാലുകള്‍ വച്ച്. കയ്യിലെ അലുമിനിയക്കുടത്തില്‍  വെള്ളമുണ്ട്. അവളെക്കാള്‍  ഭാരം ആ വെള്ളം നിറച്ച കുടത്തിനുണ്ടാകും. മുഷിഞ്ഞ ചുവന്ന പാവാടയും പച്ചനിറത്തില്‍ ചെറിയ ബ്ലൌസും അവളുടെ  ശരീരത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്നു. പൊന്തി നില്‍ക്കുന്ന ആ കുഞ്ഞ് എല്ലുകള്‍ മറയ്ക്കാന്‍ അതിന് കട്ടി പോര.. തലയില്‍ നിന്ന് നീണ്ടു  കിടക്കുന്നു തവിട്ടു നിറത്തില്‍ കനം കുറഞ്ഞ ഒരു ശീല. അതു ചുന്നി യായിരിക്കണം വെള്ളക്കുടം വക്കാന്‍ അതിന്റെ ഒരുഭാഗം അവള്‍ തലയില്‍ ചുറ്റി വച്ചിരിക്കുന്നു.  എണ്ണ തേക്കാത്ത നീളന്‍ മുടി കാറ്റില്‍ പാറുന്നുണ്ട് . അതില്‍ വീണ്ടും വീണ്ടും പൊടി പാറി വീണു കൊണ്ടേയിരിക്കുന്നു.  അവളുടെ ഇടം കയ്യില്‍ തൂങ്ങിക്കൊണ്ട്‌ നടക്കുന്നത് ആരായിരിക്കും? ഒരാണ്‍ കുട്ടി യാണ്. നാല് വയസ്സില്‍ കൂടുതല്‍ അവനു പ്രായമില്ല. അവന്റെ കുഞ്ഞി ക്കാലുകള്‍ പ്രാഞ്ചുന്നത്‌  കണ്ടാല്‍ ആര്‍ക്കും അതു മനസ്സിലാകും. അവന്റെ ഇടം കയ്യില്‍ ഒരു ചെറിയ തൂക്കു പാത്രമുണ്ട്. അതില്‍ എത്ര വെള്ളം ഉണ്ടാകും. ഒരു ലിറ്റര്‍. അതു ആ ദിവസം അവനു പാലിന് പകരം കുടിക്കാന്‍ മതിയാകും. അനിയന്റെ തലയില്‍  ചേച്ചിയുടെ ദുപ്പട്ടയുടെ ഒരറ്റം  നിവര്ത്തിയിട്ടത്‌ കാറ്റ് ഇടയ്ക്കിടെ മാറ്റുന്നുണ്ട്. ആ ചേച്ചി അതു അനിയനെ വെയിലില്‍ നിന്ന് രക്ഷിക്കുമെന്ന് കരുതി വീണ്ടും വീണ്ടും ആ ചെറിയ തലയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍  ശ്രമിക്കുന്നു. 
 അവരുടെ രോഗ ബാധിതരായ അമ്മയോ അമ്മൂമ്മയോ അവര്‍ വെള്ളവും പേറി വരുന്നതും കാത്ത് ഏതോ കുടിലില്‍ ദാഹിച്ചു വലഞ്ഞു  കിടക്കുന്നുണ്ടാകാം. തവിട്ടു നിറമുള്ള ഈ ഭൂമിയില്‍  ആ കുട്ടികളുടെ കാലുകള്‍ ... . ഒരു മഴയില്‍ അവ   നനയുന്നതും  കുതിരുന്നതും   വെള്ളിത്തളയിട്ട  കുഞ്ഞിക്കാലുകള്‍ വെള്ളത്തില്‍ തിമിര്‍ത്തു രസിക്കുന്നതും ... അങ്ങനെയൊരു ചിത്രത്തില്‍ ഞാനവരെ കാണാന്‍ കൊതിക്കുന്നു. ഭൂമിയുടെ പച്ചയില്‍    തുള്ളുന്ന  നാല്  ചെറു  പാദങ്ങള്‍ ...

Friday, July 29, 2011

'ഗനനം'

 സ്കൂളുകളില്‍   മലയാളം പഠിക്കണോ ,പഠിപ്പിക്കണോ എന്നൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടേ ഇരിക്കുകയാണ് നമ്മുടെ ഭാഷാസ്നേഹികളും ഭരണാധികാരികളും.ചര്‍ച്ച തീരുമ്പോഴേക്കും നടപ്പ് തലമുറയും വരും തലമുറയും മലയാളം ഇനി എഴുത്ത് ഭാഷയായി വേണ്ട  വചന ഭാഷയായി ഇരുന്നോട്ടെ എന്ന് പറയാതിരുന്നാല്‍ കൊള്ളാം. പുതിയ കുട്ടികള്‍ക്ക് മലയാളം  അറിയില്ല   വായിക്കാന്‍  താത്പര്യം  തീരെയില്ല  എന്ന് എന്റെ അയല്‍ക്കാരായ  രണ്ടാം  ക്ലാസ്,മൂന്നാം  ക്ലാസ്, ഏഴു ,പന്ത്രണ്ടു ക്ലാസുകളിലെ അഞ്ചു കുട്ടികള്‍ ഈയിടെ   എന്നോട് പറഞ്ഞു. എന്റെ കയ്യില്‍ ഉണ്ടായിരുന്ന മലയാളത്തില്‍  എഴുതപ്പെട്ട കുറെ കുട്ടി കഥാപുസ്തകങ്ങള്‍ അവര്‍ക്ക്  കൊടുക്കാന്‍  ഒരുങ്ങി  ഞാന്‍  ചമ്മിപ്പോയി. മലയാളം വായിക്കുന്ന എന്നെ അവര്‍ അയ്യേ എന്ന മട്ടില്‍ നോക്കി. 
 അവരുടെ അച്ഛന്‍ ഓട്ടോ റിക്ഷ ഓടിക്കുന്നു, അമ്മ ഹോം മേക്കര്‍,  മറ്റു  ചിലകുട്ടികളുടെ  അച്ഛനും  അമ്മയും ഓഫീസില്‍ പ്യൂണ്‍   തസ്തികയില്‍  ജോലി  ചെയ്യുന്നു . അവര്‍ക്ക് കുട്ടികള്‍ ഇംഗ്ലീഷു  സംസാരിച്ചാല്‍  മതി  മലയാളം കഴിയുന്നതും വായിക്കരുത് എന്ന് വാശിയുമുണ്ട്, നമ്മളെ പോലെ തന്നെ. 'ഏയ് അവനു മലയാളം ഒട്ടും അറിയില്ല വായിക്കാനും എഴുതാനും' എന്ന സന്തോഷം അവരുടെ അമ്മ എന്നോട് പങ്കു വക്കുകയുംചെയ്തു.          നമ്മള്‍ ആരാണ് അത് വേണ്ടെന്നു പറയാന്‍ .മലയാളത്തെ രക്ഷിക്കേണ്ടത് ഇവരുടെ ചുമതല അല്ലല്ലോ.  
     ഇങ്ങനെ വായ്മൊഴി മലയാളത്തെ  കുറിച്ച്  ഓര്‍ത്തു  കൊണ്ടിരുന്നപ്പോള്‍  അതാ  കേള്‍ക്കുന്നു  ചാനല്‍  മൊഴികള്‍ . യദ്ദ്യൂരപ്പയുടെ  രാജിയും   ഇരുമ്പയിര്‍  ഖനനവുമാണ്  ചാനല്‍  ഉദ്യോഗസ്ഥരുടെ വിഷയം.
'രാഷ്ട്രീയ 'പ്രത്യാഗാതവും , ഇരുമ്പയിര്‍ ഗനനവും ' ' മുക്യ മന്ത്രി' രാജി വക്കാനിടയായതു വഴി ബി ജെ പി നേരിടുന്ന 'പ്രതിസന്തികളും' എല്ലാം റിപ്പോര്ടര്മാര്‍ അങ്ങനെ വിവരിച്ചു നമ്മളെ 'ഉല്‍ബോദി' പ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് കേട്ടപ്പോള്‍ എന്തായാലും ഒന്നുറപ്പായി കുട്ടികള്‍ ഭാഷ എങ്ങനെയാകും  ഇനി 'ഗനനം' ചെയ്യുക എന്ന് ! അവരുടെ ചാനല്‍ ചേട്ടന്മാരും ചേച്ചിമാരും പറയുന്നത് കേട്ടല്ലേ അവര്‍ പഠിക്കേണ്ടത്. 'ഗനന' മെങ്കില്‍ അങ്ങനെ! ചാനല്‍ റിപ്പോര്‍ട്ടര്‍ മാരിലും   വാര്‍ത്താ വായനക്കാരിലും  ഉച്ചാരണ ശുദ്ധി ഉള്ളവര്‍  ഇല്ല എന്ന് ഇവിടെ വിവക്ഷയില്ല. അപൂര്‍വമായി ഉണ്ട്.

Thursday, July 28, 2011

കാലം വിശാലം

'കാല മതീവ വിശാലം കാമിനി കളയുക കരയും ശീലം നാമിനി'
 കാലം ഇപ്പോള്‍ അത്ര വിശാലമായി നീണ്ടു കിടക്കുന്നില്ല എന്ന് തോന്നിത്തുടങ്ങി. അതാണ്‌ വാര്‍ധക്യത്തിന്റെ ആരംഭം എന്ന് തോന്നുന്നു. തീര്‍ച്ചയായും അതു വാര്‍ധക്യത്തിന്റെ ലക്ഷണം തന്നെ. കൈവേദന, മുട്ടുവേദന കളെക്കാള്‍ ഇത് പിടിപെടുന്നതിനെ യാണ് ചെറുക്കേണ്ടത്. കാരണം ജനനവും മരണവും ഒരു നൈരന്തര്യമാണ്  അതു ആദ്യവും അവസാനവും എന്ന മട്ടില്‍ കാണുന്നത് ശരിയല്ല. ഒരാളില്‍ തുടങ്ങി അയാളില്‍ അവസാനിക്കുന്ന കാലമല്ല അയാള്‍, അയാളുടെ ജീവിതവും.അയാള്‍ ഒരു തുടര്‍ച്ചയാണ്. റോമന്‍, ഇംഗ്ലീഷ് ,മലയാളം കലണ്ടറുകള്‍ അല്ല    അയാളുടെ ജീവിതത്തിന്റെ ആദ്യവും അവസാനവും കുറിക്കുന്നത്. പിന്നെ കലണ്ടറിനെ ആധാരമാക്കി അയാള്‍/അവള്‍ കാലം വിശാലമായി നീണ്ടു കിടക്കുന്നില്ല അല്ലെങ്കില്‍ കിടക്കുന്നു എന്ന് വിചാരിക്കേണ്ട കാര്യമെന്താണ്?
   എന്റെ വലിയ അമ്മാമന്‍ പണ്ഡിതനും ദൈവവിശ്വാസിയുമായ ഒരു സാത്വികന്‍ ആയിരുന്നു. തൊണ്ണൂറ്റി അഞ്ചു വയസ്സില്‍ മരിക്കുന്നത് വരെ അദ്ദേഹം ആശുപത്രിയില്‍ പോയില്ല. മരുന്നുകള്‍ സേവിച്ചില്ല. മരിക്കുന്ന ആ ദിവസം  ബന്ധുക്കള്‍  എടുത്തു കൊണ്ടു ആശുപത്രി കട്ടിലില്‍ കിടത്തി ഒരു നാലോ അഞ്ചോ മണിക്കൂര്‍. 'എന്നെ  ആശുപത്രിയില്‍ കിടത്തി അല്ലെ" എന്ന് ചോദിച്ചു മന്ദഹസിച്ചു അദ്ദേഹം. നല്ല  ഭംഗിയുള്ള നനുത്ത ചിരിയാണ്‌ വലിയമ്മാമന്റെ. ആ കാലത്തിനിടക്ക്  ഒരു പാട് മരണം കണ്ടു കഴിഞ്ഞിരുന്നു   അദ്ദേഹം . മകന്‍,മകള്‍, പെങ്ങള്‍, ഭാര്യ, ചില ചെറുമക്കള്‍. അങ്ങനെ പലരും.കൂടെ താമസിച്ച മകന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും മാത്രമായി പഴയ വീഴാറായ തറവാട്ടില്‍. അദ്ദേഹത്തിനു ജീവിച്ചിരിക്കണം എന്ന് ആഗ്രഹം തീരെ ഇല്ലാതായപ്പോള്‍ അവരോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "ഞാന്‍ ഇനിയും വേണമെങ്കില്‍ ഇങ്ങനെ ഇരിക്കും. ഒരു പക്ഷെ ഇനി മരിക്കില്ലേ എന്ന് വരെ എനിക്ക് തോന്നുന്നു. നിങ്ങള്‍  മൂന്നു പേര്‍ പുരുഷനില്ലാത്ത ഈ വീഴാറായ വീട്ടില്‍ ആലംബമില്ലാതെ  ഇരിക്കുന്നല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ ഇത് വരെ മരിക്കാഞ്ഞത്. പക്ഷെ എനിക്ക് മരിച്ചല്ലേ പറ്റൂ. ഞാന്‍ മരിച്ചു പോയി എന്ന് വിചാരിച്ചു പേടിക്കരുത്. ഞാന്‍ ഇവിടെ ത്തന്നെ ഉണ്ടാകും.' ഇങ്ങനെ പറഞ്ഞ അന്ന് തന്നെ വലിയമ്മാമന്‍ മരിച്ചു കളഞ്ഞു. വിഷം കഴിച്ചോ തൂങ്ങിയോ ഒന്നുമല്ല. വെറുതെ .ആഗ്രഹിച്ചു മരിച്ചു അത്ര തന്നെ. സ്വന്തം ഇച്ഛയില്‍, മതിയായി എന്ന നിറവില്‍. ഒരാളലും  ആധിയും ഇല്ലാതെ, ഇഹലോക വാസത്തെ എല്ലാ ഭംഗിയും കൂടെ കൂട്ടിക്കൊണ്ടു തന്നെ ആഹ്ലാദത്തോടെ ഒരു ശരീര മുപേക്ഷിക്കല്‍ .    ഇങ്ങനെ യുള്ള, ജീവന്മുക്തനാകാന്‍ കഴിയുന്ന  ഒരാള്‍ക്ക്‌ തുടക്കവും ഒടുക്കവും ഉണ്ടെന്നു വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. അവര്‍ക്കെന്ന പോലെ നമുക്കും കാലം അതീവ വിശാല മായി മുന്നിലുണ്ട്.  ജീവന്റെയും മുക്തിയുടെയും, ആഗ്രഹിക്കുന്നെങ്കില്‍ സന്തോഷത്തിന്റെയും.
--

