Saturday, January 31, 2009

ഡിസംബര്‍ പറഞ്ഞത് ..

കവി സമ്മേളനത്തിനിടെ കവിത കേട്ട്, അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട് അയാള്‍ നേരെ വന്നു അഭിനന്ദിച്ചു . എല്ലാ കവിതയും നന്നായിരുന്നു എന്നും അയാള്‍ക്ക് ഞാന്‍ ചൊല്ലിയ എട്ടു കവിതകളില്‍ രണ്ടെണ്ണം മന:പാഠമായി എന്നും മന്ദഹസിച്ചു കൊണ്ടു പറഞ്ഞു .
'നന്ദി നന്ദി എന്ന് രണ്ടു തവണ ചൊല്ലി ഞാന്‍ ആ അഭിനന്ദനം സ്വീകരിച്ചു .എന്റെ ശബ്ദത്തില്‍ വേണ്ടത്ര ആഹ്ലാദം അയ്യാള്‍ കണ്ടില്ലെന്നുണ്ടോ ?
അയാള്‍ വീണ്ടും തന്റെ കാവ്യാസ്വാദനം മോശമല്ലെന്ന് തെളിയിച്ചുകൊണ്ട്‌ അര മണി ക്കൂര്‍ മുന്പ് കേട്ട എന്റെ കവിതകളില്‍ ഒന്നിന്റെ പരിഭാഷ മുഴുവന്‍ ഒറ്റശ്വാസത്തില്‍ എന്നെ ചൊല്ലിക്കേള്‍പ്പിച്ചു . ഇനിയും വിശ്വാസമായില്ലേ എന്ന മട്ടില്‍ പുഞ്ചിരിച്ചു.....
നന്നായി എന്ന് ഞാനും ചിരിക്കാതിരുന്നില്ല..
എനിക്ക് തന്നെ ആ കവിതകള്‍ മന:പാറമല്ല .എന്നിട്ടാണ് !
സന്തോഷം മുഖത്ത് കാണിച്ചു പിന്തിരിഞ്ഞ എന്നോട് പകുതി ആത്മഗതം എന്ന മട്ടില്‍ അയാള്‍ കുറച്ചുറക്കെ പറഞ്ഞു ' നമ്മള്‍ ഇതിന് മുന്പ് എന്തുകൊണ്ട് കണ്ടില്ല ......'
അതൊരു ചോദ്യമാണോ? അതോ ആ ശബ്ദത്തില്‍ ഒരു ആശ്ചര്യ ചിന്ഹം ഒളിഞ്ഞിരിപ്പുണ്ടോ ? മനസ്സിലാകാത്ത തിനാല്‍ ഞാന്‍ സൂക്ഷിച്ചു നോക്കി . പിന്നെ പറഞ്ഞു ' ഞാന്‍ ഇവിടെ ഉണ്ടായിരുന്നു ' ആ വാക്കുകള്‍ കവിതയായി അയാള്‍ക്ക്‌ തോന്നി .
അയാള്‍ വീണ്ടും പറഞ്ഞു ."ഞാനും , എന്നിട്ടും നമ്മള്‍ കണ്ടില്ല ' അപ്പോഴാണ്‌ അയാളെ ഒന്നു കൂടി സൂക്ഷിച്ചു നോക്കാന്‍ തോന്നിയത്. അയാള്‍ വെള്ളക്കാരനാണ്, യുറോപ്യന്‍ .ഒരു അമേരിക്കക്കാരനെയും ഇംഗ്ലീഷ് കാരനേയും ഇതിന് മുന്‍പും പിന്‍പും ഞാന്‍ പരിചയപ്പെട്ടിട്ടില്ല . അതുകൊണ്ട് അയാളെ കാണാഞ്ഞത് എന്നെ വിസ്മയിപ്പിച്ചില്ല .
എന്നാല്‍ ' ഞാന്‍ പിറ്റര്‍ ജോണ്‍, ലണ്ടനില്‍ താമസം ,എന്നും കവിയോ ചിത്രകാരനോ അല്ല,' എന്നും ഡോക്റ്റര്‍ ആണ്' എന്നും പരിചയപ്പെടുത്തി .
'അതെയോ'.... എന്ന് ഞാന്‍ വെറുതെ അത്ഭുതം ഭാവിച്ചു . എന്തെങ്കിലും ഭാവിക്കണ മല്ലോ .
ഡോക്റ്റര്‍ നീല കണ്ണുള്ള ഒരു സുന്ദരന്‍ ആണ് .ഇനി എന്ത് പറയണമെന്നോ ചോദിക്കണ മെന്നോ രൂപമില്ലാത്തത് കൊണ്ട് കവിക്കൂട്ടങ്ങളെ തിരഞ്ഞു നാലു പാടും കണ്ണോടിച്ചു പതുക്കെ നീങ്ങാനായി ഭാവിച്ച എന്നോട് പിറ്റര്‍ ജോണ്‍ പതുക്കെ ചെറിയ വിറയല്‍ ശബ്ദത്തില്‍ വരുത്തി പറഞ്ഞു ..'ഐ ലൈക്‌ യു , ഐ ലവ് യു , ...ഇറ്റ് സീംസ് ..വി ..വി ...
ഐ ..റിയലി ലവ് യു ...ഐ വാണ്ട് ടോക് ടു യു....'
ഞാനൊന്നും പറഞ്ഞില്ല ..ഇപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടിരിക്കയാണല്ലോ.
എന്നാല്‍ പെട്ടെന്ന്‍ മാധവിക്കുട്ടി എന്റെ രക്ഷക്കായി വന്നു .. അവരെ മുന്‍പില്‍ കണ്ട് എനിക്ക് ചിരി പൊട്ടി .
." ഞാന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു ....എന്റെ നിലക്കാത്ത ചിരി കേട്ടു എനിക്ക് തുണയായി വന്ന മകന്‍ ദൂരെ നിന്നു ഓടിവന്നു , അവന്‍ പരിഭ്രമിച്ചു
.എന്റെ കഥയില്‍ മാധവിക്കുട്ടിയോടു അവരുടെ മകന്‍ പറയുന്നതു ഞാന്‍ കേട്ടു .......'എന്റെ പതിനാലുകാരന്‍ മകന്റെ മുഖത്ത് നിന്നും ...... ' ഇങ്ങനെ ചിരിക്കേണ്ട അമ്മേ ...ഇങ്ങനെ ചിരിക്കേണ്ട ...." എന്റെ കവിത കേട്ടു എന്നെ 'സ്നേഹിച്ച പിറ്റര്‍ ശബ്ദം താഴ്ത്തി പറഞ്ഞു .."ഞാന്‍...... അറിഞ്ഞിരുന്നില്ല...ഐ ഡി ഡി ന്റ് നോ ............."





Friday, January 30, 2009

ഭാഷ

"അന്‍പത് വര്‍ഷത്തിനപ്പുറം മലയാളഭാഷക്ക് ഇനി ആയുസ്സില്ല . പിന്നെ ദൈവം പോലും മലയാളികളോട് അന്യ ഭാഷയിലായിരിക്കും സംസാരിക്കുക " എന്ന് വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് തന്നോട് പറഞ്ഞതായി കഥാകൃത്ത് ചന്ദ്രമതി എഴുതി .
നമ്മുടെ മലയാളം ചാനലുകളിലെ അവതരണക്കാരുടെയും ചില റിപ്പോര്‍ട്ടര്‍ മാരുടെയും മലയാളം കേട്ടാല്‍ അത്രപോലും ആയുസ്സ് മലയാളത്തിനു നീട്ടിക്കിട്ടുമെന്നു തോന്നുന്നില്ല . അന്യഭാഷകളെ അകറ്റിനിര്‍ത്തുന്ന സ്വഭാവം മലയാളത്തിനില്ല. അത് ഭാഷയുടെ വളര്‍ച്ചക്ക്‌ നല്ലത് ആണ് താനും ; അത് ആ ഭാഷയുമായി തന്മയത്വത്തോടെ കൂടിച്ചേരുന്നു എങ്കില്‍ .
ഒരു യാത്രയില്‍, പലതും സംസാരിക്കുന്നതിനിടെ ഈ വിധം തന്നെയാണ് ഗുജറാത്തി കവി ഉഷ ഉപാധ്യായയും ഗുജറാത്തി ഭാഷയെ പ്പറ്റി ഏറെക്കുറെ വ്യസനിച്ചത് എന്നോര്‍ക്കുന്നു .എല്ലാ ഇന്ത്യന്‍ ഭാഷകളെയും ഇംഗ്ലിഷ് വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് ഒരു സര്‍വകലാശാലയില്‍ ഗുജറാത്തി ഭാഷ പഠിപ്പിക്കുന്ന അവര്‍ പരാതിപ്പെട്ടത് .
തന്റെ മുത്തച്ഛന്‍/മുത്തശ്ശി സംസാരിച്ചിരുന്നത് മലയാളം എന്നൊരു ഭാഷയിലായിരുന്നു എന്ന് പേരക്കുട്ടികള്‍ കണ്ടെത്തുമായിരിക്കാം...മലയാളത്തിനു മംഗളം ഭവിക്കട്ടെ !അതുപോലെ എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും !

For Gandhiji

Thursday, January 29, 2009

ഒരു 'സോദ്ദേശ ' കഥ

 ഒരു ഗുണ പാഠ കഥ : മൂന്നു മാതൃകാ ചോദ്യങ്ങള്‍ സഹിതം .

സാവിത്രി രാജീവന്‍




മാലതി ടീച്ചര്‍ മരിച്ചു .

ആത്മഹത്യയായിരുന്നു .
അറുപത്തഞ്ചു വയസ്സായിരുന്നു പ്രായം .
ഇതിപ്പോള്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാവും നിങ്ങള്‍ ആലോചിക്കുന്നത് . ആത്മഹത്യകളും കൊലപാതകങ്ങളും നിത്യേന പത്ര താളുകളില്‍ വിളമ്പി കിട്ടാറുണ്ടല്ലോ ..ഒരു പുതുമയും ഇല്ലാതെ .
ശരി തന്നെ. മാലതി ടീച്ചര്‍ ചെയ്തത് സ്വയം ഹത്യയാണ് .
പലരും ഭൂമിയിലെ വാസം അവസാനിപ്പിക്കാന്‍ ആ മാര്‍ഗം കൈക്കൊള്ളുന്നു മുണ്ട് . ഇപ്പോഴും ആ ഒരു വഴി മുന്പിലുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഭൂമിയിലെ വാസം കുറച്ചു ദിവസം , മാസം എന്നൊക്കെ നീട്ടിക്കൊണ്ട് പോകുന്നവരും ഉണ്ട് . എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ഗവേഷണം നടത്തി നടത്തി ഒരുവഴിയും കാണാതെ ഉഴരുന്നവരും, ഒരാലോച്ചനയും കൂട്ടാതെ ആത്മഹത്യ ചെയ്യുന്നവരും ഉണ്ട് . ഈ നിമിഷത്തിലും അത് ചെയ്യുന്നവരുണ്ടാകും.അതല്ല പറഞ്ഞു വരുന്നത് .

മാലതി ടീച്ചര്‍ മാത്രമല്ല വിശ്വനാഥന്‍ സാറും ആത്മഹത്യ ചെയ്തു. ഒരുമിച്ചല്ല , വേറെ വേറെ സ്ഥലങ്ങളില്‍ ,
വേറെ വേറെ പ്രകാരത്തില്‍ .എന്നാല്‍ അത്ര വേറെ വേറെ വിദൂര ദേശത്താണോ ?
അല്ല. ഒരേ ജില്ലയില്‍ പെട്ട രണ്ടു പ്രദേശങ്ങളില്‍ .പരസ്പരം അറിയുന്നവരും പരിചയക്കാരും ,വര്‍ഷങ്ങളോളം ആയി മാസത്തില്‍ ഒരിക്കലെങ്കിലും കാണുന്ന വരുമാണ് ഈ മാലതി ടീച്ചറും വിശ്വനാഥന്‍ സാറും .

ഈ കാഴ്ചകളും അവരുടെ ആത്മഹത്യയും തമ്മില്‍ ബന്ധ മുണ്ടോ എന്നാവും നിങ്ങളുടെ ആലോചന . ഉണ്ട് , ബന്ധമുണ്ട് . രണ്ടു പേര്‍ക്കും ഏകദേശം ഒരേ പ്രായം. ഒരുപക്ഷെ ,വിശ്വനാഥന്‍ സാര്‍ ഒന്നോ രണ്ടോ വര്‍ഷം നേരത്തെ ആയിരിക്കാം ജനിച്ചത്‌ .
എന്തിനാണ് പരിചയക്കാര്‍ ആയിട്ടും ഒരേദിവസം വെവ്വേറെ സ്ഥലത്തുവെച്ച് വെവ്വേറെ മാര്‍ഗത്തില്‍ അവര്‍ മരണം പൂകിയത്‌ ? അവര്‍ പരിചിതരെ അല്ലെന്ന്‍ ആരെയെങ്കിലും ബോധ്യപ്പെടുത്താന്‍ ആയിരുന്നോ? ആയിരിക്കാം, അല്ലായിരിക്കാം .അല്ലെങ്കില്‍ പരിചയക്കാര്‍ ആത്മഹത്യ ചെയ്യുന്നത് ഒരുമിച്ചു ആയിരിക്കണം എന്നു വ്യവസ്ഥ ഒന്നും ഇല്ലല്ലോ .. എങ്കിലും ....അവരെ നേരിട്ടു പരിചയമുള്ളവര്‍ ഒരു  'എങ്കില്‍' മനസ്സില്‍ പറഞ്ഞു നിര്‍ത്തി.
അല്ലെങ്കില്‍ അവര്‍ തങ്ങളുടെ വ്യത്യസ്തതകളെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയതുമാവാം. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ പരസ്പരം മാനിച്ചതായിരിക്കാം , ചിലപ്പോള്‍.രണ്ടു പരിചയക്കാര്‍ ഒരേ ദിവസം വ്യത്യസ്ത മാര്‍ഗത്തില്‍ ആത്മഹത്യ ചെയ്തതിനെ ഇങ്ങനെ വ്യാഖ്യാനിക്കെണ്ടതുണ്ടോ എന്നോ? മാലതി ടീച്ചര്‍ എന്റെ അമ്മയുടെ സുഹ്രത്ത് ആയിരുന്നു .ഇരുപത്തെട്ടു വയസ്സില്‍ വിധവയായി ,രണ്ടു കുട്ടികളെ
പഠിപ്പിച്ചു.  പഠിപ്പിക്കല്‍ എന്നു പറഞ്ഞാല്‍ വെറും ട്യൂഷന്‍ കൊടുക്കല്‍ മാത്രമല്ല  അതായതു നല്ല ചൊല്ലു വിളിയുള്ള കുട്ടികളായിട്ടു തന്നെ  വളര്‍ത്തി എന്നാണ് . അച്ചടക്കമുള്ള സ്കൂളില്‍  ഈശ്വര  പ്രാര്‍ഥനയോടെ ആരംഭിച്ചു ജനിപ്പിച്ചതിനും നിലനിര്‍ത്തുന്നതിനും ക്ലാസ്സാവസാനം നന്ദിയും പറയിപ്പിച്ചു വിടുന്ന സ്കൂളില്‍ . എന്നിട്ടോ വലുതായപ്പോള്‍  ടെസ്റ്റുകളും അഭിമുഖങ്ങള്‍ക്കും പൊരുതി തയ്യാറാവുന്ന അവര്‍ക്കൊപ്പം ഉറക്കമിളച്ചു കൂട്ടിരുന്നു  ഉദ്യോഗസ്ഥരും ആക്കി . വിവാഹം ചെയ്യിച്ചു .

മകള്‍ മുംബൈ നഗരത്തില്‍ , മകനും ഭാര്യയും കുട്ടികളും ദല്‍ഹിയിലും .പ്രാരബ്ധങ്ങള്‍ അശേഷമില്ല . പറയത്തക്ക രോഗ പീഡയില്ല , വല്ലപ്പോഴും ഒരു ജലദോഷം വന്നാലായി . പണത്തിനു അലയേണ്ട , പെന്‍ഷന്‍ മതിയാവും . വലിയ നാലുകെട്ടാണ്‌ വീട് , പശുവും തൊഴുത്തും മാങ്ങയും ചക്കയും ഉണ്ട് . സ്നേഹമുള്ള അയല്‍ക്കാരുണ്ട് . ഉപകാരത്തിനും ഉപദ്രവത്തിനും വരാത്ത ബന്ധുക്കളുമുണ്ട്.
സുകൃതം !!

ഇങ്ങനെ കഴിയുന്ന മാലതി ടീച്ചര്‍ക്ക് ഇപ്പോള്‍ മലമ്പുഴ ഡാമില്‍ ചാടി വെള്ളം കുടിച്ചു മരിക്കേണ്ട വല്ല കാര്യവും ഉണ്ടോ? ഇതല്ലേ നിങ്ങളുടെ സംശയം?എനിക്കറിയാം, അത് തന്നെ .കാര്യമുണ്ടാകം കാരണവും .

വിശ്വനാഥന്‍ സാറിന്റെ കാര്യം തന്നെ നോക്കൂ . അദ്ദേഹത്തിന് മൂന്നു മക്കളുണ്ട്. മൂത്തവന്‍ വിനീത് ഇംഗ്ലണ്ടില്‍ ,രണ്ടാമന്‍ കാനഡയില്‍ ,ഇളയമകള്‍ സിംഗപ്പൂരില്‍ ഭര്‍ത്താവുമൊത്ത് ...ഇലക്ട്രിസിടി ബോഡില്‍ എഞ്ചിനീയര്‍ ആയി റിട്ടയര്‍ ചെയ്ത വിശ്വനാഥന്‍ സാറിന് കാശിനും മുട്ടില്ല .ഭാര്യ മരിച്ചിട്ട് പതിനഞ്ച് കൊല്ലമായി . വിശ്വനാഥന്‍ സാറും  വലിയവീട്ടിലാണ് താമസം; .മൂന്നു കുട്ടികളെയും അച്ചടക്കം കടുകിട  തെറ്റാതെ വളര്‍ത്തി വലുതാക്കി . അവര്‍ വലുതാവുകയും പറക്കമുറ്റി കൂടുവിട്ടു താന്‍ കാര്യങ്ങളുമായി  പറന്നു പോവുകയും ചെയ്തു .ഒന്നോര്‍ത്താല്‍ എല്ലാം  മാലതി ടീച്ചറിന്റെ വീട്ടിലെതുപോലെ തന്നെ.പശുവും തൊഴുത്തും ഇല്ലാന്ന് മാത്രം .പകരം കൃഷി ഭൂമിയുണ്ട് അതില്‍  ചെറുതായി കൃഷിയുണ്ട് .പ്ലാവും , മാവും  വാഴയുമുണ്ട് .കുറച്ചു ജൈവ പച്ചക്കറിയും . നോക്കാന്‍ സഹായിയായി കണാരന്‍ എപ്പോഴും  കൂടെയുണ്ട്.