Monday, July 25, 2011

തെന്നലില്‍ കുഞ്ഞ്

 

കവിത

തെന്നലില്‍ കുഞ്ഞ്

tharat1(ഒരു താരാട്ട്)
ഉണ്ണീ ഉറങ്ങുകിന്നുള്ളം നിറഞ്ഞു നിന്‍

തൊട്ടിലാട്ടുന്നു തൈത്തെന്നല്‍ വീണ്ടും!!tharat2
ഉണ്ണീ, ഉറങ്ങുന്നു ഉള്ളം നിറഞ്ഞു നിന്‍

പുഞ്ചിരിപ്പൈമ്പാല്‍ നുകര്‍ന്ന രാവും!!

കണ്ണിണ ചിമ്മാതിളകാതെ താരകള്‍
നില്‍പ്പിതാ മേഘപ്പടവിലേറി,
കൂമ്പി മയങ്ങുന്നോരാമ്പലിന്‍ ചേലില്‍ നിന്‍
ഓമനപ്പൂമുഖം, നോക്കി നോക്കി...

ഉണ്ണീ ഉറങ്ങുകിന്നുള്ളം നിറഞ്ഞു നിന്‍
തൊട്ടിലാട്ടുന്നു തൈത്തെന്നല്‍ വീണ്ടും!!

ഞെട്ടി വിതുമ്പാതുറങ്ങുകെന്‍ കണ്മണീ
സ്വപ്നം വിതച്ച വഴിയിലുണ്ടേ
ഞെക്കുവിളക്കുമായ് മിന്നാമിനുങ്ങുകള്‍
ആട്ടവിളക്കുപോല്‍ പൊന്നമ്പിളി!!

ഉണ്ണീ ഉറങ്ങുകിന്നുള്ളം നിറഞ്ഞു നിന്‍
തൊട്ടിലാട്ടുന്നു തൈത്തെന്നല്‍ വീണ്ടും!!


സാവിത്രി രാജീവന്‍
വര: സചീന്ദ്രന്‍ കാറഡ്ക്ക

http://www.ksicl.org/kavitha?start=1

ഈ കവിത കുട്ടികളുടെ പ്രസിദ്ധീകരണമായ 'തളിര്‍' മാസികക്ക്  വേണ്ടി എഴുതിയതാണ്. കുട്ടികള്‍ക്ക് ഒരു താരാട്ട്  ഇരിക്കട്ടെ. 

Sunday, July 24, 2011

ആഗോളം

ഇന്നലെ നാട്ടില്‍ നിന്ന് വന്ന, ഒന്നാം ക്ലാസ് മുതല്‍ കോളേജു വരെ ഒന്നിച്ചു പഠിച്ചു രണ്ടു നഗരങ്ങളില്‍ ജീവിതം തുടരുന്ന, വല്ലപ്പോഴും കണ്ടു മുട്ടുന്ന , എന്നാല്‍  വല്ലപ്പോഴുമേ കണ്ടുമുട്ടുന്നുള്ളൂ  എന്ന് കാണുമ്പോള്‍ ഒരിക്കലും തോന്നാത്ത, എന്റെ  സുഹൃത്ത് പറഞ്ഞു. 'കേരളം ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി മാറുകയാണ്. അച്ഛനെ കാറ് കേറ്റി കൊല്ലുന്ന അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്‍ , സ്നേഹിതനെ കൊത്തി നുറുക്കി കുഴിച്ചിടുന്ന കൂട്ടുകാരന്‍; ഇതൊക്കെ സ്വപ്നത്തില്‍ കാണാന്‍  പോലും നമ്മള്‍ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇവരൊക്കെ ഇങ്ങനെ ആയിത്തീരുന്നതെന്താണാവോ? " സാധാരണക്കാരായ സമാധാന  പ്രിയര്‍ക്കു ഇങ്ങനെ ചോദിക്കാന്‍ മാത്രമേ കഴിയൂ'  അല്ലെങ്കില്‍ പോയ കാലം എത്രയോ സുന്ദരമായിരുന്നു എന്ന് നെടുവീര്‍പ്പിടാനും. " പണം, പണം എന്ന ഒറ്റ വിചാരമേ ആളുകള്‍ക്കുള്ളല്ലോ    ഇപ്പൊ' എന്നും കൂട്ടി ചേര്‍ത്ത് ദീര്‍ഘശ്വാസം വിടുമ്പോള്‍ ലോകത്തിന്റെ മറ്റൊരു മൂലയില്‍ പണഭ്രാന്തും, ഗോത്ര ഭ്രാന്തും  കൊണ്ട് ബോധം പോയ ഒരു ചെറുപ്പക്കാരന്‍ ബോംബു പൊട്ടിച്ചും വെടിവച്ചും നൂറിലധികം പേരെ കൊന്നു കഴിഞ്ഞു.   
ലോകം തന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി പലപ്പോഴും മാറുന്നുണ്ട്. തിരിച്ചു കൊള്ളാവുന്ന സ്ഥലമായി മാറുന്നത് വരെ അതങ്ങനെ തന്നെ ആയിരിക്കും താനും. 

ഈ ഗോളം ആഗോളമായി മാറിയപ്പോള്‍ ഗോളം ചെറുതായി,അതിലെ ആളുകളും അവരുടെ മനസ്സുകളും ചെറുതായി എന്ന് തോന്നുന്നതില്‍ യുക്തിയുണ്ടോ!

Friday, July 22, 2011

selfdom

    I am engaged writing about one of our painters.But in between images of Michelangelo paintings and sculptures  rushed in.
So feel like  quoting a few sentences  from  the book  'The Lives Of The Artists' written by one of foremost art historians of the 16th century, Giorgio Vasari'
about the great sculpture Pieta  by Michelangelo

"No sculptor, not even the most rare artist, could ever reach this level of design and grace, nor could he even with hard work, ever finish, polish and cut marble as skilfully as Michelangelo did here, for in this statue all of the worth and power of sculpture is revealed.....Michelangelo placed so much love and labour in this work that on it he left his name written across a sash which grids Our Lady's breast. This came about because one day when Michaelangelo was entering the church where the statue was placed, he found a large number of foreigners from Lombardy who were praising the statue highly: one of them asked another who had sculpted it, and he replied:'our Gobbo from Milan'.( Cristoforo Solari- 1460-1527). Michelangelo stood there silently, and it seemed somewhat strange to him that his labours were being attributed to someone else; one night he locked himself inside the church with little light , and having brought his chisels, he carved his name upon the statue. And it has such qualities that a very fine mind has described it as a true and like figure:




Beauty and goodness,
and grief and pity,
alive in dead marble,
do not , as you do, Weep loudly,
Lest too early He should reawaken from death....
.............................................."

Tuesday, July 19, 2011

ഐഹികം

    കാലം അല്ലെങ്കില്‍ കാലന്‍ വന്നു മതി നിര്‍ത്ത് നിന്റെ ഇഹ ലോകത്തെ പണികള്‍ എന്ന് പറയുമ്പോള്‍ , കൂടെ തൂക്കിലേറ്റുന്നതിനു  മുന്പ്  ഐഹിക  ലോകത്തെ 'ന്യായികള്‍ ' ചോദിക്കുന്നത് പോലെ , എന്തെങ്കിലും മോഹം ബാക്കി വച്ചിട്ടുണ്ടോ എന്നും ചോദിക്കുമ്പോള്‍ പറയാന്‍ രണ്ടു കാര്യങ്ങള്‍ ബാക്കി വച്ചിട്ടുണ്ടെന്ന് കണ്ടു.
    തിരുവനന്തപുരത്ത്  നിന്നു ന്യൂഡല്‍ഹി   വരെ ആന്ധ്ര പ്രദേശ്‌ വഴി കേരള എക്സ്പ്രസ്സില്‍  യാത്ര ചെയ്യുമ്പോള്‍  സ്ഥിരം കണ്ണില്‍  തടയുന്ന ഒരു കാഴ്ചയുണ്ട്. തലകീഴായി കെട്ടിത്തൂക്കിയ ആ കിളിക്കൂടുകള്‍. കിളി ത്തന്നെ തൂക്കിയത്‌. ആ ഒഴിഞ്ഞ  കൂടുകളില്‍ ഒന്നാണ്‌  എനിക്ക് വേണ്ടത്. അത് കിട്ടുന്നത് വരെ എന്നേ വെറുതെ വിടൂ എന്ന് പറയുമ്പോള്‍ അയാള്‍, ആ കാല പുരുഷന്‍ അല്ലെങ്കില്‍  കാല പുരുഷി,  സാരമില്ല ഞാന്‍ അത് സാധ്യമാക്കാം എന്ന് പറയുമോ ? അതെന്തിനാണ് എന്നാണ് ചോദ്യമെങ്കില്‍  കാലന്റെ കൂടെ പോകുന്നതിനുമുന്‍പ് ആ  കൂടുകളി ലൊന്നില്‍  എന്റെ  ശ്വാസം നിറച്ച് വക്കണം എന്ന് ഞാന്‍ വിചാരിക്കുന്നു. ഇനി അങ്ങനെ നിറച്ച് വക്കുന്നതെന്തിനാണ്  എന്ന് ചോദിച്ചാല്‍ .ഇരിക്കട്ടെ ഒരോര്‍മ്മയ്ക്ക്‌ എന്നേ പറയാന്‍ പറ്റൂ. ചേതമില്ലാത്ത ഉപകാരമായത് കൊണ്ടു കാലന്‍ സമ്മതിക്കാതിരിക്കില്ല എന്ന് കരുതാനാണ്‌  എനിക്കിഷ്ടം.
    പിന്നെ മറ്റൊന്നുള്ളത്‌ ഈജിപ്ടു സന്ദര്‍ശിക്കണം പിരമിടുകളില്‍ കയറിയിറങ്ങണം എന്നാണ്. ഒരു പക്ഷെ അത് നടന്നില്ലെങ്കിലും  ദു:ഖമില്ല എന്നും തോന്നുന്നുണ്ട്. എങ്കിലും ആഗ്രഹിച്ചതല്ലേ പറഞ്ഞേക്കാം എന്ന് കരുതി പറയും എന്നേയുള്ളു. കാരണം ചുടുകട്ടകള്‍ കൊണ്ടു പണിത ഏതു വീടും ഓരോ പിരമിഡുകള്‍ ത്തന്നെ എന്ന് വിചാരിച്ചു കഴിയുമ്പോള്‍ തീരാവുന്ന ഒന്നാണ്‌ ആ ആഗ്രഹം.  ഇനി അതല്ല എന്ന്  പറയുകയാണെങ്കില്‍ നമ്മളെ വ്യാമോഹിപ്പിക്കുന്ന ത്  ചിത്രങ്ങളില്‍ കാണുന്ന പിരമിട് കള്‍ ആണ്. അടുത്തു ചെല്ലുമ്പോള്‍ ദൂരെ നിന്നു കാണുന്ന പച്ച പിടിച്ച കുന്നുകള്‍ കാല്‍ക്കീഴില്‍ നിരന്ന മണ്ണും പുല്ലും നിറഞ്ഞ പ്രതല മാവുന്നത് പോലെ അടുത്ത് ചെല്ലുമ്പോള്‍ അവ അകാല്‍പ്പനികമായ മണ്‍കട്ടകള്‍  ആയി മാറാനും സാധ്യതയുണ്ട്.
     പക്ഷെ കിളിക്കൂടിന്റെ കാര്യത്തില്‍ ഇനിയും മറിച്ച് ഒരു ചിന്ത വന്നിട്ടില്ലാത്തതിനാല്‍ കാലനോട്‌ /കാലത്തോട് ആ അഭ്യര്‍ത്ഥന /ആവശ്യം പറയാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടയില്‍ ആ കൂടു സംഘടിപ്പിക്കണം.ഉം....