ചുരുക്കത്തില്‍ ബാഹ്യ ദൃഷ്ടിയില്‍ വിശ്വനാഥന്‍ സാറിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല എന്ന് നമുക്കു തീര്‍ച്ചയായും തോന്നും .എന്നിട്ടും വിശ്വനാഥന്‍ സാര്‍ ഉറക്ക ഗുളിക വിഴുങ്ങി നേരെ ഉണരാത്ത ഉറക്കത്തിലേക്കു പോയി -വെറുതെ........ വെറുതെ? ആയിരിക്കില്ല .

മാലതി ടീച്ചര്‍  പെന്‍ഷന്‍ ആയതിനുശേഷം, കുറച്ചു നേരത്തെ റിട്ടയര്‍ ചെയ്ത എന്റെ അമ്മയോടൊപ്പമാണ് പാലക്കാട് ട്രെഷറി യിലേക്ക് പൊയ്ക്കൊണ്ടിരുന്നത് . ഒന്നാം തിയ്യതിക്കും അഞ്ചാം തിയ്യതിക്കുമിടയില്‍ ട്രെഷറിയില്‍ ക്യൂ നിന്നു പണം വാങ്ങുന്നതിനിടയില്‍ വിശ്വനാഥന്‍ സാര്‍ ക്യൂവില്‍ ഒരാളായി നിന്നുകാണണം, മാലതി ടീച്ചര്‍ അത് കണ്ടിട്ടുണ്ടാവണം; വിശ്വനാഥന്‍ സാറും. അവര്‍ പരസ്പരം കാണുന്നതുവരെ മക്കളുടെ വിശേഷ ദിവസങ്ങളിലെ ടെലിഫോണ്‍ വിളികളികളിലായിരുന്നു തങ്ങളുടെ സ്നേഹ വൃക്ഷത്തിന്റെ വേരുകള്‍ ആഴ്ത്തിയിരുന്നത് .എന്നാല്‍ ആ സമാന ഹൃദയര്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു ഗൌരിടീച്ചര്‍ സാക്ഷ്യ പ്പെടുത്തുന്നു .
അങ്ങനെ പത്തുകൊല്ലം . ....ഒന്നാം തിയ്യതികളിലെ കാഴ്ചകളിലും നോട്ടങ്ങളിലും ഒന്നോ രണ്ടോ കുശലാന്വേഷണ വുമായി സ്നേഹം മുറുകി കൊണ്ട് തന്നെ വന്നു .  ഇങ്ങനെ പരസ്പരം വേര്‍പിരിഞ്ഞു രണ്ടു വീടുകളിലായി താമസിച്ചു ജീവിതം അവസാനിപ്പിക്കെണ്ടെന്നു അവര്‍ ഒടുവില്‍ നിശ്ചയിക്കുന്നു .ഇരുവരും തങ്ങളുടെ ആഗ്രഹം മക്കളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു .

എല്ലാ മക്കളും 'ഇഷ്ടം ' സിനിമയിലെ 'പവന്‍' അല്ലല്ലോ .പ്രത്യേകിച്ചും അച്ചടക്കത്തിനും  അനുസരണ ക്കും പോലും ട്യൂഷന്‍ ലഭിച്ച കുട്ടികള്‍ .അതുകൊണ്ട് തന്നെ നല്ല സദാചാര ബോധമുള്ളവര്‍ ആയിരുന്നു ഇരുവരുടെയും സന്താനങ്ങള്‍ .അവര്‍ കാര്യകാരണ സഹിതം അവരെ പറഞ്ഞു തോല്‍പ്പിച്ചു....... വയസ്സുകാലത്ത് തോന്നിയ തീവ്ര പ്രണയമെന്നു കളിയാക്കി , നാണമില്ലേ എന്ന് ചിരിച്ചു ..നീട്ടിയും കുറുക്കിയും തന്നിഷ്ടക്കാരെന്നു പരാതിപ്പെട്ടു.ചെറുതായി ചോദ്യമോ ഭേദ്യമോ  ചെയ്യാതെ ചെയ്തു .
ചോദ്യം ചെയ്യലില്‍ ഭീഷണി ഉണ്ടായിരുന്നോ എന്നറിയില്ല .
അതെന്തായാലും  അടുത്ത ഒന്നാം തീയതി പെന്‍ഷന്‍ വാങ്ങാന്‍ മാലതി ടീച്ചറും വിശ്വനാഥന്‍ സാറും ക്യൂവില്‍ നില്ക്കാന്‍ ഉണ്ടായില്ല .അതിനു മുന്‍പേ  ഇരുവരും  പരസ്പരം കണ്ടിട്ടുപോലുമില്ലെന്നു നടിച്ചു ആത്മഹത്യയില്‍ പോലും ഒരുമിക്കാതെ മക്കളുടെ മാനം രക്ഷിച്ചു .

ഗുണ പാഠ കഥ ഇവിടെ തീരുന്നു .

ഇനി മൂന്ന് ചോദ്യങ്ങള്‍ :
1.മക്കളുടെ മാനം കാത്ത മാലതിടീച്ചരും വിശ്വനാഥന്‍ സാറും സ്വര്‍ഗത്തില്‍ ഒന്നിച്ചു കാണുമോ ?
2. ഇതുപോലെ വിദേശത്തും സ്വദേശത്തും വസിക്കുന്ന മക്കളുള്ള ,പ്രണയിക്കാന്‍ തുനിയുന്ന വയസ്സര്‍ക്ക് ഇതൊരു പാറമാകുമോ? അതോ അവരെ വഴി തെറ്റിക്കുകയാണോ മാലതി- വിശ്വനാഥന്‍ പ്രണയ മാതൃക ചെയ്യുക?
3 . പ്രണയം പതിനാറിനും മുപ്പത്താറിനും ഇടക്കുള്ളവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതാണെന്ന് അറിയാതെ അതിലേക്കു 'കടന്നു കയറുന്ന' വൃദ്ധരെ ഇങ്ങനെ കൈകാര്യം ചെയ്യുമെന്ന 'നിത്യ യൌവനക്കാരുടെ താക്കീത് ആണോ ഇത് ?...............................................................................................................................

ഇതിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ വിക്രമാദിത്യന്റെ ചുമലില്‍ നിന്നു വേതാളം മരക്കൊമ്പിലെക്ക് പറന്നു പോകുന്നത് കാണാം , ചിലപ്പോള്‍ പറഞ്ഞാലും അത് തന്നെ സംഭവിക്കും .....

Wednesday, January 28, 2009

കാലത്തിന്റെ നില്‍പ്പുകള്‍

കാലം ഫ്രൈമുകളില്‍ തൂങ്ങി നിന്നു, Basilica of Bom Jesus സിന്റെ അകങ്ങളില്‍ .ഒഴുകാത്ത കാലത്തെക്കുറിച്ച് അങ്ങനെയാണ് ഞാന്‍ അറിയുന്നത് . എല്ലാ ചരിത്ര സ്മാരകങ്ങളും അവയുടെ ഉള്ളില്‍ സമയത്തെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കയാണെന്ന് എനിക്ക് മുന്‍പും തോന്നിയിട്ടുണ്ട് . താജ് മഹാളില്‍ സമയത്തോടൊപ്പം പ്രേമം വഴിഞ്ഞൊഴുകുന്ന രണ്ടു കണ്ണുകളിലെ നോട്ടവും ഘനീഭവിച്ചു നില്‍ക്കുന്നതായി തോന്നി അന്ന് .
ഇപ്പോള്‍ ഗോവന്‍ ബസിലിക്കയിലെ അകങ്ങളില്‍ ,പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുറം ലോകം കണ്ടും വീണ്ടും രത്ന പേടകത്തില്‍ ഉറങ്ങിയും സൈന്റ് . സേവ്യര്‍ 'മരിച്ചു ജീവിക്കുന്നു ' എന്ന് അറിയുമ്പോള്‍ അതും നാനൂറിലേറെ കൊല്ലമായി എന്നും ഓര്‍ക്കുമ്പോള്‍ സമയം പെട്ടെന്ന് ചുരുങ്ങി ആ അലംകരിച്ച പെട്ടിയിലേക്ക് പതുങ്ങിയതുപോലെ. ആ പതുങ്ങലില്‍ കിടന്നു സെന്റ് .സേവ്യര്‍ മന്ദഹസിച്ചു .
ചുവരില്‍ ഛാ യാ ചിത്രങ്ങളായി പല ഭാവങ്ങളില്‍ വൈസ്രോയിമാര്‍ കാലത്തിനുള്ളില്‍ തുഴഞ്ഞു നിന്നു. കാഴ്ചക്കാരെ തുറിച്ചു നോക്കിയും , വാളെടുത്ത് വീശാനെന്നപോലെ കൈ അരയില്‍ ഉറപ്പിച്ചു വച്ചും , ഉടലാകെ കാപ്പിപ്പൊടി തവിട്ടില്‍ പൊതിഞ്ഞു നിന്ന് കണ്ണും മുഖത്തിന്റെ ചില ഭാഗങ്ങളും മാത്രം വെളിപ്പെടുത്തിയും അവര്‍ ചരിത്രത്തില്‍ നിന്നു സദാ എത്തിനോക്കി .
അപ്പോഴും കാലത്തിന്റെ കടിഞ്ഞാണ്‍ അവര്‍ കൈക്കുള്ളില്‍ ഒതുക്കിയതുപോലെയും ,സമയം ചലനമറ്റു നില്‍ക്കുന്നതുപോലെയും .....
വാസ്കോ ഡ ഗാമയോട് എന്ത് പറയണമെന്ന് ഞാന്‍ ആലോചിച്ചു . കടല്‍ തീരത്ത് , മണലില്‍, തിരകള്‍ മായ്ക്കാത്ത പേരു കൊത്തിയത് എങ്ങനെ എന്നോ?അല്ലെങ്കില്‍ എന്തിന് ചോദിക്കണം ? ചുവരില്‍ നിന്നുള്ള ആ തുറിച്ചു നോട്ടങ്ങള്‍ ഒരുപാടു ഉത്തരങ്ങള്‍ തരുന്നുണ്ടല്ലോ...

Tuesday, January 27, 2009

സ്റ്റില്‍ ലൈഫ്

ഇത് സെബാസ്ടിയോ റോഡ്രികിന്റെ 123 നമ്പര്‍ ബോട്ട് ആണ് . കടലില്‍ അര മണിക്കൂര്‍ ബോട്ട് പായിച്ച് ഗോവന്‍ ബീച്ചുകളെ പരിചയപ്പെടുത്താനും തുടര്‍ന്ന്‍ കുറച്ചു ദൂരം ഉള്‍ക്കടലിലേക്ക് തുഴഞ്ഞു കടലിനെ ഒന്നു ചെറുതായി തൊടാനും ഉള്ള അവസരമാണ് സെബാസ്ടിയോവിന്റെ ഓഫര്‍.

കടല്‍ ഉയര്‍ന്ന് താണ് താളത്തില്‍ കരയിലേക്ക് വന്നു കൊണ്ടിരുന്നു , എപ്പോഴുമെന്നതുപോലെ.

ബോട്ടില്‍ ഞങ്ങള്‍ പതിനാലു പേര്‍ , പല സ്ഥലത്തുനിന്ന് വന്നവര്‍, പല ഭാഷ പറയുന്നവര്‍ , പല സംസ്കാരക്കാര്‍,വ്യത്യസ്തതകള്‍ ഇല്ലാതാക്കി തിരയുടെ താളം ഞങ്ങളെ ചാഞ്ചാടിച്ചു . ആഹ്ലാദത്തിനും ദു:ഖത്തിനും പുറത്തു വരാന്‍ നിശ്ചിത ഭാഷ ആവശ്യമില്ല .മുഖമോ , കൈകാലു കളോ ഒക്കെ ഏറ്റെടുത്ത് കൊള്ളും, ആ പണി .
ശൂന്യാകാശ പേടകത്തിലാണ് തങ്ങളെന്ന് ഭാവിച്ചു ചില കുട്ടികളും ആദ്യമായി കടലും വെള്ളവും കാണുന്നവരും . "ഇത്തനാ പാനി " എന്ന് അത്ഭുതം പൂണ്ടു ചിലര്‍.
കടലില്‍ തലകുത്തി മറിഞ്ഞു ചെറുപ്പക്കാരും മധ്യ വയസ്കരും ആര്‍ത്തുല്ലസിച്ചു ഭയ ചകിതരെ വെല്ലുവിളിച്ചു .തിരമാലയില്‍ പൊങ്ങികിടന്നു തിരയുടെ പതയോടൊപ്പം പല്ലിളിച്ചു ചിലര്‍.
സെബാസ്ടിയോ ബോട്ടിന്റെ എഞ്ചിന്‍ ചലിപ്പിച്ചു , അത് നീങ്ങുകയായി . പോകെ പോകെ കടല്‍ നിശ്ശബ്ദ മാകുന്നത് പോലെ .
ആര്‍പ്പു വിളികള്‍ കേള്‍ക്കാനില്ല കൈകാലിട്ടടിച്ചു രസിക്കുന്നവര്‍ , വെള്ളത്തില്‍ പന്തെറിഞ്ഞു കളിക്കുന്നവര്‍,മണ്ണില്‍ പുതഞ്ഞു കിടക്കുന്നവര്‍ , കുഞ്ഞു വസ്ത്രധാരികളായ സ്ത്രീ -പുരുഷ-ശിശു ക്കൂട്ടങ്ങള്‍ എല്ലാം ഒരു സ്റ്റില്‍ ലൈഫ് ആയി മാറി എന്റെ മുന്നില്‍ തെളിഞ്ഞു.
ദൂരെ ഒരു കപ്പല്‍ നങ്കൂരമിട്ടു നിന്നു . വെയിലില്‍ അതിന്റെ പുറം വെട്ടിത്തിളങ്ങി .
ഇടക്കിടെ തിരകള്‍ അവയുടെ ശക്തി കാണിച്ചു , കലി കൊണ്ടെന്നപോലെ പതഞ്ഞുതുപ്പിയും വിറച്ചും ഞങ്ങളോട് അടുത്തു, എന്നാല്‍ സെബാസ്ടിയോയുടെ ബോട്ട് തിരയോട് എന്തോ ഇടയ്കിടെ മന്ത്രിച്ചു . പതുക്കെ, ശബ്ദം കുറച്ച് .. "ഞങ്ങളെ ഭയപ്പെടുത്തല്ലേ എന്നോ എന്നെ ചിതറി തെറിപ്പിച്ചു നിന്നോട് ചേര്‍ക്കല്ലേ എന്നോ ഞങ്ങള്‍ നിന്റെ ഉടലില്‍ ഒന്നു തെന്നി മറിഞ്ഞു കളിച്ചോട്ടെ" എന്നോ ആകാം ...

തീരത്തോട് അടുക്കെ നിശ്ചല ചിത്രത്തിന് ജീവന്‍ വച്ച പോലെ നിറങ്ങള്‍ ചലിച്ചു തുടങ്ങി , കൂടെ അവയിലെ മനുഷ്യരും ..

Tuesday, January 20, 2009

ഉല്‍ക്കകള്‍

വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമല്ല
അവ ചിത്രങ്ങള്‍ പോലെ ,
പ്രകാശം പോലെ ,
നിഴല്‍ പോലെ, ഒരു ഇമ്പ്രഷന്‍ കൂടിയാണ് ,
അവ ചലിക്കുന്നത് കാലുകള്‍ ഇല്ലാതെ പ്രകാശ വേഗത്തില്‍
വായില്‍ നിന്നു വായിലേക്കല്ല
ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക് ആണ് .
അതെ....... രാഷ്ട്രീയക്കാര്‍ക്ക് അത് ബാധകമേയല്ല .
വാക്കുകള്‍ മൊത്തക്കച്ചവടം ചെയ്യുന്നവര്‍ ,
ലാഭവീതം പങ്കിടുന്നവര്‍.
ബിസ്സിനസ്സില്‍ എന്നതുപോലെ സത്യ സന്ധമായി കള്ളം 'ചെയ്യുന്നവര്‍ '.
എന്നാല്‍
നുണയുടെ മേമ്പൊടി ഇല്ലാതെ പാറുന്ന വാക്കുകള്‍
ചിലപ്പോള്‍ ഉല്‍ക്കകള്‍ ആയും ,
ചിലപ്പോള്‍ തീവ്ര നക്ഷത്രങ്ങള്‍ ആയും
നിങ്ങളുടെ ഉടല്‍ കീറി മുറിക്കും .
വാചാലത ഒട്ടുമില്ലാത്ത ആയുധങ്ങള്‍ ..
പക്ഷെ ,എന്റെ മുന്‍പില്‍ ഗീര്‍വാണ ങ്ങളുടെ കടല്‍ ..
മൈതാനത്ത് ജന നായകന്മാരാരോ പ്രസംഗി ക്കുന്നുണ്ടാവണം......