Sunday, July 17, 2011

മച്ചില്‍


മച്ചില്‍ 

 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്

പഠിച്ചതോ പാടിയത് അതോ, പഠിപ്പിച്ചതോ പാടിയത് ?
പാടിയതോ കേട്ടത് ,കേട്ടതോ പാടിയത്?
എന്നല്ലേ ചോദ്യം ...
പഠിച്ചതല്ല പാടിയത്  പഠിപ്പിച്ചതല്ല പഠിച്ചത് എന്ന് ചൊല്ലി കാരണവര്‍ ചൂരലെടുത്തു
പൊട്ടക്കിണറ്റിന്   പതിനായിരം വട്ടം വലം വച്ചു
 ചതുര്‍ത്ഥി നാളില്‍ പഠിച്ചതൊക്കെ ഓലയിലെഴുതി  കാണിക്കയെന്നും ,
തുള്ളിക്കളിച്ചു ചൊല്ലി തിമിര്‍ത്തു   കേള്‍പ്പിക്കയെന്നും  കല്‍പ്പിച്ചു

പക്ഷെ ഞാനോ
ആ ഓല യല്ലേ ഈ കിണറ്റില്‍ കളഞ്ഞു
ആ എഴുത്താണി  യല്ലേ ഈ കിണറ്റില്‍ എറിഞ്ഞു 
ആ ഒച്ചയല്ലേ കാട്ടില്‍ കളഞ്ഞൂ ,
ആ പാഠ മല്ലെ കാറ്റില്‍ പറന്നൂ..
അതിനാലല്ലേ കാരണവര്‍ തപിച്ചൂ   ,
അതിനാലല്ലേ കാരണവര്‍ ശപിച്ചൂ ..
പഠിച്ചത് പാടാന്‍ ഇനിയെന്നെക്കിട്ടില്ലേ എന്ന് പാടി ത്തീര്‍ന്നതും
പടിയടച്ചില്ലേ കാരണവര്‍ ?
പാലം വലിച്ചില്ലേ  കാരണവര്‍ ?
കരി മേഘമൊന്നില്‍ പ്രാകി പറത്തീലെ, പ്രാഞ്ചി പ്പറത്തീലെ   കാരണവര്‍?
അതൊന്നും പോരാഞ്ഞ് തറവാടിന്‍ താഴത്ത് പടിയോളം വന്നെത്തി തുരുതുരെ തുപ്പീലെ കാരണവര്‍ ?
നീട്ടി ത്തുരു തുരെ തുപ്പീലെ  കാരണവര്‍?

എന്നിട്ട്  ഞാനോ
പഠിയാത്തതും  ചൊല്ലി
,
പറയാത്തതും ചൊല്ലി 
 മാനത്തും മച്ചിലും കേറിയിറങ്ങുന്നു ,
ഉടു തുണി യില്ലാത്തോരുടയോനെ  സൃഷ്ടിച്ചും
 ഉടു തുണി യില്ലാത്തോരുടയോളെ സൃഷ്ടിച്ചും
പാടത്തിരിക്കുന്നു, പടിമേലിരിക്കുന്നു
പടിഞ്ഞാറേ പാറയില്‍ കിഴക്കോട്ടിരുന്നിട്ടു
ഇടംകാലുനീട്ടി മലര്‍ന്നു കിടക്കുന്നു.....

 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്
.....
 

Tuesday, July 12, 2011

ബി.രാജീവന്‍: നവ വരേണ്യ മേധാവിത്തവും കീഴാള സ്വാധികാരവും*


രാവിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജെ .ദേവികയുടെ ലേഖനം വായിച്ചു. ആധുനിക കേരളത്തിലെ പെണ്‍ ജീവിതത്തിന്റെ നേര്‍ രേഖീയ ചിത്രം, ചരിത്രം. നന്നായി. അതില്‍ ആവര്‍ത്തിച്ചു വരുന്ന  ഒരു വാക്കാണ്‌  'നവ വരേണ്യ മധ്യ വര്‍ഗ്ഗം . ആ സങ്കല്‍പ്പനം ആദ്യമായി  അവതരിപ്പിച്ച  ശ്രീ ബി രാജീവന്റെ ഒരു ലേഖനം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ  പോയി. അതിന്റെ കാരണങ്ങള്‍ പലതാവാം. അതെന്തായാലും ഇന്ന് അതൊന്നു കൂടി വായിക്കുന്നത് ജെ ദേവികയുടെ ലേഖനം കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചേക്കാം. അവര്‍ രാജീവന്‍ അവതരിപ്പിച്ച ആ അര്‍ത്ഥത്തിലാണ്  'നവ വരേണ്യം' എന്ന വാക്കു പ്രയോഗിക്കുന്നതെങ്കില്‍.  ബി. രാജീവന്റെ ലേഖനം താഴെ.



ബി.രാജീവന്‍

നവ വരേണ്യ മേധാവിത്തവും  കീഴാള സ്വാധികാരവും*



എന്താണ് നവ വരേണ്യത ?

പഴയ കാലത്തെ വരേണ്യ /കീഴാള വിഭജനത്തിന്റെ  അളവുകോലുകളില്‍ ഒതുങ്ങാത്ത ഒരു പുതിയ സാമൂഹ്യ വിഭജനം ആധുനിക ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുണ്ട് . കോളനി വാഴ്ചക്കാലത്ത് ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ട ആധുനിക ഭരണകൂട സ്ഥാപനങ്ങളുടെയും ഇവിടെ നടപ്പാക്കപ്പെട്ട സമ്പത് വ്യവസ്ഥയുടെയും പ്രവര്‍ത്തന ഫലമായി രൂപപ്പെട്ടതാണ് ഈ പുതിയ സാമൂഹ്യ വിഭജനം . ഉച്ച നീച ശ്രേണീ ഘടനയിലൂടെ പ്രവര്‍ത്തിച്ച പ്രാചീന വരേണ്യ/ കീഴാള ബന്ധങ്ങള്‍  ആധുനിക വരേണ്യ /കീഴാള വിഭജനത്തില്‍ നിന്നു ഘടനയിലും ധര്‍മ്മത്തിലും ഭിന്നമായിരുന്നു .

ഇന്ത്യന്‍ ജനതയേയും ഇന്ത്യന്‍ പ്രകൃതിയെയും കൊള്ള ചെയ്യുന്നതിനായി നടപ്പാക്കപ്പെട്ട കൊളോണിയല്‍   സമ്പത് വ്യവസ്ഥയില്‍ കൈകാര്യ കര്‍തൃത്വം ലഭിച്ചവരും കൊളോ ണി യല്‍ ഭരണകൂട യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ കൂട്ടുചേര്‍ന്നവരും അടങ്ങുന്ന സമ്പത്തിലും അധികാരത്തിലും പങ്കുള്ള വരേണ്യ വര്‍ഗം ഒരു വശത്തും കാര്ഷികാധ്വാനത്തിലും കൈത്തൊഴിലുകളിലും  ഏര്‍പ്പെട്ട ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ മറു വശത്തുമായി നിലകൊള്ളുന്ന ഒന്നാണ്‌ ഈ പുതിയ സാമൂഹ്യ വിഭജനം .മാറി വന്ന കൊളോണിയല്‍ സാമ്പത്തിക- രാഷ്ട്രീയ സാഹചര്യത്തില്‍ പഴയ വരേണ്യ വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി പുതിയ അധികാരത്തിന്റെയും സമ്പത്തിന്റെയും പങ്കാളികളായി ഉയര്‍ന്നു വന്ന മേധാവി വര്‍ഗമാണ് നവ വരേണ്യര്‍ . സ്വയം ശക്തിപ്പെടുകയും സ്വാതന്ത്ര്യം ആര്‍ജിക്കുകയും അതിനനുസൃതമായി രൂപാന്തരപ്പെടുകയും ചെയ്യുന്നതിലൂടെ ഇവര്‍ ഇന്ത്യന്‍ ജീവിതത്തില്‍ ആധിപത്യം തുടരുന്നു . ഇവരുടെ ആധിപത്യത്തിന്റെ അടിസ്ഥാനം പഴയ ഇന്ത്യന്‍ കാര്‍ഷിക ഗ്രാമ വ്യവസ്ഥയിലേതു  പോലെ പരമ്പരാഗതമായ ജാതി-മതാചാരങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നല്ല . ആധുനിക മൂലധന വ്യവസ്ഥയും ആധുനിക ഭരണകൂടാധികാരവുമാണ് ഇവരുടെ ആധിപത്യത്തിന്റെ അടിസ്ഥാനം .

ഈ വരേണ്യരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യത്തിന് അടിപ്പെട്ടു നിലക്കുന്ന കീഴാള വിഭാഗങ്ങള്‍ക്കും മാറി വന്ന വ്യവസ്ഥയില്‍ ഒരു നവ കീഴാളത്തം ഏറ്റെടുക്കെണ്ടതായി  വന്നിട്ടുണ്ട് . എന്നാല്‍ ഈ കീഴാളത്തം തികച്ചും പുതിയതല്ല . പഴയ വര്‍ണ്ണ ജാതി വ്യവസ്ഥയിലെ കീഴാളത്തത്തിന്റെ മുദ്രകള്‍ പൂര്‍ണ്ണമായി മാഞ്ഞു പോകാതിരിക്കെതന്നെ അതിന് മുകളില്‍ പുതിയ മൂലധന വ്യവസ്ഥയിലെ കീഴാളത്തം കൂടി ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് അതിന് കാരണം .. പുതിയ മൂലധന വ്യവസ്ഥക്ക്  വര്‍ണ്ണ- ജാതി വ്യവസ്ഥയിലെ കീഴാളരുടെ അധ്വാന  ശക്തി കൊണ്ടു മാത്രം തൃപ്തി അടയാനാവില്ല . അതുകൊണ്ട്  വര്‍ണ്ണ- ജാതി ശ്രേണീ വിഭജനങ്ങളില്‍ ഒതുങ്ങാത്ത, അധ്വാനത്തിന്റെ വിവിധരൂപങ്ങളില്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന ഒരു ജന സഞ്ചയമാണ് ( multitude) ഈ പുതിയ കീഴാളര്‍. കൂലിക്ക് വേണ്ടി ശരീരം കൊണ്ടും മനസ്സ് കൊണ്ടും പണിയെടുക്കുന്നവരും ഗ്രാമീണ കൃഷിക്കാരും ഗോത്രവര്‍ഗ്ഗക്കാരും  ദളിതരും തുടങ്ങി കൂലിയില്ലാതെ പണിയെടുക്കുന്ന സ്ത്രീകള്‍  വരെ ഉള്‍പ്പെടുന്ന ഒന്നാണ്‌ ഈ നവ കീഴാള ജനസഞ്ചയം . ഇത് നവ വരേണ്യാ ധിപത്യത്തിനെതിരെ നിരന്തരം ചെറുത്തു നില്‍പ്പ് തുടരുന്ന  ഒരു രാഷ്ട്രീയ ശക്തിയാണ് . അതിനാല്‍ ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ രാഷ്ട്രീയ ചാലക ശക്തി തന്നെ നവ വരേണ്യ വര്‍ഗ്ഗാധിപത്യവും  അതിനെതിരായ കീഴാള ജന സഞ്ചയത്തിന്റെ ചെറുത്തു നില്‍പ്പും തമ്മിലുള്ള സംഘര്‍ഷാത്മകമായ  ബന്ധത്തില്‍ നിന്നാണ് രൂപപ്പെടുന്നതെന്ന് പറയാം . സ്വാതന്ത്ര്യ സമര രാഷ്ട്രീയത്തിലും സ്വാതന്ത്ര്യ സമരാനന്തര രാഷ്ട്രീയത്തിലും ഈ സംഘര്‍ഷാത്മക  ബന്ധം ഭിന്ന രീതികളില്‍ പ്രവര്‍ത്തിക്കുന്നു എന്നു മാത്രം.