Monday, January 19, 2009

യാത്രക്കിടയില്‍

യാത്രക്കിടയില്‍ , ഇന്ത്യയിലെ ഏത് പ്രദേശത്തും യു‌ണിഫോമില്‍ കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത് കാണാനാകും . ഇങ്ങനെ തീവണ്ടി യാത്രക്കിടയിലും, ബസ്സ് യാത്രക്കിടയിലും കാല്‍ നട യാത്രക്കിടയിലും കാണുന്ന യു‌ണിഫോം ധാരികളായ കുട്ടികളെ , പ്രത്യേകിച്ചും പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്നെ ഖേദിപ്പിച്ച ഒരു രംഗം മനസ്സില്‍ വരും. അത് ഒരപൂര്‍വ കാഴ്ച്ചയൊന്നും അല്ല വാസ്തവത്തില്‍ .
പരശുരാം എക്സ്പ്രസ്സില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങി . എനിക്കിനി പോകേണ്ടത് ബസില്‍ ആണ് . ഷൊര്‍ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ മൂന്നോ നാലോ ബസ്സ് ഉണ്ട് . ഓരോ ബസ്സിലേയും കണ്ടക് ട്ടറും ക്ലീനറും ,ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി,പാലക്കാട് , പട്ടാമ്പി ,പെരിന്തല്‍മണ്ണ എന്നൊക്കെ വിളിച്ചു പറയുന്നുണ്ട് .പെരിന്തല്‍മണ്ണ യിലേക്ക് പോകുന്ന ബസ്സ് ആണ് എന്റെ ഉന്നം.
ഡ്രൈവര്‍ എഞ്ചിന്‍ ശബ്ടിപ്പിച്ചു കൊണ്ടും വളയത്തില്‍ കൈ വച്ചുകൊണ്ടും ഇരിക്കുകയാണ് .
'ഞാന്‍ ഇപ്പോള്‍ ഓടുമെന്ന 'ഭാവത്തിലാണ് ബസ്സിന്റെ നില്‍പ്പ് . ധൃതി പിടിച്ചു ഞാന്‍ ബസില്‍ വലിഞ്ഞു കയറി.
മിക്കവാറും സീറ്റുകള്‍ ഒഴിഞ്ഞാണ് കിടക്കുന്നത് .ബസ്സ് ധൃതി കാണിക്കുന്നതുപോലെ ആളുകള്‍ പുറത്ത് തിക്കിത്തിരക്കുന്നില്ല.അതിനാല്‍ എനിക്ക് സ്വസ്ഥമായി ഒരു ഒഴിഞ്ഞ സീറ്റ് തന്നെ കിട്ടി . ആ സ്വസ്ഥതയുടെ ലാഘവത്തോടെ ഞാന്‍ പുറത്തേക്ക് നോക്കി .
ഉച്ച രണ്ടുമണി കഴിഞ്ഞിട്ടുണ്ടാവും . പുറത്ത് നല്ല വെയില്‍ .
ആ ചൂടിലേക്ക് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് കുറച്ചു കുട്ടികളെയാണ് .പത്തിരുപതു പെണ്‍കുട്ടികള്‍ ഞാന്‍ കയറിയ ബസ്സിനോട്‌ ചേര്‍ന്ന്‍ വരി വരിയായി നില്ക്കുന്നു. ഞാന്‍ കയറുന്ന നേരത്തുതന്നെ അവര്‍ അവിടെ നിരയായി നില്‍പ്പുണ്ടായിരിക്കണം . ബസില്‍ പിടച്ചു കയറുന്നതിനിടെ എന്റെ കാഴ്ചയില്‍ പെടാതിരുന്നതാണ് .
പൊള്ളുന്ന വെയിലില്‍ എട്ടു വയസ്സുകാര്‍ തൊട്ട് പതിനാറു വയസ്സുകാര്‍ വരെ ഉണ്ട് . തട്ടമിട്ടവരും ഇടാത്തവരുമുണ്ട്. എല്ലാവരും യു‌ണിഫോമില്‍ .
ബാഗും പുസ്തകങ്ങളും ടിഫിന്‍ ബോക്സും കൈകളിലും മുതുകത്തും .വിയര്‍പ്പില്‍ കുതിര്‍ന്നും ക്ഷീണിച്ചും , പൊള്ളുന്ന ചൂടില്‍ വാടി നില്ക്കുന്നു , ചിരിമായാത്ത മുഖത്തോടെ .ഇടക്കിടെ അവര്‍ ബസ്സിന്റെ വാതില്‍ക്കലേക്ക്‌ നിരയായിതന്നെ നീങ്ങും . അവര്‍ വാതില്‍ക്കല്‍ എത്തേണ്ട താമസം കിളി രൂക്ഷമായി അവരോട് കയര്‍ക്കും , 'ദൂരെ മാറ്, മാറ് 'എന്ന് നികൃഷ്ടര്‍ എന്നപോലെ ആട്ടും . കുട്ടികള്‍ പിന്നിലേക്കു വലിയും വരിയായിത്തന്നെ . ബസ്സ് കിതച്ചു കൊണ്ടിരിക്കേ പോകാനായുന്നപോലെ വീണ്ടും തിരക്ക് നടിക്കും . തിരക്കുകൂട്ടുന്ന ബസിനു നേരെ കുട്ടികള്‍ വീണ്ടും നിരതെറ്റിക്കാതെ തന്നെ എത്തും . കിളി അയാളുടെ അധികാരം വീണ്ടും പ്രയോഗിക്കും , " ഇപ്പോള്‍ കേറാന്‍ പറ്റില്ല " എന്ന കയര്‍ക്കലിലൂടെ .
ഇങ്ങനെ കുട്ടികള്‍ ഉച്ചവെയില്‍ നിരയായി ബസിനെ സമീപിക്കുകയും പിന്‍വാങ്ങുകയും ചെയ്യുന്നത് കാണാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ ആയിക്കാണണം .ബസ്സ് ബോധോദയം വന്ന മട്ടില്‍ പെട്ടെന്ന് നീങ്ങിത്തുടങ്ങി . കുട്ടികള്‍ ഓടിവന്നു നീങ്ങിതുടങ്ങുന്ന ബസിലേക്ക് ഇടിച്ചു കയറി .ഒരുവിധം കയറി പറ്റുന്നതിനിടെ ബസ്സ് നീങ്ങിക്കഴിഞ്ഞു .കുട്ടികള്‍ തൂങ്ങി നില്‍ക്കാനും.
ഒഴിഞ്ഞ സീറ്റിലേക്ക് കുട്ടികള്‍ നോക്കുന്ന പോലുമില്ല . എന്റെ അടുത്തുള്ള പകുതിസ്ഥലത്ത് ഞാന്‍ ഇരിക്കാന്‍ ക്ഷണിച്ച കുട്ടി പതുക്കെ പുഞ്ചിരിച്ച തെയുള്ളൂ. പിറുപിറുക്കുന്ന കണ്ടക്ടറെയും കിളിയേയും അവര്‍ ഭയപ്പെടുന്ന പോലെ തോന്നി. കുട്ടികള്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ ഇളവുകൊടുക്കുന്നതിനാല്‍ അവര്‍ രണ്ടാം തരം പൌരന്‍/ പൌരി ആണെന്നാണ്‌ ബസുകാരുടെ നിലപാട് .
സര്‍ക്കാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന സൌജന്യം എങ്ങനെ അവരെ രണ്ടാം തരക്കരാക്കും ? കുട്ടികള്‍ അവരുടെ രണ്ടാം തരത്തം അം ഗീകരിച്ചപോലെ തലതാഴ്ത്തിയും , കിളിയുടെ കണ്ണുരുട്ടല്‍ പേടിച്ചു ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അറച്ച് അരയും മുക്കാലും മണിക്കൂര്‍ നേരം , വീടെത്തുവോളം തൂങ്ങി നിന്നും യാത്ര ചെയ്യുന്നു. ബസുകാരുടെ എഴുതപ്പെടാത്ത ആജ്ഞ അനുസരിച്ച് മണിക്കൂറുകളോളം അവര്‍ വെയിലത്ത്‌ നില്ക്കുന്നു . അങ്ങനെ ക്യുവില്‍ നിര്‍ത്തി ആ കുട്ടി മനസ്സുകളെ നമ്മുടെ ബസ്സുകാരും അവരുടെ ശിങ്കിടികളും അന്തസ്സും അഭിമാനവും ഇല്ലാത്തവര്‍ എന്നപോലെ , അവര്‍ നല്കുന്ന പകുതി ചാര്‍ജ് പണമേ അല്ലെന്ന മട്ടില്‍ അവരെ അപമാനിച്ചു കൊണ്ടേ യിരിക്കുന്നു, നിസ്സഹായരാക്കിക്കൊണ്ടെയിരിക്കുന്നു ദിവസവും .
എന്നാണ് നമ്മള്‍ കുട്ടികളെ കുട്ടികളായി , അഭിമാനവും അന്തസ്സും ചിന്തയുമുള്ളവരായി കാണാന്‍ തുടങ്ങുക ? പരസ്പരബഹുമാനത്തിന്റെ പാഠങ്ങള്‍ എന്നെങ്കിലും നാം അവര്‍ക്ക് കാണിച്ചോ പറഞ്ഞോ കൊടുക്കുമോ ? എനിക്ക് സംശയമാണ് ...