ഈ നവ വരേണ്യ കീഴാള ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷാത്മക ബന്ധത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യന്‍ കാര്‍ഷിക ഗ്രാമ വ്യവസ്ഥയിലെ ഭൂ ഉടമാ ബന്ധങ്ങളെ കൊളോണിയല്‍ ശക്തികള്‍ അവര്‍ക്കനുകൂലമായി മാറ്റി മറിക്കുന്നതോടെയാണ്‌ . ഇന്ത്യന്‍ ഉപ ഭൂഖണ്ഡം ബ്രിട്ടീഷ്‌ സാമ്രാജ്യത്തത്തോട് കൂട്ടിച്ചേര്ക്കപ്പെടുന്നതോടെ  ഇന്ത്യയിലെ കൃഷി ഭൂമികളും വനങ്ങളും സാമ്രാജ്യത്തിന്റെ സ്വത്തായി മാറുന്നു . സാമ്രാജ്യത്തിനു അതിന്റെ പരമാധികാരത്തിലുള്ള ഭൂമിയില്‍ നിന്നു അനായാസം നികുതിപ്പണം പിരിചെടുക്കുന്നതിനുള്ള  സംവിധാനങ്ങളായിരുന്നു ആവശ്യം . പഴയ ഇന്ത്യന്‍ കാര്‍ഷിക ഗ്രാമ വ്യവസ്ഥയില്‍ നില നിന്ന ഭൂ ഉടമാ ബന്ധങ്ങള്‍ പാശ്ചാത്യ രീതിയില്‍ നികുതി പിരിക്കാന്‍ ഉതകുന്നവയായിരുന്നില്ല  .പഴയ കാര്‍ഷിക ഗ്രാമ വ്യവസ്ഥയില്‍ ഭൂമിയിന്മേല്‍ പാശ്ചാത്യ രീതിയില്‍ ഉള്ള സ്വകാര്യ സ്വത്തുടമസ്ഥത   നില നിന്നിരുന്നില്ല എന്നതാണ് അതിന് കാരണം.

ഗ്രാമ സമുദായ ങ്ങളുടെ പൊതു സ്വത്തായിരുന്ന ഭൂമിയിന്മേല്‍ വര്‍ണ്ണ- ജാതി വ്യവസ്ഥക്കനുസൃതമായ  സേവനങ്ങളും ആ സേവനങ്ങള്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്ന ഉച്ച നീച ക്രമത്തിലുള്ള അവകാശങ്ങളുമാണ്  നില നിന്നിരുന്നത്. രാജ്യരക്ഷ ചെയ്യുന്നു എന്നു കരുതപ്പെടുന്ന രാജാവും ദേവ പ്രീതിക്ക് വേണ്ടി യത്നി  ക്കുന്നു  എന്നു കരുതപ്പെടുന്ന പുരോഹിതനും തുടങ്ങി കൊല്ലനും കരുവാനും കുശവനും നെയ്ത്തുകാരനും ക്ഷുരകനും ഉഴവുകാരനും വരെ നീളുന്നവരുടെ സേവനത്തിനു കല്‍പ്പിക്കപ്പെട്ട ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച്  കൃഷി ഭൂമിയില്‍ നിന്നുള്ള വിഹിതത്തിനവകാശം  നിര്‍ണ്ണയിക്കുന്ന  വ്യവ  സ്ഥയായിരുന്നു അത് . തൊഴിലുകള്‍ക്ക് കല്‍പ്പിക്കപ്പെട്ട ഉച്ച നീച  ക്രമങ്ങള്‍ക്കനുസരിച്ചു സമൂഹത്തിലുള്ള അധികാരവും (power )  ഭൂമിയിന്മേലുള്ള അവകാശവും (Right ) വിതരണം ചെയ്യപ്പെട്ടിരുന്ന ഒന്നായിരുന്നു  ആ സാമൂഹ്യ വ്യവസ്ഥ . ഈ അവകാശ -അധികാരങ്ങളുടെ  ഉച്ച നീച ക്രമത്തിനു പ്രാചീന - മധ്യകാല ഇന്ത്യാ ചരിത്രത്തില്‍ വമ്പിച്ച വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും ഇംഗ്ലീഷു കാരുടെ കാലം വരെ ഈ അടിസ്ഥാന മാതൃക മാറ്റ മില്ലാതെ നിന്നു. ഈ പൊതു ഉടമാ സമ്പ്രദായത്തില്‍ അസമത്വത്തിന്റെ തോത് മാറിക്കൊണ്ടിരുന്നു എന്നല്ലാതെ എല്ലാ അവകാശങ്ങളും  കയ്യടക്കിയവരും അവകാശങ്ങള്‍തന്നെ  ഇല്ലാത്തവരും എന്ന നില വന്നിരുന്നില്ല .

ഇങ്ങനെ ഭൂമിയിന്മേല്‍ അധികാരങ്ങളും അതിനനുസൃത മായ അവകാശങ്ങളും നാനാ മുഖമായി  കെട്ടുപെട്ടു   കിടക്കുന്ന സ്ഥിതിയില്‍ ഭൂമി ആധുനിക രീതിയില്‍  വാങ്ങാനോ  വില്‍ക്കാനോ കഴിയുമായിരുന്നില്ല . പഴയ കാര്‍ഷിക ഗ്രാമങ്ങളിലെ ഭൂമിയിന്മേല്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല ജീവജാലങ്ങള്‍ക്കും കുന്നുകള്‍ക്കും കുഴികള്‍ക്കും പുഴകള്‍ക്കും അവകാശം കല്പ്പിക്കപ്പെട്ടിരുന്നു.Quotationപഴയ കാര്‍ഷിക ഗ്രാമങ്ങളിലെ ഭൂമിയിന്മേല്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല ജീവജാലങ്ങള്‍ക്കും കുന്നുകള്‍ക്കും കുഴികള്‍ക്കും പുഴകള്‍ക്കും അവകാശം കല്പ്പിക്കപ്പെട്ടിരുന്നു.Quotation മലബാറിലെ പഴയ ആധാരങ്ങളില്‍   ഭൂമി മാത്രമല്ല അതിലുള്ള കല്ല്‌, മുള്ള്, പാമ്പ് , ഗുഹ, നിധി, കിണറ് ,തോട് , കാട് ,വഴി ആകാശം, പാതാളം മുതലായവയെല്ലാം സ്ഥാനം പിടിച്ചിരുന്നു. ഇത് കൂടാതെ ' അധികാരം' 'അങ്കം ', ചുങ്കം , എന്നീ അവകാശങ്ങളും ആ പ്രമാണങ്ങളില്‍ കാണാം . ഇങ്ങനെ അസമമായ പൊതു ഉടമസ്ഥതയിലുള്ള ഒരു ഉത്പ്പാദനോപാധിയും  ആവാസ വ്യവസ്ഥയുമായി കരുതപ്പെട്ടിരുന്ന ഇന്ത്യന്‍ കൃഷിഭൂമിയെ ആണ് ഇന്ത്യ കീഴടക്കിയ ബ്രിട്ടീഷു കാര്‍ അഭിമുഖീകരിച്ചത് .

Asiatic mode of production എന്നു പറഞ്ഞപ്പോള്‍ മാര്‍ക്സ് വ്യക്തമാക്കാന്‍ ശ്രമിച്ചത് ഭൂമിയിന്മേല്‍ പൊതു അവകാശങ്ങളുള്ള  ഈ ഉത്പാദന സമ്പ്രദായത്തെയാണ്‌  . മാര്‍ക്സ് ഈ ആശയം പിന്നീട് ഉപേക്ഷ്ച്ചു എന്നു പ്രചരിപ്പിക്കപ്പെട്ടത് തെറ്റായിരുന്നു എന്നു ഇന്ന്  Grundrisse,  Ethnological Note Books , തുടങ്ങിയ രേഖകള്‍ തെളിയിക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍   അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി കഴിഞ്ഞ ഇന്ത്യന്‍ ഭൂമിയില്‍ നിന്നു ടാക്സ് പിരിക്കുന്നതിന് വേണ്ടി പഴയ കാര്‍ഷിക ഗ്രാമ ഭൂ ഉടമാ ബന്ധങ്ങളെ നവീകരിച്ചു . കരം പിരിക്കുന്നതിന് ഭൂമിയിന്മേല്‍ പൂര്‍ണ്ണാധികാരവും  അവകാശങ്ങളുമുള്ള ഒരു വിഭാഗത്തെ അവര്‍ സൃഷ്ടിച്ചു . ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ വലിയ അളവില്‍ അവകാശം ലഭിച്ചു പോന്ന പഴയ നാട് വാഴികളുടെയും പുരോഹിതരെയും ക്ഷേത്രങ്ങളെയും കരവും പാട്ടവും പിരിക്കാന്‍ പൂര്‍ണ്ണ അവകാശമുള്ള  ഭൂ ഉടമകള്‍ ആക്കി മാറി . അതോടെ പരമ്പരാഗതമായ അധികാരവും അവകാശവും നിഷേധിക്കപ്പെട്ട കൈത്തൊഴില്‍ ക്കാരും   കൃഷി പ്പണിക്കാരും അടങ്ങുന്ന സാധാരണ ജനങ്ങള്‍ ജീവിക്കാന്‍ സ്വന്തം അധ്വാന  ശക്തി മാത്രം കൈമുതലായി ഉള്ളവര്‍ ആയി മാറി . ഭൂ ഉടമകള്‍ ആയി മാറിയവര്‍ പണിയെടുക്കുന്ന എല്ലാ വിഭാഗങ്ങളുടെയും അധ്വാനം പാട്ടമായും നികുതിയായും സംഭരിച്ചു കൊളോണിയല്‍ ഭണ്ഡാരത്തില്‍  അടക്കുന്ന സമ്പന്നരായ ഇടനിലക്കാര്‍ ആയിത്തീര്‍ന്നു .

ഇതാണ് ഇന്ത്യ മുഴുവന്‍ ഇംഗ്ലീഷു കാര്‍ വിവിധരീതിയില്‍ നടപ്പാക്കിയ  ജന്മി സമ്പ്രദായത്തിന്റെ പൊതു ഉള്ളടക്കം .