Sunday, January 18, 2009

ആഗ്നേയ്

രണ്ടു വയസ്സുകാരന്‍ ആഗ്നേയിനു അവന്റെ അച്ഛന്‍ ഇന്നു നാല് മാങ്ഗോ ടോഫി കൊടുത്തു . അവന് ഏറ്റവും ഇഷ്ടമുള്ള ടോഫി .അച്ഛന്റെയും അമ്മയുടെയും ഓഫിസിലേക്കുള്ള പോക്ക് സുഗമമാക്കാനുള്ള കൈക്കൂലി ആയിരുന്നു അത് .
ടിന്നിക്ക് ഒരു തക്കാളിയാണ്‌ കൊടുത്തത് .അതിന്റെ ഇഷ്ട ഭോജ്യം തക്കാളിയാണ്‌ . ആപ്പിളും ,പപ്പായയും മുന്തിരിയും അതുകഴിഞ്ഞേ ഉള്ളു . തനി സാത്വികനായ നായ ! പോരാത്തതിന് ആഗ്നെയിന്റെ ബെസ്റ്റ് ഫ്രണ്ട് , സഹചാരി.
ഇങ്ങനെയാണെങ്കിലും ആഗ്നേയിന്റെ മാങ്ഗോ ടോഫിക്ക് വേണ്ടി ടിന്നി വാലാട്ടി ഇരന്നു കൊണ്ടു നില്‍പ്പായി. രാം കുമാരി പറഞ്ഞു "ഒരു മാങ്ഗോ ടോഫി ടിന്നിക്ക് കൊടുക്കു ആഗ്നേയ് " ആഗ്നേയ് ഒരെണ്ണം ടിന്നിക്ക് കൊടുത്തു .
'ഒന്നു ദാദാക്ക് കൊടുക്കു " എന്നായി രാം കുമാരിയുടെ നിര്‍ദ്ദേശം രണ്ടാം മാങ്ഗോ ടോഫി ദാദാക്കു പോയി .
" ഏക് ദാദി കോ ദിയോ' എന്ന് മൂന്നാമത്തെ മിഠായി യും ആഗ്നേയ് കൈവിട്ടു .
നാലാമത്തെ മിഠായി വായിലേക്ക് കൊണ്ടുപോകുന്നതിനിടെ രാം കുമാരിയുടെ ഒച്ച വീണ്ടും
' ഏക് മുജെ ഭി ദേ ദിയോ , ആഗ്നേയ് '
നാലാമത്തെ മിഠായി രാംകുമാരിയുടെ കയ്യിലായി . 'ആഗ്നേയിന്റെ മിഠായി എവിടെ " എന്ന ചോദ്യമായി പിന്നെ. ചോദ്യത്തിന് ആഗ്നേയ് രണ്ടു കുഞ്ഞിക്കൈകളും മലര്‍ത്തി വിടര്‍ന്നു ചിരിച്ചു . ആഹ്ലാദം മാത്രമുള്ള ഖേദം ഒട്ടുമില്ലാത്ത നിസ്വാര്‍ഥമായ ചിരി ......

അത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് , നിസ്വന് ഇത്ര നന്നായി ചിരിക്കാനാവുമെന്ന്.
ആഗ്നേയ് ഇനിയും എന്നെ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

Friday, January 16, 2009

ചേരികള്‍ ഇല്ലാത്ത ഇന്ത്യ

സത്യജിത് റായിയെ ഇന്നോര്‍മവന്നു .അദ്ദേഹത്തിന്റെ സിനിമകള്‍ വിദേശത്ത് ഇന്ത്യക്ക് മോശം ഇമേജ് നല്കുന്നു എന്ന് ആക്ഷേപിക്കപ്പെട്ടതിനെപ്പറ്റി യാണ് ഓര്‍മ വന്നത് . ഇപ്പോള്‍ അമിതാഭ് ബച്ചനും അങ്ങനെ എന്തോ പറഞ്ഞത്രേ . 'സ്ലം ഡോഗ് മില്ല്യണയര്‍ ' എന്ന സിനിമ ഇന്ത്യയിലെ ചേരികളെ കാണിച്ചും ചേരി ജീവിതം കാണിച്ചും ഇന്ത്യയുടെ ഇമേജ് നാശമാക്കി എന്നോ മറ്റോ .കഷ്ടം ! നമ്മുടെ ഇല്ലാത്ത ചേരികളെ ആകുമോ സിനിമ ചിത്രീകരിച്ചത് ? രഹമാന്‍ പറയുന്നത് 'പ്രമേയം കൊണ്ട് സ്ലം ഡോഗ് ......ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നു" എന്നാണ് .സിനിമ കാണാത്തതിനാല്‍ എനിക്കതില്‍ പക്ഷം പിടിക്കാന്‍ പറ്റില്ല. പക്ഷെ നമുക്കില്ലാത്ത സ്ലമുകള്‍ കാണിക്കുന്നെങ്കില്‍....എങ്ങനെ ക്ഷമിക്കും..!!???






Thursday, January 15, 2009

സാഹിത്യ തറവാട്

തറവാട് അങ്ങ് ദൂരെ കാണാം , ചെറുതായി. കാരണം നീണ്ട ഡ്രൈവ് ഇന്‍ കഴിഞ്ഞു വേണം തറ വാട്ടില്‍ എത്താന്‍ .
പടിപ്പുരക്ക് മുന്നില്‍ നിന്നു നോക്കിയാല്‍ പൂമുഖത്തിന്റെ കൊത്തുപണിയുള്ള നാല് തൂണുകള്‍ കഷ്ടിച്ച് കാണാം .വിശാലമായ ഉമ്മറത്തെ ചാരുപടിയില്‍ കാല് തൂക്കിയിട്ട് ഇരിക്കുന്നവരെയും നിരത്തിയിട്ടിരിക്കുന്ന, സിംഹാസനം പോലുള്ള ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്നവരെയും കാണാന്‍ പടിപ്പുരയില്‍ നിന്നാല്‍ പറ്റില്ല . നക്ഷത്ര നിരീക്ഷണതിനെന്ന വണ്ണം വച്ചിരിക്കുന്ന ബൈനോക്കുലെസ് ഒരു പക്ഷെ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം . അല്ലെങ്കില്‍ പതുക്കെ അകത്തു പ്രവേശിക്കണം ! അകത്തു പ്രവേശിക്കാനോ ?
നല്ല കഥ യായി !
പടിപ്പുര കാവല്‍ക്കാരെ നിങ്ങള്‍ കണ്ടില്ലെന്നോ ? അവര്‍ സാധാരണക്കാരല്ല . പരിശോധനകള്‍ കൃത്യമായി നടത്തി മാത്രം ആളുകളെ അകത്തു പ്രവേശിക്കുന്നതില്‍ ശുഷ്കാന്തി കാട്ടുന്നവര്‍ .
എന്തൊക്കെ പരിശോധനയാണ് എന്നോ?
പറയാതിരിക്കുകയാണ് നല്ലത് ... ജനന തീയതി മുതല്‍ പിറന്ന വീട്, ജാതി , കുലം ,ബന്ധുക്കള്‍ ,ശത്രുക്കള്‍ , മിത്രങ്ങള്‍ , മുതല്‍ നിങ്ങള്‍ ജനിച്ചു എന്നും ജീവിച്ചിരിക്കുന്നു എന്നും വരെ ബോധ്യപ്പെടുത്തണം . അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പടിപ്പുര മുറ്റം വരെ പ്രവേശനം ലഭിച്ചേക്കാം , കൂടിയാല്‍ തറവാട്ടു മുറ്റം വരെയും പ്രവേശിപ്പി ച്ചെക്കാം.
നിങ്ങള്‍ക്ക് എന്താണ് പ്രവേശനം കിട്ടാത്തതെന്നോ..?കാരണം ...നിങ്ങള്‍ മേല്‍പ്പറഞ്ഞ യോഗ്യതകളില്‍ ചിലത് ശരിയായി പറഞ്ഞു കാണില്ല . അല്ലെങ്കില്‍ തെറ്റായി പറഞ്ഞു കാണണം - അതുമല്ലെന്കില്‍ തറവാട്ടിലേക്കുള്ള പ്രവേശനത്തിനുള്ള നിബന്ധനകില്‍ ചിലത് ( അത് രഹസ്യമായതിനാല്‍ അതെന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പിടികിട്ടാന്‍ പോകുന്നില്ല എന്നത് മറ്റൊരു കാര്യം ) തറവാട്ടു കാരണവന്മാരുടെതുമായി ഒത്തു പോകുന്നുണ്ടാവില്ല .
നിങ്ങള്‍ക്ക് ഒന്നും പിടികിട്ടുന്നില്ല എന്നോ ? നിങ്ങള്‍ തറവാട്ടില്‍ കാലെടുത്തു കുത്തുന്നതിനു മുന്‍പേ തന്നെ നിഷ്കാസിതനും പടിയടച്ചു പിണ്ഡം വക്കപ്പെട്ടവനുമാണ് .അത്രയുമേയുള്ളൂ അതിന്റെ യാഥാര്‍ത്ഥ്യം .
നിങ്ങള്‍ തറവാട്ടിലേക്ക് കയറേണ്ട എന്ന് ഉറപ്പിച്ചുവെന്നോ ?
എങ്കില്‍ എനിക്കൊന്നെ പറയാനുള്ളൂ എന്റെ ചങ്ങാതീ .. അങ്ങനെ നിങ്ങള്‍ തീരുമാനിച്ചാല്‍ ജീവിതത്തിലൊരിക്കലും നിങ്ങളുടെ കാരണവന്മാര്‍ പട്ടും വളയുമെന്നല്ല, നിങ്ങളുടെ ഓഹരി പോലും തരില്ല .അരിയിട്ട് വാഴ്ചയുടെ കാര്യം പിന്നെ പറയാനുമില്ല .
അതും പോരാഞ്ഞു നിങ്ങളുടെ മരണം ഉത്സവമായി , മേള പ്പദങ്ങളോടെ, എണ്ണക്ക് പകരം കണ്ണീര്‍ ഒഴിച്ച് കത്തിച്ച നിലവിളക്കിനു മുന്‍പില്‍ തെളിഞ്ഞാടാന്‍ കാരണവരും കാര്യസ്ഥന്മാരും ഉണ്ടാവില്ല
.എന്ത് !! നിങ്ങള്‍ അത് കൂട്ടാക്കുന്നില്ലെന്നോ ?
പതുക്കെ പറയൂ കാര്യസ്ഥന്മാര്‍ കേള്‍ക്കും . അവര്‍ ചെവി വട്ടം പിടിക്കുന്നത്‌ കണ്ടില്ലേ . കേട്ടാല്‍ ഒരു പക്ഷെ അവര്‍ വിചാരണക്ക് ശേഷം നിങ്ങളുടെ കൈ തന്നെ വെട്ടിയേക്കാം , കണ്ണ് തന്നെ ചൂഴ്ന്നേക്കാം നാവു തന്നെ പിഴുതേക്കാം...
അതും കൂട്ടാക്കുന്നില്ലെന്നോ ?
എങ്കില്‍ മംഗളം ഭവിക്കട്ടെ..!!!

Tuesday, January 13, 2009

ഫ്രെയിം


കടുകുപൂവിന്റെ നിറമുള്ള ചേല കൊണ്ടു തറ്റുടുത്ത്‌ തലയില്‍ അലുമിനിയക്കുടങ്ങള്‍ ഒന്നിന് മേല്‍ ഒന്നു വച്ച് മധ്യവയസ്സു കടന്നിട്ടില്ലാത്ത ഒരു യുവതി റയില്‍ പാളത്തിനു വശനുള്ള ചെറിയ മണ്ണ് പാതയിലൂടെ നടന്നു പോകുന്നു .ആ കാഴ്ച കമ്പനി പെയിന്റിഗുകളിലൂടെ ഞാന്‍ കണ്ട ഇന്ത്യയുടെ ഹൃദയം പോലെ തോന്നിച്ചു . മങ്കുടത്തില്‍ പാല്‍ നിറച്ചു ഒന്നിനുമേല്‍ ഒന്നായി അടുക്കി വച്ചു തലയിലേറ്റി പോകുന്ന സ്ത്രീകളെ ഇന്ത്യന്‍ ഗ്രാമജീവിതം എന്ന പേരില്‍ സായിപ്പുമാര്‍ ചിത്രീകരിച്ചിട്ട് ഇപ്പോള്‍ രണ്ടു നൂറ്റാണ്ടു കഴിഞ്ഞു . ആ ചിത്രത്തില്‍ നിന്നുമുള്ള ഒരാളാണ് മണ്ണ് കുടത്തിനുപകരം അലുമിനിയ കുടങ്ങളുമായി, ഒരുപക്ഷെ എണ്ണ ക്കും പാലിനും പകരം വെള്ളം തലയിലേറ്റി ,മഞ്ഞയില്‍ മെറൂണ്‍ നിറമുള്ള ചെറിയ പൂക്കള്‍ ഉള്ള കോട്ടന്‍ സാരി തറ്റുടുത്ത്‌ അതിനൊരറ്റം കൊണ്ട് തോള്‍ മൂടി പാളത്തിനരി കിലൂടെ ആ നടന്നു പോകുന്നത് .എനിക്ക് അവരോട് തോന്നിയ അടുപ്പം മനസ്സിലാക്കിയിട്ടെന്ന പോലെ സ്ടോപ്പോ സ്റ്റെഷനോ ഇല്ലാത്ത ആ പ്രദേശത്ത് ട്രെയിന്‍ പൊടുന്നനെ നില്പായി . കട്ടിച്ചില്ലിലൂടെ ആണെങ്കിലും അവരും ഞാനും മുഖാമുഖം നോക്കി . നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന ഒരു കൂടികാഴ്ച .......അവര്‍ എന്നെ കണ്ടില്ലായിരിക്കാം ; എങ്കിലും....ആ പഴയ ഫ്രെയിം പൊളിച്ചു വന്ന യുവതിയും ആ വെറും രണ്ടു മിനുട്ട് കാഴ്ചയും ......വൈവിധ്യം നിറഞ്ഞ ഈ പ്രദേശത്തെ , രാജ്യത്തെ എങ്ങനെയാണ് ഒരാള്‍ക്ക് സ്നേഹി ക്കാതിരിക്കാന്‍ ആവുക ?

Friday, January 9, 2009

നഗ്നത

നഗ്ന ദൈവങ്ങളെ അവര്‍ക്ക് പേരുപോലും നല്‍കാതെ ചിത്രീകരിച്ച കലാകാരനും രക്ഷപ്പെട്ടില്ലെന്നു റിപ്പോര്‍ട്ട് . പേരില്ലാത്ത ദൈവത്തെയും 'ഭക്തര്‍ ' തിരിച്ചറിഞ്ഞു കളഞ്ഞു ദൈവം നഗ്നനായിട്ടും ! അവര്‍ അത് വരച്ച ചിത്രകാരന്റെ പ്രദര്‍ശിപ്പിക്ക പെട്ട എല്ലാ ചിത്രങ്ങളും കീറി നാശമാക്കി. പഴയ ഒരു മലയാള സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞതുപോലെ 'ഒരാളെ തന്തക്കു വിളിച്ചപ്പോള്‍ എന്താശ്വാസം " എന്നായിരിക്കണം അതിന് ശേഷം ദൈവഭക്തര്‍ കിടക്കയില്‍ കിടന്നുരുണ്ടത്..നഗ്ന ദൈവങ്ങളെ ആര്‍ക്കാണ് പേടി ? സ്വന്തം നഗ്നതയെ പേടിക്കുന്നവര്‍ക്ക് തന്നെ ആയിരിക്കണം .

Wednesday, January 7, 2009

എട്ടുകാലികള്‍

കാല്പനികമായ ഒരു ചിന്തയോ അതില്‍ നിന്നു വരുന്ന ഒരു വാക്കോ വാതിലില്‍ മുട്ടുന്നില്ല .
" വരൂ ! കാണൂ , ഈ തെരുവിലെ രക്തം -" എന്ന് വിളിച്ചു പറയാന്‍ തോന്നുന്ന വിധം കലുഷമായിരിക്കുന്ന മനസ്സുള്ളതിനാല്‍ പ്രത്യേകിച്ചും . പക്ഷെ , "ആരോടാണ് വരൂ കാണൂ ഈ തെരുവിലെ രക്തം " എന്ന് എന്റെ ഇഷ്ട കവിയെ അനുകരിച്ച് വീണ്ടും വീണ്ടും വിളിച്ചു പറയേണ്ടത് ?
തെരുവിലെ രക്തം ഇപ്പോള്‍ ഉത്സവ കാലത്തെ കുരുതിവെള്ളം പോലെ ഒഴുകുന്നതില്‍ നാര്‍സിസസ്‌ എന്നപോലെ സ്വന്തം മുഖം കണ്ടു രസിക്കുന്നവരോടോ ?
ഭോഗത്തിന് ശേഷം എട്ടുകാലി തന്റെ ഇണയെ ഭക്ഷിക്കുമെന്ന്‍ കേട്ടിട്ടുണ്ട് .( അത് മിത്തോ യഥാ ഉള്ളതോ എന്ന് അറിയില്ലെങ്കിലും)ഓരോ ദിവസവും ഇണയെ തിന്നുന്ന എട്ടുകാലിയെ ഓര്‍മിപ്പിച്ചുകൊണ്ടു പത്രങ്ങള്‍ - ബാലാല്‍ക്കാരതിനുശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മരണ വൃത്താന്തങ്ങള്‍ വിളമ്പുന്നു രാവിലെ.എട്ടുകാലികള്‍ ആവേണ്ടിയിരുന്ന ഇരുകാലികള്‍ പെരുകുകയാണോ ?

Monday, January 5, 2009

കഴുകനും കുഞ്ഞും

" പ്രസിദ്ധനായ ആ കഴുകന്‍ ട്രെവേരിന്റെ അന്ത്യം എങ്ങനെ ആയിരുന്നു?
" വളരെ ദയനീയമായിരുന്നു മോനേ ! ചത്ത സീബ്രയാണെന്നു കരുതി അവന്‍ റാകി പറന്നിറങ്ങിയത് ഉറങ്ങിക്കിടന്ന സിംഹത്തിന്റെ പുറത്തായിരുന്നു.
എങ്ങനെയാണ് സിംഹം കറുപ്പും വെളുപ്പും നിറത്തില്‍ ചായം തേക്കപ്പെട്ടതെന്ന് ഇപ്പോഴും ദുരൂഹമാണ്."

ദുരൂഹമായ മരണങ്ങളില്‍ . നിറം മാറ്റങ്ങളില്‍ രണ്ടു കഥാപാത്രങ്ങള്‍ കൂടി !