നാട്ടു രാജ്യങ്ങളില്‍  ബ്രിട്ടീഷു കാര്‍ ചുമത്തിയ ഭാരിച്ച കപ്പം അടച്ചു തീര്‍ക്കാനുള്ള പണം സംഭരിക്കുന്നതിനായി നാടുവാഴികള്‍ ഭൂമി വിലയ്ക്ക്  കൊടുക്കാവുന്ന സ്വത്തായി പതിച്ചു കൊടുത്തുകൊണ്ട് പുതിയ ജന്മികളെ  സൃഷ്ടിച്ചു കൊണ്ടിരുന്നു . ഭൂമി കൈമാറ്റം ചെയ്യാവുന്ന സ്വകാര്യ സ്വത്തായി മാറുന്നതോടെ കേരളത്തില്‍ ഭൂമിയിലുള്ള കൂട്ടുടമസ്ഥതയുടെ  ഒരു രൂപമായി നില നിന്ന കൂട്ടുകുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി ഭാഗിക്കപ്പെടുകയോ ഭൂമി വിറ്റഴിക്കപ്പെട്ട് ദരിദ്ര മാവുകയോ ചെയ്തു.  ഈ പ്രക്രിയ പരമ്പരാഗത സവര്‍ണ്ണ വരേണ്യ വിഭാഗങ്ങളില്‍ നിന്നല്ലാതെയും വലിയ ഭൂ ഉടമകള്‍ ഉയര്‍ന്നു വരാനുള്ള സാഹചര്യമൊരുക്കി. കച്ചവടത്തിലൂടെയും കയറ്റു മതിയിലൂടെയും പണം സമ്പാദിച്ച  അവര്‍ണ്ണരും ,അഹിന്ദുക്കളുമായവര്‍  ആ പണമുപയോഗിച്ച് വിറ്റഴിക്കപ്പെടുന്ന ഭൂമി വാങ്ങിക്കൂട്ടുകയോ  കായല്‍ നികത്തിയും വനം  തെളിച്ചും പുതിയ ഭൂ സ്വത്തു  സൃഷ്ടിക്കുകയോ ചെയ്തു .

ഇങ്ങനെ  ഇന്ത്യയില്‍ വിവിധരൂപങ്ങളില്‍ നില നിന്നിരുന്ന കാര്‍ഷിക ഗ്രാമ വ്യവസ്ഥയിലെ ഭൂ ഉടമാ ബന്ധങ്ങളെ ബ്രിട്ടീഷ് കോളനി വാഴ്ച മാറ്റിമറിച്ചു .അതിന്റെ ഫലമായി ജന സഞ്ചയത്തിന്റെ അധ്വാന  ശക്തിയെ പാട്ടമായും നികുതിയായും കവര്‍ന്നെടുക്കുന്ന ഒരു പുതിയ വര്‍ഗം പരമ്പരാഗത വരേണ്യരില്‍  നിന്നെന്ന പോലെ തന്നെ പുതിയ സമ്പന്ന വിഭാഗങ്ങളില്‍ നിന്നു ഉയര്‍ന്നു വന്നു . കൊളോണിയല്‍  മേധാവികള്‍ക്കും, അധികാരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട ജന സാമാന്യത്തിനും മദ്ധ്യത്തില്‍   പ്രവര്‍ത്തിച്ച ഈ പുതിയ ചൂഷക വര്‍ഗത്തിലൂടെയാണ്  ഇന്ത്യയിലെ നവ വരേണ്യത ആദ്യ ചുവടുകള്‍ വക്കുന്നത് . കോളനി വാഴ്ചയുടെ നടത്തിപ്പുകാരായ ഈ നവ വരേണ്യരുടെ ആധിപത്യത്തിന് കീഴില്‍ പാട്ട കൃഷിക്കാരും കൂലിപ്പണിക്കാരുമായി   കീഴാളവത്ക്കരിക്കപ്പെട്ടു    കൊണ്ടിരുന്ന  ജനങ്ങള്‍ അവരുടെ ജീവിതാധികാരം നിലനിര്‍ത്തുന്നതിനായി നടത്തിയ ചെറുത്തു നില്‍പ്പുകള്‍ ആയിരുന്നു കൊളോണിയല്‍ ഇന്ത്യയില്‍ നടന്ന ഒട്ടു മിക്ക കാര്‍ഷിക കലാപങ്ങളും .

ഒരു വശത്ത് കൊളോണിയല്‍ ശക്തികളുമായി വിലപേശിക്കൊണ്ടും മറു വശത്ത് കീഴാള ശക്തികളെ മെരുക്കി എടുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടും ഏതാണ്ട് ഒന്നര നൂറ്റാണ്ടോളം നീണ്ടു നിന്ന സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു വികാസ പ്രക്രിയയിലൂടെയാണ് ഇന്ത്യന്‍ ജനതക്ക് മേല്‍ ആധിപത്യം നേടുന്ന  ഒരു രാഷ്ട്രീയ ശക്തിയായി ഈ നവ വരേണ്യത പ്രായ പൂര്‍ത്തിയാകുന്നത് .


വലിയ ഭൂപ്രഭു കുടുംബങ്ങളില്‍ നിന്നു  വിദേശത്തുപോയി പാശ്ചാത്യ വിജ്ഞാനമാര്‍ജിക്കുന്നതിലൂടെ സ്വയം പരിഷ്കൃത  മനുഷ്യ മാതൃകയിലേക്ക്  കൂടുമാറിയ ഒരു തല മുറയാണ്‌ നവ വരേണ്യ ബുദ്ധിജീവികളുടെ ആദ്യ പ്രതി നിധികള്‍ . നാട്ടുകാരായതു കൊണ്ട്‌  അധികാരികളായ വെള്ളക്കാരില്‍ നിന്നു വിട്ടും, പരിഷ്കൃതരായതു  കൊണ്ട്‌ നാട്ടുകാരില്‍ നിന്നു ഉയര്‍ന്നും നിന്ന ഈ വിഭാഗം പാശ്ചാത്യ മാനദണ്ഡം അനുസരിച്ച് പ്രാകൃതരുടെ രാജ്യമായ ഇന്ത്യയെ ആധുനിക പരിഷ്കൃതി യിലേക്ക്         ഉയര്‍ത്തിയെടുക്കാന്‍ വെമ്പല്‍ കൊണ്ടു . ഇതോടൊപ്പം ഭൂ പ്രഭുക്കന്മാര്‍ അവരുടെ വര്‍ദ്ധിച്ചു കൊണ്ടിരുന്ന സമ്പത്ത് വ്യവസായവത്ക്കരിക്കപ്പെട്ട കൃഷിയിലും നഗരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ട  വ്യവസായങ്ങളിലും നിക്ഷേപിക്കുകയും അങ്ങനെ പരിഷ്കരണത്തെയും ആധുനികവത്ക്കരണത്തെയും അനിവാര്യമാക്കുന്ന ഉത്പ്പാദന ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു . നഗരങ്ങളെ കേന്ദ്രീകരിച്ചു നിലവില്‍ വന്ന പാശ്ചാത്യ മാതൃകയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  നിന്നു പുറത്ത് വന്ന  ആധുനിക പൌര മാതൃകയിലുള്ള അഭ്യസ്ത വിദ്യര്‍  തദ്ദേശീയ ഭാഷകളിലും സാഹിത്യങ്ങളിലും വരുത്തിയ പരിവര്‍ത്തനങ്ങളും സൃഷ്ടിച്ച പുതിയ വ്യവഹാര രൂപങ്ങളും വിനിമയ മാധ്യമങ്ങളും ചേര്‍ന്ന് സമ്പന്ന- മധ്യ വര്‍ഗങ്ങളുടെ ഒരു ആധുനിക പൌര സമൂഹ പൊതു മണ്ഡലം നിലവില്‍ വരുത്തി . ഇങ്ങനെ ആധുനിക പൌര സമൂഹ മാതൃകയിലേക്ക് പരിവര്‍ത്തിച്ചു  കഴിഞ്ഞ നവ വരേണ്യതയുടെ ആത്മബോധമാണ് ഇന്ത്യന്‍ ദേശീയതയുടെ രൂപാന്തരങ്ങളായി വികസിക്കുന്നത് . ഈ നവ വരേണ്യ പൌര സമൂഹത്തിന്റെ ആത്മഭാവനയാണ് ഇന്ത്യയെ ഒരു ആധുനിക പരമാധികാര സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയായി മാറുന്നത് .ഇന്ത്യന്‍ ദേശീയതയെ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം ആക്കി  മാറ്റുന്നത് .

ആത്മ ബോധത്തി ലേക്കുയര്‍ന്ന ഈ നവ വരേണ്യ പൌര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ഗ്രാമീണ ജനത  അവരെ അപേക്ഷിച്ച്  അക്ഷര ശൂന്യരും ആത്മ ബോധത്തി ലേക്കുയരാത്തവരും ഭൂതകാലത്തിന്റെ ഇരുട്ടില്‍ നിഷ്ക്രിയരായി തളഞ്ഞു  കിടക്കുന്നവരുമാണ് . അവരെ സംബന്ധിച്ചിടത്തോളം ചരിത്രം എന്നതു ആധുനിക യൂറോപ്യന്‍ മനുഷ്യ മാതൃകയിലേക്ക് പടി പടിയായി കയറിച്ചെല്ലാനുള്ള ഒരു പദ്ധതിയാണ് . ആധുനിക യൂറോപ്യന്മാര്‍ മനുഷ്യ സംസ്കാര പരിണാമത്തിന്റെ ഏറ്റവും  ഉയര്‍ന്ന പടവില്‍ എത്തി നില്‍ക്കുന്നവര്‍ തങ്ങളാണെന്നും മറ്റുള്ള സമൂഹങ്ങളൊക്കെ ആ പരിണാമത്തിന്റെ താണ പടവുകളില്‍ തങ്ങി നില്‍ക്കുകയാണെന്നും വിശ്വസിച്ചിരുന്നു. മാത്രമല്ല താണ പടവുകളില്‍ നില്‍ക്കുന്നവരെ തങ്ങളുടെ നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തേണ്ട  ബാധ്യത അവര്‍ക്കാണെന്ന് അവരിലെ 'മനുഷ്യ സ്നേഹികള്‍ ' വിശ്വസിക്കുകയും ചെയ്തു . തങ്ങളില്‍ നിന്നു വ്യത്യസ്തരായ വരെ മുഴുവന്‍ അപരിഷ്കൃതരായി  കാണുന്ന അന്ധമായ അധീശത്വ സങ്കല്പം ആധുനിക യൂറോപ്യന്‍ മാനവികത അതിന്റെ സമത്വ സങ്കല്പ്പമായി കണ്ടു .മറ്റു സംസ്കാരങ്ങളെ അപരിഷ്കൃതമെന്നു  അളക്കുന്ന സ്വന്തം സംസ്കാരത്തിന്റെ മാനദണ്ഡം തങ്ങളുടെ സംസ്കാരത്തിന് മാത്രം ചേരുന്നതാണെന്ന് തിരിച്ചറിയാനുള്ള  വിവേകം യൂറോപ്യന്‍ കൊളോണിയല്‍ മേധാവികള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല .

യൂറോപ്യന്‍ മനുഷ്യ മാതൃകയിലേക്ക് സ്വയം തിരുകി കൊള്ളിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ നവ വരേണ്യ പൌരസമൂഹം സ്വന്തം നാട്ടുകാരായ  ജന കോടികളെ കണ്ടത് ആധുനിക പൌരത്വത്തിലേക്ക് ഇനിയും പടവുകള്‍ പലതും കയറേണ്ടിയിരിക്കുന്ന  അപരിഷ്കൃതരായാണ് . അതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ മാനവ ചരിത്ര പരിണാമത്തിന്റെ ഗതിയില്‍ മുന്നോട്ടു കുതിക്കാനവാതെ  സ്തംഭിച്ചു നില്‍ക്കുന്ന ഒരു നാടാണ് . ഇന്ത്യക്കാര്‍ പാശ്ചാത്യ ആധുനിക സംസ്കൃതി എന്ന ലക്ഷ്യത്തിലെത്താനുള്ള മഹായാത്രയില്‍ ഒരിടത്താവളത്തില്‍  തളഞ്ഞു നില്‍ക്കുന്ന ഒരു ജനതയും (Waiting room of history എന്നു ഈ ഇടത്താവള ത്തെ കുറിച്ച്‌  ദീപേഷ് ചക്രവര്‍ത്തി ). അതിനാല്‍ ആധിപത്യത്തിലേക്ക് ഉയര്‍ന്നു വന്നുകൊണ്ടിരുന്ന പുതിയ വരേണ്യ സമൂഹത്തിനു ആധുനിക പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന്റെയും  ഭരണ കൂടത്തിന്റെയും പ്രയോഗ-വ്യവഹാരങ്ങളിലേക്ക്  സ്വന്തം നാട്ടുകാരെ ഉയര്‍ത്താന്‍ ശ്രമിക്കുകയും ആ ശ്രമത്തിലൂടെ അവരുടെ വ്യത്യസ്തതയും കീഴാളത്തവും അവരെ നിരന്തരം ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ .

ഈ പ്രക്രിയയിലുടനീളം അധീശ വരേണ്യ വര്‍ഗം ബഹുരൂപിയായ ഇന്ത്യന്‍ കീഴാള ജന സഞ്ചയത്തെ തങ്ങള്‍ക്കു ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള പ്രതിനിധാനങ്ങളിലേക്ക്  ( Representations)  പകര്‍ത്താനും തങ്ങളുടെ രാഷ്ട്രീയാധികാരത്തിന്റെ പിന്നണിപ്പടയാക്കി ഒതുക്കി നിര്‍ത്താനുമാണ്  ശ്രമിച്ചു കൊണ്ടിരുന്നത് . ഈ മേലാളര്‍ നേതൃത്വം കൊടുത്ത കൊളോണിയല്‍   വിരുദ്ധ സമര കാലത്ത് സംഭവിച്ചതും സമരാനന്തര  കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ് .

കര്‍ഷക സമൂഹങ്ങള്‍ രാഷ്ട്രീയമായ ആത്മബോധത്തിലേക്കുയരാത്ത, ചരിത്ര പരിണാമത്തിന്റെ താഴെ തട്ടില്‍ നില്‍ക്കുന്നവയാണെന്ന  , ഘട്ടവാദ പരമായ  ഇടതുപക്ഷ സങ്കല്‍പ്പവും ഈ നവ വരേണ്യ ധാരണക്ക് ശക്തി പകരുന്നതായിരുന്നു .  [മാര്‍ക്സ് ഇത്തരത്തിലുള്ള  ഘട്ടം ഘട്ടമായ ചരിത്ര പരിണാമത്തിന്റെ അനിവാര്യതയെ തന്റെ ചിന്തയുടെ പക്വ ദശയില്‍ തള്ളിക്കളയുന്നതായി കാണാം . ഏഷ്യാറ്റിക് ഉത്പ്പാദന സമ്പ്രദായത്തിലെന്ന  പോലെ റഷ്യന്‍   ഗോത്ര സമൂഹങ്ങളിലും നില നിന്ന ഭൂമിയുടെ പൊതു ഉടമാ സമ്പ്രദായത്തെ കുറിച്ച്‌ മാര്‍ക്സ് പില്‍ക്കാലത്ത്‌ വികസിപ്പിച്ചിട്ടുള്ള ആശയങ്ങള്‍ ഈ ഘട്ടവാദ സങ്കല്‍പ്പത്തെ തള്ളിക്കളയുന്നവയാണ്. മാര്‍ക്സ് മരിക്കുന്നതിനു തൊട്ടു മുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ നടത്തിയ പുരാ- നരവംശ ശാസ്ത്ര ഗവേഷണങ്ങളെ  കുറിച്ചുള്ള   കുറിപ്പുകളില്‍ (  Ethnological note books 1880 - 1882 ) കാര്‍ഷിക സമൂഹങ്ങളെ കുറിച്ചുള്ള പാശ്ചാത്യ സാമൂഹ്യ മാതൃകയില്‍ അധിഷ്ഠിതമായ മുഖ്യധാരാ മാര്‍ക്സിസത്തിന്റെ ധാരണകളില്‍ നിന്നു മുന്നോട്ടു പോകുന്നുണ്ട് . ]

ഏതായാലും മുഖ്യധാരാ പാശ്ചാത്യ ചിന്തകളെ പിന്തുടര്‍ന്ന ഇന്ത്യന്‍ ലിബറല്‍ - ഇടതുപക്ഷ സമീപനങ്ങള്‍  ഗ്രാമീണ കര്‍ഷകരും ആദിവാസികളും ദളിതരും ചേരി നിവാസികളും സ്ത്രീകളും  അടങ്ങുന്ന കീഴാള ജന സഞ്ചയത്തെ ആധുനികതയിലേക്കുള്ള വിമോചനത്തിനു പാകത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടേണ്ട  ആത്മബോധമറ്റ, സ്വാധികാരമില്ലാത്ത  ഒരു നിഷ്ക്രിയ  പിണ്ഡമായാണ്  കണക്കാക്കി പോന്നത് .

ഇന്ത്യന്‍ കീഴാള ജീവിതത്തിന്റെ പരമ്പരാഗതമായ സാംസ്കാരിക ശക്തി വിശേഷങ്ങളെയും  അധികാര - അവകാശ രീതികളെയും പാശ്ചാത്യ മാനദണ്ഡങ്ങള്‍   ഉപയോഗിച്ച വരേണ്യ വിഭാഗങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാന്‍ കഴിയാതെ പോയതിനു മറ്റൊരു കാരണം കൂടിയുണ്ട് . അധികാര -അവകാശങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെടുകയും പഴയ വര്‍ണ്ണ -ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വ ശ്രേണികള്‍ പുതിയ കൊളോണിയല്‍  വിഭജന  - ചൂഷണ യന്ത്രത്തിന്റെ ഭാഗമായി തീരുകയും ചെയ്ത ഒരു സാഹചര്യമാണത്  . അതിലേക്കു വരാം.

കോളനി വാഴ്ച വനം കയ്യേറ്റത്തിനും  കൊള്ളക്കും വേണ്ടി ഗോത്ര സമുദായങ്ങളുടെ കാടിന്മേലുള്ള അധികാര അവകാശങ്ങള്‍ ഫലത്തില്‍ റദ്ദു ചെയ്യുന്ന വന നിയമങ്ങളാണ് നടപ്പാക്കിയത് . കാര്‍ഷിക ഗ്രാമ വ്യവസ്ഥയുമായി ബന്ധപ്പെട്ട ജീവിതാധികാരങ്ങള്‍ നില നിര്‍ത്തി പോന്ന ദളിതര്‍ അടക്കമുള്ള കീഴാള വിഭാഗങ്ങള്‍ അധ്വാന കമ്പോളത്തില്‍ നിസ്സാര വിലയുള്ള അധ്വാന  ശക്തിയല്ലാതെ മറ്റൊന്നുമില്ലാത്തവരായി മാറി . അതായത് അവര്‍ നിരാധാരരായ കൂലി അടിമപ്പറ്റങ്ങള്‍  ആയി മാറി . വെള്ളക്കാരുടെയും അവരുടെ ഇടനിലക്കാരുടെയും തോട്ടങ്ങളിലേക്കും നഗരങ്ങളിലെ ചേരികളിലേക്കും കൂട്ടം കൂട്ടമായി അവര്‍ പറിച്ചു മാറ്റപ്പെട്ടു . അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ കൊളോണിയല്‍ ചൂഷണത്തിന്റെ ഏറ്റവും അധികം  ഭാരം താങ്ങേണ്ടി വന്നത് പഴയ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയില്‍ ഏറ്റവും അടിയില്‍ ആ വ്യവസ്ഥയുടെ ഭാരം താങ്ങി നിന്ന കീഴാള വിഭാഗങ്ങള്‍ക്കാണ്.Quotationഇന്ത്യയില്‍ കൊളോണിയല്‍ ചൂഷണത്തിന്റെ ഏറ്റവും അധികം  ഭാരം താങ്ങേണ്ടി വന്നത് പഴയ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയില്‍ ഏറ്റവും അടിയില്‍ ആ വ്യവസ്ഥയുടെ ഭാരം താങ്ങി നിന്ന കീഴാള വിഭാഗങ്ങള്‍ക്കാണ്.Quotation ഭൂമിയുടെ മേലുള്ള അധികാരാവകാശങ്ങള്‍ നഷ്ടമാവുകയും ജന്മിമാരുടെയോ  സമീന്ദാര്‍  മാരുടെയോ ഏതെങ്കിലും തരത്തിലുള്ള പാട്ട കൃഷിക്കാരായി മാറുകയും ചെയ്ത ഇന്ത്യന്‍ കര്‍ഷക സമുദായങ്ങള്‍ ഒന്നാകെ പരമ്പരാഗത ജീവിത ശക്തികള്‍ ക്ഷയിച്ചു കൊളോണിയല്‍   കമ്പോളങ്ങള്‍ക്ക് അടിയറവു പറഞ്ഞു .

ജീവിതം തികച്ചും ഗതി മുട്ടുമ്പോള്‍ നീണ്ട ഇടവേളകള്‍ക്കു ശേഷം ഗോത്ര വര്‍ഗ്ഗങ്ങളുടെയോ കര്‍ഷക സമുദായങ്ങളുടെയോ  ഭാഗത്ത് നിന്നുണ്ടാകുന്ന കലാപങ്ങളുടെ പൊട്ടിത്തെറികളെ  കൊളോണിയല്‍ മേധാവികളും ഇന്ത്യന്‍ വരേണ്യ വിഭാഗങ്ങളും മൃഗ തുല്യരായ മനുഷ്യരുടെ ചിന്താ ശൂന്യവും ഭ്രാന്തവുമായ പ്രതികരണങ്ങളായി മാത്രമാണ് വിലയിരുത്തിയത് . ഇത്തരം പൊട്ടിത്തെറികള്‍ക്കിടയിലെ  നിശ്ശബ്ദമായ സഹനങ്ങളുടെ  നീണ്ട ഇടവേളകളെ സ്വബോധത്തിലേക്ക്  ഉയരാത്ത മനുഷ്യപ്പറ്റങ്ങളുടെ സഹജമായ നിഷ്ക്രിയതയായാണ്‌ അവര്‍ കണ്ടത് .

കീഴാള ജീവിതത്തെ കുറിച്ചുള്ള ഇത്തരമൊരു സമീപനത്തിന്റെ ഫലമായി കീഴാള ജീവിതത്തിന്റെ രാഷ്ട്രീയ ശക്തികളെ തിരിച്ചറിയാന്‍ ഇന്ത്യന്‍ വരേണ്യ വിഭാഗങ്ങള്‍ക്ക് കഴിയാതെ പോയി . പാശ്ചാത്യര്‍ കരുതിയതുപോലെ നരവംശ  ശാസ്ത്രത്തിന്റെയോ ജനസംഖ്യാ ശാസ്ത്രത്തിന്റെയോ വിഷയമായ  ഒരു അപരിഷ്കൃത സാമൂഹ്യ പ്രതിഭാസമായാണ് അവര്‍ കീഴാള ജീവിതത്തെ സമീപിക്കാന്‍ ശ്രമിച്ചത് . കീഴാളരെ ഒരു രാഷ്ട്രീയ ക്രിയാത്മക ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിഷ്ക്രിയ നരവംശപ്രതിഭാസമായി കാണുന്ന  ഈ സമീപനത്തിന് പിന്നില്‍ പാശ്ചാത്യ  മനുഷ്യമാതൃകയെ കേന്ദ്രമാക്കിയ ഒരു ചരിത്ര ദര്‍ശനവും രാഷ്ട്രീയ വീക്ഷണവുമാണ്  പ്രവര്‍ത്തിക്കുന്നത് .