കടപ്പാട് :beau peep

Sunday, January 4, 2009

ദുര്‍ബലം

ഇന്നലെ ഡല്‍ഹിയില്‍ നിന്നുള്ള പത്രത്തില്‍ കണ്ട വാര്‍ത്ത ഇങ്ങനെ: ഡല്‍ഹി വാസികള്‍ക്ക് പരസ്പരം കൊല്ലാന്‍ കാരണങ്ങള്‍ ഏറെ വേണ്ട . ചില കാരണങ്ങള്‍ അത്ഭുതപ്പെടുത്തുന്ന വിധം നിസ്സാരമാണ് .2008 വര്‍ഷത്തില്‍ സിറ്റിയില്‍ നടന്ന 519 കൊലപാതകങ്ങളില്‍ 90 എണ്ണത്തിന്റെയും കാരണങ്ങള്‍ പോലീസ് കമ്മീഷണരുടെ വാക്കുകളില്‍ ഇങ്ങനെ പോകുന്നു .
ഒന്ന്‍ . തങ്ങള്‍ പറയുന്ന റൂട്ടിലൂടെ ബസ്സ് ഓടിക്കാത്തതിന് ഡ്രൈവറെ .
രണ്ട് .ഹോട്ടലില്‍ ആശ്യപ്പെട്ട പപ്പടം നല്‍കാത്തതിനു വിളമ്പുകാരനെ.
മൂന്ന്‍ . കല്യാണത്തിന്റെ തലേന്ന് നടന്ന പാര്‍ടിയില്‍ തങ്ങള്‍ ഇഷ്ടപ്പെട്ട പാട്ട പാടാന്‍ വിസമ്മതിച്ച ആളിനെ .
നാല് ക്രിക്കറ്റ് കളിയില്‍ പുറത്തായിട്ടും അത് സമ്മതിക്കാത്ത പതിനാലുകാരനെ 19 കാരനും അയാളുടെ ബാറ്റും.
അഞ്ച്. ഫ്ലാറ്റ് മുന്‍പിലെ പോസ്റ്റില്‍ കെട്ടിയിട്ട ആടിനെ ചൊല്ലി അയല്‍ക്കാരനെ അയല്‍ക്കാരന്‍ .
ആറ്. കടം നല്കിയ 250 രൂപ തിരികെ കൊടുക്കാത്തതിനു കടം കൊടുത്തവന്‍ വാങ്ങിയവനെ. ഇങ്ങനെ ഇങ്ങനെ നീളുന്നു തൊണ്ണൂറു പേരുടെ കൊലചെയ്യാപ്പെടാനുള്ള കാരണങ്ങള്‍ .പിന്‍ കുറിപ്പ്

:-ഇന്നു ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിനു എതിര്‍ വശത്തുള്ള ഫ്ലാറ്റിലെ യുവതിയോട് മന്ദഹസിച്ചു . അവര്‍ തിരിച്ച് മന്ദഹസിച്ചില്ല .എന്റെ ദക്ഷിണേന്ത്യന്‍ മന്ദഹാസം ഒരു കോക്രിയായി തെറ്റിധരിച്ചു അവര്‍ ഭര്‍ത്താവിനോട് പരാതി പറയില്ലെന്നും അത് കേട്ട് അയാള്‍ വാളും വടിയുമായി വരില്ലെന്നും ഞാന്‍ വിചാരിക്കുന്നു.

Saturday, January 3, 2009

"ദൈവത്തിന്റെ കണ്ണ് "

പണ്ടത്തേക്കാള്‍ വളരെ പുതിയ ലോകം നമുക്കായി അഴിച്ചു വിടുന്ന സ്വാതന്ത്ര്യം എത്രയാണെന്ന് വിസ്മയ പ്പെടുന്നതിനിടെ അത് നമുക്കു മേല്‍ വിരിക്കുന്ന വലകള്‍ എത്രയാണെന്ന് ചിന്തിക്കാതിരിക്കുന്നത് നമ്മളോട് തന്നെ ചെയ്യുന്ന പാതകമാണ് . പുതിയ നിയമങ്ങള്‍ ,പുതിയ നിബന്ധനകള്‍ പുതിയ ഇടപെടലുകള്‍ എല്ലാം നമ്മുടെ സ്വാതന്ത്രയ്തിന്മേല്‍ തന്നെയാണ് അതിന്റെ കെട്ടുകള്‍ മുറുക്കുന്നത് .അതിബുധ്ധിമാന്മാരായ ഭീകരര്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തുന്ന ഭീകരതകള്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന തു ഏതെല്ലാം വിധത്തിലാനെന്നതിനുള്ള വെളിപ്പെടലുകളില്‍ ഒന്നു മാത്ര മാണ് നാം കമ്പ്യു‌ടരില്‍ പരതുന്നതും,കാണുന്നതും കേള്‍ക്കുന്നതും നമ്മുടെ 'അധികാരികള്‍ക്ക് ' കാണാനും കേള്‍ക്കാനും പരതാനും ഉള്ള സ്വാതന്ത്ര്യം ലഭിക്കുന്നു എന്നത് , നമ്മുടെ തലയ്ക്കു മുകളില്‍ നിന്നു 'ആരോ ഒരാള്‍ നമ്മെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു എന്നത് . ആ നോട്ടത്തിനു ദൈവത്തെക്കാള്‍ ശക്തിയുണ്ട് നമ്മുടെ ജീവിത ഗതി നിയന്ത്രിക്കുന്നതിന്. രൂപ മില്ലാത്ത അത് ഏത് നേരത്തും രൂപം പൂണ്ട് നിങ്ങളുടെ വാക്കുകളെയും പ്രവര്‍ത്തികളെയും അതിന്റെ ചൊല്പ്പടിക്കാക്കിയേക്കാം, നിങ്ങള്‍ പരതുന്നത് 'ശ്ലീല മല്ലാത്തത് എന്തെങ്കിലും ആണെങ്കില്‍ .നിങ്ങളുടെ രഹസ്യം ദൈവതിനുമുന്പില്‍ പരസ്യമാനെന്നതുപോലെ പുതിയ അവതാരങ്ങളുടെ മുന്‍പില്‍ നമ്മളും നഗ്നരായിക്കൊണ്ടെയിരിക്കുന്നു..
വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിച്ചു കൊണ്ട് ,മംഗളം ഭവിക്കട്ടെ !!

Friday, January 2, 2009

തണുപ്പ്

പുറത്ത് തണുപ്പ് മു‌ടല്‍ മഞ്ഞിനോടൊപ്പം പടരുന്നു കൊണ്ടിരിക്കുന്നു .പതുക്കെ പതുക്കെ അത് ഉള്ളിലേക്ക് വ്യാപിക്കുന്നതുപോലെ .വീണ്ടും സ്പോടനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ . ഓരോ സ്പോടനവും ഓരോ ചെറു യുദ്ധമാണ് , ഓരോ മനുഷ്യനും ഒരു ചെറു സ്പോടനതിനുള്ള വെടിക്കോപ്പുമായാണ്, പരസ്പര സ്പര്‍ദ്ധയുടെ ഇരുതല വാളുമായാണ് നടക്കുന്നത് തന്നെ . തല വെട്ടിയും കൈകാല്‍ വെട്ടിയും പരസ്പരം അസഭ്യ വര്‍ഷങ്ങള്‍ എയ്തും ഓരോരുത്തനും തന്റെ രാഷ്ട്രീയം സ്ഥാനത്തും അസ്ഥാനത്തും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വന്തം ഉള്ളിലേക്കുള്ള വഴി കാണാനാവാതെ ഉഴലുന്നവര്‍...... അന്യരുടെ ചിരിക്കു പകരം അന്യരുടെ കണ്ണീരു കാംക്ഷിക്കുന്നവര്‍ ......ഏറി വരുന്നു ഇതൊക്കെ ..കണ്ണടച്ചാലും കാണാനാവുന്നു ആ നിസ്സഹായതകള്‍ ...

Thursday, January 1, 2009

SUBHAM

This nice passage goes with my thoughts .


" THE SEASONS REMIND US THAT EVERYTHING CHANGES. EVERYTHING COMES INTO BEING AND GOES OUT OF BEING. THE CIRCLE TURNS.


THE BEGINNING OF A NEW SEASON IS A GOOD TIME TO LOOK BACK AT OUR LIVES AND NOTICE CHANGES. THERE ARE NEW PEOPLE, NEW UNDERSTANDINGS. AND PEOPLE HAVE GONE, LEAVING ONLY EMPTY SPACES TO REMIND US THEY WERE BORN WITH US. THE PAIN WE FELT HAS SOFTENED, BUT THE HOLE REMAINS.

THERE HAVE BEEN OTHER LOSSES TOO: WAYS OF LIVING THAT WE PUT AWAY, ATTITUDES AND BELIEFS THAT NO LONGER FIT US. WE ARE DIFFERENT TODAY THAN WE WERE ONE YEAR AGO.

AS WE LET GO OF A SEASON, OF A YEAR, OF A WAY OF LIVING, WE TURN AND FACE THE FUTURE AGAIN, RENEWED, CONFIDENT, KNOWING WE ARE IN SYNC WITH NATURE -- WITH THE RHYTHM OF CHANGE, TRANSFORMATION, DEATH, AND REBIRTH.
"

wish SUBHAM to the WHOLE WORLD!