പാശ്ചാത്യ രാഷ്ട്ര മീമാംസയുടെ അടിസ്ഥാന മാതൃക, അധികാരത്തെ, ഒരു പരമാധികാര കേന്ദ്രത്തില്‍   നിന്നു താഴേക്കു പ്രവര്‍ത്തിക്കുന്ന അമൂര്‍ത്ത ശക്തി വിശേഷമായി കാണുന്നതിന്റെതാണ്. എല്ലാറ്റിനും  മുകളില്‍ എല്ലാറ്റിനെയും  നിര്‍ണ്ണയിച്ചു കൊണ്ടു നില കൊള്ളുന്ന ഈശ്വരന്റെ അധികാരത്തെകുറിച്ചുള്ള മതാത്മകമായ അധികാര സങ്കല്‍പ്പത്തിന്റെ ആവര്‍ത്തനമാണിത്   .ഈ രാഷ്ട്രീയ സങ്കല്പം , ആരെയും നിയന്ത്രിക്കാന്‍ ഭരണ കൂടമോ നിയമങ്ങളോ  ഇല്ലാത്ത ഓരാദിമ പ്രാകൃതാവസ്ഥയില്‍ ഓരോരുത്തരും അവരവരുടെ  താത്പര്യങ്ങള്‍ക്കനുസരിച്ച്  അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നതിന്റെ  ഫലമായി എല്ലാവരും എല്ലാവര്‍ക്കുമെതിരെ തിരിയുന്ന ഒരരാജക ലോകത്തെ  ഭാവന ചെയ്യുന്നു . ഇങ്ങനെ, പരസ്പരം തല്ലുന്ന വ്യക്തികള്‍ ഒന്നായി ചേര്‍ന്ന് അവര്‍ക്കോരോരുത്തര്‍ക്കും   മറ്റുള്ളവരില്‍ നിന്നുള്ള രക്ഷക്ക് വേണ്ടി എല്ലാവരെയും നിയന്ത്രിക്കുന്ന ഒരു പൊതു ശക്തിയെ അവര്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ധാരണ (Contract) യില്‍ എത്തുന്നു .ഈ രാഷ്ട്രീയ പരമാധികാര ശക്തി (sovereign power)  അതിന് താഴെയുള്ള വ്യക്തികളെ നിയന്ത്രിക്കുകയും അവരുടെ സ്വാതന്ത്ര്യത്തിനുള്ള അതിരുകള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്നു . അധികാരത്തെ (power) , കേന്ദ്രീകരിക്കപ്പെട്ട അമൂര്‍ത്ത ശക്തിയായും അവകാശത്തെ (right) അമൂര്‍ത്ത നിയമങ്ങളാല്‍ നിയന്ത്രിതമായ സ്വാതന്ത്ര്യ മായും കണക്കാക്കുന്ന ഒരു മാതൃകയാണിത് . ഇതാണ് ഇന്ന് പ്രചാരത്തിലിരിക്കുന്ന പാശ്ചാത്യ ലിബറല്‍ അധികാര - അവകാശ സങ്കല്പ്പത്തിനാധാരം . ഈ മാതൃകയിലൂടെ മനുഷ്യജീവിതത്തെ മനുഷ്യജീവിതമാക്കുന്ന അതിന്റെ ശക്തികളെയും അവയുടെ ബന്ധരൂപങ്ങളുടെ രാഷ്ട്രീയത്തെയും തിരിച്ചറിയാനാവില്ല. അതുകൊണ്ട് തന്നെയാണ് ഈ രാഷ്ട്രീയ മാതൃകയ്ക്ക്  ഇന്ത്യന്‍ കീഴാളരെ മനുഷ്യത്വത്തിലേക്ക് ഉയരാത്ത നിഷ്ക്രിയ ജീവികളായി വിധിയെഴുതാന്‍ കഴിഞ്ഞത് .

അധികാരത്തെ, മനുഷ്യരെ അടിച്ചമര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യാനുള്ള  ഭരണാധികാരമായി  കാണുകയും അതിന് കീഴ്പ്പെടുന്ന മനുഷ്യരെ പ്രതികരിക്കാനാവാത്ത ഇരകളായി കാണുകയും ചെയ്യുന്ന ഈ ലിബറല്‍ അധികാര മാതൃകക്കപ്പുറമാണ് അധികാരമെന്ന ഭൌതിക ബന്ധത്തിന്റെ പ്രവര്‍ത്തന  മണ്ഡലം.

അധികാരമെന്നത് മനുഷ്യരുടെ ജീവിതത്തില്‍ അടങ്ങിയിരിക്കുന്ന ജീവിതാധികാരമാണ് **. ഏതൊരു പ്രാണി യുടെയും  പദാര്‍ത്ഥത്തിന്റെയും നിലനില്പ്പില്‍ അതിന്റെ നിലനില്‍പ്പിനായുള്ള അധികാരം അഥവാ ബലം കൂടി അടങ്ങിയിട്ടുണ്ട് . മനുഷ്യര്‍ എന്ന സാമൂഹ്യ ജീവികളുടെ നിലനില്പ്പിലും സമൂഹജീവിയായി നിലനില്‍ക്കാനുള്ള ഒരു അധിക ജീവിത ബലം പ്രവര്‍ത്തിക്കുന്നുണ്ട് . അതിനാല്‍ അധികാരം ഒരമൂര്‍ത്ത ബാഹ്യ  ശക്തിയല്ല; ജീവിക്കുന്ന മനുഷ്യരുടെ ശക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിലൂടെ സംഭവിക്കുന്ന ഒരു പ്രവര്‍ത്തനമാണ്. ഉച്ച നീച  ക്രമത്തിലുള്ള തൊഴില്‍ വിഭജനങ്ങളും ചൂഷണവും നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ അധികാരം വിവിധസാമൂഹ്യ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളായാണ്     പ്രവര്‍ത്തിക്കുന്നത്.ഇത്തരം സമൂഹങ്ങളില്‍ ഈ വിഭജനങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെടുകയും പുതിയ മേലാള- കീഴാള ബന്ധരൂപങ്ങള്‍  നിലവില്‍ വരികയുമാണ് ചെയ്യുന്നത്. സാമൂഹ്യ ജീവിതത്തിലും കുടുംബത്തിലും പണിസ്ഥലത്തും ഓഫീസിലും സ്കൂളിലും പാര്‍ട്ടിയിലും പട്ടാളത്തിലും എല്ലാം ഈ വിധമുള്ള സ്ഥാപനവത്ക്കരിക്കപ്പെട്ട വിഭജനങ്ങളും അവയ്ക്കനുസൃതമായ  ബന്ധരൂപങ്ങളും ആണ് പ്രവര്‍ത്തിക്കുന്നത് .എന്നാല്‍ അവയില്‍ പ്രവര്‍ത്തിക്കുന്ന ഉച്ച നീച അധികാര ബന്ധങ്ങള്‍ മനുഷ്യര്‍ പരസ്പരം സ്ഥാപിക്കുന്ന ജീവിത ബന്ധങ്ങള്‍ ആണ് . അത് മേലാളര്‍ കീഴാളര്‍ക്കുമേല്‍   നടത്തുന്ന ഏകപക്ഷീയമായ  അമൂര്‍ത്ത ബലപ്രയോഗമല്ല . മറിച്ച് കീഴടങ്ങുന്നവന്റെ അധികാരവും കീഴടക്കുന്നവന്റെ അധികാരവും തമ്മില്‍ ഏര്‍പ്പെടുന്ന ഒരു സജീവ ബന്ധ മാണ ത്    . മേലാളന്റെ അധികാരവും കീഴാളന്റെ അധികാരവും തമ്മില്‍ ആധിപത്യത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയാത്മക ബന്ധമാണ് എന്നര്‍ത്ഥം.

കീഴടക്കുന്നവന്റെ  അധികാരത്തെ മാത്രം അധികാരമായി കാണുന്ന പാശ്ചാത്യ ലിബറല്‍ രാഷ്ട്ര മീമാം സയെ മാതൃകയാക്കുന്ന ഇന്ത്യന്‍  വരേണ്യ രാഷ്ട്രീയത്തിന് അധികാരത്തെ ജീവിത ശക്തികളുടെ ബന്ധമായി കാണാന്‍ കഴിയില്ല. അതിനാല്‍ അവര്‍ക്ക് കീഴാളര്‍ മറ്റുള്ളവരാല്‍ നയിക്കപ്പെ ടേണ്ട ബോധശൂന്യര്‍ ആണ്. കീഴാളരുടെ കലാപങ്ങളിലും ചെറുത്തു  നില്‍പ്പുകളിലും സഹനങ്ങളിലും നിസ്സഹകരണങ്ങളിലും പലായനങ്ങളിലും പ്രവര്‍ത്തിക്കുന്ന അവരുടെ ജീവിതാധികാരത്തെ തിരിച്ചറിയാന്‍ വരേണ്യരുടെ രാഷ്ട്രീയ ചിന്തക്ക് കഴിയാത്തത് അതുകൊണ്ടാണ്.

പരമാധികാര കേന്ദ്രവും പ്രജകളും തമ്മിലുള്ള ബന്ധത്തിന്റെ  മാതൃകയ്ക്ക് അധികാരത്തെ പരസ്പര ബന്ധമായി കാണാന്‍ കഴിയുന്നില്ല  എന്നു  മാത്രമല്ല അധികാരവും ജീവിതവും തമ്മിലുള്ള ബന്ധത്തെ പരസ്പരം വര്‍ജിക്കുന്ന വിപരീതങ്ങള്‍ തമ്മിലുള്ള ബന്ധമായി മാത്രമേ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ . ഓരോ വ്യക്തിക്കെതിരേയും, ആ വ്യക്തി നടത്തിയേക്കാവുന്ന അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി സമൂഹം ഒന്നാകെ പ്രയോഗിക്കുന്ന ബലമായി അധികാരത്തെ കാണുന്നതിന്റെ ഫലമാണ് ഈ വ്യക്തി /സമൂഹ വൈപരീത്യ സങ്കല്പം.

യഥാര്‍ത്ഥത്തില്‍ ഓരോ വ്യക്തിയും മറ്റു വ്യക്തികളെ ആശ്രയിച്ചു സ്വയം ശക്തിയാര്‍ജ്ജിക്കുന്നതിലൂടെ  സ്വന്തം ശക്തി വര്‍ധിപ്പിക്കുന്ന ഒരു കൂട്ടു കെട്ടാണ്  ഓരോ സമൂഹ രൂപവും . മറ്റുള്ളവരെ ആശ്രയിക്കുന്നതിലൂടെ ഓരോ വ്യക്തിയും അങ്ങനെ സ്വന്തം അധികാരത്തിന്റെയും അതിനനുസൃതമായ അവകാശത്തിന്റെയും ചക്രവാളങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്യുന്നത് . ഈ വിധം പരസ്പരം ആശ്രയിക്കുന്നതിലൂടെ ഓരോ വ്യക്തിയും സ്വന്തം സ്വതന്ത്രമായ നിലനില്‍പ്പിനുള്ള അധികാരവും അവകാശവും ആര്‍ജജിക്കുകയാണ്  ചെയ്യുന്നത് .

സമൂഹ ബന്ധങ്ങളില്‍ ഉച്ച നീച വിഭജനങ്ങളും ശ്രേണീ ബന്ധങ്ങളും കടന്നു വരുമ്പോഴും പരസ്പരാശ്രയത്തിന്റെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സ്വാതന്ത്രാസ്തിത്വത്തിന്റെയും മണ്ഡലങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല .അതുകൊണ്ടാണ് ഏതു തരം കീഴാളരും മേലാളരെ ആശ്രയിക്കുമ്പോള്‍ തന്നെ ആ ആശ്രയത്തില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള ഒരു സ്വാതന്ത്ര്യത്തെ കൂടി  നിലനിര്‍ത്തുന്നത് . മേലാളരുടെ ആശ്രയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന ആ സ്വാതന്ത്ര്യ ത്തിന്റെ മണ്ഡലമാണ് കീഴാളരുടെ കര്‍തൃത്വത്തിന്റെ  മണ്ഡലം . നിലനില്‍പ്പിന്റെ ആ സ്വതന്ത്ര മണ്ഡലത്തില്‍ അവര്‍ ജീവിതത്തോടു ക്രിയാത്മകമായി പ്രതികരിക്കുന്ന കര്‍തൃത്വങ്ങളാണ് ;  സ്വയം സ്വന്തം നായകരായിത്തീരാന്‍ പോന്ന സ്വതന്ത്ര ശക്തികളാണ് .മേലാളരുടെ ആധിപത്യത്തിന്( domination)  കീഴ്പ്പെട്ടു നില്‍ക്കുമ്പോഴും ഇന്ത്യന്‍ കീഴാള സമൂഹങ്ങള്‍  അവരുടെ സ്വാധികാരത്തെ (hegemony ) അടിയറ വക്കുന്നില്ല എന്ന രണജിത്  ഗുഹയുടെ കണ്ടെത്തലിന്റെ അടിസ്ഥാനം ഇതാണ്.

ഇംഗ്ലീഷുകാര്‍ ഇന്ത്യയുടെ മേല്‍ പൂര്‍ണമായ ആധിപത്യം ഉറപ്പിച്ചപ്പോഴും ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരും ആദിവാസികളും ദളിതരും സ്ത്രീകളും അടങ്ങുന്ന കീഴാള ജനസഞ്ചയങ്ങള്‍ വിവിധരീതിയില്‍ അവരുടെ സ്വച്ഛന്ദ  കര്‍തൃത്വത്തിന്റെ സ്വാധികാരം പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്നു. ഈ കീഴാള വിഭാഗങ്ങളുടെ ആന്തരികമായ സ്വാധികാര മണ്ഡലത്തിനു വെളിയിലാണ്  ബ്രിട്ടീഷുകാര്‍ അവരുടെ രാഷ്ട്രീയാധികാരവും ചൂഷണവും പ്രയോഗിച്ചു പോന്നത്.

കീഴാള കര്‍തൃത്വത്തിന്റെ  സ്വച്ഛന്ദത (autonomy)യെ കുറിച്ചുള്ള തിരിച്ചറിവ്  കൊളോണിയല്‍ മേധാവികള്‍ക്ക് മാത്രമല്ല അവരുടെ ദല്ലാളന്മാരില്‍ നിന്നും ഉയര്‍ന്നു വന്ന ഇന്ത്യയിലെ നവ വരേണ്യ  രാഷ്രീയ നേതൃത്വത്തിനും ഉണ്ടായിരുന്നില്ല. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് മര്‍ദ്ദിതരായ ഈ കീഴാളകോടികളുടെ കീഴടങ്ങുമ്പോഴും കീഴടങ്ങാതെ വര്‍ത്തിക്കുന്ന രാഷ്ട്രീയ കര്‍തൃത്വത്തിന്റെ   ആന്തരിക ശക്തികളായിരുന്നു . ഈ ശക്തികളുടെ വിശ്വരൂപം തിരിച്ചറിയുകയും അവയെ സ്പര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്ത നേതാവാണ്‌ മഹാത്മാ ഗാന്ധി. എന്നാല്‍ നവ വരേണ്യ രാഷ്ട്രീയാധികാരത്തെ ഭേദിക്കാന്‍ ഗാന്ധിക്കും കഴിഞ്ഞില്ല.Quotationഈ ശക്തികളുടെ വിശ്വരൂപം തിരിച്ചറിയുകയും അവയെ സ്പര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്ത നേതാവാണ്‌ മഹാത്മാ ഗാന്ധി. എന്നാല്‍ നവ വരേണ്യ രാഷ്ട്രീയാധികാരത്തെ ഭേദിക്കാന്‍ ഗാന്ധിക്കും കഴിഞ്ഞില്ല.Quotation മാത്രമല്ല ഫലത്തില്‍ കീഴാള കര്‍തൃ ത്വത്തിന്റെ ശക്തികളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച ഗാന്ധിയുടെ പരിശ്രമങ്ങള്‍ കീഴാള ശക്തികളെ ഈ പുത്തന്‍ വരേണ്യ ഭരണ വര്‍ഗ്ഗത്തിന്റെ ആധിപത്യത്തിന് കീഴ്പ്പെടുത്താന്‍ സഹായകമാവുകയും ചെയ്തു.

ആധുനിക തൊഴിലാളി വര്‍ഗ്ഗത്തെ മാത്രം വിപ്ലവകരമായ ആത്മബോധമുള്ള  നേതൃ ശക്തിയായി പരിഗണിക്കുകയും കീഴാള- കര്‍ഷക സമൂഹങ്ങളെ നൈസര്‍ഗ്ഗികത (spontaneity) ക്കടിപ്പെട്ട നിഷ്ക്രിയ വിഭാഗങ്ങളായി കാണുകയും ചെയ്ത ഇടതു പക്ഷ രാഷ്ട്രീയത്തിനും ഇന്ത്യന്‍ കീഴാള ജീവിതത്തിന്റെ കര്‍തൃത്വ  ശക്തിയെ തിരിച്ചറിയാനായില്ല. അതുകൊണ്ടാണവര്‍ക്ക്   നവ വരേണ്യ ലിബറല്‍ ജനാധിപത്യ രാഷ്ട്രീയത്തിനും കീഴാള ശക്തികളുടെ പൊട്ടിത്തെറികള്‍ക്കും ഇടയില്‍ പെട്ടു വലത്തേക്കും ഇടത്തേക്കും നിലയുറക്കാതെ  നിരന്തരം ഭിന്നിച്ചു ചാഞ്ചാടി കൊണ്ടിരിക്കേണ്ടതായി  വന്നത്.

നവ വരേണ്യ രാഷ്ട്രീയ ശക്തികളാകട്ടെ, ഒരു വശത്ത് അവരുടെ ആത്മ പ്രതിച്ഛായ യിലേക്ക് അതായതു ദേശീയ - മതനിരപേക്ഷ-നവസവര്‍ണ്ണ-പുരുഷ- നാഗരിക പൌര മാതൃകയിലേക്ക് കീഴാളരെ ഉയര്‍ത്തിയെടുക്കുന്നതിനായുള്ള  വികസന യജ്ഞങ്ങളില്‍ മുഴുകുമ്പോള്‍ മറുവശത്ത് ജാതി-മത-വംശ-സ്ത്രീ -പുരുഷ വിഭാഗീയതകള്‍ പെരുപ്പിച്ചുകൊണ്ട്‌ കീഴാള ജനസഞ്ചയത്തെ അവരുടെ രാഷ്ട്രീയാധിപത്യത്തിലുള്ള അസംസ്കൃത ശക്തിയായി നിലനിര്‍ത്താന്‍  ശ്രമിക്കുകയും ചെയ്യുന്നു .[അതുകൊണ്ടാണ് ഇന്ത്യന്‍ സിനിമയിലെ ഉത്തമ നായക മാതൃക യിലൂടെയും ഇന്ത്യന്‍ പൌര സമൂഹത്തിലെ ഉത്പ്പതിഷ്ണു ബുദ്ധിജീവി മാതൃകയിലൂടെയും ഈ ദേശീയ -മത നിരപേക്ഷ -നവ സവര്‍ണ്ണ -പുരുഷ-നാഗരിക പൌര സമൂഹ മാതൃക നിരന്തരം പ്രബലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.അതു കൊണ്ടു തന്നെയാണ് കീഴാളര്‍ക്കു പ്രശ്നമേ അല്ലാത്ത പള്ളികളെയും അമ്പലങ്ങളെയും ചൊല്ലിയുള്ള തര്‍ക്കങ്ങളെ ദേശീയ രാഷ്ട്രീയ പ്രതിസന്ധികളാക്കി പെരുപ്പിച്ചെടുത്ത്  ജാതി- മത വിഭാഗീയതകളെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സും  ബി ജെ പി യും ഒരേപോലെ വ്യാപൃതരായിരിക്കുന്നത്. അതിനാല്‍ ഉദാരവാദികളും വര്‍ഗ്ഗീയവാദികളും അടങ്ങുന്ന ഈ നവ വരേണ്യ രാഷ്ട്രീയ  കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ആത്മ പ്രകാശനമാണ് ഈയിടെ പ്രഖ്യാപിക്കപ്പെട്ട ബാബറിമസ്ജിദ് -രാമജന്മ ഭൂമി തര്‍ക്കത്തിന്മേലുള്ള ഇന്ത്യന്‍ ഭരണ കൂടത്തിന്റെ നീതിന്യായ വിധി ].

എന്നാല്‍ നൂറ്റാണ്ടുകളായി ഈ വിധം വിവിധതരം മേധാവിത്വങ്ങള്‍ക്ക് കീഴടങ്ങി നിന്നിട്ടും കീഴാള വിഭാഗങ്ങളുടെ കീഴടങ്ങാത്ത ആന്തരിക സ്വാധികാര ശക്തിയെ തീര്‍ത്തും ഇല്ലാതാക്കി കളയാന്‍ ഇന്നും അധീശ ശക്തികള്‍ക്കു കഴിഞ്ഞിട്ടില്ല.നവ വരേണ്യാധിപത്യവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു  കൊണ്ടു ദയനീയമെങ്കിലും വിവിധരീതികളില്‍ കീഴാള ശക്തികള്‍ അവയുടെ രാഷ്ട്രീയ കര്‍തൃത്വം പ്രകാശിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് . ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ആഗോള രാഷ്ട്രീയ ശക്തികളുടെയും പിന്‍ബലത്തോടെ ഇന്ത്യയില്‍ സ്വേച്ഛാ ധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഇന്ദിരാ ഗാന്ധിയെ അധികാരത്തില്‍ നിന്നു താഴെ ഇറക്കിയതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി. വീണ്ടും അധികാരത്തില്‍ വരുമെന്ന് കരുതിയ ബുദ്ധിജീവികളുടെയും  രാഷ്ട്രീയ നിരീക്ഷകരുടെയും ഇടതുപക്ഷത്തിന്റെ തന്നെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടു ബി. ജെ. പിയുടെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ തകര്‍ത്തതും ഈ കീഴാള ജനസഞ്ചയത്തിന്റെ  സ്വാധികാരമാണ്.

നൂറ്റാണ്ടുകളായി കൊടിയ ദാരിദ്ര്യത്തിനും അവമതിക്കും പീഡനത്തിനും   ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണരും ആദിവാസികളും ദളിതരും സ്ത്രീകളും അടങ്ങുന്ന കീഴാളരുടെ രാഷ്ട്രീയ കര്‍തൃത്വം എന്ന ഈ യാഥാര്‍ഥ്യത്തെ,   നവ വരേണ്യാധിപത്യവുമായി  അതു ഏര്‍പ്പെട്ടിരിക്കുന്ന സംഘര്‍ഷാത്മക ബന്ധത്തിന്റെ രൂപങ്ങളെ നാം വേറിട്ട്‌ തിരിച്ചറിയുക തന്നെ വേണം .
കാരണം അതാണ്‌ ഇന്ത്യന്‍ വര്‍ത്തമാന രാഷ്ട്രീയത്തിന്റെ 'അബോധം'.


അടിക്കുറിപ്പുകള്‍ :
*പ്രൊഫസര്‍ രണജിത് ഗുഹ, പാര്‍ഥാ ചാറ്റര്‍ജീ  തുടങ്ങിയ  ചരിത്ര ചിന്തകര്‍ ഇന്ത്യന്‍ കീഴാള സമൂഹങ്ങളെ കുറിച്ച്‌ പറയുന്ന സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്ന  hegemony എന്ന പരികല്‍പ്പനയെയാണ്   ഇവിടെ  ' സ്വാധികാരം *' എന്നതു കൊണ്ടു വിവക്ഷിക്കുന്നത് . domination ആണ് മേധാവിത്വം .
** ജീവിതാധികാരം - ആധുനിക പാശ്ചാത്യ രാഷ്ട്ര മീമാംസയില്‍ ജീവിതാവകാശവും( Right ) അധികാരവും (Power )വിപരീതങ്ങളാണു. എന്നാല്‍ സ്പിനൊസ ഇവയെ ഒന്നായോ ഒന്നിന്റെ  തന്നെ രണ്ടു രൂപങ്ങള്‍ ആയോ ആണു കണ്ടത്‌ . മത്സ്യത്തിനു വെള്ളത്തിനടിയില്‍ ജീവിക്കാനുള്ള കഴിവു അഥവാ  അധികാരം അതിനു വെള്ളത്തില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ  സാക്ഷാത്ക്കാരമായി ഐക്യപ്പെട്ടിരിക്കുന്നതു പൊലെ . ഈ അധികാര/ അവകാശസങ്കല്‍പ്പം പാശ്ചാത്യ മുഖ്യധാരാ രാഷ്ട്രീയ ചിന്തയെ എങ്ങനെ തകിടം മറിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ . ഈ രീതിയില്‍ അവകാശത്തേയും അധികാരത്തേയും ഒരുമിപ്പിക്കുന്നതിനുള്ള ശ്രമം എന്ന നിലയിലാണു ' ജീവിതാധികാരം'  എന്ന പരികല്‍പ്പന ഞാന്‍ പ്രയോഗിച്ചിരിക്കുന്നത്‌. ഇതില്‍ സ്പിനൊസയുടെ' conatus  ബര്‍ഗ്സന്‍ -ന്റെ  'Elan vital ', നീഷെയുടെ 'Will to Power  ദെലേസിന്റെ    'Desire  എന്നീ മൌലിക പരികപ്പനകള്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നാണു ഞാന്‍ കരുതുന്നതു . കീഴടക്കപ്പെട്ടവരുടേയും ചൂഷണം ചെയ്യപ്പെടുന്നവരുടേയും എല്ലാ പ്രതിരോധങ്ങളിലും സമരരൂപങ്ങളിലും തടയപ്പെട്ട , ശിഥിലമാക്കപ്പെട്ട ജീവിതാധികാരം അതിന്റെ  പുതു രൂപങ്ങളിലേക്കുള്ള കുതിപ്പുകള്‍ സൃഷ്ടിക്കുകയാണു ചെയ്യുന്നതു എന്നു പറയാം

[ഒമാനില്‍ 'ഇടം'  സാംസ്കാരികക്കൂട്ടായ്മ സംഘടിപ്പിച്ച  ശ്രീ നാരായണ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം ]
http://www.malayalanatu.com/index.php?option=com_content&view=article&id=279:2010-11-22-17-21-13&catid=2:2010-09-21-05-03-09&Itemid=3